Samsung- CITU നേർക്കുനേർ, ഐ.എൽ.ഒക്ക് കത്തയച്ച് സി.ഐ.ടിയു; നിർണായകം സ്റ്റാലിന്റെ നിലപാട്

ചെന്നൈ ശ്രീപെരുമ്പൂരിലെ സാംസഗ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്ലാന്റിന് മുന്നിൽ 1200 ലധികം തൊഴിലാളികൾ അടിസ്ഥാന അവകാശങ്ങൾക്കായി ഒന്നര മാസമായി സമരത്തിലാണ്. പൊലീസ് കർശനമായാണ് തൊഴിലാളിക​ളെ നേരിടുന്നത്. ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വി.സി.കെ, കോൺഗ്രസ്, എം.ഡി.എം.കെ തുടങ്ങിയവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെയും സ്റ്റാലിൻ സർക്കാറും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ, ഐ.എൽ.ഒ ഇടപെടണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു കത്തയച്ചതോടെ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലേക്കുകൂടി വരികയാണ്.

ചെന്നൈ ശ്രീപെരുമ്പൂതൂരിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്ലാന്റിന് മുന്നിൽ (Samsung Electronics) സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 1200-ലേറെ തൊഴിലാളികൾ ഒന്നര മാസമായി നടത്തുന്ന സമരം ആഗോള ശ്രദ്ധയി​ലേക്ക്.

സമരത്തിന് ആധാരമായ വിഷയങ്ങളിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (International Labour Organisation-ILO) ഇടപെടൽആവശ്യപ്പെട്ട് സി.ഐ.ടി.യു (Centre of Indian Trade Unions-CITU) കത്തയച്ചു. പുതുതായി രൂപീകരിച്ച സാംസങ് ഇന്ത്യ ലേബർ യൂണിയൻ (Samsung India Workers Union-SIWU) രജിസ്റ്റർ ചെയ്യാൻ സംസ്ഥാന തൊഴിൽ ക്ഷേമ വകുപ്പ് വിസമ്മതിക്കുന്നത് അടക്കമുള്ള ഒമ്പത് വിഷയങ്ങളാണ് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ ഐ.എൽ.ഒയുടെ ഫ്രീഡം അസോസിയേഷൻ കമ്മിറ്റി ചെയർപേഴ്‌സണ് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതോടെ, സമരത്തിൽ ഐ.എൽ.എ ഇടപെടാനുളള സാധ്യതയേറി.

സാംസങ് ഇന്ത്യ ലേബർ യൂണിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നിന്നും
സാംസങ് ഇന്ത്യ ലേബർ യൂണിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നിന്നും

ൻസൗത്ത് കൊറിയൻ കമ്പനിയായ സാംസങിന്റെ രാജ്യത്തിലെ ഏറ്റവും മികച്ച ഫാക്ടറികളിലൊന്നാണ് ശ്രീപെരുമ്പുതൂരിലേത്. പ്രതിവർഷം 12 മില്യൺ ഡോളറിന്റെ വരുമാനമുള്ള സാംസങിന്റെ തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ സെപ്തംബർ 9 മുതലാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ശമ്പള പരിഷ്‌കരണം, എട്ട് മണിക്കൂർ ജോലി, തൊഴിലാളി യൂണിയന് അംഗീകാരം എന്നീ അടിസ്ഥാന ആവശ്യങ്ങളുന്നയിച്ചാണ് പ്ലാന്റിന് മുന്നിൽ S.I.W.U സമരം ചെയ്യുന്നത്.

സമരം ശക്തമായതോടെ പോലീസ് അക്രമാസക്തമായി ഇടപെട്ടതും സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതും സ്റ്റാലിൻ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വി.സി.കെ, കോൺഗ്രസ്, എം.ഡി.എം.കെ എല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെയും സ്റ്റാലിൻ സർക്കാറും പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച സമരത്തിൽ പങ്കെടുത്ത പത്തു പേരെ പോലീസ് അവരുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയും സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്ലാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഏച്ചൂരിൽ തൊഴിലാളികൾ സംഘടിക്കുകയും സമരം തുടരുകയും ചെയ്തു. എന്നാൽ ഇവിടെയും പോലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമിച്ചു, ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജനും സംസ്ഥാന സെക്രട്ടറി മുത്തുകുമാറുമടക്കമുള്ള സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുകയും സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്ത പോലീസ് നടപടിയെ സി.പി.എം അടക്കമുള്ള ഡി.എം.കെയുടെ സഖ്യകക്ഷികൾ വിമർശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർ സാംസങിന് പിന്തുണ നൽകുന്നതായും സി.ഐ.ടി.യു ആരോപിച്ചു.

ബുധനാഴ്ച രാവിലെ പ്ലാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഏച്ചൂരിൽ തൊഴിലാളികൾ സംഘടിക്കുകയും സമരം തുടരുകയും ചെയ്തു. എന്നാൽ ഇവിടെയും പോലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമിച്ചു, ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ പ്ലാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഏച്ചൂരിൽ തൊഴിലാളികൾ സംഘടിക്കുകയും സമരം തുടരുകയും ചെയ്തു. എന്നാൽ ഇവിടെയും പോലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമിച്ചു, ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു.

ഇതുവരെ നടന്ന ആറ് റൗണ്ട് ചർച്ചകളിലും, പുതുതായി രൂപീകരിച്ച തൊഴിലാളി യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാടാണ് സാംസങ് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടുള്ളത്. തമിഴ്‌നാട് സർക്കാരിന്റെ ലേബർ ഡിപ്പാർട്ട്‌മെന്റ് സാംസങിന് അപേക്ഷ നൽകിയെങ്കിലും സാംസങ് അത് അംഗീകരിച്ചില്ല. പ്രശ്നം ഇത്ര രൂക്ഷമായിട്ടും തൊഴിലാളികളുടെ പക്ഷത്തുനിന്ന് കമ്പനിയുമായി ക്രിയാത്മക ചർച്ച നടത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് സി.ഐ.ടി.യുവിന്റെ ആരോപണം.

കമ്പനി അനുദിനം വളരുമ്പോഴും വർഷങ്ങളായി തങ്ങൾക്ക് വളർച്ചയൊന്നുമില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സമരം ചെയ്യുന്നവരിലേറെയും പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ്. അവർക്കെല്ലാം 25000 രൂപയിൽ കുറവാണ് പ്രതിമാസ ശമ്പളം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശമ്പളത്തിൽ 50 ശതമാനം വർധന വേണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

മറ്റൊരു പ്രധാന പ്രശ്‌നം തൊഴിൽ സമയമാണ്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതൽ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികൾ പറയുന്നു. ഏഴ് മണിക്കൂർ ജോലി, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം, മൂന്ന് മുതൽ ഏഴ് ദിവസം വരെ പെറ്റേർണിറ്റി ലീവ് എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യം. ജോലിക്കിടെ മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയും ജോലിക്കിടെയല്ലാതെ മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് 25 ലക്ഷവും നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

Samsung India Workers Union-SIWU എന്ന യൂണിയന് അംഗീകാരം നൽകണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 2023- ലാണ് സി.ഐ.ടി.യുവിന്റെ പിന്തുണയോടെ 1926-ലെ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം യൂണിയൻ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ യൂണിയന്റെ പേരിൽ സാംസങ് എന്നുള്ളത് കൊണ്ട് തമിഴ്‌നാട് സർക്കാർ രജിസ്‌ട്രേഷൻ നടപടി നിർത്തിവെച്ചു. ഇ​തേതുടർന്ന് സി.ഐ.ടി.യു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി പരിഗണനയിലാണ്.

തമി​ഴ്നാട് സർക്കാർ
കോർപറേറ്റ് പക്ഷത്തെന്ന്
സി.ഐ.ടി.യു

തമിഴ്‌നാട് സർക്കാറിന്റെ സാംസങ് അനുകൂല നിലപാടുകൾക്കെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“തൊഴിലാളികളുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭത്തിലൂടെ സാംസങ് കമ്പനിയെ നേരിടും. യൂണിയന്റെ പേരിൽ നിന്ന് സാംസങ് എന്ന വാക്ക് ഒഴിവാക്കണമെന്നാണ് സർക്കാർ പറയുന്നത്. അതെല്ലാം ട്രേഡ് യൂണിയൻ ആക്ടിന് എതിരാണ്. തമിഴ്‌നാട് സർക്കാർ സാംസങ് മാനേജ്‌മെന്റിന്റെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നത്. അതുകൊണ്ട് അതിനെ എതിർക്കുകയല്ലാതെ വേറെ വഴിയില്ല. യൂണിയനെ ദുർബലമാക്കാൻ മാനേജ്‌മെന്റ് അനുകൂല സംഘടനകൾ രൂപീകരിക്കുന്നത് മാനേജ്‌മെന്റുകളുടെ സ്ഥിരം പരിപാടിയാണ്. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ ആരോഗ്യകരമായ ബന്ധമുണ്ടാക്കുകയാണ് തൊഴിലാളി സംഘടനകൾ ചെയ്യുന്നത്. മാത്രമല്ല തൊഴിലാളികളുടെ വൈദഗ്ധ്യ വികസനം, ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ സുഗമമായി നടപ്പാക്കാൻ അച്ചടക്കമുള്ള തൊഴിലാളി യൂണിയൻ അത്യാവശ്യമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഐ.എൽ.ഒ അംഗീകരിച്ച പ്രധാന തത്വങ്ങളിലൊന്നാണ് തൊഴിലാളി യൂണിയൻ രൂപീകരണം. ഇത് അടിസ്ഥാനമാക്കിയാണ് ജനാധിപത്യ രാജ്യങ്ങളിൽ തൊഴിൽ നിയമവും ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ടും നിലവിൽ വന്നത്. ഇപ്പോഴുള്ള പ്രധാന പ്രശ്‌നം തമിഴ്‌നാട് സർക്കാർ പൂർണമായും കോർപ്പറേറ്റ് നിലപാടിന് അനുകൂലമാണ് എന്നതാണ്’’ _ എളമരം കരീം പറയുന്നു.

എളമരം കരീം
എളമരം കരീം

സാംസങ് പറയുന്നത് കേൾക്കാനാണ് പണിമുടക്കുന്ന തൊഴിലാളികളോട് തമിഴ്‌നാട് സർക്കാർ പറയുന്നത്. ഫാക്ടറികളിലെ 70 ശതമാനത്തോളം തൊഴിലാളികൾ പണിമുടക്കിയതോടെ റഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ, ടെലിവിഷൻ എന്നിവയുടെ നിർമാണം തടസ്സപ്പെട്ടു. എങ്ങനെയെങ്കിലും സമരമവസാനിപ്പിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

പ്ലാൻറ് നിലവിൽവന്ന 2007 മുതൽ ഇവിടെ തൊഴിലാളി യൂണിയൻ ഇല്ല. ഇതേതുടർന്ന് ​രൂപീകരിച്ച സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയന്റെ നേതാക്കൾ ഒക്ടോബർ ഏഴിന് തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയെ സന്ദർശിക്കുകയും തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ ധരിപ്പിക്കുകയും ചെയ്തു. തൊഴിൽ പ്രശ്‌നം പരിഹരിക്കുമെന്നും വേതനം കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ കമ്പനിയുമായി ചർച്ച ചെയ്യുമെന്നുമാണ് മന്ത്രി ഉറപ്പുനൽകിയത്. സമരം അവസാനിപ്പിക്കണമെന്നും മന്ത്രി യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ വേതന വർധനവോ തൊഴിൽ ക്ഷേമമോ അല്ല പ്രധാന ആവശ്യമെന്നും ഇതെല്ലാം ചർച്ച ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശമായ യൂണിയൻ രൂപീകരിക്കാൻ കമ്പനി സമ്മതിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും സി.ഐ.ടി.യു നേതാവും സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റുമായ ഇ മുത്തുകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യൂണിയന്റെ പ്രധാന ആവശ്യങ്ങൾ

  • 3 വർഷത്തേക്ക് 6,000 രൂപ വേതന വർധനവ് നൽകണം. 2024-ൽ 70%, 2025-ൽ 15%, 2026-ൽ 15% എന്നിങ്ങനെ വേതനവർധനവ് വിഭജിക്കണം.

  • സർവീസിൽ ചേർന്ന വർഷം അടിസ്ഥാനമാക്കി പ്രതിവർഷം 500 രൂപ സർവീസ് വെയിറ്റേജ് നൽകണം.

  • ജോലിസമയം ദിവസം ഏഴ് മണിക്കൂറായി സ്ഥിരപ്പെടുത്തണം. ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി മാറ്റണം. ആഴ്ചയിൽ അഞ്ച് ദിവസം ജോലി.

  • ഷിഫ്റ്റ് അലവൻസ് 100 രൂപ വർധിപ്പിച്ച് നിലവിലെ 150 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തണം

  • ഒരേ ജോലി ചെയ്യുന്ന രണ്ടു പേർക്കിടയിലെ ശമ്പള വ്യത്യാസം ഇല്ലാതാക്കണം. മുമ്പ് ചേർന്നവരും അടുത്തിടെ ചേർന്നവരും തമ്മിൽ അന്തരമുണ്ട്. എന്നാൽ ഇരുവരും ഒരേ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. അതിനാൽ ഇത് നിയന്ത്രിക്കണം.

  • വർഷത്തിലൊരിക്കൽ കമ്പനി സ്‌പോൺസർ ചെയ്യുന്ന മൂന്ന് ദിവസത്തെ യാത്രയ്ക്ക് തൊഴിലാളികളെ കൊണ്ടുപോകണം. ആ മൂന്ന് ദിവസത്തേക്ക് ഓരോ ജീവനക്കാരനും 1500 രൂപ വീതം അലവൻസ് നൽകണം.

  • ഏഴ് ദിവസത്തെ കാഷ്വൽ ലീവ് വേണം. സിക്ക് ലീവുകളുടെ എണ്ണം 10 ദിവസത്തിൽ നിന്ന് വർധിപ്പിക്കണം. എടുക്കാത്ത ലീവുകൾക്ക് പകരം ലീവ് നൽകണം.

  • Paterntiy leave മൂന്നിൽ നിന്ന് ഏഴ് ദിവസമായി ഉയർത്തണം.

  • മാതാപിതാക്കൾ മരിച്ചാൽ, എല്ലാ അന്ത്യകർമങ്ങളും നിർവഹിക്കുന്നതിന് ജീവനക്കാർക്ക് 11 ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണം.

  • നിലവിൽ, ജീവനക്കാരുടെ രക്ഷിതാക്കൾക്ക് അന്ത്യകർമങ്ങൾ നടത്തുന്നതിന് 5000 രൂപയാണ് കമ്പനി നൽകുന്നത്. ഇത് 25,000 ആക്കി ഉയർത്തണം.

  • കുട്ടികളുടെ വിദ്യാഭ്യാസത്തിന് 50,000 രൂപ നൽകണം.

  • ജീവനക്കാരുടെ ഫാമിലി മെഡിക്കൽ ഇൻഷുറൻസ് 2.5 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കണം. ജീവനക്കാരുടെ ചികിത്സാ ചെലവ് കമ്പനി പൂർണമായും വഹിക്കണം.

  • ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം.

  • ജോലിയിലിരിക്കെ ജീവനക്കാർ മരിക്കുകയോ കമ്പനിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സ്വാഭാവിക മരണം സംഭവിക്കുകയോ ചെയ്താൽ, അർഹതയുള്ള അവകാശിക്ക് സ്ഥിര ജോലി നൽകണം.

  • ജോലിക്ക് പുറത്ത് ഏതെങ്കിലും കാരണത്താൽ ജീവനക്കാർ മരിച്ചാൽ, അവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണം

  • അഞ്ച് വർഷത്തെ സേവനത്തിന് 10,000 രൂപ, 10 വർഷത്തേക്ക് 20,000 രൂപ, 15 വർഷത്തേക്ക് 30,000 രൂപ എന്നിങ്ങനെ സർവീസ് അലവൻസ് നൽകണം.

  • ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളിൽ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികൾക്ക് 1000 രൂപ അലവൻസ് നൽകണം.

സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് തമിഴ്‌നാട് സർക്കാർ സാംസങുമായി ചർച്ച ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ സാംസഗ് അംഗീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ തൊഴിലാളി യൂണിയന് അംഗീകാരം നൽകിയിരുന്നില്ല. ഇതെ തുടർന്നാണ് സമരം വീണ്ടും തുടർന്നത്.

തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ
തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ

കഴിഞ്ഞയാഴ്ച കമ്പനിയുമായി സർക്കാർ നടത്തിയ ചർച്ചയിൽ 5000 രൂപയുടെ ശമ്പള വർധനവും തൊഴിലാളികൾക്ക് എ.സി ബസ് സൗകര്യവും തൊഴിലാളി മരിച്ചാൽ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ കമ്പനി സമ്മതിച്ചിരുന്നു. എന്നാൽ, പ്രധാന ആവശ്യമായ യൂണിയന് അംഗീകാരം നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ നിരാകരിച്ചു. പോലീസ് മർദ്ദനവും അറസ്റ്റും സമരപ്പന്തൽ പൊളിക്കലുമടക്കമുള്ള അടിച്ചമർത്തൽ നടപടിയും ഉണ്ടായതോടെയാണ് സി.പി.ഐയും സി.പി.എമ്മും കോൺഗ്രസും അടക്കമുള്ള ഡി.എം.കെ സഖ്യകക്ഷികൾ രംഗത്തുവന്നത്.

ചർച്ചക്കുശേഷം സമരം അവസാനിപ്പിക്കാൻ തമിഴ്‌നാട് ധനമന്ത്രി സി.ഐ.ടി.യു നേതാക്കളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ സി.ഐ.ടി.യുവുമായി സംസാരിക്കില്ലെന്ന് തന്നെയാണ് സാംസങ് നിലപാട്. തൊഴിലാളികളോട് നേരിട്ട് സംസാരിക്കുമെന്നും പുറത്തുള്ളവരോട് സംസാരിക്കേണ്ടതില്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ തൊഴിലാളി യൂണിയനെ അംഗീകരിക്കുകയെന്ന പ്രധാന ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സി.ഐ.ടി.യു തീരുമാനം. തമിഴ്‌നാട്ടിൽ മികച്ച വ്യവസായന്തരീക്ഷം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന സ്റ്റാലിൻ സർക്കാർ, സഖ്യകക്ഷികളടക്കം പിന്തുണക്കുന്ന സമരത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.

കമ്പനിയിലെ ഭൂരിപക്ഷം തൊഴിലാളികളും സമര നോട്ടീസ് നല്‍കി, യൂണിയന്‍ രൂപീകരിച്ച്, ആവശ്യങ്ങള്‍ കമ്പനിക്കുമുമ്പാകെ സമര്‍പ്പിച്ചശേഷമാണ് സമരം തുടങ്ങിയത്. എന്നാൽ, സമരത്തെ നേരിടാൻ കമ്പനി മറ്റൊരു തൊഴിലാളി കമ്മിറ്റി രൂപീകരിച്ച് കരാർ ഒപ്പിടീക്കുകയാണ് ചെയ്യുന്നത്. കമ്പനി രൂപീകരിച്ച സമിതിയുമായി കരാർ ഒപ്പിട്ടതായാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാർ അറിയിച്ചത്. തൊഴിലാളി യൂണിയനുകളെ തകർക്കാൻ കോർപ്പറേറ്റ് കമ്പനികൾ പയറ്റുന്ന സ്ഥിരം തന്ത്രമാണിത്.

തൊഴിലാളി സമരം, സംസ്ഥാനത്തെ വ്യവസായവൽക്കരണത്തെ പുറകോട്ടടിപ്പിക്കുമെന്ന സ്ഥിരം ​കോർപറേറ്റ് കാമ്പയിനും വ്യാപകമാണ്. ഇതിനെ വസ്തുതകൾ വച്ചുകൊണ്ടാണ് സി.ഐ.ടി.യു നേതാവും സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റുമായ ഇ. മുത്തുകുമാർ നേരിടുന്നത്.

2007-2008 കാലത്ത് കാഞ്ചീപുരത്തുള്ള ഹ്യൂണ്ടായിയിൽ സി.ഐ.ടി.യു യൂണിയൻ രൂപീകരിച്ചിരുന്നു. കമ്പനിയിലെ 1350 തൊഴിലാളികൾ അംഗങ്ങളായിട്ടും ആ യൂണിയനെ കമ്പനി അംഗീകരിച്ചില്ല. പകരം 2012 നുശേഷം രജിസ്റ്റർ ചെയ്ത മറ്റൊരു യൂണിയനെ ഉപയോഗിക്കുകയാണ് കമ്പനി ചെയ്തത്. സി.ഐ.ടി.യു സമരം ചെയ്യുമ്പോൾ സമാന്തര യൂണിയനുമായി കരാർ ഒപ്പിട്ട് കൈകഴുകുകയാണ് കമ്പനി ചെയ്യുന്നത്. എന്നാൽ 2007-ൽ യൂണിയൻ പ്രവർത്തനം ആരംഭിച്ച ഹ്യൂണ്ടായി ഇന്നും നിരവധി കാറുകൾ നിർമിക്കുന്നുണ്ട്. രാജ്യത്തെ മൂന്നാമത്തെ ഫാക്ടറി മഹാരാഷ്ട്രയിൽ തുറക്കുകയും ചെയ്തു. അതായത്, യൂണിയൻ പ്രവർത്തനം കമ്പനിയെ വളർച്ചയെ ഒരുതരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല എന്ന് വ്യക്തം- മുത്തുകുമാർ പറയുന്നു.

സമരത്തിൽ നിന്നും
സമരത്തിൽ നിന്നും

2017- ലാണ് അപ്പോളോ ടയേഴ്‌സിൽ സി.ഐ.ടി.യു യൂണിയൻ നിലവിൽ വരുന്നത്. അന്ന് 7000 ടയറുകൾ നിർമിച്ച സ്ഥാനത്ത് ഇന്ന് 16000 ത്തോളം ടയറുകളാണ് നിർമിക്കുന്നത്. ഇതെല്ലാം യൂണിയൻ നിലവിലുള്ള സ്ഥലങ്ങളിലെ ഉത്പാദനം സമാധാനപരമായി നടക്കുന്നുണ്ട് എന്നതിന്റെ തെളിവുകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലാളി സമരങ്ങളെയും തൊഴിലാളി യൂണിയനുകളെയും പടിക്കുപുറത്ത് നിർത്താനും അടിച്ചമർത്താനുമാണ് കോർപ്പറേറ്റ് കമ്പനികൾ ശ്രമിക്കുന്നതെന്ന് മുത്തുകുമാർ പറയുന്നു.

Comments