കോഴിക്കോട്ട് പ്രഖ്യാപിച്ച ഫുഡ്‌സ്ട്രീറ്റ് വലിയങ്ങാടിയിൽ വേണ്ടെന്ന് തൊഴിലാളികൾ

തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളിൽ സന്ധ്യയ്ക്കു ശേഷം പ്രവർത്തനക്ഷമമാകുന്ന രീതിയിൽ വിനോദ സഞ്ചാര വകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് ഫൂഡ്‌സ്ട്രീറ്റുകൾ.
ഈ വർഷം മെയിൽ കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശരാജ്യങ്ങളിലെ പ്രമുഖ ഭക്ഷണത്തെരുവുകളെ അനുകരിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരിടം കോഴിക്കോട്ടും തുടങ്ങുന്നത്. രാത്രി ഏഴു മുതൽ 12 വരെ ആളുകൾക്ക് കുടുംബമായി വന്ന് കോഴിക്കോടിന്റെ തനതായ ഭക്ഷണങ്ങൾ കഴിക്കാനും സമയം ചെലവഴിക്കാനും പറ്റുന്ന ഇടമാക്കി മാറ്റുകയാണ് വിനോദസഞ്ചാര വകുപ്പ് ഫുഡ് സ്ട്രീറ്റിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ആർക്കിടെക്ക്റ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് കോഴിക്കോട്ടെ വലിയങ്ങാടിയെ തെരഞ്ഞെടുത്തത്. അടുത്ത ഘട്ടത്തിൽ കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പ്ലാൻ.

എന്നാൽ വലിയങ്ങാടിയിൽ പദ്ധതി നടപ്പിലാക്കുന്നതിനെ സിഐടിയു അടക്കമുള്ള മുഴുവൻ തൊഴിലാളി സംഘടനകളും വ്യാപാരികളും ഒറ്റക്കെട്ടായി എതിർക്കുകയാണ്. പലചരക്ക് സാധനങ്ങളുടെ ഗോഡൗണുകളും ഹോൾയൈൽ റീട്ടൈൽ വിൽപനയുമുള്ള 380 ഓളം സ്ഥാപനങ്ങളാണ് വലിയങ്ങാടിയിൽ ഉള്ളത്. ആയിരത്തോളം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. ഫുഡ്‌സ്ട്രീറ്റ് വരുന്നതോടെ അത് തങ്ങളുടെ തൊഴിലിനെ സാരമായി ബധിക്കുമെന്നും വലിയങ്ങാടിയുടെ പൈതൃകം നശിച്ച് പോകുമെന്നും ഇവർ ഭയപ്പെടുന്നു.

തൊഴിലാളി സമര ചരിത്രത്തിന്റെ ഓർമകളുള്ള വലിയങ്ങാടിക്ക് കോഴിക്കോട് കടപ്പുറത്ത് പായ്ക്കപ്പലുകൾ വന്നണഞ്ഞിരുന്ന കാലത്തോളം പഴക്കമുണ്ട്. കൊപ്രബസാറും ഹലുവ ബസാറും ഗണ്ണി സ്ട്രീറ്റും പട്ടുതെരുവുമെല്ലാമായി നീണ്ടുകിടക്കുന്ന വലിയങ്ങാടിയെ ടൂറിസത്തിനും ഉല്ലാസത്തിനും വേണ്ടി മാറ്റിപ്പണിയുമ്പോൾ പതിയെ പതിയെ തങ്ങൾ കുടിയിറക്കപ്പെടുമെന്നും വലിയങ്ങാടിയുടെ ജൈവികതയെ നശിപ്പിക്കപ്പെടുമെന്നും ഇവർ ആശങ്കപ്പെടുന്നു. അത്കൊണ്ട് തന്നെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വലിയങ്ങാടിയിൽ നിന്ന് കടലോരത്തെ മറ്റേതെങ്കിലും പ്രദേശത്തേക്ക് പദ്ധതി മാറ്റണമെന്ന നിർദേശം മുന്നോട്ട് വെക്കുന്നു.

എന്നാൽ പാകം ചെയ്ത ഭക്ഷണം വാഹനങ്ങളിലാക്കി പുറത്ത് നിന്നു കൊണ്ട് വന്ന് വിതരണം ചെയ്ത് രാത്രി തന്നെ തിരിച്ചു പോകുമെന്നും സ്ഥലത്തെ വ്യാപാരത്തെയോ വ്യവസായത്തെയോ തകർക്കാതെ മുഴുവൻ തൊഴിലാളികളുടെ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളുവെന്നും അതിനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടത്തുമെന്നുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.

ഉത്തരവാദിത്ത ടൂറിസം എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണെന്ന് പ്രഖ്യാപിച്ച ഇടതുസർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങൾക്കു നന്നായി ജീവിക്കാൻ കഴിയുന്ന തരത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ, ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം. പ്രദേശത്തിന്റെ കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട് തന്നെ പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികൾക്കു മേൽ ആഘാതമേൽപ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ ടൂറിസം വകുപ്പിന് കഴിയേണ്ടതുണ്ട്.

തൊഴിലാളികളുടെ ആശങ്കകളെ കണക്കിലെടുത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലോ സ്ഥലം മാറ്റാൻ തയ്യാറായില്ലെങ്കിലോ വലിയ സമരങ്ങൾക്കായിരിക്കും വരും നാളുകൾ സാക്ഷ്യം വഹിക്കുക.

Comments