Photo:Satyendra Kumar

പുതിയ തൊഴിൽ പ്രതിസന്ധിയിലേക്ക് വളരുന്ന ഇന്ത്യ

ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്- ഡോ. പി.കെ. തിലക് എഴുതുന്നു.

രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കുന്നു എന്ന അവകാശവാദം ഔദ്യോഗിക കേന്ദ്രങ്ങൾ നിരന്തരം മുഴക്കിക്കൊണ്ടിരിക്കുകയാണ്. ജി.ഡി.പി വളർച്ച, മൂലധന നിക്ഷേപ വർദ്ധന, ആദായനികുതി പിരിവിലെ കുതിച്ചുചാട്ടം, പ്രത്യക്ഷ- പരോക്ഷ നികുതി വരുമാനം കാണിക്കുന്ന ഉയർച്ച എന്നിങ്ങനെ അവകാശവാദത്തിനാധാരമായ തെളിവുകൾ നീണ്ടുപോകുന്നു. സാമ്പത്തിക വളർച്ച തൊഴിൽരംഗത്തെ കുതിപ്പിന് വഴിതെളിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെയും ഉല്പാദനരംഗത്ത് ഉണർവ് കൈവരുന്നതിലൂടെയും വിദഗ്ധരും അല്ലാത്തവരുമായ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാവുന്നു.

കഴി‍ഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ രാജ്യത്ത് എട്ട് കോടി തൊഴിലുകൾ അധികമായി ഉണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ക്ലംസ് ഡാറ്റാബേസ് (ക്യാപ്പിറ്റൽ, ലേബർ, എനർജി, മെറ്റീരിയൽസ്, സർവീസസ്) അടിസ്ഥമാക്കി റിസർവ് ബാങ്ക് തയാറാക്കിയ റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചുള്ള പ്രതിപക്ഷ ആക്ഷേപങ്ങളെ പ്രധാനമന്ത്രി നേരിട്ടത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഇതിനെ പിന്തുണച്ച്, നിർമാണ-സേവന മേഖലകളിൽ മാത്രം 2014- 2023 വർഷങ്ങളിൽ 8.9 കോടി തൊഴിലുകൾ പുതുതായി ഉണ്ടായി എന്നും അതിനു മുമ്പത്തെ പത്ത് വർഷത്തെ അപേക്ഷിച്ച് 2.3 കോടി തൊഴിലുകളുടെ വർധനയുണ്ടായെന്നും രേഖപ്പെടുത്തുന്നു.

എന്നാൽ ന്യുയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിറ്റി ഗ്രൂപ്പ് ജൂലൈയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ നടന്ന ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ‍ ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല എന്നാണ്. സ്ഥിതിവിവരകണക്കുകൾ പലതും സൗകര്യപൂർവം ചിട്ടപ്പെടുത്തിയും വ്യാഖ്യാനിച്ചുമാണ് പ്രസിദ്ധപ്പെടുത്തുന്നത്.

കഴി‍ഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ രാജ്യത്ത് എട്ട് കോടി തൊഴിലുകൾ അധികമായി ഉണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
കഴി‍ഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ രാജ്യത്ത് എട്ട് കോടി തൊഴിലുകൾ അധികമായി ഉണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

ചുറ്റുപാടുമുള്ള യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്ത് തൊഴിലില്ലായ്മയെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഉദാഹരണമായി, ഉത്തർപ്രദേശിൽ 60,000 കോൺസ്റ്റബിൾമാരുടെ ഒഴിവിലേക്ക് 47 ലക്ഷം പേർ അപേക്ഷിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് സാങ്കേതികേതര വിഭാഗത്തിലേക്ക് നടത്തിയ പരീക്ഷയിൽ 1.25 കോടി പേർ പങ്കെടുത്തു. അഗ്നിവീർ പദ്ധതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുവാക്കൾ സമരത്തിനിറങ്ങി. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്നല്ലേ?. (അരുൺ കുമാർ- ദി ഹിന്ദു, ജൂലൈ 20,2024)

ഊതിപ്പെരുപ്പിച്ച കണക്കുകളും വളച്ചൊടിച്ച സത്യങ്ങളും കൊണ്ട് സമ്മതിദായകരെ കബളിപ്പിക്കാനുള്ള മിടുക്കാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കൈമുതൽ എന്ന ബോധ്യം സാധാരണക്കാരായ ജനങ്ങൾക്കുപോലുമുണ്ട്. ശരിയായ ബദലുകളുടെ അഭാവവും പ്രത്യക്ഷത്തിൽ ബദലുകളെന്ന പ്രതീതി സൃഷ്ടിക്കുന്നവരിലുള്ള അവിശ്വാസവും അധികാരസ്ഥാനങ്ങളിൽ തനിയാവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നേയുള്ളൂ. രാഷ്ട്രീയ-സാമ്പത്തിക നയങ്ങളെ സത്യസന്ധതയോടെ കൈകാര്യം ചെയ്യുകയും യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയും ചെയ്യുന്ന രാഷ്ട്രീയസംസ്കാരം ഇനിയും വളർന്നുവരേണ്ടതുണ്ട്.

തൊഴിലില്ലായ്മ ഒരു ആഗോളപ്രതിഭാസവും ഇന്ത്യൻ യാഥാർത്ഥ്യവുമാണ്. അതിന്റെ വ്യാപ്തിയും അത് സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കും വിശദ പഠനം ആവശ്യപ്പെടുന്നു.
തൊഴിലില്ലായ്മ ഒരു ആഗോളപ്രതിഭാസവും ഇന്ത്യൻ യാഥാർത്ഥ്യവുമാണ്. അതിന്റെ വ്യാപ്തിയും അത് സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കും വിശദ പഠനം ആവശ്യപ്പെടുന്നു.

തൊഴിലില്ലായ്മ ഒരു ആഗോളപ്രതിഭാസവും ഇന്ത്യൻ യാഥാർത്ഥ്യവുമാണ്. അതിന്റെ വ്യാപ്തിയും അത് സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കും വിശദ പഠനം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും പിമ്പും തൊഴിലില്ലായ്മയും തൊഴിൽ പങ്കാളിത്തത്തിലുള്ള അസമത്വവും ഇന്ത്യയിൽ പലതരം പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പ്രാദേശികവാദം തലപൊക്കിയത് പ്രധാനമായും തൊഴിൽ വിതരണവുമായി ബന്ധപ്പെട്ടാണ്. കേരളചരിത്രത്തിലെ പ്രസിദ്ധമായ മലയാളി മെമ്മോറിയലിന് കാരണമായത്‍ തിരുവിതാംകൂർ രാജ്യഭരണവുമായി ബന്ധപ്പെട്ട പ്രധാന ജോലികളിൽതമിഴ് വംശജർക്കുണ്ടായ അപ്രമാദിത്വമാണ്. കൃത്രിമമായി ജനസമ്മതി നേടാൻ ഭരണകൂടങ്ങൾ തൊഴിൽ രംഗത്ത് പ്രാതിനിധ്യം വാഗ്ദാനം ചെയ്യുന്നു.

കർണാടക സർക്കാർ അടുത്തകാലത്ത് സ്വകാര്യസ്ഥാപനങ്ങളിൽ പ്രാദേശിക സംവരണം ഏർപ്പെടുത്തി നിയമനിർമാണം നടത്താൻ ശ്രമിച്ചത് അതിന്റെ ഭാഗമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിലും ജനാധിപത്യ സർക്കാരുകൾ പരാജയപ്പെടുമ്പോഴാണ് കൺകെട്ടു വിദ്യകളായ നിയമനിർമാണങ്ങൾക്ക് തുനിയുന്നത്. ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥിപ്രക്ഷോഭത്തിന് വഴിതെളിച്ചത് തൊഴിൽ വിതരണത്തിൽ നിയന്ത്രണം കൊണ്ടുവരുന്ന കോടതിവിധിയാണല്ലോ. സമാന സാഹചര്യങ്ങൾ ലോകത്ത് പല രാജ്യങ്ങളിലും ദൃശ്യമായിട്ടുണ്ട്. സമ്പന്നരാജ്യങ്ങളിൽ പോലും തൊഴിൽ രംഗത്തെ പലതരം അസന്തുലിതാവസ്ഥകൾ പ്രതിസന്ധി‍ സൃഷ്ടിക്കുന്നു.

