KSEB: ചെയർമാന്റേത് ‘പൊലീസ്​ രാജ്​’; അനുവദിക്കില്ലെന്ന്​ യൂണിയനുകൾ

കെ.എസ്.ഇ.ബി.യിൽ ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ കുറച്ചുനാളായി തുടരുന്ന നിഴൽയുദ്ധം ഇപ്പോൾ തുറന്ന ഏറ്റുമുട്ടലിലേയ്ക്ക് എത്തിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കാൾ മികച്ച സേവനം ജനങ്ങൾക്ക് നൽകാൻ ശ്രമിക്കുന്ന കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ജീവനക്കാരുടെ സംഘടനകൾ പറയുമ്പോൾ, ചർച്ചയുടെ ആവശ്യമേയില്ലെന്ന നിലപാടിലാണ് ചെയർമാനും മാനേജ്‌മെന്റും.

കെ.എസ്.ഇ.ബി. മാനേജ്‌മെന്റിന്റെ നയങ്ങൾക്കെതിരെ ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്. സമരം തുടങ്ങുന്നതിനുമുമ്പേ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയാണ് കെ.എസ്.ഇ.ബി. മാനേജ്‌മെന്റ് ചെയ്തത്. അവധിയെടുത്താണെങ്കിലും സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച ഇടത് യൂണിയനുകളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുമുന്നിൽ ഫെബ്രുവരി 14-ന് സമരം തുടങ്ങി.
വൈദ്യുതി ബോർഡ് ആസ്ഥാനത്തിന്റെയും ബോർഡിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം സംസ്ഥാന വ്യവസായസേനയ്ക്ക് കൈമാറിയതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. വൈദ്യുതി ബോർഡിൽ യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോലീസ് രാജ് നടപ്പാക്കുന്നതെന്നാണ് യൂണിയൻ നേതാക്കാൾ ആരോപിക്കുന്നത്. പ്രതിഷേധത്തിന് കാരണമായി യൂണിയനുകൾ ഉന്നയിക്കുന്ന കാര്യങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. മാനേജ്‌മെന്റ്.

ജീവനക്കാരുമായി ഒരുതരത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് തന്നെയാണ് സമരം തുടങ്ങിയതിനുശേഷവും മാനേജ്‌മെന്റിന്റെ നിലപാട്. സമരം തുടങ്ങിയ ദിവസം കെ.എസ്.ഇ.ബി.യുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പോസ്റ്റ് ചെയ്ത വിശദമായ കുറിപ്പ് അതിന്റെ തെളിവാണ്. ജീവനക്കാർ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നും ഉദാഹരസണസഹിതം നിഷേധിക്കുകയാണ് സി.എം.ഡി. ഡോ. ബി. അശോക്. എന്നാൽ പൊതുജനങ്ങളുമായി സംവദിക്കാനുള്ള ഔദ്യോഗിക പേജ് സി.എം.ഡിയുടെ അധികാരദുർവിനിയോഗത്തിനുള്ള ഇടമാക്കിയെന്ന ആരോപണമാണ് ജീവനക്കാർ ഉന്നയിക്കുന്നത്. ചെയർമാന്റേത് ഏകാധിപത്യ സമീപനമാണെന്നും ജീവനക്കാരെ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നുമാണ് തൊഴിലാളി, ഓഫീസർ സംഘടനകൾ ആരോപിക്കുന്നത്.

Comments