കശുവണ്ടി മേഖലയെ വേട്ടയാടുന്ന സർഫാസി നിയമം,
കടബാധ്യതയിൽ ജീവനൊടുക്കിയത് അഞ്ച് ഫാക്ടറി ഉടമകൾ

സർഫാസി നിയമം (SARFAESI Act) ഏറ്റവും ശക്തമായി ഉപയോഗിക്കുന്നത് കശുവണ്ടി മേഖലയിലാണ്. വ്യവസായം തുടങ്ങുന്നതിന് എടുക്കുന്ന ലോണിന്റെ മൂന്ന് ഇ.എം.ഐ മുടങ്ങുകയോ മൂന്ന് മാസത്തെ പലിശ മുടങ്ങുകയോ ചെയ്താൽ അന്നുമുതൽ ആ അക്കൗണ്ട് എൻ.പി.എ ആവുകയും വ്യവസായ യൂണിറ്റ് ബാങ്കുകൾ സ്വന്തമാക്കുകയും ചെയ്യും. കടബാധ്യതയിൽ കുരുങ്ങി അഞ്ച് കശുവണ്ടി ഫാക്ടറി ഉടമകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് എന്നത് പരിഗണിക്കുമ്പോൾ, എത്ര ഗുരുതരമാണ് ഈ മേഖലയി​ലെ പ്രതിസന്ധിയെന്ന് വെളിപ്പെടുത്തുകയാണ് തൊഴിലാളികളും തൊഴിലുടമകളും.

News Desk

ബാങ്ക് വായ്പയുടെ തിരിച്ചടവും ജനവിരുദ്ധമായ സർഫാസി നിയമവും വീണ്ടും ചർച്ചയാകുമ്പോൾ, സർഫാസി നിയമം (Securitization and Reconstruction of Financial Assets and Enforcement of Security Interest Act- SARFAESI Act) ഏറ്റവും വ്യാപകമായി പ്രയോഗിക്കപ്പെടുന്ന കശുവണ്ടി മേഖലയിലെ പ്രതിസന്ധി തുറന്നുപറയുകയാണ് തൊഴിലാളികളും തൊഴിലുടമകളും.

ഒരു കാലത്ത്, സംസ്ഥാനത്തെ ഏറ്റവും സജീവമായ പരമ്പരാഗത തൊഴിൽ മേഖലകളിലൊന്നായിരുന്നു കശുവണ്ടി വ്യവസായം. എന്നാൽ, ഇന്ന് ഈ മേഖല ഗുരുതര പ്രതിസന്ധിയിലാണ്. കടബാധ്യതയിൽ കുരുങ്ങി അഞ്ച് കശുവണ്ടി ഫാക്ടറി ഉടമകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഭൂരിഭാഗവും സ്ത്രീതൊഴിലാളികൾ ജോലി ചെയ്യുന്ന മേഖല കൂടിയാണിത്. അവർക്ക് തൊഴിൽ സുരക്ഷയൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഈ വ്യവസായത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകകുന്നതെന്നാണ് തൊഴിലാളികളും ഫാക്ടറി ഉടമകളും പറയുന്നത്.

പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിന് നയപരമായി തന്നെ ഇടപെടൽ നടത്തുമെന്ന ഇടതുപക്ഷ സർക്കാറിന്റെ ഉറപ്പ് കശുവണ്ടി മേഖലയെ സംബന്ധിച്ച് ഇന്നും കടലാസിലാണ്. ഒന്നാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറുമ്പോൾ കശുവണ്ടി വ്യവസായത്തെ പ്രത്യേക വകുപ്പായി നിലനിർത്തിയരുന്നു. എന്നാൽ, രണ്ടാം ടേമിൽ കശുവണ്ടി വകുപ്പിനെ വ്യവസായ വകുപ്പിലേക്ക് ലയിപ്പിച്ചു. ഇതോടെ തൊഴിലാളികൾക്കും വ്യവസായികൾക്കും തങ്ങളുടെ പ്രശ്‌നങ്ങൾ തുറന്നുപറയാനുള്ള വേദി നഷ്ടമാകുന്ന സ്ഥിതിയിലെത്തി.

കശുവണ്ടി വ്യവസായത്തിലെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ്, കേരള കശുവണ്ടി വികസന കോർപറേഷനും കാപെക്‌സും. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1969-ലാണ് കശുവണ്ടി വികസന കോർപറേഷൻ സ്ഥാപിക്കുന്നത്. 1970-ൽ കൊട്ടിയത്തെ ഒരു ഫാക്ടറി വാടകക്കെടുത്താണ് ആദ്യ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 30 ഫാക്ടറികളുണ്ട്. അതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണ്.

നിലവിൽ 30 ഫാക്ടറികളുണ്ട്. അതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണ്.
നിലവിൽ 30 ഫാക്ടറികളുണ്ട്. അതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണ്.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, 1984-ലാണ് കശുവണ്ടി തൊഴിലാളികളുടെ അപെക്‌സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ കാപ്പെക്‌സ് തുടങ്ങിയത്. ഇപ്പോൾ അതിനുകീഴിൽ 843 ഫാക്ടറികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മൂന്നു ലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്ന വ്യവസായമേഖലയിൽ നിലവിൽ പൊതുമേഖലയിലെ 40 ഫാക്ടറികൾ ഉൾപ്പെടെ ഏകദേശം 90 ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഫാക്ടറികൾ പൂട്ടി പോകുമ്പോൾ പ്രതിസന്ധിയിലാകുന്നത് തൊഴിലാളികളാണ്. മൂന്നു ലക്ഷം പേർ പണിയെടുത്തിരുന്ന മേഖലയിൽ ഏകദേശം 25,000 തൊഴിലാളികൾക്ക് മാത്രമാണ് ജോലിയുള്ളത്.

ഫാക്ടറികൾ പൂട്ടിപോകുമ്പോൾ സ്ത്രീ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പോലും മുടങ്ങി പോകുന്ന സാഹചര്യമുണ്ടെന്നും എട്ടു വർഷമായി ഈ മേഖലയിൽ കൂലിവർധനവ് നടത്തിയിട്ടില്ലെന്നും കശുവണ്ടി സംരക്ഷക സമിതി പ്രസിഡന്റ് രാജേഷ് കെ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“തൊഴിൽസുരക്ഷ ഉറപ്പുവരുത്താനെങ്കിലും ഇപ്പോൾ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യവസായികളെ സഹായിച്ചില്ലെങ്കിലും തൊഴിലാളികളെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നല്ലോ?. മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ വേറെയും. ഈ മനുഷ്യർക്ക് യാതൊരു സഹായവും സർക്കാർ ഭാഗത്തുനിന്നില്ല. സ്ത്രീ തൊഴിലാളികൾ പലരും തൊഴിലുറപ്പ് ജോലിക്ക് പോവുകയാണ്. അങ്ങനെ ഇ.എസ്.എ പോലെയുള്ള ആനുകൂല്യങ്ങൾ അവർക്ക് നഷ്ടമാവുകയാണ്. പ്രൊവിഡന്റ് ഫണ്ടിന്റെ കാര്യവും സമാനമാണ്. 10 വർഷം തുടർച്ചയായി അവരുടെ അക്കൗണ്ടിലേക്ക് വിഹിതം ചെന്നാൽ മാത്രമെ പെൻഷൻ ആനുകൂല്യം കിട്ടൂ. എന്നാൽ കശുവണ്ടി ഫാക്ടറികൾ ഇടക്കുവെച്ച് പൂട്ടിപ്പോയാൽ ഇത്തരം ആനുകൂല്യങ്ങളും ഇല്ലാതാകും. 864 രജിസ്‌റ്റേഡ് കശുവണ്ടി ഫാക്ടറികൾ കേരളത്തിലുണ്ട്. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റ 2023 മാർച്ചിലെ കണക്കുകൾ പ്രകാരം 2,59,670 പേരാണ് അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024 ആയപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് 30,000 ആയി ചുരുങ്ങി. ഇവർക്കാകട്ടെ തൊഴിലുമില്ല. എട്ടു വർഷമായിട്ടുണ്ടാകും കൂലി വർധനവ് നടത്തിയിട്ട്. സർക്കാർ കൂലി വർധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലാക്കിയിട്ടില്ല.”

 2002-ൽ നിലവിൽ വന്ന സർഫാസി നിയമമാണ് അഞ്ച് വ്യവസായികളുടെ മരണത്തിലേക്ക് നയിച്ചത്.
2002-ൽ നിലവിൽ വന്ന സർഫാസി നിയമമാണ് അഞ്ച് വ്യവസായികളുടെ മരണത്തിലേക്ക് നയിച്ചത്.

2016 മുതൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 9.36 ശതമാനം ഇറക്കുമതി ചുങ്കമെന്ന വർധനവാണ് മേഖലയെ കൂടുൽ പ്രതിനന്ധിയിലേക്ക് തള്ളിയിട്ടതെന്നും അവർ പറയുന്നു. 2002-ൽ നിലവിൽ വന്ന സർഫാസി നിയമമാണ് അഞ്ച് വ്യവസായികളുടെ മരണത്തിലേക്ക് നയിച്ചത്. ഈ നിയമം ഏറ്റവും ശക്തമായി നടപ്പിലാക്കുന്നത് കശുവണ്ടി മേഖലയിലാണെന്നാണ് ഇവർ പറയുന്നത്:

“2002-ൽ നിലവിൽ വന്ന സർഫാസി നിയമം ഏറ്റവും ശക്തമായി ഉപയോഗിക്കുന്നത് കശുവണ്ടി മേഖലയിലാണ്. വ്യവസായം തുടങ്ങുന്നതിന് എടുക്കുന്ന ലോണിന്റെ മൂന്ന് ഇ.എം.ഐ മുടങ്ങുകയോ മൂന്ന് മാസത്തെ പലിശ മുടങ്ങുകയോ ചെയ്താൽ അന്നുമുതൽ ആ അക്കൗണ്ട് എൻ.പി.എ (Non Performing Account) ആവുകയും അതിനുശേഷം ഇപ്പറഞ്ഞ വ്യവസായ യൂണിറ്റ് എങ്ങനെയാണോ എവിടെയാണോ സ്ഥിതി ചെയ്യുന്നത് ആ അവസ്ഥയിൽ തന്നെ ബാങ്കുകൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്.
ഒരു വ്യവസായ സ്ഥാപനം പൂട്ടിയെന്ന് അറിയുന്ന നിമിഷം മുതൽ ബാങ്ക് ജപ്തി ചെയ്യാനായി വരും. ബാങ്കിന്റെ മാനേജറും കോടതി അയക്കുന്ന അഡ്വക്കേറ്റ് കമ്മീഷനും കൂടാതെ റിക്കവറി ഏജന്റെന്നും പറഞ്ഞ് ഒരാളും വരും. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന, പറയാനറയ്ക്കുന്ന വാക്കുകൾ പറയുന്ന ഗുണ്ടകളാണ് അവർ. വ്യവസായികളെ അവർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. വ്യവസായിയുടെ വീട്ടിലും ഇവരെത്തും. ഇത്തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ ഫാക്ടറി പൂട്ടിയിട്ട് പോകുന്നത്. ഇത്തരത്തിൽ അപമാനിക്കപ്പെടുന്നവർ രണ്ടാമതൊന്ന് ചിന്തിക്കാതെ ആത്മഹത്യയിലേക്ക് പോവുകയാണ് ചെയ്യുന്നത്. കുടുംബവുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലൂടെയാണ് ചിലർ കടന്നുപോകുന്നത്.”- രാജേഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

Comments