ഇന്ത്യൻ തൊഴിലാളിവർഗം കൊളോണിയൽ കാലം മുതൽ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എല്ലാ തൊഴിലവകാശങ്ങളെയും തൊഴിൽസുരക്ഷയെയും ഇല്ലാതാക്കുന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. ട്രേഡ് യൂണിയനുകളുമായി ചർച്ചകൾ പോലും നടത്താതെയാണ്, ഗൂഢാലോചനാപരമായി, നാല് ലേബർ കോഡുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
2020 സെപ്തംബറിൽ തന്നെ നാല് കോഡുകൾക്കും പാർലമെൻ്റിൽ അംഗീകാരം ലഭിച്ചെങ്കിലും വിജ്ഞാപനം നീണ്ടുപോവുകയായിരുന്നു. ട്രേഡ് യൂണിയനുകളുടെ എതിർപ്പുകളെ മറികടക്കാനാവാം, അതീവരഹസ്യമായി കോഡുകൾ നിലവിൽ വന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വ്യാപാരചർച്ചകൾ തുടരുന്നതിനിടയിലാണ്, ആഗോള മൂലധനത്തിന്റെയും അംബാനി–അദാനിമാരുടെയും താൽപര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന ലേബർ കോഡുകൾ നടപ്പാക്കാൻ തീരുമാനിച്ചത്.
കോർപ്പറേറ്റ് മൂലധന താൽപര്യങ്ങളാണ് നാല് ലേബർ കോഡുകൾക്ക് പിറകിലുള്ളത്. ഇന്ത്യൻ ജനതയോ ഇവിടെ സമ്പത്തുൽപാദിപ്പിക്കുന്ന തൊഴിലാളികളോ അവരുടെ ജീവിതാവകാശങ്ങളോ അല്ല മോദി സർക്കാരിനെ നയിക്കുന്നത്. മറിച്ച്, അംബാനി– അദാനിമാർ നേതൃത്വം നൽകുന്ന കോർപ്പറേറ്റ് മൂലധന താൽപര്യമാണ്. 2024–ലെ ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ പ്രസംഗിക്കവെ നരേന്ദ്രമോദി ആഗോള മൂലധനശക്തികളാവശ്യപ്പെടുന്ന തൊഴിൽനിയമ പരിഷ്കാരങ്ങൾ ഇന്ത്യയിൽ നടപ്പാക്കുമെന്ന് ഉറപ്പു നൽകിയതും ഈ സന്ദർഭത്തിൽ ഓർമ്മിക്കേണ്ടതുണ്ട്.

നവലിബറൽ നയങ്ങൾക്ക് തുടക്കം കുറിച്ച 1991 മുതൽ ഇന്ത്യയിൽ തൊഴിൽനിയമ പരിഷ്കാര നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോർപ്പറേറ്റ് മൂലധനത്തിന്റെ വ്യവസ്ഥാരഹിതവും ഉപാധിരഹിതവുമായ കടന്നുകയറ്റങ്ങൾക്ക് വിഭവസ്രോതസ്സുകളെയും സമ്പത്തുൽപാദന മേഖലകളെയും തുറന്നുകൊടുക്കുന്നതുപോലെ തൊഴിൽ മേഖലയും തുറന്നുകൊടുക്കാനാണ് നരസിംഹറാവു സർക്കാർ മുതൽ നരേന്ദ്രമോദി സർക്കാർ വരെ ശ്രമിച്ചിട്ടുള്ളത്.
സമ്പത്തുൽപാദനത്തിന്റെ അടിസ്ഥാനം അദ്ധ്വാനവും തൊഴിലുമാണെന്നുപോലും പരിഗണിക്കാതെയാണ് കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യൻ തൊഴിലാളിവർഗം ത്യാഗപൂർണമായ സമരങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങളെ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
തൊഴിലുടമകൾക്ക് യഥേഷ്ടം പിരിച്ചുവിടലും പൂട്ടലും തുടരുന്നതിന് തടസ്സം നിൽക്കുന്ന എല്ലാ വ്യവസായ- തൊഴിൽ നിയമങ്ങളെയും ഇല്ലാതാക്കുകയെന്നതാണ് നവലിബറലിസത്തിന്റെ പ്രഖ്യാപിത അജണ്ട.
