അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ ബിഹാറിൽ യുവാക്കൾ ട്രെയിനിന് തീവെച്ചപ്പോൾ / Photo: Utkarsh Singh, Twitter

തൊഴിൽരഹിത ‘അഗ്നിവീര’ന്മാർക്കുമുന്നിലിതാ
​നശീകരണത്തിന്റെ രാഷ്​ട്രീയം

ശരീരവും, ബുദ്ധിയും ഒരുപോലെ അധ്വാനിക്കുന്ന, പരസ്പരം ആശ്രയിക്കുന്ന ഇന്ത്യൻ യുവജനതയുടെ ജീവിതം മു​മ്പ്​ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം ഇന്ന് രാഷ്ട്രീയആശയങ്ങളുടെ ബാധ്യത പേറുന്നുണ്ട്. അധ്വാനം സൃഷ്ടിക്കുന്ന മൂല്യത്തെക്കാൾ ഇന്ന് ആശയപരമായ ലക്ഷ്യങ്ങൾക്കാണ് ഭരണകൂടം വില നൽകുന്നത്.

‘അഭിമാനത്തോടെ തൊഴിൽ ചെയ്തു ജീവിക്കുവാൻ ഇന്ന് ഇന്ത്യയിൽ സാധ്യമല്ല, പൗരത്വ ഭേദഗതി ബില്ലിനെതിരെ ഞാനും, കർഷക ബില്ലിനെതിരെ എന്റെ പിതാവും സമരത്തിനിറങ്ങി, ഇന്ന് അഗ്നിപപഥിനെതിരെ എന്റെ സഹോദരന്മാരും തെരുവിലാണ് '
കൃഷിയും സൈനികസേവനവും ജീവൻ നൽകുന്ന അനേകം കുടുംബങ്ങളിൽ ഒന്നാണ് ഗവേഷണ വിദ്യാർത്ഥിയായ ആനന്ദിന്റേത്. ബിഹാറിൽ നിന്ന്​ ഡൽഹിയിലേക്കുള്ള അവന്റെ യാത്ര സ്വന്തം കുടുംബാംഗങ്ങളുടെ തൊഴിൽ മേഖലകളിൽ നിന്നുമുള്ള ചുവടുമാറ്റമായിരുന്നു. കായികക്ഷമതയും ശക്തിയും ആവശ്യമാകുന്ന തൊഴിലുകളിൽ നിന്ന് വിമർശനബുദ്ധിയും, സ്വതന്ത്രചിന്തയും ആവശ്യമായ തൊഴിലുകളിലേക്കുള്ള മാറ്റത്തിലും മാറാതെ നിൽക്കുന്നത് കഴിഞ്ഞ എട്ട് കൊല്ലമായി തുടർന്നുപോരുന്ന പ്രതിഷേധപരമ്പരകളുടെ ഓർമയാണ്. അത്തരം പ്രതിഷേധപാരമ്പരകളുടെയും അവയെ അവഗണിക്കുന്ന നശീകരണരാഷ്ട്രീയത്തെ കുറിച്ചുളള ആശങ്കകളുമാണ് പങ്കുവെക്കുന്നത്​.

ജനങ്ങളുടെ സ്വതന്ത്ര താല്പര്യങ്ങളുടെയും, നേടുന്ന തൊഴിൽ നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തിന് കൈവരിക്കുവാൻ സാധ്യമാകുന്ന പുരോഗതി ഇന്ത്യൻ ജനാധിപത്യം പണ്ട് വിഭാവനം ചെയ്തിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലൂടേയും , രാഷ്ട്രീയ നിലപാടുകളുടെ വൈവിധ്യത്തിലൂടെയും നേടേണ്ട പുരോഗതി ഇന്ന് തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യത്തിലൂന്നിയാണ് ഭരണകൂടം വിഭാവനം ചെയ്യുന്നത്. ശരീരവും, ബുദ്ധിയും ഒരുപോലെ അധ്വാനിക്കുന്ന, പരസ്പരം ആശ്രയിക്കുന്ന ഇന്ത്യൻ യുവജനതയുടെ ജീവിതം മു​മ്പ്​ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം ഇന്ന് രാഷ്ട്രീയആശയങ്ങളുടെ ബാധ്യത പേറുന്നുണ്ട്. അധ്വാനം സൃഷ്ടിക്കുന്ന മൂല്യത്തെക്കാൾ ഇന്ന് ആശയപരമായ ലക്ഷ്യങ്ങൾക്കാണ് ഭരണകൂടം വില നൽകുന്നത്. ഏതു തൊഴിലായാലും തീവ്രവലതുപക്ഷ ആശയങ്ങളുടെ ബുൾഡോസറുകൾക്ക് ഇന്ധനം പകരുക എന്നതല്ലാതെ മറ്റൊരു ബദലും ഒരു തൊഴിൽ മേഖലയിലും ഇന്നത്തെ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുന്നില്ല. സങ്കീർണതകളെ മറന്ന് ചരിത്രവും, രാഷ്ട്രീയവും ഓർക്കുന്ന സാമൂഹികചിന്തകരും, നിലനിൽക്കുന്ന അധികാരശ്രേണിയ്ക്ക് ഒരു കോട്ടവും വരാതെ സാംസ്‌ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാംസ്‌ക്കാരിക നേതാക്കളും, രാഷ്ട്രീയസാഹചര്യത്തെ ലാഘവത്തോടെ കണ്ട് ‘കറുപ്പ്', ‘വെള്ള' എന്നിങ്ങനെ തിരിച്ച് കാണുന്ന മാധ്യമ പ്രവർത്തകരും ഈ രാഷ്ട്രീയഭൂമികയുടെ ഭാഗമാണ്.

ബുൾഡോസറുകൾ ഹിന്ദുത്വ അജണ്ടകളുടെ ഉപകരണമാകുമ്പോൾ അന്ത്യമില്ലാത്ത രാഷ്ട്രീയനശീകരണത്തിന്റെ പദ്ധതിക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്.

2014 മുതൽ തീവ്ര - വലതുപക്ഷ ഹിന്ദുത്വശക്തികൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബോധവും ഇതുതന്നെ. എട്ടുവർഷം പിന്നിടുമ്പോൾ ഈ വലതുപക്ഷ രാഷ്ട്രീയ ബോധം തന്നെ പൊതുബോധമായി മാറുന്നു. പ്രതിപക്ഷ പാർട്ടികളും ഇതേ ബോധം കടമെടുക്കുന്നതായും കാണാം. ഹിന്ദുത്വബോധവും, അധികാരത്തോടുള്ള അതിരുകവിഞ്ഞ വിധേയത്വവും ഇന്ന് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാണ്. ഈ പൊതുബോധത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ബി.ജെ.പി - ആർ.എസ്.എസ് സഖ്യം പ്രതിഷേധങ്ങളത്രയും അവഗണിച്ച്​ അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. സ്വതന്ത്രഇന്ത്യ കണ്ട സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ സ്ഥാനത്ത് നശീകരണത്തിന്റെ ഫാസിസ്റ്റ് കൂട്ടുകെട്ടാണ് ഇന്ന് വർത്തിക്കുന്നത്.

ആദ്യമേ, സമൂഹത്തിൽ ഒരു പ്രശ്‌നമുണ്ടെന്ന് പ്രഖ്യാപിക്കുക, ആ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മതിയായ ചർച്ചയോ സംവാദമോ നടത്താതെ നിയമങ്ങൾ നിർമിക്കപ്പെടുന്നു. നിയമനിർമാണത്തിന് വേഗത കൈവരുമ്പോഴും സുതാര്യതയെക്കുറിച്ചോ, അത്തരം നിയമങ്ങൾ കൊണ്ട് ജനം നേരിടാൻ പോകുന്ന കഷ്​ടപ്പാടുകളെ കുറിച്ചോ, പ്രശ്നപരിഹാരത്തിന് നിയമങ്ങൾ എത്രത്തോളം പ്രയോഗികമാണെന്ന ചർച്ചകളോ നമുക്ക് പരിചയമില്ല. നോട്ടുനിരോധനം മുതൽ അഗ്‌നിപഥ് വരെ എത്തി നിൽക്കുന്ന രാഷ്ട്രീയതീരുമാനങ്ങൾ എന്തിനാണ് എന്ന ചോദ്യം ഇന്നും സാധാരണ ഇന്ത്യൻ പൗരർക്ക്​ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അത്തരം അതിവേഗ നടപടികളിലൂടെ വിപ്ലവകരമായ ഒരു ഭാവി തീവ്രവലതുപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിലും, മുൻപ് നടപ്പാക്കപ്പെട്ട നിയമങ്ങളും നടപടികളും പൊതുമാധ്യമങ്ങളിൽ ചർച്ചയാകാറില്ലെങ്കിലും പുതിയ പ്രശ്‌നങ്ങൾക്കായി പുതിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വലതുപക്ഷം മുന്നോട്ടുകുതിക്കുന്നു.

