ഗിഗ് ഇക്കണോമിയും പ്ലാറ്റ്‌ഫോം ജോലികളും ഇന്ന് രാജ്യമാകെ വ്യാപകമായിക്കഴിഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ, ഊബർ, ഒല തുടങ്ങിയ ആപ് അധിഷ്ഠിത തൊഴിലുകൾ ചെറുകിട നഗരങ്ങളിൽ പോലും പതിവ് കാഴ്ച്ചയാണിന്ന്. കോവിഡിന് ശേഷമുള്ള ചെറിയ കാലം കൊണ്ടാണ് പ്ലാറ്റ്‌ഫോം അധിഷ്ഠിത ജോലികളിലേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയത്. 2002ലെ നീതി ആയോഗിന്റെ കണക്കുപ്രകാരം രാജ്യമാകെ 77 ലക്ഷം പ്ലാറ്റ്‌ഫോം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇത്രയധികം തൊഴിലാളികൾ ജോലി ചെയ്യുന്ന ഗിഗ് മേഖലയിൽ കാലാകാലങ്ങളായി നടന്നു വരുന്ന തൊഴിൽ ചൂഷണങ്ങളെക്കുറിച്ചും ഗിഗ് വർക്കേഴ്‌സ് നേരിടുന്ന തൊഴിൽ പ്രതിസന്ധികളെക്കുറിച്ചും സർക്കാരുകൾ വേണ്ടവിധം ചർച്ച ചെയ്തിട്ടുണ്ടോ ? ഇല്ലെന്ന് തന്നെയാണ് ഉത്തരം.
ശരിയാംവണ്ണം ഇൻഷുറൻസ് പരിരക്ഷ നൽകാതെയും ആനുകൂല്യങ്ങൾ അനുവദിക്കാതെയും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് സ്വഗ്ഗിയും സൊമാറ്റോയും ഉൾപ്പടെയുള്ള വൻകിട കമ്പനികൾ ചെയ്യുന്നത്. തൊഴിലാളികൾക്ക് ലഭിക്കുന്ന ടിപ്പ് തുക പോലും പിടിച്ചെടുക്കാനും നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കാനും തൊഴിൽ നിയമങ്ങളെ വേണ്ടവിധം വളച്ചൊടിച്ചും തോന്നുംപോലെ വ്യാഖ്യാനിച്ചും തൊഴിലാളികളെ കബളിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ.
തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർ എന്ന നിലയിൽ ഗിഗ് തൊഴിലാളികളെ പരിഗണിക്കുമെന്നും ഗിഗ് വർക്കേഴ്‌സിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുമെന്നും സംസ്ഥാന സർക്കാർ ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഇടപെടലുകളൊന്നും ഇതുവരെയും ഉണ്ടായിട്ടുമില്ല.
ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗിഗ് തൊഴിലാളികൾ നടത്തിയ സമരങ്ങൾക്ക് ഇനിയും ഫലമുണ്ടായിട്ടില്ല. തൊഴിലാളി യൂണിയനുകളും സജീവമല്ലാത്ത ഗിഗ് മേഖലയെ ചൂഷണം ചെയ്യാൻ കമ്പനികൾക്ക് ഇപ്പോഴും കഴിയുന്നുണ്ട്.
തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഗിഗ് മേഖലയെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെടുത്തുക തന്നെ വേണം. ലക്ഷക്കണക്കായ ഗിഗ് തൊഴിലാളികൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.