ആശമാരുടെ ആവശ്യങ്ങളിൽ പ്രഹസന റിപ്പോർട്ടുമായി സർക്കാർ കമ്മിറ്റി, നിരാശാജനകമെന്ന് KAHWA

ആശാ വർക്കർമാരുടെ വിവിധ ആവശ്യങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച സർക്കാർ കമ്മിറ്റിയുടെ പഠനറിപ്പോർട്ട് സമ്പൂർണ പ്രഹസനം. പ്രധാന ആവശ്യങ്ങളിൽ ക്രിയാത്മകമായ യാതൊരു നിർദ്ദേശവുമില്ലാതെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

News Desk

കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാരുടെ വിവിധ ആവശ്യങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയും ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ. സുഭാഷ് കൺവീനറുമായിട്ടുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നും തന്നെ കാര്യമാത്ര പ്രസക്തമായ നിർദ്ദേശങ്ങളൊന്നും റിപ്പോർട്ടിലില്ല. നൂറിലധികം പേജുള്ള റിപ്പോർട്ടിൽ പ്രധാനമായും ആശാ വർക്കർമാരെക്കുറിച്ചുള്ള അടിസ്ഥാനപരമായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, കേന്ദ്ര സർക്കാറിന്റെ ഇൻസെന്റീവ് വർധനയും മറ്റാനുകൂല്യങ്ങളും ഉടൻ നടപ്പിലാക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപയാക്കുക, പെൻഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വർക്കർമാർ നിലവിൽ സമരം തുടരുന്നത്.

ആശാവർക്കർമാരെ ജീവനക്കാരായി പരിഗണിക്കാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ പദ്ധതിപ്രകാരം അവർ വനിതാ വളണ്ടിയറാണെന്നും റിപ്പോർട്ടിൽ ആവർത്തിച്ച് പറയുന്നുണ്ട്. ഫിക്സഡ് ഇൻസെൻറീവ് നിലവിലുള്ള 2000 രൂപയിൽ നിന്ന് 3500 രൂപയാക്കാനും സേവനം അവസാനിപ്പിക്കുന്ന ആനുകൂല്യം 20000 രൂപയിൽ നിന്ന് 50000 രൂപയാക്കാനും നിർദ്ദേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 2025 ജൂൺ നാലിനാണ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചത്. നാല് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മാസങ്ങളായി നടത്തിയ സമരത്തിൻെറ ഫലമായാണ് കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ഓണറേറിയത്തിൻെറ കാര്യത്തിൽ ജോലിയിൽ 10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് 1500 രൂപയും അല്ലാത്തവർക്ക് 1000 രൂപയും വർധിപ്പിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിലെ 7000-ത്തിൽ നിന്ന് 21000 രൂപയാക്കുക എന്നതാണ് ആശാവർക്കർമാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തോട് പൂർണമായും കണ്ണടച്ച് കൊണ്ട് നാമമാത്രമായ വർധനവ് മാത്രമാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ആശ സമരത്തിൽ പങ്കെടുത്ത ആശമാരുടെ മേൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കണമെന്നും ആശ സമരത്തിൽ പങ്കെടുത്ത ആശമാരുടെ തടഞ്ഞു വച്ച ഇൻസെന്റീവും ഹോണറേറിയവും നൽകുന്നതിന് നിദ്ദേശിക്കാവുന്നതാണെന്നും എവിടെയും തൊടാത്ത രീതിയിൽ നിർദ്ദേശിച്ചിട്ടുണ്ട് റിപ്പോർട്ടിൽ.

റിപ്പോർട്ട് നിരാശാജനകമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA)

ആശാസമരത്തെ തുടർന്ന് സർക്കാർ നിയോഗിച്ച പഠന കമ്മിറ്റി റിപ്പോർട്ട് തീർത്തും നിരാശാജനകവും നിഷേധാത്മകവുമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.

“അഭൂതപൂർവ്വമായ സാമൂഹ്യ പിന്തുണ കൈവരിച്ച ആശാ സമരത്തോടുള്ള പൊതു സമൂഹ മനഃസാക്ഷിയെ അപമാനിക്കുന്ന റിപ്പോർട്ടാണിത്. 5 അംഗ സമതിയിലെ 4 പേരും സ്ത്രീകളായിട്ടുള്ള ഈ കമ്മിറ്റിയിൽ നിന്നും ഇത്ര മാത്രം തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധമായ സമീപനം ഉണ്ടായതിൽ ഞങ്ങൾക്ക് പ്രതിഷേധമുണ്ട്.

ആശാസമരമുയർത്തിയ ജീവൽപ്രശ്നങ്ങളെ ഒട്ടും അഭിസംബോധന ചെയ്യാത്ത ഈ റിപ്പോട്ട്, സമരത്തിന്റെ പ്രധാന ആവശ്യമായ ഓണറേറിയം വർദ്ധനയെപ്പറ്റി ആശാവഹമായ ഒരു നിർദ്ദേശം പോലും കൃത്യമായി മുന്നോട്ട് വെക്കുന്നില്ല. മറ്റൊരു പ്രധാന ആവശ്യമായ വിരമിക്കൽ ആനുകൂല്യത്തപ്പെറ്റി ഒരക്ഷരം പോലും റിപ്പോട്ടിലില്ല എന്നത് തികച്ചും ഖേദകരമാണ്. ഞങ്ങളെ കൂടാതെ മറ്റ് 4 യൂണിയനുകളും ഈ രണ്ട് ആവശ്യങ്ങൾ കൂടി ഉൾപ്പെടുന്ന നിവേദനമാണ് സമർപ്പിച്ചിട്ടുള്ളത് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.

നാളെ കൃത്യമായും 8 മാസം പൂർത്തിയാകുന്ന ആശാ സമരം, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി ഇടപെട്ട് ഡിമാൻ്റുകൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണം. ഇതു ന്നയിച്ചുയിച്ചു കൊണ്ടാണ് ഒക്ടോബർ 22-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ആശമാരുടെ മാർച്ച് നടക്കുന്നത്,” അസോസിയേഷൻ വ്യക്തമാക്കി. മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി KAHWA സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. മിനി എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Comments