ജീവിക്കാൻ വരുമാനമാർഗങ്ങളൊന്നുമില്ലാതെ തൊഴിൽരഹിതരായി കഴിയുന്നവർക്കുള്ള സഹായം എന്ന നിലയ്ക്കാണ് പഞ്ചായത്തുകൾ വഴിയുള്ള സ്വയംതൊഴിൽ പദ്ധതി നടപ്പാക്കപ്പെട്ടത്. എന്നാൽ, കോഴിക്കോട് കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണാടി നിവാസികളായ 5 ദലിത് സ്ത്രീകളെ ഈ പദ്ധതി കൊണ്ടെത്തിച്ചത് ജപ്തി ഭീഷണിയിലേക്കാണ്.
പേപ്പർ കപ്പ് നിർമ്മാണ യൂണിറ്റ് തുടങ്ങാനായാണ് 5 പേർ ചേർന്ന് പഞ്ചായത്തിൽ നിന്ന് സഹായങ്ങൾ സ്വീകരിച്ചത്. എന്നാൽ, ഉപയോഗിച്ച് തകരാറിലായ യന്ത്ര സാമഗ്രികൾ പുതിയതാണെന്ന തരത്തിൽ നൽകി പഞ്ചായത്ത് ഭരണസമിതിയിലെ അന്നത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ പറ്റിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. യന്ത്ര സാമഗ്രികൾ പ്രവർത്തിക്കാത്തതുമൂലം സംരഭം മുന്നോട്ടുപോയില്ല. പദ്ധതിയുടെ ഉപഭോക്തൃ വിഹിതം നൽകാനായി കീഴരിയൂർ ഗ്രാമീണ ബാങ്കിൽ നിന്നും അന്നത്തെ പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം എടുത്ത ലോൺ തിരിച്ചടവ് മുടങ്ങി ജപ്തിയിലെത്തിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതു മൂലം തൊഴിലുറപ്പ് ജോലി ചെയ്തുവരുന്ന ഇവരിൽ മൂന്ന് പേരുടെ കൂലി ലഭിക്കുന്നതുപോലും ഇല്ലാതായിരിക്കുകയാണ്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും സർക്കാർ തലത്തിൽ വരുന്ന പല പദ്ധതികളും വിജയിക്കാതെ പോകുന്നത് ഉദ്യോഗസ്ഥരുടേയും പ്രാദേശിക ഭരണസമിതികളുടേയും ഇത്തരത്തിലുള്ള പിടിപ്പുകേടുകൊണ്ടാണ്. ജനക്ഷേമം ഉറപ്പുവരുത്തേണ്ട ഭരണകൂട അധികാരികൾ തന്നെ അതിന്റെ മറവിൽ അധഃസ്ഥിത വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്. തൊഴിൽ നൽകാനെന്നുപറഞ്ഞ് ലോൺ എടുപ്പിച്ച് ഇവരെ ഇത്തരമൊരു പരിതസ്ഥിതിയിൽ കൊണ്ടെത്തിച്ചതിന് ഉത്തരവാദികളായ അന്നത്തെ പഞ്ചായത്ത് ഭരണകൂടവും ഉദ്യോഗസ്ഥരും ഇതിന് മറുപടി പറയണമെന്നാണ് ഇവർ പറയുന്നത്.
അന്നും ഇന്നും കീഴരിയൂർ പഞ്ചായത്ത് ഭരണം എൽഡി എഫിനാണ്. പഞ്ചായത്ത് അധികൃതർ കാണിച്ച അനാസ്ഥ മൂലം ജപ്തിഭീഷണിയിലായ അവരുടെ കടബാധ്യതകൾ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് ഇടപെടണമെന്നതാണ് അവരുയർത്തുന്ന ആവശ്യം.