തൊഴിൽ സമരമെന്ന നിലയിൽ ആശാ വർക്കർമാരുടെ സമരത്തെ വളരെ പ്രാധാന്യത്തോടെ തന്നെ കാണേണ്ടതുണ്ട്. കാരണം 700 രൂപ എന്ന മിനിമം വേതനത്തിനുവേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തിൽ ആ മിനിമം വേതനം അത്യാവശ്യവും വളരെയധികം പ്രാധാന്യം അർഹിക്കുന്നതുമാണ്.
മിനിമം വേതനത്തിനുവേണ്ടിയുള്ള സമരം കേവലം ആശാ സമരം മാത്രമായി ഒതുങ്ങിനിൽക്കുമെന്ന് തോന്നുന്നില്ല. മിനിമം കൂലി ലഭ്യമാകാത്ത എല്ലാ തൊഴിൽ വിഭാഗങ്ങൾക്കും വേണ്ടിയുള്ള സമരമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം സമരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. എന്നാൽ ഈ സമരത്തിന് കേരള സർക്കാർ അത്രയും പ്രാധാന്യം നൽകുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന വ്യാഖ്യാനം നിലനിൽക്കുന്നുണ്ട്, അത് ശരിയുമാണെന്നിരിക്കെ ഈ സമരത്തിന്റെ പ്രാധാന്യം കുറച്ചുകാണാൻ കഴിയില്ല.
ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കേരളത്തിന്റെ ആരോഗ്യരംഗത്തെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ച തൊഴിലാളി വർഗമണിവർ. അതുകൊണ്ടുതന്നെ അവർ മുന്നോട്ടുവെക്കുന്ന സമരത്തിന്റെ ആവശ്യങ്ങളെ അംഗീകരിക്കേണ്ടതുതന്നെയാണ്.