ആരോഗ്യവും ജീവനും നഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ

കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ പരിശീലനം പല സംസ്ഥാനങ്ങളിലും ഒരു പോലെ നൽകാൻ കഴിഞ്ഞില്ല. ഡോക്ടർമാർ, നഴ്‌സുമാർ ഒഴികെയുള്ള കോവിഡ് പ്രതിരോധ ശ്രേണിയിലെ പല വിഭാഗക്കാർക്കും തന്മൂലം രോഗബാധയുണ്ടായിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 2020 ഡിസംബർ വരെ ഏകദേശം എണ്ണൂറിലധികം ഡോക്ടർമാർക്ക് ഇന്ത്യയിൽ ജീവഹാനി സംഭവിക്കുകയുണ്ടായി. ഇതിൽ തൊണ്ണൂറ്റി അഞ്ചു ശതമാനത്തോളം പേരും രോഗീ ചികിത്സയുമായി ബന്ധപ്പെട്ടു തന്നെയാണ് രോഗബാധിതരായത്.

കോവിഡ് മഹാമാരി 2019 ഡിസംബർ 31 ന് ആരംഭിച്ചതിനുശേഷം ലോകത്താകമാനം ഇതുവരെ 17 കോടി ജനങ്ങളെ ബാധിക്കുകയും 36 ലക്ഷം പേരുടെ ജീവഹാനിയ്ക്കു കാരണമാകുകയും ചെയ്തിരിക്കുകയാണല്ലോ. വിവിധ വൻകരകളിലെ പല രാജ്യങ്ങളേയും ഒരു പോലെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളെയാണ് മഹാമാരി (Pandemic) എന്നു പറയുന്നത്. കോവിഡ് 19 നെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചത് 2020 മാർച്ച് 11 നാണ്. ചൈനയിൽ നിന്നാരംഭിച്ച രോഗം അപ്പോഴേയ്ക്കും ലോകത്തെ വിവിധ രാജ്യങ്ങളിൽ വളരെയധികം ആളുകളെ ബാധിക്കുകയും വൻതോതിൽ മരണം വിതയ്ക്കുകയും ചെയ്തിരുന്നു. കോവിഡിന്റെ ആരംഭത്തിനുശേഷം ആഗോളതലത്തിൽ പത്തുലക്ഷത്തിനടുത്ത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നിട്ടുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകരിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും, പൊതുജനാരോഗ്യ സേവനത്തിലേർപ്പെട്ടിട്ടുള്ള ഫീൽഡ് ജോലിക്കാരും (JPHN, JHI, ആശാവർക്കർമാർ, വോളണ്ടിയർമാർ, ആംബുലൻസ് ഡ്രൈവർമാർ) എന്നിവരും ഉൾപ്പെടുന്നു. ഇതിൽത്തന്നെ രോഗികളുമായി നേരിട്ടു സമ്പർക്കത്തിൽ കൂടുതൽ സമയം വരുന്നവരിൽ രോഗബാധ കൂടുതലായി ആദ്യഘട്ടത്തിൽ കാണപ്പെട്ടു. രോഗവ്യാപനത്തിന്റെ തീവ്രതയെപ്പറ്റിയുള്ള കൃത്യമായ അറിവില്ലായ്മ, വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം എന്നിവ ഇതിനു പ്രധാന ഹേതുക്കളാണ്. എന്നാൽ കൂടുതൽ മുൻകരുതലുകളിലൂടെയുള്ള രോഗചികിത്സ, പ്രതിരോധം എന്നിവ ഒരളവുവരെ ആരോഗ്യപ്രവർത്തകരിലേയ്ക്ക് രോഗം പകരുന്നത് പിടിച്ചു നിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഡോക്ടർമാരടക്കം വളരെയധികം ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുകയും പലരും മരണത്തിന് കീഴടങ്ങുകയും ചെയ്തു. കോവിഡ് പ്രതിരോധ നിരയിൽ നിൽക്കുന്ന ഇവരിൽ ഭൂരിഭാഗംപേർക്കും രോഗബാധയുണ്ടാകുന്നത് രോഗികളിൽ നിന്നും അവരെ ചികിത്സിക്കുന്ന ആശുപത്രികളിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ അധികൃതർ ഇക്കാര്യത്തെ ഗൗരവതരമായി പരിശോധിക്കേണ്ടതുമാണ്.

