ആശ വർക്കർമാരുടെ NHM ഓഫീസ് മാർച്ചിൽ KAHWA സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു സംസാരിക്കുന്നു.

നേടിയെടുത്തും
നേടാനുമായി ഉണർന്നിരിക്കുന്നു,
ASHA സമരഭൂമി

ആറു മാസം പിന്നിടുന്ന ആശ വർക്കർ സമരത്തിലൂടെ നിരവധി ആവശ്യങ്ങൾ നേടിയെടുക്കാനായി. ഇൻസെന്റീവ് വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം കണ്ടില്ലെന്നുനടിച്ചും അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ മറച്ചുപിടിച്ചും സംസ്ഥാന സർക്കാർ സമരത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, സെക്രട്ടേറിയേറ്റുമുന്നിലെ സമരം ആവേശം ചോരാതെ മുന്നോട്ടുപോകുകയാണെന്ന് ഇ.വി. പ്രകാശ്.

ശാ വർക്കർമാർമാർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരം ആറു മാസം പിന്നിടുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ 2025 ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമ്പോൾ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, കേരളത്തിൻ്റെ അവകാശ സമരചരിത്രത്തിൽ ഇടം പിടിക്കാൻ പോന്ന ഒരു പോരാട്ടത്തിന് പ്രാരംഭം കുറിക്കുകയാണെന്ന്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള നിസ്വരായ സ്ത്രീത്തൊഴിലാളികൾ രാപകൽ തെരുവിലിരുന്ന് സമരം ചെയ്യേണ്ടിവന്നത്, ഇടതുപക്ഷം എന്ന പേരിൽ ഭരണം നടത്തുന്ന ഒരു ഗവൺമെൻ്റിൻ്റെ മുന്നിലാണെന്നത് ചരിത്രത്തിൻ്റെ ഐറണിയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും ആരംഭകാലത്ത് സി.പി.ഐ- എമ്മും കേരളത്തിലെ തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു എന്നത് ചരിത്രവസ്തുതയാണ്. ആ പ്രസ്ഥാനം സമരവിരുദ്ധനയവും നടപടിയും സ്വീകരിക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് നീണ്ടുപോകുന്ന ആശാ സമരം.

കഴിഞ്ഞ ആറു മാസം കൊണ്ട് നിരവധി ആവശ്യങ്ങൾ ആശമാർ നേടിയെടുക്കുകയുണ്ടായി. സമരം ആരംഭിക്കുമ്പോൾ മൂന്നു മാസത്തെ ഓണറേറിയം കുടിശ്ശികയുണ്ടായിരുന്നു. സമരത്തിലൂടെ അത് ലഭിച്ചെന്നു മാത്രമല്ല, മാസാദ്യം തന്നെ ഓണറേറിയം ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ഓണറേറിയം ലഭിക്കുന്നതിന് 10 മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നത് സമരത്തിലൂടെ നീക്കം ചെയ്യപ്പെട്ടു. എന്നാൽ, ഇൻസന്റീവിലൂടെ ഓണറേറിയത്തിന് പുതിയ ഉപാധി ഏർപ്പെടുത്തി, നിലവിലുണ്ടായിരുന്ന 7000 രൂപ ഓണറേറിയം 3500 രൂപയാക്കി വെട്ടിക്കുറയ്ക്കുന്ന നീചമായ നടപടി സർക്കാർ കൈക്കൊണ്ടു.

എല്ലാ ജില്ലകളിലും വലിയൊരു വിഭാഗം ആശമാർക്ക് 3500 രൂപ മാത്രമാണ് ഓണറേറിയം ലഭിക്കുന്നത്. ഓണറേറിയത്തിനുണ്ടായിരുന്ന 10 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞ് ഉപാധിരഹിത ഓണറേറിയം നടപ്പാക്കുമെന്ന് ചർച്ചകൾക്കിടയിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഉത്തരവിൽ ഓണറേറിയത്തിന് ഇൻസെന്റീവിലൂടെ പുതിയ ഉപാധികൾ ഏർപ്പെടുത്തുകയാണുണ്ടായത്. ഫിക്‌സഡ് ഇൻസെൻ്റീവ് 1000 രൂപ ലഭിക്കുന്നവർക്കും പെർഫോമൻസ് ഇൻസെന്റീവ് 500 രൂപയിൽ കുറവ് വരുന്നവർക്കും 3500 രൂപ മാത്രമേ ഓണറേറിയം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ ഉപാധി. ആഗസ്റ്റ് 20 ന് അസോസിയേഷൻ നടത്തിയ NHM ഓഫീസ് മാർച്ചിനെ തുടർന്ന് സോഷ്യൽ ഡെവലപ്മെൻ്റ് ഓഫീസറുമായി നടന്ന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. 21,000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക എന്നീ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ ഇപ്പോഴും നിഷേധനിലപാട് തുടരുകയാണ്.

കഴിഞ്ഞ ആറു മാസം കൊണ്ട് നിരവധി ആവശ്യങ്ങൾ ആശമാർ നേടിയെടുക്കുകയുണ്ടായി. സമരം ആരംഭിക്കുമ്പോൾ മൂന്നു മാസത്തെ ഓണറേറിയം കുടിശ്ശികയുണ്ടായിരുന്നു. സമരത്തിലൂടെ അത് ലഭിച്ചെന്നു മാത്രമല്ല,  മാസാദ്യം തന്നെ ഓണറേറിയം ലഭിക്കുന്ന സാഹചര്യവുമുണ്ടായി.
കഴിഞ്ഞ ആറു മാസം കൊണ്ട് നിരവധി ആവശ്യങ്ങൾ ആശമാർ നേടിയെടുക്കുകയുണ്ടായി. സമരം ആരംഭിക്കുമ്പോൾ മൂന്നു മാസത്തെ ഓണറേറിയം കുടിശ്ശികയുണ്ടായിരുന്നു. സമരത്തിലൂടെ അത് ലഭിച്ചെന്നു മാത്രമല്ല, മാസാദ്യം തന്നെ ഓണറേറിയം ലഭിക്കുന്ന സാഹചര്യവുമുണ്ടായി.

ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാനം;
ഇൻസെൻ്റീവ് കേന്ദ്രവും

2025 മാർച്ച് 20 ന് തിരുവനന്തപുർത്ത് ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ ഓണറേറിയം വർദ്ധിപ്പിച്ച് ആശാ സമരം ഒത്തുതീർപ്പാക്കണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെടുകയും സി.പി. ഐ അതിനെ പിൻതുണയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ഇൻസെൻ്റീവ് വർദ്ധിപ്പിക്കുന്നതിനനുസരിച്ച് ഓണറേറിയം വർദ്ധിപ്പിക്കാം എന്ന് ആ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. പിന്നീട്, വാർത്താസമ്മേളനത്തിലും സമാന നിലപാട് അദ്ദേഹം ആവർത്തിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ രാപകൽ സമരം നടക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്രമന്ത്രിമാരും എം.പിമാരും ആശമാരുടെ പ്രശ്നം പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഉന്നയിച്ചു. ആശമാരുടെ ഇൻസെൻ്റീവ് വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ 2025 മാർച്ച് 11 ന് സന്തോഷ്കുമാർ എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2025 ജൂലൈ 7 ന് എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് നൽകിയ മറുപടി ഇപ്രകാരമാണ്:

‘‘2025 മാർച്ച് 4 ന് നടന്ന മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പിൻ്റെ (MSG) 9-ാമത് യോഗത്തിൽ ആശമാരുടെ പ്രതിമാസ ഇൻസെൻ്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി വർദ്ധിപ്പിച്ചു’’.

ആശമാരുടെ വിരമിക്കൽ ആനുകൂല്യമായി സംസ്ഥാന സർക്കാർ, കേന്ദ്രത്തിൽ നിന്ന് തുക കൈപ്പറ്റുകയും അത് ആശമാരിൽ എത്താതെ പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം.

2005- ൽ ആശാ സ്കീം ആരംഭിച്ചശേഷം കേന്ദ്രം ഇൻസെൻ്റീവ് വർദ്ധിപ്പിച്ചിരുന്നില്ല. കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തിയ വീറുറ്റ, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൻ്റെ ഫലമാണ് ഈ വർദ്ധന. 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 10 ലക്ഷം ആശാ പ്രവർത്തകർക്ക് വർദ്ധനവ് ലഭിക്കും. മാത്രമല്ല, 10 വർഷം ജോലി ചെയ്ത് 60 വയസ്സിൽ വിരമിക്കുന്നവർക്ക് നൽകിവന്നിരുന്ന 20,000 രൂപ വിരമിക്കൽ ആനുകൂല്യം 50,000 രൂപയായി ഉയർത്തുകയും ചെയ്തു. 2019 മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ 20,000 രൂപ വിരമിക്കൽ ആനുകൂല്യം കേരളത്തിലെ ഒരാൾക്കും ലഭിച്ചിട്ടില്ല. അങ്ങനെ ഒരാനുകൂല്യമുണ്ടെന്നത് ആശമാരിൽ നിന്നും സംസ്ഥാന സർക്കാരും NHM ഉദ്യോഗസ്ഥരും മറച്ചുപിടിക്കുകയായിരുന്നു. വിരമിക്കുന്ന ആശമാരുടെ ലിസ്റ്റ് പോലും കേന്ദ്ര സർക്കാരിന് സംസ്ഥാനം കൊടുത്തില്ല. ഈ സംഭവത്തിലൂടെ കേന്ദ്ര സർക്കാർ അനുവദിച്ച തുക പോലും തൊഴിലാളികൾക്ക് നേടിക്കൊടുക്കുന്നതിൽ വീഴ്ച വരുത്തിയവരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തെളിയുകയാണ്. അതിദരിദ്രരായ സ്ത്രീത്തൊഴിലാളികൾക്ക് അർഹതപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ ആനുകൂല്യങ്ങൾ പോലും അവരിൽനിന്ന് മറച്ചു വയ്ക്കുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്? അത് നേടിയെടുക്കുവാൻ കഠിനമായ സമരം നടത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. തികഞ്ഞ വഞ്ചനയും കുറ്റകൃത്യവുമെന്നല്ലാതെ മറ്റെന്ത് വാക്ക് കൊണ്ടാണ് ഇത്തരം നടപടികളെ വിശേഷിപ്പിക്കേണ്ടത്?

ആശമാരുടെ വിരമിക്കൽ ആനുകൂല്യമായി സംസ്ഥാന സർക്കാർ, കേന്ദ്രത്തിൽ നിന്ന് തുക കൈപ്പറ്റുകയും അത് ആശമാരിൽ എത്താതെ പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം. തൊഴിലാളികളെ പരമാവധി ദ്രോഹിക്കുന്ന നടപടികളാണ് പലപ്പോഴും സർക്കാർ പിൻതുടരുന്നത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പ്രതിമാസം 1,600 രൂപ പെൻഷൻ നൽകുന്നത് 18 മാസമായി മുടങ്ങിയിരിക്കുന്നത് അതുകൊണ്ടാണ്. തൊഴിലാളിയുടെ കൂലിയിൽ നിന്ന് അംശാദായം പിടിച്ച തുകയാണ് പെൻഷനായി കൊടുക്കുന്നത്. അതുപോലും സംസ്ഥാന സർക്കാർ നിഷേധിക്കുകയാണ്. അതേസമയം, കോർപ്പറേറ്റുകളെ സംരക്ഷിക്കുവാൻ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്’ വേണ്ട എല്ലാ സൗകര്യങ്ങളും ദ്രുതഗതിയിലാണ് സർക്കാർ നടത്തുന്നത്. സാധാരണ തൊഴിലാളികളെ ദ്രോഹിച്ച്, കോർപ്പറേറ്റ് നയങ്ങൾ നടപ്പാക്കുവാൻ കാട്ടുന്ന വ്യഗ്രതയുടെ പേരിലാണ് പിണറായി ഭരണം മുതലാളിമാർക്ക് അഭിമതമാകുന്നത്.

സംസ്ഥാനങ്ങൾ ആശ വർക്കർമാർക്ക് നൽകുന്ന ഓണറേറിയത്തിൻ്റെ സ്റ്റാറ്റസ്. എൻ.കെ. പ്രേമചന്ദ്രന് പാർലമെൻ്റിൽ നൽകിയ മറുപടിയിലുള്ളത്.
സംസ്ഥാനങ്ങൾ ആശ വർക്കർമാർക്ക് നൽകുന്ന ഓണറേറിയത്തിൻ്റെ സ്റ്റാറ്റസ്. എൻ.കെ. പ്രേമചന്ദ്രന് പാർലമെൻ്റിൽ നൽകിയ മറുപടിയിലുള്ളത്.

കേന്ദ്ര സർക്കാർ ഇൻസെൻ്റീവ് വർദ്ധിപ്പിച്ചതും സംസ്ഥാന സർക്കാർ ആശമാരിൽനിന്ന് മറച്ചു പിടിച്ചു. വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രിയും സർക്കാർ വൃത്തങ്ങളും പറയുന്നത്. എന്നാൽ, മാർച്ച് നാലിന് മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പിൻ്റെ മീറ്റിംഗിൽ തീരുമാനമെടുത്തു എന്ന വസ്തുത കേന്ദ്ര മന്ത്രിയും പാർലമെൻ്റ് സൈറ്റിലെ രേഖകളും വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ, ലക്ഷങ്ങൾ ഓണറേറിയവും 11.31 ലക്ഷം രൂപ യാത്രാബത്തയും 5 പേഴ്സണൽ സ്റ്റാഫും നൽകി ഡൽഹിയിൽ കുടിയിരുത്തിയ പ്രത്യേക പ്രതിനിധി കെ.വി. തോമസിൻ്റെ പണി എന്താണ്? കേരളത്തിലെ NHM ഉദ്യോഗസ്ഥർ എന്തുകൊണ്ട് തീരുമാനം മറച്ചുവെച്ചു. സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് പ്രയോജനപ്പെടുന്ന ഒരു കാര്യം കഴിഞ്ഞ അഞ്ചു മാസമായി ആരോഗ്യമന്ത്രി അറിഞ്ഞില്ലെങ്കിൽ അവർക്ക് ആ ഉത്തരവാദിത്തത്തിൽ തുടരുവാൻ അർഹതയില്ല എന്നാണ് തെളിയിക്കപ്പെടുന്നത്.

എന്നാൽ, ആഗസ്റ്റ് 20 ന് NHM സോഷ്യൽ ഡെവലപ്മെൻ്റ് ഓഫീസർ സീന സി.കെയുമായി KAHWA നേതാക്കൾ നടത്തിയ ചർച്ചയിൽ, ഇൻസെൻ്റീവ് വർദ്ധനവ് അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പാക്കും എന്നാണ് വ്യക്തമാക്കിയത്. അപ്പോഴും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇൻസെൻ്റീവ് വർദ്ധന അറിഞ്ഞ മട്ടില്ല. മുൻ പ്രസ്താവനകൾ തിരിഞ്ഞുകൊത്തുമെന്നുള്ള ഭയത്താൽ കണ്ണടച്ച് ഇരുട്ടാക്കുവാനുള്ള വ്യാമോഹത്തിലാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും.

ആശാ വർക്കർമാർ സമരം ആരംഭിച്ച് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോഴാണ് അങ്കണവാടി ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (INTUC) നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.

സമരം 13 ദിവസമായപ്പോൾ ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലൻ നേതാക്കളെ ചർച്ചയ്ക്ക് വിളിയ്ക്കുകയും മന്ത്രി നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ വിഷയം പഠിച്ച് പരിഹാരമുണ്ടാക്കാം എന്ന ഉറപ്പാണ് ധനമന്ത്രി സമരക്കാർക്ക് നൽകിയത്. എന്നാൽ, അഞ്ചു മാസം പിന്നിട്ടിട്ടും മന്ത്രി വാഗ്ദാനം പാലിച്ചില്ല. വനിതാ - ശിശു വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 'പഠനം' നടക്കുന്നതേയുള്ളൂ എന്നാണ് സർക്കാർ വിശദീകരണം. സമരം തകർക്കുവാൻ സർക്കാരുകൾ പ്രയോഗിക്കുന്ന കുതന്ത്രത്തിൻ്റെ ഭാഗമാണ് പഠിക്കുവാനുള്ള സമയവും കമ്മീഷനുമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു.

സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് പ്രയോജനപ്പെടുന്ന ഒരു കാര്യം കഴിഞ്ഞ അഞ്ചു മാസമായി ആരോഗ്യമന്ത്രി അറിഞ്ഞില്ലെങ്കിൽ അവർക്ക് ആ ഉത്തരവാദിത്തത്തിൽ തുടരുവാൻ അർഹതയില്ല എന്നാണ് തെളിയിക്കപ്പെടുന്നത്.

ആശാ വർക്കർമാരുടെ സമരത്തിൻ്റെ 53-ാം ദിവസം സമാനമായ ഒരു ചർച്ചാപ്രഹസനം സെക്രട്ടേറിയറ്റിൽ നടന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു സി, എസ്.ടി.യു നേതാക്കളും സമരം ചെയ്യുന്ന KAHWA നേതാക്കളും ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കുവാൻ കമ്മീഷനെ നിയോഗിക്കാം, സമരം അവസാനിപ്പിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. KAHWA ഒഴികെ മറ്റു യൂണിയനുകളെല്ലാം മന്ത്രിയുടെ നിർദ്ദേശത്തോട് യോജിച്ചു. എന്നാൽ, KAHWA നേതാക്കൾ ഒരു ഫോർമുല അവതരിപ്പിച്ചു. ആശമാർക്ക് ഇപ്പോൾ ലഭിക്കുന്ന ദിവസം 232 രൂപയെന്ന ഓണറേറിയം 332 രൂപയായി പ്രഖ്യാപിക്കുക. അതിനുശേഷം കമ്മീഷനെ നിയോഗിക്കാം. കമ്മീഷൻ പഠനം വരുമ്പോൾ മൂന്നു മാസത്തിനു ശേഷം, ഘട്ടം ഘട്ടമായി ദിവസം 700 രൂപ ഓണറേറിയം നൽകിയാൽ മതി. വിരമിക്കൽ ആനുകൂല്യവും പ്രഖ്യാപിക്കുവാനും ഓണറേറിയം വർദ്ധിപ്പിക്കുവാനും കമ്മീഷൻ്റെ ആവശ്യമില്ലെന്ന് KAHWA നേതാക്കൾ നിലപാടെടുത്തു. മുൻകാലങ്ങളിൽ ഓണറേറിയം വർദ്ധിപ്പിച്ചത് കമ്മീഷനുകളുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്നത് അവർ ചൂണ്ടിക്കാണിച്ചു. സർക്കാരാവട്ടെ ഒരു രൂപ പോലും കൂട്ടാനാവില്ല എന്ന മർക്കടമുഷ്ടിയോടെ മുന്നോട്ട് പോയി. മറ്റ് യൂണിയനുകളുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഹരിത. വി കുമാറിൻ്റെ നേതൃത്വത്തിൽ പഠന കമ്മീഷൻ രൂപീകരിക്കപ്പെട്ടു. മൂന്ന് മാസത്തെ കാലയളവിനുള്ളിൽ കമ്മീഷൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും എന്നായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിയുടെ വാക്കിൽ വിശ്വാസമില്ലാത്തതുകൊണ്ടുതന്നെ സെക്രട്ടേറിയറ്റിനുമുന്നിലെ അനിശ്ചിതകാല രാപകൽ സമരം KAHWA തുടരുകയാണുണ്ടായത്.

ഏപ്രിൽ 3 ന് നടന്ന ചർച്ചയ്ക്കു ശേഷം നാലര മാസം പിന്നിടുമ്പോഴും ഇതുവരെ കമ്മീഷൻ, റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. സമരം പൊളിക്കുവാനുള്ള സർക്കാരിൻ്റെയും വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളുടെയും നീക്കത്തെ സത്യസന്ധരായ ആശാ സമരനേതാക്കൾ ബുദ്ധിപൂർവ്വം നേരിട്ടില്ലായിരുന്നെങ്കിൽ ആശമാർക്ക് അങ്കണവാടി ജീവനക്കാരുടെ ഗതി വന്നേനെ എന്നതിൽ സംശയമില്ല. ഒരു സമരത്തെ സംബന്ധിച്ച് സത്യസന്ധമായ നേതൃത്വം എത്രമാത്രം അനിവാര്യതയാണെന്ന് അങ്കണവാടി, ആശാ സമരങ്ങൾ താരതമ്യ പഠനത്തിന് വിധേയമാക്കിയാൽ മനസ്സിലാകും.

ആശാ സമരം ആറ് മാസങ്ങൾ പിന്നിടുമ്പോൾ കേരളീയ സമൂഹത്തിൽ സമരം സൃഷ്ടിച്ച ആത്മവിശ്വാസം ചെറുതല്ല. കഠിനമായ വെല്ലുവിളികളെ നേരിട്ട് സ്ത്രീത്തൊഴിലാളികൾ വളർത്തിയെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്ന സമരമെന്ന നിലയിൽ ആശാ സമരം പുതിയൊരു വഴി വെട്ടുകയാണ്. ഡിമാൻ്റിൽ അടിയുറച്ചു നിൽക്കുന്ന, തൊഴിലാളികളെ വഞ്ചിക്കാത്ത നേതൃത്വം അപൂർവ്വതയായി മാറിയിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ, ആശാ സമരനേതൃത്വം മാതൃകാപരമായി മാറുന്നുവെന്നത് പ്രധാനമാണ്. സർക്കാരും സി പി എമ്മിൻ്റെ സംഘടനാ സംവിധാനവും ആറു മാസമായി 'ബുൾഡോസറുകൾ ' പ്രയോഗിച്ചിട്ടും സമരത്തിന് നേരിയ പോറൽ പോലും ഏൽക്കാതെ മുന്നോട്ട് പോകുന്നുവെങ്കിൽ, സമരനേതൃത്വത്തിന് അനന്യമായ തൊഴിലാളി സ്നേഹവും സത്യസന്ധതയും ഉണ്ടെന്നു തന്നെയാണ് തെളിയുന്നത്.

ആശമാരുടെ ഇൻസെന്റീവ്സ് വർദ്ധന സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ അടങ്ങിയ മിനിട്സ്
ആശമാരുടെ ഇൻസെന്റീവ്സ് വർദ്ധന സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ അടങ്ങിയ മിനിട്സ്

അവകാശബോധത്തോടെ തൊഴിലാളികൾ സ്വയം സംഘടിതരാകുമ്പോൾ അതിനെ പിന്തുണയ്ക്കുകയെന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രാഥമിക കർത്തവ്യമാണ്. തൊഴിലാളികൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ കൂടുതൽ ഉയർന്ന ജനാധിപത്യ പ്രബുദ്ധത സൃഷ്ടിക്കുവാനും സമരങ്ങൾക്കുള്ള പങ്ക് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ബാലപാഠം അറിയാവുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ജാതി, മത വിഭാഗീയ ചിന്താഗതികൾ ഇല്ലാതാക്കുവാൻ ജനാധിപത്യ സമരാന്തരീക്ഷം ശക്തി പ്രാപിക്കേണ്ടതുണ്ട്. എന്നാൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ജനാധിപത്യ സമരങ്ങളെ ഭരണകൂടത്തിൻ്റെ സർവ്വശക്തിക്കും പ്രയോഗിച്ച് അടിച്ചമർത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആശാ വർക്കർമാർ നടത്തുന്ന സമരത്തെ വൈരനിര്യാതനബുദ്ധിയോടു കൂടിയാണ് സർക്കാർ നേരിടുന്നത്. ആറു മാസത്തിനിടയിൽ കുതന്ത്രങ്ങളിലൂടെയും അധികാര മുഷ്ക്കിലൂടെയുമാണ് സമരത്തെ നേരിടാൻ സർക്കാരും സി.പി.എമ്മും ശ്രമിച്ചത്. മഴ പെയ്യുമ്പോൾ ടാർപാളിൻ അഴിപ്പിച്ചതും സമരത്തിൽ പങ്കെടുത്ത സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതും സമരനേതൃത്വത്തെ ഹീനമായ ഭാഷയിൽ ആക്ഷേപിച്ചതും സമരം ചെയ്യുന്നവരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയതുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ സമരഭൂമി ശക്തമായി, സജീവമായി തലയുയർത്തിനിൽക്കുന്നു. പല തുറകളിൽപെട്ട മനുഷ്യസ്നേഹികൾ പിന്തുണ പ്രഖ്യാപിക്കുന്നു. ചൂഷണം അനുഭവിക്കുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായ വിവിധ വിഭാഗം ജനങ്ങൾ ആശാ സമരത്തിൻ്റെ സമ്പൂർണ വിജയത്തിനായി കാത്തിരിക്കുന്നുണ്ട്. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പിന്തുണ തെളിയിക്കുന്നത് അതുതന്നെയാണ്.

Comments