തൊഴിലാളികളും പ്രതിസന്ധികാലത്തെ മരണ വ്യാപാരവും

"പുതിയ സാധാരണത്വം' തൊഴിലാളിവർഗത്തിന് തിക്തമായ ജീവിതാനുഭവങ്ങളാണ് നൽകുന്നത്. ഭരണകൂടത്തിന്റെ "തിരിച്ചുവരവ്' പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനത്തിന് താങ്ങാനാവാത്ത ഭാരമാണ് അവരുടെ ചുമലിൽ വീണുകൊണ്ടിരിക്കുന്നത്.

ന്ത്യൻ തൊഴിലാളി വർഗ ചരിത്രം രചിച്ച സുകോമൾ സെൻ എഴുതി:
"1918-ൽ ലോകമൊട്ടാകെ ഭീകരമായ തോതിൽ സാംക്രമിക രോഗം പടർന്നു പിടിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച്​ ഇന്ത്യയിലെ സാമ്രാജ്യത്വ ഗവണ്മെൻറിനുണ്ടായിരുന്ന അനാസ്ഥമൂലം ജനസംഖ്യയിൽ 50 മുതൽ 80 ശതമാനം വരെയുള്ളവർ ഇതിന്റെ പിടിയിൽപെട്ടു. 1918 ജൂൺ മുതലുള്ള ഒരു വർഷത്തിനിടയ്ക്ക്​ 7,00,000 പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്ക്. അത് എത്രയോ ചുരുങ്ങിയ കണക്കാണുതാനും. ദശലക്ഷക്കണക്കിനാളുകളുടെ ജീവഹാനിക്കിടയാക്കിയ ഈ സംഭവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ചൂഷണത്തിന്റെ ഉദാഹരണമാണ്.'

"തൊഴിലാളി ജനസാമാന്യത്തിന്റെ ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു നേരെ വിപരീതമായി കൊളോണിയലിസ്റ്റുകളുടെയും ഇന്ത്യക്കാരായ ധനവാന്മാരുടെയും ജീവിതസാഹചര്യങ്ങൾ സുഖസമൃദ്ധമായിരുന്നു' എന്നും സെൻ കുറിച്ചു.

1918-20 കാലത്തെ സ്പാനിഷ് ഫ്ളു കവർന്നെടുത്തത്​ 10 മുതൽ 20 ദശലക്ഷം വരെ ജീവനുകളെയായിരുന്നെന്നാണ് കണക്കുകൾ പറയുന്നത്. ലോകമൊട്ടാകെ 100 ദശലക്ഷം പേർ ആ മഹാമാരിയിൽ കൊല്ലപ്പെട്ടു. ജീവിതം നഷ്ടപ്പെട്ടതിൽ ബഹുഭൂരിപക്ഷം പേരും പാവപ്പെട്ടവരും തൊഴിലാളികളും ആയിരുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങൾ ഈ വിപത്തിനെ നിസ്സാരവൽക്കരിച്ചു. ഒന്നാം ലോകയുദ്ധം ഉണ്ടാക്കിയ കൊടിയ ദുരന്തങ്ങളുടെമേൽ വന്നു പതിച്ച ഈ മഹാമാരി കൊന്നൊടുക്കിയത് ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളെയായിരുന്നു എന്നതു സാമ്രാജ്യത്വ- മുതലാളിത്വ രാജ്യങ്ങൾക്കു വിഷയമേയല്ലാതായി.

ആഗോള മനുഷ്യഭൂപടത്തിൽ അതിനിർണായകമായ പ്രതിസന്ധികൾക്കും സാമൂഹിക വ്യതിയാനങ്ങൾക്കും കാരണമായിട്ടുള്ള യുദ്ധം, മഹാമാരി, സാമ്പത്തികമാന്ദ്യം തുടങ്ങിയ വിപത്തുകൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് തൊഴിലാളികളും കർഷകരും ഉൾപ്പെട്ട താഴെത്തട്ടിലെ ഒരു വലിയ വിഭാഗം ജനങ്ങളെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.

