ഇന്ത്യൻ തൊഴിലാളികൾ
സമരഭൂമിയിലാണ്…

രാജ്യത്തെ അസംഘടിത തൊഴിലാളികൾ സമരഭൂമിയിലാണ്. സംഘടിത സമരങ്ങൾ തന്നെയാണ് അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഏകമാർഗ്ഗമെന്ന് നോയിഡയിലെ തൊഴിലാളി സമരം രാജ്യത്തെ തൊഴിൽ സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ്: ടി. ശ്രീജിത്ത് എഴുതുന്നു.

ക്കാലത്തും വലിയ ചൂഷണം നേരിടുന്നവരാണ് രാജ്യത്തെ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർ. തുച്ഛ വേതനവും തൊഴിൽ സ്ഥിരതയില്ലാത്തതും അടിസ്ഥാന അവകാശങ്ങളുടെ നിഷേധവും ഈ തൊഴിലാളികളെ ഇന്നും വേട്ടയാടുന്നു.

ദൽഹി - ജയ്പൂർ ദേശീയപാതയിൽ ഹരിയാനയിലെ ഗുർഗാവ് ജില്ലയിലുള്ള മനേസറിൽ നിന്ന് തുടങ്ങി യു.പിയിലെ നോയ്ഡയിൽ ശക്തി പ്രാപിച്ച തൊഴിലാളി സമരം ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ തുറന്ന് കാട്ടുന്നതാണ്. ഗാർഹിക തൊഴിലാളികൾ, ക്ലീനിങ് തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, ഗിഗ് വർക്കേഴ്സ് തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് വേതനവർധനവിനും അടിസ്ഥാന അവകാശങ്ങൾക്കും തെരുവിലിറങ്ങിയത്.

മനേസറിലെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്ലാന്റിൽ നിന്നാണ് സമരം ആരംഭിച്ചത്. ഇന്ത്യയിലെ ഓട്ടോ മേക്കിങ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഹരിയാനയിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്ന വിദഗ്ദ, അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിൽ കാലോചിത വർധനവാണ് ആവശ്യമായി ഉയർന്നത്.

ഹരിയാനയിലെ തൊഴിൽസമരം ശക്തമായതോടെ സർക്കാർ സമ്മർദ്ദത്തിലായി. മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് 35% വേതന വർധനവ് പ്രഖ്യാപിക്കേണ്ടിവന്നു. നേരത്തെ ഏകദേശം 11,000 രൂപയായിരുന്നു അവിദഗ്ദ തൊഴിലാളികളുടെ മാസവേതനം. അവിദഗ്ദ തൊഴിലാളികൾക്ക് 15220 രൂപ, അർധ വിദഗ്ദ തൊഴിലാളികൾക്ക് 16,780 രൂപ, വിദഗ്ദ തൊഴിലാളികൾക്ക് 18500 രൂപ എന്നിങ്ങനെയാണ് ഹരിയാനയിൽ തൊഴിലാളികളുടെ മാസവേതനം വർധിപ്പിച്ചത്.

തൊഴിലാളികളുടെ നിയമപരമായ അവകാശമായ മിനിമം വേതനം നൽകാൻ തൊഴിലുടമകൾ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ ഒരു ഏകീകരണം സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.

മനേസറിലെ സമരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദൽഹി - ഉത്തർപ്രദേശ് അതിർത്തിയായ നോയിഡയിലും തൊഴിലാളികൾ സമരം ആരംഭിച്ചത്. ഹരിയാനയിലേതിന് സമാനമായ വേതനവർധനവാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. വേതനം 18,000 മുതൽ 20,000 രൂപ വരെയാക്കണമെന്നായിരുന്നു ആവശ്യം. ഓരോ മാസവും 10ാം തീയ്യതിക്ക് മുൻപായി വേതനം നൽകുക, നവംബർ 30-ന് മുൻപ് വാർഷിക ബോണസ് നൽകുക, ഓവർടൈം ജോലിക്ക് ഇരട്ടിക്കൂലി, വീക്ക്ലി ഓഫ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

സമരത്തെ അടിച്ചമർത്താനാണ് യോഗി ആദിത്യനാഥിൻെറ ബി.ജെ.പി സർക്കാർ ശ്രമിച്ചത്. 22 വനിതകളടക്കം 50-ലധികം പേർ അറസ്റ്റിലായി. ഇവരിൽ 11 പേർക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തു. എന്നാൽ ഇതിന് പിന്നാലെ സമരം ശക്തമാവുകയാണ് ചെയ്തത്. പോലീസ് ലാത്തിച്ചാർജ്ജിനെതിരെ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് കാര്യമായ ചെറുത്തുനിൽപ്പുണ്ടായി. ഒടുവിൽ യോഗി സർക്കാരിനും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടിവന്നു. എന്നിട്ടും 21% വർധനവാണ് ഉത്തർപ്രദേശിലുണ്ടായത്. അവിദഗ്ദ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13690 രൂപയാക്കി ഉയർത്തി. സെമി സ്കിൽഡ് തൊഴിലാളികളുടെ വേതനം 12,445 രൂപയിൽ നിന്ന് 15,059 രൂപയാക്കി. വിദഗ്ദ തൊഴിലാളികളുടേത് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും ഉയർത്തി. 12 മണിക്കൂർ വരെയാണ് ഈ തൊഴിലാളികൾ പണിയെടുക്കുന്നത്. അവർ ചെയ്യുന്ന ജോലിക്കുള്ള കൂലി ഇപ്പോഴും ആവുന്നില്ല. യുപിയിലെ 21 ശതമാനം വർധനവ് വരുമ്പോഴും ഒരു വിദഗ്ദ തൊഴിലാളിക്ക് ദിവസവേതനം ഏകദേശം 560 രൂപ മാത്രമാണ്.

ദൽഹി - ജയ്പൂർ ദേശീയപാതയിൽ ഹരിയാനയിലെ ഗുർഗാവ് ജില്ലയിലുള്ള മനേസറിൽ നിന്ന് തുടങ്ങി യു.പിയിലെ നോയ്ഡയിൽ ശക്തി പ്രാപിച്ച തൊഴിലാളി സമരം ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ തുറന്ന് കാട്ടുന്നതാണ്.
ദൽഹി - ജയ്പൂർ ദേശീയപാതയിൽ ഹരിയാനയിലെ ഗുർഗാവ് ജില്ലയിലുള്ള മനേസറിൽ നിന്ന് തുടങ്ങി യു.പിയിലെ നോയ്ഡയിൽ ശക്തി പ്രാപിച്ച തൊഴിലാളി സമരം ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ തുറന്ന് കാട്ടുന്നതാണ്.

തൊഴിലാളികളുടെ നിയമപരമായ അവകാശമായ മിനിമം വേതനം നൽകാൻ തൊഴിലുടമകൾ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ ഒരു ഏകീകരണം സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. മിനിമം വേതനം ലഭിക്കാത്തത് തൊഴിലാളികളുടെ ജീവിതനിലവാരത്തെ തന്നെ ബാധിക്കാറുണ്ട്. വേതനത്തിനനുസരിച്ച് തങ്ങളുടെ സേവിങ്സ്, ഇൻഷുറൻസ് പ്രീമിയം, ലോൺ റീപേയ്മെൻറ് തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വിധ പ്ലാനിങ്ങും ഇവർക്ക് സാധിക്കാതെ വരും.

സാംസങ് തൊഴിലാളികളുടെ
അവകാശ സമരം

തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിലുള്ള സാംസങ് ഫാക്ടറിയിലെ തൊഴിലാളികളുടെ സമരമാണ് ഈയടുത്ത് രാജ്യം കണ്ട വലിയ അവകാശപ്പോരാട്ടങ്ങളിലൊന്ന്. ഒന്നരമാസത്തോളം നീണ്ട സമരത്തിനൊടുവിൽ ആവശ്യങ്ങൾ ഒരുപരിധി വരെ നേടിയെടുക്കാനായി. സി ഐ ടി യുവിൻെറ പിന്തുണയോടെ രാജ്യത്തെ ആദ്യ സാംസങ് തൊഴിലാളി സംഘടനയും അവിടെ രൂപീകരിക്കപ്പെട്ടു. മാസങ്ങളോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് Samsung India Workers Union (SIWU) രജിസ്റ്റർ ചെയ്തത്. തൊഴിലാളികളെ സംഘടിക്കുന്നതിൽ നിന്ന് വിലക്കുന്ന ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് മുന്നറിയിപ്പ് കൂടിയായിരുന്നു സംഘടനയുടെ ഉത്ഭവം. ലോകത്ത് തന്നെ സാംസങ് തൊഴിലാളികളുടെ രണ്ടാമത്തെ സംഘടനയാണിത്. ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയനാണ് ആദ്യത്തേത്.

രാജ്യത്ത് നടക്കുന്ന പല സമരങ്ങളും ലേബർ കോഡ് നടപ്പാക്കിയതിന് പിന്നാലെ ഉണ്ടായ തൊഴിലാളി വിരുദ്ധ നിലപാടുകളെ കൂടി എതിർക്കുന്നതാണ്.

17 വർഷമായി തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന സാംസങ്ങിൻെറ മാനുഫാക്ചറിങ് യൂണിറ്റിൽ ആദ്യമായാണ് ഒരു തൊഴിലാളി പ്രക്ഷോഭം നടന്നത്. 1926-ലെ ട്രേഡ് യൂണിയൻ നിയമം പ്രകാരമാണ് തൊഴിലാളി സംഘടന രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത്. സംഘടനയെ അംഗീകരിക്കാൻ ബഹുരാഷ്ട്ര കമ്പനി തയ്യാറായിരുന്നില്ല. സ്റ്റാലിൻെറ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരും സാംസങ്ങിനെ പിണക്കാൻ തയ്യാറായില്ല. 2024 സെപ്തംബറിലാണ് കമ്പനിയെ ഞെട്ടിച്ച് സമരം ആരംഭിച്ചത്. ഏകദേശം 1500 തൊഴിലാളികൾ പണിമുടക്കി കൊണ്ടാണ് സമരത്തിന് തുടക്കമിട്ടത്. “സാംസങ് തൊഴിലാളികളുടെ ജോലിസമയം ഉച്ചഭക്ഷണത്തിനുള്ള 40 മിനിറ്റ് ഇടവേളയടക്കം 9 മണിക്കൂറാണ്. ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ യാതൊരു വിധത്തിലും പരസ്പരം സംസാരിക്കാനോ മറ്റോ ഉള്ള സമയം അനുവദിക്കില്ല. 5.50-ന് ബസ് വരികയാണെങ്കിൽ 5.40ന് ജോലി അവസാനിപ്പിക്കാം. ജോലി കഴിഞ്ഞ് വസ്ത്രം മാറ്റുന്നതിന് 10 മിനിറ്റ് മാത്രമാണ് നൽകുക. ഇത്തരത്തിൽ കടുത്ത തൊഴിലാളിവിരുദ്ധ നിയന്ത്രണങ്ങളാണ് നടന്നുപോന്നിരുന്നത്,” സി ഐ ടി യു തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഗോപികുമാർ ദ ന്യൂസ് മിനുറ്റിനോട് വിശദീകരിക്കുന്നുണ്ട്.

സമരം കാരണം തങ്ങൾക്ക് 100 മില്യൺ ഡോളറിൻെറ നഷ്ടമുണ്ടായെന്ന് സാംസങ് കമ്പനി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാംസങ് തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി അടിച്ചമർത്താനാണ് തമിഴ്നാട് സർക്കാർ ശ്രമിച്ചത്. എന്നാൽ അതൊന്നും വിലപ്പോയില്ല. ഒടുവിൽ സമരം വിജയിക്കുകയാണ് ചെയ്തത്. 2025 ജനുവരി 27-നാണ് തൊഴിലാളി സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിലുള്ള സാംസങ് ഫാക്ടറിയിലെ തൊഴിലാളികളുടെ സമരമാണ് ഈയടുത്ത് രാജ്യം കണ്ട വലിയ അവകാശപ്പോരാട്ടങ്ങളിലൊന്ന്. ഒന്നരമാസത്തോളം നീണ്ട സമരത്തിനൊടുവിൽ ആവശ്യങ്ങൾ ഒരുപരിധി വരെ നേടിയെടുക്കാനായി.
തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിലുള്ള സാംസങ് ഫാക്ടറിയിലെ തൊഴിലാളികളുടെ സമരമാണ് ഈയടുത്ത് രാജ്യം കണ്ട വലിയ അവകാശപ്പോരാട്ടങ്ങളിലൊന്ന്. ഒന്നരമാസത്തോളം നീണ്ട സമരത്തിനൊടുവിൽ ആവശ്യങ്ങൾ ഒരുപരിധി വരെ നേടിയെടുക്കാനായി.

മിനിമം വേതനമില്ലാത്ത
ആശാവർക്കർമാർ

കേരളത്തിൻെറ ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളായ ആശാവർക്കർ വേതനവർധനവടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അവകാശപ്പോരാട്ടവും സമീപകാലത്തെ സമാനതകളില്ലാത്ത തൊഴിൽ സമരമായിരുന്നു. ഓണറേറിയം വർധനവായിരുന്നു പ്രധാന ആവശ്യം. വെറും 233 രൂപയാണ് ദിവസവേതനമായി ആശമാർക്ക് ലഭ്യമായിരുന്നത്. പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്ക് തന്നെ 100 രൂപയോളം ചെലവാകാറുണ്ട്. തുച്ഛമായ തുക മാത്രമാണ് ലഭ്യമായിരുന്നത്.

ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് സ്ത്രീതൊഴിലാളികൾ സമരം ചെയ്തത്. 2025 ഫെബ്രുവരി 10 മുതൽ തുടങ്ങിയ സമരം 266 ദിവസമാണ് നീണ്ടത്. ഇടതുസർക്കാർ സമരത്തെ കണ്ടില്ലെന്ന് നടിക്കാനും അവഗണിക്കാനുമാണ് പരമാവധി ശ്രമിച്ചത്. എന്നാൽ പ്രധാന ആവശ്യങ്ങളിൽ പലതിലും തീരുമാനമെടുക്കാൻ നിർബന്ധിതരായി. നിഷേധാത്മക നിലപാട് സ്വീകരിച്ച സർക്കാർ, തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇത് പിന്നീട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലും പ്രഖ്യാപിച്ചു. പ്രതിമാസം 1000 രൂപ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.

തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുന്ന നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുമ്പോൾ സംഘടിതസമരങ്ങൾ തന്നെയാണ് ഏക മാർഗ്ഗം.

ഇത് കൂടാതെ ഓണറേറിയം ലഭിക്കുന്നതിന് ഏർപ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ 10 മാനദണ്ഡങ്ങൾ റദ്ദാക്കി. ആശമാരുടെ ജോലിഭാരം കുറച്ചു. വേതനമില്ലാത്ത ആശുപത്രി ഡ്യൂട്ടി, ആർദ്രം ഡ്യൂട്ടി എന്നിവയിൽ നിന്നും ആശമാരെ ഒഴിവാക്കി. സമരത്തെതുടർന്ന്, ആശ വർക്കർമാരുടെ ആവശ്യങ്ങൾ പഠിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയും ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ. സുഭാഷ് കൺവീനറുമായ കമ്മിറ്റിയെയും സർക്കാറിന് നിയോഗിക്കേണ്ടി വന്നു.

കേന്ദ്രസർക്കാർ നൽകിക്കൊണ്ടിരുന്ന ഫിക്സഡ് ഇൻസെൻ്റീവ് 2000 രൂപയിൽ നിന്നും 3500 രൂപയാക്കി വർദ്ധിപ്പിച്ചു. 10 വർഷമെങ്കിലും ആശ സ്കീമിൽ ജോലി ചെയ്തവർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ആശമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചു.

കേരളത്തിൻെറ ആരോഗ്യമേഖലയിൽ  പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളായ ആശാവർക്കർ വേതനവർധനവടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അവകാശപ്പോരാട്ടവും സമീപകാലത്തെ സമാനതകളില്ലാത്ത തൊഴിൽ സമരമായിരുന്നു.
കേരളത്തിൻെറ ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളായ ആശാവർക്കർ വേതനവർധനവടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അവകാശപ്പോരാട്ടവും സമീപകാലത്തെ സമാനതകളില്ലാത്ത തൊഴിൽ സമരമായിരുന്നു.

തൊഴിലാളിവിരുദ്ധ ലേബർ കോഡ്

2020-ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ നിയമങ്ങൾ ലേബർ കോഡുകൾ പ്രാബല്യത്തിൽ വരുന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് 2025 നവംബർ 21-നാണ്. രാജ്യത്തെ 46 കോടിയോളം വരുന്ന തൊഴിലാളികളെ- നേരിട്ടുബാധിക്കുന്നതാണ് നിയമം. മിനിമം വേതനം, ജോലിസമയം, ജോലിസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ തീർത്തും തൊഴിലാളിവിരുദ്ധമായ നയങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമം. നിലവിൽ രാജ്യത്ത് നടക്കുന്ന പല സമരങ്ങളും ലേബർ കോഡ് നടപ്പാക്കിയതിന് പിന്നാലെ ഉണ്ടായ തൊഴിലാളി വിരുദ്ധ നിലപാടുകളെ കൂടി എതിർക്കുന്നതാണ്.

തൊഴിലാളിസമരങ്ങളുടെ ഭൂമി

ഹരിയാനയിലെ മനേസറിലും പാനിപ്പട്ടിലും ഉത്തർപ്രദേശിലെ നോയ്ഡയിലും ബിഹാറിലെ ബറൗണിയിലും ഗുജറാത്തിലെ സൂറത്തിലും തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിലും കേരളത്തിലെ തിരുവനന്തപുരത്തുമെല്ലാം ദിവസങ്ങളോളം തൊഴിലാളികൾ സമരം ചെയ്തത് അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. അവരുടെ അവകാശങ്ങൾ നടപ്പാക്കപ്പെടുന്നതിന് വേണ്ടിയാണ്. അവരെടുക്കുന്ന തൊഴിലിൽ നിന്ന് അവരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള വേതനമെങ്കിലും ലഭ്യമാവുന്നതിന് വേണ്ടിയാണ്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾക്കെതിരെയാണ്. തൊഴിലാളികൾക്കും കുടുംബത്തിനും സുരക്ഷിതമായി ജീവിക്കുന്നതിന് വേണ്ടിയുള്ള മിനിമം ഇൻഷുറൻസ് പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടിയാണ്. തൊഴിലിടങ്ങളിൽ ചൂഷണം നേരിടുന്ന തൊഴിലാളികളെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്ന് കൂടിയുണ്ടാവുമ്പോൾ സംഘടിതമായ സമരങ്ങൾ തന്നെയാണ് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഏകമാർഗ്ഗം.

Comments