Photo: Els / Flickr

മാറുന്നു G.C.C തൊഴിൽ നിയമങ്ങൾ;
ആശങ്കയോ പ്രതീക്ഷയോ?

കുടിയേറ്റ തൊഴിലാളികൾ G.C.C രാജ്യങ്ങളിൽ ചൂഷണത്തിന് ഇരകളാവുന്ന സാഹചര്യം ഉണ്ട്. കഫീലുമാരുടെ ചൂഷണങ്ങളെല്ലാം സഹിച്ച് കാര്യമായ നിയമ സഹായങ്ങളും മറ്റും ലഭിക്കാത്തെ ദുരിത ജീവിതം നയിക്കേണ്ടി വരുന്ന നിരവധി ഗാർഹിക തൊഴിലാളികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്.

ജോലിക്ക് പല നാടുകളിലേക്ക് കുടിയേറുന്നവരാണ് മലയാളികൾ. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളി സാന്നിദ്ധ്യമുണ്ടാവുന്നതും അതുകൊണ്ടാണ്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിലും (economic development) നിലനിൽപ്പിലും കുടിയേറ്റ തൊഴിലാളികളുടെ (migrant worker) സംഭാവന വളരെ വലുതാണ്.

ഗൾഫ് രാജ്യങ്ങളിലിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെ മാറ്റിമറിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അസംഘടിത തൊഴിൽ മേഖലയായ വീട്ടുജോലി ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളായാണ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (G.C.C) രാജ്യങ്ങളിലേക്ക് കൂടുതൽ പേർ കുടിയേറിയത്.
ലോകത്തിലെ കുടിയേറ്റക്കാരിൽ അധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഏകദേശം 18 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് കുടിയേറി വിവിധ തൊഴിലുകൾ ചെയ്ത് ജീവിക്കുന്നത്. ശ്രീലങ്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ, എത്യോപ്യ തുടങ്ങി ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരാണ് ഗൾഫ് രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളായി എത്തുന്നത്.

ഗൾഫ് രാജ്യങ്ങളിലിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെ മാറ്റി മറിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഗൾഫ് രാജ്യങ്ങളിലിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെ മാറ്റി മറിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) കണക്കനുസരിച്ച് 6.6 മില്യൺ ആളുകളാണ് ജി.സി.സി രാജ്യങ്ങളിൽ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ഏറ്റവും അധികം ചൂഷണത്തിന് വിധേയരാകുന്നവരും ഗാർഹിക തൊഴിൽ മേഖലയിലുള്ളവരാണ്. ജി.സി.സി രാജ്യങ്ങളിലെ മുഴുവൻ തൊഴിൽ മേഖലയുടെ നാലിലൊന്ന് ഗാർഹിക തൊഴിൽ മേഖലയാണ്. ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ പൊടുന്നനെ ഉണ്ടാവുന്ന പലതരം മാറ്റങ്ങൾ ഗാർഹിക തൊഴിൽ ചെയ്യുന്നവരെയും മറ്റ് തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെയും ബാധിക്കുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ ഗാർഹിക തൊഴിലാളികളെ ‘കഫാല’യെന്നറിയപ്പെടുന്ന സ്‌പോൺസർഷിപ്പ് സംവിധാനത്തിലൂടെ ഓരോ തൊഴിലാളിയെയും അവരുടെ കഫീൽ (സ്‌പോൺസർ) ആയിട്ടാണ് ബന്ധിപ്പിക്കുന്നത്. ഇതോടെ തൊഴിലുടമകൾ (കഫീലുമാർ) തൊഴിലാളികളുടെ ജോലിയിലും മറ്റും അവരുടെ അധികാരം ഉപയോഗിക്കുന്നു. കൂടാതെ തൊഴിലുടമ തൊഴിൽ രേഖകൾ പുതുക്കി നൽകാതിരിക്കുമ്പോഴും കഫീലുമാരുടെ സമ്മതമില്ലാതെ തൊഴിലാളികൾ മറ്റ് ജോലി അന്വേഷിക്കുമ്പോഴും പാസ്‌പോർട്ടടക്കമുള്ള രേഖകൾ ഇവർക്ക് തിരികെ ലഭിക്കുന്നില്ല. ഇക്കാരണത്താൽ ഈ കുടിയേറ്റ തൊഴിലാളികൾ അനധികൃത കുടിയേറ്റക്കാരായി മാറുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ജോലിയിൽ പ്രവേശിക്കുന്നതോടെ തൊഴിലാളിയുടെ എല്ലാ രേഖകളും കഫീലുമാർ കൈക്കലാക്കും. ഇതിനാൽ കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും ചൂഷണത്തിന് ഇരകളാവുന്ന സാഹചര്യം ഉണ്ടാവുന്നു. ഇത്തരത്തിൽ കഫീലുമാരുടെ ചൂഷണങ്ങളെല്ലാം സഹിച്ച് കാര്യമായ നിയമ സഹായങ്ങളും മറ്റ് സഹായങ്ങളും ലഭിക്കാത്തെ ദുരിതജീവിതം നയിക്കേണ്ടിവരുന്ന നിരവധി പ്രവാസികൾ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലുണ്ട്. നിയമങ്ങളിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വ്യക്തതയില്ലാത്ത പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.

