അട്ടിമറിക്കപ്പെടുന്ന തൊഴിലുറപ്പ്, കേന്ദ്രസ‍ർക്കാരിനോട് തൊഴിലാളികൾക്ക് പറയാനുള്ളത്

രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിൽ നൽകി അത് വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005-ൽ നിലവിൽ വന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 തൊഴിൽ ദിനങ്ങൾ നൽകുകയെന്നതായിരുന്നു പദ്ധതിയുടെ രൂപം. എന്നാൽ 2024 ഡിസംബർ മാസത്തിനു ശേഷം സംസ്ഥാനത്തെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ വേതനം തടഞ്ഞും ബജറ്റ് വിഹിതം കുറച്ചും സംസ്ഥാനങ്ങൾക്കുള്ള കുടിശിക വർധിപ്പിച്ചുമാണ് ഇത്തവണത്തെ ബജറ്റിലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവടക്കം പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമെ ഒട്ടും തൊഴിലാളി സൗഹാർദ്ദമല്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന് പദ്ധതിയെ അവതാളത്തിലാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് എൻ.എം.എം.എസ് രേഖപ്പെടുത്തൽ. തൊഴിലാളികൾ രജിസ്റ്ററിൽ ഒപ്പു വെക്കുന്നതോടൊപ്പം ജോലി സ്ഥലത്തെത്തിയ ഫോട്ടോ ദിവസവും രണ്ട് നേരം തൊഴിലുറപ്പിന്റെ പ്രത്യേക മൊബൈൽ ആപിൽ അപ് ലോഡ് ചെയ്യണം. രാവിലെയും വൈകിട്ടുമാണ് ഇങ്ങനെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ അടയാളപ്പെടുത്തിയ പ്രത്യേക സ്ഥലത്തെത്തിയാണ് ഇങ്ങനെ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടത്. ഫോട്ടോ അപ് ലോഡ് ചെയ്യാൻ നിശ്ചയിച്ച സ്ഥലവും ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥലവും തമ്മിൽ ചെറിയ ദൂരമെങ്കിലും ഉണ്ടാകും. രാവിലെ ഫോട്ടോ എടുത്ത് തൊഴിലിലേക്ക് പ്രവേശിച്ചവർ ഉച്ചക്ക് വീണ്ടും ഇതേ സ്ഥലത്തേക്ക് എത്തണം. ഇങ്ങനെ ജോലിയിൽ പുത്തൻ പരിഷ്‌കാരങ്ങളും വേതനത്തിൽ പഴഞ്ചൻ ഏർപ്പാടും തുടരുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

Comments