ആശാ വർക്കർമാരുടെ തൊഴിലവകാശങ്ങളുയർത്തിയുള്ള സമരം 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം കേരളത്തിൽ വലിയരീതിയിൽ ചർച്ചയാവുകയാണ്. സമരം ചെയ്യുന്ന തൊഴിലാളികളെ ഭരണകക്ഷിയായ ഇടതുപക്ഷവും സർക്കാരും ആക്ഷേപിക്കുകയും പൂർണമായും അവഗണിക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. എൺപതുകളിൽ കേരളത്തിലെ വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധികളുണ്ടായപ്പോൾ തൊഴിൽ നഷ്ടമായ പല സ്ത്രീകൾക്കും അസംഘടിത മേഖലയിലേക്ക് മാറേണ്ടി വരികയാണ് ചെയ്തത്. ആ സ്ത്രീകളാണ് പിന്നീട് സേവന സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവമായത്. ഇങ്ങനെ തൊഴിലെടുക്കുന്ന സ്ത്രീകളെ തൊഴിലാളികളായി തന്നെ അംഗീകരിക്കണമെന്ന വാദം ആദ്യമുയർത്തുന്നതും അത്തരം സമരങ്ങൾക്ക് നേതൃത്വം നൽകിയതും ഇന്ത്യയിലെ ഇടതുപക്ഷമായിരുന്നു. എന്നാലിന്ന് അതേ ഇടതുപക്ഷമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന വനിതാ തൊഴിലാളികളെ അവഗണിക്കുന്നത്. ഈ രാഷ്ട്രീയ ചരിത്രം ഓർമ്മപ്പെടുത്തി ആശാ പ്രവർത്തകുരുടെ സമരത്തിന്റെ രാഷ്ട്രീയം സംസാരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യവിമർശകയുമായ ജെ. ദേവിക.
“ആശാ വർക്കർമാരുടെ സമരം യഥാർത്ഥത്തിലൊരു ട്രേഡ് യൂണിയൻ സമരമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളിൽ അംഗങ്ങളായിട്ടുള്ളവരും വോട്ട് ചെയ്യുന്നവരും ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ സമരം നമ്മളെ പഠിപ്പിക്കുന്ന വലിയ പാഠമാണത്. സിപിഎമ്മോ ബി.ജെ.പിയോ കോൺഗ്രസോ ആയാൽ മാത്രമെ പൊതുരംഗത്ത് പ്രവർത്തിക്കാൻ പറ്റുകയുള്ളൂ എന്ന തരത്തിലുള്ള തോന്നലുകളുടെ അടിത്തറയിളക്കിയ സമരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊല്ലാനുള്ള ദേഷ്യം വളർത്തുന്ന ഒരു സാമൂഹ്യമാധ്യമ സംസ്‌കാരം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. പിച്ചി ചീന്തുക എന്നതിൽ കവിഞ്ഞൊന്നും അവിടെയില്ല. അതിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ മൂന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്ന ആളുകൾ തങ്ങളുടെ ജീവിതഗതി ഒന്നുതന്നെ എന്ന് തിരിച്ചറിഞ്ഞാണ് അവിടെ കൂടിയിരിക്കുന്നത്.
മൂന്നുതരം രാഷ്ട്രീയത്തിന്റെ സംഗമമാണ് ഈ സമരമെന്ന് പറയാം. അതിലൊന്ന് തൊഴിലാളി രാഷ്ട്രീയമാണ്. അനൗപചാരിക മേഖല തൊഴിലാളിയെന്ന് പറഞ്ഞാൽ ആഗോളവൽക്കരണ കാലത്ത് വളർന്നുവന്ന ഒരു വിഭാഗമാണ്. എൺപതുകളിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾ നശിച്ചുതുടങ്ങിയ കാലത്ത് തൊഴിലുകൾ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് സ്ത്രീകൾക്കാണ്. ആ സ്ത്രീകളാണ് പിന്നീട് അനൗപചാരിക മേഖലകളിലേക്കിറങ്ങിയത്. വീട്ടുജോലികൾ പോലെയുള്ള ജോലികളാണ് അവരിൽ പലരും ചെയ്തിരുന്നത്. അതിനാവട്ടെ തൊഴിലാളി യൂണിയനുകളുടെ സംരക്ഷണവും ഉണ്ടായിരുന്നില്ല. കൂലിയും സമയവുമടക്കമുള്ള കാര്യങ്ങളിൽ യാതൊരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള തൊഴിലുകൾക്ക് പലപ്പോഴും സമൂഹം മാന്യത കൽപ്പിക്കുന്നില്ല. എന്നിട്ടും ഇത്തരം തൊഴിലുകളിലേക്ക് സ്ത്രീകൾ കൂടുതൽ ചെന്നെത്തുന്ന അവസ്ഥയുണ്ടായി. അതായത് എൺപതുകളിൽ ആരംഭിച്ച അങ്കണവാടി തൊഴിലാളികൾക്കും ഇത്തരം പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നൽ അന്ന് സുശീലാ ഗോപാലനെ പോലെയുള്ള ചില നേതാക്കന്മാർ ഇടതുപക്ഷത്ത് ഉണ്ടായിരുന്നതുകൊണ്ട് വലിയ ഇടപെടലുകളുണ്ടായി. എ.കെ.ജിയുടെ രാഷ്ട്രീയത്തെ സ്ത്രീപക്ഷ രാഷ്ട്രീയമായി പരിവർത്തനം നടത്തികൊണ്ടാണ് അവർ അസംഘടിതമേഖലാ തൊഴിലാളികളായിരുന്ന അങ്കണവാടി തൊഴിലാളികളെയൊക്കെ സംഘടിപ്പിച്ചത്. ഡവലപ്‌മെന്റ് വർക്കേഴ്‌സ് ആർ വർക്കേഴ്‌സ്. അല്ലാതെ അതിനെ സേവനമെന്നും സന്നദ്ധപ്രവർത്തനമെന്നും പറയുന്ന രീതി നവലിബറൽ കാലം നമ്മുടെ കണ്ണിലിടുന്ന പൊടിയാണ്. ഇവരെ തൊഴിലാളികളായി പരിഗണിക്കണമെന്ന ആശയത്തിന് തുടക്കമിടുന്നതുതന്നെ ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. അതൊരിക്കലും മറക്കാൻ പാടില്ല.

ആശാ വർക്കർമാർ യഥാർത്ഥത്തിൽ തൊഴിലാളികളാണ്. എന്നാൽ അവരെ തൊഴിലാളികളായി ഭരണകൂടവും പൊതുസമൂഹവും എന്തിന് സി.ഐ.ടി.യുവും അംഗീകരിക്കില്ല. 2005-ൽ മൻമോഹൻ സിംഗ് സർക്കാറിന്റെ കാലത്ത് ഇത്തരത്തിലൊരു സന്നദ്ധസേവന മേഖല നിലവിൽ വരുമ്പോൾ, നമ്മുടെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ഈ തൊഴിലാളി വിഷയം തുറന്ന് എതിർത്തില്ല? സി.ഐ.ടി.യുവോ ഐ.എൻ.ടി.യു.സിയോ എന്തുകൊണ്ട് ഈ വിഷയം ചൂണ്ടിക്കാട്ടിയില്ല, ഭരണകൂടത്തെ ചോദ്യം ചെയ്തില്ല. ഐ.സി.ഡി.എസ് പോലെ തൊഴിലാളികളായി അംഗീകരിക്കപ്പെടാത്ത മറ്റൊരു കൂട്ടം തൊഴിലാളിവർഗം ഉയർന്നുവരുന്നതിനെതിരെ എന്തുകൊണ്ടാണ് ഇവിടുത്തെ ഒരു തൊഴിലാളി സംഘടനയും മുറവിളി കൂട്ടാതിരുന്നത്. അത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ള, അവർ സ്ത്രീകളാണെന്നതാണ്,” ദേവിക പറഞ്ഞു.
സ്ത്രീകളുടെ അധ്വാനത്തെ പലപ്പോഴും പൊതുസമൂഹവും ഭരണകൂടവും അവഗണിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സന്നദ്ധ മേഖലകളിൽ സ്ത്രീകൾ മാത്രം നിയമിക്കപ്പെടുന്നത് എന്ന വസ്തുതയും ദേവിക തുറന്നുകാട്ടുന്നു. ആശാ വർക്കർമാർ ഉയർത്തുന്ന മുദ്രാവാക്യത്തിന്റെയും അവർ സംഘടിതമായി നടത്തുന്ന സമരത്തിന്റെയും പിന്നിൽ അത്തരത്തിലൊരു രാഷ്ട്രീയം വ്യക്തമാണെന്നും അവർ പറയുന്നു. സ്ത്രീകളുടെ അധ്വാനം നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നിരന്തരമായ തുടർച്ചയേയും നമ്മുടെ സാമ്പത്തിക രംഗത്തിന്റെ അടിസ്ഥാനത്തെയേയും ഉറപ്പിച്ചുനിർത്തുന്നതാണ്. ഈ ആശയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതും സി.പി.എംകാരാണെന്നും അവർ പറയുന്നു. ആശ വർക്കർമാരുടെ സമരത്തിൽ തൊഴിലാളി ലിംഗ രാഷ്ട്രീയത്തിന് പുറത്ത് ജാതിയുടെ രാഷ്ട്രീയവും നിലനിൽക്കുന്നുണ്ടെന്ന് ജെ. ദേവിക അഭിപ്രായപ്പെടുന്നു.
“ജെൻഡർ രാഷ്ട്രീയത്തിന് പുറത്ത് ജാതിയുടെ രാഷ്ട്രീയവും ഈ സമരം ഉയർത്തിക്കാട്ടുന്നുണ്ട്. അമിതമായ അധ്വാനവും തുച്ഛമായ വരുമാനവും, സാമൂഹികമായി ഒരു സംവിധാനത്തിന്റെ മുഴുവൻ ഭാരവും തോളിലേറ്റേണ്ടി വരുന്ന വിഭാഗമാണ് ആശാ പ്രവർത്തകർ. കേരളത്തിന്റെ ജനസംഖ്യയിൽ കാണുന്ന ദലിത്, ഒ.ബി.സി വിഭാഗങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. സി.പി.എമ്മിന്റെ ആളുകളൊക്കെ പറയുന്നത് കേവലം 500 ആളുകൾ മാത്രമെ ഈ സമരത്തിൽ പങ്കെടുക്കുന്നുള്ളു എന്നാണ്. എന്നാൽ ഹ്രസ്വമായ രീതിയിൽ ഞാൻ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് മനസിലായത്, ഈ പറയുന്നതിലും അധികം ആളുകൾ സമരത്തിലുണ്ടെന്നാണ്. ഞാൻ നടത്തിയ അന്വഷണത്തിൽ നിന്ന് മനസ്സിലായത് സമരം ചെയ്യുന്ന സ്ത്രീകളിൽ അമ്പതുപേരെ എടുത്താൽ അതിൽ പത്തുപേർ ദലിത് സ്ത്രീകളാണ്. മൊത്തത്തിൽ നോക്കിയാൽ 50-ൽ 14 പേർമാത്രമാണ് ജനറൽ കാറ്റഗറിയിൽ പെടുന്നത്. ഈ കണക്കുകൾ തുറന്നുകാണിക്കുന്നത് ജാതിയുടെ രാഷ്ട്രീയമാണ്. കേരളത്തിൽ വരുമാനമില്ലാത്ത ഭാരം കൂടിയ സർക്കാർ പോലും കാര്യമായിട്ട് വിലനൽകാത്ത ഇത്തരം തൊഴിലുകൾ ചെയ്യുന്നത് സ്ത്രീകളാണെന്നതാണ് സത്യം,” ദേവിക വ്യക്തമാക്കി.