50 വയസ്സായ അങ്കണവാടികൾ, അവകാശനിഷേധത്തിന്റെ
അര നൂറ്റാണ്ട്

കേരളത്തിൽ അങ്കണവാടികൾ നിലവിൽവന്നിട്ട് 2025-ൽ അര നൂറ്റാണ്ട് തികയുകയാണ്. സാമൂഹികാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്ന മൾട്ടി ഫങ്ഷണൽ ഹബ്ബുകളായി നമ്മുടെ അങ്കണവാടികൾ മാറിയിട്ടുണ്ട്. എന്നാൽ, ഇതിനനുയോജ്യമായ പ്രതിഫലം ജീവനക്കാർക്ക് ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിൽ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ വിജയിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം- ശ്യാം സോർബ എഴുതുന്നു.


സംയോജിത ശിശു വികസന സേവനങ്ങളുടെ (ICDS) മൂലക്കല്ലായ അങ്കണവാടി സംവിധാനം ശൈശവ പരിചരണം, പോഷകാഹാര വിതരണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പുരോഗമനപരമായ സാമൂഹിക സൂചകങ്ങൾക്ക് പേരുകേട്ട സംസ്ഥാനമായ കേരളത്തിൽ, പോഷകാഹാരക്കുറവ് കുറയ്ക്കുന്നതിലും, മാതൃ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും, പ്രീ- സ്‌കൂൾ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലും അങ്കണവാടികൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

കുട്ടികളുടെ പോഷകാഹാരക്കുറവും മരണനിരക്കും ചെറുക്കുന്നതിനുള്ള ദേശീയ സംരംഭമായി 1975- ലാണ് ICDS ആരംഭിച്ചത്. 1975 ഒക്ടോബർ രണ്ടിന് മലപ്പുറത്തെ വേങ്ങരയിൽ കേരളത്തിലെ ആദ്യ അങ്കണവാടി നിലവിൽവന്നു. പൊതുജനാരോഗ്യത്തിനായുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന സാക്ഷരതാനിരക്കുമുള്ള കേരളം, ഈ പരിപാടി അതിവേഗം സ്വീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾ കൊണ്ട്, സംസ്ഥാനത്തെ അങ്കണവാടി കേന്ദ്രങ്ങൾ (AWC) പോഷകാഹാരം, ആരോഗ്യ സംരക്ഷണം, ആദ്യകാല വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന മൾട്ടി ഫങ്ഷണൽ ഹബ്ബുകളായി പരിണമിച്ചിട്ടുണ്ട്. പോഷകാഹാരം, പ്രീ- സ്‌കൂൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീശാക്തീകരണം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം കൈവരിച്ച അഭിമാനാർഹമായ നേട്ടങ്ങളുടെ പ്രധാന കണ്ണികളിൽ ഒന്ന് അങ്കണവാടികളാണ്.

-ആറു മാസം മുതൽ ആറ് വയസ്സുവരെയുള്ളവർക്ക് വിവിധ സ്കീമുകളിലൂടെ ചൂടുള്ള വേവിച്ച ഭക്ഷണം, ടേക്ക്- ഹോം റേഷൻ എന്നിവ നൽകുന്നു.
-ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഇരുമ്പ്, ഫോളിക് ആസിഡ് സപ്ലിമെന്റുകൾ നൽകുന്നു. അതുവഴി, മാതൃ വിളർച്ചയെ ചെറുക്കാനും ആരോഗ്യകരമായ പ്രസവം ഉറപ്പാക്കാനുമാകുന്നു.

ഇത്തരത്തിൽ, ആരോഗ്യ മേഖലയുടെ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത് അങ്കണവാടികളാണ്. ശുചിത്വം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണവും അങ്കണവാടി സംവിധാനത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നു. സ്വയം സഹായ ഗ്രൂപ്പുകൾ (SHGS), നൈപുണ്യ വികസന പരിപാടികൾ, സാമ്പത്തിക- സാമൂഹിക സ്വാതന്ത്ര്യം എന്നിവയുമായി സ്ത്രീകളെ ബന്ധിപ്പിക്കുന്നതിൽ അങ്കണവാടികൾ വഹിക്കുന്ന പങ്ക് വലുതാണ്. കേരളത്തിൽ 33,000- ലധികം അങ്കണവാടികളുണ്ട്.

നിലവിൽ, ഏറ്റവും ദൈർഘ്യമേറിയ ജോലികളിൽ ഒന്നായി അങ്കണവാടി ജീവനക്കാരുടെ ജോലിയെ കണക്കാക്കാം. പലപ്പോഴും ഔദ്യോഗിക സമയത്തിനുമപ്പുറത്തേക്ക് വ്യാപിക്കുന്ന ജോലികളാണ് അവർ ചെയ്യേണ്ടിവരുന്നത്.

ഈ നേട്ടങ്ങളെ കേരളം അഭിമാനപൂർവം മുന്നോട്ടുവെക്കുമ്പോഴും അങ്കണവാടി ജീവനക്കാർക്ക് ഇതിനുള്ള അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിൽ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ വിജയിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. ആശാ പ്രവർത്തകർ, അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങിയപ്പോൾ മാത്രമാണ്, അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനുമുന്നിലെത്തിയതും വിവിധ സംഘടനകൾ അതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയതും. എന്നിട്ടും, അങ്കണവാടി ജീവനക്കാരുടെ അവകാശനിഷേധവും ദുരിത ജീവിതവും പരിഹാരമില്ലാതെ തുടരുകയാണെന്നുമാത്രമല്ല, അവ പൊതു സമൂഹത്തിന്റെ ആലോചനകളിൽപോലുമില്ല.

അങ്കണവാടി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം
അങ്കണവാടി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം

നിലവിൽ സർക്കാർ ജോലികളിൽ ഏറ്റവും ദൈർഘ്യമേറിയതായി അങ്കണവാടി ജീവനക്കാരുടെ ജോലിയെ കണക്കാക്കാം. പലപ്പോഴും ഔദ്യോഗിക സമയത്തിനുമപ്പുറത്തേക്ക് വ്യാപിക്കുന്ന ജോലികളാണ് അവർ ചെയ്യേണ്ടിവരുന്നത്. ഭക്ഷണവിതരണം, ഗാർഹിക സന്ദർശനം, കമ്മ്യൂണിറ്റി- ഹെൽത്ത് സർവേകൾ, കോവിഡ് പോലുള്ള മഹാമാരികളോ പ്രകൃതിദുരന്തങ്ങളോ പോലുള്ള പൊതുപ്രശ്നങ്ങളിലെ അടിയന്തര ചുമതലകൾ, രോഗപ്രതിരോധ പ്രവർത്തനം, സെൻസസ് ജോലികൾ തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങളാണ് ഇവർക്കുള്ളത്. കോവിഡ് കാലത്ത് ആരോഗ്യ നിരീക്ഷണം, റേഷൻ വിതരണം, പൊതുജന ബോധവത്കരണം തുടങ്ങിയ ജോലികളും ചെയ്യേണ്ടിവന്നു. പുതിയ പദ്ധതികൾ, ഡിജിറ്റൽ സാക്ഷരത, അധിക പരിശീലനം തുടങ്ങിയ പുതിയ ചുമതലകളുമുണ്ട് ഇപ്പോൾ. ഡിജിറ്റലായി വിവരങ്ങൾ രേഖപ്പെടുത്തുകയും അവ മാന്വലായി എഴുതി സൂക്ഷിക്കുകയും ചെയ്യുന്നപോലുള്ള ഇരട്ടിപ്പണിയും ചെയ്യേണ്ടിവരുന്നുണ്ട്. ഇത്തരം അധിക ജോലികൾ കൂടി പരിഗണിച്ചാൽ ജീവനക്കാർക്ക് അവധി ദിവസമോ ഒഴിവുവേളകളോ കിട്ടാറില്ല. എന്നിട്ടും ഈ സ്ത്രീപോരാളികൾക്ക് കേന്ദ്ര- ​കേരള സർക്കാറുകൾ നൽകുന്നതോ, തുച്ഛമായ ശമ്പളവും.

ക്ഷേമനിധി വിഹിതം പിടിച്ചശേഷം വർക്കർക്ക് 12,500 രൂപയൂം ഹെൽപ്പർക്ക് 8500 രൂപയുമാണ് ശമ്പളം. അതായത് ഒരു ദിവസം 400- രൂപയോളം. ഉത്സവബത്തയായി 1200 രൂപയാണ് നൽകുന്നത്. കേരളത്തിൽ 400 രൂപ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന മറ്റേതെങ്കിലും തൊഴിൽ മേഖലയെ ചൂണ്ടിക്കാണിക്കാനാകുമോ? ഈ തുകകൾ സംസ്ഥാനത്തെ അശിക്ഷിത തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ പകുതിയിലും കുറവാണ്. വിലക്കയറ്റം കണക്കിലെടുത്താൽ, അവരുടെ യഥാർത്ഥ വരുമാനം വർഷം തോറും കുറയുകയാണ്.

ശമ്പളം 21,000 രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പട്ട് അങ്കണവാടി ജീവനക്കാർഈയിടെ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള മറുപടിയിൽ മന്ത്രി പി. രാജീവ് ചില കണക്കുകൾ അവതരിപ്പിച്ചു:

അങ്കണവാടി ജീവനക്കാർക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച ഓണറേറിയം 4,500 രൂപയും സഹായികൾക്ക് 2,700 രൂപയുമാണ്. 10 വർഷത്തെ പരിചയമുള്ള തൊഴിലാളികൾക്ക് കേരളം 12,500 രൂപയും അതിനു മുകളിലുള്ളവർക്ക് 13,000 രൂപയും നൽകുന്നുണ്ട്. സഹായികൾക്ക് 10 വർഷത്തെ സേവനത്തിന് 8,500 രൂപയും കൂടുതൽ സേവനമുള്ളവർക്ക് 9,000 രൂപയും ലഭിക്കുന്നുണ്ട്.
വർക്കർമാർക്കും സഹായികൾക്കും നൽകുന്ന തുകയുടെ 80% സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ജീവനക്കാരെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരാനും അവരെ ജീവനക്കാരായി തരംതിരിക്കാനും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

സർക്കാർ നിർദേശിക്കുന്ന ഭക്ഷണം നൽകാനുള്ള സാമ്പത്തികം കൃത്യമായി അങ്കണവാടി ജീവനക്കാർക്ക് ലഭിക്കാറില്ല. പാചക സാധനങ്ങൾ, പാലും മുട്ടയും പച്ചക്കറികളും, പാചക വാതകം ഉൾപ്പെടെയുള്ള ചെലവിനുള്ള പണം ജീവനക്കാർ സ്വന്തം കയ്യിൽ നിന്നാണ് പലപ്പോഴും എടുക്കുന്നത്.

എന്നാൽ, അങ്കണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആലോചനയില്ലെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ ഈയിടെ വ്യക്തമാക്കിയത്. വർക്കർമാരെയും ഹെൽപർമാരെയും സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കേന്ദ്ര വനിത- ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി. ഇത് അങ്കണവാടി ജീവനക്കാരോട് കേന്ദ്ര സർക്കാർ തുടർന്നുവരുന്ന അനീതിയുടെ ഒടുവിലത്തെ പ്രഖ്യാപനമാണ്.
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സേവന- വേതന വ്യവസ്ഥ പരിഷ്‌കരിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് ഈയിടെ പറഞ്ഞിരുന്നു.

ഈയൊരു സാഹചര്യത്തിൽ, സ്റ്റാറ്റിസ്റ്റിക്കലായി തന്നെ അങ്കണവാടി ജീവനക്കാരുടെ ശമ്പളക്കണക്ക് പരിശോധിക്കാം.

അങ്കണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആലോചനയില്ലെന്നാണ് കേന്ദ്ര വനിത- ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ ഈയിടെ വ്യക്തമാക്കിയത്.
അങ്കണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആലോചനയില്ലെന്നാണ് കേന്ദ്ര വനിത- ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ ഈയിടെ വ്യക്തമാക്കിയത്.

മിനിമം വേതനത്തിലും കുറവാണ് ഇവരുടെ ശമ്പളം. പ്രതിമാസ ഓണറേറിയം (12,500 രൂപ) കേരളത്തിലെ അൺ സ്കിൽഡ് ജോലികളുടെ മിനിമം വേതനത്തിന്റെ പകുതിയിൽ താഴെയാണ് (ദിവസം 700- 800 രൂപ, മാസം 21,000- 24,000 രൂപ). 2018 ലെ കേന്ദ്ര റിവിഷനുശേഷം, കേന്ദ്ര ഓണറേറിയം വർക്കർമാർക്ക് 4500 രൂപയും ഹെൽപ്പർമാർക്ക് 2250 രൂപയുമാണ്.
വർക്കർമാരുടെ ഔദ്യോഗിക ജോലിസമയം ആറു മണിക്കൂറാണ്. പക്ഷെ രാവിലെ 9:30 മുതൽ വൈകീട്ട് മൂന്നര വരെയുള്ള ഈ ജോലി സമയത്തിനുശേഷവും ഗാർഹിക സന്ദർശനം, ആരോഗ്യ സർവേകൾ, റേഷൻ വിതരണം ഒക്കെയായി രാത്രി വരെ നീളുന്ന അനൗദ്യോഗിക ജോലികൾ വേറെയും. ഒരു അങ്കണവാടി ജീവനക്കാരി ഒരു ദിവസത്തിന്റെ പകുതിയിലേറെയും ഇത്തരത്തിലാണ് ചെലവഴിക്കുന്നത്. അതിനു പുറമെ ട്രെയിനിങ്, മാസങ്ങളിലെ മീറ്റിംഗുകൾ തുടങ്ങിയവ വേറെയും. ഇതിനൊക്കെ പുറമെ ശമ്പളമില്ലാത്ത സർവ്വീസുകളുമുണ്ട്. അതായത് 36%-ൽ കൂടുതൽ ജോലിസമയവും 38% വർദ്ധിച്ച സമ്മർദ്ദവും ഇവർക്ക് നേരിടേണ്ടിവരുന്നുണ്ട്.

ആശാ പ്രവർത്തകർ, അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങിയപ്പോൾ മാത്രമാണ്, അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനുമുന്നിലെത്തിയതും വിവിധ സംഘടനകൾ അതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയതും.

‘അങ്കണവാടികളിൽ ഭക്ഷണവിപ്ലവം’ എന്ന നിലയിൽ പരിഷ്‌ക്കരിച്ച മെനു ആഘോഷമാക്കുമ്പോൾ അതിനുപിന്നിലും കാണാം കഷ്ടപ്പാടുകൾ. പലപ്പോഴും സർക്കാർ നിർദേശിക്കുന്ന ഭക്ഷണം നൽകാനുള്ള സാമ്പത്തികം കൃത്യമായി ഇവർക്ക് ലഭിക്കാറില്ല. പാചക സാധനങ്ങൾ, പാലും മുട്ടയും പച്ചക്കറികളും, പാചക വാതകം ഉൾപ്പെടെയുള്ള ചെലവിനുള്ള പണം ജീവനക്കാർ സ്വന്തം കയ്യിൽ നിന്നാണ് പലപ്പോഴും എടുക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസ- സമൂഹികാരോഗ്യമേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഒരു തൊഴിൽ സമൂഹം, തൊഴിൽപരമായുള്ള എല്ലാതരം ചൂഷണങ്ങൾക്കും വിധേയരാക്കപ്പെടുന്നുണ്ട് എന്നത് വ്യക്തമാണ്.
അങ്കണവാടി ജീവനക്കാരിൽ നൂറു ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ, ഈ തൊഴിൽ ചൂഷണം ലിംഗപക്ഷപാതത്തിന്റെ ഭാഗം കൂടിയാണ്.

അങ്കണവാടി ജീവനക്കാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിൽ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ വിജയിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം.
അങ്കണവാടി ജീവനക്കാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്നതിൽ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ വിജയിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

പുരോഗമനകരമായ വികസന സൂചകങ്ങൾക്ക് പേരുകേട്ട കേരളത്തെ സംബന്ധിച്ച്, ഒരു വിരോധാഭാസമായി നിലനിൽക്കുന്നവരാണ് അങ്കണവാടി ജീവനക്കാർ. സാക്ഷരത, ആരോഗ്യം, ബാല്യകാല പരിചരണം തുടങ്ങിയ മേഖലകളിൽ കേരളം മറ്റു പല സംസ്ഥാനങ്ങളെയും മറികടന്നിട്ടുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുടെ നട്ടെല്ല് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ത്രീജീവനക്കാരൂടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ കേരളം പരാജയപ്പെട്ടു എന്നുതന്നെ പറയാം. ഈ പരാജയത്തിൽ കേന്ദ്ര- കേരള സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണുള്ളത്. ഇവരുടെ പ്രശ്നങ്ങൾ മാനുഷിക പരിഗണനയുടെ ഗണത്തിൽ പോലും തിരിച്ചറിയാൻ സർക്കാരുകൾ ശ്രമിക്കുന്നില്ല. ഓണറേറിയത്തിലെ നേരിയ വർദ്ധനവുകൊണ്ട് അവരോടുള്ള അനീതി തിരുത്താനാകില്ല. സേവന- വേതന വ്യവസ്ഥയുടെ ഘടനാപരമായ പരിഷ്കരണമാണ് വേണ്ടത്.


Summary: Kerala’s first Anganwadi in Vengara turns 50 in 2025 Though these centres have grown into key hubs for health and education, the system still fails to ensure fair pay for their workers.


ശ്യാം സോർബ

തിയേറ്റർ ആർട്ടിസ്റ്റ്, ആക്റ്റിങ് ട്രെയ്നർ, റാഞ്ചിയിലെ ജാർക്കണ്ഡ് സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ.

Comments