കുറച്ചു ദിവസങ്ങളായി കേരളത്തിൽ ചർച്ചാവിഷയം ആണല്ലോ കിറ്റക്സും കിറ്റക്സിലെ പരിശോധനകളും. 2004-2005 കാലഘട്ടത്തിൽ കിറ്റക്സിലെ ഒരു തൊഴിലാളി ആയിരുന്ന എനിക്ക് കുറച്ചു കാര്യങ്ങൾ ഇവിടെ പറയണം എന്ന് തോന്നി.
ആദ്യം തന്നെ പറയട്ടെ കിറ്റക്സ് ലിമിറ്റഡും കിറ്റക്സ് ഗാർമെൻറ്സ് ലിമിറ്റഡും രണ്ട് കമ്പനികളാണ്.
കിറ്റക്സ് ലിമിറ്റഡ് എം.സി. ജേക്കബ് തുടങ്ങി വച്ചതും മൂത്ത മകൻ ബോബി ജേക്കബ് നടത്തി വരുന്നതുമായ സ്ഥാപനം. ഇവിടെയാണ് കിറ്റക്സ് ലുങ്കി, കുട, സ്കൂബി ഡേ ബാഗ്, അന്ന അലൂമിനിയം, സാറാസ് കറി പൗഡർ തുടങ്ങിയവ നിർമിക്കുന്നത്. ഇത് കിഴക്കമ്പലം ടൗണിൽ തന്നെയാണ്. ഇവിടെ പറയത്തക്ക തൊഴിൽ പ്രശ്നങ്ങളോ മറ്റൊന്നുമില്ലാതെ വളരെ ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തനം നടക്കുന്നു.
കിറ്റക്സ് ഗാർമെൻറ്സ് ലിമിറ്റഡ് ജേക്കബിന്റെ ഇളയ മകൻ സാബു ജേക്കബ് തുടങ്ങി നടത്തുന്ന സ്ഥാപനം. ഇവിടെ നിന്നുമാണ് ആഗോള വമ്പൻമാരായ വാൾമാർട്ട്, ഗർബർ തുടങ്ങിയ ബ്രാൻഡുകൾക്ക് കുട്ടിയുടുപ്പുകൾ നിർമ്മിച്ചു കയറ്റുമതി ചെയ്യുന്നത്. ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് കിഴക്കമ്പലം ടൗണിൽ നിന്നും മാറിയാണ്. (കിഴക്കമ്പലം- ശാലോം- പെരുമ്പാവൂർ റൂട്ടിൽ ആലിൻചുവട് നിന്നും ഒരു കിലോമീറ്റർ മാറിയും പെരുമ്പാവൂർ- പട്ടിമറ്റം റൂട്ടിൽ കുമ്മനോട് നിന്നും രണ്ട് കിലോമീറ്റർ മാറിയും ആണ്) ഈ കിറ്റക്സ് ആണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്..
ഞാൻ ഇവിടെ കുറിക്കുന്നത് 2004-2005 കാലത്ത് ഞാൻ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങളാണ്.
ഇന്നത്തെപ്പോലെ തൊഴിലവസരങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ഒരു പത്ര പരസ്യം കണ്ടാണ് കിറ്റക്സിൽ ഇന്റർവ്യൂവിന് പോകുന്നത്. ഇന്റർവ്യൂവിന് മറ്റൊന്നും ചോദിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് ജോലി. പരിശീലന സമയത്ത് ശമ്പളം ഉണ്ടാവുകയില്ല. ആഹാരം മാത്രമാണ് ഉണ്ടാവുക. സമ്മതമാണെങ്കിൽ നിയമനം. അന്നത്തെ ഇന്റർവ്യൂവിൽ ഞാനടക്കം നൂറോളം പേരെ തിരഞ്ഞെടുത്തു. ഏകദേശം ഒരാഴ്ച കഴിഞ്ഞുള്ള ഒരു ജോയ്നിംഗ് ഡേറ്റും തന്നു. അങ്ങനെ ആ ദിവസവും വന്നു. ഞാൻ ജോലിയിൽ പ്രവേശിച്ചു. ആദ്യ ദിനം പേര് ഒക്കെ രെജിസ്റ്റർ ചെയ്ത് റൂമിൽ പോയി വിശ്രമിച്ചൂ.
