ഈ തൊഴിലാളികൾ ‘അതിഥി’കളോ തൊഴിലാളിക്കടത്തിന്റെ ഇരകളോ?

ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്​. അതായത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം. റിക്രൂട്ടുമെൻറിലും തൊഴിലിലും ഇവർക്ക്​ അർഹമായ നിയമപരമായ സുരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ? ‘അതിഥി’ തൊഴിലാളികൾ എന്ന്​ കേരള സർക്കാർ ആദരപൂർവം വി​ശേഷിപ്പിക്കുന്ന അന്തർ സംസ്​ഥാന തൊഴിലാളികളുടെ ജീവിതം എങ്ങനെയാണ്​?. ഒരു അന്വേഷണം.

ഴിഞ്ഞ മാർച്ചിലാണ് എറണാകുളം കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാല് തൊഴിലാളികൾ മരിച്ചത്. നാലുപേരും പശ്ചിമബംഗാളിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയവരായിരുന്നു. മരിച്ചവർ മാത്രമല്ല, നെസ്റ്റ് ഇലക്​ട്രോണിക്​ സിറ്റിയുടെ വർക്ക് സൈറ്റിലുണ്ടായിരുന്നവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുടിയേറ്റ തൊഴിലാളികളായിരുന്നു. മതിയായ സുരക്ഷയില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

കളമശ്ശേരിയിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. കൺസ്ട്രക്ഷൻ സൈറ്റുകളിലെ അപകടങ്ങളിൽ ഇന്ത്യയിലാകെ (ലോകത്തെല്ലായിടത്തും) നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ദാരിദ്ര്യം കാരണം എന്തുജോലിയും ചെയ്യാൻ തയ്യാറായി വരുന്നവരുടെ ജീവന് വൻകിട നിർമാണ കമ്പനികളും കോർപറേറ്റുകളും തെല്ലും വിലകൽപ്പിക്കാത്തതാണ് ഈ അപകടങ്ങളുടെ ആദ്യത്തെ കാരണം. ഇവിടെ നമുക്ക് കേരളത്തിലെ സാഹചര്യം മാത്രം വിശദമായി പരിശോധിക്കാം. കാരണം, ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട കൂലിയും തൊഴിൽസാഹചര്യങ്ങളുമാണ് കൂടുതൽ ആളുകളെ ഇവിടേയ്ക്ക് വരാൻ പ്രേരിപ്പിക്കുന്നത്.

കേരളത്തിൽ തദ്ദേശീയരേക്കാൾ അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ ഏതൊരു നിർമാണസ്ഥലത്തും കൂടുതലുണ്ടാവുക. കുറഞ്ഞ കൂലിയ്ക്ക് കൂടുതൽ ജോലി ചെയ്യിക്കാനാവും എന്നതുകൊണ്ടുകൂടിയാണ് അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കാൻ കോൺട്രാക്ടർമാരും നിർമാണ കമ്പനികളും താത്പര്യപ്പെടുന്നത്. മാത്രമല്ല, ഈ തൊഴിലാളികൾ സൗകര്യങ്ങൾ കുറഞ്ഞതിന്റെ പേരിൽ പരാതിപ്പെടുകയുമില്ല. അതുകൊണ്ടുതന്നെ പരമാവധി അവരെ മുതലെടുക്കുന്നതാണ് ഇവിടത്തെ കോർപറേറ്റുകളുടെ രീതി.

കേരളത്തിൽ 40 ലക്ഷത്തിലേറെ അന്തർ സംസ്​ഥാന തൊഴിലാളികൾ

കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് വളരെയധികം കൂടിയിട്ടുണ്ട്. പണ്ടുകാലത്ത് തമിഴ്‌നാട്ടിൽ നിന്നായിരുന്നു കേരളത്തിലേക്ക് തൊഴിലാളികൾ കൂടുതൽ വന്നിരുന്നത്. അസം, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വന്നിരുന്നെങ്കിലും എണ്ണത്തിൽ കുറവായിരുന്നു. പിന്നീട് പശ്ചിമബംഗാളിൽ നിന്നുള്ളവർ വന്നുതുടങ്ങി. അതിനുപിന്നാലെ ജാർഖണ്ഡ്, മണിപ്പൂർ, അസം, ബിഹാർ, ഒഡീഷ, ഹിമാചൽപ്രദേശ് തുടങ്ങി ഒരുവിധം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തൊഴിൽതേടി ആളുകൾ എത്തിക്കൊണ്ടിരുന്നു. ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ജാർഖണ്ഡിൽ നിന്നുമാണ് കൂടുതൽ തൊഴിലാളികൾ കേരളത്തിലുള്ളത്.
കേരളത്തിൽ ഓരോ വർഷവും കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ 2.35 ലക്ഷത്തിന്റെ വർധനയാണുണ്ടാകുന്നതെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ വരുന്നവരെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. മറ്റു യാത്രാമാർഗങ്ങളുപയോഗിക്കുന്ന അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്​. അതായത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം.

ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ ജനസംഖ്യ ആറ് കോടിയിലേറെയാണെന്നാണ് കണക്ക്. നഗരവത്കരണം ഏറ്റവും കുറഞ്ഞ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറുന്നത്. നഗരവത്കരണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ വരുന്നത്.

അപകടങ്ങൾ തുടർക്കഥ

കേരളത്തിൽ അടുത്ത കാലത്ത്​, നിർമാണ മേഖലയിലുണ്ടായ അപകടങ്ങളിൽ പ്രധാനം, 2022 മാർച്ച് 18-ന് കളമശ്ശേരിയിലുണ്ടായതാണ്. കളമശ്ശേരിയിലെ നെസ്റ്റ് ഇലക്ടോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് നാല് കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. പശ്ചിമബംഗാളിൽ നിന്നുള്ളവരാണ് മരിച്ചവർ. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് തൊഴിലാളികൾ മരിച്ചത്. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്തുണ്ടായിരുന്നതെന്നും ബലം കുറവായിരുന്നെന്നും തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ വിശദ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.

കളമശ്ശേരിയിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയുടെ നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടം

2022 ഏപ്രിൽ നാലിന് കണ്ണൂരിൽ വീട് നിർമാണത്തിനിടെ കോൺക്രീറ്റ് ബീം തകർന്നുവീണ് വീട്ടുടമ മുന്താനി കൃഷ്ണനും തൊഴിലാളി ലാലുവും മരിച്ചു.
2022 ജനുവരി 18-ന് കോഴിക്കോട് കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്ന് 20 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

2021 സെപ്റ്റംബർ 26-ന് കോഴിക്കോട് കെട്ടിടനിർമാണസ്ഥലത്ത് കൂറ്റൻ കോൺക്രീറ്റ് സ്ലാബ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരും പരിക്കേറ്റവരും തമിഴ്‌നാട് സ്വദേശികളാണ്. പുതുക്കോട്ടയിൽ നിന്നുള്ള കാർത്തിക്. ജി (22), തിരുനൽവേലി സ്വദേശി സലീം മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്. വർക്ക് സൈറ്റിൽ സാധാരണ 35-40 തൊഴിലാളികളുണ്ടാകുമെങ്കിലും ഞായറാഴ്ചയായതിനാൽ എട്ടുപേർ മാത്രമാണുണ്ടായത്.

2021 നവംബർ 15-ന് കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടാം നിലയുടെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
2021 ജൂലൈ 15-ന് എറണാകുളം പനമ്പിള്ളി നഗറിൽ ബഹുനില അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ നിർമാണത്തിനിടെ തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് സിങ്ങാണ് (22) മരിച്ചത്. 40 മീറ്റർ ഉയരത്തിൽ തൂങ്ങിക്കിടന്നുകൊണ്ട് കെട്ടിടത്തിന്റെ പുറത്ത് പ്ലാസ്റ്ററിങ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 14-ാം നിലയ്ക്ക് മുകളിൽ അലങ്കാര ചുമരിനായി നിർമിച്ച 5.50 മീറ്റർ നീളവും 2.40 മീറ്റർ വീതിയുമുള്ള 1500 കിഗ്രാം ഭാരമുള്ള കോൺക്രീറ്റ് ബീം തകർന്ന് തൊഴിലാളികൾക്കുമേൽ വീഴുകയായിരുന്നു.

2021 ഒക്ടോബർ ഒമ്പതിന് എറണാകുളം കലൂരിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഒരു തൊഴിലാളി മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ് മരിച്ചയാളും പരിക്കേറ്റവരും.
മേൽപ്പറഞ്ഞവയൊക്കെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയുണ്ടായ കേരളത്തിലെ നിർമാണമേഖലയിലുണ്ടായ അപകടങ്ങളിൽ ചിലത് മാത്രമാണ്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ സംഭവങ്ങൾ നിരവധി ഉണ്ടാകുന്നുണ്ട്. മരണം സംഭവിക്കുന്നവരും നിസാര പരിക്ക് മുതൽ ഗുരുതരമായി പരിക്കേൽക്കുന്നവർ വരെയുമുണ്ട്.

സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ

ഇന്ത്യയിൽ കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്നത് നിർമാണമേഖലയാണ്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ 9 ശതമാനം സംഭാവന ചെയ്യുന്നതും നിർമാണമേഖലയാണ്. എന്നാൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ സുരക്ഷാഭീഷണി നേരിടുന്നതും ഈ മേഖലയിൽ തന്നെയാണ്. മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് നിർമാണമേഖലയിൽ അപകടമരണത്തിനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമായ പരിക്കുകൾ പറ്റാനുള്ള സാധ്യത 2.5 മടങ്ങ് കൂടുതലുമാണ്.

ഇന്ത്യയിലെ 80 ശതമാനം നിർമാണ ജോലികളും നടക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിർമാണമേഖലയിലെ അപകടമരണങ്ങളിൽ 25 ശതമാനവും ഉയരത്തിൽ നിന്നുള്ള വീഴ്ചയെ തുടർന്നാണുണ്ടാകുന്നത്. കോൺക്രീറ്റ് ബീമുകൾ തകർന്നും മണ്ണിടിഞ്ഞുമൊക്കെയുള്ള അപകടങ്ങളിൽ നിരവധി തൊഴിലാളികളാണ് ഓരോ വർഷവും മരിക്കുന്നത്. ഇന്ത്യയിൽ ഒരു വർഷം ശരാശരി നാൽപതോളം മരണങ്ങളാണ് കൺസ്ട്രക്ഷൻ സൈറ്റിലെ അപകടങ്ങളിൽ സംഭവിക്കുന്നത്. ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും കേസ് രജിസ്റ്റർ ചെയ്യപ്പെടാത്തതുമായ നിരവധി സംഭവങ്ങളുമുണ്ടാകാം.

താരതമ്യേന അപകടസാധ്യത കൂടിയ മേഖലയാണെങ്കിലും ശരിയായ രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കൺസ്ട്രക്ഷൻ സൈറ്റുകളിലെ അപകടങ്ങൾ കുറയ്ക്കാനാൻ സാധിക്കുമെന്ന് കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർപേഴ്‌സൺ ജോർജ് മാത്യു പറയുന്നു. കൺസ്ട്രക്ഷൻ സൈറ്റുകളിലെ അപകടങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതുസംബന്ധിച്ച ഒരു പഠനവും കേരളത്തിൽ ഉണ്ടായിട്ടില്ല. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലും അപകടങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും അവ എങ്ങനെ കുറച്ചുകൊണ്ടുവരാമെന്ന പഠനങ്ങളുണ്ടായിട്ടില്ല.

ഇന്ത്യയിലെ 80 ശതമാനം നിർമാണ ജോലികളും നടക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. / Photo: Wikimedia Commons

""ക്വാറികളിലും കെട്ടിട നിർമാണത്തിനിടയിലുമൊക്കെ നിരധവധിയാളുകൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതൽ എടുത്തുകൊണ്ടായിരിക്കണം ഇത്തരം തൊഴിലിടങ്ങൾ പ്രവർത്തിക്കേണ്ടത്. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കെട്ടിടം പണിയുമ്പോൾ, അവിടത്തെ അപകടസാധ്യതയെപ്പറ്റി ആദ്യം ഒരു പഠനം നടത്തണം. അപകടസാധ്യത പരിശോധിക്കാതിരിക്കുകയും തൊഴിലാളികളുടെ ജീവന് വേണ്ട പരിഗണന നൽകാതിരിക്കുകയും ചെയ്യുന്നതാണ് അപകടങ്ങളുണ്ടാകാനുള്ള ഒരു കാരണം.'' -ജോർജ് മാത്യു പറഞ്ഞു. അപകടത്തിൽ മരിക്കുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും വർക്ക്‌മെൻ കോമ്പൻസേഷൻ ആക്റ്റ് അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ എന്നുള്ളത് ഒരു ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ""വർക്ക്‌സൈറ്റുകളിലുണ്ടാകുന്ന അപകടം ഏതെങ്കിലും കോൺട്രാക്ടറുടെ തലയിൽ കെട്ടിവെച്ച് സർക്കാരിന് ഒഴിയാൻ സാധിക്കില്ല. നിയമപരമായ നഷ്ടപരിഹാരം ലഭ്യമാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.'' -ജോർജ് വ്യക്തമാക്കി.

പലപ്പോഴും അപകടം സംഭവിച്ചുകഴിഞ്ഞതിനുശേഷം മാത്രമായിരിക്കും സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലിടത്തെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് അറിയുന്നത്. അല്ലാതെ ഇത്തരം സ്ഥലങ്ങളിൽ ഒരുതരത്തിലുള്ള പരിശോധനയും അധികാരികൾ നടത്താറില്ല. അപകടം ഉണ്ടായാൽ തന്നെ അപ്പോൾ അന്വേഷണം പ്രഖ്യാപിക്കുകയും പരിശോധനകൾ നടത്തുകയുമൊക്കെ ചെയ്യുമെങ്കിലും ഫലമൊന്നുമുണ്ടാകാറില്ല.

മാനദണ്ഡമില്ലാതെ "തൊഴിലാളിക്കടത്ത്'

നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല തൊഴിൽദാതാക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇന്ത്യയിൽ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ആദിവാസി മേഖലയിൽ നിന്നുൾപ്പെടെയാണ് തൊഴിലാളികൾ വരുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നിയമങ്ങളെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ധാരണയുണ്ടാകില്ല. ഈ അവസ്ഥ മുതലെടുക്കുകയാണ് തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരും കോർപറേറ്റ് സ്ഥാപനങ്ങളും കോൺട്രാക്ടർമാരും ചെയ്യുന്നത്. തൊഴിലാളികളെ സംബന്ധിച്ച് അവരുടെ നാട്ടിൽ ഒരു ജോലിയും കിട്ടാത്ത, ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാകുമ്പോൾ ഇവിടെ എന്ത് അനുഭവമുണ്ടായാലും അവർ പ്രതികരിക്കില്ല. എത്ര കുറഞ്ഞ ശമ്പളമായാലും അത് അവർക്ക് പ്രധാനമായിരിക്കും. അതും കാത്ത് ഒരു കുടുംബം ഗ്രാമത്തിൽ കഴിയുന്നുണ്ടാകും. എന്തെങ്കിലും പരാതി പറഞ്ഞിട്ടും മറ്റും കിട്ടുന്ന ശമ്പളം ഇല്ലാതാക്കണമെന്നും ഒരു തൊഴിലാളിയും കരുതില്ല. ഇതറിയാവുന്ന തൊഴിലുടമകളും കോൺട്രാക്ടർമാരും അവരെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്നു.

ദരിദ്രഗ്രാമങ്ങളിൽ നിന്ന് ആളുകളെ ജോലിക്കായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുന്നത് പ്രധാനമായും എൻ.ജി.ഒ.കളും കൃസ്തീയസഭകളുടെ നേതൃത്വത്തിലുള്ള സംഘടനകളുമാണ്. അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ടാണ് അടിമസമാനമായ തൊഴിലിനായി ഈ പാവപ്പെട്ട മനുഷ്യരെ കൊണ്ടുവരുന്നത്. തൊഴിലിടത്തിൽ എത്തിക്കഴിഞ്ഞാൽ പലപ്പോഴും അവർക്ക് പരാതിപ്പെടാനോ ആവശ്യങ്ങൾ പറയാനോ സാധിക്കാത്ത സാഹചര്യമായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ തൊഴിലിടങ്ങളിൽ പലപ്പോഴും ഒരു സുരക്ഷയുമുണ്ടാകില്ല. നിർമാണമേഖലയിലുൾപ്പെടെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിചെയ്യുന്നത് അപകടത്തിൽപെടുന്നതിനും ജീവൻ തന്നെ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

തൊഴിലാളികളെ സംബന്ധിച്ച് അവരുടെ നാട്ടിൽ ഒരു ജോലിയും കിട്ടാത്ത, ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാകുമ്പോൾ ഇവിടെ എന്ത് അനുഭവമുണ്ടായാലും അവർ പ്രതികരിക്കില്ല.

വലിയതോതിലുള്ള ഫണ്ടിങ് ലഭിക്കുന്ന എൻ.ജി.ഒ.കളുടെ ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ പോയി സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നും തൊഴിലാളികളെ ഇവിടെയെത്തിക്കുമ്പോൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർപേഴ്‌സൺ ജോർജ് മാത്യു പറഞ്ഞു. ഉത്തരേന്ത്യൻ ഗ്രാമങ്ങൾ സന്ദർശിച്ച് തൊഴിലാളികൾക്കൊപ്പം താമസിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്ന സംഘടനയാണ് പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ. ""തൊഴിൽ സാഹചര്യങ്ങൾ, കൂലി, തൊഴിലിടത്തുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇടപെടുകയും തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നതെന്നും ജോർജ് മാത്യു പറഞ്ഞു. അപകടത്തിൽപെടുകയോ കേസിലകപ്പെടുകയോ പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഇത്തരം സംഘടനകളൊന്നും തൊഴിലാളികളെ സഹായിക്കാറില്ല. മനുഷ്യാവകാശ സംഘടനകളെയോ മറ്റു സാമൂഹ്യ സംഘടനകളെയോ ഇടപെടാൻ ഈ എൻ.ജി.ഒ.കളും ക്രിസ്തീയ സംഘടനകളും അനുവദിക്കാറുമില്ല.'' - ജോർജ് പറഞ്ഞു. കിറ്റെക്‌സ് പോലെയുള്ള കോർപറേറ്റുകളെ സഹായിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇത്തരം സംഘടനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

നിയമങ്ങളുണ്ട്, പക്ഷേ...

Inter-state Migrant Workmen (Regulation of Employment and Conditions of Service) Act 1979 ആണ് ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികൾക്കായി പാർലമെന്റ് പാസാക്കിയ ആദ്യ നിയമം. സ്വന്തം സംസ്ഥാനത്തിനു പുറത്തുപോയി ജോലിചെയ്യുന്ന തൊഴിലാളികളാണ് ഈ നിയമത്തിനുകീഴിൽ വരുന്നത്. 2020-ൽ ഈ നിയമത്തിന് പകരമായി The Occupational Safety, Health and Working Conditions Code കൊണ്ടുവന്നു. തൊഴിൽ സാചര്യങ്ങളും തൊഴിൽസുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള OSH Code ബിൽ 2020 സെപ്റ്റംബർ 22-ന് ലോക്‌സഭയും 23-ന് രാജ്യസഭയും പാസാക്കി. 28-ന് പ്രസിഡന്റ് ബില്ലിൽ ഒപ്പുവെച്ചു. എന്നാൽ എന്നുമുതൽ പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് OSH Code 2020 തയ്യാറാക്കിയത്.

ഇന്ത്യയിലെ എല്ലാ തൊഴിലാളികൾക്കും ബാധകമായ പൊതു ലേബർ നിയമത്തിനുപുറമെ കുടിയേറ്റ തൊഴിലാളികൾക്ക് മറ്റു ചില അവകാശങ്ങൾ കൂടി മൈഗ്രന്റ് വർക്ക്‌മെൻ ആക്റ്റിൽ നിർദേശിച്ചിട്ടുണ്ട്. ഒരേ ജോലിക്ക് പ്രാദേശിക തൊഴിലാളിക്കും കുടിയേറ്റ തൊഴിലാളിക്കും ഒരേ വേതനം നൽകണമെന്നാണ് 1979-ലെ നിയമത്തിൽ പറയുന്നത്. എ്ന്നാൽ ഇത് എവിടെയും നടപ്പാകുന്നില്ല. നാട്ടിലേക്ക് പോകാനുള്ള ചെലവ് നൽകുകയും യാത്രയുടെ ദിവസങ്ങളിലെ ശമ്പളം നൽകുകയും വേണം. മതിയായ താമസസൗകര്യവും മെഡിക്കൽ സൗകര്യങ്ങളും സൗജന്യമായി നൽകണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