നോട്ടുനിരോധനം മുതൽ അഗ്‌നിപഥ് വരെ എത്തി നിൽക്കുന്ന രാഷ്ട്രീയതീരുമാനങ്ങൾ  എന്തിനാണ് എന്ന ചോദ്യം ഇന്നും സാധാരണ ഇന്ത്യൻ പൗരർക്ക്​ മനസിലാക്കാൻ ബുദ്ധിമുട്ടാണ്
നോട്ടുനിരോധനം മുതൽ അഗ്‌നിപഥ് വരെ എത്തി നിൽക്കുന്ന രാഷ്ട്രീയതീരുമാനങ്ങൾ എന്തിനാണ് എന്ന ചോദ്യം ഇന്നും സാധാരണ ഇന്ത്യൻ പൗരർക്ക്​ മനസിലാക്കാൻ ബുദ്ധിമുട്ടാണ്

‘ക്രിയാത്മകമായ നശീകരണം' ഈ ഭാവിയിലേക്കുള്ള യാത്രയിൽ ഹിന്ദുത്വവാദികൾക്ക് പ്രധാനമാണ്. ഒരു പ്രശ്‌നമുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ്​ ആദ്യം. കള്ളപ്പണം, മഹാമാരി, കാർഷികമേഖല നേരിടുന്ന പ്രശ്‌നം, പ്രതിരോധ മേഖല നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിങ്ങനെ പല പ്രശ്‌നങ്ങളെ അവർ നേരിടുന്നു, ആ പ്രശ്‌നം ശരിയാക്കാനുള്ള പ്ലാൻ, ആ പ്ലാനുമായി ബന്ധപ്പെട്ട വേഗത്തിലുള്ള നടപടികൾ, തുടർന്ന് നശീകരണം. ഇതാണ് കഴിഞ്ഞ എട്ട് വർഷമായി നടക്കുന്നത്. തങ്ങൾ വിഭാവനം ചെയ്യുന്ന ഭാവിയിൽ ഇല്ലാത്ത അല്ലെങ്കിൽ ആവശ്യമില്ലാത്ത ചിന്തകളെയും, മനുഷ്യരെയും, കെട്ടിടങ്ങളേയും, ജീവിതങ്ങളെയും ഉന്മൂലനം ചെയ്യുന്ന പദ്ധതി. വളരെ കൃത്യമായി വർഗീയവത്കരിക്കപ്പെട്ട സമൂഹത്തിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ആവശ്യമില്ല എന്നുകാണുന്ന പൊതുബോധമാണ് ഇന്ന് ഈ നശീകരണത്തിന് ഊർജം പകരുന്നത്. ‘ബുൾഡോസർ' അങ്ങനെയാണ് ഇന്ത്യയിൽ ഫാസിസ്റ്റ് ഭാരണകൂടത്തിന്റെ ബിംബമായി മാറുന്നത്.

