രാഷ്ട്രീയ, സാമൂഹ്യ അസമത്വവും ചൂഷണവും സാമ്പത്തിക അസന്തുലിതാവസ്ഥയും അതിരൂക്ഷമായ വിധത്തിൽ പ്രകടമായ ഇന്ത്യൻ സമൂഹത്തിൽ സമരങ്ങളില്ലാതിരിക്കുക എന്നതാണ് അസ്വാഭാവികവും ആശങ്കപ്പെടുത്തേണ്ടതുമായ കാര്യം. രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ ഘടനകളും അതിന്റെ ചൂഷണാധിഷ്ഠിതമായ നടത്തിപ്പുരീതികളും സാധാരണക്കാരായ ബഹുഭൂരിപക്ഷം മനുഷ്യരുടെ ജീവിതങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സമൂഹത്തിൽ സ്വാഭാവികമായിത്തന്നെ വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കിലാണ് അത് അസ്വാഭാവികമാകുന്നത്. ഒരുതരത്തിൽ നോക്കിയാൽ ഇത്തരം പ്രതിലോമകരമായ ഒരു അസ്വാഭാവികത ഇന്ത്യയിൽ കാണാൻ കഴിയും. ചൂഷണം ഒരു സ്വാഭാവിക ജീവിതാവവസ്ഥയാണ് എന്ന് ഭൂരിപക്ഷം ജനങ്ങളെയും ബോധ്യപ്പെടുത്തുകകൂടി ചെയ്യുന്നതോടെ തുറന്നിട്ട കൂട്ടിൽനിന്നുപോലും പുറത്തുപോകാത്ത മൃഗങ്ങളെപ്പോലെയാകും മനുഷ്യർ. അവർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള സങ്കല്പനങ്ങളും സങ്കല്പങ്ങളുംതന്നെ അന്യമായി മാറും.
ഏതൊരു സമഗ്രാധിപത്യ ഭരണകൂടവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക ഇത്തത്തിലൊരു സമരരഹിത സ്വാഭാവികതയിലേക്ക് സമൂഹത്തെ പാകപ്പെടുത്തിയെടുക്കാനാണ്. എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾക്കുള്ള പുറപ്പാടുകളെയെല്ലാം ഒന്നുകിൽ ഭരണകൂടം അടിച്ചമർത്തുന്നു അല്ലെങ്കിൽ അതിൽ നിന്നുള്ള രാഷ്ട്രീയം ചോർത്തിക്കളഞ്ഞ്, ഔദാര്യങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പും വിലാപങ്ങളുമാക്കി മാറ്റുന്നു. പൊടുന്നനെയുണ്ടാകുന്ന ആൾക്കൂട്ടങ്ങളേയും ആൾക്കൂട്ട പ്രതിഷേധങ്ങളേയും ഭരണകൂടത്തിന് അത്രയധികം ഭയമില്ല. ആൾക്കൂട്ടങ്ങൾക്കുള്ളിൽ മനുഷ്യരെ പരസ്പരം കൊളുത്തിപ്പിടിപ്പിക്കുന്ന കണ്ണികൾക്ക് ബലം കുറവാണ്. അത് പൊടുന്നനെയുള്ള ഉന്മാദങ്ങൾക്കും വൈകാരികതയുടെ വിസ്ഫോടനങ്ങൾക്കും ശേഷം ദുർബ്ബലമാവുകയും ഇല്ലാതാവുകയും ചെയ്യും. വ്യവസ്ഥിതിയും ഭരണകൂടവും കുറച്ചുകൂടി ശക്തമായ നിയന്ത്രണസംവിധാനങ്ങളോടെ നിലയുറപ്പിക്കും.

എന്നാൽ പ്രതിഷേധങ്ങളേയും സമരങ്ങളെയും ഭരണകൂടം ഭയപ്പെടാനും അതുകൊണ്ടുതന്നെ ആക്രമിക്കാനും അടിച്ചമർത്താനും തുടങ്ങുന്നത് അതിനെ സാധ്യമാക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന രാഷ്ട്രീയമുണ്ടാകുമ്പോഴാണ്. അത് ആൾക്കൂട്ടത്തെ സാധ്യമാക്കുന്ന സംഭവപരിസരങ്ങളുടെയോ വൈകാരികോന്മാദങ്ങളുടെയോ സൃഷ്ടിയല്ല. അത് ഭരണകൂടത്തെയും വ്യവസ്ഥിതിയേയും അതിന്റെ അസ്തിത്വത്തിന്റെ നിലകളെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ഉത്പ്പന്നമാകുമ്പോഴാണ് ഭരണകൂടത്തിന് വിറളി പിടിക്കുന്നത്. അത്തരം സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ വലിപ്പച്ചെറുപ്പങ്ങളുടെ കണക്കെടുപ്പുകളൊന്നുമില്ലാതെത്തന്നെ ഭരണകൂടത്തിന്റെയും അതിന്റെ രാഷ്ട്രീയസംഘങ്ങളുടേയും കടന്നാക്രമണത്തിന് വിധേയമാകും. അത്തരം സമരങ്ങൾ ഇന്ന് മാത്രമല്ല നാളെയുടെ രാഷ്ട്രീയകലാപങ്ങളിലേക്ക് നീളുന്ന തുടർച്ചകളാണ് സൃഷ്ടിക്കുകയെന്ന് ഭരണകൂടത്തിന് അറിയുന്നതുകൊണ്ടാണ്, ഈ അടിച്ചമർത്തലും ആക്രമണവും.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെയും ഭരണമുന്നണിയുടെയും അതിലെ മുഖ്യകക്ഷിയായ സി പി എമ്മിന്റെയും കടുത്ത ആക്ഷേപങ്ങൾക്കും പലതരം ആക്രമണങ്ങൾക്കും വിധേയമാകുന്നതിന്റെ കാരണം, ആ സമരം ഇത്തരത്തിലൊരു രാഷ്ട്രീയത്തെക്കൂടി മുന്നോട്ടുവെക്കുന്നു എന്നുള്ളതാണ്.
നവ ഉദാരീകരണ നയങ്ങൾക്കും അതിന്റെ നടത്തിപ്പിനുമെതിരായ ഒരു രാഷ്ട്രീയ ചെറുത്തുനില്പിന്റെയും പ്രതിഷേധത്തിന്റെയും വ്യവഹാരഭാഷ നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലുണ്ടായിരുന്നു. അത് മുഖ്യധാരാ ഇടതുപക്ഷത്തിനടക്കം തങ്ങളുടെ രാഷ്ട്രീയ വാചകമടിയുടെ ഭാഗമായി കൊണ്ടുനടക്കേണ്ടിയും വന്നിരുന്നു.
ആശ വർക്കർമാരുടെ സമരം ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ സൃഷ്ടിക്കുന്നത് വലിയ രാഷ്ട്രീയ അപഭ്രംശമാണ്. അത് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന വ്യാജമായ സംതൃപ്തിയുടെ, പൊള്ളത്തരങ്ങളുടെ മേനിക്കടലാസുകളിൽ അലങ്കരിച്ചിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ അവസ്ഥയെ പൊളിച്ചുകാട്ടുന്നു. കേരളീയ സമൂഹത്തിൽ നാൾക്കുനാൾ രൂക്ഷമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയേയും സമ്പത്തിന്റെ വിതരണത്തിലെ അതിരൂക്ഷമായ അന്തരങ്ങളേയും ഈ സമരം പുറത്തേക്കെടുത്തിടുന്നു. ഇവിടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സമത്വത്തിന്റെ സ്വർഗം പണിതുകൊണ്ടിരിക്കുകയാണ് എന്ന മട്ടിലുള്ള തട്ടിപ്പുകളെ അത് തുറന്നുകാട്ടുന്നു. അത് കേരളീയ സമൂഹത്തിൽ അനിവാര്യമായിക്കൊണ്ടിരിക്കുന്ന വർഗ വൈരുധ്യങ്ങളുടെ സമരകാലങ്ങളുടെ വലിയ സൂചനകൾ നൽകുന്നു. അതാദ്യം പിടികിട്ടുക ഭരണകൂടത്തിനാണ്. അതുകൊണ്ടുകൂടിയാണ് ആശ വർക്കാർമാരുടെ സമരത്തിനെതിരെ അതിരൂക്ഷമായ രീതിയിലുള്ള രാഷ്ട്രീയാക്രമണം സർക്കാരും മുഖ്യ ഭരണകക്ഷിയായ സി പി എമ്മും നടത്തുന്നത്.
നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി രാഷ്ട്രീയ, സാമ്പത്തിക നയങ്ങളിൽവന്ന വലിയ മാറ്റവും അതിന്റെ ഗതിവിഗതികളൂം ഇന്ത്യയിൽ എല്ലാ മേഖലകളിലും കാണാം. കേരളവും അതിൽനിന്നും വലിയ അളവിലൊന്നും വ്യത്യസ്തമായിരുന്നില്ല. എന്നാൽ നവ ഉദാരീകരണ നയങ്ങൾക്കും അതിന്റെ നടത്തിപ്പിനുമെതിരായ ഒരു രാഷ്ട്രീയ ചെറുത്തുനില്പിന്റെയും പ്രതിഷേധത്തിന്റെയും വ്യവഹാരഭാഷ നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലുണ്ടായിരുന്നു. അത് മുഖ്യധാരാ ഇടതുപക്ഷത്തിനടക്കം തങ്ങളുടെ രാഷ്ട്രീയ വാചകമടിയുടെ ഭാഗമായി കൊണ്ടുനടക്കേണ്ടിയും വന്നിരുന്നു. CITU, AITUC അടക്കമുള്ള ഇടതുപക്ഷ തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ, തൊഴിലാളിവിരുദ്ധമായ ഉദാരീകരണ, സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരായ വിശാല തൊഴിലാളി സമരങ്ങളുടെ നേതൃനിരയിൽ നിന്നു. ഇത്തരത്തിലൊരു രാഷ്ട്രീയ സാഹചര്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്നും മുന്നോട്ടുകൊണ്ടുപോകേണ്ടതിനുപകരം അതിനെ പ്രായോഗികതയുടെ മുതലാളിത്തപാഠങ്ങൾ കാണിച്ചുകൊണ്ട് ഏതാണ്ട് ഇല്ലാതാക്കുകയാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷവും എൽ ഡി എഫ് സർക്കാരും ചെയ്യുന്നത്.

കേരളത്തിലെ ആശാ വർക്കർമാരുടെ സമരം ഒരു തൊഴിലാളി സമരമാണ് എന്ന് അംഗീകരിക്കാൻപോലും തയ്യാറല്ലാത്ത ഭരണപക്ഷ ഇടതുപക്ഷത്തിന്റെ നിലപാട് വെറുതെയുണ്ടാകുന്നതല്ല. ദേശീയതലത്തിൽ ആശാ വർക്കർമാരുടെ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന CITU (Centre for Indian Trade Unions) കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിനെ ‘തങ്ങളുടെ സർക്കാരിനെതിരായ’ രാഷ്ട്രീയപ്രേരിത സമരമെന്ന കുറ്റാരോപണവുമായി വരുന്നത് തൊഴിലാളിവർഗ രാഷ്ട്രീയത്തിനെ തരാതരംപോലെ അധികാര രാഷ്ട്രീയത്തിന്റെ അവസരവാദ ആലകളിൽ കൊണ്ടുപോയിക്കെട്ടുന്ന തൊഴിലാളിവിരുദ്ധമായ നിലപാടുള്ളതുകൊണ്ടാണ്. ഒരുപക്ഷെ INTUC (Indian National Trade Union Congress), BMS (Bharatiya Mazdoor Sangh) എന്നീ തൊഴിലാളി സംഘടനകൾ കാലാകാലങ്ങളായി ചെയ്തുവരുന്നത് എന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനകൾ ആരോപിച്ചിരുന്ന അതേ വർഗ്ഗവഞ്ചനയാണ് ഇപ്പോൾ CITU, AITUC തൊഴിലാളി സംഘടനകൾ ആശാ വർക്കർമാരുടെ സമരത്തോട് ചെയ്യുന്നത്. അതായത്, തൊഴിലാളികൾക്കിടയിൽ നിന്ന് തങ്ങളുടെ തൊഴിൽ പരിസരത്തിന്റെയും സാഹചര്യങ്ങളുടെയും അതിൽ നിന്നുണ്ടാകുന്ന രാഷ്ട്രീയബോധത്തിന്റെയും ഭാഗമായി ഉയർന്നുവരുന്ന സമരങ്ങളെ കേവലമായ തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയ ഗുസ്‌തികളുടെ ഭാഗമായി കാണാതെ, വിശാലമായ വർഗ്ഗരാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ഉൾക്കൊള്ളുക എന്ന അടിസ്ഥാനപരമായ തൊഴിലാളി വർഗ നിലപാടും തൊഴിലാളി സംഘടനകളെ സംബന്ധിച്ച ഇടതുപക്ഷ നിലപാടുമാണ് ഈ സംഘടനകൾ കയ്യൊഴിയുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുമ്പുവരെ ഇടതുപക്ഷ തൊഴിലാളി സംഘടനകൾ അടക്കമുള്ള തൊഴിലാളി സംഘടനാ മുന്നണികളിൽ പലപ്പോഴും BMS ഭാഗമായിരുന്നു. അതിനുശേഷം BMS-ന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് അവർ ഈ സംഘടനാ സഖ്യങ്ങൾ അവസാനിപ്പിച്ചത്. അതിനെ തൊഴിലാളി വർഗത്തെ വഞ്ചിക്കുന്ന നിലപാടായാണ് ഇടതുപക്ഷ സംഘടനകൾ കാണുന്നത്. ഇതേ മട്ടിൽ INTUC കോൺഗ്രസ് സർക്കാരുകൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സമയങ്ങളിൽ പലപ്പോഴും ദേശീയ പണിമുടക്കുകൾ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സമരപരിപാടികളിൽ നിന്നും മാറിനിന്നിട്ടുണ്ട്. അത്തരം നടപടികളെയെല്ലാം വിശാലമായ തൊഴിലാളി വർഗ്ഗതാത്പര്യങ്ങളെ ഹനിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നടപടികളായാണ് ഇടതുപക്ഷ സംഘടനകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ, ഓണറേറിയം സംബന്ധിച്ച പ്രശ്നങ്ങളുയർത്തി കേരളത്തിലെ ആശ വർക്കർമാർ സമരം ചെയ്യുമ്പോൾ അതിനെ വിഭാഗീയമായി നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിന് ആശാ വർക്കർമാരുടെ CITU ദേശീയ സംഘടനാ നേതാക്കൾപ്പോലും ഉണ്ടെന്നത് എത്ര പ്രകടമായാണ് അവരവകാശപ്പെടുന്ന വർഗ്ഗരാഷ്ട്രീയം അവർക്ക് കൈമോശം വന്നതെന്ന് കാണിക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ ആശാ വർക്കർമാർ തൊഴിലാളികളായി അംഗീകരിക്കണമെന്നും അവർക്ക് തൊഴിൽ സുരക്ഷയും തൊഴിലവകാശങ്ങളും വേതന വർധനവും ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങളിൽ നിന്നും കേരളത്തിൽ സമരം ചെയ്യുന്ന ആശ വർക്കർമാരടക്കമുള്ള സംഘടനകൾ പിന്നാക്കം പോകുന്നില്ല.
കേരളത്തിലെ ആശാ വർക്കാർമാരുടെ സമരത്തെ തള്ളിപ്പറയുന്നതിന് ഭരണപക്ഷ ഇടതുപക്ഷം എന്ന് മാത്രമല്ല, ഭരണകൂട ഇടതുപക്ഷ കക്ഷികൾ എന്നുകൂടി വിളിക്കാവുന്ന കേരളത്തിലെ ഭരണകക്ഷികളായ ഇടതുപക്ഷ കക്ഷികൾ ഉയർത്തുന്ന വാദങ്ങളിലൊന്ന്, ഇവരെ തൊഴിലാളികളായി അംഗീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ, അതുകൊണ്ട് സമരം കേന്ദ്ര സർക്കാരിനെതിരെയാണ് വേണ്ടതെന്നാണ്. കേന്ദ്ര സർക്കാർ ആശാ വർക്കർമാർ തൊഴിലാളികളായി അംഗീകരിക്കണമെന്നും അവർക്ക് തൊഴിൽ സുരക്ഷയും തൊഴിലവകാശങ്ങളും വേതന വർധനവും ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങളിൽ നിന്നും കേരളത്തിൽ സമരം ചെയ്യുന്ന ആശ വർക്കർമാരടക്കമുള്ള സംഘടനകൾ പിന്നാക്കം പോകുന്നില്ല. എന്നാൽ, കേന്ദ്രത്തിലെ തൊഴിലാളി വിരുദ്ധ എൻ ഡി എ / മോദി സർക്കാർ തൊഴിലാളികളായി അംഗീകരിച്ചാൽ മാത്രമേ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ഒരു തൊഴിലവകാശ പ്രശ്നത്തിൽ അനുഭാവപൂർണമായ രാഷ്ട്രീയ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്ന വിതണ്ഡവാദം രാഷ്ട്രീയവഞ്ചനയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് സംസ്ഥാനത്ത് കുറഞ്ഞ കൂലി 700 രൂപയാക്കും എന്നാണ്. എന്നാലത് ആശാ വർക്കർമാർക്ക് ബാധകമല്ലെന്നും അവർ തൊഴിലാളികളല്ലാത്തതിനാൽ അവരുടെ വേതനം കാലോചിതമായി വർധിപ്പിക്കുക മാത്രമാണ് വാഗ്ദാനമെന്നും പറയുന്നത് തൊഴിലാളി വിരുദ്ധമായ കേന്ദ്ര സക്കാർ വാദങ്ങൾ കേരളത്തിലെ LDF സർക്കാർ പകർത്തുന്നതുകൊണ്ടാണ്.
തൊഴിലാളികളായി ആശ വർക്കർമാരെ അംഗീകരിക്കാതെ, അവരെ പൊതുജനാരോഗ്യസംവിധാനത്തിലെ സ്ഥാപനസംവിധാനത്തിന്റെ ഭാഗമാകേണ്ട തൊഴിലുകളെടുപ്പിക്കുകയും എന്നാൽ അവരുടെ തൊഴിലിനെ ന്യായമായ കൂലി കൊടുക്കാതെ ചൂഷണം ചെയ്യലുമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണപട്ടികയിലുള്ള ആരോഗ്യമേഖലയിൽ കൃത്യമായ പണികളെടുക്കുന്ന തൊഴിലാളികൾക്ക് തങ്ങൾക്ക് ചെയ്യാനാകുന്ന അധികാരമുപയോഗിച്ചുകൊണ്ട് കുറഞ്ഞ കൂലി 700 രൂപയാക്കുമെന്ന തങ്ങളുടെ രാഷ്ട്രീയവാഗ്ദാനം പാലിക്കേണ്ടതിനു പകരം കേന്ദ്ര സർക്കാരിനെ സമരംചെയ്തു തോൽപ്പിച്ചുവന്നാലേ ഇവിടെ ഓണറേറിയം വർധിപ്പിക്കുന്നത് പരിഗണിക്കൂ എന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയമല്ല.
LDF പ്രകടനപത്രികയിൽ മിനിമം കൂലി 700 രൂപയാക്കുമെന്ന വാഗ്ദാനത്തിനു താഴെ ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങിയവരുടെ വേതനം ഉയർത്തുന്ന നയം തുടരുമെന്നും പറയുന്നുണ്ട്. അതായത് എല്ലാവർക്കും മിനിമം കൂലി 700 രൂപയാക്കും, പക്ഷെ ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ (പുറം 123-തൊഴിൽ നയം 891) തുടങ്ങിയവർക്ക് മിനിമം കൂലി ബാധകമല്ല എന്നാണിപ്പോൾ സർക്കാർ പറയാൻ ശ്രമിക്കുന്നത്. അങ്ങനയാകാൻ പാടില്ലല്ലോ. സംസ്ഥാനത്ത് മിനിമം കൂലി 700 രൂപയാക്കും എന്നാണ് വാഗ്ദാനം. അതായത് കേരളത്തിൽ കൂലിക്ക് പണിയെടുക്കുന്ന ഒരാൾക്ക് ഒരു ദിവസം കുറഞ്ഞ കൂലി 700 രൂപ എന്നാകണം. മറ്റ് തരത്തിലുള്ള എല്ലാ വേതനവർദ്ധനവുകളും ഈ 700 രൂപ എന്ന തട്ടിൽ നിന്നായിരിക്കണം. കേരളത്തിലെ ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന, 26000-ത്തോളം വരുന്ന സ്ത്രീതൊഴിലാളികൾക്ക് ഈ മിനിമം കൂലി ഉറപ്പുവരുത്തുക എന്നത് ഒരു രാഷ്ട്രീയ ചുമതലയാണ്. കേരളത്തിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് കുറഞ്ഞ കൂലി 700 രൂപയെന്ന, LDF കൂടി വാഗ്ദാനം ചെയ്ത, പ്രാഥമികമായ ഒരു അവകാശത്തിനുവേണ്ടി കേവലം 300 രൂപ പോലും ദിവസക്കൂലി കിട്ടാത്ത സ്ത്രീകൾ സമരം ചെയ്യുമ്പോൾ ഉത്തർപ്രദേശിൽ ഇതിലും കുറവാണെന്ന് പറയുന്നത് രാഷ്ട്രീയ അശ്ലീലമാണ്. കേരളം ഉത്തർപ്രദേശ് പോലെ അല്ലാതിരിക്കുന്നത് ഇതുപോലുള്ള നിരവധി സമരങ്ങൾ നടത്തിയാണ്.

കോർപ്പറേറ്റുകൾക്ക് എല്ലാത്തരം ഇളവുകളും വാരിക്കോരിക്കൊടുക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കാൻ ആവശ്യപ്പെടുമ്പോൾ ചരിത്രത്തിലെ എല്ലാ ധനികവർഗ ഭരണകൂടങ്ങളുടെയും അതേ ശബ്ദമുണ്ടാകുന്നത് യാദൃച്ഛികമല്ല.
കോവിഡും പ്രളയവും വന്ന് കേരളത്തിലെ പൊതു സാമ്പത്തിക സ്ഥിതി തീർത്തും മോശമാവുകയും സാധാരണ മനുഷ്യരുടെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തപ്പോഴും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവർധന നടപ്പാക്കാൻ ആയിരക്കണക്കിന് കോടി രൂപയുടെ അധികബാധ്യത യാതൊരു സമയതടസവും വരുത്താതെ കഴിഞ്ഞ പിണറായി സർക്കാർ ഏറ്റെടുത്തു. എന്നാൽ തൊഴിൽ സുരക്ഷയില്ലാത്ത ഒരു സംഘം സ്ത്രീകൾ 250 രൂപ ഉറപ്പില്ലാത്ത വേതന ഘടന മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുമ്പോൾ മുഖ്യമന്ത്രി പറയുന്നത്, ഇതിനൊന്നും സമരമല്ല വഴി എന്നാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് സമരം മാത്രമാണ് വഴി എന്നാണ്.
ആശാ വർക്കർമാരുടെ സമരത്തിനെ തങ്ങളുടെ പിടിയിൽനിന്നും വഴുതിപ്പോയ സ്ത്രീകളുടെ അച്ചടക്കലംഘനമായാണ് കേരളത്തിലെ പുരുഷാധികാര രാഷ്ട്രീയഘടന കാണുന്നത്.
ആശാ വർക്കർമാരുടെ സമരം രാജ്യത്തെ തൊഴിൽമേഖലയിലെ അസംഘടിത തൊഴിലാളികളുടെ പ്രശ്നം കൂടിയാണ്. ഇന്ത്യയിൽ തൊഴിലെടുക്കുന്നവരുടെ 85% വും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. തൊഴിലെടുക്കുന്ന സ്ത്രീകളിൽ 81%-വും അസംഘടിത മേഖലയിലാണ്. അതായത് അസംഘടിത മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ തൊഴിലെടുക്കുന്ന സ്ത്രീകളെ വലിയ തോതിൽ ബാധിക്കും. ഒരു പുരുഷാധികാര രാഷ്ട്രീയ-സാമൂഹ്യ ഘടനയിൽ നിരന്തരമായ അടിച്ചമർത്തലിനും അവസരനിഷേധങ്ങൾക്കും ഇരകളാകുന്നവരാണ് സ്ത്രീകൾ. അസംഘടിത തൊഴിൽമേഖലയിൽ ഈ ചൂഷണം ഇരട്ടിയായി അവർ നേരിടേണ്ടിവരികയാണ്. തൊഴിൽ മേഖലകളിലെ ലിംഗവിവേചനം അസംഘടിത തൊഴിൽ മേഖലകളിലാകുമ്പോൾ പല തരത്തിലുള്ള ചൂഷണങ്ങൾ കൂടിയായി രൂപാന്തരപ്പെടുന്നു.
കേരളത്തിലെ തൊഴിൽ മേഖലകളിലും ഇത് പ്രകടമാണ്. ആശാ വർക്കർമാർ വാസ്തവത്തിൽ പൂർണ്ണമായും സ്ത്രീകൾ മാത്രമുള്ളൊരു തൊഴിൽ വിഭാഗമാണ്. അതങ്ങനെ ആയതിന് നമ്മുടെ പുരുഷാധികാര ഘടനയിൽ സ്ത്രീകളുടെ തൊഴിലുകളെക്കുറിച്ചും അവരുടെ സാമൂഹ്യനിലയെയും സേവനരൂപത്തെയും കുറിച്ചൊക്കെയുള്ള അധികാര ധാരണകൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ആശാ വർക്കർമാരുടെ സമരത്തിനെ തങ്ങളുടെ പിടിയിൽനിന്നും വഴുതിപ്പോയ സ്ത്രീകളുടെ അച്ചടക്കലംഘനമായാണ് കേരളത്തിലെ പുരുഷാധികാര രാഷ്ട്രീയഘടന കാണുന്നത്. വ്യവസ്ഥാപിത ഇടതുപക്ഷത്തിനാകട്ടെ തങ്ങളുടെ സംഘടനാ ചട്ടക്കൂടിനോ അതിന്റെ നിയന്ത്രണത്തിനോ പുറത്തുള്ള ഏതൊരു തരത്തിലുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തോടും ജനാധിപത്യ രീതിയിൽ സംവദിക്കാൻ കഴിയാത്തതരത്തിൽ അടഞ്ഞുപോയ സംവിധാനമാണുള്ളത്. അത്തരത്തിലൊരു സംഘത്തിന്, തങ്ങളുടെ വരുതിയിലല്ലാത്ത ഒരു സംഘം സ്ത്രീകൾ സാധാരണഗതിയിൽ മുഖ്യധാരാ ഇടതുപക്ഷം കുറേനാളുകളായി വളരെ ആസൂത്രിതമായി കയ്യൊഴിഞ്ഞുപോരുന്ന തൊഴിലാളികളുടെ അവകാശപ്രശ്നങ്ങളെ ഉയർത്തി സമരം ചെയ്യുമ്പോൾ അതിനെ എതിർക്കുക മാത്രമല്ല ഇനിയിങ്ങനെയൊരു അച്ചടക്കനിഷേധമോ അതിനുള്ള ധൈര്യമോ ഉണ്ടാകില്ല എന്നുറപ്പുവരുത്തുക കൂടി ചെയ്യേണ്ടതുണ്ട്. സി പി എം നേതൃത്വവും അവരുടെ സൈബർ സംഘങ്ങളുമെല്ലാം ആശാ വർക്കർമാരുടെ സമരത്തെ അതിരൂക്ഷമായി, ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമിക്കുന്നത് അതുകൊണ്ടുകൂടിയാണ്.

കേരളത്തിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളിൽ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അനുബന്ധ സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ എത്തിയ ഇപ്പോഴുള്ള നേതൃത്വമെന്നത് യാതൊരു തരത്തിലും ഇടതുപക്ഷ സംഘടനകളിലെ പുരുഷാധികാര ഘടനയെ ചോദ്യം ചെയ്യാത്തവരാണ്. പുരുഷാധികാര ഘടനയ്ക്കുള്ളിൽ രണ്ടാംകിട മനുഷ്യരായി കടുത്ത ചൂഷണത്തിന് വിധേയരായി ജീവിച്ചുപോകുന്ന സ്ത്രീകളുടെ സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയാവകാശ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സംഘടനകളുടെ ദൈനംദിന ആചാരാനുഷ്ഠാനങ്ങളിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല. പരിഹരിക്കുക എന്ന വലിയ ലക്ഷ്യം മാറ്റിവെച്ചാൽപ്പോലും അതിനെ ലഘൂകരിക്കുകയോ സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ സംഘർഷാത്മകമായ വഴികളിലേക്ക് മുന്നേറാൻ സഹായിക്കുകയോ ചെയ്യാനാകാത്തവിധം പുരുഷാധികാരത്തിന്റെ നെടുങ്കോട്ടകളാണ് നമ്മുടെ എല്ലാ മുഖ്യധാര രാഷ്ട്രീയ സംഘടനകളും. അത്തരത്തിലുള്ള രാഷ്ട്രീയ സംഘടന സംവിധാനങ്ങൾ കൂടുതൽ ആഴത്തിലും ദൃഢതയിലുമുള്ള സാമൂഹ്യാധികാര പൊതുബോധവുമായി ചേർന്നുണ്ടാക്കുന്ന മാരകമായ പുരുഷാധികാര വ്യവസ്ഥയുടെ നിശ്ശബ്ദസാക്ഷികളായോ അല്ലെങ്കിൽ അത്തരം വ്യവസ്ഥയുടെ കുങ്കിയാനകളായോ മാറുകയാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാൽനൂറ്റാണ്ട് മുതൽക്കെങ്കിലും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമുള്ള സ്ത്രീ സംഘടനകളുടെ നേതൃത്വം ചെയ്യുന്നത്. സ്ത്രീ വിമോചനരാഷ്ട്രീയം ഏറ്റെടുക്കേണ്ട, രാഷ്ട്രീയ സാമൂഹ്യാധികാര ഘടനകളും അവയുടെ കേന്ദ്രങ്ങളുമായുള്ള നിരന്തര സംഘർഷത്തെ കയ്യൊഴിയുകയും സാമ്പ്രദായിക പുരുഷാധികാര രാഷ്ട്രീയഘടനകൾക്ക് കീഴിൽ വിധേയരായി നിന്നുകൊണ്ട് സ്ത്രീവിമോചന രാഷ്ട്രീയത്തെ അതിന്റെ ആന്തരികമായ സമരോർജ്ജം ചോർത്തിക്കളഞ്ഞ വെറും മൃതപതിപ്പായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടിവർ. ഇത് വാസ്തവത്തിൽ കേരളത്തിലെ മുഖ്യധാരാ ഭരണ ഇടതുപക്ഷം ഇടതുപക്ഷ രാഷ്ട്രീയത്തോട് ചെയ്യുന്നതിന്റെ അതേ മാതൃകയിലാണ് നടപ്പാക്കുന്നത്.
ഇത്തരത്തിൽ ആന്തരികമായ സമരോർജ്ജം ചോർന്നുപോയ സ്ത്രീസംഘടനകൾ കൊണ്ടുനടക്കുന്ന വിധേയ രാഷ്ട്രീയ മാതൃകകൾക്ക് പുറത്തുനിൽക്കുന്ന സ്ത്രീകളാണ് സമരം ചെയ്യുന്ന ആശാ വർക്കർമാർ. ഏതാനും പതിറ്റാണ്ടുകളായി കേരളത്തിലെ ഇടതുപക്ഷ നേതൃത്വം തങ്ങളുടെ സ്ത്രീ സംഘടനകളിൽ നിന്നും ചോർത്തിക്കളഞ്ഞ സമരരാഷ്ട്രീയത്തെ തൊഴിലാളിവർഗ രാഷ്ട്രീയസമരവുമായി ചേർത്തുവെച്ചുകൊണ്ടുള്ള ഒരു സമരം കൂടിയാണ് ആശാ വർക്കർമാരുടെത്. അച്ചടക്കമുള്ള കേൾവിക്കാരായി മാത്രം വന്നിരിക്കുന്ന നൂറുകണക്കിന് സ്ത്രീകളുടെ പിതൃ അധികാരസ്വരൂപമായി വാഴുന്ന പാർട്ടി സംവിധാനവും അതിന്റെ പരമാധികാരിയായ നേതൃബിംബവും എന്നതിനപ്പുറത്ത് സ്ത്രീകളെന്നും തൊഴിലാളികളെന്നുമുള്ള ഇരട്ട രാഷ്ട്രീയവുമായി തെരുവിലിറങ്ങി അവകാശങ്ങൾക്കു വേണ്ടി തീകത്തും പോലെ സമരം ചെയ്യുന്ന സ്ത്രീകൾ കേരളത്തിലെ ഇടതുപക്ഷ പിതൃ അധികാര പാർട്ടി ഘടനയുടെ മുകളിലേൽപ്പിക്കുന്ന ആഘാതം ചെറുതല്ല. അതുകൊണ്ടുകൂടിയാണ് ചെറുതെന്നും ന്യൂനപക്ഷമെന്നും അപഹസിക്കപ്പെടുന്ന സമരത്തെ ഇത്ര ഭീകരമായ പ്രചാരണകോലാഹലത്തോടെ സി പി എമ്മും സർക്കാരും നേരിടുന്നത്. കാരണം അത് തങ്ങളിതുവരെ രൂപപ്പെടുത്തിയെടുത്ത, പിതൃ അധികാര ഘടനയുടെ അനുബന്ധമായി മാത്രം വളർത്തിയെടുത്ത സ്ത്രീകളുടെ രാഷ്ട്രീയസംഘടനാരൂപങ്ങളെ അട്ടിമറിക്കുന്ന ഒന്നായി വളരുമെന്ന് അവർ ശരിയായിത്തന്നെ ഭയപ്പെടുന്നുണ്ട്. അതൊരു ദിവസം ഇരുട്ടി വെളുക്കും മുമ്പ് സംഭവിക്കുമെന്നല്ല, മറിച്ച് കൃത്യമായൊരു ബദൽ മാതൃകയായി അത് ഉരുത്തിരിയുമെന്നാണ്. അതിനൊരു ഏകശിലാ സംഘടനാരൂപമൊന്നും ഉണ്ടാകില്ലെങ്കിലും അതിന്റെ രാഷ്ട്രീയബോധ്യം നാനാവിധ സമരങ്ങളിലേക്ക് പടരുമെന്നതിൽ സംശയമില്ല. ഭരണകൂടത്തിന്റെയും കേരളത്തിലെ പിതൃ അധികാര ഘടനയിൽ അധിഷ്ഠിതമായ മുഖ്യധാരാ ഇടതുപക്ഷത്തിന്റെയും കൂടുതൽ സൂക്ഷ്മവും ഒപ്പം വിശാലവുമായ രൂപത്തിൽ കേരളീയ സമൂഹത്തിന്റെയും അധികാരവലകളുടെ മുറുകലുകളാണ് ആശാ വർക്കർമാരുടെ സമരത്തിനെതിരായ ഒത്തുതീർപ്പില്ലാത്ത എതിർപ്പുകളിൽ നാം കാണുന്നത്.
നാമമാത്രമായ സാന്നിധ്യം മാത്രമാണ് ഇടതുപക്ഷ പാർട്ടികളുടെ നേതൃസമിതികളിൽ സ്ത്രീകൾ. സ്ത്രീകൾക്ക് തെരഞ്ഞെടുപ്പ് രംഗത്തോ പാർട്ടി സംഘടനയിലോ അർഹമായ പ്രാതിനിധ്യം നൽകാൻ മറ്റേതൊരു ബൂർഷ്വാ കക്ഷിയെയും പോലെത്തന്നെ വിമുഖരാണ് ഇടതുപക്ഷ കക്ഷികളും.
ഇരുപതാം നൂറ്റാണ്ടിൽ പുഷ്ക്കലമാവുകയും അതിന്റെ തുടർക്കാലങ്ങളിൽ വിളവെടുക്കുകയും ചെയ്ത കേരളത്തിലെ നാനാവിധ സാമൂഹ്യ മുന്നേറ്റങ്ങൾ കേരളീയ സമൂഹത്തിലെ പുരുഷാധികാര ഘടനയോടുള്ള സമരങ്ങൾ കാലക്രമേണ തീർത്തും കയ്യൊഴിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഈ വഴിയിലായിരുന്നു സഞ്ചരിച്ചത്. ഒരു വിമോചനബോധം എന്ന നിലയിലും രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിലും സ്ത്രീവിമോചന രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ചരിത്രപരവും സാമൂഹ്യവുമായ സാധ്യതകളുണ്ടായിട്ടും പരമ്പരാഗത സാമൂഹ്യാധികാര ബോധത്തിനൊപ്പം ചേർന്നുനിൽക്കുകയും കേവലമായ പരിഷ്ക്കരണവാദത്തിലേക്ക് ഒളിച്ചോടുകയുമാണ് ഇടതുപക്ഷം ചെയ്തത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലെത്തുമ്പോൾ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമരകാലങ്ങളും വ്യവസ്ഥാവിരുദ്ധതയുടെ രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രത്യയശാസ്ത്ര സംവാദങ്ങളുമെല്ലാം രൂപപ്പെടുത്തിയ, ചെറുതെങ്കിലും വലിയ സാന്നിധ്യമുണ്ടായിരുന്ന സ്ത്രീനേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും വ്യത്യസ്തമായി, പാർട്ടിയിലെ പുരുഷാധികാര ഘടനയ്ക്കും അതിന്റെ പരമാധികാര ബിംബത്തിനും വിളക്കും താലവുമേന്തുകയും ആണധികാരത്തിനുമുന്നിൽ തിരുവാതിര കളിക്കുകയും നേതൃത്വത്തിലേക്കും അച്ചടക്കമുള്ള സ്ത്രീകളിലേക്കും ഇടതുപക്ഷം അതിവേഗം നടന്നെത്തി. നാമമാത്രമായ സാന്നിധ്യം മാത്രമാണ് ഇടതുപക്ഷ പാർട്ടികളുടെ നേതൃസമിതികളിൽ സ്ത്രീകൾ. സ്ത്രീകൾക്ക് തെരഞ്ഞെടുപ്പ് രംഗത്തോ പാർട്ടി സംഘടനയിലോ അർഹമായ പ്രാതിനിധ്യം നൽകാൻ മറ്റേതൊരു ബൂർഷ്വാ കക്ഷിയെയും പോലെത്തന്നെ വിമുഖരാണ് ഇടതുപക്ഷകക്ഷികളും. ഇതടക്കമുള്ള സ്ത്രീകളുടെ രാഷ്ട്രീയാധികാര പ്രശ്നങ്ങൾ ആർക്കും അലോസരമില്ലാതെ തങ്ങളുടെ ആണധികാര നേതൃത്വത്തെ സ്പർശിക്കാത്ത വിധത്തിൽ വഴിതിരിച്ചുവിടുന്ന സുരക്ഷാ ചാലുകളായാണ് ഇത്തരം രാഷ്ട്രീയകക്ഷികളുടെയും അവരുടെ അനുബന്ധ സ്ത്രീസംഘടനകളുടെയും സ്ത്രീ നേതൃത്വം പ്രവർത്തിക്കുന്നത്. കേരളത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ ഈയൊരു അപമാനകരമായ ദാസ്യത്തിന്റെ പുറത്തുകടക്കുന്നവരാണ്. അതുകൊണ്ടുകൂടിയാണ് ആശാ വർക്കർമാരുടെ സമരത്തിന് അതിന്റെ പ്രത്യക്ഷ ആവശ്യങ്ങളിൽനിന്നും ഉയർന്നുനിൽക്കുന്ന മറ്റൊരു ചരിത്രപ്രാധാന്യമുള്ള തലം കൂടിയുള്ളത്.