വെല്ലുവിളികൾ; ഒന്നാം തരംഗത്തിൽ :

കോവിഡിന്റെ ഒന്നാം വരവിനെ നേരിടുന്നതിന് രാജ്യത്തെ മുന്നൊരുക്കങ്ങൾ തീരെ അപര്യാപ്തമായിരുന്നു. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെയും സങ്കീർണ്ണതകളെയും പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നു നമുക്കുണ്ടായിരുന്നത്. രോഗനിർണ്ണയത്തിനുവേണ്ട ടെസ്റ്റ് കിറ്റുകളുടെ അഭാവവും, പിന്നീട് അവ വേണ്ടത്ര എണ്ണമില്ലാത്ത പരിമിതിയും കോവിഡ് ചികിത്സയ്ക്ക് വിഘാതമായി നിന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ ചികിത്സാ മേഖലകളുടെ കാര്യക്ഷമത വ്യത്യസ്തമായതും രാജ്യത്ത് കേന്ദ്രീകൃതമായ ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധം പ്രവർത്തനം കൊണ്ടു വന്നതും വിവിധ സംസ്ഥാനങ്ങളെ തനതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളെ ആവിഷ്‌ക്കരിക്കുന്നതിൽ നിന്ന് ഒരു പരിധിവരെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ പരിശീലനം പല സംസ്ഥാനങ്ങളിലും ഒരു പോലെ നൽകാൻ കഴിഞ്ഞില്ല. ഡോക്ടർമാർ, നഴ്‌സുമാർ ഒഴികെയുള്ള കോവിഡ് പ്രതിരോധ ശ്രേണിയിലെ പല വിഭാഗക്കാർക്കും തന്മൂലം രോഗബാധയുണ്ടായിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 2020 ഡിസംബർ വരെ ഏകദേശം എണ്ണൂറിലധികം ഡോക്ടർമാർക്ക് ഇന്ത്യയിൽ ജീവഹാനി സംഭവിക്കുകയുണ്ടായി. ഇതിൽ തൊണ്ണൂറ്റി അഞ്ചു ശതമാനത്തോളം പേരും രോഗീ ചികിത്സയുമായി ബന്ധപ്പെട്ടു തന്നെയാണ് രോഗബാധിതരായത്. കേന്ദ്രഗവൺമെന്റ് പ്രഖ്യാപിച്ച ആരോഗ്യ പ്രവർത്തകർക്കായുള്ള സഹായ പദ്ധതിയിൽ (മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ) ഇതുവരെ മുന്നൂറിൽ താഴെയുള്ളവർക്കെ കിട്ടിയിട്ടുള്ളുവെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. മാത്രവുമല്ല ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുമ്പോൾ അവരുടെ ചികിത്സാ ചെലവ് സ്വയംവഹിക്കേണ്ട അവസ്ഥയും അവസാനിപ്പിക്കേണ്ടതാണ്. കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള യുദ്ധത്തിലെ മുൻനിര പടയാളികളായ ആരോഗ്യപ്രവർത്തകരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുകയും, സ്വകാര്യ-പൊതുജനാരോഗ്യ വ്യത്യാസമില്ലാതെ എല്ലാവർക്കും ചികിത്സാ കാലയളവ് ശമ്പളത്തോടുകൂടിയുള്ള അവധികൊടുക്കുകയും വേണം. ഇക്കാര്യത്തിൽ രാജ്യത്തെ സേനാവിഭാഗങ്ങൾക്കു നൽകുന്ന പരിഗണന ആരോഗ്യ പ്രവർത്തകർക്കും നൽകേണ്ടതാണ്.

