നൂറു ദിവസത്തെ
സമരം കൊണ്ട് ആശ വർക്കർമാർ
എന്തു നേടി?

സമരത്തിന്റെ അഞ്ചാം ദിവസമോ ആറാം ദിവസമോ ചില ആവശ്യങ്ങൾ നൽകാൻ തയ്യാറാവുകയും ബാക്കി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നെങ്കിൽ നേടാനാകുമായിരുന്ന നേട്ടത്തിനെക്കാൾ എത്രയോ അധികമാണ് ഇന്ന് ആശാ വർക്കർമാർ നേടിക്കഴിഞ്ഞിരിക്കുന്നത്. അതവർ നേടിയത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ദുർവാശി കൊണ്ടു മാത്രമല്ല, ആ ദുർവാശിയോടുള്ള അവരുടെ അതിശക്തമായ പ്രതികരണം കൊണ്ടും കൂടിയാണ്- ആശാവർക്കർമാരുടെ സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിൽ ജെ. ദേവിക എഴുതുന്നു.

ശാ സമരത്തിന്റെ നൂറാം ദിവസം ചോദിക്കാവുന്ന ചോദ്യമാണ് – ഇത്രയും നാൾ കൊണ്ട് സമരക്കാർ എന്തു നേടിയെന്നത്? തീർച്ചയായും മുന്നോട്ടുവച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതുവരെയും അവർക്കായിട്ടില്ല. എന്നാൽ ഒരുപക്ഷേ, സർക്കാർ സമരത്തിന്റെ അഞ്ചാം ദിവസമോ ആറാം ദിവസമോ സമരക്കാരുടെ ചില ആവശ്യങ്ങൾ നൽകാൻ തയ്യാറാവുകയും ബാക്കി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നെങ്കിൽ നേടാനാകുമായിരുന്ന നേട്ടത്തിനെക്കാൾ എത്രയോ അധികമാണ് ഇന്നവർ നേടിക്കഴിഞ്ഞിരുന്നത്. അതവർ നേടിയത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ദുർവാശി കൊണ്ടു മാത്രമല്ല, ആ ദുർവാശിയോടുള്ള അവരുടെ അതിശക്തമായ പ്രതികരണം കൊണ്ടും കൂടിയാണ്.

ഈ സമരത്തിലൂടെ ഇതിനകം അവർ നേടിക്കഴിഞ്ഞത് പൊതുജനത്തിന്റെ കണ്ണിലുള്ള ദൃശ്യതയാണ്. സർക്കാർ ദൃഷ്ടിയിൽ തങ്ങളും തങ്ങളുടെ ആവശ്യങ്ങളും പതിയണമെന്നു മാത്രമേ സമരത്തിന്റെ തുടക്കത്തിൽ അവർ ആഗ്രഹിച്ചിരുന്നുള്ളൂ. കേരളത്തിൽ പൊതുവെ ആശമാരുടെ സേവനങ്ങളെ അധികമാരും ആഘോഷിക്കാറുണ്ടായിരുന്നില്ല. ദുരന്തകാലങ്ങളിൽ അവരുടെ സേവനങ്ങൾ അതിപ്രധാനമാണെങ്കിലും പൊതുവെ സർക്കാർവത്കൃത സിവിൽ സമൂഹസ്ത്രീകളെ – കുടുംബശ്രീ വനിതകളെ – ആണ് മാദ്ധ്യമങ്ങളും സർക്കാർ തന്നെയും ആഘോഷിക്കാറ്. അവരുടെ സേവനങ്ങൾ വിലകെട്ടവയാണെന്നല്ല പറയുന്നത്. പക്ഷേ കുടുംബശ്രീ വനിതകളെപ്പോലെ ആശാത്തൊഴിലാളിമാരും സന്നദ്ധപ്രവർത്തകർ തന്നെയാണ്. ആ അർത്ഥത്തിൽ അവരും കേരളത്തിന്റെ സർക്കാർവത്കൃത സിവിൽ സമൂഹത്തിന്റെ ഭാഗമാണ്. എന്നാൽ പേരിനാണെങ്കിലും ഒരു സർക്കാർ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വികസനത്തൊഴിലാളികളായതു കൊണ്ടുതന്നെ അവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ലെങ്കിലും, അവർ പൊതുജനത്തിനു മുന്നിൽ പൊതുവെ അദൃശ്യരായിരുന്നു.

ഈ സമരത്തിലൂടെ ഇതിനകം അവർ നേടിക്കഴിഞ്ഞത് പൊതുജനത്തിന്റെ കണ്ണിലുള്ള ദൃശ്യതയാണ്. സർക്കാർ ദൃഷ്ടിയിൽ തങ്ങളും തങ്ങളുടെ ആവശ്യങ്ങളും പതിയണമെന്നു മാത്രമേ സമരത്തിന്റെ തുടക്കത്തിൽ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.
ഈ സമരത്തിലൂടെ ഇതിനകം അവർ നേടിക്കഴിഞ്ഞത് പൊതുജനത്തിന്റെ കണ്ണിലുള്ള ദൃശ്യതയാണ്. സർക്കാർ ദൃഷ്ടിയിൽ തങ്ങളും തങ്ങളുടെ ആവശ്യങ്ങളും പതിയണമെന്നു മാത്രമേ സമരത്തിന്റെ തുടക്കത്തിൽ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.

