സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അവകാശങ്ങൾ നേടാതെ തിരിച്ച് വീട്ടിൽ കയറില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. അപ്പോഴും നിസ്വരായ സ്ത്രീതൊഴിലാളികൾക്കുനേരെ, ജനാധിപത്യ മൂല്യ ബോധത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ പോലും പാലിക്കാത്ത ഭരണാധികാരികൾ ഭീഷണിയും ആക്ഷേപങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു.
‘‘തൊഴിലുറപ്പിന് പോകുന്നവർ, ക്ഷേമ പെൻഷൻ മാത്രം കിട്ടുന്നവർ, ഞങ്ങളുടെ കൈയ്യിൽ 100 രൂപ ഏൽപ്പിച്ചുകൊണ്ട് പറയുന്നത്, എന്തു വന്നാലും വിജയിക്കാതെ സമരം അവസാനിപ്പിക്കരുതെന്നാണ്. കേരളത്തിലെ ജനങ്ങൾ ഇത്രയും പിൻതുണ നൽകുമ്പോൾ ഞങ്ങളുടെ സമരം പരാജയപ്പെട്ടില്ല’’, അനിതാകുമാരി എന്ന ആശാ വർക്കറുടെ വാക്കുകളാണിത്. അത്യസാധാരണമായ പിൻതുണയാണ് കേരള ജനത ആശാ സമരത്തിന് നൽകുന്നത്. ദിവസം ചെല്ലുന്തോറും അത് വർദ്ധിക്കുന്നതാണ് ആശാ വർക്കർമാരുടെ ഊർജ്ജം, ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതും.
2025 ഫെബ്രുവരി ഒന്നിന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) നാഷണൽ ഹെൽത്ത് മിഷൻ (NHM) ഡയറക്ടർക്ക് ഡിമാൻ്റ് നോട്ടീസ് കൊടുത്തതിനുശേഷമാണ്, ഫെബ്രുവരി 10 ന് അനിശ്ചിതകാല രാപകൽ സമരം ആരംഭിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ ആശാ വർക്കർമാരുടെ ഓണറേറിയം ഒരു രൂപ പോലും വർദ്ധിപ്പിക്കുവാൻ സർക്കാർ തയ്യാറായില്ല. അതേസമയം മന്ത്രിമാരുടെ വാഹനം മാറ്റി വാങ്ങുവാൻ 100 കോടി രൂപ അനുവദിച്ചതുൾപ്പടെയുള്ള പലവിധ അന്യായങ്ങൾ ബജറ്റിലുണ്ടായിരുന്നു. നിവേദനങ്ങൾ നിഷ്ക്കരുണം തള്ളിക്കളഞ്ഞപ്പോഴാണ് ആശാ വർക്കർമാർ തെരുവിലിറങ്ങിയത്. തുടക്കം മുതൽ, അടിസ്ഥാന തൊഴിലാളി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ നടത്തുന്ന സമരത്തോട് പൊതുജനങ്ങളും മാധ്യമങ്ങളും തികച്ചും അനുഭാവപൂർവ്വമായ സമീപനമാണ് സ്വീകരിച്ചത്. അരുന്ധതി റോയ്, സച്ചിദാനന്ദൻ, പ്രൊഫ. കെ.പി. കണ്ണൻ, കൽപ്പറ്റ നാരായണൻ, എം.എൻ. കാരശ്ശേരി, റഫീഖ് അഹമ്മദ്, ജെ. ദേവിക, ജോയ് മാത്യു, സലിം കുമാർ, ഡോ.കെ.ജി. താര, റിമ കല്ലിങ്കൽ, ജിയോ ബേബി, കനി കുസൃതി തുടങ്ങി, സാമൂഹ്യ, സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും സി.പി.എമ്മും എൽ.ഡി.എഫിലെ ചില പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും വർഗ്ഗ - ബഹുജന സംഘടനകളും പിൻതുണയുമായി സമരഭൂമിയിലെത്തി.

തിരുവനന്തപുരം നഗരത്തിലെ പല കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ വോളണ്ടിയർ പ്രവർത്തനങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നു. മാർച്ച് 11 വരെ നൂറിലേറെ സംഘടനകളും സമൂഹ്യ ഇടപെടൽ നടത്തുന്ന ആയിരത്തോളം വ്യക്തികളും ആയിരക്കണക്കിന് തൊഴിലാളികളും സമരപ്പന്തലിലെത്തി പിൻതുണ പ്രഖ്യാപിക്കുകയുണ്ടായി.
‘സമരത്തിൻ്റെ വാർത്ത ടി.വിയിൽ കണ്ടിട്ട്, അവിടെ ഇരിയ്ക്കാൻ പറ്റുന്നില്ല. എൻ്റെ ഭാര്യ തയ്ച്ചു കിട്ടിയതും ഞാൻ ഓട്ടോ ഓടിയതും കൂട്ടിവച്ച് സമരത്തിന് ചെറിയൊരു സംഭാവന ഞാൻ കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറഞ്ഞ് 5000 രൂപ സംഭാവന നൽകിയ പത്തനംതിട്ട അടൂരിൽ താമസിക്കുന്ന ഒരു ഓട്ടോറിക്ഷ തൊഴിലാളി മുതൽ അനേകം മനുഷ്യർ സർവ്വാർത്ഥത്തിലും സമരത്തെ പിൻതുണച്ച് നിലകൊള്ളുന്നു. ജനപിന്തുണ ഏറുന്തോറും തീവ്രമായ ആക്ഷേപങ്ങളും പ്രതികാരനടപടികളും കൈക്കൊണ്ട് സമരത്തെ തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജനപിന്തുണ ഏറുന്തോറും തീവ്രമായ ആക്ഷേപങ്ങളും പ്രതികാരനടപടികളും കൈക്കൊണ്ട് സമരത്തെ തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.
"സമരം നടത്തുന്നത് യഥാര്‍ഥ ആശമാരല്ല. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’’- സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ മാർച്ച് 19 ന് ആശാസമരത്തെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ ഒരു ഭാഗമാണിത്.
മാർച്ച് 27 ന് കുട്ടനാട്ടിൽ നടത്തിയ മറ്റൊരു പ്രസംഗത്തിൽ പറഞ്ഞത്, ‘ചായതരാം എന്നു പറഞ്ഞാണ് ആശമാരെ സമരത്തിന് എത്തിക്കുന്നത്" എന്നാണ്.

സമൂഹത്തിൻ്റെ അടിത്തട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ചുള്ള സി.പി.എം നേതാക്കളുടെ മനോഭാവം വ്യക്തമാക്കുന്നതാണ് രണ്ട് പ്രസ്താവനകളും. ചോറും ചായയും കൊടുത്താൽ ആർക്കും ആട്ടിത്തെളിയ്ക്കാൻ പറ്റുന്ന ആട്ടിൻപറ്റങ്ങളാണ് സാധാരണക്കാരായ തൊഴിലാളികൾ എന്ന ചിന്താഗതിയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പർക്കുള്ളതെങ്കിൽ, ഇവർ എന്ത് ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റിയാണ് പറയുന്നത്. ആർക്കു മുന്നിലും ആത്മാഭിമാനം പണയം വയ്ക്കാത്ത അഭിമാനികളായ സ്ത്രീകളായതിനാലാണ് രാവും പകലും തെരുവിലിരുന്ന് മുദ്രാവാക്യം വിളിയ്ക്കാൻ ആശമാർക്ക് സാധിക്കുന്നത്. കഞ്ഞിയും ചായയും സമരപ്പന്തലിൽ വേവിച്ച് കഴിയ്ക്കാൻ സ്ത്രീത്തൊഴിലാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. സെക്രട്ടേറിയറ്റ് ഉപരോധത്തിനെത്തിയ 5000 പേർക്കും കഞ്ഞി കൊടുക്കുവാൻ സാധിക്കുംവിധം ശക്തമാണ് സമരസംഘാടകർ എന്നതാണ് സത്യം. ഒന്നരമാസമായി മൂന്നുനേരവും ഭക്ഷണം വയ്ക്കുന്ന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവനും വലിയൊരു സംഘവും രാവും പകലുമെന്നില്ലാതെ കലവറയിലാണ്. ‘സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി സ്ത്രീകൾ നടത്തുന്ന സമരമെന്ന നിലയിൽ അതിനെ സഹായിക്കുക എന്നത് ഏതൊരാളുടെയും ഉത്തരവാദിത്തമാണ്’- എസ്. രാജീവൻ്റെ വാക്കുകളിൽ മനുഷ്യനന്മയുടെ ശക്തിയാണുള്ളത്. സെക്രട്ടേറിയറ്റിനു മുന്നിൽ മാത്രമല്ല, പിന്നിലും ശക്തമായ പ്രതിഷേധശബ്ദങ്ങൾ ഉയരുന്നുണ്ടെന്നത് സർക്കാർ കാണാതെ പോകരുത്.
NHM അവസാനിക്കുന്നതോടെ, സർക്കാരാശുപത്രികൾ അസ്ഥിപഞ്ജരമായിത്തീരുകയും പൊതുജനാരോഗ്യ സംവിധാനം നാമമാത്രമായി മാത്രം അവശേഷിക്കുകയും ചെയ്യും. അപ്പോൾ ജനങ്ങൾ, എല്ലാത്തരം ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകും.
ലോകബാങ്ക് വായ്പയിൽ 2005- ൽ കേന്ദ്ര ഗവൺമെൻ്റ് ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM). പിന്നീട് റൂറൽ എടുത്തുകളഞ്ഞ് കേരളം മുഴുവൻ നടപ്പാക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ (NHM) ആയി പദ്ധതി രൂപാന്തരപ്പെട്ടു. യൂസർഫീ, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവയൊക്കെ അവതരിപ്പിക്കപ്പെട്ടത് NRHM- ൻ്റെ ഭാഗമായാണ്. സർക്കാർ, ലോക ബാങ്കിൻ്റെ വായ്പ ഉപയോഗിച്ച് സർക്കാരാശുപത്രികളിൽ വലിയ കെട്ടിടങ്ങൾ പണിതുയർത്തുകയും ആശുപത്രികളെ കടക്കുരുക്കിൽ പെടുത്തുകയും ചെയ്തു. മറുവശത്ത് ലോകബാങ്ക് നിർദ്ദേശപ്രകാരം, ആശുപത്രിയിൽ അവശ്യം വേണ്ട, ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നാൽ, പൊതുജനാരോഗ്യ സംവിധാനത്തിന് സമാന്തരമായ NRHM കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയുമൊക്കെ നിയമിച്ചുപോന്നു. സർക്കാർ ആശുപത്രികളിൽ നൂറ് കണക്കിന് ഡോക്ടർമാരുടെയും ആയിരക്കണക്കിന് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത് സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായാണ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നില്ല. എല്ലാത്തരം ചികിത്സയ്ക്കും ഫീസടയ്ക്കണമെന്നത് ആളുകളുടെ ശീലമായി മാറിക്കഴിഞ്ഞു. എല്ലാവരെയും ഹെൽത്ത് ഇൻഷ്വറൻസ് എടുപ്പിക്കുകയും പ്രീമിയം തുക വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിശ്ചിത കാലയളവ് പ്രഖ്യാപിച്ചാണ് ലോകബാങ്ക് NHM നടപ്പാക്കുന്നത്. 2012- ൽ അവസാനിക്കുവാൻ ലക്ഷ്യമിട്ട പദ്ധതി, കേന്ദ്രസർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം നീട്ടിക്കൊണ്ടു പോകുന്നതാണ് യാഥാർത്ഥ്യം. NHM അവസാനിക്കുന്നതോടെ, സർക്കാരാശുപത്രികൾ അസ്ഥിപഞ്ജരമായിത്തീരുകയും പൊതുജനാരോഗ്യ സംവിധാനം നാമമാത്രമായി മാത്രം അവശേഷിക്കുകയും ചെയ്യും. അപ്പോൾ ജനങ്ങൾ, എല്ലാത്തരം ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരായിത്തീരുകയും ലോകബാങ്ക് വായ്പയുടെ ലക്ഷ്യം പൂർത്തീകരിയ്ക്കപ്പെടുകയും ചെയ്യും.

അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് (ASHA) എന്ന പേരിൽ ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തകരായി ആശമാരെ നിയമിച്ചതും NHM പദ്ധതിയുടെ ഭാഗമായാണ്. അതുവരെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കിയിരുന്നത്, സർക്കാർ ശമ്പളം പറ്റുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN) എന്ന വിഭാഗമായിരുന്നു. അവരായിരുന്ന ക്ഷയരോഗ നിർമ്മാർജ്ജനം, കുഷ്ഠരോഗനിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. JPHN മാർക്ക് സർക്കാർ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, തുഛമായ ഓണറേറിയവും ഇൻസെൻ്റീവും കൊടുത്ത് ആശാ വർക്കർമാരെ നിയമിച്ചതിലൂടെ JPHN തസ്തിക തന്നെ സർക്കാർ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ജോലി ചെയ്തിരുന്ന JPHN മാരെ ഇല്ലാതാക്കി അടിമസമാനമായി ആശമാരെ പണിയെടുപ്പിക്കുകയാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ. അങ്ങനെയൊരു സാഹചര്യത്തിലാണ്, മിനിമം കൂലിയും പെൻഷനും വിരമിക്കൽ ആനുകൂല്യവും തൊഴിലാളികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ആശ വർക്കർമാർ സമരം ചെയ്യുന്നത്. ആശ വർക്കർമാരുടെ സമരം വിജയിക്കുന്നത്, ലോകബാങ്കിൻ്റെ അജണ്ടകളിന്മേലുള്ള തൊഴിലാളികളുടെ ശക്തമായ പ്രഹരമായി മാറും.
ജനകീയ സമരം:
മനുഷ്യസാഹോദര്യത്തിൻ്റെ പാഠശാല
സമരവേദിയിൽ ഏകോദര സഹോദരങ്ങളെപ്പോലെ ആശമാർ മുദ്രാവാക്യം വിളിയ്ക്കുകയും പ്രസംഗിക്കുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ഒരുമിച്ചുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത് ആഹ്ലാദകരമായ കാഴ്ചയാണ്. ജാതിയും മതവും പറഞ്ഞ് മനുഷ്യരെ വിഭജിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ, ഒന്നാണ് നമ്മൾ എന്ന മുദ്രാവാക്യമാണ് ആശാ സമരവേദിയിൽ മുഴങ്ങികേൾക്കുന്നത്. അതുകൊണ്ടു തന്നെയാണ് വർഗ്ഗീയ ശക്തികൾക്ക് അവരുടെ അജണ്ടയുമായി സമരഭൂമിയിൽ നിൽപ്പുറപ്പിക്കാനാവാത്തത്. ജനാധിപത്യ ജനകീയ സമരത്തിൻ്റെ വേദികൾ സാധാരണ മനുഷ്യരെ ഐക്യപ്പെടുത്തുന്ന പുരോഗമന ഭൂമികയാണ്. സാമൂഹ്യ പുരോഗതിയിൽ വിശ്വസിക്കുന്ന ഏതൊരാളും അങ്ങനെയുള്ള സമരങ്ങളെ പിൻതുണച്ച് രംഗത്തുവരും.

ഇന്ത്യയിൽ ആഗോളവത്കരണ നയങ്ങൾ ആരംഭിച്ചിട്ട് 35 വർഷം പൂർത്തിയാവുകയാണ്. കേരളീയ സാമൂഹ്യ ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും ആഗോളവത്കരണം അതിൻ്റെ നൃശംസമായ വേരുകളാഴ്ത്തിക്കഴിഞ്ഞു. സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെല്ലാം പുരോഗമന പ്രവണതകൾ അസ്തമിച്ചുകൊണ്ടിരിക്കുന്നു. ട്രേഡ് യൂണിയൻ രംഗത്തും സമാന സാഹചര്യമാണുള്ളത്. നവോത്ഥാന കാലഘട്ടത്തിൽ ആരംഭിച്ച പോരാട്ടങ്ങളിലൂടെ അവകാശബോധമുള്ള തൊഴിലാളികൾ കേരളത്തിൻ്റെ മുഖമുദ്രയായിരുന്നു. എന്നാൽ, ആഗോളവത്കരണം വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെ മൂലധന സേവകരാക്കി മാറ്റിയതിലൂടെ നഗ്നമായ മുതലാളിത്ത ചൂഷണത്തിനു കീഴിലേയ്ക്ക് തൊഴിലാളികൾ തള്ളിവിടപ്പെട്ടിരിക്കുന്നു. 8 മണിക്കൂർ ജോലി ഉൾപ്പടെ പൊരുതി നേടിയ അവകാശങ്ങളെല്ലാം തൊഴിലാളികളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. കേന്ദ്ര ഗവൺമെൻ്റ് ആവിഷ്ക്കരിച്ച ലേബർ കോഡുകൾ അടിമവേലയിലേയ്ക്ക് തൊഴിലാളികളെ തള്ളിവിടാൻ ഉദ്ദേശിച്ചുള്ളതാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആശാ വർക്കർമാരുടെ സമരം പ്രസക്തമാകുന്നത്.
അസംഘടിത മേഖലകളിലും സംഘടിത മേഖലകളിലും ചൂഷണം അനുഭവിക്കുകയും അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾ ആശാ സമരത്തെ ഉറ്റുനോക്കുന്നതും വിജയത്തിനുവേണ്ടി ആഗ്രഹിക്കുകയും ചെയ്യുന്നതും മേൽപ്പറഞ്ഞ കാരണങ്ങളാലാണ്. ആശമാരോടുള്ള സഹാനുഭൂതി കൊണ്ടു മാത്രമല്ല, സമരത്തിന് ജനപിന്തുണ വർദ്ധിച്ചു വരുന്നത്. ആശാ വർക്കർമാരുടെ സമരവിജയം, അടിത്തട്ടിൽ പണിയെടുക്കുന്ന കേരളത്തിലെ മനുഷ്യരുടെ വിജയമാണെന്ന് അവർ തിരിച്ചറിയുന്നതുകൊണ്ടു കൂടിയാണ്.