സമരം ചെയ്യുന്ന ആശാ വർക്കർമാരും സമരത്തിനെ എതിർക്കാൻ ഭരണകൂടം മുന്നിൽ നിർത്തിയിരിക്കുന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജെന്ന അധികാരിയായ സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ മേൽപ്പറഞ്ഞ സംഘർഷത്തിന്റെ ചിത്രമാണ്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ സാന്നിധ്യം എന്നത് അതിന്റെ നേതൃനിരയിലേക്ക് അർഹമായ പ്രാതിനിധ്യത്തോടെ എത്തുന്നതിൽ പുരുഷാധികാര ഘടനയുടെ ഒതുക്കലിൽപ്പെട്ടുപോയെങ്കിലും ആ രാഷ്ട്രീയത്തിന്റെയും അതിന്റെ സംഘശരീരത്തിന്റെയും വളർച്ചയിൽ ഒട്ടും ചെറുതായ ഒന്നല്ല. നൂറുകണക്കിനായ സ്ത്രീകൾ പലവിധത്തിലുള്ള എതിർപ്പുകളുടെയും ആക്രമണങ്ങളുടെയും ഇടയിൽക്കൂടിയാണ് ഈ രാഷ്ട്രീയത്തെ നിലനിർത്തിയതും മുന്നോട്ടുകൊണ്ടുപോയതും. ചരിത്രത്തിൽ പേരെഴുതിവെക്കപ്പെടാത്ത അനേകായിരം സ്ത്രീകളുടെ അദ്ധ്വാനം കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം. ഒരു സംഘടന എന്ന നിലയിൽ പുരുഷാധികാര ഘടനയിൽത്തന്നെ നിലനിൽക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തിറമ്പിനിൽക്കുന്ന പോരാട്ടകാലങ്ങളുടെ വിദൂരച്ഛായയിൽപ്പോലും നിൽക്കാൻ കഴിയാത്തവരുമാണെങ്കിൽപ്പോലും പൊതുപ്രവർത്തനത്തിൽ കുടുംബാധികാര ഘടനകളുടെ പലവിധത്തിലുള്ള എതിർപ്പുകളെ തങ്ങളുടെ പരിമിതമായ സാമൂഹ്യ മൂലധനത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ ഇറങ്ങിയ നിരവധി സ്ത്രീകൾ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ സംഘടനാ രൂപങ്ങളിലുണ്ട്. ആ സ്ത്രീകളിൽ വലിയൊരു വിഭാഗം ജാതിഘടനയിലും സാമൂഹ്യാധികാര ഘടനയിലും ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതിനിടയിൽ കേരളത്തിലെ പുത്തൻ ഭരണപക്ഷ ഇടതുപക്ഷം ആദ്യം എം എൽ എയും പിന്നീട് മന്ത്രിയുമായി വാഴിക്കാൻ വീണ ജോർജ്ജെന്ന, ഇടതുപക്ഷ രാഷ്ട്രീയം പോയിട്ട് എന്തെങ്കിലും തരത്തിലുള്ള പൊതുപ്രവർത്തനത്തിന്റെ ബന്ധം പോലുമില്ലാത്ത ഒരു സ്ത്രീയെ തെരഞ്ഞെടുത്തു എന്നത് യാദൃച്ഛികമല്ല. ആകസ്മികമായിപ്പോലും ഒരു ദലിത് സ്ത്രീക്കോ സാമാന്യമായ സാമൂഹ്യ ചലനാത്മകത കിട്ടിയ കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കോ വരെ കയറിച്ചെല്ലാൻ അനുവദിക്കപ്പെടാത്ത ഇടം വീണ ജോർജ്ജെന്ന സമ്പന്ന ഓർത്തഡോക്സ് ക്രിസ്ത്യാനി സ്ത്രീക്ക് ലഭിച്ചത് കേരളത്തിലെ പുത്തൻ ധനിക വർഗത്തിന്റെയും സാമുദായിക ശക്തികളുടെയുമൊക്കെ സുരക്ഷിത ലാവണമാണ് തങ്ങളുടെ പുതിയ പതിപ്പെന്ന് കാണിക്കാനുള്ള ഭരണ ഇടതുപക്ഷത്തിന്റെ ഉത്സാഹത്തിന്റെ ഭാഗം കൂടിയായാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തെ കുഴിച്ചിടുന്ന ഭരണപക്ഷ ഇടതുപക്ഷത്തിനപ്പുറത്ത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയഭാവനയെ വീണ്ടെടുക്കുന്ന സമരങ്ങൾക്ക് തീപിടിപ്പിക്കാൻ കല്ലുരയ്ക്കുന്ന സമരങ്ങളിലൊന്നായി ആശാ വർക്കർമാരുടെ സമരം മാറുന്നുണ്ട്.
ആശാ വർക്കർമാരുടെ സമരം ഈ സമ്പന്ന വർഗത്തിന്റെ ഇടതുപക്ഷ മാമോദീസയുടെ അശ്ലീലപ്രക്രിയയെക്കൂടിയാണ് തെരുവിൽനിർത്തി ചോദ്യം ചെയ്യുന്നത്. ഒരു തൊഴിലാളി സംഘടനയും തൊഴിലെടുക്കുന്ന മനുഷ്യരും, അതിൽത്തന്നെ പൂർണ്ണമായും സ്ത്രീകൾ മാത്രം തൊഴിൽരംഗത്തുള്ള ഒരു തൊഴിലിടത്തുനിന്നുള്ള സ്ത്രീകളും തങ്ങളുടെ വേതനവർദ്ധനവിനായി സമരം ചെയ്യുമ്പോൾ അവരുമായുള്ള ചർച്ചയെ കേവലമായ ഭരണാധികാര ഔദാര്യമായി മാത്രം കാണാൻ സർക്കാരിനെയും അതിന്റെ പ്രതിനിധിയായ ആരോഗ്യമന്ത്രിയേയും പ്രേരിപ്പിക്കുന്നത് ഈ വൈരുധ്യമാണ്. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയുടെ ഒടുവിൽ “നിങ്ങൾക്കെന്താണ് ഞങ്ങൾക്ക് തരാൻ കഴിയുക” എന്ന ചർച്ചാസംഘത്തിലെ ആശാ വർക്കർ കൂടിയായ തൊഴിലാളി സ്ത്രീയുടെ ചോദ്യത്തോട് “ഇതെന്താ ലേലം വിളിയാണോ” എന്ന പരമപുച്ഛത്തോടുകൂടിയുള്ള അധിക്ഷേപം മറുപടി നൽകാൻ വീണ ജോർജ്ജിനെ പ്രേരിപ്പിക്കുന്ന വർഗവൈരുധ്യങ്ങളാണ് ആശാ വർക്കർമാരുടെ സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും. ഒരു തൊഴിലാളി സമരത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്ന് അത് തൊഴിലുടമയുമായുള്ള വിലപേശലാണ് എന്നതുകൂടിയാണ്. അതിനെ ലേലം വിളിയായി പുച്ഛിക്കാൻ ആരോഗ്യമന്ത്രിക്ക് കഴിയുന്നത് വാസ്തവത്തിൽ കേരളത്തിലെ സമ്പന്ന, സവർണ്ണ വിഭാഗങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ നേടിയ നിയാമകമായ മേൽക്കൈകൊണ്ടുകൂടിയാണ്.
ദലിതരും പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ളവരും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പലവിധ സംഘടനാരൂപങ്ങളിലൂടെ പ്രവർത്തിക്കുന്നവരും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ളവരും പുരോഗമനപരമായ തങ്ങളുടെ സാമൂഹ്യപ്രവർത്തനമേഖലകളിൽ ഇടപെടുന്നവരായ സ്ത്രീകളെ നോക്കിയാലും അത്തരത്തിലുള്ള ഒരുതരത്തിലുള്ള മാനദണ്ഡത്തിലും പാകമല്ലാത്ത ഒരാളായ വീണ ജോർജ്ജ് ആരോഗ്യമന്ത്രിയാകുമ്പോൾത്തന്നെ ഭരണ ഇടതുപക്ഷം അതിന്റെ മുൻഗണനകൾ വെളിവാക്കിക്കഴിഞ്ഞു. നേതാക്കളുടെ കൊട്ടാര സദസ്സുകളിൽ തെരഞ്ഞെടുക്കുന്ന, കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തെത്തന്നെ കൊഞ്ഞനം കുത്തുന്ന ഇത്തരം സമ്പന്ന മിടുക്കികൾക്കൊപ്പം സെൽഫിയെടുക്കാൻ വിധിക്കപ്പെട്ട സ്ത്രീകളെയാണ് ഭരണ ഇടതുപക്ഷത്തിനാവശ്യം. മിനുക്കുവേഷങ്ങൾക്കും അച്ചടക്കക്കൊച്ചമ്മമാർക്കും കിട്ടുന്ന ലാളനകളൊന്നും ആവശ്യമില്ലാത്ത, സമരം ചെയ്യുന്ന, ചോദ്യം ചെയ്യുന്ന, പോരാളികളായ സ്ത്രീകളോട് ലേലം വിളിയാണോ നടത്തുന്നതെന്ന് ചോദിക്കുന്ന വീണ ജോർജ്ജുമാരുടെ സാമൂഹ്യാധികാര ഔദ്ധത്യത്തിനെതിരെക്കൂടിയുള്ള സമരമാണിത്. കേരളത്തിന്റെ നവോത്ഥാന സമരങ്ങളുടേയും ജാതി, ജന്മിത്വ വിരുദ്ധ രാഷ്ട്രീയ സമരങ്ങളുടെയും ഒരു തുടർച്ച ആശാ വർക്കർമാരുടെ സമരത്തിൽ കാണാൻ കഴിയുന്നത് അങ്ങനെയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തെ കുഴിച്ചിടുന്ന ഭരണപക്ഷ ഇടതുപക്ഷത്തിനപ്പുറത്ത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയഭാവനയെ വീണ്ടെടുക്കുന്ന സമരങ്ങൾക്ക് തീപിടിപ്പിക്കാൻ കല്ലുരയ്ക്കുന്ന സമരങ്ങളിലൊന്നായി ആശാ വർക്കർമാരുടെ സമരം മാറുന്നുണ്ട്.

സമരം ചെയ്യുന്ന സ്ത്രീകളിൽ നിന്നും കുടുംബശ്രീകളായ സ്ത്രീകളെയാണ് വ്യവസ്ഥാനുകൂലികളായ ഭരണ ഇടതുപക്ഷം ആവശ്യപ്പെടുന്നത്. സമൂഹത്തെ ജനാധിപത്യവത്ക്കരിക്കുകയും സമ്പത്തിന്റെയും വിഭവങ്ങളുടെയും വിതരണത്തിലും ഉടമസ്ഥതതയിലും പൊതുസമൂഹത്തിന്റെ കൂട്ടായ അവകാശവും അധികാരവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിന് സ്ത്രീകളുടെ വിമോചന രാഷ്ട്രീയത്തെ സവിശേഷമായിത്തന്നെ ഉയർത്തിപ്പിടിക്കേണ്ടിവരും. സ്വകാര്യസ്വത്തിന്റെ ഏറ്റവും ഭീകരമായ അധികാരചൂഷണത്തിന് വിധേയരാകുന്ന വിഭാഗമാണ് സ്ത്രീകൾ എന്നതുകൂടിയാണ് അതിനു കാരണം. എന്നാൽ സമ്പത്തിന്റെ ജനാധിപത്യ വിതരണത്തിലും വിഭവങ്ങളുടെ പൊതുഉടമസ്ഥതയിലും ഊന്നിയ രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞ വ്യവസ്ഥാനുകൂലികളായ ഇടതുപക്ഷത്തിന് സ്ത്രീ വിമോചന രാഷ്ട്രീയത്തെ ദൈനംദിന രാഷ്ട്രീയ സമരങ്ങളിലേക്ക് ഉൾച്ചേർക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലുമാകാത്ത സ്ഥിതിയാണ്.
നിലനിൽക്കുന്ന പുരുഷാധികാര ഘടനയിൽ കുടുംബസംവിധാനത്തിനകത്തെ അധികാരഘടനയെ ഒട്ടും അലോസരപ്പെടുത്താത്ത വിധത്തിലാണ് ‘കുടുംബശ്രീ’ അടക്കമുള്ള ‘സ്ത്രീ ശാക്തീകരണ’ സംവിധാനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന്റെ നവകേരള ‘രഥയാത്ര’ പോലുള്ള ദുരധികാര ധൂർത്തുകൾക്ക് കാണികളായും മന്ത്രിമാർക്ക് കൈകൊടുക്കാനും സെല്ഫിയെടുക്കാനും വേണ്ടി വേലിക്കെട്ടിനുപുറത്തു കാത്തുനിർത്തിയ ആൾക്കൂട്ടമാകാനും പാകത്തിലാണ് ഈ ശാക്തീകരണപദ്ധതികൾ. ഇത്തരത്തിൽ അടക്കത്തിലും ഒതുക്കത്തിലും ജീവിക്കുകയും വായ്പായൊക്കെയെടുത്ത് കുടുംബം നോക്കുകയും ചെയ്യുന്ന സ്ത്രീകളിൽ നിന്നും സമരം ചെയ്യുന്ന, മിനുക്കുവർത്തമാനങ്ങളറിയാത്ത, പൊരുതുന്ന ഭാഷ സംസാരിക്കുന്ന സ്ത്രീകളെ ഒരുതരത്തിലും സഹിക്കാൻ കഴിയുന്നില്ല ഭരണ ഇടതുപക്ഷത്തിനെന്നത് നമ്മൾ ആശ വർക്കർമാരുടെ സമരത്തിൽ കാണുന്നുണ്ട്. ‘നിങ്ങൾക്ക് ഞങ്ങൾക്കെന്ത് തരാൻ കഴിയുമെന്ന്’ ഒരു തൊഴിലാളി സ്ത്രീയുടെ സമരഭാഷയിൽ ചോദിക്കുന്ന ആശ വർക്കർ റോസമ്മയിൽ നിന്നും ‘ഇതെന്താ ലേലം വിളിയാണോ’ എന്നവരെ അധിക്ഷേപിക്കുന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിലേക്കുള്ള അകലം ക്രിസ്തുവിൽ നിന്നും വെള്ളിക്കിണ്ണങ്ങളിൽ അത്താഴമുണ്ണുന്ന ക്രിസ്ത്യൻ സഭാ കൊട്ടാരങ്ങളിലേക്കുള്ള ദൂരമാണ്. ഒരാൾ നസ്രേത്തുകാരനായ മരപ്പണിക്കാരൻ വിപ്ലവകാരിയുടെ ഭാഷ സംസാരിക്കുമ്പോൾ മറ്റേയാൾ സ്വർണ്ണക്കുരിശ് പണിത രാജാക്കന്മാരുടെ ഭാഷ സംസാരിക്കുന്നു.
സർക്കാരിനോട് വേതനവർദ്ധനവ് ആവശ്യപ്പെടുന്ന ഒരു സമരം മാത്രമായല്ല ആശ സമരത്തെ കാണേണ്ടത്, മറിച്ച് കേരളീയ സമൂഹത്തിൽ നാൾക്കുനാൾ രൂക്ഷമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധികൾക്കൂടിയായാണ്.
ആശാ വർക്കർമാരായി പണിയെടുക്കുന്നതിൽ ബഹുഭൂരിഭാഗവും ജാതിഘടനയിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരും ഏതാണ്ടെല്ലാവരുംതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ്. കേരളത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയുടെ പ്രതിഫലനം കൂടിയാണ് ഇവർ. ഏതാണ്ട് പതിനായിരം രൂപയുടെ അപ്പുറത്തും ഇപ്പുറത്തുമായുള്ള പ്രതിമാസ വേതനത്തിന് പണിയെടുക്കുന്നവരാണ് കേരളത്തിലെ വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികൾ. ഇതിൽത്തന്നെ ഗണ്യമായ വിഭാഗം സ്ത്രീകളാണ്. ഈ സ്ത്രീകളിൽത്തന്നെ ഭൂരിഭാഗം പേരും പിന്നാക്ക, ദലിത് വിഭാഗങ്ങളിൽപ്പെട്ടവരാണ്. ഈ സ്ത്രീകളാണ് സമരം ചെയ്യുന്നത് എന്നത് കേവലമായി സർക്കാരിനോട് വേതനവർദ്ധനവ് ആവശ്യപ്പെടുന്ന ഒരു സമരം മാത്രമായല്ല കാണേണ്ടത്, മറിച്ച് കേരളീയ സമൂഹത്തിൽ നാൾക്കുനാൾ രൂക്ഷമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധികൾക്കൂടിയായാണ്.
കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക സമത്വത്തെക്കുറിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയൊക്കെ താരതമ്യം ചെയ്ത് കേരള മാതൃകയെക്കുറിച്ച് പറയാമെങ്കിലും കേരളീയ സമൂഹത്തിനകത്ത് സാമ്പത്തിക അസമത്വം അതിരൂക്ഷമാവുകയാണ് എന്നതാണ് വസ്തുത. ആശാ വർക്കർമാരെപ്പോലെ, അല്ലെങ്കിൽ അവരെക്കാളും മോശമായ അവസ്ഥയിൽ തങ്ങളുടെ അദ്ധ്വാനം വിൽക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ സേവനങ്ങളുടെ പുറത്താണ് കേരളത്തിലെ ഉയർന്ന മധ്യവർഗം മുതൽ ധനികർ വരെയുള്ളവർ അടങ്ങുന്ന പുത്തൻ വർഗം തങ്ങളുടെ ‘കേരളീയ ജീവിതമാതൃക’ ആഘോഷിക്കുന്നത്. പൊതുവിഭവങ്ങൾ ധനികർക്കായി എഴുതിക്കൊടുക്കുന്ന ഭരണകൂട നിലപാട് അദാനിക്ക് കടലും കടൽത്തീരവും നൽകുന്നത് മാത്രമായി നിൽക്കുന്നില്ല. അത് മെച്ചപ്പെട്ട എന്തും ധനികർക്കും ഉയർന്ന മധ്യവർഗത്തിനും മാത്രം ലഭ്യമാക്കുന്ന പരിപാടിയായി മാറുന്നു. ഇപ്പോൾ കേരള നിയമസഭ അംഗീകരിച്ച സ്വകാര്യ സർവ്വകലാശാല നിയമം ഇതിന്റെ ഭാഗമാണ്. ഇപ്പോൾ സമരം ചെയ്യുന്ന ആശ വർക്കർമാരോ അവരെപ്പോലെ വരുമാനമുള്ള ലക്ഷക്കണക്കിന് മനുഷ്യർക്കോ പ്രാപ്യമായ ഒന്നും ആ നിയമം വഴി വിദ്യാഭ്യാസ രംഗത്തുണ്ടാകുന്നില്ല. അതുപയോഗിക്കാൻ കഴിയുന്നത് ഉയർന്ന മധ്യവർഗത്തിനും ധനികർക്കും മാത്രമാണ്. എന്നാൽ ഭരണ ഇടതുപക്ഷം അതിനെ വിശേഷിപ്പിക്കുന്നത് കാലോചിതമായ മാറ്റമെന്നാണ്. കാലം ആർക്കുവേണ്ടിയാണ് മാറുന്നതെന്നും നിങ്ങളതിനെ ആർക്കുവേണ്ടിയാണ് മാറ്റുന്നതെന്നുമുള്ള ചോദ്യം ഉയരേണ്ടതുണ്ട്. ആ ചോദ്യം മറ്റൊരുതരത്തിൽ ഉയർത്തുന്നുണ്ട് ആശാ വർക്കർമാരുടെ സമരം. പ്രത്യക്ഷത്തിൽ അതിന്റെ ആവശ്യം വേതനവർദ്ധനവ് മാത്രമാകാം. എന്നാലത് പ്രതിധ്വനിപ്പിക്കുന്ന രാഷ്ട്രീയമെന്നത് തങ്ങളെപ്പോലുള്ളവർക്ക് ജീവിക്കാൻ കഴിയാത്തൊരു സമൂഹമായി കേരളം മാറുകയാണ് എന്നതിലെ രാഷ്ട്രീയ പ്രതിഷേധമാണ്.

ആശാ വർക്കർമാരെപ്പോലെയുള്ള മനുഷ്യരെ പരിഗണിക്കാനാകാത്ത വികസനരീതിയാണ് നവ ഉദാരീകരണ രാഷ്ട്രീയത്തെ മിനുക്കിയും മറച്ചുപിടിച്ചും ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കുന്ന കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റേത്. ആരാണ് കേരളത്തിലെ ഇത്തരം തൊഴിലെടുക്കുന്ന മനുഷ്യർ? അവർ പുതുതായി സൃഷ്ടിക്കപ്പെടുന്ന, നൈപുണ്യമുള്ള, വിദഗ്ധ തൊഴിലാളികളെ ആവശ്യപ്പെടുന്ന തൊഴിൽ മേഖലകളിൽ കയറിപ്പറ്റാൻ സാധ്യതകളില്ലാത്ത സാമൂഹ്യവിവേചനത്തിന്റെ ചരിത്രപരമായ അടിച്ചമർത്തൽ നേരിടുന്നവരാണ്. ദലിതരും ആദിവാസികളും ഒരു വിഭാഗം പിന്നാക്ക വിഭാഗക്കാരും സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്നവരുമായ ജനങ്ങളാണ്. അത്തരം മനുഷ്യരെ ഒരുതരത്തിലും ഉൾക്കൊള്ളാത്ത, അവർക്കുകൂടി അവകാശപ്പെട്ട പൊതുവിഭവങ്ങൾ ധനികർക്കും, പുതുതായി രൂപപ്പെട്ട, അധികാരവും സമ്പത്തും പങ്കിടുന്നൊരു പുത്തൻവർഗത്തിനും മാത്രം ഉപയോഗിക്കാൻ കഴിയുന്നൊരു വികസന മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാരും നടപ്പാക്കുന്നത്.
ആശാ വർക്കർമാരുടെ സമരം കേരളത്തിലെ അതിരൂക്ഷമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്.
അങ്ങനെ പുറന്തള്ളപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങളെ തങ്ങളുടെ ഭൃത്യവേലകൾക്ക് നിയോഗിച്ച് പുതിയൊരു പ്രഭുവർഗം ആറാടുകയാണ് കേരളത്തിൽ എന്നതാണ് വസ്തുത. ആരാണ് യൂസഫലിയുടെ ഷോപ്പിംഗ് മാളുകളിൽ പണം ചെലവാക്കുന്ന സന്ദർശകർ, ആരാണ് ആയിരക്കണക്കിന് രൂപ ചെലവാക്കി നമ്മളിക്കാണുന്ന വൻകിട തുണിക്കടകൾ മുതൽ ഭക്ഷണശാലകൾ വരെ നിലനിർത്തുന്നവർ? അവർക്കുവേണ്ടിയുള്ള കേരളമാണ് ഉണ്ടാകുന്നത്. അവർക്കുവേണ്ടിയാണ് കേരളത്തിന്റെ വികസന സങ്കൽപ്പം ഉണ്ടാക്കുന്നത്. കൊട്ടിഘോഷിച്ച കെ-റെയിൽ / സിൽവർ ലൈൻ പദ്ധതിയിൽപ്പറയുന്ന തീവണ്ടിയിൽ പണിക്ക് പോയിവരുന്നൊരാളെ സങ്കൽപ്പിക്കൂ. ആ പാതയിലെ രണ്ടു സ്റ്റോപ്പുകൾക്കിടയിൽ പോയി വരാൻ ഇന്നത്തെക്കണക്കിൽത്തന്നെ പ്രതിദിനം 500 രൂപയെങ്കിലും വേണം. അതായത് ഒരു മാസം ഏതാണ്ട് 13,000 രൂപ യാത്രയിനത്തിൽ ചെലവാക്കേണ്ടിവരും. ആ വണ്ടിയിൽ കയറി അപ്പം വിൽക്കാനും തൊഴിലെടുക്കാനും പൊയ്ക്കോളാനാണ് സർക്കാർ സാധാരണ മനുഷ്യരോട് പറഞ്ഞത്. ആ സർക്കാർ തന്നെയാണ് 7000 രൂപ മുതൽ 13000 രൂപ വരെയുള്ള വമ്പൻ വേതനത്തെക്കുറിച്ച് വാചാലരാകുന്നതും!
ആശാ വർക്കർമാരുടെ സമരം കേരളത്തിലെ അതിരൂക്ഷമാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. വരാൻപോകുന്ന നാളുകളിൽ അനിവാര്യമായും ഉണ്ടാകാൻ പോകുന്ന സാമൂഹ്യ അസംതൃപ്തികളുടെയും സാമ്പത്തിക വൈരുധ്യങ്ങളുടെയും അതുണ്ടാക്കാൻ സാധ്യതയുള്ള രാഷ്ട്രീയ സമരങ്ങളുടേയും സൂചന കൂടിയാണ് ആശാ വർക്കർമാരുടെ സമരം. അത് തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരും സി പി എം നേതൃത്വത്തിലുള്ള ഭരണകക്ഷികളും സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകൾക്കെതിരെ കടുത്ത ആക്രമണവുമായി ഇറങ്ങുന്നത്.
നിങ്ങൾക്കിഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഉണങ്ങിക്കരിയുന്ന മനുഷ്യർക്ക് തീപിടിക്കും. അതൊരു ആൾക്കൂട്ടമായി മാറണോ അതൊരു സമരമായി മാറണോ എന്ന് തീരുമാനിക്കുന്നത് അതിൽ വർഗ്ഗരാഷ്ട്രീയം പ്രയോഗിക്കുന്നതിൽ സാധ്യതകളിലാണ്. ആശാ വർക്കർമാരുടെ സമരം ആ വർഗ്ഗരാഷ്ട്രീയ ബോധത്തിന്റെ സാധ്യതയുടെ തീ കത്തിക്കുന്നുണ്ട്. ഭരണകൂടത്തിനത് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ ആർക്കും ഒന്നും എളുപ്പമല്ല. എളുപ്പവഴിയിൽ തീർക്കാവുന്ന ഗണിതക്രിയയല്ല വർഗസമരം. അതങ്ങോട്ടായാലും ഇങ്ങോട്ടായാലും. അത് തിരിച്ചറിയുന്ന ഭരണകൂടം കൂടുതൽ ഹിംസാത്മകമാകും, അത് തിരിച്ചറിയുന്ന തൊഴിലാളിയും ചൂഷിതരായ ജനങ്ങളും സമരരാഷ്ട്രീയത്തിന്റെ മൂശയിൽ കൂടുതൽ ഉരുകിത്തെളിഞ്ഞുകൊണ്ടിരിക്കും.