ഭരണകൂട രാക്ഷസനെ ബുൾഡോസറായി നാം വാർത്തകളിൽ കാണുമ്പോൾ ദൃശ്യമാകുന്നത് ഒരു നശീകരണമാണ്, നോട്ട് നിരോധനം പോലെ ഒരു നശീകരണം. ഒരു പ്രശ്‌നമുണ്ട് എന്നുകാട്ടി അതിനുവേണ്ടി നടത്തുന്ന നശീകരണം സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയും, പാവപ്പെട്ടവരെയും സാരമായി ബാധിക്കുന്നു. തൽസ്ഥാനത്ത് തങ്ങൾ വിഭാവനം ചെയ്യുന്ന മനുഷ്യരും, കെട്ടിടങ്ങളും, ചരിത്രവും അവർ പുനർനിർമിക്കുന്നു. വളരെ സങ്കീർണമായ സാമൂഹിക പ്രശ്‌നങ്ങളെ ഒരു ബുൾഡോസർ കൊണ്ട് നിലംപരിശാക്കി വൃത്തിയാക്കാം എന്ന ചിന്ത ജനാധിപത്യത്തിന് ദോഷകരമാണ് എന്നുമാത്രമല്ല, ഈ നശീകരണം മാത്രമാണ് രാഷ്ട്രീയപ്രവർത്തനം എന്ന ബോധം നിർമിക്കുകയും ചെയ്യുന്നു.

നശീകരണ രാഷ്ട്രീയം പൊതുബോധമാകുന്ന കാലത്ത് അസമത്വവും, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും കൂടിച്ചേരുമ്പോൾ ഇന്ത്യയുടെ ഭാവി ശോഭനമല്ല എന്ന് വ്യക്തമാണ്.

എന്തുകൊണ്ട് സമരപരമ്പരങ്ങൾ കാലം ചെല്ലും തോറും അക്രമോത്സുകമാകുന്നു എന്ന ചോദ്യം നാം ചോദിക്കേണ്ടത് അങ്ങനെ വരുമ്പോഴാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അഗ്‌നിപഥിനെതിരെയുള്ള പ്രതിഷേധങ്ങൾ വളരെ വേഗം അക്രമോത്സുകമാകുന്നതും ഉദ്യോഗാർത്ഥികൾ പൊതുമുതലുകൾ നശിപ്പിക്കുന്നതും നമ്മൾ കണ്ടു. രാഷ്ട്രീയപരമോ, ജനാധിപത്യപരമോ ആയ വിയോജിപ്പ് ഇന്ന് രേഖപ്പെടുത്തുന്നത് നശീകരണത്തിലൂടെ മാത്രമാണ്. ജനാധിപത്യത്തിന്റെ സംവാദമര്യാദകൾ നമ്മുടെ പൊതുബോധം മറന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഹിംസ ജനാധിപത്യത്തിൽ ‘ബുൾഡോസറുടെ' രൂപം കൊള്ളുമ്പോൾ പ്രതിഷേധങ്ങളും അതേ നശീകരണത്തിന്റെ ദിശയിൽ സഞ്ചരിക്കുന്നവയാവും. നശീകരണ രാഷ്ട്രീയം പൊതുബോധമാകുന്ന കാലത്ത് അസമത്വവും, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും കൂടിച്ചേരുമ്പോൾ ഇന്ത്യയുടെ ഭാവി ശോഭനമല്ല എന്ന് വ്യക്തമാണ്. ഹിംസാത്മകമായ ശക്തി മാത്രമാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ സ്വഭാവസവിശേഷത. ഈ സ്വഭാവത്തിന്റെ സ്വാധീനത്തിൽ വളരുന്ന സമൂഹത്തിന് ജനാധിപത്യം വളരെ വേഗം അന്യമായിത്തീരും

ഇന്ത്യയുടെ ചരിത്രം തുടച്ചുമാറ്റി തൽസ്ഥാനത്ത് പുതിയ നിർമാണങ്ങൾ ഉണ്ടാവുമ്പോൾ ഭരണകൂടം ശ്രമിക്കുന്നത് ഭൗതികമായ നിർമാണങ്ങളിലൂടെ ചരിത്രത്തെകുറിച്ചുള്ള ഓർമകളെ മായ്ച്ചുകളയാൻ കൂടിയാണ്
ഇന്ത്യയുടെ ചരിത്രം തുടച്ചുമാറ്റി തൽസ്ഥാനത്ത് പുതിയ നിർമാണങ്ങൾ ഉണ്ടാവുമ്പോൾ ഭരണകൂടം ശ്രമിക്കുന്നത് ഭൗതികമായ നിർമാണങ്ങളിലൂടെ ചരിത്രത്തെകുറിച്ചുള്ള ഓർമകളെ മായ്ച്ചുകളയാൻ കൂടിയാണ്

മൂലധനത്തിന്റെ നിക്ഷേപവും, നിർമാണവും, അതിന്റെ നശീകരണവും, അതിന്റെ പുനർനിർമാണവും ഇന്ന് വളരെ ക്രിയാത്മകമായ ഒരു രാഷ്ട്രീയപദ്ധതിയായി ബി.ജെ.പി - ആർ.എസ്.എസ് സഖ്യം അവതരിപ്പിക്കുന്നു. അതൊരു ചക്രത്തിൽ കറങ്ങുന്ന ബിസിനസെന്നോണം പ്രവർത്തിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ ചരിത്രം തുടച്ചുമാറ്റി തൽസ്ഥാനത്ത് പുതിയ നിർമാണങ്ങൾ ഉണ്ടാവുമ്പോൾ ഭരണകൂടം ശ്രമിക്കുന്നത് ഭൗതികമായ നിർമാണങ്ങളിലൂടെ ചരിത്രത്തെകുറിച്ചുള്ള ഓർമകളെ മായ്ച്ചുകളയാൻ കൂടിയാണ്. സെൻട്രൽ വിസ്ത പോലെ, സർദാർ വല്ലഭായ്​ പട്ടേലിന്റെ പ്രതിമ പോലെ, ഭീകരനിർമാണങ്ങൾ കൊണ്ട് പൊതുബോധത്തെ ഒരു വശത്ത് സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും മറുവശത്ത് പാവപ്പെട്ടവരുടെയും, മുസ്​ലിംകളുടെയും, ദലിതരുടെയും വീടുകൾ നിയമവിരുദ്ധ നിർമാണങ്ങളാണ് എന്ന് മുദ്ര കുത്തി തകർക്കുന്നയും ചെയ്യുന്ന പ്രവൃത്തി, സർക്കാരിനെതിരെ പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്നതിനുള്ള പ്രതികാര നടപടിയായി കൂടി വായിക്കുമ്പോൾ ‘രാഷ്ട്രീയ നശീകരണം' ഹിന്ദുത്വ അജണ്ടയനുസരിച്ച്​ പൂർണമാണ്.

സൈനികസേവനം ലഭിച്ച യുവാക്കൾ ഓരോ വർഷവും പുറത്തിറങ്ങുമ്പോൾ സാധ്യമാകുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും പ്രാവർത്തികമാക്കാനും കഴിവുള്ള ‘അഗ്‌നിവീര’ന്മാരാണ്​.

ബുൾഡോസറുകൾ ഹിന്ദുത്വ അജണ്ടകളുടെ ഉപകരണമാകുമ്പോൾ അന്ത്യമില്ലാത്ത രാഷ്ട്രീയനശീകരണത്തിന്റെ പദ്ധതിക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്. വർധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും, തൊഴിലില്ലായ്മയും എത്രനാൾ ഈ നശീകരണപ്രവർത്തനത്തിലൂടെ മൂടിവെക്കാനാകും?. പ്രതിരോധമേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിക്കുപകരം സേനയിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നാലുവർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി ഒരുതരത്തിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കില്ല എന്നുമാത്രമല്ല, സൈനികസേവനം ലഭിച്ച യുവാക്കൾ ഓരോ വർഷവും പുറത്തിറങ്ങുമ്പോൾ സാധ്യമാകുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും പ്രാവർത്തികമാക്കാനും കഴിവുള്ള ‘അഗ്‌നിവീര’ന്മാരാകും.

ഒരുവശത്ത് സൈനികസേവനത്തിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നു, മറുവശത്ത് ആശയപ്രചാരണത്തിനായി ഭരണകൂടത്തിന്റെ സഹായത്തോടെ സൈനിക പരിശീലനം നേടിയ യുവാക്കൾ അഗ്‌നിപഥിലൂടെ സാധ്യമാകുന്നു. തൊഴിൽതേടി അലയുന്ന യുവാക്കൾക്കുമുന്നിലേക്ക് നശീകരണത്തിന്റെ രാഷ്ട്രീയം വെച്ചുനീട്ടുകയാണ് ജനാധിപത്യ ഇന്ത്യയുടെ ഭരണകൂടം. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments