പാഴ്വസ്തു ശേഖരിക്കുന്നവർ എപ്പോഴെങ്കിലും നമ്മുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ?

സാമ്പത്തികമായും ആരോഗ്യപരമായും സാമൂഹ്യമായും പാരിസ്ഥിതികമായും ഒക്കെ ഏറ്റവും പ്രശ്നങ്ങൾ നേരിടുന്നവരാണ് ചെറുകിട ആക്രി വ്യാപാരികൾ. എന്താണ് താഴെ തട്ടിൽ പാഴ്​വസ്​തുക്കൾ ശേഖരിക്കാൻ പോകുന്നവരുടെ അവസ്ഥ?

നൂറ്റാണ്ടുകൾ പഴക്കമുള്ള മേഖലയാണ് പാഴ്​വസ്​തു കച്ചവടം. പണ്ടു മുതൽക്കേ നാം ഓരോരുത്തർക്കുമുള്ള വിശ്വാസമാണ്, നമ്മുടെ മാലിന്യങ്ങൾ പാഴ്​വസ്​തു ശേഖരിക്കുന്നവർ എടുത്തോളും എന്നത്. ആ വിശ്വാസത്തിന്റെ കരവും പിടിച്ച്​നമ്മൾ ഇന്നെത്തപ്പെട്ടിരിക്കുന്നത് വലിയൊരു വ്യാപാര വ്യവസായ മേഖലയുടെ നടുവിലാണ്. ചെറിയ അളവിൽ മാത്രം ദിവസേന പാഴ്​വസ്​തുക്കൾ ലഭിക്കുന്ന കടകളിൽ തുടങ്ങി ഹോൾസെയിൽ ഡീലർമാർ മുതൽ വലിയ കമ്പനികൾ വരെ ഇന്ന് നമുക്കിടയിലുണ്ട്.

പുനഃചക്രമണ ശൃംഖലയുടെ നട്ടെല്ല്

നമ്മുടെ മാലിന്യ സംസ്കരണ ശൃംഖലയിൽ വലിയൊരു പങ്ക് വഹിക്കുന്നത് പാഴ് വസ്തു ശേഖരിക്കുന്നവർ തന്നെയാണ്. ഇന്നും നമുക്കുചുറ്റും രാപ്പകലില്ലാതെ ഇവർ അധ്വാനിക്കുന്നുണ്ട്. പുനഃചക്രമണ സാധ്യമായ വലിയൊരു ഭാഗം മാലിന്യമാണ് അവർ കൈകാര്യം ചെയ്യുന്നത്. അതിലൂടെ നാടിനുണ്ടാകുന്ന നേട്ടം ചെറുതല്ല. നമ്മുടെ പ്രദേശത്തെ ഏതൊരു ആക്രിക്കട എടുത്താലും അവിടേക്ക് വരുന്ന പാഴ്​വസ്​തുക്കളിൽ നല്ലൊരു ശതമാനം അവിടെ എത്തിക്കുന്നത് ഇവരാണ്.

എന്നാൽ അവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ? ഒരുപക്ഷേ വൻകിട വ്യാപാരികൾക്ക് ലഭിക്കുന്നുണ്ടാവാം. എന്താണ് ചെറുകിട സംരംഭകരുടെ അവസ്ഥ? ഇനി എന്താണ് ഏറ്റവും താഴെതട്ടിൽ പാഴ്​വസ്​തു ശേഖരിക്കാൻ പോകുന്നവരുടെ അവസ്ഥ?

ആക്രി സ്​ഥാപനങ്ങളുടെ പ്രശ്​നങ്ങൾ

തിരുവനന്തപുരത്തേയും കൊല്ലത്തേയും കണ്ണൂരിനെയും അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു പ്രാഥമിക പഠനത്തിൽ നിന്ന്​ മനസ്സിലാക്കാൻ സാധിച്ചത് ചെറുകിട ആക്രി വ്യാപാര സ്ഥാപനങ്ങളിൽ അധികവും നല്ല രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നാണ്. ഇവയ്ക്കൊക്കെ ധാരാളം സൗകര്യങ്ങളുടെ അഭാവമുണ്ട്. അതിൽ പ്രധാനം എന്തൊക്കെയെന്ന് നോക്കാം.

അടിസ്ഥാന സൗകര്യങ്ങൾ കെട്ടിടം സ്ഥല സൗകര്യങ്ങൾ വ്യവസ്ഥ
-ശേഖരണം
-തരംതിരിക്കൽ
-സംഭരണം
-പൊളിക്കൽ തൊഴിലാളികൾ പരിശീലനം സുരക്ഷാ കവചങ്ങൾ കൂലി മെഷീൻ ഭാരമളക്കാൻ ആവശ്യമായത് ഇലക്ട്രോണിക് മാലിന്യങ്ങൾ പോലുള്ളവ പൊളിക്കാൻ ആവശ്യമായ മെഷീനുകൾ ഉൾപ്പെടെയുള്ളവ പരിസ്ഥിതി മലിനീകരണം
മേൽപ്പറഞ്ഞവയെല്ലാം ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്.

സാമ്പത്തികമായും ആരോഗ്യപരമായും സാമൂഹ്യമായും പാരിസ്ഥിതികമായും ഒക്കെ ഏറ്റവും പ്രശ്നങ്ങൾ നേരിടുന്നവരാണ് ചെറുകിട ആക്രി വ്യാപാരികൾ.
എന്താണ് താഴെതട്ടിൽ പാഴ്​വസ്​തുക്കൾ ശേഖരിക്കാൻ പോകുന്നവരുടെ അവസ്ഥ?

കുട്ടിക്കാലത്ത് പഴയ പേപ്പറും കുപ്പിയും പാട്ടയുമൊക്കെ കൊടുത്താൽ പകരം അവലും ഈന്തപ്പഴവും ഒക്കെ തന്നിരുന്നവരെ ഓർമയുണ്ടാകും. അവരൊക്കെയാണ് പണ്ട് നമ്മുടെ നാട്ടിൽ പഴയ കുപ്പിയും പാട്ടയും ലോഹങ്ങളും ഒക്കെ കൂടി കിടക്കാതെ നോക്കിയിരുന്നത്. എന്നാൽ ഇന്നവർ പ്ലാസ്റ്റിക് വരെ ശേഖരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ഒന്നര മില്യൺ മുതൽ നാല് മില്യൺ വരെ ജനത ഇത്തരത്തിൽ മാലിന്യ ശേഖരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. കേരളത്തിൽ കുറവാണെങ്കിൽ പോലും ദാരിദ്ര്യം കാരണം മറ്റു പല സംസ്ഥാനങ്ങളിലും കുട്ടികളെ വരെ ഈ തൊഴിലിലേക്ക് തള്ളിവിടുന്നു.

മറ്റു ഉപജീവനമാർഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് അവർ ഈ പണിക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കണം. ഇതു പറയുമ്പോൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന്​ തന്റെയും കുടുംബത്തെയും ജീവൻ നിലനിർത്താനാവശ്യമായ ആക്രി പെറുക്കുന്ന ജനതയുടെ മുഖം മനസ്സിൽ വരുന്നു. എന്നാൽ പലപ്പോഴും ഇവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. നമ്മുടെ മാലിന്യങ്ങൾ അവരെ വിശ്വസിച്ച്​ വലിച്ചെറിയുമ്പോൾ അതുമൂലം അവർക്കുണ്ടാകുന്ന മാനസികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിയമ പിൻബലം

ഖരമാലിന്യ സംസ്കരണ നിയമം- 2016ൽ ഇവരുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. അനൗദ്യോഗികമായി മാലിന്യം ശേഖരിക്കുന്നവരെ കൂടി മാലിന്യ സംസ്കരണ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്നും, അവർക്കുവേണ്ട കൂലി ലഭ്യമാക്കണമെന്നും, സുരക്ഷ ഉറപ്പുവരുത്തണമെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു വൈറ്റ് കോളർ ജോബ് അല്ലെങ്കിലും അതേ പ്രാധാന്യം, അല്ലെങ്കിൽ അതിലുപരി പ്രാധാന്യമർഹിക്കുന്ന തൊഴിൽ.

കണ്ണടച്ച് ഇരുട്ടാക്കുന്നത് നാം ഓരോരുത്തരുമല്ലേ?
നിയമപരമായി വരെ പിൻബലം നിലനിൽക്കുമ്പോൾ ഇത്തരത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന ചെറുകിട പാഴ്​വസ്​തു കച്ചവടക്കാരേയും പാഴ്​വസ്​തു ശേഖരിക്കാൻ നടക്കുന്നവരേയും ഇനിയും നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ? നമ്മുടെ മാലിന്യം ശേഖരിക്കൽ അവരുടെ മാത്രം ഉത്തരവാദിത്തമാണോ? അവരെ സഹായിക്കുന്നതിനൊപ്പം നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്താനാവില്ലേ?

പുതിയ സഹായ രീതികൾ അനിവാര്യം

പാഴ് വസ്തു വ്യാപാരവുമായി ബന്ധപ്പെട്ടവർക്ക് മികച്ച സംഭരണ കേന്ദ്രങ്ങൾ അനിവാര്യമാണ്. പാഴ്​വസ്​തു ശേഖരിക്കാൻ നടക്കുന്നവർക്ക് സ്വരക്ഷാ ഉപാധികൾ, മെഡിക്കൽ ഇൻഷുറൻസ്, പ്രത്യേക പെൻഷൻ, ഒപ്പം പുനഃ ചക്രമണ സാധ്യമല്ലാത്തവ ശേഖരിക്കുന്നതിനും കൈമാറുന്നതിനും പ്രതിഫലം എന്ന് തുടങ്ങി പലതും നമുക്ക് ചിന്തിച്ചുകൂടെ? പുതിയ ആശയങ്ങൾ ഉയർന്നു വരണം.

അതോടൊപ്പം, ഇത്തരത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കുമ്പോൾ മുതൽ ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യം ലഭ്യമാണെന്നും, ഓരോ തരത്തിലുള്ള മാലിന്യങ്ങൾ വെവ്വേറെ കൈകാര്യം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും, സാമൂഹ്യ - പാരിസ്ഥിതിക സുരക്ഷ പരിഗണിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതുണ്ട്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും അവർ അവരുടെ ജീവാംശം കണ്ടെത്താനായും നമ്മളെ സഹായിക്കാനായും ഇപ്പോഴും നിരത്തിലുണ്ട്. അവർ നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുമ്പോൾ അവർക്കും ചെറിയൊരു കരുതൽ നൽകിക്കൂടേ?


Comments