ആഗോളീകരണത്തിലെ തൊഴിൽ

ജീവിതായോധനത്തിന് ആവശ്യമായ വരുമാനം നൽകുന്ന പ്രക്രിയയാണ് തൊഴിൽ എന്ന് സാമാന്യമായി നിർവചിക്കാം. സർക്കാർ നിയന്ത്രണത്തിലുള്ള തൊഴിലുകൾ, സംഘടിത വിയവസായങ്ങളിലും മറ്റുമുള്ള തൊഴിൽ, അസംഘടിതമേഖലയിലെ ജോലികൾ, നിർമാണ-സേവന രംഗങ്ങളിലെ തൊഴിലുകൾ, കാർഷികജോലികൾ തുടങ്ങിയവയെല്ലാം ചേർന്നതാണ് തൊഴിൽരംഗം. ഇന്ത്യയെ സംബന്ധിച്ച് ഏറെ വൈവിധ്യം നിറഞ്ഞ തൊഴിൽമേഖലയാണ് നിലനിൽക്കുന്നത്. പാരമ്പര്യതൊഴിലുകൾതന്നെ അസംഖ്യമാണ്. ഇവയെല്ലാം ഏറിയും കുറഞ്ഞും ജീവിതസൗകര്യവും സംതൃപ്തിയും നൽകിപ്പോന്നു. സാമൂഹിക-സാമ്പത്തികരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ചില തൊഴിലുകൾക്ക് ജനപ്രീതിയും മറ്റു ചിലവയ്ക്ക് അനാകർഷകത്വവും സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന കൃഷി, അനുബന്ധ തൊഴിലുകൾ, പാരമ്പര്യ വ്യവസായങ്ങൾ തുടങ്ങിയവയോടുള്ള പ്രിയം ചില പ്രദേശങ്ങളിൽ കുറഞ്ഞുവരികയാണ്. നഗരവൽക്കരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ ഈ മേഖലകളിലെ‍ തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. വരുമാനസ്ഥിരതയില്ലായ്മ, തൊഴിലുമായി ബന്ധപ്പെട്ട മാന്യത സംബന്ധിച്ച സങ്കല്പങ്ങൾ എന്നിവ മേല്പറഞ്ഞ തൊഴിലുകളോടുള്ള താല്പര്യം കുറയാൻ കാരണമായി.

വരുമാനസ്ഥിരതയില്ലായ്മ, തൊഴിലുമായി ബന്ധപ്പെട്ട മാന്യതാ സംബന്ധിച്ച സങ്കല്പങ്ങൾ കൃഷി, അനുബന്ധ തൊഴിലുകൾ, പാരമ്പര്യ വ്യവസായങ്ങൾ തുടങ്ങിയവയോടുള്ള താല്പര്യം കുറയാൻ കാരണമായി.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതസുരക്ഷയ്ക്ക് ആശ്രയിക്കാവുന്ന തൊഴിൽ കൃഷി തന്നെയാണ്. അതിനാൽ കാർഷികാഭിവൃത്തി ലക്ഷ്യമാക്കി സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. എന്നാൽ ഇവ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ എന്ന അന്വേഷണം ആവശ്യമാണ്. കാർഷികകടങ്ങൾ എഴുതിത്തള്ളുക, കാർഷികവിഭവങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുക, കൃഷിക്ക് ആവശ്യമായ ഉപാധികൾക്ക് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇവയിൽ പലതും അർഹരായ ഗുണഭോക്താക്കളിൽ എത്തിയിരുന്നില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ദല്ലാൾമാരും ചേർന്ന കൊള്ളസംഘങ്ങൾ പല ആനുകൂല്യങ്ങളും കൈപ്പിടിയി​ലൊതുക്കി. പൊതുവെ ദുർബലമായിരുന്ന കോൺഗ്രസ് സർക്കാരിനെ ഭരണത്തിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്താൻ മാത്രമുള്ള തന്ത്രമായി കാർഷികകടങ്ങൾ എഴുതിത്തള്ളുന്ന പദ്ധതി പര്യവസാനിച്ചു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതസുരക്ഷയ്ക്ക് ആശ്രയിക്കാവുന്ന തൊഴിൽ കൃഷി തന്നെയാണ്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതസുരക്ഷയ്ക്ക് ആശ്രയിക്കാവുന്ന തൊഴിൽ കൃഷി തന്നെയാണ്.

പാവപ്പെട്ട കർഷകർക്ക് ഒരു പൊതുമേഖലാ ബാങ്കും വായ്പ നൽകിയിരുന്നില്ല. അവർ ആശ്രയിച്ചിരുന്നത് കൊള്ളപ്പലിശക്കാരായ ബ്ലേഡ് കമ്പനികളെ ആയിരുന്നു. എഴുതിത്തള്ളലിന്റെ പരിധിയിൽ അവർ ഉൾപ്പെട്ടില്ല. സഹകരണസംഘങ്ങൾ ഏറെയും രാഷ്ട്രീയ ചതുരംഗങ്ങളുടെ കേന്ദ്രമായിരുന്നതിനാൽ അതുവഴിയുള്ള സേവനങ്ങളുടെ ഗുണഫലം കർഷകർക്ക് വേണ്ടത്ര ലഭിക്കാതെവന്നു.

തൊഴിൽ സംരക്ഷണം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇന്ത്യൻ കാർഷികരംഗത്ത് വലിയൊരു കുതിച്ചുചാട്ടമുണ്ടാക്കാൻ ഹരിതവിപ്ലവത്തിനു കഴിഞ്ഞു. അത് ഭക്ഷ്യസുരക്ഷയിലൂടെ ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റാൻ നടത്തിയ മികച്ച ശ്രമമായിരുന്നു. പക്ഷേ, കൃഷിയിലും അനുബന്ധ മേഖലകളിലുമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അതിനു കഴിഞ്ഞു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള കൃഷിക്ക് വ്യവസായത്തിന്റെ സാധ്യതയുണ്ടെന്ന തിരിച്ചറിവ് ഹരിതവിപ്ലവം നൽകി. പാരമ്പര്യ കൃഷിരീതികളുടെയും വിത്തിനങ്ങളുടെയും നാശം, ജൈവവൈവിധ്യത്തിനുണ്ടായ തകർച്ച, അപകടകരമായി നിലയിലുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം തുടങ്ങിയവ ഹരിതവിപ്ലവത്തിന്റെ ശ്രേയസ്സിന് കളങ്കമായി. ഇത് കൃഷിയെ ലാഭകരമായ വ്യവസായമായി കാണാൻ തുടങ്ങിയതിന്റെ ഫലമാണ്. ചെറുകിട-ഇടത്തരം കർഷകരുടെ സാധ്യതകൾ മങ്ങുകയും കൃഷിയെ വൻ മുതൽ മുടക്ക് ആവശ്യമായ വ്യവസായമായി പരിഗണിച്ച ലാഭക്കൊതിയന്മാരുടെ കൈകളിലേക്ക് അത് എത്തിച്ചേരുകയും ചെയ്തു. അവരുടെ വിലപേശൽശക്തി കൃഷിക്കും കർഷകനും പുതിയ അർത്ഥതലങ്ങൾ നൽകി. കുറച്ചുകാലം മുമ്പ് ഇന്ത്യയിലെ തെരഞ്ഞടുപ്പുകളെ നിയന്ത്രിക്കുന്ന ഘടകമായി പഞ്ചസാരലോബി ചിത്രീകരിക്കപ്പെട്ടിരുന്നു.

പാവപ്പെട്ട കർഷകർക്ക് ഒരു പൊതുമേഖലാ ബാങ്കും വായ്പ നൽകിയിരുന്നില്ല. അവർ ആശ്രയിച്ചിരുന്നത് കൊള്ളപ്പലിശക്കാരായ ബ്ലേഡ് കമ്പനികളെ ആയിരുന്നു.

ഇന്ത്യയിലെ തൊഴിൽരംഗം നവോന്മേഷം കൈവരിക്കാൻ പശ്ചാത്തലമൊരുക്കിയത് 1990 -കളിൽ ഡോ.മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ്. ഗൾഫ് യുദ്ധം അടക്കമുള്ള ആഗോളസാഹചര്യങ്ങളുടെ സമ്മർദ്ദവും ലോകബാങ്ക് സേവനത്തിലൂടെ കൈവന്ന അനുഭവപരിചയവും നടപടികൾക്ക് ഗതിവേഗം കൂട്ടാൻ സഹായകമായി. ഗ്യാലറിയിൽ നിന്നുള്ള കൈയടികൾ മാത്രം ലക്ഷ്യമാക്കി മുൻഗാമികൾ ഖജനാവ് കാലിയാക്കുന്ന ധൂർത്തുകൾ നടത്തിയതിനെ തുടർന്ന് പൊതുകടം നിയന്ത്രണാതീതമാവുകയും ഭരണസ്തംഭനത്തോളം കാര്യങ്ങൾ എത്തുകയും ചെയ്തപ്പോൾ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ അകമഴിഞ്ഞ പിന്തുണയോടെ എൽ.പി.ജി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സ്വതന്ത്രവിപണി, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്ന നവീകരണതന്ത്രം വ്യാപകമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മൻമോഹൻസിംഗിന്റെ സാമ്പത്തികശാസ്ത്രം ഭരണപക്ഷത്തുള്ളവർക്കുപോലും വേണ്ടത്ര ദഹിച്ചിരുന്നുവെന്നു തോന്നുന്നില്ല. പ്രതിപക്ഷമാകട്ടെ രാജ്യത്തെ വിദേശശക്തികൾക്ക് പണയപ്പെടുത്തിയിരിക്കുന്നു എന്ന മട്ടിൽ ഭീതിപരത്തുന്ന പ്രചാരണം അഴിച്ചുവിടുകയും ചെയ്തു. ഇന്ദിരാഗാന്ധി വൻ മൂലധനനിക്ഷേപമുള്ള ധനകാര്യസ്ഥാപനങ്ങൾ ദേശസാൽക്കരിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയപ്പോൾ മൻമോഹൻ സിംഗ് ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് രാജ്യത്തെ പാപ്പരാക്കി എന്ന് വിമർശിച്ചു.

പൊതുകടം നിയന്ത്രണാതീതമാവുകയും ഭരണസ്തംഭനത്തോളം കാര്യങ്ങൾ എത്തുകയും ചെയ്തപ്പോൾ എൽ.പി.ജി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സ്വതന്ത്രവിപണി, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്ന നവീകരണതന്ത്രം വ്യാപകമാക്കാൻ ഡോ. മൻമോഹൻ സിങ്ങിനു കഴിഞ്ഞു.
പൊതുകടം നിയന്ത്രണാതീതമാവുകയും ഭരണസ്തംഭനത്തോളം കാര്യങ്ങൾ എത്തുകയും ചെയ്തപ്പോൾ എൽ.പി.ജി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സ്വതന്ത്രവിപണി, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്ന നവീകരണതന്ത്രം വ്യാപകമാക്കാൻ ഡോ. മൻമോഹൻ സിങ്ങിനു കഴിഞ്ഞു.

രാജ്യത്തെ തൊഴിലവസരങ്ങളിലുണ്ടായ കുതിപ്പ് ആരംഭിച്ചത് നവ സാമ്പത്തിക നയത്തിന്റെ തുടർച്ചയായാണ്. ക്രമേണ തൊഴിൽ സംസ്കാരത്തെതന്നെ അത് മാറ്റിമറിച്ചു. അച്ചടക്കവും വിധേയത്വവുമുള്ള വ്യവസായ തൊഴിലാളികളുടെ സ്ഥാനത്ത് സ്വപ്രയത്നത്തിന് വിലപറയാൻ കരുത്തുള്ള പ്രൊഫഷണലുകൾ ഉണ്ടായി. വിദേശ- സ്വദേശ മൂലധനം ലഭ്യമായതോടെ അതുവരെ അപരിചിതമായിരുന്ന തൊഴിലന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഭൂഖണ്ഡങ്ങൾ മാറിമാറി സഞ്ചരിച്ച് ജോലിചെയ്യുന്നതിലേക്ക് തൊഴിൽ സംസ്കാരം മാറി. തൊഴിലവസരങ്ങൾ കൂടിയതിനൊപ്പം തൊഴിലന്വേഷകരും കൂടിയിട്ടുണ്ട്. സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും വിദ്യാഭ്യാസരംഗത്തും കാര്യമായ സ്വാധീനം ഉണ്ടാക്കി. ഇത് ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ തുറന്നു. കർഷകരുടെയും പാരമ്പര്യതൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരുടെയും അടുത്ത തലമുറ പുതിയ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസം നേടുകയും മികച്ച തൊഴിലവസരങ്ങൾ തേടുകയും ചെയ്തു. ജീവിതാന്ത്യം വരെ ഒരേ തൊഴിലിൽ മുഴുകി കഴിഞ്ഞുകൂടാനുള്ള മനോഭാവം പുതിയ തലമുറ കൈവെടിഞ്ഞതും തൊഴിലന്വേഷകരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ഒരു മുഖം ഇതാണ്. ആന്തരികമായ പ്രക്രിയയിലൂടെ സ്വയം പരിഹരിക്കപ്പെടാവുന്ന അവസ്ഥയാണിത്.

അന്യരാക്കപ്പെട്ടവരുടെ ലോകം

എങ്ങും രേഖപ്പെടുത്തപ്പെടാതെ പോയതും ദാരിദ്ര്യവും പട്ടിണിയും ഇഴചേർന്നതുമായ തൊഴിലില്ലായ്മയുടെ മറ്റൊരു ഭീകര മുഖം കൂ‍ടി ഇന്ത്യയിലുണ്ട്. പല കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ടവരും സർക്കാർ രേഖകളിൽ പൂർണമായോ ഭാഗികമായോ ഇടം നേടാൻ കഴിയാത്തവരും വിദ്യാഭ്യാസമോ ആരോഗ്യരക്ഷയോ ലഭിക്കാത്തവരുമായ വിഭാഗമാണത്. എല്ലാ പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടുന്നു. സർക്കാരുകളുടെ ക്ഷേമപദ്ധതികളൊന്നും ഇവരിൽ എത്തിച്ചേരുന്നില്ല. മൻമോഹൻ സിംഗിന്റെ സാമ്പത്തികപരിഷ്കാരങ്ങൾ ഇവർക്ക് അധിക പ്രഹരമായി. ഇവർ നിരന്തരം കുടിയൊഴിപ്പിക്കപ്പെട്ടു. തൊഴിലുറപ്പുപോലുള്ള പദ്ധതികൾ പോലും ഇവരെ അഭിസംബോധന ചെയ്തില്ല. ദാരിദ്ര്യനിർമാർജന പദ്ധതികൾ കാണാതെ കടന്നുപോയി. ഇവരെ പരിഗണിക്കുന്നതിൽ ബജറ്റുകൾ പരാജയപ്പെടുന്നു. ആവാസവ്യവസ്ഥയിൽ നിന്ന് അകറ്റപ്പെട്ടവർ, തൊഴിലിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടവർ, കൃഷിഭൂമിയും കാർഷികോപകരണങ്ങളും നഷ്ടപ്പെട്ടവർ, രാഷ്ട്രീയമായ കാരണങ്ങളാൽ പുറന്തള്ളപ്പെട്ടവർ എന്നിങ്ങനെ പല പ്രശ്നങ്ങൾ ഇവരുടെ ദുരന്തത്തിനു പിന്നിലുണ്ട്. ഇവരെക്കൂടെ മുഖ്യധാരയിൽ കൊണ്ടുവന്നാലേ ഇന്ത്യയുടെ ജനാധിപത്യം സാർത്ഥകമാവുകയുള്ളൂ.

മൻമോഹൻ സിംഗിന്റെ സാമ്പത്തികപരിഷ്കാരങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അധിക പ്രഹരമായി. ഇവർ നിരന്തരം കുടിയൊഴിപ്പിക്കപ്പെട്ടു. തൊഴിലുറപ്പുപോലുള്ള പദ്ധതികൾ പോലും ഇവരെ അഭിസംബോധന ചെയ്തില്ല.
മൻമോഹൻ സിംഗിന്റെ സാമ്പത്തികപരിഷ്കാരങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അധിക പ്രഹരമായി. ഇവർ നിരന്തരം കുടിയൊഴിപ്പിക്കപ്പെട്ടു. തൊഴിലുറപ്പുപോലുള്ള പദ്ധതികൾ പോലും ഇവരെ അഭിസംബോധന ചെയ്തില്ല.

തൊഴിലില്ലായ്മയുടെ സാമ്പത്തികതലമാണ് പൊതുവെ പരിഗണിക്കപ്പെടാറുള്ളത്. എന്നാൽ ഇത് ഒരു സാമൂഹികാവസ്ഥകൂടെയാണ്. സമൂഹത്തിന്റെ പരിവർത്തനഘട്ടത്തിൽ ചിലരുടെ സ്വത്വവും സാന്നിധ്യവും പരിഗണിക്കപ്പെടാതെ പോകുന്നതിന്റെ തെളിവായി തൊഴിലില്ലായ്മയെ കാണാം. സമൂഹം അസന്തുലിതമായി വികസിക്കുന്നതാണ് ഇതിന് കാരണം. എല്ലാവരുടെയും ആവശ്യങ്ങൾക്കുവേണ്ടത് ഭൂമിയിലുണ്ടെന്നും എന്നാൽ, ആർത്തിക്ക് മതിയാവുകയില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില തൊഴിലുകൾക്ക് മാന്യതയും മറ്റു ചിലവയ്ക്ക് മാന്യതക്കുറവും ഉണ്ടാകുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. തുടർന്ന് ആ തൊഴിലുകളും അത് ചെയ്യുന്നവരും സമൂഹത്തിൽ അപ്രസക്തമായിത്തീരുന്നു. തൊഴിലില്ലായ്മയെക്കുറിച്ചുള്ള പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട ഘടകമാണിത്.

പഠനവും തൊഴിൽ പരിശീലനവും

തൊഴിലില്ലായ്മ പോലെ അടിസ്ഥാനപരമായ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. നൈപുണീവികസനത്തിനുവേണ്ടി ആസൂത്രണം ചെയ്ത പദ്ധതികളാണ് എടുത്തുപറയാവുന്നത്. പോളിടെക്നിക്കുകൾ, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എഞ്ചിനിയറിങ് കോളേജുകൾ തുടങ്ങിയവയെല്ലാം ഏതെങ്കിലും തൊഴിലിൽ പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളവയാണ്. രാജ്യത്തിന്റെ വർധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഇവ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് വൊക്കേഷണലൈസേഷൻ ഒഫ് എഡ്യൂക്കേഷൻ എന്ന നിർദ്ദേശത്തിലൂടെ കോത്താരി കമീഷൻ നൽകിയത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ തൊഴിൽ അഭിരുചി വളർത്തുന്നതിനും തൊഴിൽ പരിശീലനം നൽകുന്നതിനുമുള്ള വിദ്യാഭ്യാസപരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന സന്ദേശം ഇത് നൽകുന്നു. അതിന്റെ ഭാഗമായി നിരവധി പദ്ധതികൾ അവതരിപ്പിക്കുകയുണ്ടായി.
അപ്പർ പ്രൈമറി ക്ലാസുകളിൽ ക്രാഫ്റ്റ് എഡ്യൂക്കേഷൻ, സെക്കന്ററി തലത്തിൽ ടെക്കനിക്കൽ സ്കൂളുകൾ, സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക് എന്നിങ്ങനെയുള്ള പദ്ധതികൾ തൊഴിലഭിരുചി വളർത്താൻ ലക്ഷ്യമിട്ടുള്ളവയായിരുന്നു. അവയിൽ പലതും ഫണ്ടിന്റെ അപര്യാപ്തത മൂലവും മറ്റും ഹ്രസ്വകാലം കൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. 1986- ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 1988- ൽ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കേന്ദ്രാസൂത്രിതപദ്ധതി എന്ന നിലയിൽ കോഴ്സ് ഘടന ഉൾപ്പെടെ എല്ലാ കാര്യങ്ങളും നിയന്ത്രച്ചിരുന്നത് കേന്ദ്രസർക്കാരിന് കീഴിലുള്ള ഏജൻസികളായിരുന്നു. ഇതിനായി വിപുലമായ സംവിധാനങ്ങൾതന്നെ കേന്ദ്രം ഒരുക്കിയിരുന്നു. സംസ്ഥാനങ്ങളിലെ തൊഴിൽ സാഹചര്യങ്ങളുമായി കോഴ്സുകൾ പൊരുത്തപ്പെടുന്നില്ല എന്ന ആക്ഷേപം ഉയർന്നുവന്നതിനു പുറമെ പൊതുധാരയിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്ന മെഡിക്കൽ- എഞ്ചിനിയറിങ് അവസരങ്ങൾ നിഷേധിക്കുന്നു എന്ന പരാതിയും ഉയർന്നുവന്നു. കോഴ്സ് വിഭാവനം ചെയ്തിരുന്നപോലെ നേരിട്ട് തൊഴിൽരംഗത്തേക്ക് പ്രവേശിക്കാൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പലരും താല്പര്യം പ്രകടിപ്പിച്ചില്ല. ഉപരിപഠനത്തിനുള്ള ചവിട്ടുപടിയായി മാത്രം അവർ വൊക്കേഷണൽ കോഴ്സിനെ കണ്ടു. ബന്ധപ്പെട്ട പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശനത്തിൽ സംവരണം തരപ്പെടുത്തുക എന്നതും അവരുടെ ലക്ഷ്യമായി.

തൊഴിലില്ലായ്മ പോലെ അടിസ്ഥാനപരമായ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

വൊക്കേഷണൽ എഡ്യൂക്കേഷനിൽ കാലോചിത മാറ്റം ലക്ഷ്യമാക്കി 2011- ൽ നാഷണൽ വൊക്കേഷണൽ എഡ്യുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രൈം വർക്ക് അവതരിപ്പിക്കപ്പെട്ടു. പബ്ലിക്- പ്രൈവറ്റ് പാർട്ടിസിപ്പേഷൻ (പി പി പി) എന്ന നയത്തോട് ചേർന്നുപോകുന്ന തരത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തത്. തൊഴിൽ നൈപുണി സാക്ഷ്യപ്പെടുത്തുന്നതിൽ വ്യവസായങ്ങൾക്ക് പങ്കാളിത്തം നൽകി. അക്കാദമിക് വിഷയങ്ങൾ പരിമിതപ്പെടുത്തുകയും തൊഴിൽ പരിശീലനത്തിനും ഇൻഡസ്ട്രിയൽ പ്രാക്റ്റീസിനും മുൻഗണന നൽകുകയും ചെയ്തു. വളരെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കാനായത്. കേന്ദ്രപദ്ധതി പ്രകാരം സ്ഥിരം അധ്യാപക തസ്തികകളിലും മറ്റും പരിമിതികളുണ്ടായിരുന്നു. എയ്ഡഡ് സ്കൂളുകൾ വ്യാപകമായ കേരളത്തിൽ തസ്തികകളിൽ വഴക്കം സാധ്യമായിരുന്നില്ല. പല കോഴ്സുകൾക്കും സർട്ടിഫൈയിങ് ഏജൻസിയായി പ്രവർത്തിക്കാൻ യോഗ്യതയുള്ള സ്ഥാപനങ്ങൾ ലഭ്യമായില്ല എന്നതും പ്രതിസന്ധിയായി. എൻ.എസ്.ക്യു.എഫ്. പ്രകാരം ഒൻപതാം ക്ലാസിലാണ് തൊഴിൽ പഠനത്തിന്റെ ആദ്യഘട്ടം ആരംഭിക്കേണ്ടത്. കേരളത്തിൽ ഏകോപനത്തിന്റെ അഭാവം മൂലം അതിന് പല തടസ്സങ്ങളുമുണ്ടായി. പദ്ധതിതുക ലഭ്യമാക്കുന്നതിനുള്ള നാമമാത്രമായ പരിപാടിയായി കേരളം എൻ.എസ്.ക്യു.എഫിന്റെ‍ നടത്തിപ്പ് ഏറ്റെടുത്തു.

കോഴ്സിന്റെ ഭാഗമായ സോഫ്റ്റ് സ്കില്ലുകൾ ഹയർ സെക്കന്ററി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉറപ്പുവരുത്തേണ്ടവയാണ്. അവ അധികമായി നൽകേണ്ടിവരുന്ന അവസ്ഥ അഭികാമ്യമല്ല.
കോഴ്സിന്റെ ഭാഗമായ സോഫ്റ്റ് സ്കില്ലുകൾ ഹയർ സെക്കന്ററി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉറപ്പുവരുത്തേണ്ടവയാണ്. അവ അധികമായി നൽകേണ്ടിവരുന്ന അവസ്ഥ അഭികാമ്യമല്ല.

പഠനത്തോടൊപ്പം പുറമെ നിന്നുള്ള തൊഴിൽ പരിശീലനം എന്ന നിലയിൽ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്). പലതരം സോഫ്റ്റ് സ്കില്ലുകളിലൂന്നിയാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് കേരളത്തിലെ അസംഘടിത തൊഴിൽ മേഖലയ്ക്കും സേവനമേഖലയ്ക്കും ആവശ്യമായ മാനവവിഭവം ലഭ്യമാക്കുന്ന തരത്തിൽ തൊഴിൽ ഘടകങ്ങൾ വിപുലപ്പെടുത്തി. ഹയർ സെക്കന്ററി സ്കൂളുകളോടു ചേർന്ന് അധികസമയം പഠിക്കുന്ന പദ്ധതിയായി ആരംഭിച്ചുവെങ്കിലും കോളേജുകളിലും ഇത് വ്യാപിപ്പിക്കാൻ ആരംഭിച്ചു. അവധിക്കാല ക്യാമ്പുകളിലൂടെ തൊഴിലിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കിയത് കൂടുതൽ ഗുണകരമായി. കോഴ്സിന്റെ ഭാഗമായ സോഫ്റ്റ് സ്കില്ലുകൾ ഹയർ സെക്കന്ററി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉറപ്പുവരുത്തേണ്ടവയാണ്. അവ അധികമായി നൽകേണ്ടിവരുന്ന അവസ്ഥ അഭികാമ്യമല്ല.

തൊഴിൽ പരിശീലനം കേന്ദ്രീകരിച്ച് നടത്തുന്ന കോഴ്സുകളും പ്രോഗ്രാമുകളും മാറ്റിനിർത്തിയാൽ കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ തൊഴിൽഅഭിരുചിയും ശേഷിയും വളർത്തുന്നതിന് തികച്ചും പര്യാപ്തമല്ല. ഈ പ്രതിസന്ധി ഇന്ത്യയിൽ പൊതുവായി നിലനിൽക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും അധ്യാപകരുടെയും ജീവനക്കാരുടെയും സുഖത്തിനും സംതൃപ്തിക്കും വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിദ്യാഭ്യാസരംഗത്തെ ഏതു തരം മാറ്റത്തെക്കുറിച്ചുള്ള ചർച്ചയും ആരംഭിക്കുന്നത് അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും ചുറ്റിപ്പറ്റിയാണ്. മാനേജ്മെന്റ് താല്പര്യങ്ങളുടെ സ്ഥാനത്ത് അക്കാദമിക് താല്പര്യങ്ങളും സാമൂഹികതാല്പര്യങ്ങളും ഇടം നേടിയാൽ മാത്രമേ വിദ്യാഭ്യാസ പ്രക്രിയ ഗുണകരമായി ഭവിക്കുകയുള്ളൂ.

തൊഴിൽ ആഭിമുഖ്യവും നൈപുണിയും വളർത്തുന്ന വിദ്യാഭ്യാസം സ്കൂൾ തലം മുതൽ ആരംഭിക്കണമെന്ന കാഴ്ചപ്പാട് വിദ്യാഭ്യാസചിന്തകർ പൊതുവെ പങ്കുവയ്ക്കുന്നുണ്ട്. നയരൂപീകരണത്തിൽ എല്ലാംതന്നെ അതിന്റെ പ്രതിഫലനം കാണാൻ കഴിയും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതുതായി അവതരിപ്പിക്കുന്ന പദ്ധതികൾ പലതും അതിന് അനുകൂലമാണ്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച എൻ.എസ്.ക്യു.എഫ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘അസാപ്പ്’ തുടങ്ങിയവയിൽ അതിന്റെ പ്രതിഫലനം കാണാം. ഏറ്റവും ഒടുവിൽ കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്ന് ആരംഭിക്കാൻ പോകുന്ന ഇൻഡസ്ട്രിയൽ പാർക്ക് ഈ രംഗത്തെ ശക്തമായ കാൽവെപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

സ്കൂൾ- കോളേജ്-പ്രൊഫഷണൽ വിദ്യാഭ്യാസം ഇപ്പോഴും ഏറ്റവും പുരാതനമായ പന്ഥാവിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കമീഷനുകളും കമ്മിറ്റികളും പുരാവസ്തുക്കളുടെ പ്രദർശനശാലയായി മാറുന്നു. കിട്ടിയ അവസരങ്ങൾനിക്ഷിപ്ത താല്പര്യങ്ങളും വാശിയും പ്രകടിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല.

നവീകരണത്തിനെതിരായ
ഐക്യമുന്നണി

എന്നാൽ, സവിശേഷ പദ്ധതികളിൽ കാണുന്ന പുരോഗമനസമീപനം അടിസ്ഥാനത്തെ തെല്ലും സ്വാധീനിക്കുന്നില്ല. സ്കൂൾ- കോളേജ്-പ്രൊഫഷണൽ വിദ്യാഭ്യാസം ഇപ്പോഴും ഏറ്റവും പുരാതനമായ പന്ഥാവിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കമീഷനുകളും കമ്മിറ്റികളും പുരാവസ്തുക്കളുടെ പ്രദർശനശാലയായി മാറുന്നു. കിട്ടിയ അവസരങ്ങൾനിക്ഷിപ്ത താല്പര്യങ്ങളും വാശിയും പ്രകടിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ദേശീയ മാതൃകയിലേക്ക് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴും ശരിയായ അർത്ഥത്തിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. (കേന്ദ്ര പാറ്റേണിൽതന്നെ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ദേശീയ വിദ്യാഭ്യാസനയം- 2020 പ്രകാരം മറ്റൊരു ഭാഗത്ത് നടന്നുവരുന്നുണ്ട്.) പ്രീ ഡിഗ്രി ബോർഡ് സമരം അടക്കമുള്ള പ്രക്ഷോഭപരിപാടികൾ ഇതിന്റെ പേരിൽ അരങ്ങേറി. വിദ്യാർത്ഥിപ്രക്ഷോഭം എന്ന നിലയിൽ നടന്ന സമരത്തിനുപിന്നിൽ പ്രവർത്തിച്ച വികാരം കോളേജ് അധ്യാപകരുടെ തൊഴിൽസുരക്ഷിതത്വം സംബന്ധിച്ച ആകുലതകളായിരുന്നു. സമരത്തിന്റെ ആത്യന്തികഫലം രാഷ്ട്രീയത്തിൽ സ്ഥാനലബ്ധി കൊതിച്ചിരുന്ന കുറച്ചുപേർക്ക് പോലീസ് മർദ്ദനത്തിന്റെ ആനുകൂല്യത്തിൽ സ്ഥാനക്കയറ്റം ലഭിച്ചു എന്നത് മാത്രമാണ്. സമരകോലാഹലങ്ങൾ കെട്ടടങ്ങി പുതിയ പേരിൽ പ്രീ ഡിഗ്രി ഡിലിങ്കിങ് നടപ്പിലാക്കിയപ്പോൾ സ്കൂൾ അധ്യാപകർക്കിടയിൽ കോൾഡ് വാർ മാതൃകയിൽ കലാപം ആരംഭിച്ചു. അപ്രതീക്ഷിതമായ സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ളവരും ഇല്ലാത്തവരും രാഷ്ട്രീയത്തിനതീതമായി ചേരിതിരിഞ്ഞ് യുദ്ധം ചെയ്തു. ഇതിന് താൽക്കാലിക പരിഹാരമുണ്ടാകാൻ തന്നെ പതിറ്റാണ്ടുകൾ വേണ്ടിവന്നു. ഇതിനിടയിൽ കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തി പിൻവാതിൽ സ്ഥാനംക്കയറ്റം തരപ്പെടുത്തിയവരുമുണ്ട്.

ദേശീയ മാതൃകയിലേക്ക് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴും ശരിയായ അർത്ഥത്തിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
ദേശീയ മാതൃകയിലേക്ക് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴും ശരിയായ അർത്ഥത്തിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

എല്ലാ സ്കൂൾ വർഷാരംഭത്തിലും ഹയർ സെക്കന്ററി സീറ്റ് ലഭ്യതയുടെ പേരിലുള്ള സമരങ്ങൾ പതിവായിരിക്കുന്നു. പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ, ഓപൺ സ്കൂൾ എന്നിവയെല്ലാം ചേർത്താൽ ആവശ്യത്തിനുള്ള പഠനാവസരങ്ങൾ എസ്.എസ്.എൽ.സി. കഴിഞ്ഞവർക്ക് ലഭ്യമാണെന്ന് ഭരണകേന്ദ്രങ്ങൾ (ഇന്നും അന്നും) പറഞ്ഞുകൊണ്ടേയിരിക്കുന്നു. എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ നിയന്ത്രണം വേണമെന്ന് വാദിക്കുന്നവരും കേന്ദ്ര ബോർഡുകളുടെ കേമത്തമുള്ള പരീക്ഷ ജയിച്ചവരെയാണ് കൂടുതൽ പരിഗണിക്കേണ്ടതെന്നു വാദിക്കുന്നവരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച ഒരു വിദഗ്ധ ഉപദേശം, കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പഴയ പ്രീ ഡിഗ്രി മാതൃകയിലേക്ക് മടങ്ങണമെന്നതാണ്. ഏതു തരം വിദ്യാഭ്യാസത്തെക്കുറിച്ചാണ്, ഏത് കാലത്താണ് നമ്മൾ ഇതൊക്കെ ചർച്ച ചെയ്യുന്നതെന്ന് ശങ്കിച്ചുപോകുന്നു.

അധ്യാപക തസ്തികകൾ എന്ന മിനിമം പരിപാടിയാണ് കുട്ടികളുടെ പഠനഭാരം എന്ന കടലാസ് പുലിയായി അവതരിപ്പിക്കപ്പെടുന്നത്. പതിനെട്ട് വയസ്സുവരെയുള്ള ജനറൽ സ്കൂളിങ്ങിന്റെ ഭാഗമായി അടിസ്ഥാനശേഷികളും കാഴ്ചപ്പാടും വളർത്തുകയും ശാരീരികവും മാനസികവും വൈകാരികവുമായ വികാസം സാധ്യമക്കുകയും ചെയ്യുന്ന പൊതു കരിക്കുലമാണ് വേണ്ടത്. അതിന് സമാന്തരമായി താല്പര്യമുള്ള വിഷയങ്ങളിൽ വിശദപഠനത്തിന് അവസരം നൽകണം. തൊഴിൽ നൈപുണി വികസിപ്പിക്കൽ ഇതിന്റെ ഭാഗമാക്കുകയോ ഇതിനോടൊപ്പം നൽകുകയോ ചെയ്യാം. എല്ലാ പഠനവും ഒരേ സ്കൂളിൽ ലഭ്യമാക്കേണ്ടതില്ല. ഒന്നലധികം സ്ഥാപനങ്ങളിൽ പഠനം നടത്താം. ഇതിലൂടെ പത്താം ക്ലാസ് വരെയുള്ള പഠനസൗകര്യം പന്ത്രണ്ടാം ക്ലാസ് വരെയ്ക്കും വ്യാപിപ്പിക്കാൻ കഴിയും. സ്കൂൾ മാറ്റം എന്നത് ഒരു സാധാരണ പരിപാടിയായി അനുവദിക്കുകയും ചെയ്യാം. ഇത്തരം വഴക്കങ്ങളെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. ദേശീയ വിദ്യാഭ്യാസ നയം 2020ലെ ഗുണകരമായ ഒരു വശം ആറ് വയസ്സിന് മുമ്പുള്ള ശിശുപരിചരണത്തെ കുറിച്ച് ഗൗരവമുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു എന്നുള്ളതാണ്. എന്നാൽ, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ആവശ്യമായ നൈപുണികളും കാഴ്ചപ്പാടുമുള്ള യുവതലമുറയെ സൃഷ്ടിക്കാൻ ഇതിലെ നിർദ്ദേശങ്ങൾ പര്യാപ്തമല്ല.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗുണകരമായ ഒരു വശം, ആറ് വയസ്സിന് മുമ്പുള്ള ശിശുപരിചരണത്തെ കുറിച്ച് ഗൗരവമുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു എന്നതാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗുണകരമായ ഒരു വശം, ആറ് വയസ്സിന് മുമ്പുള്ള ശിശുപരിചരണത്തെ കുറിച്ച് ഗൗരവമുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു എന്നതാണ്.

ഒമ്പതാം ക്ലാസ് മുതൽ ഓപ്ഷണൽ പഠനവും തൊഴിൽ പരിശീലനവും നയരേഖ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാക്കാൻ നിർദ്ദേശമില്ല. നയത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പാഠ്യപദ്ധതി- പാഠപുസ്തക പരിഷ്കാരത്തിൽ ഹിന്ദുത്വം എന്ന പേരിൽ ചില തലതിരിഞ്ഞ കസർത്തുകൾക്കാണ് ശ്രമം നടക്കുന്നത്. വിദ്യാഭ്യാസ പരിപാടിയിൽ പരമപ്രധാനമായ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താനേ ഇത് വഴിതെളിക്കൂ.‍

കർക്കശ സ്വഭാവമുള്ളതും പരമ്പരാഗത വിശ്വാസങ്ങളിൽ അധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാടാണ് നയരേഖയുടെ അന്തസ്സത്ത. കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയങ്ങളെ നാഴികയ്ക്ക് നാൽപ്പതുവട്ടം എതിർക്കുന്ന കേരളത്തിലെ വിപ്ലവകാരികൾക്കും അതുതന്നെയാണ് പ്രിയം. ലിറ്ററസിയും ന്യൂമറസിയുമാണ് വിദ്യാഭ്യാസത്തിന്റെ വിജയമന്ത്രമായി നയരേഖ ഉയർത്തിപ്പിടിക്കുന്നത്. അത് കൈവരിക്കാനുള്ള അസംഖ്യം തന്ത്രങ്ങളെക്കുറിച്ച് രേഖയിൽ ആവർത്തിക്കുന്നു. കേന്ദ്രീകൃത പരീക്ഷകൾ, കർശന നിയന്ത്രണങ്ങളോടെയുള്ള ക്ലാസ് കയറ്റം, പാരമ്പര്യത്തോടുള്ള വിധേയത്വം തുടങ്ങിയവയും പ്രധാന നിർദ്ദേശങ്ങളാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രൊഫഷണൽ- അക്കാദമിക് സ്ട്രീമുകൾ തമ്മിലുള്ള അതിർവരമ്പ് എടുത്തുകളയണമെന്ന നിർദ്ദേശവും വഴക്കമുള്ള ഉപരിപഠനത്തിനായുള്ള പദ്ധതികളും ആശാവഹം തന്നെ. എന്നാൽ അതിന്റെ നിർവഹണത്തിൽ ആശങ്കപ്പെടാതിരിക്കാൻ നിർവാഹമില്ല. നയം പ്രഖ്യാപിക്കുന്നവരും അത് സ്വീകരിക്കേണ്ടവരും പാരമ്പര്യത്തിന്റെ പഴമയിൽ പൊരുൾ തേടുന്നവരാണ്.

കേരളത്തിലെ നിലവാരപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം പുറന്തള്ളിയവരാണ് പ്രവാസികളായിത്തീർന്നവരിൽ ഏറെപ്പേരും.
കേരളത്തിലെ നിലവാരപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം പുറന്തള്ളിയവരാണ് പ്രവാസികളായിത്തീർന്നവരിൽ ഏറെപ്പേരും.

ഒരു കാലത്ത് കേരളത്തിലെ ഗ്രമങ്ങളെ ഗ്രസിച്ചിരുന്ന ഇരുളും പട്ടിണിയും മാറ്റി സമൃദ്ധിയുടെ വെള്ളിവെളിച്ചം കൊണ്ടുവന്നത് ഗൾഫ് പ്രവാസമാണ്. ഇവിടത്തെ നിലവാരപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം പുറന്തള്ളിയവരാണ് പ്രവാസികളായിത്തീർന്നവരിൽ ഏറെപ്പേരും. ഗൾഫ് അവർക്ക് പുതിയ സ്വാതന്ത്ര്യബോധം നൽകി. പുതിയ നൈപുണികളും വിജ്ഞാനവും ആർജിക്കാൻ അവരിൽ പലർക്കും കഴിഞ്ഞു. പാരമ്പര്യത്തിന്റെ പ്രൗഢിയുള്ള വിദ്യാഭ്യാസം എത്രത്തോളം മനുഷ്യത്വരഹിതവും സാമൂഹികവിരുദ്ധവുമാണെന്ന് തിരിച്ചറിയാൻ വലിയ ഗവേഷണങ്ങളൊന്നും ആവശ്യമില്ല. പുതിയ സാമ്പത്തിക നയത്തിന്റെ തുടർച്ചയായി വിദ്യാഭ്യാസരംഗത്ത് ലഭ്യമായ വർധിച്ച പഠനാവസരങ്ങളും തൊഴിൽ അവസരങ്ങളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കാൻ‍ ശരാശരിക്കാരായ ഇന്ത്യൻ യുവാക്കൾക്ക് പലർക്കും സാഹചര്യമൊരുക്കി. യൂറോപ്പിലും അമേരിക്കയിലും എല്ലാം പൊതുവിൽ നിലനിന്നിരുന്ന രീതി ഭരണകൂടത്തിന്റെ ചുമതലയിലുള്ള സൗജന്യ സ്കൂൾ വിദ്യാഭ്യാസമാണ്. ഇന്ത്യക്കാർ അവിടങ്ങളിൽ എത്തി ഒരു സമാന്തര സംസ്കാരം ആരംഭിച്ചതോടെ അവിടങ്ങളിലും സ്വകാര്യ സ്കൂളുകൾ തല പൊക്കിത്തുടങ്ങി. പൊതുസംവിധാനങ്ങളിലുള്ള അവിശ്വാസമാണ് ഏത് സാഹചര്യത്തിലും സമാന്തരസംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ നമ്മുടെ ജനതയെ പ്രേരിപ്പിക്കുന്നത്. കൂടുതൽ ചരടുകൾ കൊണ്ട് കെട്ടുപിണഞ്ഞ മാനസികാവസ്ഥയിലേക്ക് അധപ്പതിക്കാനല്ല, കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനാണ് വിദ്യാഭ്യാസം അവസരമൊരുക്കേണ്ടത്. പാരമ്പര്യത്തിൽ നിന്ന് മോചനം നേടാൻ വിമുഖത പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസം അത്തരം ഒരു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നില്ല.

ലോകം മാറുന്നു,
ഇന്ത്യയോ?

ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്. ഉദാഹരണമായി ‘സ്റ്റെം’ (സയൻസ്, ടെക്നോളജി, എഞ്ചിനിയറിങ്, മാത്തമെറ്റിക്സ്) എന്ന പേരിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പല രാജ്യങ്ങളും നടപ്പിലാക്കിയ വിദ്യാഭ്യാസം അവർ തള്ളിക്കളഞ്ഞ ശേഷവും ഇവിടെ പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇങ്ങനെ പരിശീലിപ്പിക്കുന്ന റോബോട്ടുകളല്ല പരിഷ്കൃത സമൂഹത്തിന് ആവശ്യമെന്ന് പല രാജ്യങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിന് ആരംഭിച്ച ‘പിസ’ പോലുള്ള കേന്ദ്രീകൃത പരീക്ഷകളുടെ അപകടം പല രാജ്യങ്ങളും മനസ്സിലാക്കി പിന്മാറിക്കഴിഞ്ഞപ്പോൾ ഇന്ത്യ അതിന് ഇരയാകാൻ ഒരുങ്ങുകയാണ്. സ്റ്റാറ്റിസ്റ്റിക്സിന്റെ ടൂളുകൾ ഉപയോഗിച്ച് മനുഷ്യനിലെ ഗുണദോഷങ്ങളെയും നന്മതിന്മകളെയും വ്യവഛേദിക്കാനുള്ള കൗതുകം വൃഥാവ്യയാമമാണ്. ഒരു ഭാഗത്ത് ഭാരതീയം എന്ന ജല്പനവും മറുഭാഗത്ത് പടിഞ്ഞാറു നിന്നുള്ള മാലിന്യഭോജനവും നമ്മൾ ശീലമാക്കിയിരിക്കുന്നു. ഭാരതം പല രംഗങ്ങളിലും ഉന്നതമായ വൈജ്ഞാനികനില കൈവരിച്ചിരുന്നു. അധിനിവേശങ്ങൾ അവയെ പലതിനെയും തമസ്കരിക്കുകയും തരം താഴ്ത്തുകയും ചെയ്തു. ഇവിടെ നിന്ന് കൈവശപ്പെടുത്തിയ അറിവുകൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാനും അവർ മറന്നില്ല.‍ വിജ്ഞാനം എന്നത് മാറുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വികസിക്കുന്ന ഒന്നാണ്. രണ്ട് നൂറ്റാണ്ടിന്റെ വിടവുള്ള വിജ്ഞാനം വെറും മ്യൂസിയം പീസ് ആണ്. ഭാരതത്തിന്റെ വിജ്ഞാനരൂപീകണ രീതിശാസ്ത്രത്തോട് ഏതെങ്കിലും തരത്തിലുള്ള ആദരവുള്ളവർ അതിന്റെ അടിസ്ഥാനസ്വഭാവമായ സ്വാതന്ത്രചിന്ത, നിരന്തര നവീകരണം, വിമർശനാത്മകത, സൃഷ്ടിപരത തുടങ്ങിയവയെയാണ് ഉയർത്തിപ്പിടിക്കേണ്ടത്. പുരാവൃത്തങ്ങൾ ഇഴകീറി നോക്കിയാൽ ഭരണാധികാരികൾക്ക് കീഴ്പ്പെട്ടിരുന്നവരല്ല, അവരാൽ ആദരിക്കപ്പെട്ടിരുന്നവരാണ് നമ്മുടെ വൈജ്ഞാനികസമൂഹം എന്നും കാണാം. ലോകത്തെ ഏത് വിജ്ഞാനത്തിലും പുതിയ സാധ്യതകൾ കൂട്ടിച്ചേർക്കാനും മാനങ്ങൾ നൽകാനും നമ്മുടെ യുവാക്കൾക്ക് കഴിയുന്നുണ്ട്. ഇനി ഇന്ത്യയുടെ വൈജ്ഞാനികസമ്പത്തായി അറിയപ്പെടേണ്ടത് ആ വിജ്ഞാനമാണ്. സനാതനമൂല്യങ്ങൾ പഠിപ്പിച്ചും പാരമ്പര്യത്തിന്റെ പാഴ്ച്ചുമട് ചുമലിൽ ഏറ്റിച്ചുമല്ല മാറുന്ന സമൂഹ്യജീവിതത്തെ ശോഭനമാക്കാൻ വേണ്ട മൂല്യബോധം വളർത്തേണ്ടത്.

ലോകത്തെ ഏത് വിജ്ഞാനത്തിലും പുതിയ സാധ്യതകൾ കൂട്ടിച്ചേർക്കാനും മാനങ്ങൾ നൽകാനും നമ്മുടെ യുവാക്കൾക്ക് കഴിയുന്നുണ്ട്. ഇനി ഇന്ത്യയുടെ വൈജ്ഞാനികസമ്പത്തായി അറിയപ്പെടേണ്ടത് ആ വിജ്ഞാനമാണ്.

ഭാഷാജ്ഞാനവും ഗണിതബോധവും വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് നല്ല പങ്ക് വഹിക്കാൻ കഴിയും. ഇവ രണ്ടും മനുഷ്യന്റെ സാമൂഹികജീവിതവുമായും നാഡീവികാസവുമായും ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്നു. നാഡീപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ വൈദ്യുതപ്രവാഹമാണെന്ന് ന്യൂറോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എല്ലാ നാഡീപ്രവർത്തനങ്ങളും ബാഹ്യമായ ഇടപെടലിലൂടെ നിയന്ത്രിക്കാനുള്ള വിദ്യകൾ വികസിപ്പിക്കപ്പെട്ടിട്ടില്ല. വ്യത്യസ്ത വ്യക്തികളുടെ നാഡീകോശങ്ങൾ വികാസം പ്രാപിക്കുന്നതിൽ കാലവ്യത്യാസം സ്വാഭാവികമാണ്. അതിനാൽ അനുഭവവും ഉൾക്കാഴ്ചയുമുള്ള അധ്യാപകരുടെ ക്ഷമാപൂർവമായ ഇടപെടലിലൂടെയാണ് കുട്ടികളുടെ ഭാഷാവികാസം ഉൾപ്പെടെയുള്ള വൈജ്ഞാനികവികാസം സാധ്യമാകേണ്ടത്. യുദ്ധതന്ത്രങ്ങൾ കൊണ്ട് ഇതിനെ നേരിടാൻ ശ്രമിക്കരുത്. വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി കുട്ടികൾക്ക് നിരന്തരം നൂതനാനുഭവങ്ങൾ സമ്മാനിക്കുകയും ലഭിച്ച അനുഭവങ്ങളോട് റിഫ്ലക്ട് ചെയ്യാൻ അവസരം നൽകുകയും വേണം. ഒരേസമയം പല തരം ശേഷികൾ അവരിൽ വികസിച്ചുവരും. അവരുടെ മാറുന്ന അഭിരുചികൾ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഈ വികാസത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അവർക്ക് ഭാഷാർജനത്തിലെയോ ഗണിതബോധത്തിലേയോ വിടവുകൾ നികത്താൻ കഴിയും. ശിശുവികാസത്തിന് പല മാനങ്ങളുണ്ട്. അതിനെ ഏതെങ്കിലും ഒന്നോ രണ്ടോ ശേഷികളിൽ പരിമിതപ്പെടുത്തുന്നിടത്താണ് വിദ്യാഭ്യാസത്തിന്റെ പരാജയം. പതിനെട്ട് വയസ്സ് പൂർത്തിയാക്കുന്ന എല്ലാ കുട്ടികളും ചുറ്റുപാടുകൾ വിശകലനം ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹവുമായി സംവദിച്ച് സ്വന്തം ഇടം തീരുമാനിക്കുന്നതിനും തന്റെ മികവുകൾ തിരിച്ചറിഞ്ഞ് ആവശ്യാനുസരണം വികസിപ്പിക്കുന്നതിനും വികസിതമായ ശാരീരികവും മാനസികവുമായ ശേഷികൾ ഉപയോഗിച്ച് അസ്തിത്വം സംബന്ധിച്ച നിലപാടുകൾ സ്വീകരിക്കുന്നതിനും കഴിവുള്ളവരാകുന്നതിനാണ് വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത്. ഈ ആവശ്യം മുൻനിർത്തി എല്ലാ വിജ്ഞാനങ്ങളും വിനിമയം ചെയ്യണം.

ആഗോള തൊഴിലന്വേഷകർക്ക് മുന്നിലെ പുതിയ വെല്ലുവിളിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രംഗപ്രവേശം.
ആഗോള തൊഴിലന്വേഷകർക്ക് മുന്നിലെ പുതിയ വെല്ലുവിളിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രംഗപ്രവേശം.

ആഗോള തൊഴിലന്വേഷകർക്ക് മുന്നിലെ പുതിയ വെല്ലുവിളിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രംഗപ്രവേശം. ഇന്ത്യയെ സംബന്ധിച്ച് ഇതിനെ ഒരു വെല്ലുവിളിയായല്ല, സാധ്യതയായാണ് കാണേണ്ടത്. ഇതുവരെ അപ്രാപ്യമായിരുന്ന പുതിയ അനേകം തൊഴിൽ മേഖലകളിലേക്ക് ഇത് വാതിൽ തുറക്കുന്നു. അഡോപ്റ്റബിലിറ്റിയുള്ള നൈപുണികൾ ഉറപ്പുവരുത്തിയാലേ ഇതിനെ പൂർണ തോതിൽ പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. വഴക്കമുള്ളതും വഴി തടയപ്പെടാത്തതുമായ വിദ്യാഭ്യാസം അതിനുള്ള ഉപാധിയാണ്. പരമ്പരാഗത വിദ്യാഭ്യാസരീതി അനുസരിച്ച് ഒരു പഠനമേഖല തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അടുത്ത ക്ഷണത്തിൽ മറ്റുള്ളവയിലേക്കുള്ള കവാടബന്ധനം നടക്കുന്നു. ഒരു വിഷയത്തിന്റെ പഠനം മറ്റു വിഷയങ്ങളിലേക്കുള്ള അന്വേഷണത്തിന് വഴിമരുന്നിടുമ്പോഴാണ് വൈജ്ഞാനിക വികാസത്തിന്റെ പുതിയ ആകാശങ്ങൾ തെളിയുന്നത്. അപ്പോൾ തൊഴിലിന്റെ സ്ഥാനം സാമ്പത്തികശാസ്ത്രത്തിൽ നിന്ന് സാമൂഹികശാസ്ത്രത്തിലേക്ക് മാറ്റപ്പെടും. സമൂഹം അതിന്റെ സുസ്ഥിതിക്കായി വ്യക്തികൾക്ക് നൽകുന്ന ചുമതലയായി തൊഴിൽ മാറണം. ഈ ചുമതലപ്പെടുത്തൽ പ്രക്രിയയ്ക്ക് ആധാരമായി വർത്തിക്കേണ്ടത് വ്യക്തികളിൽ പ്രഫുല്ലമാകുന്ന മികവുകളാണ്.


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments