ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചുവരുന്നത് വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. കേന്ദ്ര സർക്കാർ 'സാമ്പത്തിക പുരോഗതി'-യോട് ചേർത്തുവെച്ച് വർധനവിനെ ഉയർത്തിക്കാണിക്കുമ്പോഴും കാതലായ ഈ മാറ്റത്തെക്കുറിച്ച് അക്കാദമിക സമൂഹത്തിൽ നടന്ന അഭിപ്രായങ്ങൾ പരസ്പരവിരുദ്ധമായിരുന്നു. ചില സാമ്പത്തിക വിദഗ്ധർ ഈ മാറ്റത്തെ സാമ്പത്തിക പ്രതിസന്ധി മൂലമോ, അല്ലെങ്കിൽ, സുരക്ഷിതമല്ലാത്തതും കുറഞ്ഞ വേതനമുള്ളതുമായ ജോലികൾ വർദ്ധിച്ചതിനാലോ സംഭവിച്ചതായി വിലയിരുത്തുന്നു. അവർ ഈ കണക്കുകളെ സംശയത്തോടെ കാണുമ്പോൾ, സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് സജീവമായി കടന്നുവരുന്നതിന്റെ യഥാർത്ഥ സൂചനയായാണിത് എന്ന് മറ്റു ചിലർ അവകാശപ്പെടുന്നു. ഈ സന്ദർഭത്തിൽ, തൊഴിൽ പങ്കാളിത്തത്തെക്കുറിച്ച് പുതിയ ഡാറ്റയിലൂടെ ഇന്ത്യയുടേയും കേരളത്തിന്റെയും നിലവിലെ സ്ഥാനം അടയാളപ്പെടുത്തേണ്ടതുണ്ട്.
തൊഴിൽ ശക്തിയുടെ അളവുകോൽ
ഇന്ത്യയിലെ തൊഴിൽ വിപണിയുടെ ചലനാത്മകത മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന സർവേയാണ് 2017-ൽ ആരംഭിച്ച ആവർത്തന തൊഴിൽ ശക്തി സർവേ (Periodic Labour Force Survey - PLFS). 2024-ലെ PLFS പുറത്തുവിട്ട വിവരങ്ങൾ ഇന്ത്യയിലെയും കേരളത്തിലെയും “തൊഴിൽ ശക്തി” ഘടനയെക്കുറിച്ചുള്ള നിർണായക ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്.
നിലവിൽ ജോലിചെയ്യുകയോ ജോലി അന്വേഷിക്കുകയോ ചെയുന്നവരെയാണ് ഒരു സമ്പദ്-വ്യവസ്ഥയിലെ ‘തൊഴിൽ ശക്തി’ (Labour Force) എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. മൊത്തം ജനസംഖ്യയിലെ തൊഴിൽ ശക്തിയുടെ അനുപാതമാണ് (ശതമാനത്തിൽ) തൊഴിൽ ശക്തി നിരക്ക് (Labour Force Participation Rate-LFPR) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചുരുക്കത്തിൽ, തൊഴിൽ എടുക്കാൻ സാന്നദ്ധരല്ലാത്തവർ ഈ കണക്കിന് പുറത്താണ്. അതുകൊണ്ട് LFPR നിരക്ക് സമ്പദ്-വ്യവസ്ഥയുടെ വളർച്ചയിലെ നിർണായക ഘടകമാണ് എന്ന് മാത്രമല്ല, പുരോഗതിയുടെ (Development) ഒരു അളവുകോലുമാണ്.
പ്രസ്തുത വർഷത്തിലുടനീളം (365 days) ഒരു വ്യക്തിയുടെ മുഖ്യ പ്രവർത്തനമോ (Principal Activity), മുഖ്യമല്ലാതെ അനുബന്ധമായി ചെയ്യുന്ന പ്രവർത്തനമോ (Subsidiary Activity) കണക്കിലെടുത്ത് തൊഴിൽ പങ്കാളിത്തം അളക്കുന്ന “സാധാരണ പ്രവർത്തന നില” (Usual Status) രീതിയാണ് നമ്മൾ ഇവിടെ പരിഗണിക്കുന്നത്. പതിനഞ്ചോ അതിലധികമോ പ്രായമായവരെ മാത്രമേ ഈ കണക്കിൽ പരിഗണിക്കുന്നുള്ളൂ. ഇത്തരത്തിൽ പുതിയ PLFS സർവ്വേ ഡാറ്റ (2024 ജനുവരി മുതൽ ഡിസംബർ വരെ)-യെ വിധേയമാക്കി, തൊഴിൽ പങ്കാളിത്തത്തിലെ സ്ത്രീ-പുരുഷ വ്യത്യാസത്തെ പ്രായം, വിദ്യാഭ്യാസം, തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ വിശകലനം ചെയ്യുകയാണിവിടെ.
തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്ത്രീ-തൊഴിൽ-ശക്തി നിരക്ക് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് ഉയർന്നതിൽ അത്ഭുതപ്പെടാൻ ഏറെയുണ്ട്. ഈ വർദ്ധനവിന്റെ മൂലകാരണം കോവിഡ്-19 സമയത്തും അതിനു ശേഷവും ഗ്രാമീണ മേഖലയിലെ സ്ത്രീകൾ കാർഷിക വൃത്തിയിലേക്ക് കൂടുതൽ ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ത്രീ-തൊഴിൽ-ശക്തിയുടെ വർദ്ധനവിലെ യാഥാർത്ഥ്യം
കഴിഞ്ഞ 20 ദശാബ്ദമായി തുടർച്ചയായി കുറഞ്ഞു കൊണ്ടിരുന്ന സ്ത്രീ-തൊഴിൽ-ശക്തി നിരക്ക് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് ഉയർന്നതിൽ അത്ഭുതപ്പെടാൻ ഏറെയുണ്ട്. 2017-18 സർവ്വേ പ്രകാരം, 50 ശതമാനത്തോളം മാത്രമായിരുന്ന ഇന്ത്യയിലെ മൊത്തം തൊഴിൽ പങ്കാളിത്ത നിരക്ക് (Total LFPR) 2024 -ലെ സർവ്വേയിലേക്കെത്തിയപ്പോൾ 60 ശതമാനത്തിലേക്ക് ഉയർന്നതായി കാണാം. അതേ സമയം, സ്ത്രീ പങ്കാളിത്ത നിരക്ക് (Female LFPR) 23.3 ശതമാനത്തിൽ നിന്നും വളരെ ഉയർന്ന് 40.3 ശതമാനത്തിലേക്ക് ഉയർന്നപ്പോൾ പുരുഷ പങ്കാളിത്തം (Male LFPR) 75.8-ൽ നിന്നും 79.2-ലേക്കാണ് എത്തിയത്. സ്വാഭാവികമായും, LFPR-ലെ സ്ത്രീ-പുരുഷ അന്തരം 52.5 ശതമാനത്തിൽ നിന്നും 39 ശതമാനമായി കുറഞ്ഞു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ ഈ അന്തരം വേഗത്തിൽ കുറഞ്ഞതായും (34%) കാണാം. ദ്രുതഗതിയിലുള്ള ഈ നേട്ടം ശ്‌ളാഘനീയമെങ്കിലും സ്ത്രീ- പുരുഷ സമത്വം വിദൂര സ്വപ്നം മാത്രമായി നിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ മാറ്റത്തെ സൂക്ഷ്മമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.
പ്രമുഖ സ്റ്റാറ്റിസ്റ്റിഷ്യന്മാരായ പി.സി. മോഹനൻ, അലോകി കാർ എന്നിവരുടെ പഠനം, LFPR-ലെ വർദ്ധനവിന് കാരണം കണക്കെടുപ്പിൽ സംഭവിക്കാവുന്ന പാകപ്പിഴവുകളുടെ സാധ്യതയെ തിരസ്കരിക്കുന്നു. മറിച്ച്, ഈ വർദ്ധനവിനെ കോവിഡ് അടക്കം സൃഷ്ടിച്ച സാമ്പത്തിക-സാമൂഹ്യ പ്രതിസന്ധികളിൽ നിന്നും ഉരുത്തിരിഞ്ഞതാവാം എന്ന് അനുമാനിക്കുന്നുണ്ട്. പ്രൊഫ. അശ്വനി ദേശ്പാണ്ഡെയെ പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ പഠനങ്ങൾ സ്വകാര്യ ഡാറ്റ സ്രോതസ്സായ CMIE-യുടെ Consumer Pyramids Household Survey (CPHS)-ഉം, ഗവൺമെന്റിന്റെ മറ്റു ഡാറ്റകളായ Annual Survey of Unincorporated Sector Enterprises (ASUSE), Employees’ Provident Fund Organisation (EPFO) Data, തുടങ്ങിയവയും ഉപയോഗിച്ച് PLFS-ലേതു പോലെത്തന്നെയുള്ള പ്രവണത കോവിഡാനന്തരം പ്രതിഫലിക്കുന്നതായി സ്ഥിതീകരിക്കുന്നുണ്ട്. അതേസമയം, ഈ വർദ്ധനവിന്റെ മൂലകാരണം കോവിഡ്-19 സമയത്തും അതിനു ശേഷവും ഗ്രാമീണ മേഖലയിലെ സ്ത്രീകൾ കാർഷിക വൃത്തിയിലേക്ക് കൂടുതൽ ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണെന്നും ചൂണ്ടിക്കാണിക്കുന്നു.