രാജ്യത്തെ തൊഴിൽശക്തിയുടെ വലിയൊരു വിഭാഗത്തെ നിരാധാരമാക്കുന്നതും തൊഴിലാളികളെ കോർപ്പറേറ്റ് മൂലധനത്തിന് അടിമകളാക്കുന്നതുമാണ് 29 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി മാറ്റിക്കൊണ്ടുള്ള അങ്ങേയറ്റം അപകടകരമായ നിയമഭേദഗതി. തൊഴിലാളികൾ ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നിയമാനുസൃതമായ ആനുകൂല്യങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണ് ഈ ലേബർ കോഡുകൾ.
തൊഴിൽനിയമങ്ങളുടെ എണ്ണം കുറച്ച്, അവയെ ലളിതവും യുക്തിസഹവുമാക്കാനാണ് ലേബർ കോഡുകൾ എന്നതാണ് കേന്ദ്ര സർക്കാർ നിരത്തുന്ന ന്യായം. എന്നാൽ, തൊഴിലാളികളെ ദ്രോഹിക്കുന്നതിനും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുമുള്ള കോർപ്പറേറ്റ്- ഹിന്ദുത്വ വർഗീയ കൂട്ടുകെട്ടിന്റെ നീക്കമാണിത് എന്ന് വ്യക്തമാണ്.
തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളായി ചുരുക്കാനുള്ള നീക്കത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ശക്തമായി എതിർത്തിരുന്നു. പാർലമെൻ്റിൽ ഇടതുപക്ഷം നിയമഭേദഗതിയുടെ അപകടത്തെ ചൂണ്ടിക്കാണിച്ചു. എന്നാൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വേജ് കോഡിനെ പാർലമെൻ്റിൽ പിന്തുണയ്ക്കുകയും മറ്റ് മൂന്ന് കോഡുകളെയും കാര്യമായി എതിർക്കാതിരിക്കുകയുമാണ് ചെയ്തത്. INTUC ശക്തമായി എതിർക്കുമ്പോഴാണ് കോൺഗ്രസ് പർലമെൻ്റിൽ മോദി സർക്കാരിെൻ്റ തൊഴിലാളിദ്രോഹനിലപാടിനോട് മൃദുസമീപനം സ്വീകരിച്ചത്. BMS നിലപാട് വിചിത്രമായിരുന്നു. തൊഴിൽനിയമഭേദഗതികളെ തുടക്കത്തിൽ അവർ ശക്തമായി എതിർത്തെങ്കിലും പിന്നീട് കേന്ദ്രസർക്കാരിന് വഴങ്ങി പിന്തുണ നൽകുന്നതിലേക്ക് മലക്കം മറിഞ്ഞു.

ഒന്നാം മോദി സർക്കാരിന്റെ ആദ്യ നടപടികളിൽ ഒന്നായിരുന്നു തൊഴിൽ നിയമ ഭേദഗതി. തീവ്ര നവലിബറൽ നയങ്ങളുടെ വക്താക്കളായ ഹിന്ദുത്വവാദികൾ മൂലധനത്തിന്റെ ആവശ്യമനുസരിച്ച് തൊഴിൽകമ്പോളത്തെ അരക്ഷിതമാക്കുകയെന്നത് പ്രധാന പരിപാടിയായി ഏറ്റെടുക്കുകയായിരുന്നു. നവലിബറലിസം ആവശ്യപ്പെടുന്നത് തൊഴിലുടമയ്ക്ക് യഥേഷ്ടം തൊഴിലാളികളെ തള്ളാനും കൊള്ളാനും നിയന്ത്രണമില്ലാത്ത അധികാരപ്രയോഗത്തിനുള്ള സാഹചര്യമാണ്. തൊഴിലുടമകൾക്ക് യഥേഷ്ടം പിരിച്ചുവിടലും പൂട്ടലും തുടരുന്നതിന് തടസ്സം നിൽക്കുന്ന എല്ലാ വ്യവസായ- തൊഴിൽ നിയമങ്ങളെയും ഇല്ലാതാക്കുകയെന്നതാണ് നവലിബറലിസത്തിന്റെ പ്രഖ്യാപിത അജണ്ട. അതുകൊണ്ടുതന്നെ, ലേബർ കോഡുകൾ ഇന്ത്യൻ തൊഴിലാളിവർഗത്തെ അടിമകളാക്കുന്നതും അക്ഷരാർത്ഥത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ കരാളതയിലേക്ക് തള്ളിവിടുന്നതുമാണ്.
1926–ലാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അനുസ്യൂതവും ത്യാഗപൂർണവുമായ പോരാട്ടങ്ങളെ തുടർന്ന് ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ട് പാസാക്കുന്നത്. അതോടെയാണ് തൊഴിലാളികൾക്ക് സംഘടിക്കാനും യൂണിയനുകൾ ഉണ്ടാക്കാനും അവകാശങ്ങൾക്കുവേണ്ടി പണിമുടക്കാനും നിയമപരമായി അനുമതിയുണ്ടാകുന്നത്. ഇന്ത്യൻ തൊഴിലാളിവർഗം കൊളോണിയൽ കാലത്തും സ്വതന്ത്ര ഇന്ത്യയിലും നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്തുതന്നെ ലേബർ കോഡ് കൊണ്ടുവരാനുള്ള നീക്കമുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും എതിർപ്പ് ശക്തമായതോടെയാണ് സർക്കാർ അതിൽനിന്ന് പിന്തിരിഞ്ഞത്.
പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്ക്കരിച്ച സാഹചര്യം അവസരമാക്കിയാണ് ലോക്സഭയിലും രാജ്യസഭയിലും ലേബർ കോഡുകൾ ചർച്ചയില്ലാതെ പാസാക്കിയെടുത്തത്.
2019–ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നതോടെയാണ് ലേബർ കോഡുകൾ പാർലമെൻ്റിൽ കൊണ്ടുവരാൻ കൗശലപൂർവ്വമായ നീക്കം നടന്നത്. അങ്ങനെ 2019 ആഗസ്റ്റിൽ വേജ് കോഡ് പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇടതുപക്ഷ പാർട്ടികൾ ശക്തമായി എതിർത്തെങ്കിലും കോൺഗ്രസ് എം.പിമാർ ബി.ജെ.പിയുമായി ചേർന്ന് വേജ് കോഡ് പാസാക്കുന്ന സാഹചര്യം സൃഷ്ടിച്ചു. കോവിഡ് കാലത്ത്, 2020 സെപ്തംബറിലെ വർഷകാല സമ്മേളനത്തിലാണ് മറ്റു മൂന്ന് കോഡുകളും അവതരിപ്പിക്കപ്പെടുന്നത്. ഇതേ സമയത്താണ് ആഗോള അഗ്രി ബിസിനസ് കുത്തകകളുടെ താൽപര്യങ്ങൾക്കനുസൃതമായ ഫാം നിയമങ്ങളും പാർലമെൻ്റിൽ് വരുന്നത്. രണ്ടിനുമെതിരായി പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പുണ്ടായി. രാജ്യസഭയിൽ പ്രതിഷേധിച്ച സി.പി.എം ഉൾപ്പെടെയുള്ള കക്ഷികളിലെ എട്ട് എം.പിമാരെ സസ്പെൻ്റ് ചെയ്തു. സസ്പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്ക്കരിച്ച സാഹചര്യം അവസരമാക്കിയാണ് ലോക്സഭയിലും രാജ്യസഭയിലും ലേബർ കോഡുകൾ ചർച്ചയില്ലാതെ പാസാക്കിയെടുത്തത്.

തൊഴിലാളികൾക്കുള്ള എല്ലാ പരിരക്ഷയും ഇല്ലാതാക്കുന്നതാണ് ഈ നിയമഭേദഗതികൾ. 1926–ലെ ട്രേഡ് യൂണിയൻ ആക്ടിനെ തുടർന്നാണ് ഇന്ത്യയിൽ സ്ഥിരം തൊഴിൽ ഉൾപ്പെടെയുള്ള അവകാശങ്ങൾക്കു വേണ്ടി പോരാട്ടം ശക്തമായത്. സ്ഥിരം തൊഴിൽ എന്നത് പണിയെടുക്കുന്ന ജനതയുടെ ജീവിതസുരക്ഷ ഉറപ്പാക്കാനുള്ള അവകാശമാണ് എന്ന തിരിച്ചറിവാണ് ലോകമെമ്പാടും ഇതിനായുള്ള പോരാട്ടങ്ങൾ നടന്നത്. മനുഷ്യോചിതമായ ജീവിതവും സുരക്ഷയും തൊഴിലാളിക്ക് ഉറപ്പുവരുത്തുന്നതിെൻ്റ മുന്നുപാധിയാണ് സ്ഥിരം തൊഴിൽ. നവലിബറൽ നയങ്ങൾ ലോകമെമ്പാടും സ്ഥിരം തൊഴിലിനെ ഇല്ലാതാക്കുകയും മൂലധന ഭീമൻമാരുടെ താൽപര്യങ്ങൾക്കായി തൊഴിലാളികളെ എറിഞ്ഞുകൊടുക്കുകയുമാണ്. ഒരു തരത്തിലുമുള്ള സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളുമില്ലാത്ത, ഹ്രസ്വകാല തൊഴിലെന്ന പുതിയ സംവിധാനമാണ് ലേബർ കോഡുകൾ കൊണ്ടുവരുന്നത്. തൊഴിലാളികളുടെ സുരക്ഷ, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥ തുടങ്ങിയതൊന്നും ലേബർ കോഡിൽ ഉറപ്പാക്കിയിട്ടില്ല. തൊഴിലിടസുരക്ഷയോ സുരക്ഷാ മാനദണ്ഡങ്ങളോ അതിനുള്ള വ്യവസ്ഥകളോ സാമൂഹ്യസുരക്ഷാപദ്ധതികളോ പരാമർശിക്കുന്നില്ല. ചുരുക്കത്തിൽ, നാല് ലേബർ കോഡുകൾ തൊഴിലാളികളുടെ സ്ഥിരം തൊഴിൽ അവകാശത്തെ ഇല്ലാതാക്കുകയും കരാർ തൊഴിലാളികളാക്കി അധഃപതിപ്പിക്കുകയും ചെയ്യുന്നുവെന്ന വിമർശനമാണ് ട്രേഡ് യൂണിയനുകൾ പ്രധാനമായും ഉയർത്തുന്നത്.
ഇഷ്ടം പോലെ തൊഴിലാളികളെ കൊള്ളാനും തള്ളാനുമുള്ള അധികാരമാണ് തൊഴിലുടമകൾക്ക് ലേബർ കോഡുകൾ വഴി ലഭിക്കുക. കരാർ തൊഴിൽ സാർവത്രികമാക്കുകയും പൂട്ടലും പിരിച്ചുവിടലും എളുപ്പമാക്കുകയും ചെയ്യും.
ഇഷ്ടം പോലെ തൊഴിലാളികളെ കൊള്ളാനും തള്ളാനുമുള്ള അധികാരമാണ് തൊഴിലുടമകൾക്ക് ലേബർ കോഡുകൾ വഴി ലഭിക്കുക. കരാർ തൊഴിൽ സാർവത്രികമാക്കുകയും പൂട്ടലും പിരിച്ചുവിടലും എളുപ്പമാക്കുകയും ചെയ്യും. ലേബർ കോഡുകൾ ബാധകമാക്കാവുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ എണ്ണം പുനർനിർണ്ണയിച്ചതിലൂടെ നിയമപരിധിയിൽ നിന്ന് വലിയൊരു വിഭാഗം വ്യവസായ സ്ഥാപനങ്ങൾ ഒഴിവാക്കപ്പെടുകയാണ്. മുമ്പ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 10–ൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറികളും വൈദ്യുതി ഉപയോഗിക്കാത്ത 20–ൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറികളും തൊഴിൽ നിയമ പരിധിയിലായിരുന്നു. ഇപ്പോൾ ഇത് 20- ഉം 40- ഉം ആക്കിയിരിക്കുകയാണ്. വ്യവസായബന്ധകോഡ് രാജ്യത്തെ 70 ശതമാനം വ്യവസായ സ്ഥാപനങ്ങളെയും 74 ശതമാനം തൊഴിലാളികളെയും വെറും കരാർ സംവിധാനത്തിലേക്ക് അധഃപതിപ്പിക്കും. നേരത്തെ നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് പിരിച്ചുവിടാനും വെട്ടിക്കുറയ്ക്കാനും സർക്കാർ അനുമതി വേണ്ടിയിരുന്നു. ഇപ്പോൾ 300–ൽ കൂടുതൽ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾക്ക് മാത്രമായി ഈ വ്യവസ്ഥ പരിമിതപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, സർക്കാരിന് പ്രത്യേക വിജ്ഞാപനത്തിലൂടെ വ്യവസ്ഥയിൽ പറയുന്ന തൊഴിലാളികളുടെ എണ്ണം കൂട്ടാനുമാവും.

സംഘടിക്കാനും യൂണിയനുകൾ ഉണ്ടാക്കാനുമുള്ള അവകാശവും വ്യവസായബന്ധ കോഡിലൂടെ ഇല്ലാതാക്കി. അംഗീകൃത യൂണിയനുകളെ നിശ്ചയിക്കാനുള്ള ഒരു മാനദണ്ഡവുമില്ല. രഹസ്യ ബാലറ്റിലൂടെ അംഗീകൃത യൂണിയനുകളെ കണ്ടെത്തണമെന്ന ദീർഘകാല ആവശ്യവും പരിഗണിച്ചിട്ടില്ല. തൊഴിൽ സ്ഥാപനങ്ങളിൽ കൂട്ടായി വിലപേശാനുള്ള അവകാശവും തൊഴിലാളിക്ക് ഇല്ലാതാക്കുന്നു. പണിമുടക്കാനുള്ള അവകാശവും വ്യവസായബന്ധകോഡ് നിഷേധിക്കുന്നു. പണിമുടക്കിന് 14 ദിവസത്തെ നോട്ടീസ് നൽകണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും നോട്ടീസ് നൽകി സമവായ ചർച്ചകൾ നടക്കുമ്പോൾ സമരം അനുവദിക്കുന്നില്ലെന്ന വ്യവസ്ഥയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. വിചാരണാനടപടികളിലൂടെ തർക്കം പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞാൽപിന്നെ മൂന്ന് മാസത്തേക്ക് പണിമുടക്ക് അനുവദിക്കില്ല. അവശ്യസേവനമേഖലയിൽ സമരത്തിന് ആറ് ആഴ്ച മുമ്പ് നോട്ടീസ് നൽകണം. ഫലത്തിൽ ഡിമാൻ്റുകൾ ഉന്നയിച്ച് സമരം ചെയ്യാനുള്ള അടിസ്ഥാന അവകാശം തന്നെയാണ് പുതിയ വ്യവസായബന്ധകോഡ് നിഷേധിക്കുന്നത്.
ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ഒന്നിച്ചുനിന്ന് ഈ കിരാതനിയമത്തെ, അത് നടപ്പാക്കാനുള്ള ഹിന്ദുത്വസർക്കാരിെൻ്റ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുകതന്നെ വേണം. ഭരണഘടനാദിനമായ നവംബർ 26–ന് ഇന്ത്യൻ തൊഴിലാളിവർഗവും കർഷകജനതയും ഒന്നിച്ചുനിന്ന് ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി ദേശീയ പ്രക്ഷോഭം ആരംഭിക്കുകയാണ്. കോർപ്പറേറ്റ് മൂലധനത്തിന്റെ ബകമോഹങ്ങൾക്ക് ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന വർഗത്തെ എറിഞ്ഞുകൊടുക്കുന്ന ഹിന്ദുത്വ വർഗീയ സർക്കാരിനെതിരായ സന്ധിയില്ലാത്ത പോരാട്ടങ്ങൾ അനിവാര്യമാക്കിയിരിക്കുന്നുവെന്ന തിരിച്ചറിവ് തൊഴിലാളികളും കർഷകരും നേടിയിരിക്കുന്നുവെന്നുകൂടിയാണ് ലേബർ കോഡുകൾക്കെതിരായ യോജിച്ച സമരപ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്.
