ഡോക്ടർമാരാണോ ആശുപത്രികളിലെ ‘തെരുവുയുദ്ധ'ങ്ങളിലെ പ്രതി?

ഇന്ത്യയിൽ 12ഉം കേരളത്തിൽ അഞ്ചും ആശുപത്രി ആക്രമണങ്ങൾ ഒരു മാസത്തിനുള്ളിലുണ്ടായ പശ്ചാത്തലത്തിൽ ആധുനിക വൈദ്യശാസ്ത്ര ചികിത്സകർ, ജൂൺ 18 മുതൽ സമരരംഗത്തേക്കിറങ്ങുന്നതായി ഐ.എം.എ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പുറത്തുവിട്ട അസാധാരണമായ ഒരു രേഖയിൽ 75% ഡോക്ടർമാരും ശാരീരിരികമായോ വാക്കുകൾ കൊണ്ടോ ആക്രമിക്കപ്പെടുന്നതായി വ്യക്തമാക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് ചില പരിഹാരങ്ങൾ മുന്നോട്ടുവെക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്?ഥാന വൈസ് പ്രസിഡന്റ് ഡോ.എം. മുരളീധരൻ

ഷ്യൻ ആക്രമണത്തിന്റെ ആദ്യ നാളുകളിലായിരുന്നു നെപ്പോളിയൻ.
തണുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നതേയുള്ളൂ. ആളൊഴിഞ്ഞുപോയി വിജനമായ റഷ്യൻ ഗ്രാമങ്ങളിലൂടെ അയാൾ അസ്ത്രം പോലെ മുന്നോട്ടു കുതിച്ചുനീങ്ങി. ഇടക്കിടെ മാത്രം ഒത്തൊരുമിച്ച റഷ്യൻ പടയാളികളും റഷ്യൻ ഗ്രാമീണരും പ്രതിരോധിച്ചു നിന്നുവെന്നുമാത്രം. 1812 ന്റെ മധ്യമാസങ്ങളിൽ പെട്ടെന്നൊരിക്കൽ വലിയൊരു റഷ്യൻ സേന നെപ്പോളിയന്റെ പടയെ ഓർക്കാപ്പുറത്ത് ആക്രമിച്ചു. രക്തരൂക്ഷിത യുദ്ധം ജയിച്ച് കൂടാരത്തിലേക്ക് മടങ്ങുമ്പോഴാണ് ആ സന്ദേശം എത്തുന്നത്. ഗുരുതരമായി മുറിവേറ്റ മുന്നൂറിലധികം റഷ്യൻ സൈനികർ ഒരു ടെന്റിൽ മരണത്തോട് മല്ലടിക്കുകയാണ്. ഒരു ഡോക്ടറുടെ സേവനമോ ചികിത്സയോ അവർക്ക് ലഭിക്കാനിടയില്ല. റഷ്യൻ പടയാളികളുടെ രക്തക്കറ മാഞ്ഞിട്ടില്ലാത്ത വാൾ ഉറയിലേക്കിട്ട് തിരിഞ്ഞുനിന്ന തന്റെ സൈനികദളത്തിലെ ഏറ്റവും പ്രഗത്ഭനായ ഡോക്ടറോട് ചക്രവർത്തി ആജ്ഞാപിച്ചു: അവർക്ക് ഏറ്റവും മികച്ച പരിചരണം ഉടൻ ലഭ്യമാക്കുക.

നെപ്പോളിയന്റെ മുഴുവൻ സൈനിക വൈദ്യസംഘവും നിമിഷങ്ങൾക്കുളളിൽ അവിടെയെത്തുകയും ഗുരുതരാവസ്ഥയിലെ രോഗികളുടെ തീവ്രാവസ്ഥയനുസരിച്ച് ഏറ്റവും മികച്ച ചികിത്സ അവർക്ക് നൽകുകയും ചെയ്തത് ചരിത്രം. ബാരൻ ഡൊമിനിക് ഴാങ്ങ് ലാരി എന്നായിരുന്നു ടീം ലീഡറായ ഡോക്ടറുടെ പേര്. ട്രയാജ് എന്ന രോഗി പരിചരണ സംവിധാനത്തിന്റെ പിതാവായി ലോകം പിന്നീട് അയാളെ തിരിച്ചറിയുകയുണ്ടായി.
മഹാനായ ഒരു യുദ്ധവീരൻ തന്റെ ശത്രുക്കളായ പടയാളികളോടുപോലും പ്രതികരിച്ച മഹത്തായ മാതൃക ഇന്ന് നമ്മൾ വീണ്ടും വീണ്ടും ഓർത്തെടുക്കേണ്ട നിർണായക മുഹൂർത്തം കൂടിയാണിത്.