മുകളിൽ പറഞ്ഞ വിധം സ്ത്രീ തൊഴിൽ ശക്തിയിലുള്ള പുരോഗതി, ഇന്ത്യയുടെ LFPR-ലെ സ്ത്രീ-പുരുഷ അന്തരം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമായെങ്കിലും, മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴുമിത് വളരെ കൂടുതലാണ്. അതിനാൽ തൊഴിൽ പങ്കാളിത്തത്തിലെ സ്ത്രീ-പുരുഷ അന്തരം മുൻനിർത്തി കൂടുതൽ വിശകലനം നടത്തേണ്ടതുണ്ട്.
ഇന്ത്യയിലെ തൊഴിൽ ശക്തിയിലെ ലിംഗഅനുപാതം
തൊഴിൽ വിപണിയുടെ വിശകലനത്തിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) പ്രാധാന്യമനുസരിച്ച് തൊഴിൽ ശക്തിയെ മൊത്തം പ്രായത്തിന്റെ അടിസ്ഥാനത്തിൽ പലതായി വേർതിരിക്കുന്നുണ്ട്. പൊതുവിൽ ആകെ തൊഴിൽ ശക്തിയുടെ മൂന്നിൽ രണ്ടും കൈയാളുന്നവർ 25 മുതൽ 54 വരെ പ്രായമുള്ള “പ്രൈം ലേബർ ഫോഴ്സ്” (Prime Labour Force) ആണ്. മിക്ക രാജ്യങ്ങളിലും, പ്രൈം തൊഴിൽ പങ്കാളിത്തം 80 ശതമാനത്തിലധികം പ്രതീക്ഷിക്കാം. തൊഴിലാളിയുടെ ജീവിതത്തിലെ പ്രൈം കാലഘട്ടത്തിലാണ് ഉത്പാദനക്ഷമതയും തൊഴിൽ പരമായ കഴിവും സ്ഥിരതയും പാരമ്യത്തിലെത്തുന്നത്. മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച്, പ്രൈം കാലഘട്ടത്തട്ടിലെ വ്യക്തികൾ സമ്പദ്-വ്യവസ്ഥയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുന്നു. അതുകൊണ്ടു തന്നെ, ശരാശരി കണക്കുകളേക്കാൾ, പ്രൈം തൊഴിൽ ശക്തിയിലെ സ്ത്രീ-പുരുഷ അനുപാതം ഈ വിശകലനത്തിൽ കൂടുതൽ പരിഗണന അർഹിക്കുന്നു.

പ്രൈം തൊഴിൽ ശക്തിനിരക്ക് അടിസ്ഥാനമാക്കി നോക്കിയാൽ, 25-നും 54-നും ഇടയിലുള്ള സ്ത്രീകളിലെ തൊഴിൽ പങ്കാളിത്ത നിരക്ക് പകുതിയിലേറെ (51.7%) ഉണ്ട് എന്നുള്ളത് ശ്രദ്ധേയമായി തോന്നാം. പക്ഷെ, പ്രൈം-പുരുഷന്മാരുടെ പങ്കാളിത്ത നിരക്ക് ഏകദേശം 98 ശതമാനമാണെന്ന കാര്യം പരിഗണിക്കുമ്പോൾ തൊഴിൽ ശക്തിയിലെ സ്ത്രീ-പുരുഷ അന്തരത്തിന്റെ അത്ര ആശ്വാസകരമല്ലാത്ത ചിത്രം കാണാനാകും. പ്രൈം തൊഴിൽ ശക്തി ആധാരമാക്കി നോക്കിയാൽ സ്ത്രീ-പുരുഷ വ്യത്യാസം 46.2 ആണ് എന്നുള്ളത് മുൻപ് മൊത്തം സ്ത്രീ തൊഴിൽ-ശക്തി (Total Female LFPR)-യുടെ കാര്യത്തിൽ പറഞ്ഞ 39 ശതമാനം മാത്രമുണ്ടായിരുന്ന അന്തരത്തെ കവച്ച് വെക്കുന്നതാണ്.
