ഇന്ത്യയിലെ മാധ്യമങ്ങളിൽ അദൃശ്യരാക്കപ്പെട്ട മനുഷ്യരാണ് തൊഴിലാളികൾ. ഏറ്റവും ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജനിച്ചു ജീവിച്ച് മരിക്കേണ്ടിവരുന്ന ജനകോടികൾ. വ്യവസ്ഥയെ വെല്ലുവിളിക്കുന സമരങ്ങളുമായി മുന്നോട്ടുവരുമ്പോൾ മാത്രമാണ്, ന്യൂസ് റൂമുകൾ അവരെ കണ്ടതായി പോലും ഭാവിക്കുക. ഏപ്രിൽ 13ന് തെരുവിലിറങ്ങിയുള്ള വ്യാപകമായ പ്രതിഷധത്തിൽ കലാശിച്ച നോയിഡയിലെ തൊഴിലാളികളുടെ സമരം അത്തരമൊരു നിമിഷമാണ്.
ഹിന്ദുവും മുസ്ലിമും തമ്മിലുള്ള യുദ്ധമായി രാഷ്ട്രീയത്തെ മാറ്റി, മനുഷ്യർക്ക് മതവൈരത്തിന്റെ ലഹരി പകർന്ന് ഭരണമുറപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇതൊരു വെല്ലുവിളിയായി. ഏപ്രിൽ 14 ന് ക്ലിയോ കൌണ്ടി പോലുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിലെ വീട്ടുജോലിക്കാരും ഉയർന്ന ശമ്പളത്തിനായി പ്രതിഷേധിക്കാൻ തുടങ്ങി.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ തൊഴിലാളികൾ, മധ്യകാല ജയിലുകളെ നാണിപ്പിക്കുന്ന അത്ര മോശം സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഔട്ട്ലുക്ക് മാസികയുടെ സമീപകാല റിപ്പോർട്ട് നോയിഡയിലെ വ്യാവസായിക മേഖലകളിലെ ഫാക്ടറി തൊഴിലാളികൾ അഭിമുഖീകരിക്കുന്ന കഠിനമായ ജീവിത സാഹചര്യങ്ങൾ എടുത്തുകാണിക്കുന്നു. തൊഴിലാളികളുടെ പ്രതിമാസ വേതനം ഏകദേശം 11,000 രൂപയാണ്. നഗരപശ്ചാത്തലത്തിലെ അടിസ്ഥാന ജീവിതച്ചെലവിനുപോലും ഈ തുക തികയില്ല.
രജിസ്റ്റർ ചെയ്ത വലിയ ഫാക്ടറികളിൽ പോലും രേഖാമൂലമുള്ള കരാറുകളോ തൊഴിൽ സുരക്ഷയോ ഇല്ല. ഇടനിലക്കാരും കരാറുകാറും തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് കീശയിലാക്കുകയാണ്.
ഒരു സാധാരണ തൊഴിലാളിയുടെ പ്രതിമാസ ചെലവിന്റെ കണക്ക് ദുരിതത്തിന്റെ വ്യാപ്തി എടുത്തുകാണിക്കുന്നു. ഏകദേശം 3,500 രൂപയാണ് വാടക. വെള്ളത്തിന് പ്രതിമാസം 600 രൂപ. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് 2,000 മുതൽ 3,000 രൂപ വരെ. 1,000 രൂപ നാട്ടിലെ കുടുംബങ്ങളിലേക്ക് അയയ്ക്കുന്നു. ഈ അവശ്യചെലവുകൾക്കുശേഷം ഭക്ഷണം, പാചക ഇന്ധനം, ആരോഗ്യ സംരക്ഷണം, മറ്റാവശ്യങ്ങൾ എന്നിവയ്ക്ക് തുച്ഛമായ തുക മാത്രമേ അവശേഷിക്കൂ.
അതിനാൽ, ഈ മനുഷ്യരുടെ ദൈനംദിന അതിജീവനം തന്നെ നിരന്തരസമരമായി മാറുന്നു. യാത്രാച്ചെലവിൽ 10-15 രൂപ ലാഭിക്കാൻ തൊഴിലാളികൾ പലപ്പോഴും ദീർഘദൂരം നടക്കുന്നു. പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഗാർഹിക ഉപഭോഗത്തിൽനിന്ന് അപ്രത്യക്ഷമാകുന്നു. പോഷകമൂല്യത്തേക്കാൾ വിലയാണ് എന്ത് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കുന്നത്. അസുഖം മൂലവും മറ്റും തൊഴിൽദിനം നഷ്ടമായാൽ പോലും തൊഴിലാളി കുടുംബങ്ങൾ കടക്കെണിയിലകപ്പെടുന്നു.
ഗുരുതര തൊഴിൽ പ്രശ്നങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക ശമ്പള സ്ലിപ്പുകളും യഥാർത്ഥ വരുമാനവും തമ്മിലുള്ള പൊരുത്തക്കേടുകൾ ഗുരുതരമാണ്. നിയമപരമായി നിർബന്ധിതമായ മിനിമം വേതനം പൂർണ്ണമായും നൽകുന്നില്ല. ഇരട്ടിനിരക്കിൽ ശമ്പളം നൽകേണ്ട ഓവർടൈം പലപ്പോഴും സാധാരണ നിരക്കിലാണ് നൽകുന്നത്. പ്രൊവിഡന്റ് ഫണ്ട് (EPF), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) തുടങ്ങിയ അടിസ്ഥാന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഇല്ല, ഉണ്ടെങ്കിൽ തന്നെ അവയുടെ നടത്തിപ്പ് സുതാര്യവുമല്ല- ഇതാണ് നോയിഡയിലെ യാഥാർഥ്യം.

തൊഴിലാളികളുടെ ജീവിതസാഹചര്യം തന്നെയാണ് ഈ ദുരിതങ്ങളുടെ തെളിവ്. തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്ക് നൽകിയിട്ടും അവർക്ക് വൃത്തിയില്ലാത്തതും പരിമിതമായ വായുസഞ്ചാരമുള്ളതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ ഇടുങ്ങിയ വാടകസ്ഥലങ്ങളിലാണ് ജീവിക്കേണ്ടിവരുന്നത്.
തൊഴിൽശക്തിയുടെ വലിയൊരു വിഭാഗം അതിജീവനത്തിനായി പൊരുതുകയാണ്. വർദ്ധിച്ചുവരുന്ന ചെലവും പരിമിതമായ സാമൂഹിക സംരക്ഷണവും മൂലം, വേതനവും അടിസ്ഥാന മാനുഷിക ആവശ്യങ്ങളും തമ്മിലുള്ള അന്തരം പ്രകടമായി തുടരുന്നു, ഇത് രാജ്യത്തെ വളർച്ചയുടെയും തൊഴിൽക്ഷേമത്തിന്റെയും സ്വഭാവത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു.
എന്തുകൊണ്ടാണ് നോയിഡയിലെ
തൊഴിലാളികൾ തെരുവിലിറങ്ങിയത്?
പ്രതിമാസ മിനിമം വേതനം 14,000 രൂപയിൽ നിന്ന് 19,000 രൂപയായി (35% വർധന) ഉയർത്താനുള്ള ഹരിയാന സർക്കാറിന്റെ തീരുമാനമായിരുന്നു, നോയ്ഡയിലെ തൊഴിലാളി സമരത്തിന്റെ ഏറ്റവും നേരിട്ടുള്ള പ്രേരണ. നോയിഡയിലെ തൊഴിലാളികൾ, അതായത് അതിർത്തിക്കപ്പുറത്ത് സമാനമായ ജോലി ചെയ്യുന്നവർ, എന്തുകൊണ്ടാണ് ഒരേ തൊഴിലിന് തങ്ങൾക്ക് ഗണ്യമായി കുറഞ്ഞ തുക (ഏകദേശം 11,000- 13,000 രൂപ) കിട്ടുന്നതെന്ന ചോദ്യമുയർത്തി.
കടുത്ത അടിച്ചമർത്തലും നിയമവിരുദ്ധമായ അറസ്റ്റുകളും ബലപ്രയോഗവുമാണ് തൊഴിലാളികൾക്കെതിരെ ഭരണകൂടം നടത്തുന്നത്. നോയിഡയിൽ പ്രതിഷേധത്തെ തുടർന്ന് കാണാതായ തൊഴിലാളികളിൽ പലരും ഇപ്പോഴും എവിടെയാണ് എന്ന് കുടുംബങ്ങൾക്ക് അറിയില്ല.
വേരിയബിൾ ഡിയർനസ് അലവൻസ് (വി ഡി എ) അടിസ്ഥാനമാക്കി സംസ്ഥാനം സാധാരണ വർഷത്തിൽ രണ്ടുതവണ വേതനം പരിഷ്കരിക്കുന്നുണ്ടെങ്കിലും ഈ പതിവ് ക്രമീകരണം അപര്യാപ്തമാണെന്നും നിലവിൽ ദൽഹിയെയും ഹരിയാനയെയും അപേക്ഷിച്ച് കുറഞ്ഞ ശമ്പളമാണ് തങ്ങൾക്ക് കിട്ടുന്നതെന്നും നോയിഡയിലെ തൊഴിലാളികൾ വാദിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം എൽ പി ജി സിലിണ്ടറിന്റെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ പെട്ടെന്നുള്ള വർദ്ധനവ് മൂലം ദീർഘകാലമായുള്ള വേതനവിടവ് അടിയന്തര അതിജീവന പ്രശ്നമായി മാറി.
നോയിഡയിലെ പല വ്യവസായ യൂണിറ്റുകളിലും 12 മണിക്കൂർ ഷിഫ്റ്റ് സാധാരണമാണ്. എട്ട് മണിക്കൂർ പ്രവൃത്തിദിവസം എന്ന മാനദണ്ഡം ലംഘിക്കപ്പെടുന്നു. ശമ്പള വർദ്ധനവോ ആഴ്ചതോറുമുള്ള അവധിയോ ഇല്ലാതെ ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിതരാണെന്ന് തൊഴിലാളികൾ പറയുന്നു.
തൊഴിലാളികളുടെ അനൗപചാരികവൽക്കരണമാണ് മറ്റൊരു പ്രധാന പരാതി. രജിസ്റ്റർ ചെയ്ത വലിയ ഫാക്ടറികളിൽ പോലും രേഖാമൂലമുള്ള കരാറുകളോ തൊഴിൽ സുരക്ഷയോ ഇല്ല. ഇടനിലക്കാരും കരാറുകാറും തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് കീശയിലാക്കുകയാണ്. ചിലരെ ഇരട്ട ഷിഫ്റ്റുകൾക്ക് ഒപ്പിടാൻ നിർബന്ധിച്ച് ഒറ്റ ഷിഫ്റ്റിന്റെ പണം മാത്രം നൽകുന്നു. ഔപചാരിക ട്രേഡ് യൂണിയൻ പ്രാതിനിധ്യത്തിന്റെ അഭാവത്തോടൊപ്പം പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്), ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളുമുണ്ട്.
എന്താണ് തൊഴിലാളികളുടെ ആവശ്യം?
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനനുസൃതമായി അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിമാസം 20,000 മുതൽ 26,000 രൂപ വരെ മിനിമം വേതനം, കരാറുകാർ വേതനം കുറയ്ക്കുന്നത് തടയാൻ കമ്പനി നേരിട്ട് നിയമിക്കുക എന്നിവയാണ് തൊഴിലാളികളുടെ പ്രാഥമിക ആവശ്യങ്ങൾ.
സ്റ്റാൻഡേർഡ് ഷിഫ്റ്റിനപ്പുറം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ട വേതനം കർശനമായി നടപ്പാക്കുക, മുൻ സാമ്പത്തിക വർഷത്തിൽ തീർപ്പാക്കാത്ത ബോണസുകൾ ഉടൻ ക്ലിയർ ചെയ്യുക, വേതന കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ നൽകുക എന്നിവയും തൊഴിലാളികൾ ആവശ്യപ്പെടുന്നു. നോയിഡ സെക്ടറുകളിലും ഗ്രാമങ്ങളിലും കുതിച്ചുയരുന്ന വാടക ചൂണ്ടിക്കാട്ടി വീട്ടുവാടക അലവൻസിൽ ഗണ്യമായ വർദ്ധനവ് വേണമെന്നും ആവശ്യമുണ്ട്. എട്ട് മണിക്കൂറിനു മുകളിലുള്ള ഏതു ജോലിയും സ്വമേധയാ ചെയ്യണം, അധികസമയത്തിന് കൃത്യമായ ശമ്പളം, മാനേജർമാരുടെ അസഭ്യവർഷം അടക്കമുള്ള ജോലിസ്ഥലത്തെ പീഡനങ്ങൾ പരിഹരിക്കാനുള്ള നടപടി, പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആറുകൾ പിൻവലിച്ച് അറസ്റ്റിലായവരെ നിരുപാധികം മോചിപ്പിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികൾക്കുണ്ട്.

സർക്കാർ പ്രതികരണം എങ്ങനെ?
കടുത്ത അടിച്ചമർത്തലും നിയമവിരുദ്ധമായ അറസ്റ്റുകളും ബലപ്രയോഗവുമാണ് തൊഴിലാളികൾക്കെതിരെ ഭരണകൂടം നടത്തുന്നത്. നോയിഡയിൽ പ്രതിഷേധത്തെ തുടർന്ന് കാണാതായ തൊഴിലാളികളിൽ പലരും ഇപ്പോഴും എവിടെയാണ് എന്ന് കുടുംബങ്ങൾക്ക് അറിയില്ല. ന്യൂസ്‌ക്ലിക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
നോയിഡയിലുടനീളം, പോലീസ് അടിച്ചമർത്തലിനെത്തുടർന്ന് കാണാതായ പ്രിയപ്പെട്ടവർക്കായി ഉത്കണ്ഠാകുലരായ ബന്ധുക്കൾ തിരച്ചിൽ തുടരുകയാണ്. നോയിഡയിലെ തൊഴിലാളി കുടുംബങ്ങൾ ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിനടക്കുകയാണ്; തങ്ങളുടെ ജീവിതപങ്കാളികളും സഹോദരങ്ങളും മക്കളും കസ്റ്റഡിയിലാണോ എന്ന് സ്ഥിരീകരിക്കാൻ.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ പങ്കാളി രാകേഷിനെ കാണാതായ നേഹയും അവരിലുണ്ട്. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിരവധി തവണ പോയെങ്കിലും ഓരോ തവണയും തന്നെ തിരിച്ചയച്ചതായി അവർ പറയുന്നു:
"എന്റെ ഭർത്താവ് എവിടെയാണ്? ഒരു പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. ജോലിക്ക് പുറത്തുപോയ അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ചെയ്തത്. അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല’’.
തന്റെ രണ്ട് കൊച്ചുകുട്ടികളെ തനിക്ക് വീട്ടിൽ നിർത്തി നേഹ തെരച്ചിൽ തുടരുകയാണ്. ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിൽ അധികാരികൾ അത് സ്ഥിരീകരിക്കണമെന്ന് അവർ പറയുന്നു.
തൊഴിലാളികൾ എന്നൊരു വർഗ്ഗമേയില്ല എന്ന് നടിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് നോയിഡയിലെ അഗ്നിപർവത സ്‌ഫോടനങ്ങൾ. അവയ്ക്കടിയിൽ പുകയുന്ന ജീവിതയാഥാർഥ്യങ്ങളുടെ കനലുണ്ട്.
അടുത്തിടെ ജോലി തേടി ഗ്രാമത്തിൽ നിന്ന് നോയിഡയിലെത്തിയ 18 വയസ്സുള്ള മകൻ അങ്കുഷിനെ തെരഞ്ഞുനടക്കുകയാണ് അനിൽ കുമാർ. തന്റെ മകന് തൊഴിലാളി സമരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു ഫാക്ടറിക്ക് സമീപത്തുനിന്ന് ചില യുവാക്കളെ പിടികൂടിയ വിവരം മാത്രമാണ് ഈ പിതാവിനുള്ളത്. ഇതേതുടർന്ന് അദ്ദേഹം കോടതികളിലും ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും മകനെ തെരഞ്ഞുനടന്നുവെങ്കിലും ഒരിടത്തുനിന്നും ഒരു വിവരവും കിട്ടിയില്ല.
മറ്റൊരു സംഭവത്തിൽ, രാത്രി മുഴുവൻ തിരച്ചിൽ നടത്തിയ ശേഷമാണ് വിജയ് കുമാർ എന്നയാൾക്ക് തന്റെ ഇളയ സഹോദരൻ നവീൻ ഡസ്നയിലെ ജയിലിലുണ്ടെന്നറിഞ്ഞത്. തുടക്കത്തിൽ കുടുംബത്തിന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചില്ല. പക്ഷെ അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.
തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കൃത്യമായ നിയമനടപടി പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഗുരുതരമായ ആശങ്കകളുയർന്നിട്ടുണ്ട്. തടവിലാക്കപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയും അവരുടെ കുടുംബത്തെ അറിയിക്കുകയും വേണമെന്നാണ് നിയമം. ഇത് നടന്നിട്ടില്ലെന്ന് നിരവധി കുടുംബങ്ങൾ പറയുന്നു. നിയമസഹായം നൽകാൻ ശ്രമിച്ച അഭിഭാഷകരെ വിലക്കുകയും തടവിലാക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയതിന്റെ വീഡിയോകൾ പ്രാദേശികമായി പ്രചരിക്കുന്നുണ്ട്, ഇതിന് ദൃക്സാക്ഷികളുമുണ്ട്.

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (AILU), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഇതുവരെ ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 13 നും 17 നും ഇടയിൽ നടത്തിയ അറസ്റ്റുകളിൽ നടപടിക്രമം ലംഘിക്കപ്പെട്ടതായും ഭരണഘടനാപരമായ സുരക്ഷാവീഴ്ചകളുണ്ടായതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ, പൊതുജനങ്ങൾ, സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരുൾപ്പെടെ ധാരാളം പേരെ പൊതുസ്ഥലങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും വീടുകളിൽനിന്നും തടവിലാക്കിയതായി റിപ്പോർട്ട് പറയുന്നു.
തൊഴിലാളികൾ എന്നൊരു വർഗ്ഗമേയില്ല എന്ന് നടിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് നോയിഡയിലെ ഈ അഗ്നിപർവത സ്‌ഫോടനങ്ങൾ. അവയ്ക്കടിയിൽ പുകയുന്ന ജീവിതയാഥാർഥ്യങ്ങളുടെ കനലുണ്ട്. അതിനെ അഭിസംബോധന ചെയ്യാതെ സമൂഹത്തിന് മുന്നോട്ട് പോവാനാവില്ല.
ബ്രെഹ്ത് പറഞ്ഞതുപോലെ;
'Because things are the way they are
Things will not be the way they are…"