അന്ന് ഇപ്പോൾ കാണുന്ന കെട്ടിടങ്ങൾ എല്ലാം ഇല്ല. മെയിൻ ബിൽഡിംഗ് മാത്രമേ ഉള്ളൂ. പ്ലാന്റിലേക്ക് പോകുന്നതിന്റെ ഇടതുവശം താഴേക്കിറങ്ങി കാന്റീനിന്റെ സൈഡിലൂടെ കുറേ ഹോസ്റ്റലുകൾ താണ്ടി വേണം J ബ്ലോക്കിലുള്ള ഞങ്ങളുടെ മുറിയിൽ എത്താൻ. J6 ആയിരുന്നു ഞങ്ങളുടെ മുറി. ഏകദേശം 120 ചതുരശ്ര അടി വരുന്ന മുറി. അതിൽ ഞങ്ങൾ പതിമൂന്നോളം പേരുണ്ടായിരുന്നു. അന്ന് കട്ടിലുകൾ ഇല്ലായിരുന്നു. പായ വിരിച്ച നിലത്ത് രണ്ടു സൈഡിൽ നിന്നും എതിർ ദിശയിൽ തല വച്ചു കിടന്നുറങ്ങാം. ഒരു സൈഡിൽ മൂന്നാല് തൊട്ടിയും പിന്നെ ഞങ്ങളുടെ ബാഗുകളും. ഇങ്ങനെ തന്നെയായിരുന്നു എല്ലാ മുറികളും. അന്ന് K ബ്ലോക്ക് വരെയുണ്ടായിരുന്നൂ... ഏതാണ്ട് 1500 ഓളം പേർ ഇത്തരം മുറികളിലാണ് കിടന്നിരുന്നത്. രാവിലെ 5-5.30 മണിക്ക് എഴുന്നേൽക്കണം. എന്നിട്ട് ടോയ്‌ലറ്റ് ബ്ലോക്കിൽ പോയി ക്യൂ നീൽക്കണം. എന്നാലേ 7:30 ന് ഷിഫ്റ്റിൽ കയറാൻ പറ്റൂ. പരിശീലന സമയത്ത് 8 മണിക്ക് പ്ലാന്റിനു മുന്നിൽ ഹാജരാവണം. കിറ്റക്സ് ലിമിറ്റഡിൽ വച്ചാണ് ടൈലറിംഗ് പരിശീലനം. പ്ലാന്റിൽ നിന്നും കമ്പനി വാഹനത്തിൽ ലിമിറ്റഡിൽ എത്തിക്കും.
ഞങ്ങളുടെ ബാച്ചിലെ നൂറോളം പേരിൽ നിന്നും ഇരുപതോളം പേരെ മാത്രമാണ് ടൈലറിംഗിലേക്കെടുത്തത്. ഞാനും അതിൽപെട്ടിരുന്നൂ. ബാക്കിയുള്ളവർ ഹെൽപ്പർമാരായി പരിശീലനം തുടങ്ങി. ആദ്യ ദിനം ചില്ലറ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും പിന്നീട് ആസ്വദിച്ചു തന്നെ പരിശീലനം തുടർന്നൂ. വൈകിട്ട് അഞ്ചര വരെയായിരുന്നു പരിശീലനം. എന്നാൽ ഹെൽപർമാർക്ക് രാവിലെ ഏഴര മുതൽ രാത്രി ഏഴര വരെയായിരുന്നു പരിശീലനം. (കിറ്റക്സ് ലിമിറ്റഡിലെ ഉച്ചഭക്ഷണം നല്ലതാണ് എന്നെടുത്തു പറയണം..)
അങ്ങനെ പരിശീലനത്തിന്റെ നല്ല നാളുകൾ പതിനഞ്ച് കഴിഞ്ഞു. ഞങ്ങൾ കിറ്റക്സ് ഗാർമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ രാവിലെ 7:30ന് ഷിഫ്റ്റ് കയറുന്നു. ഞങ്ങൾ ഇരുപതും ഇരുപത് വഴിക്ക് പിരിയുന്നു... എനിക്ക് കിട്ടിയത് ഒന്നാം നിലയിലെ എംമ്പ്രോയ്ഡറി സെക്ഷനു മുന്നിലെ കോൺട്രാക്ട് സെക്ഷനിൽ ഹെൽപർ ആയിട്ടാണ്... പുതിയ ജോലി.. ഹെൽപറായി തുടങ്ങിയാലല്ലേ പണി മൊത്തം പഠിക്കാൻ പറ്റൂ..
