ആശാ വർക്കർമാരുടെ സമരം ഒരു പുതിയ ഘട്ടത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കേരളത്തിലെ അൽപമെങ്കിലും ഹൃദയശാലിതയുള്ള എല്ലാ മനുഷ്യരും ആശാ വർക്കർമാരുടെ സമരത്തോട് അനുഭാവമുള്ളവരാണ്. അനുഭാവം പരസ്യമായി പ്രകടിപ്പിക്കാത്ത ആളുകളിൽ പോലും, അവരുടെ ഉള്ളിൽ അവരോട് അനുഭാവമുണ്ട് എന്ന് സംസാരിച്ചാൽ കാണാൻ കഴിയും. പലയാളുകളും പല കാരണങ്ങളാൽ സത്യങ്ങൾ പറയുന്നില്ല എന്നേയുള്ളൂ.
ഈ ജനസഭ ഞാൻ ഉദ്ഘാടനം ചെയ്യുന്നത് വലിയ ആശങ്കകളോടും ഉൽക്കണ്ഠകളോടും കൂടിയാണ്. പ്രാഥമികമായ ഉൽക്കണ്ഠ, കേരളം ഒരു ജനാധിപത്യരാജ്യമല്ലാതെയാകുന്നുവോ, ഇന്ത്യയെ പോലെതന്നെയുള്ള ഒരവസ്ഥ കേരളത്തിലും സംജാതമാകുന്നുവോ എന്നതാണ്.
കാരണം, ഒരു സ്വാഭാവിക ജനാധിപത്യരീതി, ഒരു സമരം നടക്കുമ്പോൾ, അത് ആരു തന്നെ നടത്തിയാലും, അവരുടെ ആവശ്യങ്ങളിൽ അൽപമെങ്കിലും ന്യായമുണ്ടെങ്കിൽ, സമരം ചെയ്യുന്ന ആളുകളെ ഗവൺമെന്റ് ചർച്ചയ്ക്ക് വിളിക്കുകയും കഴിയുന്ന രീതിയിലുള്ള ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുകയുമാണ്.
ഒരു ഭാഗത്ത് കേരള ഗവൺമെന്റാണ് ഏറ്റവും കൂടുതൽ ഓണറേറിയം കൊടുക്കുന്നത്, കൂട്ടിയത് എന്ന് അവകാശപ്പെടുകയും മറുവശത്ത് ഇനി കൂട്ടേണ്ട ചുമതല കേന്ദ്രത്തിനാണ് എന്ന് പറയുകയും ചെയ്യുന്നതിലെ വൈരുധ്യം ഏത് കേരളീയനായ സാധാരണക്കാരനും മനസ്സിലാകുന്നതേയുള്ളൂ.

അതുപോലെ മറ്റു സംസ്ഥാനങ്ങളുമായി ഇവരുടെ പ്രതിഫലത്തെ താരതമ്യപ്പെടുത്തുന്നതിന്റെ അർഥശൂന്യതയും സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. കാരണം, കേരളം യു.പിയോ ബീഹാറോ ആകണമെന്ന് നാം ആഗ്രഹിക്കുന്നില്ല. യു.പിയുടെയും ബീഹാറിന്റെയും പോലുള്ള അനേകം സംസ്ഥാനങ്ങളുടെ അവസ്ഥകൾ പിന്നിട്ടാണ് നാം വളരെയധികം മുന്നേറിയത്, അനേകം പ്രസ്ഥാനങ്ങളുടെ ഫലമായി, നവോത്ഥാനം മുതൽ ഇങ്ങോട്ടുണ്ടായ, കമ്യൂണിസ്റ്റ് പ്രസ്ഥാനമുൾപ്പെടെയുള്ള അനേകം പ്രസ്ഥാനങ്ങളുടെ സഹായത്തോടെയാണ് കേരളം ഈ അവസ്ഥയിൽ എത്തിച്ചേർന്നത്. അതുകൊണ്ട് കേരളത്തിൽ സ്വാഭാവികമായും ജീവിതനിലവാരം ഉയർന്നതാണ്, ജീവിതച്ചെലവ് ഉയർന്നതാണ്, കൂലിയും ശമ്പളവുമെല്ലാം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാവാത്തവിധം, പലപ്പോഴും പത്തിരട്ടിയും ഇരുപതിരട്ടിയും വരെ കൂടുതലാണ്. അത്തരമൊരു സംസ്ഥാനത്തെ തൊഴിലാളികൾ അൽപം ഓണറേറിയത്തിലുള്ള വർധനവ് ആവശ്യപ്പെടുമ്പോൾ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നതിൽ വല്ലാത്ത ഒരു അസംബന്ധമുണ്ടെന്ന് പറയാതെ വയ്യ.
