തൊഴിലുടമയുടെ വഞ്ചന, അഭിഭാഷകരുടെ ചൂഷണം; നീതി കിട്ടാതെ 'അതിഥി’ തൊഴിലാളികൾ

കിറ്റെക്‌സ് ഗാർമെൻറ്​സിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ തൊഴിലാളികൾ മൂന്നുമാസമായി ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ജാമ്യവ്യവസ്ഥയിലെ സങ്കീർണതകൾ കാരണം ജയിലിൽ തന്നെ തുടരേണ്ടിവരുന്നത് 50-ലേറെ പേർക്കാണ്. ഒരു അന്വേഷണം.

റണാകുളം ജില്ലയിലെ കിഴക്കമ്പലം കിറ്റെക്‌സ് ഗാർമെൻറ്​സിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ തൊഴിലാളികൾ മൂന്നുമാസമായി ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥയിലെ സങ്കീർണത കാരണം ജയിലിൽ തന്നെ തുടരേണ്ടിവരുന്നത് 50-ലേറെ പേർക്കാണ്. ജാമ്യം നിൽക്കാൻ എറണാകുളത്തുനിന്നുള്ളവർ തന്നെ വേണമെന്നാണ് മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ഉത്തരവിട്ടത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഈ തൊഴിലാളികൾക്കുവേണ്ടി ജാമ്യം നിൽക്കാൻ ഇവിടെ ആരും തയ്യാറാകില്ലെന്ന് ഉറപ്പാണ്. കാരണം അവർക്ക് ഇവിടെയാരെയും പരിചയമില്ല. മാത്രമല്ല, "അതിഥി'കളെന്നൊക്കെ വിളിക്കുമെങ്കിലും ‘അന്യനാട്ടിൽ നിന്ന്’ വന്നവരെന്ന രീതിയിൽ മാറ്റിനിർത്തപ്പെടുന്നവരുമാണവർ. കൂടാതെ, ജോലിചെയ്യുന്ന സ്ഥാപനവും അവരെ പൂർണമായി കൈയൊഴിഞ്ഞിരിക്കുകയാണ്.

കിഴക്കമ്പലത്ത് സംഘർഷമുണ്ടായതിനുപിന്നാലെ, അതിഥികളായി സ്വീകരിച്ച നാടിനുനേരെ അക്രമം നടത്തിയവരാണ് ഈ തൊഴിലാളികൾ എന്ന രീതിയിലുള്ള പ്രസ്താവനകളും ചില രാഷ്ട്രീയനേതാക്കളിൽ നിന്നുണ്ടായി. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് ഇവർ ജയിൽ കിടക്കട്ടെ എന്ന മനോഭാവമാണുണ്ടാവുക. പക്ഷെ, യഥാർഥത്തിൽ കുറ്റം ചെയ്തിട്ടാണോ ഇവർ ജയിൽ കിടക്കുന്നതെന്നോ എന്താണ് കിറ്റെക്‌സിൽ സംഭവിച്ചതെന്നോ അന്വേഷിക്കാൻ വിമർശിക്കുന്നവരാരും തയ്യാറായിട്ടുമില്ല.

സാധാരണക്കാരും സഹായത്തിന് ആരുമില്ലാത്തവരും അവസാന ആശ്രയമായി കാണുന്നത് നിയമസംവിധാനത്തെയാണ്. കോടതികളിൽ പോയി നീതി തേടണമെങ്കിൽ അഭിഭാഷകരുടെ സഹായം ആവശ്യമാണ്. കേസിലകപ്പെട്ട തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്തമുള്ള അഭിഭാഷകർ, തൊഴിലാളികളുടെ നിസഹായവസ്ഥ, ചൂഷണം ചെയ്യാനുള്ള അവസരമായി കാണുകയാണ്.

ജയിലിൽ കിടക്കുന്ന തൊഴിലാളികളെ കണ്ട് വക്കാലത്ത് ഒപ്പിട്ടുവാങ്ങിയ അഡ്വ. ബി.എ. ആളൂർ, പണം കൊടുക്കാൻ സാധിക്കാത്തവർക്കുവേണ്ടി ജാമ്യാപേക്ഷ പോലും നൽകാൻ തയ്യാറാകുന്നില്ലെന്നും സൗജന്യമായി നിയമസഹായം നൽകാൻ തയ്യാറാകുന്നവരെ അതിന് അനുവദിക്കുന്നില്ലെന്നും ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഭിഭാഷകനായ അഡ്വ. ഷിയാസ് കെ.ആർ. പറയുന്നു. ഡൽഹി ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്ക് കേസിലകപ്പെട്ട തൊഴിലാളികൾക്ക് സൗജന്യമായി നിയമസഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

കിറ്റെക്‌സിൽ സംഭവിച്ചത്

2021 ഡിസംബർ 25-നാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള കിറ്റെക്സ് ഗാർമെന്റ്സിൽ സംഘർഷമുണ്ടായത്. ക്രിസ്​മസ്​ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. ക്രിസ്​മസ്​ ആഘോഷിച്ച തൊഴിലാളികൾ മദ്യപിക്കുകയും ഡാൻസ് ചെയ്യുകയും ചെയ്തപ്പോൾ സെക്യൂരിറ്റി ഗാർഡ് വന്ന് അവരെ തടയുകയും തുടർന്ന് തർക്കമുണ്ടാവുകയുമായിരുന്നു. സംഘർഷവാസ്ഥയായതിനെ തുടർന്ന് സെക്യൂരിറ്റി പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തിയതോടെ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പിന്നീട് തൊഴിലാളികൾ പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

20-ൽ താഴെ തൊഴിലാളികൾ മാത്രമാണ് സംഘർഷത്തിലുണ്ടായിരുന്നത്. എന്നാൽ ലേബർ ക്യാമ്പിൽ ഉറങ്ങിക്കിടന്നവരടക്കം 174 പേരെയാണ് പൊലീസ് കൊണ്ടുപോയത്. ഇതിൽ 51 പേർക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 പേർക്കും റിമാൻഡ് കാലാവധി പൂർത്തിയാക്കിയിട്ടും മോചനം ലഭിക്കുന്നില്ല. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് വ്യക്തമാക്കിയിട്ടുള്ളത്.

മോചനം സാധ്യമാകാത്തത് എന്തുകൊണ്ട്?

കിറ്റെക്‌സ് ഗാർമെന്റ്‌സിലെ തൊഴിലാളികളായ 174 പേരാണ് കേരളത്തിലെ അഞ്ച് ജയിലുകളിലായി തടവിലാക്കപ്പെട്ടത്. രണ്ട് എഫ്.ഐ.ആറുകളിലായാണ് ഈ തൊഴിലാളികൾ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. പൊലീസിനെ വധിക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള ഗൗരവമുള്ള കുറ്റങ്ങളുൾപ്പെട്ട 307-ാം വകുപ്പ് ചുമത്തപ്പെട്ട എഫ്.ഐ.ആറിൽ 51 തൊഴിലാളികളാണുള്ളത്. നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികൾ രണ്ടാമത്തെ എഫ്.ഐ.ആറിലുമാണുള്ളത്. 124 മുതൽ 173 വരെയുള്ളവർ രണ്ട് എഫ്.ഐ.ആറിലുമുണ്ട്. കേസ് ഏറ്റെടുത്ത അഭിഭാഷകൻ അഞ്ച് ജയിലുകളിലായി കഴിയുന്ന തൊഴിലാളികളെ കണ്ട്​ വക്കാലത്ത് വാങ്ങിയിരുന്നു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് അവർ വക്കാലത്ത് ഒപ്പിട്ടുകൊടുക്കുകയും ചെയ്​തു. എന്നാൽ, 10,000 രൂപ നൽകിയ 80 ഓളം തൊഴിലാളികൾക്കുവേണ്ടി മാത്രമാണ് അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്.

ബാക്കിയുള്ളവരിൽ 45 പേർക്കുവേണ്ടി ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഭിഭാഷകർ വക്കാലത്ത് നൽകി. അവർക്കും നേരത്തെ 10,000 രൂപ സ്വകാര്യ അഭിഭാഷകന് നൽകിയവർക്കും കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സെക്ഷൻ 307 ചുമത്തപ്പെട്ട 51 പേരിൽ 19 പേർക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പക്ഷെ ജാമ്യവ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ തൊഴിലാളികൾക്ക് ജയിലിൽ നിന്ന് മോചനം ലഭിക്കുന്നില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ 7000 രൂപയും സെഷൻസ് കോടതിയിൽ 10000 രൂപയുമാണ് ജാമ്യം ലഭിക്കുന്നവർ നിക്ഷേപിക്കേണ്ടത്. കൂടാതെ എറണാകുളം ജില്ലയിൽ നിന്നുള്ളവർ തന്നെ ജാമ്യക്കാരായി വേണമെന്നും വ്യവസ്ഥയുണ്ട്. ഇതുരണ്ടും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുവന്നിട്ടുള്ള തൊഴിലാളികളെ സംബന്ധിച്ച് അസാധ്യമാണ്. സാധാരണഗതിയിൽ ജാമ്യം ലഭിക്കാൻ കോടതി നിർദേശിച്ചതാണ് ഈ വ്യവസ്ഥകൾ. ഇതിനുപുറമെയാണ് ജാമ്യക്കാരെ കണ്ടെത്താൻ സ്വകാര്യ അഭിഭാഷകൻ 67,000 രൂപ ആവശ്യപ്പെടുന്നത്. അഭിഭാഷകൻ ആവശ്യപ്പെട്ട പണം നൽകിയവർക്ക് ഇവിടെ നിന്നുതന്നെ ജാമ്യക്കാരെ കണ്ടെത്തി അവരെ പുറത്തിറക്കിയിട്ടുണ്ട്. പല തൊഴിലാളികളുടെയും കുടുംബങ്ങൾ ഭൂമിയും പശുക്കളെയുമൊക്കെ വിറ്റിട്ടാണ് പണം കണ്ടെത്തിയത്.

സാബു എം ജേക്കബ്. / Photo : Sabumjacob, Twitter
സാബു എം ജേക്കബ്. / Photo : Sabumjacob, Twitter

ഏതൊരു പൗരനും സൗജന്യ നിയമസഹായം ലഭിക്കാൻ അവകാശമുണ്ടെന്നിരിക്കെയാണ് നിസാര കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്ക് പണില്ലാത്തതിന്റെ പേരിൽ മാത്രം തടവറയിൽ കഴിയേണ്ടിവരുന്നത്. ലീഗൽ സർവീസ് അതോറിറ്റികൾ പ്രവർത്തിക്കുന്നത് സ്വന്തമായി അഭിഭാഷകനെ വെക്കാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് നിയമസഹായം ഉറപ്പാക്കാനാണ്. പക്ഷെ കിറ്റെക്‌സ്​ തൊഴിലാളികളുടെ കാര്യത്തിൽ ലീഗൽ സർവീസ് സൊസൈറ്റിയും കാര്യമായി ഇടപെട്ടില്ല. ആദ്യഘട്ടത്തിൽ കേസ് ഏറ്റെടുത്ത ജില്ലാ ലീഗൽ സർവീസ് അതോറ്റി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ പലതവണ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് കേസിന്റെ സ്ഥിതി അറിയാൻ ശ്രമിച്ചിരുന്നു.

അപ്പോഴൊക്കെ തൊഴിലാളികൾക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും അത് കോടതി പരിഗണിക്കുമെന്നുമാണ് അവർ അറിച്ചിരുന്നതെന്ന് പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ ജോർജ് മാത്യു പറഞ്ഞു. എന്നാൽ പിന്നീട് കോലഞ്ചേരി കോടതിയിൽ അന്വേഷിച്ചപ്പോഴാണ് ലീഗൽ സർവീസ് അതോറിറ്റി ഒരു ജാമ്യാപേക്ഷ പോലും നൽകിയിട്ടില്ലെന്ന് മനസ്സിലാക്കാനായതെന്ന് ഹ്യൂമൻ റൈറ്റ്‌സ് ലോ അതോറിറ്റിയിലെ അഭിഭാഷകൻ പറഞ്ഞു. പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷനും ഹ്യൂമൻ റൈറ്റ്‌സ് ലോ അതോറിറ്റിയുമാണ് തൊഴിലാളികൾക്ക് നിയമസഹായം ലഭ്യമാക്കാൻ ശ്രമം നടത്തുന്നത്.

കേസിന്റെ വഴി, ചൂഷണത്തിന്റെ വഴി

കിഴക്കമ്പലത്ത് സംഘർഷമുണ്ടായി തൊഴിലാളികൾ അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ത്രിപുരയിൽ നിന്നുള്ള ഒരു തൊഴിലാളിയുടെ കുടുംബം ഡൽഹിയിലെ ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിന്റെ ഓഫീസിൽ ബന്ധപ്പെട്ടത്. തുടർന്ന് കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ജോർജ് മാത്യുവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് സൗജന്യമായി നിയമസഹായം നൽകാൻ തയ്യാറാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഭിഭാഷകനായ അഡ്വ. ഷിയാസ് കെ.ആർ. അറിയിച്ചു. ""കേസിന്റെ സ്റ്റാറ്റസ് അറിയുന്നതിന്​ ജോർജ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ, അവർ പറഞ്ഞത് അവർ തൊഴിലാളികൾക്കുവേണ്ടി ജാമ്യാപേക്ഷ നൽകുന്നുണ്ട് എന്നാണ്. ലീഗൽ സർവീസ് അതോറിറ്റി കേസ് ഏറ്റെടുത്തിട്ടുണ്ടെന്ന് ജോർജ് എന്നെ അറിയിച്ചു. അവർ എന്താണ് ചെയ്യുന്നത് അറിയാൻ ഞങ്ങൾ രണ്ടാഴ്ച കാത്തിരുന്നു. ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് കണ്ടപ്പോൾ ഞാൻ വീണ്ടും ജോർജിനെ സമീപിച്ചു. ജോർജ് വീണ്ടും ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചപ്പോൾ, ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും അത് കോടതി പരിഗണിക്കുമെന്നും പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ പല തൊഴിലാളികളുടെയും കുടുംബങ്ങൾ ഞങ്ങളെ ബന്ധപ്പെടാൻ തുടങ്ങി. തുടർന്ന് കേസിന്റെ കാര്യങ്ങൾ നീക്കുവാൻ വേണ്ടി ഓഫീസിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ച് ഞാൻ ജനുവരി 30-ന് കേരളത്തിലേയ്ക്ക് വന്നു. തൊട്ടടുത്ത ദിവസം കോലഞ്ചേരി കോടതിയിൽ പോയപ്പോഴാണ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അഭിഭാഷകൻ ഒറ്റ ജാമ്യാപേക്ഷ പോലും കോടതിയിൽ നൽകിയിട്ടില്ലെന്ന് അറിയുന്നത്. കേസ് നടത്താതെ സ്വകാര്യ അഭിഭാഷകന്​ കേസ് കൈമാറുകയാണ് ലീഗൽ സർവീസസ് അതോറിറ്റി ചെയ്തത്.''- ഷിയാസ് പറയുന്നു.

അഡ്വ. ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് അഞ്ച് ജയിലുകളിൽ പോയി തൊഴിലാളികളുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങിയത്. ജയിലിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇവിടെ ആരെയും അറിയാത്തതിനാൽ നിയമസഹായം നൽകാമെന്നുപറഞ്ഞ് ഏതുവക്കീൽ വന്നാലും ഒപ്പിട്ടുകൊടുക്കാൻ മാത്രമെ കഴിയൂ. 10,000 രൂപ നൽകിയ 80 ഓളം തൊഴിലാളികൾക്കുവേണ്ടി മാത്രമാണ് ആളൂർ ജാമ്യാപേക്ഷ നൽകിയത്. അവർക്കുതന്നെ പുറത്തിറങ്ങണമെങ്കിൽ വീണ്ടും പണം നൽകണം.

സെക്ഷൻ 307 ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 50,000 രൂപയാണ്. ജാമ്യക്കാരെ ലഭിക്കാൻ ഒരു കക്ഷിയിൽ നിന്ന് 67,000 രൂപയാണ് വാങ്ങുന്നത്. 67,000 രൂപ കൊടുക്കുന്നവർക്ക് രണ്ട് ജാമ്യക്കാരെ കൊടുക്കും. ജാമ്യം ലഭിക്കുമ്പോൾ 7000 രൂപ കോടതിയിൽ നിക്ഷേപിക്കണമെന്നും വ്യവസ്ഥയുണ്ട്. അതായത് ഒരാൾ 74,000 രൂപ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെലവാക്കണം. 10,000 രൂപ അഭിഭാഷകന് നൽകുകയും വേണം. അതായത് ലോവർ കോടതിയിലുള്ള കേസിൽ ജാമ്യം ലഭിക്കാൻ ഒരു കക്ഷി 84,000 രൂപ ചെലവാക്കണം. ആകെയുള്ള 174 കക്ഷികളും ജാമ്യം ലഭിക്കാൻ 84,000 രൂപ ചെലവാക്കേണ്ടിവരുമായിരുന്നു. ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്ക് ഇടപെട്ടതുകൊണ്ട് 45 പേരെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടുത്താനായതായി ഷിയാസ് പറഞ്ഞു.

വാദിക്കില്ല, വാദിക്കാൻ അനുവദിക്കുകയുമില്ല!

മുതിർന്ന അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയിട്ടില്ലാത്ത തൊഴിലാളികൾക്കുവേണ്ടി ജാമ്യാപേക്ഷ സമർപ്പിക്കാനാണ് താൻ അനുമതി തേടിയതെന്നും എന്നാൽ കേസ് ഏറ്റെടുത്ത അഭിഭാഷകൻ അതിന് അനുവദിക്കുന്നില്ലെന്നുമാണ് അഡ്വ. ഷിയാസ് പറയുന്നത്. തൊഴിലാളികളുടെ മുഴുവൻ വക്കാലത്ത് തന്റെ കൈയിലാണെന്നും അതിനാൽ മറ്റാർക്കും അവർക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ സാധിക്കില്ലെന്നുമാണ് ആളൂരിന്റെ വാദം.

വക്കാലത്ത് കൈയിലില്ലെങ്കിലും ഒരു അഭിഭാഷകന് മെമോ ഓഫ് അപ്പിയറൻസ് ഫയൽ ചെയ്​ത്​ കക്ഷിക്കുവേണ്ടി കോടതിയിൽ ഹാജരാകാമെന്ന് വ്യവസ്ഥയുണ്ട്. അടുത്ത ഹിയറിങ്ങിന് മുമ്പോ അല്ലെങ്കിൽ കോടതി പറയുന്ന നിശ്ചിതസമയത്തിനകമോ വക്കാലത്ത് നേടിയാൽ മതി. ജാമ്യാപേക്ഷ നൽകാത്ത 89 തൊഴിലാളികൾക്കുവേണ്ടി കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ. ഷിയാസ് മെമോ ഓഫ് അപ്പിയറൻസ് നൽകിയി ഹാജരായി. വിഡിയോ കോൺഫറൻസ് വഴിയായിരുന്നു വാദം കേൾക്കൽ.

‘‘ഒരേ കുറ്റം ചാർത്തപ്പെട്ട എല്ലാവരുടെയും വക്കാലത്ത് കൈയിലുള്ളപ്പോൾ വിവേചനപരമായി ചിലർക്ക് മാത്രം വേണ്ടി ജാമ്യാപേക്ഷ നൽകുകയാണ് ആളൂർ ചെയ്തത്. മറ്റുള്ളവരുടെ വക്കാലത്ത് ഓഫീസിൽ വെക്കുകയും മുള്ള അഭിഭാഷകരെ അവർക്കുവേണ്ടി ഹാജരാകുന്നതിൽ നിന്ന് തടയുകയുമാണ് ചെയ്തത്. ഇത് പ്രൊഫഷണൽ എത്തിക്‌സിന് എതിരാണ്​’’- അഡ്വ. ഷിയാസ് ചൂണ്ടിക്കാട്ടുന്നു.

അഡ്വ. ബി.എ. ആളൂർ. / Photo :  Annandh Padmanabhan, Twitter
അഡ്വ. ബി.. ആളൂർ. / Photo : Annandh Padmanabhan, Twitter

തൊഴിലാളിക്ക് സൗജന്യമായി നിയമസഹായം ലഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കുവേണ്ടി താൻ ഹാജരാകുമെന്ന് ഷിയാസ് മുതിർന്ന അഭിഭാഷകനെ അറിയിച്ചു. കുറ്റാരോപിതർക്ക് കേസിന്റെ ഏത് ഘട്ടത്തിലും അവരുടെ വക്കീലിനെ മാറ്റാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ആളൂർ കോടതിയിൽ പ്രതിഷേധിച്ചു. താത്പര്യമുള്ള തൊഴിലാളികളുടെ വക്കാലത്ത് അദ്ദേഹത്തിൽ നിന്ന് തിരിച്ചുവാങ്ങാനുള്ള അപേക്ഷ നൽകാമെന്ന് കോടതിയെ അറിയിച്ച ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഡ്വ. ഷിയാസും അഡ്വ. ഭാരതിയും തൊട്ടടുത്ത ദിവസം തൊഴിലാളികളെ കാണാൻ ജയിലുകളിൽ പോയി. അഡ്വ. ഷിയാസ് വിയ്യൂർ ജയിലിലും അഡ്വ. ഭാരതി കാക്കനാട് ജയിലിലുമാണ് പോയത്.

തൊഴിലാളികളെ കാണാൻ ജയിലധികൃതർ അവരെ അനുവദിച്ചില്ല. മുതിർന്ന അഭിഭാഷകന്റെ ജൂനിയേഴ്‌സ് വക്കാലത്ത് എടുത്തിട്ടുണ്ട്, ഒരേ കേസിൽ ഒന്നിലധികം അഭിഭാഷകർക്ക് വക്കാലത്ത് എടുക്കാൻ ജയിലിൽ അവസരം കൊടുക്കില്ല എന്നു പറഞ്ഞാണ് അവർ ഇവരെ തടഞ്ഞത്. ഇക്കാര്യം കോടതിയെ ധരിപ്പിച്ചപ്പോൾ, കക്ഷികളെ കാണാൻ അനുവദിച്ചുകൊണ്ടുള്ള ഓർഡർ കോടതി ഷിയാസിനും ഭാരതിക്കും നൽകി. ആ ഓർഡറുമായി അടുത്ത ദിവസം വീണ്ടും പോയപ്പോൾ ജയിലധികൃതർ തൊഴിലാളികളെ കാണാൻ സമ്മതിച്ചു. കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ലെങ്കിൽ സൗജന്യമായി നിയമസഹായം നൽകാമെന്ന് തൊഴിലാളികളെ അറിയിച്ചു. ജാമ്യാപേക്ഷയിൽ മാത്രമല്ല, ഈ കേസിന്റെ എല്ലാ ഘട്ടത്തിലും, അതായത് ലോവർ കോടതി മുതൽ ഭരണഘടനാ കോടതി വരെ ഏതുതലം വരെയും കേസ് നടത്താൻ തയ്യാറാണെന്നും അവരെ ധരിപ്പിച്ചു. മറ്റൊരു വക്കീലിന് ഒപ്പിട്ട് കൊടുത്തിട്ടുണ്ടെന്നും അത് പ്രശ്‌നമാകുമോ എന്നുമായിരുന്നു തൊഴിലാളികളുടെ ആശങ്ക. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും കോടതിയിൽ സമർപ്പിക്കാനുള്ള അപേക്ഷ കക്ഷികളുടെ ഭാഷയിലേക്ക് തർജമ ചെയ്ത് അവരെ കാണിക്കുകയും ചെയ്തു. യാതൊരു സമ്മർദവുമില്ലെന്നും നിങ്ങളുടെ വക്കീൽ ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും വക്കീലിനെ മാറ്റണമെന്ന് താത്പര്യമുള്ളവർക്ക് ഇതിൽ ഒപ്പുവെക്കാമെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട തൊഴിലാളികൾ അഭിഭാഷകനെ മാറ്റണമെന്ന അപേക്ഷയിൽ ഒപ്പിടുകയും വക്കാലത്ത് ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഭിഭാഷകർക്ക് കൊടുക്കുകയും ചെയ്തു. നിസാര വകുപ്പുകൾ ചുമത്തിയിട്ടുള്ള എഫ്.ഐ.ആർ. 1588-ലുള്ള 68 തൊഴിലാളികളാണ് വക്കാലത്ത് കൊടുത്തത്.

വക്കാലത്ത് മാറ്റുന്നതിനുള്ള വാദം മൂന്നുനാല് ദിവസം നീണ്ടുനിന്നപ്പോൾ അഭിഭാഷകനെന്ന നിലയിൽ താൻ വലിയ സംഘർഷത്തിലായെന്ന് അഡ്വ. ഷിയാസ് പറയുന്നു. തന്റെ അപേക്ഷ പരിഗണിക്കണമെന്നും അതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മുതിർന്ന അഭിഭാഷകൻ ബാർ കൗൺസിലിൽ പോകട്ടെയെന്നും ഷിയാസ് കോടതിയോട് പറഞ്ഞു.

ആളൂർ ജാമ്യാപേക്ഷ സമർപ്പിക്കാത്ത തൊഴിലാളികൾക്കുവേണ്ടി മെമ്മോ ഓഫ് അപ്പിയറൻസ് നൽകി ഹാജരായ അഡ്വ. ഷിബിക്കും സമാനമായ അനുഭവമാണുണ്ടായത്. ""ഈ തൊഴിലാളികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാജരായതെന്നും എന്നാൽ കോടതിയിൽ വെച്ച് ആളൂർ താൻ അദ്ദേഹത്തിന്റെ കക്ഷികളെ തട്ടിയെടുത്തുവെന്ന് പരാതിപ്പെട്ടുവെന്നും അഡ്വ.ഷിബി പറഞ്ഞു. കോടതിയിൽ കെട്ടിവെക്കാനുള്ള പണവും യാത്രാച്ചെലവായി 1000 രൂപയും മാത്രമാണ് ഞങ്ങൾ വാങ്ങുന്നത്. എന്നാൽ ആളൂർ ഒരുലക്ഷത്തിലേറെ രൂപ വരെ ആവശ്യപ്പെടുന്നുണ്ട്.""- അഡ്വ. ഷിബി പറഞ്ഞു. കോടതിയിൽ വാദം നടക്കുന്നതിനിടയിലും ആളൂർ ഭീഷണിപ്പെടുത്തിയതായി ഷിബി പറഞ്ഞു. ആളൂരിനെതിരെ ബാർ കൗൺസിലിന് പരാതി നൽകാൻ തീരുമാനിച്ചതായും അവർ പറഞ്ഞു.

""മനുഷ്യാവകാശ സംഘടനയുടെ ആളുകൾ വന്ന് പെറ്റീഷൻ നൽകിയതുകൊണ്ടാണ് കേസ് നീണ്ടുപോകുന്നതെന്നും കക്ഷികൾ ജയിലിലിൽ തുടരുന്നതെന്നുമാണ് കോടതി പറഞ്ഞത്. എന്നാൽ സത്യമതല്ല, ഞങ്ങൾ ഇടപെട്ടതുകൊണ്ടുമാത്രമാണ് കേസ് പരിഗണിക്കപ്പെട്ടത്. ഞങ്ങളിവിടെ വന്നില്ലെങ്കിൽ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയില്ലായിരുന്നു. മറ്റൊരു വക്കീലിനെ ഹാജരാകാൻ അനുവദിക്കുകയുമില്ല. ഞങ്ങൾ കാരണമാണ് തൊഴിലാളികൾ ജയിലിൽ തുടരേണ്ടിവരുന്നതെന്ന കോടതിയുടെ പരാമർശം വലിയ മാനസിക സംഘർഷത്തിനിടയാക്കി. മുതിർന്ന അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയിട്ടുള്ള കക്ഷികളുടെ വക്കാലത്തിനുവേണ്ടിയുള്ള അപേക്ഷ ഇപ്പോൾ മുന്നോട്ടുവെക്കുന്നില്ലെന്നും ഒബ്ജക്ഷൻ ഇല്ലാത്ത അപേക്ഷകളിൽ രേഖകൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വക്കാലത്ത് മാറ്റാൻ സമർപ്പിച്ചിട്ടുള്ള ഒറ്റ അപേക്ഷ പോലും പിൻവലിക്കില്ലെന്നും കോടതിയെ അറിയിച്ചു. തുടർന്ന് 45 പേരുടെ വക്കാലത്ത് കോടതി ഞങ്ങൾക്ക് അനുവദിച്ചു. ബാക്കി ഇരുപതോളം പേരുടെ കാര്യത്തിൽ കോടതി ഞങ്ങളുടെ വാദങ്ങളെ അംഗീകരിച്ചില്ല. അത് മുതിർന്ന അഭിഭാഷകന് കൊടുക്കുകയാണ് ചെയ്തത്.''- ഷിയാസ് വിശദീകരിച്ചു.

വക്കാലത്ത് മാറ്റുന്നതിനുള്ള നടപടികളെക്കുറിച്ചും കേസ്​ നടത്തിപ്പിനെക്കുറിച്ചും തൊഴിലാളികൾക്ക് ഒന്നുമറിയില്ല. അതുകൊണ്ടാണ് അവർ മുതിർന്ന അഭിഭാഷകന്റെ പേര് ​കോടതി പറഞ്ഞപ്പോൾ അത് അംഗീകരിച്ചത്.

""ആളുകളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് താത്പര്യമുള്ള നിരവധി അഭിഭാഷകർ കേരളത്തിലുണ്ട്. പക്ഷെ ഇത്തരത്തിലുള്ള ചില അഭിഭാഷകരുടെ ഇടപെടൽ മൂലം അഭിഭാഷക സമൂഹം മൊത്തമായി അപമാനിക്കപ്പെടുകയാണ്. കക്ഷികളെ ചൂഷണം ചെയ്യുന്നവരായിട്ട് പൊതുസമൂഹം അഭിഭാഷകരെ തെറ്റിദ്ധരിക്കുകയാണ്.''- അഡ്വ. ഷിയാസ് പറയുന്നു.

അഡ്വ. ആളൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ചില അഭിഭാഷകർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ബാർ കൗൺസിൽ അറിയിച്ചു.

സുപ്രീം കോടതിവിധി പോലും ബാധകമല്ല

തൊഴിലാളികൾക്ക്​ ജാമ്യം കിട്ടാൻ എറണാകുളത്തുനിന്നുള്ള ജാമ്യക്കാർ വേണമെന്ന വ്യവസ്ഥ യഥാർഥത്തിൽ, അവർക്ക്​ ജാമ്യം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം, അവർക്ക് ഇവിടെനിന്ന് ജാമ്യക്കാരെ കിട്ടുക അസാധ്യമാണ്​.

അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കൾ. / Photo : Muhammed Hanan Ak
അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കൾ. / Photo : Muhammed Hanan Ak

മോത്തി റാം കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സുപ്രീം കോടതിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിലുള്ളത്​, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ നാട്ടിൽ നിന്ന് ജാമ്യക്കാരെ കൊണ്ടുവരാൻ അവസരം കൊടുക്കണമെന്നാണ്. ഒരാൾക്കും മറ്റൊരു സംസ്ഥാനത്ത് പോയാൽ അവിടെ നിന്ന് ജാമ്യക്കാരെ ലഭിക്കില്ല. ഈ വിധിന്യായം മജിസ്‌ട്രേറ്റ് കോടതിയെ ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിലെ അഭിഭാഷകർ ധരിപ്പിച്ചിരുന്നു.

സെഷൻസ് കോടതിയിൽ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട വാദത്തിൽ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയപ്പോൾ അത് അംഗീകരിക്കുകയും തൊഴിലാളിക്ക് എവിടെ നിന്നു വേണമെങ്കിലും ജാമ്യക്കാരെ കൊണ്ടുവരാമെന്നുള്ള വ്യവസ്ഥ വെക്കുകയും ചെയ്തു. പൊലീസിനെ വധിക്കാൻ ശ്രമിച്ചുവെന്ന ഗൗരവതരമായ കുറ്റകൃത്യമാണ് സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്. എന്നിട്ടും അവിടെ സുപ്രീംകോടതിയുടെ വിധി പരിഗണിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തു. ഈയൊരു ഘട്ടത്തിൽ ജാമ്യവ്യവസ്ഥ ലഘൂകരിക്കാൻ ആവശ്യപ്പെട്ട് ഉയർന്ന കോടതിയിൽ പോവുക എന്നുള്ളതാണ് ചെയ്യാനുള്ളത്. എന്നാൽ മുതിർന്ന അഭിഭാഷകൻ അത് ചെയ്യാതെ കക്ഷികളിൽ നിന്ന് പണം നേടിയെടുക്കാനാണ് ശ്രമിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയുടെ വ്യവസ്ഥ മാറ്റാൻ ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഹരിപാലിന്റെ സിംഗിൾ ബെഞ്ച് അപേക്ഷ അംഗീകരിച്ച് എറണാകുളത്തുനിന്നുള്ള ജാമ്യക്കാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊടുത്തു.

""പാലിക്കാൻ പറ്റാത്ത തരത്തിലുള്ള ജാമ്യവ്യവസ്ഥയുള്ള അവസ്ഥയുണ്ടാകുമ്പോൾ ഏതൊരു വക്കീലും ചെയ്യേണ്ടത് ഉയർന്ന കോടതിയിൽ പോവുക എന്നതാണ്. തൊഴിലാളികൾക്ക് പണമില്ലാത്തതുകൊണ്ട് ചിലപ്പോൾ ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കില്ല. അപ്പോൾ അവർക്ക് ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം ലഭ്യമാക്കാൻ വക്കീലിന് കക്ഷികളെ സഹായിക്കാനാകും. പക്ഷെ ഇത്തരത്തിൽ ജാമ്യവ്യവസ്ഥ ലഘൂകരിക്കാനുള്ള ഒരു നീക്കവും ഞങ്ങളൊഴികെയുള്ള അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങൾ സമീപിച്ചപ്പോൾ ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്. രാജീവാണ് സൗജന്യമായിട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത്. കേസിന്റെ എല്ലാ ഘട്ടത്തിലും സഹായം ചെയ്യാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്.''- അഡ്വ. ഷിയാസ് പറഞ്ഞു.

94,000-ലധികം രൂപ വക്കീൽ വാങ്ങിയതായാണ് കിറ്റെക്‌സ് സംഘർഷത്തിൽ പെട്ട കക്ഷികളിലൊരാൾ പറഞ്ഞത്. അഭിഭാഷകർ ഫീസ് വാങ്ങേണ്ട എന്നല്ല, പക്ഷെ മറ്റു സംസ്​ഥാനങ്ങളിൽ നിന്നുവന്ന നിസ്സഹായരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ ദൗർബല്യമായാണ്​ കാണേണ്ടത്​. പണമുണ്ടെങ്കിൽ മാത്രമെ നീതി കിട്ടുകയുള്ളൂ എന്നത് വളരെ വ്യക്തമാണ്. വക്കീലിന് നൽകാൻ പണമില്ലാത്തവർക്ക് നീതി കിട്ടില്ല. നീതി തേടി ഉയർന്ന കോടതികളിൽ പോകാനും സാധിക്കില്ല. നീതിന്യായ വ്യവസ്ഥയുടെ പരാജയത്തിന്റെ വലിയൊരു ഉദാഹരണമായി ഈ കേസിനെ കാണാം.

ജാമ്യവ്യവസ്ഥ ലഘൂകരിച്ചു, പക്ഷെ

ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ് വർക്കിന്റെയും പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷന്റെയും ഇടപെടലുകളുടെ ഫലമായി ജാമ്യവ്യവസ്ഥ ലഘൂകരിക്കാനുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് നേടിയെടുക്കാനായി. ഹൈക്കോടതി ജാമ്യവ്യവസ്ഥ ലഘൂകരിച്ചപ്പോൾ ജയിലിൽ കഴിയുന്ന എല്ലാവരുടെയും കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചതായി അഡ്വ. ഷിയാസ് പറഞ്ഞു. കേസ് ഇത്തരത്തിലാണെന്നും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അവരെ അറിയിച്ചു. മജിസ്‌ട്രേറ്റ് കോടതിയിൽ കേസുള്ളവർക്ക് 7000 രൂപയും സെഷൻസ് കോടതിയിൽ കേസുള്ളവർക്ക് 10,000 രൂപയും നിക്ഷേപിക്കണമെന്നും നാട്ടിൽ നിന്ന് ജാമ്യാക്കാരെ കൊണ്ടുവരാമെന്നുമാണ് പുതിയ വ്യവസ്ഥ. സെഷൻസ് കോടതിയുടെ വ്യവസ്ഥ പ്രകാരം ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വത്തുള്ള രണ്ടുപേരാണ് ഒരാൾക്ക് ജാമ്യത്തിന് വേണ്ടത്. മജിസ്‌ട്രേറ്റ് കോടതിയിൽ 50,000 രൂപ മൂല്യമുള്ള സ്വത്തുള്ള രണ്ടാളുകളാണ് വേണ്ടത്. എന്നാൽ ഈ വ്യവസ്ഥയും ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കുടുംബങ്ങളെ സംബന്ധിച്ച് അസാധ്യമാണ്.

ഈ തൊഴിലാളികളുടെ നാട്ടിൽ ഒരുലക്ഷം രൂപ മൂല്യമുള്ള ഭൂമിയുള്ള ആരും ഉണ്ടാകാനിടയില്ലെന്നതാണ് യാഥാർഥ്യം. അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരുടെ ബന്ധുക്കൾ കേരളത്തിലേക്ക് ഒരിക്കലും ജോലി തേടി വരികയുമില്ല. അതായത് അവരുടെ നാട്ടിൽ നിന്ന് ജാമ്യത്തിന് വേണ്ടി ഒരാളെ കൊണ്ടുവരാനോ അല്ലെങ്കിൽ കേരളത്തിലെ അഭിഭാഷകർക്ക് പണം നൽകി ജാമ്യക്കാരെ നേടാനുള്ള ശേഷിയോ ഈ തൊഴിലാളികൾക്കില്ല. ഈ ഘട്ടത്തിൽ കേരളത്തിലെ അഭിഭാഷകരും സർക്കാരും പൊതുപ്രവർത്തകരുമൊക്കെയാണ് ഇടപെടേണ്ടത്. എന്നാൽ ‘അന്യരായ’, വോട്ട് ബാങ്കുകളല്ലാത്ത ഈ തൊഴിലാളികളുടെ കാര്യത്തിൽ ഇവിടെയാർക്കും ഒരു താത്പര്യവുമില്ല.

കിഴക്കമ്പലത്തെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ്. / Photo : Muhammed Hanan Ak
കിഴക്കമ്പലത്തെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ്. / Photo : Muhammed Hanan Ak

മൂന്നുമാസമായി തടവറയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ മോചനത്തിനായി എന്ത് ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണെന്നും ഇക്കാര്യം കേരളത്തിലെ ചില അഭിഭാഷരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അഡ്വ. ഷിയാസ് പറഞ്ഞു. സുപ്രീം കോടതി വരെയാണെങ്കിലും തൊഴിലാളികൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നാട്ടിൽ ജോലിയില്ലാത്തതിനാൽ ജീവിതമാർഗം തേടി കേരളത്തിലെത്തിയ തൊഴിലാളികൾ എല്ലാതരത്തിലും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസ് നടത്താതെയും പണം ആവശ്യപ്പെട്ടും നിരന്തരം വഞ്ചിക്കുന്ന ചില അഭിഭാഷകർ ഒരു ഭാഗത്ത്. തൊഴിൽദാതാവിന്റെ ഭാഗത്തുനിന്നുള്ള വഞ്ചന മറുഭാഗത്ത്. തൊഴിലാളികളുടെ പേരിൽ കേസെടുത്തിരിക്കുന്നത് അന്യായമായാണെന്ന് കിറ്റെക്സ് ഗാർമെന്റ്‌സ് ഉടമ സാബു എം. ജേക്കബ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തൊഴിലാളികൾക്ക് ജാമ്യം ലഭിക്കാനോ ജയിലിൽ കഴിയുന്ന തഴിലാളികളുടെ കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കാനോ ഇത്രകാലമായിട്ടും ഒന്നും ചെയ്തിട്ടില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ അഭിഭാഷകർക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമുണ്ടാക്കിക്കൊടുത്തതിൽ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും പറയേണ്ടിവരും. തൊഴിലാളികൾ ജയിലിലാണെന്നറിഞ്ഞപ്പോൾ ചിലരുടെ കുടുംബാംഗങ്ങൾ കിറ്റെക്‌സിൽ ബന്ധപ്പെട്ടിരുന്നു. അവിടെ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് അവർ അഭിഭാഷകനുമായി ബന്ധപ്പെട്ടത്.

അഭിഭാഷകരുടെ ചൂഷണത്തിനും തൊഴിലുടമയുടെ അവഗണയ്ക്കുമൊപ്പം, തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സർക്കാരും നീതിന്യായ സംവിധാനവും ഫലത്തിൽ അവരെ കൈയൊഴിഞ്ഞ അവസ്​ഥയാണിപ്പോൾ.


Summary: കിറ്റെക്‌സ് ഗാർമെൻറ്​സിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ തൊഴിലാളികൾ മൂന്നുമാസമായി ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ജാമ്യവ്യവസ്ഥയിലെ സങ്കീർണതകൾ കാരണം ജയിലിൽ തന്നെ തുടരേണ്ടിവരുന്നത് 50-ലേറെ പേർക്കാണ്. ഒരു അന്വേഷണം.


Comments