100 തൊഴിൽ ദിനത്തിന്
ഒരുറപ്പുമില്ല;
തുടരുന്ന കേന്ദ്ര അട്ടിമറി

2024-25 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പുതിയ തൊഴിലാളികളുടെ എണ്ണത്തിൽ 8.6 ശതമാനം വർധനവ് ഉണ്ടായെങ്കിലും, ലഭിക്കുന്ന തൊഴിൽദിനങ്ങൾ ഭീമമായി കുറയുകയാണ്. പദ്ധതിയുടെ ബജറ്റ് വിഹിതം കുറച്ചും തൊഴിലാളികളുടെ കൂലി നൽകാതെയും ഈ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടി തുടരുകയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (The Mahatma Gandhi National Rural Employment Guarantee Scheme- MGNREGS) അട്ടിമറിക്കാനും ഇല്ലാതാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ രാജ്യത്ത് കേവലം 7 ശതമാനം തൊഴിലാളികൾക്കു മാത്രമാണ് 100 തൊഴിൽ ദിനങ്ങൾ എന്ന പദ്ധതിയുടെ ലക്ഷ്യം ഉറപ്പാക്കാനായതെന്ന് ലിബ്‌ടെക് ഇന്ത്യ എന്ന സ്വതന്ത്ര ഏജൻസി കണ്ടെത്തിയിരിക്കുന്നു. പദ്ധതിയുടെ ബജറ്റ് വിഹിതം കുറഞ്ഞതും തൊഴിലാളികളുടെ കൂലി കുടിശ്ശികയായതും വലിയ തോതിൽ ചർച്ചയായതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന പുതിയ കണക്ക് പുറത്തുവന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ ഗൗരവത്തോടെയാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ രാജ്യത്തെ അവസ്ഥ ഈ പഠനത്തിൽ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. 2023 - 24 സാമ്പത്തിക വർഷത്തെയും 2024-25 സാമ്പത്തിക വർഷത്തെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലിബ്‌ടെക് ഇന്ത്യ പഠനം നടത്തിയത്.

2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനം ആളുകൾക്കായിരുന്നു 100 തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നതെങ്കിൽ 2024-25 സാമ്പത്തിക വർഷം ഇത് ഏഴു ശതമാനത്തിലേക്ക് കുറഞ്ഞു. 2024-25 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പുതിയ തൊഴിലാളികളുടെ എണ്ണത്തിൽ 8.6 ശതമാനം വർധനവ് ഉണ്ടായപ്പോഴാണ്, ലഭിക്കുന്ന തൊഴിൽദിനങ്ങൾ ഭീമമായി കുറയുന്നത്.

കേരളത്തിന്റെ മാത്രം കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, 2023-24 സാമ്പത്തിക വർഷം ആകെ 9.95 കോടി തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. 2024-25 ൽ 9.08 കോടി ആയി കുറഞ്ഞു. 57 ലക്ഷം മൊത്തം തൊഴിലാളികളും അതിൽ 22 ലക്ഷം സജീവ തൊഴിലാളികളുമാണ് കേരളത്തിലുള്ളത്. സജീവ തൊഴിലാളികളായ 22ലക്ഷം പേർക്കാണ് ഈ 9.08 കോടി തൊഴിൽദിനങ്ങൾ ലഭിച്ചത്. അതായത് നിരവധി തൊഴിലാളികൾക്ക് നൂറു തൊഴിൽദിനങ്ങൾ ലഭിക്കുന്നില്ല.

2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനം ആളുകൾക്കായിരുന്നു 100 തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നതെങ്കിൽ 2024-25 സാമ്പത്തിക വർഷം ഇത് ഏഴു ശതമാനത്തിലേക്ക് കുറഞ്ഞു. ലിബ്‌ടെക് ഇന്ത്യ പഠന റിപ്പോർട്ടിൽ നിന്ന്.
2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനം ആളുകൾക്കായിരുന്നു 100 തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നതെങ്കിൽ 2024-25 സാമ്പത്തിക വർഷം ഇത് ഏഴു ശതമാനത്തിലേക്ക് കുറഞ്ഞു. ലിബ്‌ടെക് ഇന്ത്യ പഠന റിപ്പോർട്ടിൽ നിന്ന്.

വ്യവസായ മേഖലകളിലെ തൊഴിൽ തകർച്ച മൂലം ഗ്രാമീണ മേഖലകളിലേക്ക് കുടിയേറുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ തൊഴിലാളികളുടെ എണ്ണം കൂടുന്നു എന്ന കണക്ക് വ്യക്തമാക്കുന്നതെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പിയായ വി. ശിവദാസൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“തൊഴിലുറപ്പ് പദ്ധതി അടിസ്ഥാനപരമായി ഗ്രാമീണ ഇന്ത്യയിലെ ജീവിത പുരോഗതിയുടെ നയരേഖയായി പ്രവർത്തിക്കേണ്ട ഒന്നാണ്. എന്നാൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം എല്ലാ അർഥത്തിലും തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ബജറ്റ് വിഹിതം വെട്ടിക്കുറച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ വർഷവും കണക്ക് പരിശോധിക്കുമ്പോൾ അതിന്റെ അടയാളങ്ങൾ കാണാം. ഓരോ തവണയും ഇത് സംബന്ധിച്ച ആശങ്കകൾ ഞാനടക്കമുള്ള എം.പിമാർ പാർലമെന്റിൽ ഉന്നയിക്കുമ്പോഴെല്ലാം മന്ത്രി തരുന്ന ഉത്തരം, ഒരിക്കലും പണി ഇല്ലാത്ത പ്രശ്‌നം വരില്ല എന്നാണ്. ആദ്യം ഇവർ പദ്ധതിയുടെ പ്രൊജക്ടുകളുടെ എണ്ണത്തിൽ പിടിച്ചു. 20 -ലധികം പ്രൊജക്ടുകൾ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഏറ്റെടുക്കാൻ പാടില്ല എന്ന നയം കൊണ്ടുവന്നു. പിന്നെ തൊഴിലാളികൾ പണിയെടുക്കുന്ന കേന്ദ്രത്തിൽ നിന്ന് ഒരു സ്‌പോട്ട് നിശ്ചയിച്ച് ഇന്റർനെറ്റ് വഴി ഫോട്ടോ അപ് ലോഡ് ചെയ്യുന്നതടക്കമുള്ള മാറ്റങ്ങൾ വന്നു. അങ്ങനെ വന്നപ്പോൾ തൊഴിലെടുക്കുന്ന സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്ററും രണ്ട് കിലോമീറ്ററും നടന്ന് അവിടേക്ക് എത്തേണ്ടതായിവന്നു. അങ്ങനെ നടന്നു പോകുന്ന തൊഴിലാളി അപകടത്തിൽ പെട്ട് മരിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അപ്പോഴും പുതിയ തൊഴിലാളികളുടെ എണ്ണം കൂടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം പ്രസക്തമാണ്. വ്യവസായങ്ങളുടെ തൊഴിൽ തകർച്ച ഗ്രാമീണ മേഖലയിലേക്ക് കുടിയേറുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. നഗരങ്ങളിൽ നിന്ന് ഗ്രാമീണ കാർഷിക മേഖലയിലേക്ക് തൊഴിൽ തേടിയുള്ള യാത്ര വർധിച്ചിട്ടുണ്ട്. ഈ തരത്തിൽ രാജ്യത്തെ വ്യവസായ- കാർഷിക മേഖലകൾ ഒരുപോലെ പ്രതിസന്ധിയിലേക്ക് പോകുന്നു എന്നതാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്” - വി.ശിവദാസൻ എം.പി പറയുന്നു.

‘‘ഓരോ തവണയും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഞാനടക്കമുള്ള എം.പിമാർ പാർലമെന്റിൽ ഉന്നയിക്കുമ്പോഴെല്ലാം മന്ത്രി തരുന്ന ഉത്തരം, ഒരിക്കലും പണി ഇല്ലാത്ത പ്രശ്‌നം വരില്ല എന്നാണ്’’- വി.ശിവദാസൻ എം.പി പറയുന്നു.
‘‘ഓരോ തവണയും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഞാനടക്കമുള്ള എം.പിമാർ പാർലമെന്റിൽ ഉന്നയിക്കുമ്പോഴെല്ലാം മന്ത്രി തരുന്ന ഉത്തരം, ഒരിക്കലും പണി ഇല്ലാത്ത പ്രശ്‌നം വരില്ല എന്നാണ്’’- വി.ശിവദാസൻ എം.പി പറയുന്നു.

2022 - 23 സാമ്പത്തിക വർഷത്തിൽ പദ്ധതി നടത്തിപ്പിനു വേണ്ടിയുള്ള ബജറ്റ് വിഹിതം 2.64 ലക്ഷം കോടിയാക്കാൻ വിദഗ്ധർ നിർദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ ബജറ്റിൽ പോലും 86000 കോടി മാത്രമായിരുന്നു ബജറ്റ് വിഹിതം. 23,446 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള കുടിശിക. കഴിഞ്ഞ ബജറ്റിലെ വിഹിതവും കേന്ദ്രം വരുത്തിവെച്ച കുടിശികയും ചേർത്ത് വായിക്കുമ്പോൾ നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം വീണ്ടും കുറയും. അതായത് കുടിശികയായ 23,446 കോടി രൂപ വിതരണം ചെയ്യുന്നതോടെ ബജറ്റ് വിഹിതമായ 86,000 കോടി രൂപ 62,553 കോടിയായി കുറയും. പദ്ധതി വിഹിതം കുറഞ്ഞതും കുടിശികയുമെല്ലാം തൊഴിലുറപ്പ് പദ്ധതിയെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

‘‘വ്യവസായങ്ങളുടെ തൊഴിൽ തകർച്ച ഗ്രാമീണ മേഖലയിലേക്ക് കുടിയേറുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. നഗരങ്ങളിൽ നിന്ന് ഗ്രാമീണ കാർഷിക മേഖലയിലേക്ക് തൊഴിൽ തേടിയുള്ള യാത്ര വർധിച്ചിട്ടുണ്ട്. ഈ തരത്തിൽ രാജ്യത്തെ വ്യവസായ മേഖലയും കാർഷിക മേഖലയും ഒരു പോലെ പ്രതിസന്ധിയിലേക്ക് പോകുകയാണ്’’ - വി.ശിവദാസൻ എം.പി.

തൊഴിലാളികളെ വെട്ടിക്കുറക്കുന്ന കേന്ദ്രം

ബജറ്റിലെ അവഗണനയും കുടിശികയും നിലനിൽക്കുമ്പോൾ തന്നെ തൊഴിലാളികളെ പരമാവധി കുറയ്ക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. പലവിധ കാരണങ്ങളിൽ തൊഴിൽ കാർഡ് റദ്ദാക്കുന്ന നടപടികളക്കം പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ രാജ്യത്തൊട്ടാകെ 7.8 കോടി തൊഴിലാളികളെ പുറത്താക്കിയെന്ന് ലിബ്‌ടെക് ഇന്ത്യ പഠനത്തിൽ പറയുന്നു. വെറും 24 മാസം കൊണ്ടാണ് ഇത്രയധികം തൊഴിലാളികളെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തുന്നത്. തൊഴിലാളികളെ പുതുതായി ചേർക്കുന്നതിനേക്കാൾ കൂടുതലും ഒഴിവാക്കലുകളായിരുന്നു കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിലും നടന്നത്. 2022-23-ൽ 5.40 കോടി തൊഴിലാളികളും 2023-24ൽ 2.37 തൊഴിലാളികളുമാണ് പദ്ധതിയിൽ നിന്ന് പുറത്തായത്. അതേസമയം ആദ്യ വർഷം 97 ലക്ഷവും രണ്ടാം വർഷം 95 ലക്ഷവും തൊഴിലാളികളെ മാത്രമാണ് പുതുതായി കൂട്ടിച്ചേർത്തത്. എന്നാൽ 2024-25 സാമ്പത്തിക വർഷം മാത്രമാണ് ഒഴിവാക്കപ്പെട്ടതിനേക്കാൾ തൊഴിലാളികൾ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. മുമ്പ് പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് ദേശീയ ഗ്രാമീണ വികസന മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടികൾ ആരംഭിച്ചതോടെയാണ് ഈ വർധനവ് സംഭവിച്ചത്.

Adhar Based Payment System നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലിബ്‌ടെക് ഇന്ത്യ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍
Adhar Based Payment System നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലിബ്‌ടെക് ഇന്ത്യ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍

2023- ലാണ് കേന്ദ്ര സർക്കാർ Adhar Based Payment System (A.B.P.S) ആരംഭിച്ചത്. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം അയക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്യണമെന്ന് ഇതോടെ നിർബന്ധമായി. എ.ബി.പി.എസ് നിർബന്ധമാക്കരുതെന്നും തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കാൻ ബദൽ മാർഗം കാണമെന്നും ഗ്രാമവികസനത്തിനും പഞ്ചായത്തീ രാജിനുമുള്ള പാർലമെന്ററി സമിതി നേരത്തെ നിർദേശിച്ചിരുന്നു. 2024 ഏപ്രിൽ വരെ മൊത്തം തൊഴിലാളികളുടെ 31 ശതമാനവും സജീവ തൊഴിലാളുകളുടെ 8 ശതമാനവും അവരുടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നില്ല. ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് കൂടുതൽ തൊഴിലാളികൾ ആധാർ ലിങ്ക് ചെയ്യാൻ ബാക്കിയുള്ളത്. വെസ്റ്റ് ബംഗാൾ, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സജീവ തൊഴിലാളികളായ കൂടുതൽ പേരും എ.ഡി.ബി.എസ് പൂർത്തിയാക്കിയിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ജോലിയിൽ നിന്ന് പുറത്താകില്ലെങ്കിലും പലപ്പോഴും തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രൊജക്ട് വെക്കാനുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ തൊഴിൽ നൽകാൻ കഴിയുള്ളൂ. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെരിച്ചു കൊല്ലുകയാണ് കേന്ദ്ര സർക്കാർ

ആധാർ ലിങ്കിഡ് പേയിമെന്റ് സിസ്റ്റത്തിലൂടെ തൊഴിലാളിയെ സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് വി. ശിവദാസൻ എം.പി പറയുന്നു:

“തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആധാർ ലിങ്കിഡ് പേയ്മെന്റ് സിസ്റ്റം നടപ്പിലാക്കുകയാണ്. പല തൊഴിലാളികളുടെയും വിരൽ മെഷീനിൽ പതിപ്പിക്കാനാകുന്നില്ല. തൊഴിലെടുക്കുന്നവരുടെ വിരലിന്റെ അവസ്ഥ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതോടെ തൊഴിലാളികൾക്ക് തൊഴിലവസരം നഷ്ടപ്പെടുന്നു. ശരാശരി നൂറ് തൊഴിൽദിനങ്ങൾ നൽകണമെന്നാണ് പറയുന്നത്. 150 എങ്കിലും ആയി വർധിപ്പിക്കണമെന്ന് നാളുകളായുള്ള ആവശ്യവുമാണ്. രണ്ടര ലക്ഷം കോടി രൂപയെങ്കിലും പദ്ധതിക്ക് നീക്കിവെക്കണമെന്നും നിർദേശമുണ്ടായി. പക്ഷെ കേന്ദ്ര സർക്കാറിന് നിഷേധാത്മക നിലപാടാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രൊജക്ട് വെക്കാനുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ തൊഴിൽ നൽകാൻ കഴിയുള്ളൂ. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെരിച്ചു കൊല്ലുകയാണ് കേന്ദ്ര സർക്കാർ. ഇതിനോടൊപ്പം സംസ്ഥാനങ്ങൾക്ക് നൽകുന്ന പണവും അധികാരവും കുറയ്ക്കുകയും ചെയ്യുന്നു. ശമ്പളം കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. ഇങ്ങനെ എല്ലാ അർഥത്തിലും തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മെറ്റീരിയൽ കോസ്റ്റ് കൃത്യമായി നൽകാത്തതിനാൽ സംസ്ഥാന സർക്കാരുകൾക്ക് പ്രൊജക്ട് ഏറ്റെടുക്കാനുമാകുന്നില്ല. ഇതിലൂടെയെല്ലാം ‘നിങ്ങൾ ജോലിയിൽ നിന്ന് കൊഴിഞ്ഞുപോകണം’ എന്നാണ് കേന്ദ്രം പറയുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ പ്രൊജക്ട് ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നതാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.”

Comments