അഞ്ചോ അതിൽ കൂടുതലോ കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന കോൺട്രാക്ടർമാർ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന നിശ്ചിത ഫോമിൽ തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന് നിർദേശമുണ്ട്. തൊഴിലാളികളുടെ രജിസ്റ്റർ സൂക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകുകയും വേണം. പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച്, തൊഴിൽകാലം, ശമ്പളം, ജോലിസ്ഥലം എന്നിവ രേഖപ്പെടുത്തിയ പാസ്ബുക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന എല്ലാ തൊഴിലാളികൾക്കും നൽകണം. തൊഴിലാളികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ കോൺട്രാക്ടർ ഉടനെ തന്നെ സർക്കാരിനെയും തൊഴിലാളിയുടെ ബന്ധുക്കളെയും അറിയിക്കണം. അഞ്ചിൽ കൂടുതൽ കുടിയേറ്റ തൊഴിലാളികളെ നിയോഗിക്കുന്ന മുഖ്യ തൊഴിൽദാതാക്കളും തൊഴിലാളികളുടെ രജിസ്റ്റർ സൂക്ഷിക്കുകയും ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കുടിയേറ്റ തൊഴിലാളി നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണ്.

കൂടുന്ന കുറ്റകൃത്യങ്ങൾ

കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ഇടയിൽ കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെട്ട 3650 കേസുകളാണ് 2016 മുതൽ 2021 വരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയ 2020 ഒഴികെയുള്ള വർഷങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. കൊലപാതകവും ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും മർദനവും ഉൾപ്പെടെ എല്ലാതരം കുറ്റകൃത്യങ്ങളിലും ഇന്ന് കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം വളരെയേറെയാണ്. കൃറ്റകൃത്യങ്ങളിലേക്ക്​ ഇവർ എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ച്​ ആധികാരിക പഠനങ്ങളൊന്നും നടക്കുന്നില്ല.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അസം സ്വദേശി അമീറുൾ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2016 ഏപ്രിൽ 28-നാണ് 29കാരിയായ നിമയവിദ്യാർഥിനിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നു അമീറുൾ ഇസ്‌ലാം. 2017 ഡിസംബർ 14-നാണ് സെഷൻസ് കോടതി കേസിലെ ഏക പ്രതിയായ അമീറുൾ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചത്.

2016-ൽ കുടിയേറ്റ തൊഴിലാളികൾ പ്രതികളായ 639 കേസുകളാണുണ്ടായിരുന്നത്. 2017-ൽ 744, 2018-ൽ 805, 2019-ൽ 978 എന്ന നിരക്കിൽ കേസുകളുടെ എണ്ണം ഉയർന്നു. ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും കേരളം വിട്ട 2020-ൽ 484 കേസുകളാണുള്ളത്.

കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെട്ട അടുത്ത കാലത്തുണ്ടായ ഏതാനും കേസുകൾ പരിശോധിക്കാം. 2022 ഫെബ്രുവരി 15-ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ഒരു മണിക്ക് 15 കുടിയേറ്റ തൊഴിലാളികൾ ചേർന്ന് ടി.ടി.ഇ.യെ മർദിച്ചു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലാണ് ടി.ടി.ഇ.യെ മർദിച്ചത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനികുൽ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.
2021 ഒക്ടോബർ 21-ന് പിസ്റ്റളുമായി രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊച്ചിയിൽ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നുള്ള ബുർഹാൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. ഹോസ്റ്റൽ കൺസ്ട്രക്ഷനിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന തനിക്ക് കോൺട്രാക്ടർ 48,000 രൂപ കൂലി കുടിശ്ശിക തരാനുണ്ടെന്നും ആവർത്തിച്ചു ചോദിച്ചിട്ടും തരാതിരുന്നപ്പോൾ ഭീഷണിപ്പെടുത്താനായി പിസ്റ്റളുമായി വരാൻ സുഹൃത്ത് ഗോവിന്ദിനോട് ആവശ്യപ്പെട്ടതാണെന്ന് ബുർഹാൻ പറഞ്ഞു.

2021 നവംബർ 29-ന് പത്തനംതിട്ടയിൽ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മർദിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്. മാൾഡയിൽ നിന്ന് വന്ന് സുഫൻ ഹൽദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2022 മാർച്ച് നാലിനാണ് കോഴിക്കോട് ഹോട്ടലിലെ വാഷ് റൂമിൽ മൊബൈൽ ക്യാമറ വെച്ച കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളിൽ നിന്നുള്ള തുഫൈൽ രാജയാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബർ 23-ന് മലപ്പുറത്ത് മോഷണശ്രമത്തിനിടെ കുടിയേറ്റ തൊഴിലാളികൾ സ്ത്രീയെ കൊലപ്പെടുത്തി. അസം സ്വദേശികളായ നസ്‌റുൽ ഇസ്ലാം, മഹിബുൾ ഇസ്ലാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2021 മാർച്ച് ഒമ്പതിന് 60 വയസ്സുകാരിയെ കൊലപ്പെടുത്തിയ കുടിയേറ്റ തൊഴിലാളിക്ക് നോർത്ത് പറവൂർ കോടതി വധശിക്ഷ വിധിച്ചതാണ് കുടിയേറ്റ തൊഴിലാളികൾ ശിക്ഷിക്കപ്പെട്ട പ്രധാന കേസുകളിലൊന്ന്. അസം സ്വദേശിയായ പാരിമൾ സാഹു (28) ആണ് പുത്തൻവേലിക്കരയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ കൊലപ്പെടുത്തിയത്. 2018 മാർച്ച് 18-നാണ് സംഭവം നടന്നത്. മാനസികവൈകല്യമുള്ള മകനൊപ്പം താമസിക്കുകയായിരുന്ന സ്ത്രീയെയാണ് പാരിമൾ സാഹു റേപ്പ് ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത്. സ്ത്രീ അവരുടെ വീടിന്റെ ഔട്ട്ഹൗസ് കുടിയേറ്റ തൊഴിലാളികൾക്ക് താമസിക്കാൻ വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ താമിസിച്ചിരുന്നവരിലൊരാളാണ് പ്രതി.

എറണാകുളത്ത് 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്തത് 2020 ആഗസ്റ്റ് 26-നാണ്. ഏപ്രിൽ മുതൽ പലതവണ കുട്ടി പീഡനത്തിരയായതായാണ് പൊലീസ് പറയുന്നത്. ഉത്തർപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്.

അതേസമയം, അന്തർ സംസ്​ഥാന തൊഴിലാളികളെ തദ്ദേശീയർ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് 2021 ജൂലൈ രണ്ടിന് കോഴിക്കോട്ട് സംഭവിച്ചത്. ബൈക്കിലെത്തിയ മോഷ്ടാക്കൾ ബിഹാർ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ റോഡിലൂടെ 75 മീറ്റർ ദൂരം വലിച്ചിഴച്ച രംഗങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബൈക്കിലെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോൾ അലി അക്ബർ ബൈക്കിനു മുന്നിൽ പിടിച്ച് തടയാൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് നിർത്താതെ 75 മീറ്റർ ദൂരം വരെ അലി അക്ബറിനെ വലിച്ചുകൊണ്ടുപോയി.

2021 ഡിസംബർ 25-ന് എറണാകുളം ജില്ലയിലെ കിഴക്കമ്പലം കിറ്റെക്‌സ് ഗാർമെന്റ്‌സിലുണ്ടായ സംഘർഷം കുടിയേറ്റ സംസ്ഥാന തൊഴിലാളികൾക്കെതിരെ പൊതുവികാരമുണ്ടാകുന്നതിൽ വലിയ പങ്കുവഹിച്ച സംഭവമാണ്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനു പിന്നാലെ കിറ്റെക്‌സിലെ തൊഴിലാളികൾ പൊലീസ് വാഹനം കത്തിച്ചത് വലിയ വിവാദമായിരുന്നു. അതിഥികളെന്ന് വിളിച്ച് അംഗീകരിച്ച സംസ്ഥാനത്തിനെതിരായ ആക്രമണമായാണ് സംഭവത്തെ പലരും കണ്ടത്. ഈ സംഘർഷത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായ 174 തൊഴിലാളികളാണ് അറസ്റ്റിലായത്.

"അതിഥി'കളുടെ ക്ഷേമം കേരളത്തിന് മുഖ്യം

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജീവിതം തേടി വരുന്നവരെ അതിഥികളായി കണ്ട് സ്വീകരിക്കണമെന്നാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. നേരത്തെ അന്യ/ ഇതര സംസ്ഥാന തൊഴിലാളികളെന്നും മറുനാടൻ തൊഴിലാളികളെന്നും വിളിച്ചിരുന്നവരെ സർക്കാർ ഔദ്യോഗികമായി ‘അതിഥി തൊഴിലാളി'കളാക്കി. വിളിപ്പേര് മാറ്റിയതുമാത്രമല്ല, അവർക്കുവേണ്ടി ഒട്ടേറെ പദ്ധതികളും കേരള സർക്കാർ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന്​ ഇന്ത്യയിൽ ആദ്യമായി ഇന്റർ സ്‌റ്റേറ്റ് മൈഗ്രൻറ്​ വെൽഫെയർ ഓഫീസ് തുടങ്ങിയത് കൊച്ചിയിലാണ്. 2022 മാർച്ച് 31-ന് എറണാകുളം സിവിൽ സ്റ്റേഷനിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ കുടിയേറ്റ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഏകജാലക സംവിധാനമായാണ് ‘അതിഥി ദേവോ ഭവ' എന്ന് പേരിട്ടിരിക്കുന്ന സെന്റർ പ്രവർത്തിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ എറണാകുളം യൂണിറ്റിനു കീഴിൽ 2017-ൽ തുടങ്ങിയ കുടിയേറ്റ ക്ഷേമ പദ്ധതിയുടെ പേര് തന്നെയാണ് വെൽഫെയർ ഓഫീസിനും നൽകിയിരിക്കുന്നത്.

ജില്ലാ ഭരണകൂടവും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് വെൽഫെയർ ഓഫീസിന്റെ പ്രവർത്തനങ്ങൾ നടത്തുക. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിയവരുടെ വിവരങ്ങൾ ശേഖരിച്ച് രജിസ്ട്രി തയ്യാറാക്കുന്ന നടപടിയാണ് വെൽഫെയർ ഓഫീസ് ആദ്യം ചെയ്യുന്നത്. തൊഴിൽ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തൊഴിലാളികൾക്കിടിയിലും തൊഴിൽദാതാക്കൾക്കിടയിലും ബോധവത്കരണ ക്യാമ്പുകൾ നടത്തുന്നുമുണ്ട്.
അതിഥി തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും സ്‌കിൽ ഡെവലപ്‌മെൻറ്​ സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കൊല്ലത്ത് സ്ഥാപിച്ചിട്ടുണ്ട്. പല കുടിയേറ്റ തൊഴിലാളികളും ഇവിടെ കുടുംബമായി സ്ഥാപിക്കുകയും അവരുടെ മക്കളെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എസ്.എസ്.എൽ.സി. മുതലുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന കുടിയേറ്റ തൊഴിലാളികളുടെ മക്കളും ഏറെയാണ്. കുടിയേറ്റ തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷനും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹമാരി മലയാളം, ചങ്ങാതി എന്നീ ടെക്​സ്​റ്റ്​ ബുക്കുകളും തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി സാമൂഹ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനവും കേരളമാണ്. 2010-ലാണ് കേരളം കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. 2016-ൽ ആവാസ് എന്ന പേരിൽ ഇൻഷുറൻസ് പദ്ധതിയും തുടങ്ങി. എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഗരിക്കുന്നതിനായി മൈഗ്രന്റ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ബിൽ അവതപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഒദ്യോഗിക ലേബർ ക്യാമ്പ് പാലക്കാട് ജില്ലയിൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മറ്റു ജില്ലകളിലും ക്യാമ്പ് തുടങ്ങും.

Comments