ഇന്ത്യയിൽ യുവാക്കളിലെ (15-24) പങ്കാളിത്ത നിരക്ക് വളരെ കുറഞ്ഞു തന്നെ നിൽക്കുകയാണ്. അതിനുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിലുള്ള മുന്നേറ്റമായതിനാൽ ഈ കുറവ് വലിയ പ്രശ്നമായി കാണേണ്ടതില്ല. അതേസമയം സ്ത്രീ-പുരുഷ വ്യത്യാസവും പ്രൈം ഗ്രൂപ്പ് അപേക്ഷിച്ച് ഇവിടെ പകുതി (28.3%) മാത്രമേയുള്ളൂ. യുവാക്കളെപ്പോലെ യുവതികൾക്കും ഒരേപോലെ വിദ്യാഭ്യാസം കിട്ടുന്നു എന്ന് അനുമാനിക്കാമെങ്കിലും വലിയ ഒരു വിഭാഗം സ്ത്രീകളും പ്രത്യേകിച്ച് വിവാഹത്തിന് ശേഷം, ഗാർഹിക തൊഴിലുകളിൽ മാത്രം ഏർപ്പെടുന്നവരാണ് എന്ന വസ്തുത ഓർക്കേണ്ടതാണ്. ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ തൊഴിൽശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന ചെറുതാണെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകളെ കൂടുതൽ പിന്നോക്കം നിർത്തുമെന്നുമാണ്. ഈ വിടവ് നികത്തുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ കുറഞ്ഞ സ്ത്രീപങ്കാളിത്ത നിരക്കിന്, നിലവിലെ സാമൂഹിക ചുറ്റുപാടുകളും സാമ്പത്തിക മാറ്റങ്ങളും ഒരേപോലെ കാരണങ്ങളാണ്.
കേരളം എവിടെ നിൽക്കുന്നു?
ഇന്ത്യൻ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയിൽ കേരളം എപ്പോഴും ഒരു സവിശേഷമായ സ്ഥാനത്താണ് നിലകൊള്ളാറുള്ളത്. ഉയർന്ന സ്ത്രീ സാക്ഷരത, അനുകൂലമായ ലിംഗാനുപാതം, എന്നിവ ഉൾപ്പെടെ വികസിത രാജ്യങ്ങളെ വെല്ലുന്ന സാമൂഹിക സൂചകങ്ങളാൽ പേര് കേട്ടതാണ് വികസനത്തിന്റെ ‘കേരള മോഡൽ’ എങ്കിലും, ഇത് സൂക്ഷ്മ പരിശോധനയിൽ പല വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ്. മനുഷ്യവിഭവശേഷിയിൽ പുരോഗതികൾ ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ സ്ത്രീ തൊഴിൽപങ്കാളിത്ത നിരക്ക് എന്തുകൊണ്ട് വളരെ താഴ്ന്ന നിലയിലായി എന്നുള്ളതാണ് ചിന്തിക്കേണ്ട കാര്യം. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ ശക്തി നിരക്ക് ദേശീയ ശരാശരിയോട് തൊട്ടു താഴെ (39.6%) മാത്രമാണ്. ഇരുപത്തെത്തെട്ടു സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളും ചേർത്തുള്ള റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം ഇരുപത്തിനാലാമത് ആണെന്ന് കാണാം. കൂടാതെ, സാമൂഹിക വികസനത്തിൽ പിന്നിലുള്ള പല സംസ്ഥാനങ്ങളും ഈ കണക്കിൽ കേരളത്തിനെ മറികടക്കുന്നുണ്ട്.
പൊതുവിൽ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലാണ് സ്ത്രീ തൊഴിൽ പങ്കാളിത്തം ഏറ്റവും ഉയർന്നു കാണപ്പെടാറ്. പുതിയ PLFS ഡേറ്റ പരിശോധിക്കുമ്പോൾ സിക്കിം (68.9%) ഒന്നാം സ്ഥാനത്തും നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിലുമാണുള്ളത്. ഹിമാചൽ പ്രദേശ് അടക്കമുള്ള മലയോര സംസ്ഥാനങ്ങളിലും സ്ത്രീ പങ്കാളിത്തം ഉയർന്നുതന്നെ നിൽക്കുന്നു. ഇത്തരം സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലെ സ്ത്രീകളുടെ ഉയർന്ന ഇടപെടലും അവിടുത്തെ സാമൂഹിക-സാംസ്കാരിക ഘടകങ്ങളുമാണ് ഇതിനു പിന്നിൽ. അതേ സമയം, ഏറ്റവും കുറഞ്ഞ LFPR ഉള്ളത് പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. സാംസ്കാരികപരമായ യാഥാസ്ഥിതിക നിലപാടുകൾ വികസിത മേഖലകളിലെ സ്ത്രീകൾക്ക് അനുകൂലമല്ലാത്ത തൊഴിൽ ഘടന, നഗരവത്കരണം എന്നിവ അവിടങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയാൻ കാരണമാകുന്നു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എന്നത് ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തെയോ, വിദ്യാഭ്യാസ പുരോഗതിയോ മാത്രം ആശ്രയിച്ചല്ല നിർണയിക്കപ്പെടുന്നത്. ഓരോ പ്രദേശത്തിലെയും സാമൂഹിക ഘടന, തൊഴിൽ മേഖലയുടെ സ്വഭാവം, ലിംഗസമത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയും ഇതിൽ വലിയ സ്വാധീനം ചെലുത്തുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഈ കുറഞ്ഞ സ്ത്രീപങ്കാളിത്ത നിരക്കിന്, നിലവിലെ സാമൂഹിക ചുറ്റുപാടുകളും സാമ്പത്തിക മാറ്റങ്ങളും ഒരേപോലെ കാരണങ്ങളാണ്.

