കേരളത്തിലെ തൊഴിലാളി ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ഇന്ന് ഒരുപാട് രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരുന്നുണ്ട്. എന്നാൽ ഒരു നൂറ്റാണ്ടു മുൻപുള്ള കേരളത്തിൽ മനുഷ്യന്റെ അധ്വാനം കുതിരയ്ക്ക് താഴെയും കഴുതയ്ക്ക് ഒപ്പവും കണക്കായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായ ചില രേഖകൾ പരിശോധിച്ചപ്പോഴാണ് ഈ ചരിത്രവും പഠിക്കേണ്ടിവന്നത്.
1924 വെള്ളപ്പൊക്കത്തെത്തുടർന്ന് മൂന്നാർ, ദേവികുളം ഭാഗങ്ങളിലേക്ക് അരിയും തേങ്ങയും കൊണ്ടുവരാൻ കുതിരയും, കഴുതയും ഒപ്പം കൂലി (മനുഷ്യരെയും) യെയും ഉപയോഗിച്ചിരുന്നതായി അക്കാലത്തെ സർക്കാർ രേഖകളിൽ കാണാം. അന്നത്തെ ദേവികുളം തഹസിൽദാർ മിസ്റ്റർ ഡാനിയേൽ സർക്കാരിന് സമർപ്പിച്ച രേഖയിലാണ് ഈ കണക്കുള്ളത്. ഒരു കുതിര 36 കെട്ടുകൾ ചുമക്കുമ്പോൾ കഴുതയും മനുഷ്യനും 18 കെട്ടുകൾ ചുമക്കും എന്നാണ് കണക്ക്. എന്നാൽ കഴുതയും മനുഷ്യനും 18 കെട്ട് അരി ചുമക്കുന്നതിന് മൂന്ന് ബ്രിട്ടീഷ് രൂപയാണ് കൂലി നൽകിയത് എന്നാണ് രേഖകൾ പറയുന്നത്. മനുഷ്യന് എത്ര കൂലി നൽകി എന്ന് രേഖകളിൽ വ്യക്തമല്ല.
1924ലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ മൂന്നാർ, ദേവികുളംപ്രദേശത്തെ ദുരിതാശ്വാസ നടപടികൾക്കായി തിരുവിതാംകൂർ സർക്കാർ അനുവദിച്ച 1000 രൂപ ചെവഴിച്ചതിന്റെ കണക്കുകൾ അവതരിപ്പിക്കുന്ന രേഖകളിലാണ് അരി എത്തിക്കുന്നതിന് ചെലവാക്കിയ കണക്കുള്ളത്. കേരളത്തിൽ അടിമവേല നിലനിന്നിരുന്ന ഒരു പ്രദേശം കൂടിയാണ് ദേവികുളം- മൂന്നാർ മേഖല. അതുകൊണ്ട് തന്നെ കഴുതയ്ക്കൊപ്പം പണിയെടുത്ത മനുഷ്യർ അടിമതൊഴിലാളികളോ നിർബന്ധിതമായി തൊഴിൽ എടുത്തവരോ ആകാം. കഴുതയ്ക്കും കുതിരയ്ക്കും കിട്ടിയ പരിഗണ പോലും കിട്ടാത്ത, കഴുതയോട് ചേർന്ന് കുതിരയോട് മത്സരിക്കേണ്ടിവന്ന തൊഴിലാളിയുടെ ചരിത്രം കേരളത്തിലെ ജാതി വ്യവസ്ഥയുടെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്.
ഒരു നൂറ്റാണ്ടിനുള്ളിൽ കേരളത്തിലെ തൊഴിലാളികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കണക്കാക്കി കേരളം അതിവേഗം പുരോഗതി പ്രാപിച്ചു എന്നൊക്കെ വിലയിരുത്താറുണ്ട്. എന്നാൽ കഴുതയ്ക്കൊപ്പം പണിയെടുത്ത തൊഴിലാളി ഒരു നൂറ്റാണ്ടിനിപ്പുറം നോക്കുകൂലി വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് കേരളത്തിലെ തൊഴിലാളികളെ മാറ്റിത്തീർത്തതിന്റെ ചരിത്രം കൂടിയാണ് കേരളത്തിന്റേത്. അതുകൊണ്ട് തന്നെ കേരള തൊഴിലാളി ചരിത്രം എന്നത് ഗൗരവമായി രേഖപ്പെടുത്തേണ്ടതാണ്. സർക്കാർ കൂലിയ്ക്ക് പകരം ഭക്ഷണം കൊടുത്തിരുന്ന, ഉഴിയം വേല ചെയ്യുന്ന അടിമതൊഴിലാളികൾ നിർമിച്ച തിരുവനന്തപുരം-കൊല്ലം തോടുവഴി തിരുവിതാംകൂർ രാജാക്കന്മാർ പുകയില വ്യാപാരം നിയന്ത്രിച്ചിരുന്ന ഒരു കാലവും കേരളത്തിന് ഉണ്ടായിരുന്നു.
കഴുതയോടും കുതിരയോടും മത്സരിക്കേണ്ടി വന്ന തൊഴിലാളി ജാതീയമായ അടിമത്തം അനുഭവിക്കുന്ന വിഭാഗംകൂടിയാണ്. ഈ നൂറു കൊല്ലങ്ങൾക്കിപ്പുറം കേരളത്തിലെ തൊഴിലാളിക്ക് കേരളത്തിലെ പൗര- രാഷ്ട്രീയ രംഗത്തുള്ള പങ്കിനെക്കുറിച്ച് ഗൗരവമായി തന്നെ പഠിക്കേണ്ടതുണ്ട്.
കേരളത്തിലെ സാമ്പത്തിക വ്യവഹാരങ്ങളിൽനിന്നും തൊഴിലാളിയും അധ്വാനമൂല്യവും പുറംതള്ളപ്പെട്ടതിന്റെ ചരിത്രവും കൂടിയാണ് കഴുതയ്ക്കൊപ്പം പണിയെടുത്ത ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. കേരള വികസന മാതൃക ലോകത്തിന് തന്നെ മാതൃകയായി വിലയിരുത്തപ്പെടുമ്പോഴും കേരളത്തിലെ തൊഴിൽ ശക്തിയെ മൂലധന നിയന്ത്രണത്തിൽ കൊണ്ട് വരാനും തൊഴിൽ സ്വാതന്ത്രം ഇല്ലാതാക്കാനും കേരള വികസന മാതൃകയ്ക്ക് കഴിഞ്ഞു എന്നതാണ് വസ്തുത. തൊഴിലാളിക്കുള്ള ക്ഷേമനിധികൾകൊണ്ട് സമ്പന്നമാണ് കേരളം എന്നാൽ തൊഴിൽ സുരക്ഷിതത്ത്വം, അത് പോലെ തന്നെ തൊഴിൽ മൂലം നേടുന്ന സാമ്പത്തിക വളര്ച്ചയിൽ ഒക്കെ കേരളം പിന്നോക്കം പോകുകയും ചെയ്തു. ക്ഷേമനിധികൾക്ക് തൊഴിൽ വേതനത്തിൽ ഏകീകരണം കൊണ്ടുവരാനും അതോടൊപ്പം സാമൂഹിക സുരക്ഷാ പദ്ധതികൾ വ്യപകമാക്കാനും കഴിഞ്ഞു എങ്കിലും തൊഴിൽ-വരുമാന സുരക്ഷിതത്തിൽ കേരളം പിന്നോക്കം തന്നെയാണ്.
കർഷതൊഴിലാളിയെ "തൊഴിലാളി' ആക്കിയ കേരളം
ഭൂരഹിത കർഷത്തൊഴിലാളികളിൽ നിന്ന് കർഷകരിലേക്കുള്ള മാറ്റം തടസപ്പെടുത്തി കർഷത്തൊഴിലാളി ക്ഷേമനിധിയും, ലക്ഷം വീട് കോളനിയും സൃഷ്ട്ടിച്ച കേരളത്തിന്റെ ഭൂപരിഷകരണ മാതൃക എങ്ങനെയാണ് പ്രകീർത്തിക്കപ്പെട്ടത് എന്ന് കൂടി നമ്മൾ വിലയിരുത്തേണ്ടതുണ്ട്. സവർണ-സമ്പന്ന പശ്ചാത്തലമുള്ള സാമ്പത്തിക വിദഗ്ധരും ചിന്തകരുമാണ് ഈ പ്രചാരണം വലിയതോതിൽ നടത്തിയത്. നമ്മുടെ അക്കാദമിക് മേഖലയും ഈ സവർണ- സമ്പന്ന ചിന്തകരുടെ ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള പഠനങ്ങളാണ് കാലാകാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ വിമർശനാത്മക കാഴ്ചപ്പാടുകൾ വിസ്മരിക്കപ്പെട്ടു.
കാർഷിക രംഗത്തുമാത്രമല്ല, ഈ തൊഴിൽ- വരുമാന ശോഷണം ഉണ്ടാകുന്നത്. കൊല്ലം ജില്ലയിലെ ഒരു മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ കഴിഞ്ഞ മുപ്പതു വർഷത്തെ രേഖകൾ പരിശോധിച്ചതിൽ നിന്ന് മനസിലായത്, ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ വരുമാനത്തിലുണ്ടായ മാറ്റം നാമമാത്രമാണ് എന്നതാണ്. കേരളത്തിലെ അസംഘടിത മേഖലയിൽ കുറയുന്ന തൊഴിൽ ദിനങ്ങൾ കേരള വികസന മാതൃകയെക്കുറിച്ചുള്ള ധാരണകളെ തന്നെ തിരുത്തുന്നുണ്ട്.
തൊഴിൽ മൂലധനത്തെ കേന്ദ്രീകരിച്ച സാമൂഹിക- സാമ്പത്തിക വളർച്ചയ്ക്ക് കേരള വികസന മാതൃക കാരണമായിട്ടില്ല. ഇതൊരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല, കേരളത്തിലെ ദലിത് ചിന്തകർ പലപ്പോഴയായി പങ്കുവച്ച കാര്യമാണിത്. കേരളത്തിലെ അക്കാദമിക് ഗവേഷണങ്ങളും ഈ മേഖലയിൽ കാര്യമായി ഇടപെടൽ നടത്തിയിട്ടില്ല. നൂറുവർഷത്തിന് മുൻപുള്ള പോലെ കഴുതയോട് മത്സരിക്കേണ്ടിവരുന്നില്ല എങ്കിലും തൊഴിൽ ദിനങ്ങൾക്ക് വേണ്ടി വ്യവസ്ഥയോടും മൂലധനത്തോടും കേരളത്തിലെ തൊഴിലാളികൾക്ക് മത്സരിക്കേണ്ടിവരുന്നുണ്ട്. കേരളത്തിൽ സംഘടിത പണിമുടക്ക് നടത്താൻ തൊഴിലാളികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തയ്യാറായിട്ടില്ല. പകരം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പണിമുടക്ക് കേരളത്തിലെ ട്രേഡ് യൂണിയൻ രാഷ്ട്രീയത്തെ തൊഴിലാളി വിരുദ്ധമാക്കിത്തീർത്തു എന്ന് പറയാം. അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം ചൂണ്ടിക്കാട്ടി കേരളത്തിൽ തൊഴിലാളികൾ ഇല്ല എന്നൊക്കെ പറയാറുണ്ട്. എന്നാൽ കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ നിർവചിക്കുന്നത് കൂടുതൽ പണിയെടുക്കുന്ന തൊഴിലാളികൾ എന്നും ചോദ്യം ചെയ്യാത്ത തൊഴിലാളികൾ എന്നുമാണ്.
നൂറുവർഷം മുൻപ് കഴുതയ്ക്കൊപ്പം കുതിരയോട് മത്സരിച്ച തൊഴിലാളിയ്ക്ക് തന്റെ തൊഴിലിന്മേലുള്ള നിയന്ത്രണം മറികടക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ നൂറുകൊല്ലങ്ങൾകൊണ്ടുള്ള വികസന നയങ്ങൾ സൃഷ്ടിച്ച മാറ്റം എന്നുപറയാൻ കഴിയുന്നത് തൊഴിലാളിയ്ക്ക് തന്റെ തൊഴിലിനുമേൽ നിയന്ത്രണങ്ങൾ നഷ്ടമായി എന്നതാണ്. തൊഴിൽ സ്വാകാര്യ അവകാശമെന്നതിനേക്കാൾ മൂലധനത്തിന്റെ വളർച്ചയ്ക്കുള്ള ഉപാധി എന്നനിലയിൽ ഒരു നൂറ്റാണ്ടുകൊണ്ട് കേരളത്തിലടക്കം മാറിയിട്ടും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം (കേരളത്തിൽ) വന്നിട്ടില്ല.
ഇന്നും തൊഴിലാളിയ്ക്ക് വലിയ സാധ്യതകൾ നൽകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് കേരളം എന്ന് പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷവും- വലതുപക്ഷവും മുന്നിലാണ്.ഇത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമായി അവതരിപ്പിക്കുന്നതിൽ ഇടതുപക്ഷം വലിയതോതിൽ വിജയിച്ചിട്ടുണ്ട്. 1951 ലെ തോട്ടം തൊഴിലാളി നിയമം ഇന്നും സംരക്ഷിക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തന്നെ നൂറു വർഷം മുൻപത്തെ കേരളത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിലെ ട്രേഡ് യൂണിയൻ പ്രവർത്തനം പരിശോധിച്ചാൽ തന്നെ മനസിലാകുന്ന വസ്തുതയാണിത്. എന്നാൽ എവിടെയെല്ലാം തൊഴിലാളിക്ക് വലിയ വരുമാനവും സുരക്ഷയും ഉറപ്പാക്കി എന്ന് ആവർത്തിക്കുന്നതിലൂടെയാണ് കേരളത്തിൽ കൃത്യമായി പറഞ്ഞാൽ തൊഴിലാളി വിരുദ്ധ രാഷ്ട്രീയം പുരോഗമന വേഷമണിഞ്ഞ് നിലനിൽക്കുന്നത്.