മൂന്നാമത്, നാം കേരളത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ആയുർദൈർഘ്യത്തെക്കുറിച്ചുമൊക്കെ അഭിമാനം കൊള്ളുന്നവരാണ്. ഇത് ന്യായമായ അഭിമാനവുമാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ അനേകം പ്രസ്ഥാനങ്ങളുടെ സംഭാവനകൾ കൊണ്ട് ഉണ്ടായിട്ടുള്ള ഒരു വർധനവാണിത്. ഈ രീതിയിലുള്ള വളർച്ചയ്ക്ക് വലിയ രീതിയിലുള്ള സംഭാവന സമീപകാലത്ത് നൽകിയിട്ടുള്ള ആളുകളാണ് ആശാ വർക്കർമാർ. അത് ഒരു കേന്ദ്ര ഗവൺമെന്റ് സ്‌കീമാണ് എന്നറിയാത്ത ആരെങ്കിലും ഇവിടെയുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ, അതിന്റെ ഓണറേറിയം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാകുന്നത് അതാതു സംസ്ഥാന ഗവൺമെന്റുകൾ ആ ഓണറേറിയം നിശ്ചയിക്കുന്നതുകൊണ്ടാണ്.
കേരളത്തിൽ ആശാ വർക്കർമാരുടെ സേവനം വളരെ മഹത്താണ്, വലുതാണ്, പലപ്പോഴും സമയനിഷ്ഠമല്ലാതെ പോലും സേവനം ചെയ്യുന്ന തൊഴിലാളികളാണ് ആശാ വർക്കർമാർ. അതുകൊണ്ട് കേരളത്തിന്റെ ആരോഗ്യപരിപാലനത്തിനും ആരോഗ്യവർധനവിനും സംഭാവന ചെയ്ത ഒരു മഹാസമൂഹം എന്ന നിലയിൽ, ആശാ വർക്കർമാർ നമ്മുടെ സഹതാപമല്ല, നമ്മുടെ ബഹുമാനവും നമ്മുടെ വലിയ രീതിയിലുള്ള പരിഗണനയും അർഹിക്കുന്നുണ്ട്. അതുകൊണ്ട് ഏത് ജനാധിപത്യ ഗവൺമെന്റും ചെയ്യേണ്ടതുപോലെ, ഒരിടതുപക്ഷ ഗവൺമെന്റ് പ്രത്യേകിച്ചും ചെയ്യേണ്ടതുപോലെ, ഈ തൊഴിലാളികളെ അധിക്ഷേപിക്കുകയോ അവരെ പരുഷമായ പുരുഷഭാഷയിൽ ശകാരിക്കുകയോ അവർ ഒരു ന്യൂനപക്ഷമാണ് എന്ന് ചൂണ്ടിക്കാണിച്ച്, അവരെ അപഹസിക്കുകയോ അല്ലാതെ അവരെ യഥാർത്ഥമായ ഒരു ചർച്ചയ്ക്ക് ക്ഷണിക്കുകയാണ് വേണ്ടത്.

കാരണം, പലയിടത്തും ഭൂരിപക്ഷത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ഞാൻ ആലോചിക്കുന്നത്, സ്വാഭാവികമായും ഇന്നത്തെ കേന്ദ്ര ഗവൺമെന്റിന്റെ വാദങ്ങളെയാണ്. ഹിന്ദുക്കളാണ് ഇന്ത്യയിൽ ഭൂരിപക്ഷം, അതുകൊണ്ട് ഹിന്ദുക്കളുമായി മാത്രമേ ചർച്ച ആവശ്യമുള്ളൂ, ഇത് ഹിന്ദുക്കളുടെ നാടാണ് എന്ന് പറയുന്നതുപോലെ തന്നെയാണ്, അതേ ലോജിക്കാണ്, അതേ യുക്തിയാണ്, ഈ ആളുകൾ ഒരു ന്യൂനപക്ഷമാണ് എന്ന് പറയുന്നത്. ന്യൂനപക്ഷത്തിനുവേണ്ടി അഹോരാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ, ഷാഹീൻബാഗിൽ പോയി സംസാരിച്ച ഒരാൾ, കർഷക സമരത്തിൽ പോയി സംസാരിച്ച ഒരാൾ, നിരന്തരമായി വലതുപക്ഷ ഗവൺമെന്റിനെ എതിർത്തുപോന്ന ഒരാൾ എന്ന നിലയിൽ എനിക്ക് നിസ്സംശയമായി പറയാൻ കഴിയും, ഒരിടതുപക്ഷ ഗവൺമെന്റ് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു കാര്യമാണ്, ഇത് അൽപം പേരുടെ സമരമാണ്, അതുകൊണ്ട് അത് കാര്യമാക്കേണ്ടതില്ല എന്നത്.
അതുകൊണ്ട് ഉടൻ തന്നെ കേരള ഗവൺമെന്റ് ഈ മനുഷ്യരെ, ഇത്രയധികം സഹിച്ച, ഇത്രയധികം സേവനം നൽകിയ ഈ മനുഷ്യരെ ചർച്ചയ്ക്ക് വിളിക്കുകയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അവരെ ബോധ്യപ്പെടുത്തുകയും തങ്ങൾക്ക് അവർ ആവശ്യപ്പെടുന്നത് അത്രയും തരാൻ കഴിയില്ലെങ്കിൽ അവരെ പറഞ്ഞ് മനസ്സിലാക്കുകയും തങ്ങൾക്ക് എന്താണ് നൽകാൻ കഴിയുക എന്നതിനനുസരിച്ചുള്ള ഒരു വർധനവെങ്കിലും അവർക്ക് നൽകുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക.