കേരളത്തിന്റെ ശുചിത്വ സൈന്യത്തിന് വേണം തൊഴിൽ സുരക്ഷ

രോ ദിവസവും കേരളം പുറന്തള്ളുന്ന ടൺകണക്കിനു മാലിന്യത്തിന്റെ ശേഖരണവും സംസ്‌കരണവും ഇടർച്ചയില്ലാതെ ഒരുപരിധി വരെ കൊണ്ട് പോകുന്നത് ഹരിത കർമസേനയാണ്. മാലിന്യ മലയുടെ ചരിത്രം പേറിയ ബ്രഹ്‌മപുരവും കുരീപ്പുഴയും ഗുരുവായൂരിലെ ചൂൽപ്പറമ്പും ഹരിതകർമസേന തിരിച്ചു പിടിച്ച പൊതു ഇടങ്ങളാണ്. ഗുരുവായൂരിൽ ശവക്കോട്ട എന്നറിയപ്പെട്ടതുൾപ്പെടെ അനേകം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഇന്ന് പൂങ്കാവനങ്ങളും പാർക്കുകളുമായി മാറിയിട്ടുണ്ട്. മാലിന്യ പരിപാലന രംഗത്ത് കേരളം കൈവരിച്ച മാറ്റത്തിന് ഹരിതകർമസേനയുടെ വിയർപ്പുണ്ട്. ഒരുപാട് അധ്വാനമുണ്ട്. എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ അധിക്ഷേപം ഏറ്റുവാങ്ങുന്ന തൊഴിലാളി സമൂഹവും ഇവരുടേതാണ്. മാലിന്യം പെറുക്കി ലക്ഷങ്ങൾ സമ്പാദിക്കുന്നവരെന്ന മാധ്യമങ്ങളുടെ ഫീച്ചർ സ്റ്റോറിക്കും അപ്പുറമാണ് ഈ തൊഴിലാളികളുടെ നിത്യജീവിതം.

മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ സജീവമാക്കാനൊരുങ്ങുന്ന സർക്കാറിന് മുന്നിൽ ഈ തൊഴിലാളികക്കൊരപേക്ഷയുണ്ട്. അത് തങ്ങൾക്ക് കൃത്യമായൊരു മാസ വേദനം നിശ്ചയിക്കണമെന്നാണ്. ഹരിതകർമസേനയെ സർക്കാർ കാണുന്നത് കേരളത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള ശുചിത്വ സൈന്യമായാണ്. ആ സൈന്യത്തിന് ഇഎസ്ഐ, പിഎഫ് പോലെയുള്ള ആനൂകൂല്യങ്ങൾ കൂടി നൽകി തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത ഈ ആശയം കൊണ്ടുവന്ന ഇടതുപക്ഷ സർക്കാറിനു തന്നെയാണ്.

Comments