ആരോഗ്യപ്രവർത്തകർക്കു നേരിടേണ്ടിവന്ന മറ്റൊരു പ്രതിസന്ധി സമൂഹത്തിൽ നിന്നു നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലാണ്. കോവിഡ് ഒന്നാംഘട്ടത്തിൽ രാജ്യത്തെ ജനങ്ങളിൽ ആരോഗ്യപ്രവർത്തകർ രോഗവാഹകരാണെന്ന തെറ്റിദ്ധാരണ പരത്തുവാനും തന്മൂലം ഭീതി സൃഷ്ടിക്കുവാനും അവരെ പൊതു സമൂഹധാരയിൽ നിന്നകറ്റി നിർത്തപ്പെടുവാനും കാരണമായിട്ടുണ്ട്. പലപ്പോഴും ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവർക്ക് ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ ലഭ്യമാക്കുന്നതിനുപോലും വിസമ്മതിക്കുന്ന അവസ്ഥ രാജ്യത്തെ പല നഗരങ്ങളിലുമുണ്ടായി. പലരുടെയും കുടുംബാംഗങ്ങളെ വാടക വീടുകളിൽ നിന്നും ഇറക്കിവിടുന്ന അവസ്ഥയും ഇവിടെ ദൃശ്യമായി. കൂടാതെ ഡോക്ടർമാർക്കും മറ്റാരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ ഈ സന്നിഗ്ദ്ധ ഘട്ടത്തിലുമുണ്ടായിയെന്നത് തികച്ചും അംഗീകരിക്കാൻ പറ്റാത്തതാണ്. രാജ്യങ്ങളും ലോകവും തന്നെ നിശ്ചലമായപ്പോൾ രോഗികളുടെ ജീവൻ നിലനിർത്താൻ പാടുപെട്ട് സേവനമനുഷ്ഠിച്ച ഒരു സമൂഹത്തിന് കിട്ടേണ്ട അംഗീകാരം കേവലം വാക്കുകളിൽ ഒതുങ്ങിപ്പോകുന്നതായുള്ള കാഴ്ചയാണ് ഒന്നാംഘട്ടം കോവിഡ് വ്യാപനത്തിൽ കണ്ടത്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ താരതമ്യേന രോഗബാധ ആരോഗ്യ പ്രവർത്തകരിൽ പിടിച്ചു നിർത്താൻ കഴിയുകയും മരണനിരക്ക് രണ്ടക്കത്തിൽ താഴെയായ് കുറയ്ക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പിലാക്കിയ ഐ-സേഫ് പദ്ധതി വഴി കേരളത്തിലെ സ്വകാര്യമേഖലയിലെ എല്ലാ ക്ലിനിക്കുകൾ, ചെറുകിട-ഇടത്തരം ആശുപത്രികൾ എന്നിവയിൽ അണുബാധയില്ലാതെ രോഗീചികിത്സ ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞത് വിപ്ലവകരമായ കാര്യമാണ്. മാത്രമല്ല പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെയും എല്ലാ ജനറൽ പ്രാക്ടീഷണേഴ്‌സിനും നൽകിയ ബോധവൽക്കരണ ക്ലാസ്സുകൾ, ശിൽപ്പശാലകൾ എന്നിവയും രോഗബാധ തടയുന്നതിന് സഹായിച്ചിട്ടുണ്ട്.

ഇടവേളയില്ലാതെ വന്ന രണ്ടാം തരംഗം :

ഒന്നാംഘട്ടം അവസാനിക്കുന്നതിനു മുൻപായിത്തന്നെ വന്ന തീവ്രമായ രണ്ടാംഘട്ടം രാജ്യത്തെ ആരോഗ്യമേഖലയെ തികച്ചും പ്രതിസന്ധിയിലാക്കി. രോഗവ്യാപനത്തിന്റെ തീവ്രതയും, തീവ്ര പരിചരണം വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ വർദ്ധനവ്, ഓക്‌സിജൻ, വെന്റിലേറ്ററുകൾ എന്നിവയുടെ അഭാവം തുടങ്ങിയവ ആരോഗ്യ ചികിത്സാരംഗത്തെ മുൻപൊരിക്കലുമില്ലാത്തവിധം പ്രതിസന്ധിയിലാക്കിയെന്നു മാത്രമല്ല ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലേയ്ക്ക് മരണനിരക്ക് കുതിച്ചുയരുകയും ചെയ്തു. രണ്ടാംതരംഗത്തിൽ ഏകദേശം 560 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതിനുപുറമെ തുടർച്ചയായുള്ള ജോലി, മാനസിക സമ്മർദ്ദം, നിർജ്ജലീകരണം എന്നിവ ആരോഗ്യപ്രവർത്തകരെ വളരെയധികം തളർത്തിയിട്ടുണ്ട്. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് 8 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയും രണ്ടു ഘട്ടങ്ങളിലുമുണ്ടായി. ഇവയെല്ലാം തന്നെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തെ പല രീതിയിൽ ബാധിക്കുകയുണ്ടായി.

പൊതുസമൂഹത്തിന്റെ സമീപനം നീതിപൂർവ്വകമോ?

കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായി ആരോഗ്യപ്രവർത്തകരെ ചിത്രീകരിക്കുമ്പോഴും അവരോടുള്ള പൊതുസമൂഹത്തിന്റെയും ഭരണകൂടങ്ങളുടേയും സമീപനം വിമർശനാത്മകമായിത്തന്നെ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. മുഴുവൻ ആരോഗ്യപ്രവർത്തകരും ഒരു ദിവസംപോലും വിശ്രമമില്ലാതെ കഴിഞ്ഞ 17 മാസമായി കോവിഡ് പ്രതിരോധ രംഗത്താണ്. യുദ്ധ സാഹചര്യങ്ങളിൽപ്പോലും സൈനികർക്ക് ഇടവേളകളിൽ വിശ്രമമനുവദിക്കാറുണ്ട്. എന്നാൽ അവയൊന്നും ആവശ്യപ്പെടാതെ ഓരോ ജീവന്റെ കണികയും കെടാതെ സൂക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പടയാളികൾ രോഗംമൂലം വീണുപോകുമ്പോൾ അവർക്കുവേണ്ട സമ്പൂർണ്ണ ചികിത്സപോലും സൗജന്യമായി ഉറപ്പു വരുത്തുന്നതിൽ അധികാരികൾ പരാജയപ്പെടുന്ന കാഴ്ചയാണ് മുന്നിൽത്തെളിയുന്നത്. കോവിഡ്മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം, ആശ്രിതർക്ക് ജോലി, മറ്റു സഹായങ്ങൾ എന്നിവയും ഇപ്പോഴും ഉറപ്പുവരുത്തപ്പെടുുന്നില്ല. ഇന്ത്യയിൽ ഇതുവരെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് തുക മുന്നൂറോളം ആരോഗ്യപ്രവർത്തകർക്കു മാത്രമേ നൽകിയിട്ടുള്ളു. എന്നാൽ ജീവൻ നഷ്ടപ്പെട്ടതാകട്ടെ 1500 ലധികം പേർക്കും!