ജോലിയിൽ പ്രവേശിക്കുന്നതോടെ തൊഴിലാളിയുടെ എല്ലാ രേഖകളും സ്​പോൺസർമാർ കൈക്കലാക്കും. ഇതിനാൽ കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും ചൂഷണത്തിന് ഇരകളാവുന്ന സാഹചര്യം ഉണ്ടാവുന്നു.

ജി.സി.സിയിലെ തൊഴിൽ നിയമങ്ങളിലെ മാറ്റം ഡ്രൈവർമാർ പോലുള്ള ഗാർഹിക തൊഴിലെടുക്കുന്നവരുടെ അവസ്ഥയിൽ ഏറെ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന അനിൽ വേങ്കോട്‌ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘മുമ്പ് വീടുകളോട് ചേർന്ന് ഇത്തരം തൊഴിൽ ചെയ്യുന്നവരുടെ സ്ഥിതി ചിലയിടങ്ങളിൽ അപകടകരമായിരുന്നു. മാറ്റങ്ങളിലുണ്ടായ പ്രധാനപ്പെട്ട ഒന്നാണ്, ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് അവരുടെ ടിക്കറ്റിനുള്ള പണവും സെക്യൂരിറ്റി പണവുമെല്ലാം കെട്ടിവെക്കണമെന്നുള്ളത്. ഇതടക്കമുള്ള കർശന നിയമങ്ങൾ വന്നിട്ടുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്ന രാജ്യങ്ങൾ മാത്രമല്ല, തൊഴിലാളികളുടെ മാതൃരാജ്യങ്ങളും അവരുടെ എംബസികളും എടുത്തിട്ടുള്ള കർശനമായ നിലപാടും കാര്യായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയൊക്കെയാണ് അതിൽ വെള്ളം ചേർക്കുന്നത്. ഇന്ത്യയെക്കാൾ ചെറിയ എക്കണോമി ആയിട്ടുള്ള ഫിലിപ്പീൻസിന്റെയെല്ലാം എംബസി ഇത്തരം കാര്യങ്ങളിൽ വളരെ കർശനമാണ്. അതനുസരിച്ച് ഇത്തരം കാര്യങ്ങളിൽ ഒരു വാല്യൂ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് 20 വർഷം മുമ്പ് വന്ന ഹൗസ് ഡ്രൈവർമാരുടെയും ഗാർഹിക തൊഴിലാളികളുടെയും അവസ്ഥയല്ല ഇപ്പോഴുള്ളത്. അതിൽ ഗുണകരമായ മാറ്റം വന്നിട്ടുണ്ട്.”

അനിൽ വേങ്കോട്‌
അനിൽ വേങ്കോട്‌

സൗദി അറേബ്യയിലെ പുതിയ തൊഴിൽ നിയമം ( New Labor Law in Saudi Arabia)

ലോകത്തിലെ ഏറ്റവും കൂടുതൽ വിദേശ ഗാർഹിക തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലെ പുതുക്കിയ തൊഴിലാളി നിയമം ഉടൻ പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർധിപ്പിക്കുക, കരാർ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സർക്കാർ സേവനത്തിലെ മനുഷ്യ ശേഷി വികസിപ്പിക്കുക, എല്ലാ പൗരൻമാർക്കും തൊഴിലവസരങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ നിയമ ഭേദഗതികൾക്ക് സൗദി അറേബ്യ മന്ത്രാലയം അംഗീകാരം നൽകിയത്. സൗദി വിഷൻ 2030- ന്റെ മുന്നോടിയായി വന്ന ഭേദഗതിയിൽ വിദേശി, സ്വദേശി തൊഴിലാളികൾക്ക് ഗുണകരമാകുന്ന സുപ്രധാന മാറ്റങ്ങളാണുള്ളത്.
വീട്ടുജോലിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ജോലി ചെയ്യുന്നവരെയാണ് ഗാർഹിക തൊഴിലാളികളായി കണക്കാക്കുന്നത്. ഹൗസ് ഡ്രൈവർ, ആയ (കുഞ്ഞുങ്ങളെ നോക്കുന്ന ജോലി), കുക്ക്, ടൈലർ, ഫാർമർ, ഹോം നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങി സൗദി അറേബ്യയിൽ 14 വിഭാഗത്തിലുള്ള ഗാർഹിക തൊഴിലാളികളാണുള്ളത്. 2024 ലെ കണക്കനുസരിച്ച് സൗദിയിൽ 39,13,925 വിദേശ ഗാർഹിക തൊഴിലാളികളുണ്ട്. മൊത്തം തൊഴിലാളികളുടെ 25 ശതമാനവും വിദേശ തൊഴിലാളികളാണ്. 27,32,344 പുരുഷൻമാരും 11,81,581 സ്ത്രീകളുമാണ് വിദേശ ഗാർഹിക തൊഴിലാളികളായി ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 20 ലക്ഷം പേർ വീട്ടിലെ സെർവന്റായും ക്ലീനിങ് സ്റ്റാഫായുമാണ് ജോലി ചെയ്യുന്നത്. അവരിൽ 60 ശതമാനവും സ്ത്രീകളാണ്. അതെ പോലെ 18,17,120 ഹൗസ് ഡ്രൈവേഴ്‌സും ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പുരുഷൻമാരാണ്. പുരുഷൻമാരായ ഗാർഹിക തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജി.സി.സി രാജ്യമാണ് സൗദി അറേബ്യ. ഓരോ വ്യക്തികളും അവരുടെ വീട്ടുജോലികൾക്കായും മറ്റുമാണ് ഇത്തരത്തിൽ ജോലിക്കാരെ നിയമിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗാർഹിക ജോലികൾ, തൊഴിൽ നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാലും സൗദിയിലെ കഫാല സമ്പ്രദായം നിലനിൽക്കുന്നതിനാലും വീട്ടുടമകൾക്ക് ജോലിക്കാരിൽ സമ്പൂർണമായും നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കും. ഇത് ചൂഷണത്തിനുള്ള അവസരം ഒരുക്കലാവുകയും ചെയ്തു.

ഗണ്യമായ എണ്ണം തൊഴിലാളികളെ സൗദി അറേബ്യയിലെ തൊഴിൽ നിയമത്തിൽ നിന്ന് മാറ്റി നിർത്തിയതിനാൽ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷിതത്വം കുറവായിരുന്നു.
ഗണ്യമായ എണ്ണം തൊഴിലാളികളെ സൗദി അറേബ്യയിലെ തൊഴിൽ നിയമത്തിൽ നിന്ന് മാറ്റി നിർത്തിയതിനാൽ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷിതത്വം കുറവായിരുന്നു.

ഗണ്യമായ എണ്ണം തൊഴിലാളികളെ സൗദി അറേബ്യയിലെ തൊഴിൽ നിയമത്തിൽ നിന്ന് മാറ്റി നിർത്തിയതിനാൽ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷിതത്വം കുറവായിരുന്നു. തൊഴിൽ പരിശോധനകൾ, പരാതികൾ നൽകാനുള്ള സംവിധാനങ്ങൾ, വേതന സംരക്ഷണ സംവിധാനം തുടങ്ങിയ നിരീക്ഷണ സംവിധാനങ്ങൾ ഒന്നും മേഖലയ്ക്ക് ബാധകമല്ലായിരുന്നു. അത് കൊണ്ട് തന്നെ കഫാല നിയമത്തിന് കീഴിലുള്ള വിദേശ തൊഴിലാളികളെ പാർശ്വവൽക്കരിക്കുന്നത് കൂടുതൽ സങ്കീർണമാകുന്നുണ്ട്. തൊഴിലുടമയുമായി ബന്ധിപ്പിച്ച വിസ സമ്പ്രദായം ചെറിയ വരുമാനക്കാരായ ഇവർക്ക് അവരുടെ സ്‌പോൺസർമാരുടെ കാരുണ്യം തേടി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു.

എന്നാൽ ഈ വിഷയങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ വീട്ടുജോലിക്കാരുടെ പ്രശ്‌നങ്ങൾക്ക് പൂർണ പരിഹാരം ഉറപ്പാക്കുന്നില്ല. സ്ത്രീകൾ പൊതുവെ തൊഴിലുടമകളിൽ നിന്നും ജോലിയെടുക്കുന്ന വീട്ടിനുള്ളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു എന്നത് പൊതുവായ കാര്യമാണ്. സൗദി അറേബ്യ സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഈ പ്രശ്നങ്ങൾ പരിഗണിക്കുന്നതിലും പരിഹരിക്കുന്നതിലും പരാജയപ്പെടുകയാണ്.
മുമ്പ് അനുഭവിച്ചിരുന്ന വലിയ വിവേചനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം സാധ്യമായിട്ടില്ല.

തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാത്തതു കൊണ്ട് ഗാർഹിക തൊഴിലാളികൾ ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് ഇപ്പോൾ മാറുന്നുണ്ടെന്നും ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകൻ കെ.ടി. നൗഷാദ് ട്രൂകോപ്പിയോട് പറഞ്ഞു: “ഗാർഹിക തൊഴിലാളികൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ലേബർ കോർട്ടിലോ അല്ലെങ്കിൽ ലേബർ നിയമങ്ങളോ വെച്ച് ചോദ്യം ചെയ്യാൻ പറ്റില്ലായിരുന്നു. അപ്പോൾ കഫീലുമാർക്ക് തോന്നിയപോലെ ചെയ്യാം. ശമ്പളം കൊടുക്കാതെയും താമസ സൗകര്യം കൊടുക്കാതെയും പീഡിപ്പിക്കാൻ പറ്റുന്ന അവസ്ഥയായിരുന്നു. ലേബർ ലോയുടെ പരിധിയിൽ വരാത്തതുകൊണ്ട് ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യാമായിരുന്നു. ഇപ്പോൾ അത് മാറ്റുന്നുണ്ട് എന്നുള്ളത് പ്രതീക്ഷ നൽകുന്നതാണ്. ബഹറൈനും ഖത്തറുമെല്ലാം ഇത് നേരത്തെ ചെയ്തിട്ടുണ്ട്.
സൗദിയിലാണെങ്കിലും ബഹ്‌റൈനിലാണെങ്കിലും പാസ്‌പോർട്ട് പിടിച്ചുവെക്കാൻ പാടില്ല എന്നാണ് നിയമം. ലേബർ ലോയുടെ കീഴിലാണെങ്കിലും അല്ലെങ്കിലും പാസ്‌പോർട്ട് പിടിച്ചുവെക്കാൻ പാടില്ല. പക്ഷേ പലപ്പോഴും അത് സംഭവിക്കുന്നുണ്ട്. പാസ്‌പോർട്ട് പിടിച്ചുവെക്കുന്നതിന് രണ്ട് മൂന്ന് കാരണങ്ങളാണുള്ളത്. എല്ലാ ചെലവും വഹിച്ച് തൊഴിലാളികളെ കൊണ്ടുവരികയും അവർക്ക് ട്രെയിനിംഗ് കൊടുക്കുകയും ചെയ്തിട്ടും പലരും പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ ജോലി മാറി പോകുന്നു. ഈ സാഹചര്യം മറികടക്കാൻ തൊഴിലുടമകൾ തൊഴിലാളികളെക്കൊണ്ടുതന്നെ പാസ്‌പോർട്ടിന്റെ സുരക്ഷക്കുവേണ്ടിയെന്ന മട്ടിൽ രേഖകളുണ്ടാക്കി പാസ്‌പോർട്ട് കൈവശം വെക്കും. കമ്പനികളിലാണ് ഇത് സംഭവിക്കുന്നത്. അല്ലാതെ ചില വ്യക്തികളും നിയമപരമായ പ്രശ്‌നങ്ങളില്ല എന്ന രീതിയിൽ പാസ്‌പോർട്ട് കൈയിൽ വെക്കും. പക്ഷെ അത് ചോദ്യം ചെയ്യപ്പെടാവുന്ന കാര്യമാണ്.”