ആക്രമണങ്ങളിൽ മുന്നിൽ ഇന്ത്യ

പ്രവർത്തന മണ്ഡലവുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതേയോ ജീവനക്കാർ മോശമായി കൈകാര്യം ചെയ്യപ്പെടുകയോ ഭീഷണിക്ക് വിധേയമാവുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നതു വഴി അവരുടെ സുരക്ഷക്കോ ആരോഗ്യത്തിനോ ക്ഷേമാവസ്ഥക്കോ നിഷേധാത്മക മാറ്റമുണ്ടാവുന്ന അവസ്ഥയായിട്ടാണ് 2002-ൽ ലോകാരോഗ്യ സംഘടന ജോലി സ്ഥലങ്ങളിലെ അക്രമങ്ങളെ നിർവ്വചിക്കുന്നത്.

രോഗീപരിചരണം ലഭ്യമാക്കുന്ന വേളയിൽ ആശുപത്രികളും ഡോക്ടർമാരും ആക്രമിക്കപ്പെടുന്നതിന്റെ സ്ഥിതിവിവരക്കണക്കുകളിൽ എറ്റവും മുകളിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രിട്ടനിലും അമേരിക്കയിലും പാക്കിസ്ഥാനിലും, ഇസ്രായേലിലും, പാക്കിസ്ഥാനിലും ചൈനയിലും ഫ്രാൻസിലും ബംഗ്‌ളാദേശിലുമൊക്കെ സമാന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട് എന്ന വസ്തുത നമുക്ക് ഒട്ടും ആശ്വാസം പകരുന്നതുമല്ല.

2015 മെയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പുറത്തുവിട്ട അസാധാരണമായ ഒരു രേഖയിൽ 75% ഡോക്ടർമാരും ശാരീരിരികമായോ വാക്കുകൾ കൊണ്ടോ ആക്രമിക്കപ്പെടുന്നതായി വ്യക്തമാക്കുന്നുണ്ട്. ജോലി സ്ഥലങ്ങളിൽ അവരെ നിരന്തരമായി ഉൽക്കണ്ഠാകുലരാക്കുന്ന സുപ്രധാന ഘടകവും ഇതു തന്നെയാണെന്നും ആ പഠനം കൃത്യമായി രേഖപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമുണ്ടാവുന്ന ഡോക്ടർ / ആശുപത്രി ആക്രമണങ്ങൾ പ്രായോഗികമായി സമാനമാണെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിൽ കൂടി അവയുടെ സാമ്പത്തിക, സാമൂഹിക കാരണങ്ങൾ അത്യന്തം വത്യസ്തമാണെന്ന് സൂക്ഷ്മ പഠനങ്ങളിൽ നിന്ന് വെളിവാകുന്നുണ്ട്. ഇന്ത്യയിൽ പന്ത്രണ്ടോളം ആശുപത്രി ആക്രമണങ്ങളും കേരളത്തിൽ മാത്രം അഞ്ച് അത്തരം സംഭവങ്ങളും കഴിഞ്ഞ ഒരു മാസത്തിനുള്ളിലുണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സകർ, ജൂൺ 18 മുതൽ സമരരംഗത്തേക്കിറങ്ങുന്നതായി ഐ.എം.എ പ്രഖ്യാപിച്ചു കഴിഞ്ഞു.

അൽപ്പകാലം മുമ്പുവരെ എറ്റവും മഹത്തും മികച്ചതും കുലീന (Noble)വുമായ (ഇത്തറവാടിത്ത ഘോഷണമല്ല, പ്രാചീന ഗ്രീസിൽ വൈദ്യത്തൊഴിലിന്റെ നാമവിശേഷണമായിരുന്നു ആ പദം) തൊഴിലായി കണക്കാക്കപ്പെട്ടിരുന്ന ചികിത്സാരംഗത്തേക്ക് വരാൻ നിശ്ചയമായും പുതുതലമുറ അറച്ചുനിൽക്കുന്ന ചിത്രം ഇന്ത്യയിൽ ഒരു സ്റ്റേറ്റിലെങ്കിലും സർക്കാർ മെഡിക്കൽ കോളേജ് സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിവിശേഷത്തിലൂടെ കൃത്യമായി പ്രശ്‌നവൽക്കരിക്കപ്പെടുന്നുമുണ്ട്.

ആരോഗ്യ മേഖലയിലെ സർക്കാർ നിക്ഷേപം

സർക്കാർ ആശുപത്രികളിലും ചെറിയ / മധ്യതല സ്വകാര്യ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെ കടുത്ത അഭാവമാണ് അതിക്രമങ്ങളുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡോക്ടർമാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും കുറവു മൂലമുണ്ടാവുന്ന പ്രശ്‌നങ്ങൾ, കാഷ്വാലിറ്റിയിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ഉപയോഗിക്കേണ്ട എമർജൻസി കെയർ സംവിധാനങ്ങളുടെ കുറവ്, ഡോക്ടർമാർക്ക് നൽകേണ്ട അത്യാഹിത പരിശീലനത്തിന്റെ അഭാവം എന്നിവയൊക്കെ ആരോഗ്യ മേഖലയിൽ സർക്കാർ നിക്ഷേപം വേണ്ടത്രയില്ലാത്തതുമൂലമാണെന്ന ശക്തമായ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ട്. ജി.ഡി.പിയുടെ അഞ്ചു ശതമാനമെങ്കിലും ആരോഗ്യ മേഖലക്ക് നീക്കി വെക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരു ശതമാനത്തിനപ്പുറം നമ്മുടെ സ്വപ്നമായി മാത്രം അവശേഷിക്കുകയാണ് ഇന്നും.

അത്ര വിദൂരമല്ലാത്ത ഒരു കാലത്ത് ഏറ്റവും മികച്ചതും അഭിജാതവുമെന്നു കരുതപ്പെട്ടിരുന്ന ഒരു തൊഴിൽ പതുക്കെ പതുക്കെ ആ സ്വർഗത്തിൽ നിന്ന് പുറത്താവുന്നതാണ് ഖേദത്തോടെ നാം കാണുന്നത്. ധനമോഹവും അധാർമികതയും ചികിത്സിക്കാനാവാത്തവിധം രക്തത്തിലലിഞ്ഞ, വിരലിലെണ്ണാവുന്ന ചില ഡോക്ടർമാരും സ്വകാര്യ ആശുപത്രികളും ആതുരശുശ്രൂഷ മേഖലയെത്തന്നെ ഋണാത്മകമായി മാറ്റിപ്പണിതു. ഒരു കുടം അമൃതിൽ ഒരു തുള്ളി കാകോളം വീണാലെന്നപോലെ ചികിത്സകരേയും ചികിത്സാ സ്ഥാപനങ്ങളേയും അവർ ധാർമികമായി കരി തേച്ചു. എം.ആർ.ഐ, സി.ടി പോലുള്ള പരിശോധനകൾക്ക് രോഗികളെ നിയോഗിക്കുമ്പോൾ ഡോക്ടർ എത്ര കമീഷനടിച്ചെടുക്കും എന്ന ചിന്തയിലേക്ക് സമൂഹമാകെ ഉന്മുഖരായി. മരുന്നു കമ്പനികളുടേയും കോർപ്പറേറ്റ് മാനേജ്‌മെന്റുകളുടേയും മുന്നിൽ ഒച്ഛാനിച്ചു നിൽക്കുന്ന ഡോക്ടറുടെ ചിത്രം നിർഭാഗ്യമെന്നോണം സമൂഹത്തിന്റെ സൈക്കിയിൽ ഉൾച്ചേർക്കാൻ ചില മാധ്യമങ്ങളെങ്കിലും കിണഞ്ഞു. ചെറിയ നോട്ടക്കുറവുകളും സ്ഖലിതങ്ങളും മീഡിയകളിൽ പ്രതികാരമനോഭാവത്തോടെ പർവതീകരിക്കപ്പെട്ടു. അങ്ങനെയാണവർ സ്വസ്ഥതയുടേയും ബഹുമാന്യതയുടേയും സ്വർഗത്തിൽ നിന്ന് പതുക്കെ പതുക്കെ താഴേക്ക് വലിച്ചെറിയപ്പെട്ടത്.

രോഗികളുടെ ക്ഷമ പരീക്ഷിക്കുന്നു

ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ ഒരു പ്രത്യേകത, ആരോഗ്യാവശ്യങ്ങൾക്കായി ഒരു പൗരൻ ചെലവഴിക്കുന്ന മൊത്തം തുകയുടെ 33% മാത്രമാണ് സർക്കാർ സംവിധാനം വഴി അവർക്ക് ലഭ്യമാവുന്നുള്ളൂ എന്ന വസ്തുതയാണ്. ബാക്കി 67% വും അവൻ / അവൾ സ്വന്തം കൈയിൽ നിന്ന് ചെലവാക്കേണ്ടി വരുന്നുണ്ട്. 80% ജനങ്ങളും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന പശ്ചാത്തലത്തിൽ ഈ അവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തികാഘാതം ഒട്ടും ചെറുതല്ല. അറുപത് ശതമാനത്തോളം ജനങ്ങൾക്കും ദിവസത്തിൽ 140 രൂപ മാത്രം വരുമാനമുള്ള ഒരു രാജ്യത്ത് സാധാരണക്കാർക്ക് ചികിത്സാ ചെലവ് താങ്ങാനാവാതെ വരികയും പതുക്കെ പതുക്കെ ഒരു പൊട്ടിത്തെറിയിലേക്ക് അവർ നീങ്ങുകയും ചെയ്‌തേക്കാം. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്ന ഒരാൾ വൈകാരിക പിരിമുറുക്കം കൂടി അനുഭവിക്കുമ്പോൾ ആക്രമണത്തിലേക്ക് തിരിയുന്നത് സാമൂഹിക ശാസ്ത്രജ്ഞർ പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്. മടുപ്പിക്കുന്ന കാത്തുനിൽപ്, നിയന്ത്രിക്കാനാവാത്ത തിരക്ക്, ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റ രീതി, വൃത്തിഹീനമായ ചുറ്റുപാടുകൾ, ചികിത്സാ സാമഗ്രികളുടെ കുറവ് എന്നിവയെല്ലാം രോഗികളുടെ ക്ഷമ കടുത്ത രീതിയിൽ പരീക്ഷിക്കുന്നുമുണ്ട്. ഈ അവസ്ഥകളോ ആശുപത്രി ആക്രമണങ്ങൾക്ക് ഉത്തേജനം പകരുന്നതായി കരുതപ്പെടുന്നു.

മെഡിക്കൽ വിദ്യാർത്ഥികളെ മികച്ച സംവേദന രീതി പഠിപ്പിക്കണം

രോഗിയും രോഗിയുടെ ബന്ധുക്കളുമായുള്ള സംവേദനവും (communication) അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു. രോഗത്തെക്കുറിച്ചും അതുണ്ടാക്കാവുന്ന അനഭിലഷണീയവും ഗുരുതരമായതുമായ രോഗാവസ്ഥകളെ കുറിച്ചും നിശ്ചയമായും ഡോക്ടർമാർ ബന്ധുക്കളെ കൃത്യമായി ബോധവൽക്കരിക്കേണ്ടതുണ്ട്. ഒരു രോഗി ഓർത്തിരിക്കാതെ അത്യാസന്ന നിലയിലേക്ക് വഴുതുന്നതാണ് പലപ്പോഴും രോഗി - ഡോക്ടർ ബന്ധത്തെ പ്രശ്‌നസങ്കുലമാക്കുന്നത്. സാമൂഹികാംഗീകാരമുള്ള പക്വതയുള്ള ഒരു ഡോക്ടർ തന്നെ സഹാനുഭൂതിയോടെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബന്ധുക്കളെ ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ അഭിലഷണീയം. ഈ സംവേദനം എല്ലാവർക്കും സാധ്യമായി എന്നു വരില്ല എന്നതുകൊണ്ടുതന്നെ മെഡിക്കൽ കരിക്കുലത്തിൽ ഈ വിഷയം ഉൾച്ചേർക്കുകയും നിരവധി പ്രായോഗിക പരിശീലനങ്ങളിലൂടെ മെഡിക്കൽ വിദ്യാർത്ഥികളെ മികച്ച സംവേദന രീതികൾ അഭ്യസിപ്പിക്കുകയും വേണം. ആത്മാർത്ഥവും സഹാനുഭൂതിപരവും കൃത്യവുമായ സംവേദനം ആശുപതികളിലെ അടിയന്തരാവസ്ഥകളെ നിശ്ചയമായും ലഘൂകരിച്ചേക്കും. രോഗിക്കും ബന്ധുക്കൾക്കും ആരോഗ്യ രംഗത്തെക്കുറിച്ചുള്ള സാക്ഷരത വളരെ പ്രാധാന്യമർഹിക്കുന്നു.

ഉയർന്ന വിദ്യാഭ്യാസമുള്ള പലരും ആരോഗ്യ രംഗത്തെക്കുറിച്ച് പലപ്പോഴും സാമാന്യമായ അറിവു പോലുമില്ലാത്തവരായിരിക്കും. ‘ഗ്യാസിന്റെ' വയറു വേദനയാണെന്ന് പരാതിപ്പെട്ട് ആശുപതിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഒരാൾക്ക് സത്യത്തിൽ കടുത്ത ഹൃദയാഘാതമായിരിക്കാം. ജീവൻ രക്ഷിക്കാൻ പോലും പലപ്പോഴും കഴിഞ്ഞെന്നു വരില്ല. അത്തരമൊരു അവസ്ഥ സങ്കൽപിക്കാൻ പോലും ആവാത്ത സാധാരണക്കാരന്റെ പ്രതികരണം വളരെ രൂക്ഷമായിരിക്കാനാണ് സാധ്യത. ആ നിർണായക സന്ദർഭത്തിൽ കാര്യങ്ങൾ സഹാനുഭൂതിയോടെ പറഞ്ഞു മനസ്സിലാക്കാൻ ഡോക്ടർക്ക് കഴിയാതെ പോയാലോ, രോഗിയുടെ ബന്ധുക്കൾക്ക് ശാസ്ത്രീയ കാരണങ്ങൾ മനസിലാവാതെ പോയാലോ ആശുപത്രിയിലെ സമാധാനാന്തരീക്ഷം നിശ്ചയമായും തകർന്നേക്കും. അടിസ്ഥാന ആരോഗ്യ സാക്ഷരത പൗരന് ലഭ്യമാക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങൾ കൃത്യമായി വിരൽ ചൂണ്ടുന്നത്. ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ പ്രശ്‌നങ്ങൾ കൂടി ഇത്തരുണത്തിൽ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. ചെറിയ പ്രശ്‌നങ്ങളിൽ പോലും തീവ്രമായി ഇടപെടാനും കടുത്ത വാഗ്വാദത്തിലേക്കും തുടർന്ന് ആക്രമണത്തിലേക്കും തിരിയാനും ആൾക്കൂട്ട മനഃശാസ്ത്രം പ്രേരിപ്പിക്കുന്നതായി മാനസിക വിദഗ്ദർ പറയുന്നു. രോഗിയുടെ ബന്ധുക്കളല്ലാത്തവരോ കാണികളോ, ഡോക്ടറോടോ ആശുപതിയോടോ മുൻ വിരോധമുള്ളവരൊക്കെയാവും പലപ്പോഴും ഇത്തരം ആൾക്കൂട്ടങ്ങളുടെ നേതൃത്വത്തിലേക്ക് വരുന്നത്. സമൂഹം ബഹുമാനിക്കുന്ന ആളുകളേയോ സ്ഥാപനങ്ങളേയോ ഇകഴ്ത്തിക്കാട്ടുകയും ആക്രമിക്കുകയും ചെയ്യുന്നത് പലപ്പോഴും ഇത്തരക്കാർക്ക് മാനസികമായ ആഹ്‌ളാദം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജീവനക്കാരില്ലാത്ത ആശുപത്രികൾ

ആശുപത്രികളിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് മറ്റൊരു പ്രധാന വിഷയം. നമ്മുടെ നാട്ടിലെ ചെറിയ / മദ്ധ്യതല ആശുപത്രികൾക്ക് മിക്കവാറും ഒരു സുരക്ഷാഭടൻ പോലും ഉണ്ടായെന്നുവരില്ല. ഒന്നോ രണ്ടോ ഡോക്ടർമാരും അറ്റൻഡറും കഴിഞ്ഞാൽ പ്യൂൺ /ഡ്രൈവർ എന്നിവരടക്കം രണ്ടോ മൂന്നോ പുരുഷന്മാരും, നേഴ്‌സുമാർ, നേഴ്‌സിങ്ങ് അസിസ്റ്റന്റുമാർ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികയിലെ സ്ത്രീകളുമായിരിക്കും സാധാരണ ഒരു ചെറിയ / മധ്യതല ആശുപത്രിയിലെ ജീവനക്കാർ. അക്രമാസക്തരായ ഒരു ചെറിയ ഗ്രൂപ്പിനു പോലും അത്തരം ആശുപത്രികളിൽ വളരെ എളുപ്പം ഭീകരാന്തരീക്ഷം സൃഷ്ടിക്കാം. സർക്കാർ ആശുപത്രികളിലാവട്ടെ ഇതെല്ലാം സ്വന്തം സ്വത്താണ് എന്ന മനോഭാവത്തോടെ തള്ളിക്കയറി വരുന്നവരെ തടയാൻ പ്രത്യേക സംവിധാനം നിലവിലില്ലതാനും. വാർധക്യത്തിലേക്ക് കാലുകുത്തിയ ദിവസ വേതനക്കാരനായ സുരക്ഷാ ഭടന്മാർ പലപ്പോഴും കടുത്ത ആക്രമണത്തിന് വിധേയമാകാറുമുണ്ട്. QPMPA എന്ന സ്വകാര്യ ഡോക്ടർമാരുടെ സംഘടന ഇത്തരം കാഴ്ചകൾ കണ്ടുമടുത്തിട്ടാവണം സ്വകാര്യ ആശുപത്രികളിലെ പുരുഷ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുവാനും എല്ലാവരും ഒത്തൊരുമിച്ച് ആശുപത്രികളിലെ സമാധാനാന്തരീക്ഷം തകർക്കുന്നവരെ തടയാനും തീരുമാനിച്ചിരിക്കുക. നേരത്തെ തന്നെ അള മുട്ടിയിരുന്നുവെങ്കിലും ചേര ഇതുവരെ കടിച്ചിരുന്നില്ല.

ആശുപത്രികളിലും ക്ലിനിക്കുകളിലും ഭീഷണാകാരമായ അവസ്ഥ സൃഷ്ടിക്കുന്ന ആളുകളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ 2007 ജൂണിൽ eurekalert-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ കണ്ടെത്തലുകൾ ലോക വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. STAMP എന്ന ചുരുക്കപ്പേരിലാണ് ആ രീതി അറിയപ്പെടുന്നത്. staring (തുറിച്ചു നോട്ടം), Tone of Voice ( വാക്കുകൾ ഉച്ചരിക്കുന്നതിന്റെ സ്വഭാവം ), Anxiety ( വർദ്ധിച്ചു വരുന്ന ഉൽക്കണ്ഠ ) , Mumbling (ഒരേ കാര്യവും വാക്കുകളും വ്യക്തമാവാതെ ആവർത്തിച്ച് ഉച്ചരിക്കുക.), Pacing (ചലനങ്ങളുടേയും കൈകാലുകളുടേയും വേഗത) എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് അക്രമത്തിലേക്ക് പോകാനിടയുള്ള ആളുകളെ തിരിച്ചറിയുന്നത്. അവരെ ശാന്തരാക്കാനോ, സ്ഥലത്തുനിന്ന് മാറ്റാനോ കഴിഞ്ഞാൽ ആശുപത്രി ആക്രമണങ്ങൾ ലഘൂകരിക്കാനാവുമെന്ന് നിരവധി രാജ്യങ്ങളിലെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്‌പെഷ്യൽ സേഫ് സോൺ ആയി പ്രഖ്യാപിക്കണം

ഡോക്ടർമാരുടേയും സർക്കാറിന്റേയും സമൂഹത്തിന്റേയും ശക്തമായ ഇടപെടൽ കൊണ്ടു മാത്രമേ തികച്ചും പ്രാകൃതവും പൗരബോധത്തിന് നിരക്കാത്തതും അങ്ങേയറ്റം നിയമ വിരുദ്ധവുമായ ഈ നീതിരാഹിത്യം ഉന്മൂലനം ചെയ്യാനാവൂ. ജൂൺ 18ലെ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഐ.എം.എ മുന്നോട്ടുവെച്ച മികച്ച ഒരു നിർദ്ദേശം ഭരണാധികാരികളും, നിയമവ്യവസ്ഥയും ഗാഢമായി പരിഗണിക്കേണ്ടതുണ്ട്. എയർപോർട്ടും, നിയമകാര്യാലയങ്ങളും, റെയിൽവേ സ്റ്റേഷനുമൊക്കെ എന്നപോലെ ആശുപത്രികളും, ക്ലിനിക്കുകളും സ്‌പെഷ്യൽ സേഫ് സോൺ (special Safe zone) ആയി പ്രഖ്യാപിക്കുന്നത് വൈദ്യ ശുശ്രൂഷാ കേന്ദ്രങ്ങളിലെ അതിക്രമങ്ങൾക്ക് നിശ്ചയമായും അറുതി വരുത്തും. ഐ.എം.എ മുൻ സംസ്ഥാന ആന്റി ക്വാക്കറി കമ്മിറ്റി (Anti quackery committee ) ചെയർമാനും, എത്തിക്‌സ് കമ്മിറ്റി മെംബറുമായിരുന്ന ഡോ. ടി.വി. പത്മനാഭന്റെ പേര് ഈയവസരത്തിൽ ഓർമിക്കേണ്ടതുണ്ട്. പതിറ്റാണ്ടിലേറെയായി ഈ ആവശ്യം മുന്നോട്ടുവച്ച് നിരന്തരം പോരാടിയ അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയാണ് ദേശീയ തലത്തിലുള്ള ഐ.എം.എയുടെ ഈ നിലപാട്.

ആശുപത്രി സുരക്ഷാ നിയമങ്ങൾക്ക് കുറച്ചുകൂടി പല്ലും നഖവും നൽകുവാനും ഐ.എം.എ ആ വശ്യപ്പെടുന്നതു പോലെ ഏഴു വർഷമെങ്കിലും നീളുന്ന കടുത്ത ജയിൽ ശിക്ഷ നൽകുവാനുള്ള നിയമ ഭേദഗതികളും അങ്ങേയറ്റം സ്വാഗതാർഹമാണ്. ആതുര ശുശ്രൂഷാ സ്ഥാപനങ്ങളിൽ അതിക്രമങ്ങൾ കാണിക്കുന്നത് തെളിഞ്ഞാൽ രാജ്യത്തെ ഒരു കോടതിയും, മെഡിക്കൽ നെഗ്‌ളിജൻസ് ഉൾപ്പെടെയുള്ള ഒരു പരാതിയും പരിഗണിക്കില്ല എന്ന നിയമ ഭേദഗതിയാണ് ഡോക്ടർമാർ ശക്തമായി ഉന്നയിക്കേണ്ട മറ്റൊരു കാര്യം. അത്തരമൊരു നിയമ ഭേദഗതി ആശുപത്രികളിലെ സമാധാനാന്തരീക്ഷം നിശ്ചയമായുംഉറപ്പു വരുത്തും.

ഡോക്ടർ - ആശുപത്രി ആക്രമണങ്ങൾ കഴിഞ്ഞാൽ സാധാരണ ഗതിയിൽ നാം കാണുന്ന സ്ഥിതിവിശേഷം ആശുപത്രി ആക്രമണത്തിന് ബദലായി രോഗിയുടെ ഭാഗത്തുനിന്ന് ഡോക്ടർമാരിൽ കുറ്റകരമായ നിരുത്തരവാദിത്തം ആരോപിച്ച് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതാണ്. ആദ്യത്തെ ആവേശവും രോഷവും അടങ്ങുമ്പോൾ വ്യക്തിപരമായ തിരക്കുകളിലും രോഗീ പരിചരണത്തിന്റെ പ്രശ്‌നങ്ങളിലും കോടതി വ്യവഹാരത്തിന്റെ നൂലാമാലകളിലും പെട്ടുഴലുന്ന ഡോക്ടറെ ചില മധ്യസ്ഥന്മാർ സമീപിക്കുകയും ഒത്തുതീർപ്പിന് വഴിയൊരുക്കുന്നതുമാണ് മറ്റൊരു പ്രശ്‌നം. ക്രിമിനൽ കേസുകളിൽ ഐ.എം.എ കക്ഷിചേരുന്നതിനോ, അല്ലെങ്കിൽ കേസുകളിൽ മറ്റേതെങ്കിലും തരത്തിൽ ഇടപെടാനോ വഴി തെളിഞ്ഞാൽ ഇത്തരം ഒത്തുതീർപ്പുകൾ ഒഴിവാക്കുവാനും കുറ്റവാളികൾക്ക് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷ നൽകുവാനും കഴിഞ്ഞേക്കും.

പൊലീസ്​ അലസത

ആക്രമണങ്ങളെക്കുറിച്ച് പരാതി നൽകിയാൽ പെട്ടെന്ന് എഫ്.ഐ.ആർ ഇടാനും കേസെടുക്കുവാനും പലപ്പോഴും പൊലീസ് അവധാനതയും അലസതയും കാണിക്കുന്നതായി പരാതി ഉയരാറുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് മിക്കവാറും സഹായിക്കുന്നതാണ് ഇത്തരം സമീപനങ്ങൾ. പോക്‌സോ കേസുകളിലെന്നപോലെ പരാതി നൽകി 24 മണിക്കൂറുകൾക്കുള്ളിൽ എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ പോലീസുദ്യോഗസ്ഥൻ ഉത്തരവാദിയാകുന്ന നിയമ ഭേദഗതി ഈ പ്രശ്നം കൃത്യമായി പരിഹരിക്കും. ആശുപത്രികളും ഡോക്ടർമാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രശ്‌ന സങ്കീർണമായ എല്ലാ രോഗങ്ങൾക്കും മുക്തി ലഭിക്കും എന്ന രീതിയിൽ സ്വയമോ മോഡേൺ മെസിസിനേയാ ഒരിക്കലും ഉയർത്തിക്കാണിക്കരുത്. അത്തരം ഒരു മായാബോധത്തിനടിപ്പെട്ട് ആശുപതികളിൽ വരുന്നവരുടെ പ്രതീക്ഷകൾക്ക് അതിരുണ്ടാവണമെന്നില്ല. എന്തുവന്നാലും ഡോക്ടർ / ആശുപത്രി അവരുടെ പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്തും എന്ന ധാരണ അവരിൽ അതീവ പ്രബലമാവുന്നത്, പ്രതീക്ഷ തകരുമ്പോൾ അക്രമാസക്തമായ പെരുമാറ്റ രീതികളിലേക്ക് വഴിതെളിയിച്ചേക്കും. അതു മാത്രമല്ല ഡോക്ടറുടെ പരിശീലനത്തിനോ അറിവിനോ ഉപരിയായി ഒന്നും ചെയ്യാതിരിക്കുവാൻ ശ്രമിക്കുന്നതും ഇത്തരം അവസരങ്ങളിൽ വളരെ പ്രധാന്യമർഹിക്കുന്നു. രോഗത്തെക്കുറിച്ചും ചെയ്യാൻ പോവുന്ന വൈദ്യശാസ്ത്രപരമായ ഇടപെടലിനെക്കുറിച്ചും അതിന്റെ നല്ലതും ചീത്തയുമായ പരിണിത ഫലങ്ങളെക്കുറിച്ചു മൊക്കെ വിശദമായി പ്രതിപാദിക്കുന്ന സമ്മതപത്രം രോഗിയുടേയും ബന്ധുക്കളുടേയും കൈയിൽ നിന്ന് വാങ്ങുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചെയ്യുന്ന വൈദ്യശാസ്ത്രപരമായ ഇടപെടൽ കൃത്യമായി രേഖപ്പെടുത്തുന്നത് ഭാവി നിയമ നടപടികൾക്കാവശ്യമായി വന്നേക്കും എന്ന് ഡോക്ടർമാർ ഒരിക്കലും മറന്നു പോവരുത്. ജീവൻ രക്ഷിക്കേണ്ട തിരക്കിൽ പലപ്പോഴും മറന്നു പോവുന്ന ഈ പ്രക്രിയയുടെ പ്രാധാന്യം, കേസ് കോടതികളിലെത്തുമ്പോഴാണ് പലരും ഞെട്ടലോടെ തിരിച്ചറിയുക.

ആശുപതികളിൽ രോഗികളുടേയും ബന്ധുക്കളുടേയും പ്രവേശനം നിയന്തിക്കേണ്ടതും അത്യാവശ്യമാണ്. ആശുപത്രി വാതിൽക്കൽ വെച്ചു തന്നെ സന്ദർശകരെ രജിസ്റ്റർ ചെയ്ത് ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിവിടുകയാണുത്തമം. ഒ.പിയിലും മറ്റു അത്യാവശ്യ സ്ഥലങ്ങളിലുമൊഴികെ ആളുകളെ കറങ്ങി നടക്കാൻ അനുവദിക്കരുത്. സി.സി.ടി.വി എല്ലാ നിർണായക സ്ഥലങ്ങളിലും സ്ഥാപിക്കുകയും അതിനെക്കുറിച്ച് പോസ്റ്ററിലൂടെയും സ്റ്റിക്കറിലൂടെയും മറ്റും നിരന്തരം ആളുകളെ ഓർമിപ്പിക്കുകയും വേണം. അപ്രതീക്ഷിതമായി ആക്രമണമുണ്ടായാൽ ഓരോ ആശുപത്രി ജീവനക്കാരനും എന്തൊക്കെ ചെയ്യണമെന്ന് മുൻകൂട്ടി ധാരണ ഉണ്ടാക്കേണ്ടതുണ്ട്. ആക്രമണ രംഗങ്ങൾ ക്യാമറയിൽ പകർത്തുക, മെഡിക്കൽ റിക്കാർഡുകൾ ഉടൻ സുരക്ഷിത സ്ഥലത്തെത്തിക്കുക, പൊലീസിനെ വിവരമറിയിക്കുക, വക്കീലിനെ വിളിക്കുക, കൂടുതൽ കുഴപ്പക്കാരെ തടയാനും സ്വാന്തനിപ്പിക്കുവാനും ശ്രമിക്കുക, ആശുപതിക്ക് ചുറ്റുമുള്ള നാട്ടുകാരായ ശുഭ കാംക്ഷികളെ വിവരമറിയിക്കുക എന്നിവയൊക്കെ ആരൊക്കെ ചെയ്യണമെന്ന ഒരു പ്രവർത്തനരേഖ പ്രാബല്യത്തിലുണ്ടാവണം. രൂക്ഷമായ വാക്കുകൾ, അക്രമത്തിന് തിരിച്ച് അക്രമം, പ്രകോപനം എന്നിവ നിശ്ചയമായും ഒഴിവാക്കുകയും വേണം.

സർക്കാർ ആശുപത്രികളിൽ സായുധരായ സുരക്ഷാ ഭടന്മാരെ ജീവനക്കാരുടെ സംരക്ഷണത്തിനും ആശുപത്രി ആക്രമണങ്ങൾ തടയാനുമായി സർക്കാർ നിയമിക്കേണ്ടത് പരിഷ്‌കൃത സമൂഹം ഒരു അത്യാവശ്യമായി തിരിച്ചറിയുന്നുണ്ട്. അതിനു സമാനമായി ഡോക്ടർമാരുടെ സംഘടനകൾക്ക് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ സ്‌കീം എന്ന പേരിലോ മറ്റോ ഒരു സംവിധാനം നടപ്പിൽ വരുത്തുകയും ചെറിയ പ്രീമിയങ്ങൾ വാങ്ങിച്ചു കൊണ്ട് ആശുപത്രി സുരക്ഷക്ക് ആവശ്യമായ സുരക്ഷാ ഭടന്മാരെ പരിശീലിപ്പിച്ച് നൽകുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. സർക്കാർ ആശുപതികളിൽ സർക്കാർ ജീവനക്കാരുടെ സംരക്ഷകരായിരിക്കുന്നതു പോലെ സ്വകാര്യ ആശുപതികൾ പലപ്പോഴും ആക്രമിക്കപ്പെട്ട ആരോഗ്യ പ്രവർത്തകനൊപ്പം നിൽക്കാറില്ല. നിയമപരമായി അത്തരമൊരു ബാദ്ധ്യത സ്വകാര്യ മാനേജ് മെൻറു കൾക്കുണ്ടാവുന്ന നിയമ നിർമ്മാണത്തിന്റെ ആവശ്യകതയിലേക്കാണ് ഈ വസ്തുത വിരൽ ചൂണ്ടുന്നത്.

ഏറ്റവും ഒടുവിലായി, ഇക്കാര്യത്തിൽ സർക്കാരിന്റെ ഭരണഘടനാപരമായ ബാദ്ധ്യത കൂടി നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ആർട്ടിക്കിൾ 21 അനുസരിച്ച് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സർക്കാരിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയാണ്. ആ ഉത്തരവാദിത്തത്തിന്റെ നല്ലൊരു പങ്ക് ഭരണകൂടങ്ങൾ നിറവേറ്റുന്നത് ഡോക്ടർമാരിലൂടെയാണ് താനും. പൗരൻമാർക്ക് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിവൃത്തിക്കുവാർ അഹോരാത്രം പാടുപെടുന്ന ഒരു ചെറിയ ഗ്രൂപ്പിന് ജീവിക്കുവാനുള്ള അവകാശം നിറവേറ്റണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഭരണകൂടങ്ങൾ നിശ്ചയമായും തിരിച്ചറിയാൻ വൈകരുത്. സമൂഹത്തിന്റെ സുരക്ഷക്കായി നിരന്തരം പ്രവർത്തിച്ച് തളർന്നിട്ടും ഏതോ ഉൾവിളി യാൽ പ്രചോദിതരായി പ്രവർത്തന നിരതരാവുന്ന ആരോഗ്യ പ്രവർത്തകരെ രക്ഷകരെന്നും മാലാഖമാരെന്നും വിളിക്കുകയും പക്ഷേ, അവർക്കെതിരെ ശാരീരികാക്രമണങ്ങൾ ഉണ്ടാവുമ്പോൾ പ്രതികരിക്കാൻ മറന്നു പോവുകയും ചെയ്യുന്ന രാഷ്ട്രീയ - സാംസ്‌കാരിക നേതൃത്വങ്ങൾ നിർദ്ദയമായി ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്.


Comments