തോപ്പുംപടി പഴയ പാലത്തിൽ നിന്ന് ഹാർബറിലേക്ക് നോക്കുമ്പോൾ നിരനിരയായി ഫിഷിങ് ബോട്ടുകൾ കിടക്കുന്നതുകാണാം. അവ ഓളങ്ങളിൽ തട്ടി പൊങ്ങിയും താഴ്ന്നും അങ്ങനെ കിടക്കും.
ഫോർട്ടുകൊച്ചി മുതൽ തോപ്പുംപടി ഹാർബർ വരെ കൊച്ചി കായലിനോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽനിന്ന് കായലിലേക്കു നോക്കുമ്പോൾ ഇതേ ബോട്ടുകളുടെ പ്രവാഹം തിരിച്ചറിയാം. ഹാർബറിൽ പോയി പരിചയമുള്ള ഏതൊരാളും അത് കാണുമ്പോൾ ഒന്ന് നോക്കിനിന്നുപോവും. കാരണം, ആ വരവിനും പോക്കിനും ഒരുപാട് പ്രതീക്ഷകളുണ്ട്.
പടിഞ്ഞാറുനിന്ന് വരുന്ന ചില ഫിഷിങ് ബോട്ടുകൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ അവയുടെ തട്ട് താഴ്ന്ന് കടലിലേക്കിറങ്ങിക്കിടക്കുന്നത് കാണാം. തട്ടിന്റെ താഴ്ച്ച കണ്ട് അതിലെ മീനിന്റെ കണക്കെടുക്കുന്ന മറ്റുള്ളവരെ കരയിലും കാണാം. അവരിൽ ചിലർ ഹാർബർ തൊഴിലാളികളാണ്, ചിലരാകട്ടെ തരകൻമാരും. തരകന്മാർക്ക് കടലുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബോട്ടിന്റെ ഓഹരിയിൽ അവർക്ക് പങ്കുണ്ട്. ഹാർബറിലേക്ക് ബോട്ട് അടുത്തുകഴിഞ്ഞാൽ പിന്നീടങ്ങോട്ട് തരകന്മാരുടെ നിയന്ത്രണത്തിലാകും കച്ചവടം. ആ കച്ചവടത്തിൽ കടലിൽ പിന്നിട്ട പകലിന്റെയും രാത്രിയുടെയും വില താഴ്ന്നുപോകാം. അതങ്ങനെ താഴ്ന്നും പൊങ്ങിയും കടലിന്റെ ഓളം പോലെ അവരെ പരാജയപ്പെടുത്തും.
ഉച്ചയോടടുക്കുംതോറും ഹാർബർ ശാന്തത കൈവരിക്കും. ശേഷം, ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ വിശ്രമിക്കും. മറ്റു ചിലർ സംഘർഷങ്ങളിൽനിന്ന് കര കയറിയ ശേഷമുള്ള ആഘോഷത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. അവരിൽ ചിലർ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ പ്രദേശത്തേക്കാണ് പോകുക. കുളച്ചലിൽനിന്നും അതിന്റെ പ്രാന്തപ്രദേശത്തുനിന്നും വരുന്നതു കൊണ്ടാകണം കൊച്ചിയിൽ അവർ കുളച്ചലുകാർ എന്നാണ് അറിയപ്പെടുന്നത്.
വിശ്രമം ഒഴിവാക്കി ചില ബോട്ടുകൾ മൂന്നോ നാലോ ദിവസത്തിനുശേഷം വീണ്ടും യാത്ര പുറപ്പെടുന്നു. അവിടന്നങ്ങോട്ട് ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങളെല്ലാം നിറച്ച് കടലിലെ സമ്പത്ത് തേടി അലയുന്നു. ലക്ഷദ്വീപ് കടലും കടന്ന് ഇറാൻ അതിർത്തി വരെ പോകുന്ന ബോട്ടുകൾ അമ്പത് ദിവസത്തോളമാണ് കടലിൽ മുന്നേറുക. മത്സ്യലഭ്യതയിലുള്ള കുറവും വിവിധ തരം മീനുകളെ തേടിയുമാണ് പരമ്പരാഗതമായ മത്സ്യരീതിയിൽ നിന്നു മാറി ആഴക്കടലിലേക്ക് പോകാൻ ഇവരെ പ്രേരിപ്പിക്കുന്നത്. മീനുകളെ തേടിയുള്ള ഇവരുടെ യാത്രയിൽ പ്രതിഫലിക്കുന്നത് കാട്ടിൽ വേട്ടയാടുന്നതിനു സമാനമായ രീതിയാണ്. മാനിനും കാട്ടുപോത്തിനും മറ്റു ജീവജാലങ്ങൾക്കു പകരം തിരണ്ടിയും സ്രാവും മീനുകളും ആണെന്ന വ്യത്യാസം മാത്രം.
സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജി.പി.എസ് നാവിഗേഷനിലൂടെയാണ് ഇപ്പോൾ മത്സ്യബന്ധനമെങ്കിലും, കാറ്റിനെ വേർതിരിച്ച് മനസിലാക്കാനും കടലിന്റെ നിറവ്യത്യാസവും തിരയനക്കവും മറ്റും നിരീക്ഷിച്ച് മത്സ്യങ്ങളെ കണ്ടെത്താനും പരമ്പരാഗത അറിവുകൾ സഹായിക്കുന്നു. മത്സ്യലഭ്യതക്കനുസരിച്ച് കടലിൽ ചെലവിടുന്ന ദിവസങ്ങൾ കൂടിയും കുറഞ്ഞും വരാം. ബോട്ടുകൾ കൂടുന്നത് മത്സ്യലഭ്യത കുറയാനുള്ള മറ്റൊരു കാരണം കൂടിയാണ്. കരയിൽ നിന്ന് ആഴക്കടലിലേക്കു പോകുന്തോറും ആശയവിനിമയത്തിനുള്ള ഏക മാർഗ്ഗം നിശ്ചിത റേഡിയസിനുളിൽ പ്രവർത്തിക്കുന്ന വയർലെസ് ഫോൺ ആണ്. അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ചിലപ്പോൾ ലഭിച്ചില്ലെന്നും വരാം.
കര എന്ന് വിശേഷിപ്പിക്കാവുന്ന ബോട്ടിലെ പരിമിതമായ സ്ഥലത്താണ് അവർ ജീവിതത്തിന്റെ ഭൂരിഭാഗം നാളുകൾ കഴിക്കുക. കാറ്റിലും കോളിലും ആടിയുലയുമ്പോൾ, അതിനെയൊക്കെ തരണം ചെയ്ത് ഈ മനുഷ്യർ പണിയെടുക്കുന്നത് ഫെർഡിനൻഡ് മഗല്ലൻ നടത്തിയ കടൽ യാത്രകളിലെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും. മഴയത്ത് ആടിയുലയുന്ന ബോട്ടിൽ തർപ്പായയിലായിരിക്കും ചിലപ്പോൾ ഉറക്കം, മറ്റു ചിലപ്പോൾ വെയിലിന്റെ തുറസ്സിൽ.
രാത്രി ഉറക്കം നഷ്ടപ്പെടുത്തിയും ദീർഘനേരം അധ്വാനിച്ചും ബോട്ട് നിറയെ മീനുമായി തിരിച്ചുവരുന്ന ഈ മനുഷ്യരുടെ ജീവിതം സാഹസികതയോളം സങ്കീർണവും അനിശ്ചിത്വതവും നിറഞ്ഞതാണ്. പരമ്പരാഗത മത്സ്യതൊഴിലാളി സമൂഹങ്ങളിൽ നിന്നുവരുന്ന ഇവരുടെ കടലറിവും ജീവിതവും, ഇവരെ അക്ഷരാർത്ഥത്തിൽ കടൽ മനുഷ്യരാക്കി മാറ്റുന്നു. അതിന്റെ ഉദാഹരങ്ങളാണ് 2017-ൽ ഓഖി ചുഴലിക്കാറ്റിൽനിന്നും മറ്റ് ബോട്ടപകടങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലരുടെയെങ്കിലും കഥകൾ രേഖപ്പെടുത്തിയത്.