നിങ്ങളുടെ സൗന്ദര്യത്തിൽ അവരുടെ രക്തം കലർന്നിട്ടുണ്ട്

ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.

Delhi Lens

"ന്റെ കണ്മുന്നിൽ വച്ചാണ് അവളുടെ ശരീരത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്. തിരിച്ചു കിട്ടിയത് ഖനിക്ക് ഉള്ളിലേക്ക് കയറുമ്പോൾ കാലിൽ കെട്ടിയ കയറാണ്. ഭർത്താവിന്റെ പ്രാണനെടുത്തതും ഇതേ ഖനിയാണ്. അദ്ദേഹത്തിന്റെ ചതഞ്ഞ ശരീരമെങ്കിലും അന്നെനിക്ക് കിട്ടി. എന്നാലെന്റെ പൊന്നുമോളെ കാണാൻ പോലും കഴിഞ്ഞില്ല.'
ഇനിയൊന്നും പറയാൻ സാധിക്കാതെ നെഞ്ചിൽ കൈഅമർത്തി അനൂജ നിലത്തിരുന്നു. മകളുടെയും ഭർത്താവിന്റെയും ഓർമ്മകൾ വർഷങ്ങൾക്കിപ്പുറവും പൊള്ളിക്കുന്നുണ്ട്. കരയാൻ കണ്ണീരില്ലാതെ വരണ്ട കണ്ണുകൾ വേവുകയാണ്. നെഞ്ച് ഉരുകുന്നതിന്റെ ചൂട് ശരീരമാകെ പ്രതിഫലിച്ചു. പരുക്കൻ വിരലുകൾ മണ്ണിലേക്ക് ആഴ്ത്തി വച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ പ്രാണനെടുത്ത മണൽത്തരികളാണിതെന്ന് ആരോടെന്നില്ലാതെ പറഞ്ഞു.

അമറിനെ ഇല്ലാതാക്കിയ മണ്ണിലേക്ക് ഇനി പോകില്ലെന്ന് അനൂജ തീരുമാനിച്ചതാണ്. എന്നാൽ മകളുടെ വിശപ്പിന് മുന്നിൽ മറ്റ് ഉത്തരങ്ങൾ ഇല്ലാതായി. 7 വയസ്സു മുതലാണ് ഏകമകൾ അമലയെയും ഘനിയിലേക്ക് കൊണ്ടുപോയത്. 5 വർഷം മുൻപുണ്ടായ മണ്ണിടിച്ചിലിലാണ് അമർ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ശരീരം കിട്ടിയെങ്കിലും കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. തിരഞ്ഞ് കാണാതായപ്പോൾ മരിച്ചെന്ന് പറഞ്ഞ് പൊലീസ് തിരികെപോയി. ഭയം കാരണം ഗ്രാമവാസികളും തിരച്ചിൽ നിർത്തി.

ഘനിയുടെ അറക്കുള്ളിൽ കുടുങ്ങി ജീവൻ നിലച്ച ആയിരങ്ങളുടെ ജാതകം സമാനമാണ്. പ്രാണനറ്റ ശരീരം കിട്ടുന്നത് പോലും വിരളം. പ്രിയപ്പെട്ടവരെയൊക്കെ അന്നത്തിനായി ബലിനൽകേണ്ടി വന്ന ഗ്രാമത്തിലെ ആദ്യ സ്ത്രീയല്ല പൂജ. വേദനയോടെ പറയട്ടെ അവസാനത്തെയുമല്ല. രാജ്യത്തെ പല ഖനികളിലായി 12 പേർക്കാണ് ദിവസവും ജീവൻ നഷ്ടമാവുന്നത്. ആയിരകണക്കിന് അനധികൃത ഖനികളിലെ കണക്കുകൾക്ക് അപ്പുറമാണിത്. ഭരണ സംവിധാനങ്ങൾക്ക് ഇപ്പോഴും അത്തരം ഇടങ്ങളെ കുറിച്ചുള്ള അറിവുപോലുമില്ല. ജാതിയും പണവും ഭരിക്കുന്ന നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ സ്വഭാവികമാണത്.

മൈക്കയും മനുഷ്യരും

സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ് മൈക്ക. ലിപ്സ്റ്റിക്കിലും നെയിൽ പോളീഷിലും തുടങ്ങി ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും പ്രധാന ഘടകം. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഖനനം ചെയ്യുന്നത് ഇന്ത്യയിലാണ്. പ്രധാനമായും രാജസ്ഥാനിലും ജാർഖണ്ഡിലും. ഏറ്റവും കൂടുതൽ അനധികൃത ഖനികളുള്ളത് ജാർഖണ്ഡിലെ കോഡെർമയിലാണ്. അവിടെത്തന്നെയാണ് വലിയ തോതിൽ അപകടങ്ങൾ ഉണ്ടാവുന്നതും. ഖനികളിൽ ജീവൻ നഷ്ട്ടമായവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് അവിടേക്കുള്ള യാത്ര ഉറപ്പിച്ചത്.

ഡൽഹിയിൽ നിന്നും ഒരു ദിവസത്തെ യാത്രയുണ്ട് കൊഡെർമയിലേക്ക്. ട്രെയിൻ ഇറങ്ങിയത് നൂറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കുന്ന ഏതോ നഗരത്തിലാണെന്ന് ആദ്യ കാഴ്ചയിൽ അനുഭവപ്പെടും. മങ്ങിയ വസ്ത്രങ്ങൾ ധരിച്ച കുറെ മനുഷ്യർ. വർഷങ്ങളുടെ പൊടിപിടിപ്പിച്ച് ദ്രവിച്ചു വീഴാറായ ഏതാനും കെട്ടിടങ്ങൾ. കുറ്റിച്ചെടികൾ പോലുമില്ലാതെ ഹെക്റ്ററുകണക്കിന് വരണ്ടു കിടക്കുന്ന ഭൂപ്രദേശങ്ങൾ. വഴിയിലുടനീളം അതിന്റെ ആവർത്തനം മാത്രം. പൊതു ഗതാഗത സംവിധാനങ്ങൾ പേരിനുമാത്രം. ഖനികളുള്ള ഗ്രാമങ്ങളിലേക്ക് വണ്ടി കിട്ടാൻ ഏറെ പ്രയാസമാണ്. വലിയ തുകക്ക് ഒരാൾ വന്നു.

തുരുമ്പെടുത്ത് ദ്രവിച്ചുതുടങ്ങിയ അംബാസഡർ കാർ ഞങ്ങൾക്ക് നേരെ നിർത്തി. അകത്തുനിന്നു മാത്രം തുറക്കാവുന്ന ഡോർ യോഗേന്ദർ തള്ളി തുറന്നു. പാൻ ചവച്ചു തുപ്പിയ പാടുകളാണ് എങ്ങും. അഴുകിയ ഗന്ധവും. വലിയ ശബ്ദത്തോടെ കാർ മുന്നോട്ട് നീങ്ങി. പോകുംതോറും ടാറിട്ട റോഡ് അപ്രത്യക്ഷമായി. ഇളകിയാടിയാണ് പിന്നീടുള്ള യാത്ര. ഒന്നിടവിട്ട് ചെറിയ കൂരകൾ കാണാം. രണ്ടോ മൂന്നോ പശുക്കളും. വഴിയിലേക്ക് നോക്കു എന്ന് യോഗേന്ദർ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. മണ്ണാകെ തിളങ്ങുന്നുണ്ട്. ആ തിളക്കം കൂടിക്കൂടി വന്നു. മൈക്കയുടെ അവശിഷ്ടങ്ങളാണ്.

ആകാശം മുട്ടെ പൊടി പാറിച്ച് മരുഭൂമിപോലൊരു സ്ഥലത്ത് വണ്ടി നിരങ്ങി നിന്നു. ചുറ്റിലും ഏതാനും വീടുകളുണ്ട്. പനയോലകൊണ്ട് കെട്ടി ഉണ്ടാക്കിയതാണ് മിക്കതും. കണ്ണെത്താവുന്ന ദൂരങ്ങളിൽ അങ്ങിങ്ങായി ചെറിയ കുടിലുകൾ വേറെയും കാണാം. അവക്കിടയിലുള്ള സ്ഥലങ്ങളിലാണ് ഖനികൾ. ഏറെ പ്രയാസപ്പെട്ടാണ് ഗ്രാമവാസികളോട് സംസാരിക്കാൻ സാധിച്ചത്. ഖനി മുതലാളിമാർ അറിഞ്ഞാൽ ജീവൻ കാണില്ല. അത്തരം അനുഭവങ്ങൾ ഏറെയുണ്ട്. അവിടെനിന്നാണ് അനൂജയെകാണുന്നതും അവരുടെ ജീവിതം കേൾക്കുന്നതും.

റോന്ത് ചുറ്റുന്ന മുതലാളിമാരുടെ ഗുണ്ടകൾ കാണാതെ ഖനിയിലേക്ക് കൊണ്ടുപോയതും അനൂജയാണ്. ചുറ്റിലും മൈക്ക തിരഞ്ഞ് കുഴിച്ച വലിയ ഗർത്തങ്ങളാണ്. ചിലത് വായുകയറാത്ത ഗുഹകളും. മണ്ണിന്റെ രൂപമാറ്റം കണക്കാക്കിയാണ് മൈക്കയുടെ സാനിധ്യം തിരിച്ചറിയുന്നത്. ഏറെ തുരന്നാൽ മണ്ണിനൊപ്പം ഗ്ലാസ്സ് പാളികൾ അടുക്കി വച്ച പോലുള്ള കല്ലുകൾ കിട്ടും. അതിൽ നിന്നും മണ്ണരിച്ചുമാറ്റി വേണം മൈക്ക എടുക്കാൻ.

ബലിയിടുന്നത് ബാല്യത്തിനാണ്

ഗ്രാമത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണത്. ജീവിക്കാനുള്ള മറ്റ് സാധ്യതകൾ ഒന്നുംതന്നെ അവിടെയില്ല. ഓരോ കുടിലിലും ഒന്നിലേറെ രക്തസാക്ഷികൾ ഉണ്ടായിട്ടും പിന്മാറാൻ സാധിക്കാത്തത് അതുകൊണ്ടാണ്. കുടുംബമായാണ് പണിക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പോകുന്നവർ വിരളമാണ്. ഏറിവന്നാൽ എട്ടാം ക്ലാസ് വരെ. അവരെ വിരലിൽ എണ്ണിയെടുക്കാം. പല കുട്ടികളും വിദ്യാലയമെന്ന് കേട്ടിട്ടെ ഉള്ളു. അനൗദ്യോതിക കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം കുട്ടികൾ ഖനികളിൽ ജോലി ചെയ്യുന്നുണ്ട്.

ആറ് വർഷമായി ഖനിക്കുള്ളിൽ പണിയെടുക്കുന്ന പതിനഞ്ചുകാരി പൂജയുടെ സ്വപ്നം പരിപ്പല്ലാത്ത മറ്റൊരു കറികൂട്ടി ഭക്ഷണം കഴിക്കാനാണ്. പേടിയുണ്ടോ ഈ ജോലിചെയ്യാൻ എന്ന ചോദ്യത്തിന് മുന്നിൽ അവൾ പൊട്ടി കരഞ്ഞു. എന്നിട്ട് പറഞ്ഞു, ഇത് ചെയ്തില്ലെങ്കിൽ ഞങ്ങൾ എങ്ങിനെ ഭക്ഷണം കഴിക്കും. വിദ്യാലയത്തിൽ പോകാനും വലിയ ഇഷ്ട്ടമാണ്. പക്ഷെ വിശപ്പിന് മുന്നിൽ ആ കുട്ടികളുടെ ജീവിതം തെറ്റായ ഇടത്തേക്ക് തിരിയുകയാണ്.

വലിയൊരു ശതമാനം കുട്ടികളാണ് പരിക്കുപറ്റി കിടപ്പിലായത്. ജീവൻ നഷ്ട്ടമായവരിലും കുട്ടികൾ കുറവല്ല. നീതിയും നിയമവുമില്ലാത്ത മണ്ണിൽ ബാല്യം നഷ്ട്ടപ്പെട്ട കുരുന്നുകളുടെ യാതൊരു രേഖകളുമില്ല. വഴിതെറ്റിപോലും സംഘടിതരല്ലാത്ത മനുഷ്യരെ കാണാൻ സർക്കാർ സംവിധാനങ്ങൾ അതുവഴി വരാറില്ല. കേന്ദ്ര ശിശു ക്ഷേമ വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ബാലവേലയിൽ പെട്ടുപോകുന്ന 76 % കുട്ടികളും വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ല. ഇതിൽ 59 % കുട്ടികൾ വലിയ ശാരീരിക പീഡനങ്ങൾക്കും വിധേയരാവുന്നുണ്ട്.

അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബാലവേല ചെയ്യിപ്പിച്ചാൽ. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയാൽ മാത്രംമതി നിയമത്തിലുള്ള ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാവാൻ. പൊടിയും ചൂടും ത്വക്ക് രോഗങ്ങൾ ഉൾപ്പെടെ മാറാവ്യാധികൾക്കാണ് വഴിവക്കുന്നത്. മഹാ ഭൂരിഭാഗത്തിനും രോഗപ്രതിരോധ ശേഷിയും കുറവാണ്. വിട്ടുമാറാത്ത ചുമയും പ്രകടം. യഥാർത്ഥത്തിൽ ബാല്യത്തിലെ വേരറുക്കുകയാണ് ഒരു തലമുറയുടെതാകെ.

മരണനിലങ്ങൾ

ഒരു കിലോ മൈക്കക്ക് 30 രൂപയാണ്. മറ്റൊരർത്ഥത്തിൽ ആ മനുഷ്യരുടെ ജീവന്റെ വില. എന്നാൽ ഇടനിലക്കാർ കൊയ്യുന്നത് കോടികളാണ്. ചൈനയിലേക്കും ജർമ്മനിയിലേക്കുമാണ് പ്രധാനമായി കയറ്റി അയക്കുന്നത്. സൗന്ദര്യ വർധക ഉൽപ്പങ്ങൾ നിർമ്മിക്കുന്ന ജർമനിയിലെ മെർക് ആണ് പ്രധാന ഗുണഭോക്താവ്. ബില്യൺ ഡോളറാണ് മെർക്കിന്റെ വിറ്റുവരവ്.

മൈക്ക എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പോലും ഗ്രാമവാസികൾക്ക് വ്യക്തമല്ല. എന്തോ നിറം കിട്ടാനാണ് എന്നുമാത്രം അറിയാം. നല്ല ഭക്ഷണം സ്വപ്നം കാണുന്ന അവർക്ക് പുതിയ കാലത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ കേട്ടാലും ഉൾക്കൊള്ളാനാവില്ല. വിദൂര ചിന്തകളിലും അതിന് സാധ്യതയില്ല. ലോകത്തിന്റെ കാഴ്ചകൾ അത്രമേൽ അവരിൽ നിന്നും മറച്ചുവക്കുന്നുണ്ട്. വളരെ വലിയ അജണ്ടയാണ് അതിനു പുറകിൽ.

ഇത് വായിക്കുമ്പോഴും മണ്ണിനടിയിൽ ശ്വാസം കിട്ടാതെ മനുഷ്യർ പിടയുന്നുണ്ടാകാം. ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.

Comments