കഴിഞ്ഞ നൂറ്റാണ്ടിൽ മുതലാളിത്തം ഒരു ആഗോള വ്യവസ്ഥയാകുകയും അതിന്റെ വ്യാപനസ്വഭാവം നിർണയിക്കാനാവാത്ത തരത്തിലുള്ള ഇടപെടലുകളിലൂടെയും നുഴഞ്ഞുകയറ്റങ്ങളിലൂടെയും നിലനിൽക്കുകയും ചെയ്യുമ്പോൾ ഓരോ പ്രതിസന്ധിയെയും സാധ്യതകളാക്കി മാറ്റുന്ന പ്രവണതയാണ് ലോകം കണ്ടത്.

സങ്കേത- മൈത്രീ മുതലാളിത്തം (Techno- crony capitalism) അതിന്റെ "അതിജീവനം' തേടുന്നത് എപ്പോഴും പ്രതിസന്ധികളെ മുൻനിർത്തിയാണ്. കോവിഡ് മഹാമാരിയുടെ ഈ കെട്ട കാലത്തും അതിനു മാറ്റമില്ലാതെ തുടരുന്നു. ഇതിനു യാതൊരു മറയുമില്ലാതെ സാർവദേശീയ പ്രസിദ്ധി കൊടുക്കുവാൻ ബൂർഷ്വാ മാധ്യമങ്ങൾ മത്സരിക്കുകയും കൂടി ചെയ്യുന്നു. ഇന്ന് സമ്പന്നരുടെ പട്ടികയിൽ ആരാണ് മുകളിൽ, ആരൊക്കെയാണ് ആദ്യ പത്തിൽ, ആദ്യനൂറിൽ, എന്നൊക്കെ കണക്കുനിരത്താൻ ഇവർക്ക് ഒരു മടിയുമില്ല. പട്ടിണിക്കോലങ്ങളുടെ കണക്കിനേക്കാൾ "എഴുന്നള്ളിപ്പ്' സമ്പന്നരുടെ ഉയരുന്ന ഗ്രാഫാണ്.

താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയും കർഷകരെയുമാണ് കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ചത്.

മുതലാളിത്ത ലോകത്തെ മഹാകോടീശ്വരന്മാരുടെ ഇപ്പോഴത്തെ ആസ്തി ഈ മഹാമാരിക്കാലത്ത് 60 ശതമാനം വർധിച്ചു 14 ട്രില്യൺ ഡോളറായി മാറിയതായി അന്താരാഷ്ട ഏജൻസികൾ ചൂണ്ടിക്കാട്ടി. എന്നാൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും കർഷകരുടെയും സ്ഥിതിയോ? അതിദയനീയം. മഹാമാരിക്കാലത്തു 700 ദശലക്ഷം പേർ തീവ്രപട്ടിണിയിലായിരുന്നു. 2020-ൽ മാത്രം 115 ദശലക്ഷം മനുഷ്യർ ഈ വിഭാഗത്തിൽ നരകയാതന അനുഭവിച്ചുവന്നു. 2021-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇതിന്റെ എണ്ണം 150 ദശലക്ഷമായി ഉയർന്നു. ഭീതിപ്പെടുത്തുന്ന ഈ സാമൂഹികാസമത്വമാണ് മഹാമാരികാലത്ത് "മരണവ്യാപാര'ത്തിന്റെ "അനന്തരസാധ്യതകൾ' ഉയർത്തുന്നത്.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ. ഒ) ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കഴിഞ്ഞ വർഷം തൊഴിൽ നഷ്​ടപെട്ടവരുടെ എണ്ണം ഭയാനകമായി ഉയർന്നു. മഹാമാരിയുടെ പുതിയ തരംഗങ്ങളുടെ ഇക്കാലത്ത്​അത് പതിന്മടങ്ങു വർധിക്കാനാണ് സാധ്യത.
ഐ.എൽ.ഒ നിരത്തുന്ന കണക്ക്​ പറയുന്നത്, 255 ദശലക്ഷം തൊഴിലുകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം നഷ്​ടപ്പെട്ടുവെന്നാണ്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ നഷ്ടപ്പെട്ടതിന്റെ നാലിരട്ടി വരും ഇത്. തൊഴിൽ നഷ്​ടപ്പെട്ടതിലൂടെയോ, തൊഴിൽ സമയം വെട്ടിക്കുറച്ചതിലൂടെയോ ഭൂരിപക്ഷം ജനങ്ങളും കഷ്ടപ്പെടുകയാണ്. 71 ശതമാനം തൊഴിൽനഷ്ടവും പ്രവർത്തനം ഇല്ലാത്തതുകൊണ്ടുണ്ടായതാണ്.

തൊഴിൽ പ്രവർത്തനം ഇല്ലാതാകുന്നത് അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അടച്ചിട്ടതുകൊണ്ടാണ്. ഈ അടച്ചിടലിൽ ഒരു വലിയ വിഭാഗം മൃദുവായി ഒഴിവാക്കപ്പെടുകയാണ്. അടച്ചിടൽ അനിവാര്യമാണെങ്കിൽ ആകാമെന്നല്ലാതെ അതൊരു സാധ്യതയായി കണ്ടു തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരെ നിശ്ശബ്ദരാക്കി പുറന്തള്ളാനുള്ള അവസരമായി പലരും ഉപയോഗിച്ച് തുടങ്ങി. ലോകത്തിലെ ബഹുഭൂരിപക്ഷം തൊഴിൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് സ്വകാര്യ-അനൗപചാരിക മേഖലകളിലാണ്. സംഘടിത തൊഴിലാളി പ്രവർത്തനങ്ങൾ അസാധ്യമായ മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ചൂഷണം അങ്ങേയറ്റം നിലനിൽക്കുന്ന മേഖല കൂടിയാണിത്.
മഹാമാരിയുടെ കാലത്ത്​ നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ ശബ്ദിക്കുന്നവരുടെ എണ്ണം കുറയ്ക്കപ്പെടുകയാണ്. "പുതിയ സാധാരണത്വം' (New Normal) തൊഴിലാളിവർഗത്തിന് അസാധാരണമായ, തിക്തമായ ജീവിതാനുഭവങ്ങളാണ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന "അസാധാരണത്വം.' ഭരണകൂടത്തിന്റെ "തിരിച്ചുവരവ്' (Return of the State) പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനത്തിന് താങ്ങാനാവാത്ത ഭാരമാണ് അവരുടെ ചുമലിൽ വന്നു വീണുകൊണ്ടിരിക്കുന്നത്.

ഏറ്റവുമൊടുവിൽ പ്രതിരോധ കുത്തിവെപ്പിനും കോവിഡ് പരിശോധനയ്ക്കും വരെ വിലപേശുന്ന തരത്തിൽ ദേശീയ ആരോഗ്യ സംവിധാനങ്ങൾ മാറുന്ന കാഴ്ച നിത്യവും കാണുന്നു. സുപ്രീംകോടതിയും മറ്റു ഹൈക്കോടതികളും വരെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാഴ്ച നമ്മൾ കണ്ടു. ഡൽഹി പോലുള്ള നഗരങ്ങളിൽ പ്രാണവായുവിന്​ കരിഞ്ചന്തയിൽ പോകേണ്ടിവരുന്ന അവസ്ഥ "മരണവ്യാപാര'ത്തിന്റെ പുതിയ മാനങ്ങളെയാണ് കാണിച്ചുതരുന്നത്. ഒടുവിൽ ഇത് സംസ്ഥാനങ്ങളും കേന്ദ്രവും, സംസ്ഥാനങ്ങൾ തമ്മിലുമുള്ള പ്രശ്‌നങ്ങളായി മാത്രം ചർച്ച ചെയ്യപ്പെടും. അടിസ്ഥാന പ്രശ്‌നത്തിലേക്ക് കടക്കാൻ സാധിക്കാത്ത തരത്തിൽ ചർച്ചകളെ വഴിതിരിച്ചു വിടുകയും ചെയ്യും. മൈത്രീ- മുതലാളിത്തം അത്രത്തോളം അദൃശ്യമായി, വിദഗ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മഹാമാരികാലത്തെ തൊഴിൽ പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ മാത്രം എൺപതു ദശലക്ഷം തൊഴിൽ നഷ്ട്ടങ്ങൾ ഏഷ്യ-പസിഫിക് മേഖലയിൽ ഉണ്ടായി. ഏതാണ്ട് 10 ശതമാനം വരുമാനം തൊഴിൽ മേഖലയിൽ ഇടിഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 15 ശതമാനമാണ് തൊഴിൽ നഷ്ട്ടം. ഇതിൽ തന്നെ സ്ത്രീകളാണ് ഈ വലിയ നഷ്ടത്തിന്റെ മുഖ്യ ഇരകൾ. ഭക്ഷണ- സേവന, വാസ- സേവന മേഖലകളിൽ 20 ശതമാനം തൊഴിൽ നഷ്ടമുണ്ടായി. അതുപോലെ ചില്ലറ വിൽപ്പന മേഖലകളിലും ഉൽപ്പാദന മേഖലകളിലും തൊഴിൽ കുത്തനെ ഇടിഞ്ഞു. ഓൺലൈൻ വ്യാപാരം ചെറുകിട വ്യാപാരത്തെയും അതിനെ ആശ്രയിച്ചു നിൽക്കുന്ന ചെറുകിട കർഷകരെയും സാരമായി ബാധിച്ചു. ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വലിയൊരു വിഭാഗം തൊഴിലാളികളും പട്ടിണിയിലായി.

പ്രതിരോധ കുത്തിനെപ്പിനും കോവിഡ് പരിശോധനയ്ക്കും വരെ ആരോഗ്യ സംവിധാനങ്ങൾ വിലപേശുന്ന കാഴ്ചയാണ് ഇന്ത്യയിൽ നമ്മൾ കാണുന്നത്. ദില്ലി പോലുള്ള നഗരങ്ങളിൽ പ്രാണവായുവിനുവേണ്ടി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരികയാണ് ജനങ്ങൾ.

വിദ്യാഭ്യാസം "പുതിയ സാധാരണത്വം' കൈവരിച്ചതോടെ വഴിയാധാരമായത് സ്വകാര്യ-അനൗപചാരിക മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് അധ്യാപകരാണ്. ഇവർ സംഘടിതർ പോലുമല്ല എന്നുള്ളത് ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ദുര്യോഗം പതിന്മടങ്ങു വർധിപ്പിക്കുന്നു. മഹാമാരിക്കാലത്തു ഈ മേഖലയിൽ തുടർന്നും പണിയെടുക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ല എന്നുള്ള ആജ്ഞ പോലും ഈ സ്വകാര്യ വിദ്യാഭ്യാസ വ്യവസായികളെ ബാധിച്ചിട്ടില്ല. സർക്കാർ പോലും ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്നുള്ളതു ആശ്ചര്യത്തിനു വക നൽകുന്നില്ല.
വിവര-സാങ്കേതിക മേഖലയിലും ഇൻഷുറൻസ് മേഖലയിലും "പുതിയ സാധാരണത്വം' ഉണർവുണ്ടാക്കിയപ്പോൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ ചില പ്രത്യേക ഇടങ്ങളിൽ വലിയ തീവെട്ടികൊള്ളകൾ നടന്നു. ഇപ്പോഴും നടക്കുന്നു. വാക്‌സിൻ വ്യാപാരം ഇതിന്റെ പുതിയ സാധ്യതകൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ കോവിഡ് ഒന്നാം തരംഗം ആരംഭിച്ച്​ ആറുമാസത്തിനുള്ളിൽ നാലു ദശലക്ഷത്തിലേറെ യുവാക്കളുടെ തൊഴിൽ നഷ്ട്ടപെട്ടു. നിർമാണ- കാർഷിക മേഖലയിലാണ് ഇവയിൽ ഭൂരിപക്ഷവും. എന്നാൽ കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജുകൾ വെറും പ്രഖ്യാപനങ്ങൾ മാത്രമായി. കർഷകരെയും തൊഴിലാളികളെയും കടക്കെണിയിലേക്കു നയിക്കുന്ന വായ്പാ കെണികളായി ഇത്തരം ഉത്തേജന പ്രഖ്യാപനങ്ങൾ മാറിയപ്പോൾ ബാങ്കിങ് മേഖല തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങി.

ചരക്കു- സേവന നികുതിയിലൂടെയും പെട്രോൾ- ഡീസൽ വിലവർധനവിലൂടെയും, പുതിയ കാർഷിക- വ്യവസായ നിയമങ്ങളിലൂടെയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ചൊല്പടിയിൽ നിർത്താൻ തുടങ്ങിയതോടെ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതിന്​ പിന്തുണ കൊടുക്കുന്നവരെ ദേശസുരക്ഷാ നിയമങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും തടവിലാക്കിയും പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോൾ പുതിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. 2021-ൽ 100 ദശലക്ഷത്തോളം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് ഐ.എൽ. ഒ ഉൾപ്പെടെയുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ദശലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ കുടിയേറ്റ തൊഴിലാളികൾ ഇന്ന് ആശങ്കയിലാണ്. അടച്ചിടൽ ഭീഷണി ഏറ്റവും ബാധിക്കുന്ന അസംഘടിതരായ വലിയൊരു വിഭാഗമാണിത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ അവർ നേരിട്ട ദുരിതങ്ങൾ ലോകം നേരിട്ട് കണ്ടതാണ്. ഇനിയൊരു ആഘാതം അവരെ സംബന്ധിച്ചിടത്തോളം ജീവിതഹത്യക്കുള്ള വാറണ്ടാണ്.
മഹാമാരിയുടെ പിന്നാമ്പുറത്തുകൂടി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാൻ മൈത്രീ- മുതലാളിത്തത്തിന് യാതൊരു മടിയും കാണില്ല. തൊഴിലാളി വർഗത്തെയും അവരുടെ മൗലികാവകാശങ്ങളെയും ആരോഗ്യ അടിയന്തിരാവസ്ഥയുടെ പേരിൽ റദ്ദ് ചെയ്യാൻ പുത്തൻ മുതലാളിത്ത കൂട്ടുകെട്ടുകൾക്കു സർക്കാരിന്റെ "നിബന്ധന-നിയന്ത്രണ' മാനദണ്ഡങ്ങൾ മാത്രം മതിയാവും. തൊഴിലാളിവർഗം കൂടുതൽ ജാഗരൂകരാകേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്.

ക്ഷേമരാഷ്ട്രനയങ്ങൾ പാടെ ഉപേക്ഷിച്ച നവലിബറൽ ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ താക്കീതുകളിൽ കൂടി മാത്രമേ അൽപ്പമെങ്കിലും കരുണ കാണിക്കാൻ കഴിയൂ. സ്വയം കരുണ കാണിക്കുന്ന, തൊഴിലാളി വർഗവുമായി ന്യായമായി സംവദിക്കുന്ന ഭരണകൂടങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. അതുതന്നെയാണ് രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രസക്തി വീണ്ടും വീണ്ടും അടിവരയിടുന്നത്.


Comments