കേരളത്തിലെ സ്ത്രീ-പുരുഷ അന്തരം
തൊഴിൽപരമായി ഏറ്റവും ഉത്പാദനക്ഷമതയുള്ള സമയത്ത് തൊഴിൽ വിപണിയിലേക്ക് സ്ത്രീകളുടെ സജീവ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെങ്കിലും, പ്രൈം-LFPR മുന്നോട്ടു വെക്കുന്ന കണക്ക് നിരാശയുളവാക്കുന്നതാണ്. സ്ത്രീകളിലെ പ്രൈം-LFPR ദേശീയ ശരാശരിയെ വച്ച് താരതമ്യം ചെയ്യുമ്പോൾ, കേരളത്തിലേത് താഴ്ന്ന നിരക്കായ 43 ശതമാനമായാണ് കാണുന്നത്. സാമൂഹിക പുരോഗതി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ പ്രതിഫലിക്കാത്ത സാഹചര്യമാണുള്ളത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും മാറുന്ന തൊഴിൽ സാഹചര്യങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്ത നിരക്ക് നിയന്ത്രിച്ച് നിർത്തുകയാവാം. മാറിയ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ വിവാഹം ഒട്ടനവധി സ്ത്രീകളെ ഗാർഹിക വൃത്തിയിൽ നിരന്തരം തളച്ചിടുന്നുമുണ്ടാവാം. ലളിതമായി സാമ്പത്തിക പിന്നോക്കാവസ്ഥ എന്ന കാരണത്തിനപ്പുറത്തേക്ക് ഈ അവസ്ഥയുടെ സാമൂഹികഘടനാപരവും സാംസ്കാരികവുമായ കാരണങ്ങളെ മനസിലാക്കേണ്ടതുണ്ട്.

സ്ത്രീ-പുരുഷ അന്തരം മതാടിസ്ഥാനത്തിൽ
ഇന്ത്യയിൽ പൊതുവിൽ മുസ്ലിം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം (29.6%) മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നിരിക്കെ, കേരളത്തിൽ ഈ തോത് അിതിലും കുറവാണ് (22.6%). ഇത് സംസ്ഥാനത്തിന്റെ മൊത്തം തൊഴിൽ പങ്കാളിത്ത നിരക്കിനെ പിന്നോട്ടു തള്ളുന്നതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്.
സാമ്പ്രദായികമായിത്തന്നെ നിർണയിക്കപ്പെട്ട ഈ അവസ്ഥയെ സമുദായത്തിലെ സാമ്പത്തിക ഉന്നമനവും ത്വരിതപ്പെടുത്തുന്നുണ്ടാവാം. കേരളത്തിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിലെ, സാക്ഷരതയും അടിസ്ഥാന വിദ്യാഭ്യാസ നേട്ടങ്ങളും പലപ്പോഴും ഔപചാരിക തൊഴിലിലേക്ക് നേരിട്ട് രൂപാന്തരപ്പെടുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ഇന്ത്യയുടെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ കൃസ്ത്യൻ സ്ത്രീകളുടെ പങ്കാളിത്തവും വളരെ താഴെയാണ് എന്ന് കാണാം. നേരെമറിച്ച്, മതപരമായി വലിയ വ്യത്യാസങ്ങൾ പുരുഷ-തൊഴിൽ-പങ്കാളിത്തത്തിന്റെ കാര്യത്തിൽ പ്രകടമല്ല.

ഉന്നത വിദ്യാഭ്യാസവും തൊഴിൽ പങ്കാളിത്തവും
തെക്കേ-ഏഷ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള ചില വികസ്വര സമ്പദ്-വ്യവസ്ഥകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ കാര്യമാത്രമായ പുരോഗതിയുണ്ടായെങ്കിലും, സമ്പദ്-വ്യവസ്ഥയിലെ സ്ത്രീകളുടെ നിഷ്ക്രിയത ചോദ്യചിഹ്നമായി നിലനിൽക്കുന്നുണ്ട്. ഈ വെളിച്ചത്തിൽ, ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടിയവരിലും അല്ലാത്തവരിലും തൊഴിൽ പങ്കാളിത്തത്തിൽ ഉള്ള വ്യത്യാസം കണക്കിലെടുക്കുമ്പോൾ വൈരുദ്ധ്യങ്ങൾ പ്രകടമാണ്.
ഇന്ത്യയിൽ വലിയൊരു വിഭാഗം പുരുഷന്മാർ ഉയർന്ന വിദ്യാഭ്യാസമില്ലെങ്കിലും തൊഴിൽ ചെയ്യുന്നവരാണ്. അവരെക്കാളും ബിരുദധാരികളായ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 10 ശതമാനം കൂടുതലാണ് (87.7%). വിദ്യാഭ്യാസം പുരുഷന്മാരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന്റെ സൂചകമാണിത്. പക്ഷെ, ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീ ബിരുദധാരികളുടെ LFPR (40.5%) ഏകദേശം ബിരുദധാരികളല്ലാത്തവരുടേതിന് (40.3%) സമാനമാണ്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലൂടെ അഖിലേന്ത്യാ തലത്തിലുള്ള ലിംഗപരമായ വിടവ് യഥാർത്ഥത്തിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ, ബിരുദം നേടുന്നത് തൊഴിൽ പങ്കാളിത്തത്തിൽ കാര്യമായ വർധന ഉണ്ടാക്കുന്നില്ല. വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലവസരങ്ങൾ സ്ത്രീകൾക്ക് ലഭിക്കാനുള്ള സാഹചര്യമില്ലെന്ന ചിത്രമാണ് ഇവിടെ വ്യക്തമാകുന്നത്. തൊഴിൽ-ശക്തിയിലെ ഈ വിടവ് പരിഹരിക്കുന്നതിന് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പുറമേ, അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ രംഗത്ത് തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൂടുതൽ നയപരമായ ഇടപെടലുകൾ ആവശ്യമാണ്.
എന്നാൽ, കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തോടെ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഗണ്യമായി വർദ്ധിക്കുന്നതായാണ് കാണുന്നത്. ബിരുദധാരികളല്ലാത്തവരിലെ പങ്കാളിത്തം 35.1 ശതമാനവും ബിരുദധാരികളിലേത് 58.3 ശതമാനവും ആണ്. സ്വാഭാവികമായും ഉന്നതവിദ്യാഭ്യാസത്തിലൂടെ ലിംഗപരമായ വിടവ് 38-ൽ നിന്ന് 24 ശതമാനമായി കുറയുന്നു എന്ന് കാണാം. ഇന്ത്യൻ സാഹചര്യത്തിൽ, മൊത്തം സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളം പിന്നോക്കമാണെങ്കിലും വിദ്യാഭാസത്തിലൂന്നി സ്ത്രീ-പുരുഷ അന്തരത്തെ മറികടക്കുന്നത് കേരളത്തെ വേറിട്ട് നിർത്തുന്നു.

ആഴത്തിൽ മനസിലാക്കേണ്ട പ്രഹേളിക
ഇന്ത്യൻ തൊഴിൽ വിപണിയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് സങ്കീർണ്ണമായ ചിത്രമാണ് 2024-ലെ PLFS ഡേറ്റ നൽകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലെ വർദ്ധനവ് ഒരു ശുഭസൂചനയായി കാണാമെങ്കിലും, ഈ വളർച്ചയുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നു. ഉന്നത വിദ്യാഭാസമുള്ള സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടും, അവരിലെ തൊഴിൽ പങ്കാളിത്തത്തിൽ കാര്യമായ മുന്നേറ്റം അഖിലേന്ത്യാ തലത്തിൽ ഉണ്ടായിട്ടില്ല. ഉയർന്ന യോഗ്യതയുള്ള സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. മറിച്ച്, യോഗ്യത കുറഞ്ഞവരാകാം കുറഞ്ഞ വരുമാനവും സുരക്ഷിതത്വവുമുള്ള അനൗപചാരിക മേഖലയിലെ (Informal Sector) ജോലികളിലേക്ക് കടന്നു വരുന്നത്. ഇത് മൊത്തം തൊഴിൽ പങ്കാളിത്തനിരക്ക് ഉയർത്തുന്നത് സ്വാഭാവികമാണ്.
തൊഴിൽശക്തിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 25-നും 54-നും ഇടയിലുള്ള പ്രായത്തിൽ സ്ത്രീ-പുരുഷ പങ്കാളിത്തത്തിലെ അന്തരം കൂടുതൽ പ്രബലമാണ്. ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിലാണ് ഇന്ത്യയിൽ വലിയൊരു വിഭാഗം സ്ത്രീകളും തൊഴിൽ രംഗത്തുനിന്ന് വിട്ടുനിൽക്കുന്നത്.
അതുകൊണ്ടു തന്നെ, സ്ത്രീ LFPR-ലെ ഈ മുന്നേറ്റം യഥാർത്ഥമാണെങ്കിലും അതിനെ പൂർണ്ണമായി സാമ്പത്തിക പുരോഗതിയുമായി കൂട്ടിയിണക്കുന്നത് അപക്വമായിരിക്കും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സാമ്പത്തിക വികസനത്തെ മാത്രമല്ല, ആ പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക ഘടന, തൊഴിൽ വിപണിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സ്ഥിരതയുള്ള തൊഴിൽ, ആനുകൂല്യങ്ങളോടെയുള്ള നല്ല വേതനം, സുരക്ഷിതത്വം, തുടങ്ങിയവയുള്ള ജോലികളിലേക്കല്ല സ്ത്രീകളുടെ പ്രവേശനം എന്നുള്ളത് ആശങ്കയുണ്ടാക്കുന്നു. കൂടാതെ, സ്ഥിരം-ശമ്പള ജോലികളിൽ നിന്നും ചെറിയ അളവിലെങ്കിലും സ്ത്രീകൾ കൊഴിഞ്ഞു പോവുന്നതായും, സ്വയം തൊഴിൽ (own-account works) മേഖലയിൽ ക്രമാനുഗതമായി വർദ്ധിക്കുന്നതായും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒറ്റയ്ക്കോ, ചുരുക്കം ചില പങ്കാളികളോട് ചേർന്നോ മുന്നോട്ടു പോകുന്ന ഇത്തരം സ്വയം തൊഴിലുകൾ ഉത്പാദനക്ഷമത കുറഞ്ഞവയും ചെറിയ വരുമാനം തരുന്നവയുമാണ്.
തൊഴിൽശക്തിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 25-നും 54-നും ഇടയിലുള്ള പ്രായത്തിൽ സ്ത്രീ-പുരുഷ പങ്കാളിത്തത്തിലെ അന്തരം കൂടുതൽ പ്രബലമാണ്. ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിലാണ് ഇന്ത്യയിൽ വലിയൊരു വിഭാഗം സ്ത്രീകളും തൊഴിൽ രംഗത്തുനിന്ന് വിട്ടുനിൽക്കുന്നത്. ഭക്ഷണമുണ്ടാക്കൽ, ശിശുപരിപാലനം, വയോജന പരിപാലനം, തുടങ്ങി കുടുംബത്തിലെ പല ഉത്തരവാദിത്തങ്ങളും സ്ത്രീകൾ തന്നെ നിറവേറ്റണമെന്ന സാമൂഹിക പരികല്പനകളും നിർബന്ധബുദ്ധിയും തന്നെയാണ് ഇക്കാര്യത്തിലെ പ്രധാന വില്ലനെങ്കിലും മറ്റു പല കാരണങ്ങളിലേക്ക് സമൂഹത്തിന്റെയും ഭരണകർത്താക്കളുടെയും ശ്രദ്ധ പൊതുവിൽ പതിയാറില്ല.

കേരളത്തിന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഉയർന്ന വിദ്യാഭ്യാസയോഗ്യത സ്ത്രീകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മിനിമം വേതനത്തെ (Reservation Wage) ഉയർത്തുന്നു. അവരുടെ യോഗ്യതകൾക്കും പ്രതീക്ഷകൾക്കും ഒത്ത മെച്ചപ്പെട്ട തൊഴിൽ ലഭ്യമല്ലാത്ത പ്രശ്നം കേരള സമ്പദ്-വ്യവസ്ഥ നേരിടുന്നുണ്ട്. സ്ത്രീകൾ പലപ്പോഴും BA, BSc പോലുള്ള പൊതു-ധാരകളിലാണ് ബിരുദം നേടുന്നത് എന്നതിനാൽ സാങ്കേതിക വൈദഗ്ദ്യം ആവശ്യപ്പെടുന്ന ഇന്നത്തെ തൊഴിൽ വിപണിയുമായി പൊരുത്തക്കേടുകളും സൃഷ്ടിക്കുന്നു. ലഭ്യമായ ജോലികളിലെ പദവി, ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്ക് തങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കുമ്പോൾ സ്ത്രീകൾ സജീവമായ തൊഴിലന്വേഷണത്തിൽ നിന്നും നിരാശയോടെ പിൻവലിഞ്ഞേക്കാം (“Discouraged worker” effect).
കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും സമ്പത്തിലെ വർദ്ധനവും ജീവിത നിലവാരത്തിൽ വന്ന നല്ല മാറ്റവും അവരുടെ “സാമൂഹിക പദവിക്ക്” ഉതകുന്ന വിധം സ്ത്രീകളെ തൊഴിൽ രംഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നു. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റവും, പ്രവാസികൾ അയക്കുന്ന പണവും (Remittances) ഈ പ്രക്രിയയിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. സാമൂഹിക പുരോഗതിയിൽ കേൾവികേട്ട സംസ്ഥാനമെങ്കിലും, ഇവിടെ അന്തർലീനമായ പുരുഷാധിപത്യം, സ്ത്രീകളെ സ്വകാര്യ മണ്ഡലത്തിലേക്കും പുരുഷന്മാരെ പൊതു മണ്ഡലത്തിലേക്കും കൃത്യമായി വേർതിരിക്കുന്നുണ്ട്.
വേതനമില്ലാതെയുള്ള വീട്ടുജോലിയുടെയും കുടുബാംഗങ്ങളുടെ പരിചരണത്തിന്റെയും ഭാരമാണ് സ്ത്രീകൾക്ക് മുന്നിലുള്ള പ്രധാന തടസ്സം. ഇത്തരത്തിൽ ഗാർഹിക ജോലികൾക്കായി ഇന്ത്യൻ സ്ത്രീകൾ ഒരു ദിവസം ശരാശരി അഞ്ച് മണിക്കൂർ ചെലവഴിക്കുന്നുവെങ്കിൽ പുരുഷന്മാർ ഒരു മണിക്കൂറിൽ താഴെ മാത്രമേ ചെലവഴിക്കുന്നുള്ളൂ. ഈ സമയ ദാരിദ്ര്യം ശമ്പളമുള്ള ജോലികളിൽ, പ്രത്യേകിച്ച് മുഴുവൻ സമയ ജോലികളിൽ ഏർപ്പെടാനുള്ള സ്ത്രീകളുടെ ശേഷിയെ സാരമായി ബാധിക്കുന്നു. താങ്ങാനാവുന്ന ചെലവിൽ ക്രെഷ് (crèche) പോലെയുള്ള ശിശു സംരക്ഷണ സൗകര്യങ്ങളുടെ അഭാവവും ഇന്നത്തെ സാമൂഹിക-കുടുംബ പശ്ചാത്തലത്തിൽ ഈ അവസ്ഥയെ സങ്കീർണ്ണമാക്കുന്നു.
എങ്കിലും, വിദ്യാഭ്യാസം സ്ത്രീകളെ തൊഴിൽ തേടാൻ കൂടുതൽ സന്നദ്ധരാക്കുന്നുണ്ട്. ഇത് ലിംഗപരമായ തൊഴിൽ-പങ്കാളിത്ത വിടവ് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. വിദ്യാ-സമ്പന്നരിലെ സ്ത്രീ-പുരുഷ വിടവ് താരതമ്യേന ചെറുതെങ്കിലും ഈ അസമത്വം വേഗത്തിൽ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷെ, വിദ്യാസമ്പന്നരായ സ്ത്രീകളെ ഉൾക്കൊള്ളുന്നതിൽ തൊഴിൽ കമ്പോളം പരാജയപ്പെടുകയാണ് എന്നുള്ളത് കേരളത്തിൽ വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു. കാലങ്ങളായി സ്ത്രീകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തൊഴിൽ സാധ്യതകളെ മാറ്റിനിർത്തിയാൽ, സ്ത്രീകൾക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്ന രീതിയിൽ തൊഴിലിന്റെ വൈവിധ്യവത്കരണം കേരളത്തിൽ കുറവാണ്.
ജോലി ചെയ്യാൻ തയ്യാറാണെങ്കിലും, ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ പലർക്കും അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിയുന്നില്ല. ഇതിന്റെ ഫലമായി വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ (Educated Unemployment) ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരുപക്ഷെ, ഈ സാഹചര്യം തൊഴിൽ സേനയിൽ നിന്ന് ദീർഘ-കാലത്തേക്ക് പോലും പുറത്തുപോകാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ടാവാം. അതല്ലെങ്കിൽ, ഭാവിയിൽ അത് കൂടുതൽ വ്യാപകമാകാം. ഈ സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ട്, മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴിലിടങ്ങൾ സൃഷ്ടിക്കാനും അതിലേക്ക് കൂടുതൽ പ്രൈം-ഘട്ടത്തിലെ സ്ത്രീകളെ ആകർഷിക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിക്കണം. അതിലുപരി, സ്വകാര്യ തൊഴിലിടങ്ങളിൽ സ്ത്രീകളെ അകറ്റി നിർത്തുന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും പരിഹാരങ്ങൾ കണ്ടെത്തുകയും വേണ്ടതാണ്. തൊഴിൽ രംഗത്ത് സ്ത്രീകളെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്കും വിശിഷ്യാ കേരളത്തിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.
