തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് ആശാവർക്കർമാരുടെ സമരം കൂടുതൽ ശക്തമാവുന്നു. ശനിയാഴ്ച സമൂഹത്തിൻെറ വിവിധതലങ്ങളിൽ നിന്നുള്ളവർ അണിചേർന്ന പൗരസാഗരമാണ് നടന്നത്. 26000-ത്തിലേറെ വരുന്ന ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യമുയർത്തി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 62 ദിവസമായി സമരം നടത്തുകയാണ്. സമരത്തെ സംസ്ഥാന സർക്കാർ തുടർച്ചയായി അവഗണിക്കുന്നതിനിടയിലാണ് പൗരസാഗരം സംഘടിപ്പിച്ചത്. ഡോ. ഖദീജാ മുംതാസാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരള പൊതുസമൂഹം വലിയ പിന്തുണ നൽകിയ സമരം വിജയിച്ചേ മതിയാവൂയെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ദിവസ വേതനം കൈപ്പറ്റുന്ന ആശ പ്രവർത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സമരത്തെ അവഗണിക്കുന്നത്. കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന സ്കീം വർക്കേഴ്സ് എന്ന വിഭാഗത്തിൽപ്പെടുന്ന ഈ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്രസർക്കാറും തയാറായിട്ടില്ല.

തങ്ങൾ മുന്നോട്ടുവെക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. നാടിന്റെ സമരപാരമ്പര്യം വീണ്ടെടുക്കാൻ സഹായകമായ, സമൂഹത്തിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയുക്തമായ ഈ സമരം വിജയിക്കേണ്ടത് നാടിന്റെയൊന്നാകെ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ദിവസവേതനത്തിൽ 100 രൂപയെങ്കിലും വർധിപ്പിക്കുന്ന രീതിയിൽ ഓണറേറിയം 3000 രൂപ കൂടി ഉയർത്തണമെന്ന ആവശ്യമായിരുന്നു സമരക്കാർ ആദ്യം മുന്നോട്ട് വെച്ചത്. എന്നാൽ അത് അംഗീകരിക്കാനും സർക്കാർ തയാറായിട്ടില്ല. തങ്ങൾ മുന്നോട്ടുവെക്കുന്ന ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും സർക്കാർ വഴങ്ങുന്നില്ലെന്നും അതുകൊണ്ട് തന്നെ ആവശ്യങ്ങൾ പൂർണമായി നേടാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.

ആശമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സംഘടന പുതിയ സമരരീതികൾ കൈക്കൊള്ളുമെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു, എസ്. മിനി എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിയോഗം 13 ന് ചേരും. സമരവേദിയിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് സമരക്കാർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. ഓണറേറിയം 3000 രൂപയായി വർധിപ്പിച്ച് പ്രതിമാസം 10000 രൂപ നൽകണമെന്നും ഘട്ടം ഘട്ടമായി വർധിപ്പിച്ച് 21000 രൂപയാക്കണമെന്നും ആശാ വർക്കർമാർ ആവശ്യപ്പെടുന്നു.