1886 ലാണ് ചിക്കാഗോയുടെ തെരുവുകളില്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തൊഴിലാളികള്‍ സംഘടിക്കുന്നത്. വ്യാവസായിക വിപ്ലവ കാലത്ത് സാര്‍വദേശീയമായി ഉയര്‍ന്നുവന്ന തൊഴിലാളിമുന്നേറ്റങ്ങള്‍ രക്തരൂക്ഷിതമായ കലാപങ്ങള്‍ നടത്തി ജീവന്‍ വെടിഞ്ഞ് നേടിയെടുത്തതാണ് എട്ട് മണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര തൊഴിലവകാശം. എന്നിട്ടും, ചിക്കാഗോ സമരത്തിന്റെ 136 വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴിലവകാശത്തെ അട്ടിമറിച്ചിരിക്കുന്നു. ലോകത്തിലെ തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങളുടെ ഏറ്റവും അടിസ്ഥാന മുദ്രാവാക്യമാണ് ഇവിടെ പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നത്. എട്ട് മണിക്കൂര്‍ ജോലി കഴിച്ച്, ബാക്കി സമയം വിശ്രമത്തിനും വിനോദത്തിനും നീക്കിവെക്കാന്‍ സാധിക്കണമെന്ന് തൊഴിലാളിവര്‍ഗം ആവശ്യപ്പെടുന്നതിലേക്ക് അവരെ നയിച്ച പ്രധാന കാരണം ജോലിസ്ഥലത്തിനപ്പുറം മനുഷ്യര്‍ക്ക് സാമൂഹികജീവിതം എന്നൊന്നിന് അര്‍ഹതയുണ്ട് എന്ന ബോധ്യമായിരുന്നു. അതിവിടെ തകരുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വ്യവസ്ഥ എങ്ങനെയാണ് ആ തൊഴില്‍ സമൂഹത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കുകയാണിവിടെ.