കെ.ടി. നൗഷാദ്
കെ.ടി. നൗഷാദ്

സൗദിയിൽ ഗാർഹിക തൊഴിലവസരം കുറയുന്നു

സൗദി അറേബ്യയിൽ 26.5 ലക്ഷം ഇന്ത്യക്കാരാണ് ഗാർഹിക തൊഴിൽ ചെയ്യുന്നത്. സൗദി സർക്കാർ ഔദ്യോഗിക കണക്കുകൾ നൽകുന്നില്ലെങ്കിലും ഗാർഹിക തൊഴിൽ മേഖലയിൽ ഹൗസ് ഡ്രൈവർമാരായും മറ്റ് വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് എമിഗ്രേറ്റ് വഴി ആയിരിക്കണം. ഗാർഹിക തൊഴിൽ മേഖലയിലെ ഏറ്റവും കുറഞ്ഞ വേതനം 1500 സൗദി റിയാൽ ആണ് (33400 രൂപ). വനിതാ ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക വ്യവസ്ഥകൾ ഉണ്ടെങ്കിലും ഈ തൊഴിൽ മേഖലയിലെ കുറഞ്ഞ പ്രായ പരിധി 30 ആയിരിക്കണം എന്നുണ്ട്.

“ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള ആളുകളുടെ അവസരം സൗദിയിലടക്കം കുറഞ്ഞു വരികയാണ്. അവിടെ അവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അതേസമയം അവിടെ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതോടെ സൗദിയിലെ ഹൗസ് ഡ്രൈവർ ജോലികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഇപ്പോഴും കുറച്ചെങ്കിലും ലഭ്യമാകാവുന്നത് ഡ്രൈവർ ജോലിയാണ്. സ്ത്രീകൾ ഡ്രൈവ് ചെയ്യാൻ തുടങ്ങിയതോടെ ആ തൊഴിലിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വീട്ടുജോലിക്ക് പഴയതുപോലെ ആളുകൾ പോകുന്നില്ല. ഈ തരത്തിൽ ഇവിടങ്ങളിലെ തൊഴിൽ സാധ്യത ഇനിയും കുറയാനാണ് സാധ്യത.” - അനിൽ വേങ്കോട് ട്രൂകോപ്പിയോട് പറഞ്ഞു.

സ്ത്രീകളുടെ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതോടെ സൗദിയിലെ ഹൗസ് ഡ്രൈവർ ജോലികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതോടെ സൗദിയിലെ ഹൗസ് ഡ്രൈവർ ജോലികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഒമാനിൽ വിസാ വിലക്ക്

മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യൻ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ 13 ഓളം തസ്തികിലേക്ക് പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറിൽ പരം വിഭാഗങ്ങളിൽ ഒമാനിൽ വിസാ വിലക്കുണ്ട്. സെപ്തംബർ മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. നിലവിൽ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വിലക്കാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കൂടുൽ സ്വദേശികളെ ഈ മേഖലകളിലേക്ക് ഉൾപെടുത്തുന്നതിനാണ് വിസ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

“ഒമാനിലെ സ്വദേശിവത്കരണം പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഒമാനിൽ ടാക്‌സി ഡ്രൈവേഴ്‌സ് എന്ന ജോലി അവിടുത്തെ സ്വദേശികൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ജോലിയാണ്. അങ്ങനെ നോക്കുമ്പോൾ ചില മേഖലകളൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാവും. പക്ഷെ മൊത്തം കാര്യം നോക്കിയാൽ പ്രൊഫഷണൽസ്, അല്ലെങ്കിൽ സ്‌കിൽഡ് ലേബേഴ്‌സ് എന്നിവർക്ക് തൊഴിലവസരം നഷ്ടമാകും എന്ന് പറയാനാകില്ല. ഇത്തരം തൊഴിലുകൾക്കുള്ള അവസരം എപ്പോഴുമുണ്ടാകും. സ്‌പോൺസർഷിപ്പിനും ചില മേഖലകളിലും മാത്രമാണ് അത് ബാധിക്കാൻ പോകുന്നത്. പിന്നെ കേരളത്തിൽ നിന്ന് ആദ്യകാലങ്ങളിൽ അൺ സ്‌കിൽഡ് ലേബേഴ്‌സായിരുന്നെല്ലോ പ്രവാസികളായി വന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ ഒഴുക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് ജോലി തേടി വരുന്നവരെല്ലാം വിദ്യാസമ്പന്നരും സ്കിൽഡ് ലേബേഴ്സുമാണ്. ആ ഒരഅർഥത്തിൽ അങ്ങനെയുള്ള തൊഴിലുകൾക്ക് ഇപ്പോഴും അവസരമുണ്ട്. പക്ഷെ എത്രമാത്രം അത് അട്രാക്ടീവാണെന്നുള്ളത് വേറെ കാര്യമാണ്. പക്ഷെ അവസരങ്ങൾ എന്തായാലും ഉണ്ട്.”- കെ.ടി. നൗഷാദ് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം വരുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ സാധ്യതതയിൽ ഗണ്യമായ കുറവ് അനുഭവിക്കേണ്ടി വരുന്നുണ്ട്. സ്വദേശികൾക്ക് തൊഴിൽ ഉറപ്പ് നൽകാൻ രാഷ്ട്രം ശ്രമിക്കുന്നതോടെ ഒട്ടനവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നു. ഗതാഗതം, ലോജിസ്റ്റിക് മേഖലയിലടക്കം 23 തസ്തികകളിൽ 23000 തൊഴിലവസരങ്ങൾ സ്വദേശി വത്കരിക്കാൻ പദ്ധതിയിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക് വിഭാഗം സഹമന്ത്രി അഹമ്മദ് ബിൻ സൂഫിയാൻ അൽ ഹസനെ ഉദ്ധരിച്ച് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഗതാഗതം, ലോജിസ്റ്റിക് മേഖലയിലടക്കം 23 തസ്തികകളിൽ 23000 തൊഴിലവസരങ്ങൾ സ്വദേശി വത്കരിക്കാൻ പദ്ധതിയിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക് വിഭാഗം സഹമന്ത്രി അഹമ്മദ് ബിൻ സൂഫിയാൻ അൽ ഹസനെ ഉദ്ധരിച്ച് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

“ജി.സി.സി രാഷ്ട്രങ്ങളിലെ സ്വദേശിവത്കരണം കർശനമാക്കുന്നത് മലയാളികളക്കമുള്ളവരുടെ തൊഴിൽ സാധ്യത കുറയ്ക്കുമെന്നത് കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ അതിനെ മലയാളി കാഴ്ചപ്പാടിൽ കാണാൻ പറ്റില്ല എന്നാണ് എന്റെ നിലപാട്. കാരണം ആ മേഖലകളിൽ വർധിച്ചു വരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം പ്രശ്‌നമാണ്. പഴയതിൽ നിന്നും വ്യത്യസ്തമായി അവിടെ നിരവധി വിദ്യാസമ്പന്നരായ സ്വദേശികളുണ്ട്. ജോലി ചെയ്യാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യം ഇന്നവർക്കുണ്ട്. ആ മേഖലയിൽ വരുന്ന ആളുകളെ പരിഗണിക്കാൻ സ്വാഭാവികമായും അതാത് രാഷ്ട്രങ്ങൾക്ക് ബാധ്യതയുണ്ട്. അതിന്റെ ഭാഗമായാണ് സ്വദേശിവത്കരണം കൂടുതൽ കൂടുതൽ വരുന്നത്. അത് പ്രവാസികളായ ആളുകളെ ദോഷമായി വരും എന്ന് ഉറപ്പാണ്. പക്ഷെ നമ്മൾ ആ രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്ന് കൊണ്ട് വേണം എന്നാണ് എന്റെ പക്ഷം’’ -അനിൽ വേങ്കോട്‌ പറഞ്ഞു.

പൊതുമാപ്പ് സംവിധാനം

പലതരം ചൂഷണങ്ങൾ വിധേയരാവുന്ന തൊഴിലാളികൾ മറ്റ് ഗതിയില്ലാതാവുമ്പോൾ പലപ്പോഴും സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടുന്ന സാഹചര്യമുണ്ട്. അതേ പോലെ അനധികൃതമായി താമസിക്കുന്നവരും ജോലി ചെയ്യുന്നവരും ഗൾഫ് രാജ്യങ്ങളിലുണ്ട്. ഇത്തരത്തിൽ രേഖകൾ കൈവശമില്ലാത്തവർക്ക് ശിക്ഷ കൂടാതെ രേഖകൾ ശരിയാക്കി രാജ്യം വിടാനും ഗൾഫിൽ തന്നെ തുടരാനുമുള്ള സംവിധാനമാണ് പൊതുമാപ്പ്.
പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർ പൊതുമാപ്പിലൂടെയാണ് പലപ്പോഴും ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുന്നത്. സെപ്തംബർ ഒന്ന് മുതൽ യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം നിയമലംഘനം നടത്തുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി (ഐ.സി.പി) അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള അപൂർവ അവസരമാണ് ലഭിക്കുക. തിരിച്ച് പോവുന്നവർക്ക് ശരിയായ വിസയിലൂടെ തിരിച്ചുവരാൻ വിലക്കുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. ഏതെങ്കിലും വിസ (ടൂറിസ്റ്റ്, സന്ദർശക വിസ ഉൾപെടെ) അല്ലെങ്കിൽ റസിഡൻസി ലംഘിക്കുന്നവർ, യു.എ.ഇ വിസയുടെ കാലാവധി കഴിഞ്ഞവർ, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ എന്നിവർക്കെല്ലാമായിട്ടാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പൊതുമാപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കും. നിയമലംഘകർ എത്രയും പെട്ടന്ന് നടപടികൾ പൂർത്തിയാക്കി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘകർ എത്രയും പെട്ടന്ന് നടപടികൾ പൂർത്തിയാക്കി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘകർ എത്രയും പെട്ടന്ന് നടപടികൾ പൂർത്തിയാക്കി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65000 പേരാണ് പ്രയോജനപ്പെടുത്തിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്. താമസം നിയമ വിധേയമാക്കിയവരും രാജ്യം വിട്ടവരും ഉൾപെടെയാണ് ഇത്. രാജ്യത്തിന്റെ മാനുഷിക ധാർമിക നിലപാടുകളുടെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് ഒട്ടേറെ പേർക്ക് പ്രയോജനപ്പെട്ടതായി കരുതുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി ഡയറക്ടർ ബ്രിഗേഡിയൻ യൂസഫ് അൽ അയ്യൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ച ശേഷം നിയമ ലംഘകർക്കായി നടത്തിയ പരിശോധനയിൽ പിടിയിലായ 4650 പേരെ രേഖകൾ ശരിയാക്കി എത്രയും വേഗത്തിൽ നാടുകടത്താനാണ് കുവൈത്തിന്റെ അടുത്ത നീക്കം. ഇങ്ങനെ പിടിക്കപ്പെട്ട ശേഷം തിരിച്ചയക്കുന്നവർക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് വീണ്ടും കുവൈത്തിലേക്ക് തിരിച്ചുവരാൻ നിയമ തടസ്സമില്ല.

കേരളത്തിൽ നിന്നുള്ള പ്രവാസികൾ

കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക മേഖലകളിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. 2018 - ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 2121887 പ്രവാസികൾ കേരളത്തിൽ നിന്നുള്ളവരാണ്. 2016 കേരള മൈഗ്രേഷൻ സർവ്വേയെക്കാൾ 1.49 ലക്ഷം പേരുടെയും, 2013 ലെ കേരള സർവ്വേയെക്കാൾ 1.49 ലക്ഷം പേരുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ കഴിഞ്ഞ പത്തു വർഷമായി എമിഗ്രേഷനിൽ കാര്യാമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കേരള മൈഗ്രേഷൻ സർവ്വേ പ്രകാരം 2018 ലെ അവസാന റൗണ്ടിൽ കണ്ട പ്രവണത പ്രകാരം കേരളത്തിൽ നിന്നുള്ള കുടിയേറ്റം കുറയുകയും പ്രവാസികൾ തിരിച്ച് നാടുകളിലേക്ക് വരുന്നതായും കാണാം. 2018 - ലെ കണക്ക് പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് (4.06 ലക്ഷം). കണ്ണൂർ (2.19 ലക്ഷം), തൃശ്ശൂർ (2.41 ലക്ഷം), കൊല്ലം (2.40 ലക്ഷം) എന്നിങ്ങനെയും പ്രവാസികളുണ്ട്.


2013 ൽ 24 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2018 ൽ 21 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് അഞ്ച് വർഷത്തിനുള്ളിൽ 11.6 ശതമാനമാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായത്. മൊത്തത്തിൽ തൊഴിൽ തേടിയുള്ള കുടിയേറ്റം കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെങ്കിലും വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഇന്ത്യ പോലുള്ള രാജ്യത്ത് വിദേശ വരുമാനത്തിനുള്ള പ്രധാന ഉറവിടമാണ് കുടിയേറ്റ തൊഴിലാളികൾ. അവർ അവിടെ നിന്ന് അയയ്ക്കുന്ന പണം രാജ്യത്തിന് സാമ്പത്തിക രംഗത്തിന് വലിയ മുതൽക്കൂട്ടാണ്. പണമയക്കലിനെ കുറിച്ചുള്ള ആർ. ബി. ഐയുടെ അഞ്ചാം റൗണ്ട് സർവേ പ്രകാരം ജി.സി.സി മേഖലയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക് 2016-17 ലെ 50 ശതമാനത്തിൽ നിന്നും 2020-21 ൽ ഏകദേശം 30 ശതമാനമായി കുറഞ്ഞതായാണ് കണക്കാക്കിയത്.
ജി.സി.സി മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പരമ്പരാഗതമായി ആധിപത്യം പുലർത്തുന്ന കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പണമയക്കൽ വിഹിതം 2020-21 വർഷത്തിൽ ഏതാണ്ട് പകുതിയായി കുറഞ്ഞതായും ആർ.ബി.ഐ വ്യക്തമാക്കുന്നുണ്ട്. അതേസമയം നിലവിൽ വിദേശ പണം അയ്ക്കുന്നതിൽ കേരളത്തെ മറികടന്ന് മഹാരാഷ്ട്രയാണ് മുന്നിട്ടു നിൽക്കുന്നത്.

കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളവരാണ് പ്രവാസികൾ. ജി.സി.സി രാജ്യങ്ങളിലെ മാറി വരുന്ന തൊഴിൽ നിയമങ്ങൾ ഈ പ്രവാസികളെ അനുകൂലമായും പ്രതികൂലമായുമാണ് ബാധിക്കുന്നത്. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഇനിയും സുരക്ഷ വേണമെന്ന് തന്നെയാണ് കുവൈത്ത് തീപ്പിടുത്തം പോലെ അസംഘടിത മേഖലകളിൽ സംഭവിച്ചിട്ടുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗാർഹിക തൊഴിൽ മേഖലകളടക്കമുള്ള അസംഘടിത തൊഴിലിടിങ്ങളിൽ നമ്മുടെ പ്രവാസികൾ സുരക്ഷിതരാവേണ്ടതുണ്ട്.

Comments