ചെമ്മീൻ പീലിങ് തൊഴിലാളികളോട് സർക്കാരും മുതലാളിമാരും ചെയ്യുന്ന ദ്രോഹങ്ങൾ

“മുതലാളിമാർ ഞങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെമ്മീൻ അളക്കുന്നത് തന്നെ ശരിയായിട്ടല്ല. എഗ്രിമെന്റ് അനുസരിച്ച്, ഒരു കിലോ ചെമ്മീൻ പൊളിക്കാൻ 28 രൂപ തരണം. എന്നാൽ ഒരു കിലോ എന്നുപറഞ്ഞ് തരുന്ന ചെമ്മീൻ വളരെ കൂടുതലാണ്. അഞ്ച്, ആറ് കിലോ വരെ 28 രൂപയ്ക്ക് ഞങ്ങൾക്ക് പൊളിക്കേണ്ടി വന്നിട്ടുണ്ട്” - ചെമ്മീൻ പീലിങ് മേഖലയിലുള്ളവർ നേരിടുന്ന കടുത്ത അനീതികളെക്കുറിച്ച് ആലപ്പുഴ പായൽകുളങ്ങരയിലെ സ്ത്രീ തൊഴിലാളികൾ പ്രതികരിക്കുന്നു…

കേരളത്തിൻെറ തീരദേശ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ പ്രധാന വരുമാന മാർഗമാണ് ചെമ്മീൻ പീലിങ്. തൊഴിൽ സമയംപോലും നിജപ്പെടുത്താത്ത ഈ തൊഴിൽ മേഖലയിൽ വളരെ കുറഞ്ഞ വേതനത്തിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. മത്സ്യബന്ധനം ഉപജീവനമാക്കിയ തീരദേശ കുടുംബങ്ങൾ അല്ലല്ലില്ലാതെ പോകുന്നത് ഈ തൊഴിലുകൊണ്ട് മാത്രമാണെന്നാണ് അവർ തന്നെ പറയുന്നത്. മിനിമം വേതനം പോലും ഇതുവരെയും നടപ്പിലാക്കാതെ ചെമ്മീൻ പീലിങ് ഷെഡ് മുതലാളിമാർ തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ചൂഷണത്തിനെതിരെ വർഷങ്ങളായി ഇവർ സമരം ചെയ്യുകയാണ്. എന്നാൽ ഒന്നിനും ഒരു പരിഹാരവുമായിട്ടില്ല. മുതലാളിമാർ മാത്രമല്ല, മാറി മാറി വരുന്ന സർക്കാരുകളും ഇവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കുന്നില്ല.

ക്ഷേമനിധി അടക്കമുള്ള ഒരു ആനുകൂല്യവും ഇവർക്ക് ലഭ്യമാകുന്നില്ല. വർഷം തോറും അടയ്ക്കുന്ന അംശാദായമായ 600 രൂപ പോലും തിരിച്ചുകിട്ടുന്നില്ലെന്നും തങ്ങൾക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകാതെ സർക്കാർ സംവിധാനങ്ങൾ ചൂഷണം ചെയ്യുകയാണെന്നും സ്ത്രീ തൊഴിലാളികൾ പറയുന്നു. സർക്കാറിൽ നിന്നും നേരിടുന്ന അവഗണനയെ കുറിച്ച് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് സാമൂഹ്യപ്രവർത്തകയും ആലപ്പുഴ പായൽകുളങ്ങരയിലെ മുൻ ചെമ്മീൻ പീലിങ് തൊഴിലാളിയുമായ സുബൈദ.

സുബൈദ
സുബൈദ

“നേരത്തെ ചെമ്മീൻ പീലിങ് തൊഴിലാളികൾ ക്ഷേമനിധിയിൽ 20 രൂപ വീതമായിരുന്നു അംശാദായം അടച്ചുകൊണ്ടിരുന്നത്. ഓരോ മാസവും 20 രൂപ എന്ന കണക്കിൽ വർഷം 240 രൂപ അടച്ചിരുന്നു. നിലവിൽ ക്ഷേമനിധിയിൽ അടയ്ക്കേണ്ട തുക വർധിപ്പിച്ചു. ഒരു മാസം 50 രൂപ വിതം ഒരു വർഷം 600 രൂപയാണ് ഇപ്പോൾ അംശാദായമായി അടയ്ക്കേണ്ടത്. മറ്റെല്ലാ തൊഴിലാളികൾക്കും 60 വയസാകുമ്പോൾ അടച്ച അംശാദായവും പലിശയും കൂടെ സർക്കാർ നൽകുന്ന ഒരു തുകയുംകൂടി ഉൾപ്പെടുത്തി പെൻഷൻ കൊടുക്കും. നിർഭാഗ്യമെന്ന് പറയട്ടെ ചെമ്മീൻ പീലിങ് മേഖലയിൽ, മത്സ്യസംസ്കരണ മേഖലയിൽ തൊഴിലാളികൾ അടയ്ക്കുന്ന പൈസ തിരിച്ചുനൽകുവാൻ ഒരു സംവിധാനവുമില്ല. ഈ ഐസിന്റെ തണുപ്പിൽ മലിനമായ ജലത്തിൽ വളരെ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയാണത്. എന്നാൽ ആ പണം തിരികെ നൽകാനുള്ള നടപടി ഒരു സർക്കാരും ഇതുവരെയും സ്വീകരിച്ചിട്ടില്ല. സമ്പാദ്യ കടാശ്വാസ പദ്ധതിയെന്ന് പറഞ്ഞുകൊണ്ട്, 1500 രൂപ മൂന്ന് ഗഡുക്കളായി ഞങ്ങൾ അടയ്ക്കും. കടപ്പുറത്ത് പണിയില്ലാതിരിക്കുന്ന സമയത്ത് 1500 രൂപ വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകളും നൽകിക്കൊണ്ട് മൊത്തത്തിൽ ഒരു 4500 രൂപ തൊഴിലാളിക്ക് ഓരോ വർഷവും നൽകും. ഇങ്ങനെ കിട്ടുന്നതല്ലാതെ ഈ പീലിങ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ആനുകൂല്യം കിട്ടുന്നില്ലെന്ന് മാത്രമല്ല, കഷ്ടപ്പെട്ട് അടയ്ക്കുന്ന പൈസ തിരിച്ചുനൽകുവാൻ വേണ്ട നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല,” സുബൈദ പറഞ്ഞു.

തങ്ങളുടെ അധ്വാനത്തിന്റെ ഫലം മൊത്തത്തിൽ അനുഭവിക്കുന്നവർ മുതലാളിമാരാണെന്നും തങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും പീലിങ് തൊഴിലാളിയായ രതി രവീന്ദ്രൻ പറഞ്ഞു. ആനുകൂല്യങ്ങൾ ലഭ്യമാകേണ്ടത് തങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്നും അവർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

രതി രവീന്ദ്രൻ
രതി രവീന്ദ്രൻ

“പണ്ടുമുതൽക്കേ ലാഭത്തിലും നഷ്ടത്തിലും ഞങ്ങൾ പണിയെടുത്തിട്ടുണ്ട്. നിരവധി സമരങ്ങളും നയിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നേതാക്കളും നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പോലും ചോദിച്ചിട്ടില്ല. ഇതുവരെയും ഞങ്ങൾക്ക് ബോണസ്, ഇ.എസ്.എ പോലെയുള്ള യാതൊരു അലവൻസും കിട്ടിയിട്ടില്ല. അത് കിട്ടിയേ പറ്റത്തൊള്ളൂ. അത് ഞങ്ങളുടെ അവകാശമാണ്. അതിനായി ഏതറ്റം വരെയും പോയാലും നേടിയെടുത്തിരക്കും. അത്രയും കഷ്ടപ്പാട് ഈ ഷെഡുകളിൽ പണിയെടുക്കുന്ന ഞങ്ങൾ അനുഭവിക്കുന്നുണ്ട്. ഞങ്ങളുടെ അധ്വനത്തിൽ നിന്നും പൈസയുണ്ടാക്കുന്നത് മുതലാളിമാർ മാത്രമാണല്ലോ…”

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പോലും മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുമ്പോൾ തങ്ങൾക്ക് ഒരു ആനുകൂല്യവും ലഭ്യമാക്കാത്തതിനെ ചോദ്യം ചെയ്യുകയാണ് പീലിങ് തൊഴിലാളിയായ റെജി.

റെജി
റെജി

“ഒരു ആനുകൂല്യങ്ങളും ഞങ്ങൾക്ക് കിട്ടുന്നില്ല. ഒരു ആശുപത്രി ആവശ്യം വന്നാൽ പോലും ഞങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഇൻഷൂറൻസ് പോലും കിട്ടില്ല. എല്ലാ മേഖലയിലും ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പോലും മെഡിക്കൽ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഇൻഷൂറൻസ് നൽകുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് മാത്രം ഇതൊന്നും കിട്ടുന്നില്ല.”

2015-ലാണ് സ്ത്രീതൊഴിലാളികളുടെ സമരവീര്യത്തിനുമുന്നിൽ മുട്ടുകുത്തിയ ഭരണകൂടവും മുതലാളികളും 28 രൂപയിലേക്ക് മിനിമം കൂലി ഉയർത്തുന്നത്. ഒരു കിലോ ചെമ്മീൻ പൊളിക്കുമ്പോൾ 28 രൂപ ലഭിക്കണം എന്ന ആവശ്യം അംഗീകരിച്ച് സമരം വിജയിച്ചുവെങ്കിലും, ഒരു കിലോ എന്ന നിബന്ധന പലവിധ കൃത്രിമങ്ങളിലൂടെ അഞ്ചും ആറുമാക്കി മുതലാളിമാർ ഉയർത്തി. ഓരോ വർഷവും പുതുക്കേണ്ട എഗ്രിമെന്റുകൾ പുതുക്കാതെ കാലതാമസം വരുത്തിയും നിരവധി ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് ഈ സ്ത്രീതൊഴിലാളികൾ.

അളവിൽ കൃത്രിമം കാണിക്കുന്നത് ചോദ്യം ചെയ്യുന്ന തൊഴിലാളികളെ മുട്ടാപ്പോക്ക് പറഞ്ഞ് വായടപ്പിക്കുകയാണ് ചെയ്യുന്നതെന്ന് തൊഴിലാളിയായ ശുഭ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ശുഭ
ശുഭ

“മുതലാളിമാർ ഞങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെമ്മീൻ അളക്കുന്നത് തന്നെ ശരിയായിട്ടല്ല. എഗ്രിമെന്റ് അനുസരിച്ച്, ഒരു കിലോ ചെമ്മീൻ പൊളിക്കാൻ 28 രൂപ തരണം. എന്നാൽ ഒരു കിലോ എന്നുപറഞ്ഞ് തരുന്ന ചെമ്മീൻ വളരെ കൂടുതലാണ്. അഞ്ച്, ആറ് കിലോ വരെ 28 രൂപയ്ക്ക് ഞങ്ങൾക്ക് പൊളിക്കേണ്ടി വന്നിട്ടുണ്ട്. അളവിന്റെ കാര്യം എന്തെങ്കിലും ചോദ്യം ചെയ്താൽ അവർ ഞങ്ങളുടെ വായടപ്പിക്കും. ഷെഡ് നഷ്ടത്തിലാണ്, മീറ്റിന് വില കിട്ടുന്നില്ല എന്നൊക്കെയാണ് അവർ പറയുന്നത്. നിങ്ങൾക്ക് വയ്യെങ്കിൽ ചെമ്മീൻ കൊണ്ടുവരുന്നില്ല എന്നുവരെ അവർ പറയും.”

സമരങ്ങളിലൂടെ മാത്രമാണ് ഈ തൊഴിലാളികൾക്ക് ഇതുവരെയും കൂലി വർധനവ് ചെറിയ തോതിലാണെങ്കിലും ഉണ്ടായിട്ടുള്ളൂ എന്നതാണ് വസ്തുത. അത്തരത്തിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുതലാളിമാർ ഷെഡ് അടച്ചിടാറുണ്ടെന്ന് തൊഴിലാളിയായ ലെജു പറയുന്നു.

ലെജു
ലെജു

“മിനിമം കൂലിയെന്ന ആവശ്യമുയർത്തി ഞങ്ങൾ സമരം ചെയ്തപ്പോൾ ഷെഡ് അവർ അടച്ചിട്ടു. എന്നാൽ അടച്ചിട്ട് കഴിഞ്ഞപ്പോഴാണ് അതിന്റെ നഷ്ടം അവർ മനസിലാക്കുന്നത്. ഞങ്ങൾ റേഷൻ അരിയാണെങ്കിലും കഴിക്കും. പച്ചവെള്ളം കുടിച്ചാണെങ്കിലും ഞങ്ങൾ ജീവിക്കും. എന്നാൽ മുതലാളിയുടെ കാര്യം അതല്ല. ഒരു ദിവസം ഷെഡ് അടച്ചിട്ടാൽ അവർക്ക് നഷ്ടമാവുന്നത് കോടികളാണ്. ഞങ്ങൾ നിസാരം 500 രൂപ മാത്രമാണ് നഷ്ടം. അത് വേണ്ടായെന്ന് വെച്ചാണ് ഞങ്ങൾ സമരത്തിനിറങ്ങിയത്. ആ സമരം വിജയിക്കുകയും ചെയ്തു.”

Comments