ഗുരുവായൂർ ദേവസ്വം വിജ്​ഞാപനത്തിൽ കേരളം ഒരു ‘ഉത്തമ ബ്രാഹ്​മണ രാജ്യ’മാണ്​

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മേൽശാന്തി നിയമന വിജ്ഞാപനം, ജനാധിപത്യത്തിലും മൈത്രിയിലും ഭരണഘടനാ വ്യവസ്ഥയിലും നിലയുറപ്പിക്കുന്നവരെ വലിയ ആപത്തിലേക്കും ഭയത്തിലേക്കും വെറുപ്പിന്റെ ഗർത്തങ്ങളിലേക്കുമാണ് തള്ളിയിടുന്നത്. ഒരു വ്യക്തി ബ്രാഹ്മണനായതിനാൽ ഉത്തമനാണെന്ന് നിരീക്ഷിക്കുന്നത് ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ പൗരത്വ സങ്കല്പത്തെയാണ് വെല്ലുവിളിക്കുന്നത്.

പ്രാചീന മധ്യകാല കേരളത്തിലെ ക്ഷേത്രസങ്കേതങ്ങളുടെയും ബ്രാഹ്മണ ജീവിത വ്യവസ്ഥയുടെയും ചരിത്രത്തിൽ ബ്രാഹ്മണ ഗ്രാമങ്ങളെന്ന് കല്പിക്കപ്പെട്ട സങ്കീർണ സാമൂഹ്യ വ്യവസ്ഥിതിക്ക് സവിശേഷമായ പദവി മൂല്യമുണ്ടായിരുന്നു. ഇക്കാലത്ത് ശ്രേഷ്ഠ വൈദിക ബ്രാഹ്മണരായി പരിഗണിക്കപ്പെട്ടവരിൽ ശുകപുരം, പെരുവനം ഗ്രാമങ്ങളിലെ നമ്പൂതിരി ബ്രാഹ്മണരുമുണ്ടായിരുന്നു. മറ്റിടങ്ങളിൽ നിന്ന്​ വ്യതിരിക്തമായി യാഗ യജ്ഞ കർമങ്ങളിലുള്ള നിഷ്ണാതത്വം ഇരു ഗ്രാമങ്ങളിലെയും നമ്പൂതിരിമാർക്ക് സവിശേഷ പദവി മൂല്യം നൽകി. ഈ പദവിമൂല്യം ഒരു ജനാധിപത്യ വ്യവസ്ഥയിൽ തുടരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മേൽശാന്തി നിയമന വിജ്ഞാപനം. ഈ വിജ്ഞാപന പ്രകാരം ശുകപുരം, പെരുവനം ഗ്രാമങ്ങളിലെ നമ്പൂതിരിമാരിലെ തന്നെ ‘ഉത്തമർ ' അപേക്ഷിക്കാനാണ് വിജ്ഞാപനം വിളംബരം ചെയ്യുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജാതിബ്രാഹ്മണ്യത്തിന്റെ പിടിയിൽ നിന്ന്​ പുരോഗമന കേരളത്തിനും മുക്തിയില്ല എന്നാണ് ദേവസ്വം വിജ്ഞാപനം തെളിയിക്കുന്നത്. രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് സമ്പ്രദായം നിർത്തലാക്കിയിട്ടും ബ്രാഹ്മണരുടെ സവിശേഷ അധികാര പദവിയെ ജനാധിപത്യവൽക്കരിക്കാൻ സാധിച്ചില്ല എന്നത് നാം നേരിടുന്ന വലിയ പ്രതിസന്ധിയെയാണ് അനാവരണം ചെയ്യുന്നത്. ഇതാകട്ടെ ഗുരുവായൂർ ക്ഷേത്രത്തിലെ മാത്രം വിഷയമല്ല. ശബരിമല, ചെട്ടിക്കുളങ്ങര ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ജാതിബ്രാഹ്മണ്യത്തിന്റെ ആധിപത്യമാണ് തുടരുന്നത്. കർമം കൊണ്ടാണ് എല്ലാവരും ബ്രാഹ്മണരാകുന്നതെന്ന് കല്പിക്കുന്ന ഹിന്ദുത്വ വ്യാഖ്യാതാക്കളും ഇക്കാര്യത്തിൽ മൗനത്തിലാണ്.

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മേൽശാന്തി നിയമന വിജ്ഞാപനം

പൗരോഹിത്യം ജനാധിപത്യവൽക്കരിക്കപ്പെടണമെങ്കിൽ ഹിന്ദുമത വിശ്വാസികളായ എല്ലാ ജാതിവിഭാഗത്തിലുൾപ്പെട്ടവർക്കും പുരോഹിതരാകാൻ കഴിയേണ്ടതുണ്ടെന്ന് ഡോ. ബി.ആർ. അംബേദ്കർ ജാതിനിർമൂലനത്തിൽ എഴുതുന്നുണ്ട്. തത്വമസി, വസുധൈവ കുടുംബകം എന്നൊക്കെ പേർത്തും പേർത്തും നാമസങ്കീർത്തനങ്ങൾ ജപിക്കുന്നവർക്ക് എന്തുകൊണ്ടാണ് അവർണ ജനതയിൽ തത്വമസി ദർശിക്കാൻ കഴിയാതെ വരുന്നത് എന്ന ചോദ്യം ഇവിടെ ഉന്നയിക്കേണ്ടി വരും. ഇത്തരക്കാരുടെ തത്വമസി - വേദാന്ത പ്രഭാഷണങ്ങൾ സവർണതയുടെ ജനാധിപത്യരഹിതമായ ഉള്ളറകൾ മാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്.

ഇവിടെ പറയപ്പെട്ട ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികകളെല്ലാം സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പദവിമൂല്യങ്ങൾ സംവഹിക്കുന്ന നിർണായക താക്കോൽ സ്ഥാനങ്ങളായതിനാൽ ഇത്തരം ഇടങ്ങളിൽ നിന്ന്​ അവർണർ പുറത്താക്കപ്പെടുന്നതിന്റെ കാരണം സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക അധീശ വ്യവസ്ഥയായി പടർന്നിരിക്കുന്ന ബ്രാഹ്മണ്യമാണെന്നുതന്നെയാണ് സ്പഷ്ടമാവുന്നത്. ഇത്തരമൊരു അധീശ വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളം ഒരു ബ്രാഹ്മണ സങ്കേതമായ അമ്പലരാജ്യത്തിന്റെ യുക്തികളിലേക്ക് സമ്പൂർണമായി പരിവർത്തനപ്പെടാനിടയുണ്ട്. അമ്പലരാജ്യത്തിന്റെ ജാതി ഹിംസാ സേവാ സംസ്‌കാരമാണ് ഹിന്ദുത്വത്തെ സാംസ്‌കാരിക സാമൂഹിക ഭരണകൂടമായി നിലനിർത്തുന്നത് എന്നതിനാൽ തന്നെ ഗുരുവായൂർ ദേവസ്വം വിജ്ഞാപനം ജനാധിപത്യത്തിലും മൈത്രിയിലും ഭരണഘടനാ വ്യവസ്ഥയിലും നിലയുറപ്പിക്കുന്നവരെ വലിയ ആപത്തിലേക്കും ഭയത്തിലേക്കും വെറുപ്പിന്റെ ഗർത്തങ്ങളിലേക്കുമാണ് തള്ളിയിടുന്നത്. എന്തെന്നാൽ ഒരു വ്യക്തി ബ്രാഹ്മണനായതിനാൽ ഉത്തമനാണെന്ന് നിരീക്ഷിക്കുന്നത് ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ പൗരത്വ സങ്കല്പത്തെയാണ് വെല്ലുവിളിക്കുന്നത്.

Comments