രാവിലെ 7:35 ന് തുടങ്ങിയ നിൽപ്പ് ഉച്ചയ്ക്ക് 1:00 മണിവരെ ടൈലിട്ട തറയിൽ ചെരുപ്പില്ലാതെ... ഓരോകാലും അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി ചവുട്ടി മനസ്സിൽ കരഞ്ഞുകൊണ്ട് തള്ളി നീക്കി... ചോറുണ്ണാൻ പോകുമ്പോൾ മനസിന് വളരെയധികം സന്തോഷം ആയിരുന്നു... കാരണം ഏതാണ്ട് നാലു മണിക്കൂർ നിന്നതിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസവും കിറ്റക്സ് ലിമിറ്റഡിലെ ഊണിന്റെ സ്വാദും.. ചോറുണ്ണാൻ പ്ലേറ്റെടുത്ത് ക്യൂവിൽ നിന്ന് ചോറു വാങ്ങി കഴിച്ചു. എന്നാൽ കിറ്റക്സ് ലിമിറ്റഡിലെ ചോറിന്റെ ഏഴയലത്ത് എത്തില്ല ഇത്. ആയിരത്തഞ്ഞൂറോളം പേർക്ക് ഒരുമിച്ച് ഉണ്ടാക്കുന്നതല്ലേ ഇങ്ങനൊക്കെയേ ആവൂ എന്ന് ആശ്വസിച്ചു.
എന്നെ വായിക്കുന്നവരെ... ഞാൻ എന്റെ അടിമത്തത്തിന്റെ നാലാം മണിക്കൂർ ആണ് പിന്നിട്ടതെന്ന് പിന്നീടാണ് അറിഞ്ഞത്..
അങ്ങനെ ഒരു തമിഴ്നാട്ടുകാരൻ തയ്ചിടുന്ന പല പീസുകളുടെ പൊക്കിൾക്കൊടി അറക്കുന്ന ട്രിമ്മറുമായി ഇരുകാൽ മാറി മാറി ചവിട്ടി സകല വിഷമങ്ങളും സങ്കടങ്ങളാൽ തൊണ്ടയിൽ പൊട്ടി അഞ്ചു മണി വരെ ചിരിച്ചു... അഞ്ചു മണിക്ക് ചായകുടിക്കാൻ കാന്റീൻ വരെ അര കിലോമീറ്റർ നടന്ന് തിരിച്ചും അര കിലോമീറ്റർ നടന്ന് വീണ്ടും നിൽപ്... അവസാനം ഏഴരക്ക് പുറത്തിറങ്ങുമ്പോൾ കവാടത്തിൽ അടുത്ത ഷിഫ്റ്റിൽ അകത്തേക്ക് കയറുവാൻ നീണ്ട നിരയുണ്ടായിരുന്നൂ...
കാന്റീനിൽ നിന്നും കഞ്ഞിയും കുടിച്ച് മുറിയിൽ വന്ന് കിടന്നു. കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു.ജോലി നിർത്തിയാലോ എന്നാലോചിച്ചു. സഹമുറിയൻമാർ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ ശരിയാകുമെന്ന്. വിഷമങ്ങൾ ഉള്ളിലൊതുക്കി കിടന്നുറങ്ങി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ എന്റെ ഒപ്പം ജോലിക്ക് കയറിയ പലരും നിർത്തി പോയി. കുറച്ചു ദിവസങ്ങൾ ഫ്രീയായി സാബു സാറിന് പണിയെടുത്ത് കൊടുത്തിട്ട് അവർ വീട്ടിലേക്ക് മടങ്ങി... പയ്യെ പയ്യെയാണ് ഞാനും ആ സത്യം മനസിലാക്കിയത്. നൂറോളം പേര് ജോലിക്ക് കയറിയാൽ ഏകദേശം എഴുപത് പേര് ഒരു മാസം തികക്കാതെ ജോലി വിട്ടു പോകുന്നു. ആ കാലയളവിൽ അവർ ചെയ്യുന്ന ജോലിക്ക് കൂലിയില്ല. ഭക്ഷണവും താമസവും മാത്രമേ ഉണ്ടാവൂ... ഇങ്ങനെ ഓരോ ദിവസവും ആളുകൾ ജോലിക്ക് കയറുകയും അത്രതന്നെ ആളുകൾ നിർത്തി പോകുകയും ചെയ്യുന്നുണ്ടായിരുന്നൂ. ഇങ്ങനെ പിരിഞ്ഞു പോകുന്ന ആളുകളുടെ അത്രയും ദിവസത്തെ അദ്ധ്വാനം കമ്പനിക്ക് ഫ്രീയായി കിട്ടുകയാണ്.
ആ ആഴ്ച കടന്ന് ഞായറാഴ്ച രാത്രി ഷിഫ്റ്റ്‌വന്നൂ. രാത്രി ഏഴു മണിക്ക് അത്താഴവും കഴിച്ച് ഏഴരയോടെ ജോലിക്ക് കയറി. വീണ്ടും തമിഴന്റെ ഹെൽപറായി രണ്ടു കാലും മാറി മാറി ചവിട്ടി രാത്രി പന്ത്രണ്ട് മണിക്ക് കഞ്ഞിയും നാലു മണിക്ക് കട്ടൻ കാപ്പിയും ബണ്ണും കഴിച്ച് ആ രാത്രി കടന്നു പോയി. രാവിലെ ഏഴരക്ക് ഷിഫ്റ്റിറങ്ങി മുറിയിലെത്തി പല്ലുതേപ്പും കുളിയും കഴിഞ്ഞ് കാപ്പിയും കുടിച്ചു കിടന്നുറങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ തന്നെ എഴുന്നേറ്റ് പോയി. തകര ഷീറ്റിൽ വെയിലടിച്ച് ചുട്ടുപഴുത്ത കാറ്റാണ് ഫാനിൽ നിന്നും വരുന്നത്.. ഒരു രീതിയിലും ഉറങ്ങാൻ പറ്റാത്ത അവസ്ഥ. തിരിഞ്ഞും മറീഞ്ഞും കിടന്ന് വൈകിട്ട് ആക്കി.അങ്ങനെ ആ ആഴ്ച വേഗം തീരാൻ പ്രാത്ഥനയായി. ഇങ്ങനെ നൈറ്റ് ഷിഫ്റ്റിനു ശേഷമാണ് കൂടുതൽ ആളുകളും നിർത്തി പോയത് എന്ന് പിന്നീട് മനസിലായി. ജോലിയും താമസവും ഭക്ഷണവും എല്ലാം മടുത്തു തുടങ്ങി. വീട്ടിലെ അവസ്ഥയിൽ വെറും കൈയോടെ തിരിച്ചു പോകാൻ മനസു മടുത്തു. എന്റെ മുറിയിലെ എല്ലാവരുടേയും അവസ്ഥ ഇതു തന്നെയായിരുന്നു. മുറിയിലെ തന്നെയല്ല, ആ കമ്പനിയിലെ എല്ലാവരും ഒന്നല്ലെങ്കി മറ്റൊരു തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരായിരുന്നു. ദാരിദ്ര്യം മൂലം വന്നവരും വീട്ടിൽ നിന്നും ഒളിച്ചോടി വന്നവരും നാട്ടിൽ നിൽക്കാൻ പറ്റാത്തവരും അങ്ങനെ നിരവധി പ്രശ്നങ്ങളുടെ ഒരു സംഗമഭൂമിയായിരുന്നൂ കിറ്റക്സ്. ഒരു മിനി കേരളം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ. എന്നാൽ ഏറ്റവും കൂടുതൽ പാലക്കാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, വയനാട് എന്നീ ജില്ലക്കാരായിരുന്നൂ.
അങ്ങനെ ഒരു മാസം കടന്നു പോയി. ഞാൻ താമസിക്കുന്ന മുറിയിൽ പലരും പുതുതായി വന്നു പലരും നിർത്തി പോകുകയും ചെയ്തു. ഇതിനിടയിൽ ശമ്പള ദിവസം വന്നു. എന്റെ മുറിയിലെ സീനിയേഴ്സ് പാതിരാത്രി പന്ത്രണ്ട് മണി വരെ ക്യൂ നിന്ന് ശമ്പളം വാങ്ങി. അവർ റൂമിൽ കവറു പൊട്ടിക്കുമ്പോൾ എന്റെ ഉള്ളും പൊട്ടുകയായിരുന്നു.
ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഒരു ദിവസം നമ്മുടെ തമിഴ്നാട്ടുകാരൻ വന്നില്ല. അന്ന് എന്നെ പിടിച്ചു മെഷീനിലിരുത്തി. (ജിജി മാഷിന് നന്ദി). അവിടം മുതൽ ഞാൻ ടൈലറായി. ആ ഓർഡർ തീർന്നപ്പോൾ ആ ലൈൻ പൊളിക്കുകയും എന്നെയടക്കമുള്ള കമ്പനി സ്റ്റാഫുകളെ മുകളിലത്തെ നിലയിൽ കൊണ്ടു പോകുകയും ചെയ്തു. ശരിക്കും അതായിരുന്നു ലോകം. ഒരറ്റം മുതൽ അങ്ങേ അറ്റം വരെ മെഷീനുകൾ... അതിലിരുന്ന് ഇടംവലം നോക്കാതെ ജോലി ചെയ്യുന്ന മനുഷ്യ യന്ത്രങ്ങൾ. കൂടുതൽ ആളുകളും മാസ്ക് വച്ചിട്ടുണ്ട്. ഞാൻ സിംഗിൾ നീഡിൽ ആയതിനാൽ എനിക്ക് പറ്റിയ ലൈൻ കിട്ടാൻ താമസിച്ചു. വീണ്ടും ഹെൽപർ. ഹെൽപ്പർമാരുടെ പ്രശ്നം എന്താന്നു വച്ചാൽ പന്ത്രണ്ട് മണിക്കൂർ നിൽപാണ്. അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞു. ഒരു ദിവസം പെരിഞ്ചാൻകുട്ടിക്കാരൻ ബിനോയി എന്ന സൂപ്പർവൈസർ എന്റടുക്കൽ വന്നിട്ട് എന്റെ ഐ.ഡി കാർഡ് നോക്കി താൻ ടൈലറല്ലേ തനിക്ക് മെഷീൻ തരാം എന്നു പറഞ്ഞ് അടുത്ത ദിവസം എന്നെ ലൈനിൽ ഇരുത്തി. പിന്നീട് ഏകദേശം ആറു മാസത്തോളം പുള്ളിയുടെ ലൈനിൽ തുടർന്നു.
കിറ്റക്സ് ഗാർമെന്റ്സിലെ സെക്യൂരിറ്റികൾ എല്ലാവരും വിമുക്ത ഭടൻമാരാണ്. ശരിക്കും ഒരു പോലീസ് സ്റ്റേഷൻ തന്നെയാണ്. കാന്റീൻ നടത്തുന്നതും ഇവർ തന്നെയാണ്. കാന്റീൻ ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുമായിരുന്നൊള്ളൂ.. വേലികെട്ടിന് പുറത്തിറങ്ങാൻ യാതൊരു മാർഗവുമില്ല. ഹോസ്റ്റലിനു ചുറ്റും മുള്ളുവേലി സ്ഥാപിച്ച് കടക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു. രാവിലത്തെ ഭക്ഷണം ആണ് ഏറ്റവും മോശം. വേകാത്ത ഇഡലിയും പുട്ടുമൊക്കെ കഴിച്ചിരുന്നത് തളർന്നു വീഴാതിരിക്കാൻ വേണ്ടി മാത്രമായിരുന്നു. ആഴ്ചയിൽ ചില ദിവസങ്ങളിൽ ഇറച്ചിയോ മീനോ മുട്ടയോ ഉച്ചഭക്ഷണത്തിന്റെ കൂടെയുണ്ടായിരുന്നൂ. ഞായറാഴ്ച പകൽ മാത്രമാണ് പുറത്ത് പോകാൻ പറ്റിയിരുന്നത്. അന്ന് പട്ടിമറ്റത്തോ പെരുമ്പാവൂരോ പോയി നല്ല ഭക്ഷണം കഴിക്കുമായിരുന്നൂ.
വല്ലാത്ത ഒരു മൂകതയായിരുന്നൂ ഹോസ്റ്റലുകളിൽ. രാവിലെ എഴുന്നേൽക്കുന്നു ജോലിക്ക് പോകുന്നു രാത്രി വരുന്നു കിടക്കുന്നു ഉറങ്ങുന്നു. ഇതാണ് എല്ലാ ദിവസവും തുടർന്ന് കൊണ്ടിരുന്നത്. ഇതിനിടയിൽ സെക്യൂരിറ്റികളുടെ ഗുണ്ടായിസം വേറെ. രാത്രി ബ്ലോക്കുകളിലൂടെ ചുറ്റാൻ വരുമ്പോൾ ആരെങ്കിലും ഉച്ചത്തിൽ വർത്തമാനം പറഞ്ഞാൽ ചീത്തവിളിയുണ്ടാകൂം. തിരിച്ചു പറഞ്ഞാൽ തല്ലും കിട്ടും. ഒരിക്കൽ അവിടെ നിന്നും പിരിഞ്ഞു പോയ ഒരു മാനേജർ തിരുപ്പൂര് പുതിയ ഒരു കമ്പനി തുടങ്ങി. അദ്ദേഹത്തിന്റെ സ്റ്റാഫ് ഹോസ്റ്റലിൽ വരികയും ആരോടോ എന്തോ സംസാരിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് രാത്രിയിൽ സെക്യൂരിറ്റികൾ എല്ലാ റൂമുകളിലും കയറിയിറങ്ങി തേർവാഴ്ച തുടങ്ങി. എല്ലാവരേയും ചോദ്യം ചെയ്തു. ശബ്ദമുയർത്തിയവരെ തല്ലി. ഞങ്ങളുടെ റൂമിലും അവരെത്തി. ഞാനൊക്കെ ആളിൽ ചെറുതായത് കൊണ്ട് ചോദ്യം ചെയ്തു വിട്ടു. ഞങ്ങളുടെ കൂടെ കോട്ടയംകാരൻ ഒരാളുണ്ടായിരുന്നൂ. അവന് ഇത്തിരി തടിയുള്ള കൂട്ടത്തിൽ ആയിരുന്നു. അവന് പൊതിരെ തല്ലു കിട്ടി. രാത്രി മുഴുവൻ വിങ്ങി പൊട്ടിയ അവന്റെ മുഖം ഇപ്പോഴും മനസിലുണ്ട്.
കമ്പനിയിൽ പലവിധ പരിശോധനകളും നടക്കാറുണ്ടായിരുന്നൂ. ബയേഴ്സിന്റെ ഇൻസ്പെക്ഷനും വിവിധ സർക്കാർ വകുപ്പുകളുടെ ഇൻസ്പെക്ഷനും ഉണ്ടായിരുന്നു. ബയേഴ്സിന്റെ ഇൻസ്പെക്ഷൻ മുൻകൂട്ടി അറിയിച്ചായിരിക്കും നടക്കുന്നത്. തലേദിവസം തന്നെ പ്ലാന്റ് എല്ലാം വൃത്തിയാക്കി ക്രമീകരിക്കും. അന്നേ ദിവസം എട്ടു മണിക്കൂർ മാത്രമേ ഡ്യൂട്ടി ഉണ്ടാകൂ.. ഹെൽപർമാരിൽ പലർക്കും ശമ്പളത്തോടു കൂടിയ ലീവും കിട്ടും. (കാരണം അവർ അവിടുത്തെ റിക്കാർഡിൽ ഇല്ലാത്ത ജോലിക്കാരാണ്. ) അന്നത്തെ ദിവസം നല്ല ഭക്ഷണം ആയിരിക്കും. സർക്കാർ വകുപ്പുകളുടെ പരിശോധന മിക്കവാറും പെട്ടെന്ന് ആയിരിക്കും. കമ്പനി ഗേറ്റ് കടക്കുമ്പോൾ തന്നെ പ്ലാന്റിൽ നിന്നും കുറേയാളുകളെ ഫയർ എക്സീറ്റ് വഴി പിന്നാമ്പുറത്ത് കൂടെ വെളിയിൽ ചാടിക്കും. ഹെൽപറായി നിന്ന കാലത്ത് പലവട്ടം ഇങ്ങനെ ഓടേണ്ടി വന്നിട്ടുണ്ട്.
അവിടുത്തെ ജോലിയിൽ പ്രധാന പ്രശ്‌നം ലീവില്ല എന്നതാണ്. ഞായറാഴ്ച പകൽ മാത്രമാണ് പ്ലാന്റ് വർക്കില്ലാത്തത്. എന്തെങ്കിലും അത്യാവശ്യം വന്ന് ലീവ് വേണ്ടി വന്നാൽ തരാറില്ല. വല്ല അസുഖവും വന്നാലും രക്ഷയില്ല. പറയാതെ ലീവെടുത്താൽ ശിക്ഷ വേറെ. അത്രയും ആളുകളുടെ മുമ്പിൽ വച്ച് നിർത്തി അപമാനിക്കും, കഠിനമായ ജോലികൾ ചെയ്യിക്കും. മനസാക്ഷി എന്നൊന്നില്ല. അടിമകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ആണ് പെരുമാറുന്നത്.
പകർച്ചവ്യാധികളാണ് ഏറ്റവും പ്രശ്നം. റൂമിൽ ഒരാൾക്ക് വന്നാൽ എല്ലാവർക്കും വരും. ചിക്കൻപോക്‌സ് ആണ് ഏറ്റവും അധികം. വൈറൽ പനികളും കുറവല്ല. ഡെങ്കിപ്പനി ഒരിക്കൽ കുറേ പടർന്നു. (കൊറോണ ആർക്കെങ്കിലും ഒരാൾക്ക് വന്നാൽ ഇപ്പോഴുള്ള പതിനായിരം പേർക്കും വരും.)
അങ്ങനെ ഒരിക്കൽ ഞങ്ങളുടെ റൂമിലും ചിക്കൻപോക്‌സ് എത്തി. കട്ടപ്പനക്കാരൻ സുഹൃത്തിന് ആദ്യവും പിന്നീട് എനിക്കും വന്നു. അങ്ങനെ ഞാനും നീണ്ട പതിനേഴ് ദിവസത്തെ ലീവുമായി വീട്ടിൽ എത്തി. ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിൽ അടച്ചു പൂട്ടപ്പെട്ട നാളുകൾ. തിരിച്ചു ഇരുപത്തൊന്നാം നാൾ തിരിച്ചു കമ്പനിയിൽ ജോലിക്ക് കയറി. വീണ്ടും ഹെൽപർ... മനസും ശരീരവും തളർന്നു നിന്നസമയം... വട്ടൻമനോജിന്റെ ലൈനിൽ.... മാനസീകമായ പീഡനങ്ങൾ... ചിക്കൻപോക്‌സിനു മുമ്പ് കിറ്റക്സ് ഗാർമെന്റ്സിലെ പിക്കോട്ടിംഗടക്കം (ഫ്ലാറ്റ് ലോക്, ഓവർ ലോക്,ബാർടാക്ക്, ബട്ടൻഹോൾ, ഇത്യാദി) എല്ലാ മെഷീനുകളും വളരെ പെർഫക്ടായി കൈകാര്യം ചെയ്തിരുന്ന എനിക്ക് ഈ പീഡനങ്ങൾ താങ്ങാവുന്നതിലും അധികമായിരുന്നൂ... അവസാനം ഞാൻ രാജി വെക്കുവാൻ തീരുമാനിച്ചു. രാജികത്തും കൊടുത്തു. അവിടെ രാജി വക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ് നോട്ടീസ് കൊടുത്താൽ മാത്രമേ നമുക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ കിട്ടുകയുള്ളൂ.. അങ്ങനെ ഞാൻ വട്ടൻ മനോജിന്റെ കീഴിൽ പീഡനങ്ങൾ ഏറ്റുവാങ്ങി ഹെൽപറായി വിടുതൽ കാത്തു കഴിയവേ 2005 ഒക്ടോബർ15 രാത്രിയിൽ എനിക്കുള്ള മെസേജുമായി സെക്യൂരിറ്റി പ്ലാന്റിൽ വന്നൂ.. അച്ഛന്റെ മരണവുമായി അന്ന് പോന്നതാണ്... പിന്നെ കിറ്റക്സിൽ ഇന്നുവരെ ഞാൻ പോയിട്ടില്ല... ഇന്നും അവിടെ എന്റെ സഹ മുറിയൻമാർ ജോലി ചെയ്യുന്നുണ്ട്...
ഇപ്പോൾ ഞാനിതൊക്കെ പറയുവാൻ കാരണം കിറ്റക്സിൽ നടക്കുന്നതൊന്നുമല്ല പുറത്തറിയുന്നത്. ഗുണ്ടായിസത്തിനു മുകളിൽ പടുത്തുയർത്തിയ സ്ഥാപനമാണ് കിറ്റക്സ് ഗാർമെൻറ് ലിമിറ്റഡ്. അവിടെ സാബു പറയുന്നതാണ് നിയമം. മുമ്പിലും പിന്നിലും രണ്ട് വണ്ടി ഗുണ്ടകളുടെ അകമ്പടിയോടെ ഗുണ്ടാ തലവനാണ് സാബു ജേക്കബ്. യൂണിയൻ അവിടെ ഇല്ലാത്തതിനു കാരണം ഈ ഗുണ്ടാ പടയാണ്. എന്തെങ്കിലും സൂചന കിട്ടിയാൽ അടിച്ചമർത്തും. ഒരിക്കൽ ഗുണ്ടകൾ കേറി മേഞ്ഞ മുറിയിൽ നിന്നും തന്നെ ഗുണ്ടകൾ ആയി സ്ഥാനം ലഭിച്ചവരുമുണ്ട്. ദാരദ്ര്യത്തെ ചൂഷണം ചെയ്ത്, അടിമപ്പണി ചെയ്യിക്കുന്ന സാബു സാർ എന്നേ എനിക്ക് അങ്ങേരെ വിശേഷിപ്പിക്കാൻ കഴിയൂ...
പത്താംക്ലാസുകാരന് നാൽപതിനായിരം രൂപ ശമ്പളം ഉണ്ടെന്നത് ശരിയാവാം. ഇത് തുടങ്ങിയ കാലത്ത് ഇവിടെ വന്ന് ജോലിക്ക് കയറിയവർക്കും ഇപ്പോൾ ഇവിടെ തുടരുന്നവർക്കും ഉണ്ടാവും. പക്ഷെ ഇവിടെ ജോലി ചെയ്യുന്നവരേക്കാളും കൂടുതൽ ഇവിടെ ജോലിക്ക് കയറി പീഡനം സഹിക്കാൻ പറ്റാതെ ജോലി ഉപേക്ഷിച്ച് പോയവരാണ്. അതിൽ പലരും രണ്ടു മാസത്തോളം കമ്പനീക്ക് ഫ്രീയായി ജോലി ചെയ്തു കൊടുത്തവരുമാണ്. കാരണം അവിടെ ജോലിക്ക് കയറുന്ന ഹെൽപർമാരിൽ പലരും ഒരു മാസത്തെ പരിശീലന കാലാവധി കഴിഞ്ഞു അടുത്ത മാസം ജോലി ചെയ്ത് ശമ്പളം പോലും വാങ്ങാതെ പിരിഞ്ഞു പോയവരോ പിരിച്ചു വിടപ്പെട്ടവരോ ആയിരിക്കും. ഒരാളെ ഒഴിവാക്കാൻ വളരെ നിസാര കാരണം കണ്ടെത്തും. ഹാൻസ് വച്ചതിന് രണ്ടു മാസമാകാറായ ഇടുക്കി കമ്പിളികണ്ടം സ്വദേശിയെ പിരിച്ചു വിട്ടത് ഉദാഹരണം. അതുപോലെ എത്രയോ പാവങ്ങൾ കണ്ണീരുമായി അവിടെ നിന്നും പോയിട്ടുണ്ട്...
2005ൽ ഡൈയിംഗ് യൂണിറ്റ് തുടങ്ങിയിട്ടില്ല.. അതിനാൽ മാലിന്യ പ്രശ്നങ്ങളേപറ്റിയോ 20-20യേ പറ്റിയോ ആധികാരികമായീ അറിയില്ല. പക്ഷേ ആ കാലത്ത് കിഴക്കമ്പലത്തോ പട്ടിമറ്റത്തോ ഉള്ള ഒരാളുപോലും അവിടെ ജോലി ചെയ്യുന്നില്ലായിരുന്നൂ.. കൂടുതലും അന്യ ജില്ലകളിൽ നിന്നുമുള്ള പാവപ്പെട്ടവരിൽ പാവപ്പെട്ടവരായിരുന്നൂ. ഇപ്പോൾ ആ സ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ആണ് കൂടുതൽ.
ആണുങ്ങൾ താമസിക്കുന്ന ഹോസ്റ്റലുകൾ 2004-2005 കാലത്ത് പണിതത് തന്നെയാണ് ഇപ്പോഴും ഉള്ളത്. തൊഴുത്തിനു സമാനമായ മുറികൾ തന്നെയാണ്. ആരും ആ ദൃശ്യങ്ങൾ ഒരിക്കലും പുറത്തു വിടുന്നീല്ല..
സാബു സാർ കാണിക്കുന്നത് വെറും ഷോ മാത്രമാണ്. കമ്പനിയിൽ കാണിക്കുന്ന ഗുണ്ടായിസം സർക്കാരിന്റെയും കേരളത്തിലെ ജനങ്ങളുടേയും നേരെ എടുക്കുന്നൂ... പാവപ്പെട്ടവരെ അടിമപ്പണി എടുപ്പിച്ചു തിന്നു വീർത്ത ശരീരം വച്ചാണ് നിങ്ങൾ വെല്ലുവിളിക്കുന്നതെന്ന് ഓർമ വേണം സാർ... നിങ്ങൾക്ക് ഒരുപാട് കാലം ഇങ്ങനെ ജനത്തെ മണ്ടൻമാരാക്കാൻ പറ്റില്ല... സത്യം പുറത്ത് വരിക തന്നെ ചെയ്യും....