അധികാരികൾ ചെയ്യേണ്ടതെന്ത്?

മഹാമാരികൾക്കപ്പുറത്തും ആരോഗ്യസേവനമേഖല മുന്നോട്ടു പോകേണ്ടതുണ്ട്. ആശുപത്രി ജന്യരോഗങ്ങൾ രോഗികൾക്കു മാത്രമല്ല ആരോഗ്യപ്രവർത്തകർക്കും പിടിപെടുകയും, പ്രത്യേകിച്ച് സാംക്രമിക രോഗങ്ങൾ, ഡോക്ടർമാർക്കും മറ്റാരോഗ്യ പ്രവർത്തകർക്കും ജീവഹാനി സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുവേണ്ട സംരക്ഷണം സർക്കാർതലത്തിൽ നൽകുന്നതിന് ആരോഗ്യപ്രവർത്തകർക്കായി സ്ഥായിയായി സൗജന്യചികിത്സാ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ സാമൂഹ്യക്ഷേമവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ആരോഗ്യപ്രവർത്തകർക്കായി സാമൂഹ്യസുരക്ഷാ പദ്ധതികൾ (പെൻഷൻ, കുടുംബ സഹായ നിധികൾ) എന്നിവ നടപ്പാക്കണം. കൃത്യമായ ഇടവേളകളിൽ മുൻഗണനാക്രമത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവർക്കായി ശമ്പളത്തോടുകൂടിയ അവധികൾ, മാനസിക സമ്മർദ്ദത്തെ അതിജീവിക്കുന്നതിനായി കൗൺസിലിംഗ്, നേതൃത്വപാടവ പരിശീലനങ്ങൾ എന്നിവയും നൽകേണ്ടതുണ്ട്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ആരോഗ്യ സേവനമേഖലയേയും ആരോഗ്യ പ്രവർത്തകരേയും ജീവൻ സുരക്ഷാ പ്രതിരോധ മേഖലയായും അതിലെ മുന്നണിപ്പോരാളികളായും തിരിച്ചറിയുന്നതിന് പൊതുസമൂഹത്തിന് സാധ്യമാക്കി. കോവിഡ് മഹാമാരി മാത്രമല്ല നിലവിൽ നിശ്ശബ്ദമായി മാനവരാശിയെ കാർന്നുതിന്നുന്ന മറ്റു പല രോഗങ്ങളെയും നേരിടുന്നതിനും ആരോഗ്യമുള്ള ജനതയായി നിലനിർത്തുന്നതിനും ഈ പടയാളികളെ തളരാൻ അനുവദിച്ചു കൂടാ. അതിനുവേണ്ടതാകട്ടെ ഭരണകർത്താക്കളുടെ ഇച്ഛാ ശക്തിയോടെയുള്ള ഇടപെടലും പൊതുസമൂഹത്തിന്റെ നിസ്സീമമായ പിന്തുണയും. അതിനുമപ്പുറം അവരൊന്നും കാംക്ഷിക്കുന്നുമില്ല; അത്രയ്ക്കും സേവനോൽമുഖമാണവരുടെ അകക്കാമ്പ്.


Summary: കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ പരിശീലനം പല സംസ്ഥാനങ്ങളിലും ഒരു പോലെ നൽകാൻ കഴിഞ്ഞില്ല. ഡോക്ടർമാർ, നഴ്‌സുമാർ ഒഴികെയുള്ള കോവിഡ് പ്രതിരോധ ശ്രേണിയിലെ പല വിഭാഗക്കാർക്കും തന്മൂലം രോഗബാധയുണ്ടായിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 2020 ഡിസംബർ വരെ ഏകദേശം എണ്ണൂറിലധികം ഡോക്ടർമാർക്ക് ഇന്ത്യയിൽ ജീവഹാനി സംഭവിക്കുകയുണ്ടായി. ഇതിൽ തൊണ്ണൂറ്റി അഞ്ചു ശതമാനത്തോളം പേരും രോഗീ ചികിത്സയുമായി ബന്ധപ്പെട്ടു തന്നെയാണ് രോഗബാധിതരായത്.


Comments