നുണ പ്രചരിപ്പിക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കൂ, മി.തോമർ!

ർഷക പ്രക്ഷോഭം ഡൽഹിയിൽ ആറ് മാസക്കാലം പൂർത്തിയാക്കി. അതോടൊപ്പം 2020 ജൂൺ 6ന് പഞ്ചാബിൽ ആരംഭിച്ച പ്രക്ഷോഭം ഒരു വർഷക്കാലവും. ആറ് മാസക്കാലത്തെ തയ്യാറെടുപ്പുമായി ഡൽഹിയിലെത്തിയ കർഷകർ തങ്ങളുടെ രണ്ടാം ഘട്ട പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളുമായി വീണ്ടും ഡൽഹി അതിർത്തികളിലേക്ക് തിരിച്ചിരിക്കുന്നു. ജൂൺ 9ന് ബാബാ ബന്ദാ സിംഗ് ബഹാദൂറിന്റെ ചരമ ദിനത്തിൽ ആയിരക്കണക്കിന് വാഹനങ്ങളിലായി കർഷകർ സിംഘുവിലെയും തിക്രിയിലെയും ഘാസിപ്പൂരിലെയും പ്രക്ഷോഭ കേന്ദ്രങ്ങളിൽ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ കൂടുതൽ ഉറപ്പുള്ള താമസ സൗകര്യങ്ങളും ദീർഘകാല സമരത്തിനുള്ള തയ്യാറെടുപ്പുകളുമായാണ് എത്തിയിരിക്കുന്നത്.

കർഷകരുടെ ഒരാവശ്യവും അംഗീകരിക്കാതെ, അവരെ പൂർണ്ണമായും അവഗണിച്ചിട്ടുപോലും സമരത്തിന്റെ ഊർജ്ജം നഷ്ടപ്പെടാതെ നിൽക്കുന്നത് സർക്കാരിനെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട് എന്ന് വേണം കരുതാൻ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഫിനാൻസ് കമ്മിറ്റിയിൽ വെച്ച് മിനിമം സഹായ വില വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രക്ഷോഭത്തിന്റെ രണ്ടാം തരംഗത്തെ മനസ്സിൽ കണ്ടുകൊണ്ടുള്ളത് മാത്രമാണ്.

കർഷകർക്കുള്ള മിനിമം സഹായ വില സ്വാമിനാഥൻ കമ്മിറ്റി നിർദ്ദേശിച്ച രീതിയിലാണ് തങ്ങൾ നൽകുന്നതെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ തങ്ങൾ പ്രതി‍ജ്ഞാബദ്ധരാണെന്നും സർക്കാർ ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ പുതുതായി പ്രഖ്യാപിച്ച നിരക്ക് വർദ്ധനവ് പോലും യഥാർത്ഥത്തിൽ കർഷകർക്ക് ലഭിക്കേണ്ടുന്ന വിലയുടെ അടുത്തുപോലും എത്തുന്നതല്ല എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള മിനിമം സഹായവില മുമ്പത്തേതിൽ നിന്നും വളരെ നേരിയ വ്യത്യാസമേ ഉൽപ്പന്ന വിലയിൽ ഉണ്ടാക്കുന്നുള്ളൂ. നിലവിലുള്ള വിലയിൽ 1.5 മുതൽ 4 ശതമാനം വരെ വർദ്ധനവ് മാത്രമാണെന്ന് മാത്രമല്ല, ഇൻഫ്ലേഷൻ നിരക്കുകൾ (4.9%) കൂടി പരിഗണിച്ചാൽ നിലവിൽ സർക്കാർ MSP കണക്കാക്കിയിരിക്കുന്ന (A2+FL=കാർഷിക ഉത്പാദന ചെലവ് +ഫാമിലി ലേബർ) വിലയിലും താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുക.

പുതുക്കിയ msp, പഴയ നിരക്ക്, ശതമാന വർദ്ധനവ്, കർഷകർ ആവശ്യപ്പെടുന്ന നിരക്ക് എന്നീ ക്രമത്തിൽ
പുതുക്കിയ msp, പഴയ നിരക്ക്, ശതമാന വർദ്ധനവ്, കർഷകർ ആവശ്യപ്പെടുന്ന നിരക്ക് എന്നീ ക്രമത്തിൽ

ഉദാഹരണത്തിന്, ഒരു ക്വിന്റൽ നെല്ലിന് ലഭിച്ചുകൊണ്ടിരുന്ന മിനിമം സഹായ വില 1868 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് 1940 രൂപയായി ഉയർത്തുകയുണ്ടായി. അതായത് നെല്ലിന്റെ MSPയിൽ കേവലം 3.58% വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. (സർക്കാർ പ്രഖ്യാപിച്ച മിനിമം സഹായവില വർദ്ധനവ് സംബന്ധിച്ച കണക്കുകളിലെ യഥാർത്ഥ വസ്തുത എന്താണെന്ന് ഇവിടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിച്ചാൽ മനസ്സിലാകും). സ്വാമിനാഥൻ കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡമനുസരിച്ചാണെങ്കിൽ 2590.5രൂപ ലഭിച്ചാൽ മാത്രമേ കർഷകന് കൃഷിയിൽ നിന്ന് മാന്യമായ വരുമാനം സാധ്യമാകുകയുള്ളൂ. ഈ തുകപോലും നിലവിലുള്ള ഇൻഫ്ലേഷൻ നിരക്കിന് ആനുപാതികമായി വർദ്ധിപ്പിക്കുകയും വേണം.

സാധാരക്കാരന്റെ ഭക്ഷണത്തിലെ പ്രധാന ഘടകമായ പയറിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മിനിമം സഹായ വില വളരെ പരിഹാസ്യമായ തോതിലുള്ളതാണ്. കിലോഗ്രാമിന് 72.75 എന്ന നിലയിലാണ് ഇപ്പോൾ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ നിരക്കിനേക്കാൾ കിലോഗ്രാമിന് 79 പൈസ മാത്രമാണ് വർദ്ധിച്ചിരിക്കുന്നത് (കേവലം 1.08% മാത്രം). ചെറുപയറിന് സ്വകാര്യ വിപണിയിൽ 130രൂപ വരെയാണ് കിലോഗ്രാമിന് ലഭിക്കുന്നത്. ചെറുപയറിന്റെ സംഭരണത്തിനുള്ള നടപടികൾ സ്വീകരിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും സ്വകാര്യ ട്രേഡർമാർ വിപണി കയ്യടക്കുകയും ഉയർന്ന വിലയ്ക്ക് മാത്രം ഉത്പന്നങ്ങൾ വില്ക്കാൻ തയ്യാറാവുകയും ചെയ്യുമ്പോൾ ഇരുട്ടടി ലഭിക്കുന്നത് സാധാരണ ഉപഭോക്താക്കൾക്ക് കൂടിയായിരിക്കും.

ഹരിയാനയിലെ പാനിപത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കർഷകർ
ഹരിയാനയിലെ പാനിപത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കർഷകർ

മിനിമം സഹായ വില എടുത്തുകളഞ്ഞിട്ടില്ലെന്നും അത് ഇപ്പോഴും എപ്പോഴും നിലനിൽക്കുമെന്നും ആവർത്തിച്ച് പ്രചരിപ്പിക്കുന്ന സർക്കാർ, മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കാതിരിക്കുന്നതെന്തുകൊണ്ട് എന്ന കർഷകരുടെ ചോദ്യത്തിന് നാളിതുവരെ തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല. ഭക്ഷ്യധാന്യ സംഭരണ-വിതരണ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൻകിട കമ്പനികളുടെ താൽപ്പര്യം മാത്രമാണ് സർക്കാരിന്റെ മുന്നിലെന്ന വസ്തുത മറ്റാരെക്കാളും നന്നായി അറിയാവുന്നത് കർഷകർക്കാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രതിഷേധത്തിന്റെ കുന്തമുന ഒരേസമയം സർക്കാരിനും വൻകിട കോർപ്പറേറ്റുകൾക്കും എതിരായി തിരിച്ചുനിർത്തിയിരിക്കുന്നത്.



കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments