പൊളിച്ചടുക്കാൻ കാത്തിരിക്കുന്നു പൊളിമാർക്കറ്റ്

കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊളിമാർക്കറ്റാണ് കോഴിക്കോട്ടെ രണ്ടാം റെയിൽവേ ഗേറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന കൊട്ട. 250ഓളം കടകളും ആയിരത്തോളം ജീവനക്കാരുണ്ടായിരുന്ന ഇവിടെ
ദിവസേന ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമായിരുന്നു നടന്നിരുന്നത്. എന്നാൽ കോവിഡിനു ശേഷം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് ഇവിടത്തെ കച്ചവടക്കാരും ജീവനക്കാരും.

ദിവസേന 900 രൂപ വരെ ദിവസ വേതനം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കിട്ടുന്ന കൂലി വാങ്ങേണ്ട അവസ്ഥയിലാണിവിടിത്തെ തൊഴിലാളികൾ.
ചെറുതും വലുതുമായ വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾ മുതൽ ചെറിയ സ്ക്രൂ വരെ വളരെ തുഛമായ വിലക്കാണ് ഇവിടെ വിൽക്കുന്നത്. സർക്കാറിൽ നിന്ന് ലേലം ചെയ്യുന്ന വണ്ടികളും സ്വകാര്യ വ്യക്തികൾ ഉപേക്ഷിക്കുന്ന വാഹനങ്ങളുമാണ് ഇവിടെ പൊളിക്കുന്നത്. എന്നാൽ
കോവിഡിനു ശേഷം പഴയ വാഹനങ്ങൾ കിട്ടാതായതും പ്രതിദിന കച്ചവടത്തിലെ കുറവും മൂലം പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്.

മുൻപ് കോഴിക്കോടിന്റെ അയൽ ജില്ലകളിൽ നിന്നു വരെ സാധനങ്ങൾ വാങ്ങാൻ ആളെത്തിയിരുന്നു എന്നാൽ ഇപ്പോൾ മിക്ക ജില്ലകളിലും ഇത്തരത്തിലുള്ള പൊളി മാർക്കറ്റുകൾ വന്നത് കച്ചവടം കുറയാൻ കാരണമായി. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടന്ന ഇവിടെ വണ്ടികൾ പൊളിക്കാൻ സ്ഥലം അനുവദിക്കണമെന്ന വർഷങ്ങളായുള്ള ഇവരുടെ ആവശ്യത്തിനുമേലും കണ്ണടച്ചിരിക്കുകയാണ് സർക്കാർ.

കേന്ദ്ര സർക്കാറിന്റെ പുതിയ മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണമെന്നത് ഇവർക്ക് പ്രതീക്ഷയേകുന്ന ഒന്നാണ്. ഇതോടെ കൂടുതൽ വാഹനങ്ങൾ ഇവരുടെ കയ്യിലേക്കെത്തുകയും കച്ചവടം മുൻപത്തെ പോലെ സജീവമാകുമെന്നാണിവരുടെ പ്രതീക്ഷ.

Comments