തങ്ങൾ ജോലിയെടുക്കുന്ന ആരോഗ്യവകുപ്പിലും തങ്ങൾ ഏറെയും അദൃശ്യരായിരുന്നുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ അദൃശ്യതയെ സമരത്തിലിരിക്കുന്ന യൂണിയൻ വർഷങ്ങളായി ചോദ്യംചെയ്യുന്നുണ്ടായിരുന്നെങ്കിലും അതു തുടരുക തന്നെ ചെയ്തു. ആരോഗ്യവകുപ്പിന്റെ പരിപാടികളിൽ നിശ്ശബ്ദം പങ്കെടുക്കേണ്ട കാഴ്ചക്കാർ മാത്രമായി അവരെ കുറയ്ക്കുക, ഈ പരിപാടികളുടെ വിജയത്തിൽ വലിയ പങ്കു വഹിക്കുന്ന ആശാപ്രവർത്തകരുടെ സേവനത്തെ പരസ്യമായി മാനിക്കാതിരിക്കുക, മുതലായ ദൃശ്യതാനിഷേധത്തിന്റെ നിരവധി അവസരങ്ങൾ അവർ ഓർത്തെടുക്കുന്നു. വേതനം പോലെ തന്നെ പ്രധാനമാണ് തൊഴിലിലെ മാന്യതയും. ആരും മാനിക്കാത്ത സേവനങ്ങൾ സേവനങ്ങളല്ല, അടിമവേല മാത്രമാണ്.

ആ ഇല്ലായ്മയെ സമരക്കാർ സ്വയം പരിഹരിച്ചതിനെയാണ് സമരത്തിന്റെ ഈ നൂറാം ദിവസം നാം ആഘോഷിക്കേണ്ടത്. ആശാ സമരം ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമരമല്ല. തൊഴിലാളികളായി ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടം തൊഴിലാളികളുടെ സമരമാണത്. വ്യക്തികളെ കേന്ദ്രീകരിക്കുന്ന വിഷയങ്ങളോടാണ് നവലിബറൽകാലത്തെ മാദ്ധ്യമങ്ങൾക്ക് താത്പര്യം. പ്രത്യേക ജനവിഭാഗങ്ങളുടെ വിഷയങ്ങളെ സെൻറിമെൻറലൈസ് ചെയ്യാൻ എളുപ്പമല്ല. എന്നിട്ടു പോലും രണ്ടുമാസത്തോളം തുടർച്ചയായി ആശാസമരവാർത്തകൾ വന്നുകൊണ്ടേയിരുന്നു. ആശാത്തൊഴിലാളികളുടെ ശബ്ദം കേൾക്കാൻ പ്രേക്ഷകർ തയ്യാറായി. കേരളത്തിലെ അധികാരവിരുദ്ധ- സിവിൽസമൂഹവും ബുദ്ധിജീവികളും അവരെ ഇന്ന് വ്യക്തമായി കാണുന്നു. ഇപ്പോൾ കേരളം മുഴുവൻ ജനങ്ങളോടു നേരിട്ടു സംവദിക്കുന്ന സമരയാത്ര നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തിൽ ആശാത്തൊഴിലാളി ആരെന്നു ചോദിച്ചാൽ ഇവിടുത്തെ പലവിഭാഗക്കാരായ മനുഷ്യർ വ്യക്തമായിത്തന്നെ ഉത്തരംപറയും. ഇതേ ദൃശ്യത അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും അവർ പിടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. അടിമവേല എന്തായാലും ചെയ്യില്ലെന്നും തരുന്ന കൂലിക്കും, ചട്ടപ്രകാരം മാത്രമുള്ളതുമായ ഉത്തരവാദിത്വങ്ങൾ മാത്രമേ തങ്ങൾ നിർവഹിക്കേണ്ടതുള്ളൂ എന്നും, അതിലധികം പണിയെടുപ്പിക്കാൻ നിയമപ്രകാരം തന്നെ അധികാരികൾക്ക് അവകാശമില്ലെന്നും ഉറക്കെപ്പറയാൻ കൂടുതൽക്കൂടുതൽ ആശമാർ തയ്യാറായിരിക്കുന്നു.

ദൃശ്യത സ്വയം നേടിയ ആശമാർ ജനാധിപത്യ കേരളത്തിന്റെ പ്രത്യാശയാണ്. അവരുടെ സമരം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. കൂലിക്കൂടുതൽ അനന്തമായി നീട്ടാൻ സർക്കാരിനാവില്ല. അത് ആദ്യം തന്നെ ചെയ്തിരുന്നെങ്കിൽ പക്ഷേ പ്രത്യാശയുടെ സൂര്യനായി സമരത്തിന് ഉദിക്കാനാവില്ലായിരുന്നു.


Summary: J Devika writes as the ASHA workers' strike completed 100 days. Workers achieved visibility themselves are the hope of democratic Kerala, she argues.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments