MGNREGA പുനസ്ഥാപിക്കണം, VB G RAM G അംഗീകരിക്കില്ല; രാഷ്ട്രപതിക്ക് കത്തുമായി തൊഴിലാളികൾ

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്നും VB G RAM G അംഗീകരിക്കില്ലെന്നും വ്യക്തമാക്കി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് തൊഴിലുറപ്പ് തൊഴിലാളികൾ.

News Desk

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGA) പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രമേയം. ഡിസംബർ 26-ന് ഗ്രാമസഭകളിൽ ഈ പ്രമേയം അവതരിപ്പിക്കും. രാജ്യത്തുടനീളമുള്ള എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളോടും കർഷകരോടും കാർഷിക തൊഴിലാളി യൂണിയനുകളുടെയും എൻ‌ആർ‌ഇ‌ജി‌എ തൊഴിലാളി യൂണിയനുകളുടെയും അവരുടെ പ്ലാറ്റ്‌ഫോമുകളുടെയും സംഘടനകളുമായി ഏകോപിപ്പിച്ച് ഒരു കരട് പ്രമേയം സമർപ്പിക്കാൻ എസ്‌കെ‌എം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡിസംബർ 26-ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങും പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി വിവേക് ​ഭരദ്വാജും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. മുൻകാല ഭരണകൂടങ്ങളുടെ കാലത്ത് സ്വീകരിച്ച് വന്ന പതിവിന് വിപരീതമായി സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സർക്കാർ നേരിട്ട് ഗ്രാമസഭ വിളിച്ചുചേർക്കുന്നത്, സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളെയും സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെയും ലംഘിക്കുന്നതാണെന്ന് എസ്‌കെ‌എം വാർത്താക്കുറിപ്പിൽ പറയുന്നു. അധികാര കേന്ദ്രീകരണത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന. എൻ‌ഡി‌എ സർക്കാരിന്റെ ഇത്തരം സ്വേച്ഛാധിപത്യ പ്രവണതകളെ അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പുനഃസ്ഥാപിക്കണമെന്നും സമ്പുഷ്ടമാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിക്കുന്ന പ്രമേയം:

റോസ്ഗാർ, ആജീവിക മിഷൻ (ഗ്രാമീൺ) വി‌ബി-ഗ്രാം‌ജി നിയമം റദ്ദാക്കി, ചരിത്രപരമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് എം‌ജി‌എൻ‌ആർ‌ഇ‌ജി നിയമം പുനഃസ്ഥാപിക്കുന്നതിനും സമ്പുഷ്ടമാക്കുന്നതിനും പദ്ധതി പ്രകാരം ഇന്ത്യയിലുടനീളം രജിസ്റ്റർ ചെയ്ത 26.57 കോടി തൊഴിലാളികളുടെ പേരിൽ, ഇന്ത്യാ രാഷ്ട്രപതിയോട് പൂർണ്ണ ബോധ്യത്തോടെ, ഞങ്ങൾ ആവശ്യപ്പെടുന്നു.

1. എം‌ജി‌എൻ‌ആർ‌ഇ‌ജി നിയമത്തിൽ ഉറപ്പുനൽകുന്നതുപോലെ 'ജോലി ആവശ്യപ്പെടുന്ന എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും തൊഴിൽ ചെയ്യാനുള്ള നിയമപരമായ അവകാശം' നിഷേധിക്കുന്നതിനാൽ വി‌ബി-ഗ്രാം‌ജി നിയമം ഞങ്ങൾ നിരസിക്കുന്നു. തൊഴിൽ ആവശ്യത്തെ അടിസ്ഥാനമാക്കിയ ചട്ടക്കൂടിൽ നിന്ന്, മുൻകൂട്ടി നിശ്ചയിച്ച ബജറ്റിനുള്ളിൽ തൊഴിൽ ആവശ്യത്തെ ചുരുക്കാൻ നിർബന്ധമാക്കപ്പെടുന്ന കൂടുതൽ കേന്ദ്രീകൃതവും ധന വിതരണത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു മാതൃകയിലേക്ക് മാറുന്നതിലൂടെ, തൊഴിൽ നിയമപരമായ അവകാശം എന്ന എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയുടെ കാതലായ തത്വത്തെ ഇത് നിഷേധിക്കുന്നു. ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ഫണ്ടിന്റെ അളവ് ഏകപക്ഷീയമായി നിർണ്ണയിക്കാൻ ഇത് കേന്ദ്ര സർക്കാരിനെ നേരിട്ട് അധികാരപ്പെടുത്തുന്നു, ഇത് അവിടെ സൃഷ്ടിക്കാൻ കഴിയുന്ന തൊഴിൽ ദിവസങ്ങളുടെ എണ്ണം നിർണ്ണയിക്കുന്നു.

2. ഒരു തൊഴിലാളി ജോലി ആവശ്യപ്പെടുമ്പോൾ അത് നൽകുന്നതിന് പകരം, മുൻകൂട്ടി അംഗീകരിച്ച "വികസിത് ഗ്രാമപഞ്ചായത്ത് പദ്ധതികൾ", "നോർമേറ്റീവ് അലോക്കേഷനുകൾ" എന്നിവ അടിസ്ഥാനമാക്കി തൊഴിലവസരങ്ങളെ പരിമിതമാക്കാൻ യൂണിയൻ സർക്കാരിന് അധികാരം നൽകുന്ന VB-GRAMG നിയമത്തിലെ വകുപ്പുകൾ ഞങ്ങൾ നിരസിക്കുന്നു.

3. MGNREGA പ്രകാരമുള്ള - ഓപ്പൺ-എൻഡ് ഫണ്ടിംഗിന് - ആവശ്യാനുസൃതമായ ധനലഭ്യത - പകരം ബജറ്റ്-ക്യാപ്പ്ഡ് മോഡൽ നൽകുന്നതിനാൽ, ബജറ്റ് ഫണ്ടുകൾ തീർന്നുപോകുമ്പോൾ, തൊഴിലാളികൾക്ക് അവരുടെ നിയമപരമായ തൊഴിൽ അവകാശം നിഷേധിക്കപ്പെടുമെന്നതിനാൽ, VB-GRAMG നിയമത്തെ കേന്ദ്ര സർക്കാർ തൊഴിലാളികളോടു ചെയ്യുന്ന വഞ്ചനയായി ഞങ്ങൾ കണക്കാക്കുന്നു.

4. MGNREGA പ്രകാരം, അവിദഗ്ധ വേതന ചെലവുകളുടെ 100% യൂണിയൻ സർക്കാർ നൽകുന്നു. VB-GRAMG നിയമം മൊത്തം ചെലവിന്റെ 40% സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. തുക ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറുകയും സംസ്ഥാനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയുമാണ്. ഈ നയം എല്ലാ സംസ്ഥാനങ്ങളെയും പ്രത്യേകിച്ച് ഉയർന്ന ദാരിദ്ര്യവും കുറഞ്ഞ വരുമാനവുമുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിൽ തൊഴിൽ അവസരങ്ങൾ കുറയ്ക്കുന്നതിലേക്ക് നയിക്കും.

5. വിത്തുപാകൽ, വിളവെടുപ്പ് സീസണുകളിൽ പൊതുമരാമത്ത് ജോലികൾ 60 ദിവസം നിർബന്ധിതമായി നിർത്തിവയ്ക്കാൻ VB-GRAMG നിയമം നിർബന്ധിതമാക്കുന്നു, അങ്ങനെ ഭൂരഹിതരായ തൊഴിലാളികൾ കുറഞ്ഞ വേതനത്തിന് സ്വകാര്യ ഭൂവുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു, ഇത് വർഷം മുഴുവനും MGNREGA നൽകുന്ന "കൂലി നിരക്ക്" സംരക്ഷണം ഇല്ലാതാക്കുന്നു. ഇതിനെ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശത്തിനെതിരായ വഞ്ചനയായും മെച്ചപ്പെട്ട വേതനത്തിനായി വിലപേശാനുള്ള ഗ്രാമീണ തൊഴിലാളികളുടെയും കർഷകരുടെയും അവകാശത്തിനെതിരായ ആക്രമണമായും ഞങ്ങൾ കണക്കാക്കുന്നു.

6. VB-GRAMG നിയമം സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേൽ കേന്ദ്ര സർക്കാരിന്റെ അധികാരം കേന്ദ്രീകരിക്കുന്നു - ഭരണഘടനയുടെ ഒരു അടിസ്ഥാന സവിശേഷതയായ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കെതിരായ ഈ നടപടി അംഗീകരിക്കാനാവില്ല. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഒരു ദേശീയ അടിസ്ഥാന സൗകര്യ ഡാറ്റാബേസുമായി യോജിപ്പിക്കുന്നു, ഇത് സവിശേഷവും അടിയന്തരവുമായ പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വഴക്കത്തെ പരിമിതപ്പെടുത്തും.

7. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾക്കെതിരായ ജനങ്ങളുടെ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യത്തോടുള്ള അപമാനമായും 2005-ലെ ചരിത്രപരമായ MGNREGA നിയമത്തിന്റെ പാരമ്പര്യം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമായും ഞങ്ങൾ കണക്കാക്കുന്നു. അതിനാൽ ഞങ്ങൾ അതിനെ ശക്തമായി നിരസിക്കുന്നു.

8. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയെ സമ്പന്നമാക്കുക, 200 ദിവസമായി തൊഴിൽ ദിനം വർദ്ധിപ്പിക്കുക, മിനിമം വേതനം പ്രതിദിനം 700 രൂപയിൽ കുറയാത്തതായി നിശ്ചയിക്കുക, തൊഴിൽ വ്യക്തിഗത അവകാശമായി അംഗീകരിക്കുക, കാലതാമസമില്ലാതെ അതത് ദിവസമോ ആഴ്ചക്കകമോ വേതനം നൽകുക, നിരീക്ഷിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ഗ്രാമസഭ, കാർഷിക പ്രതിസന്ധി, ഗ്രാമീണ കടബാധ്യത, ദുരിത കുടിയേറ്റം, കർഷക ആത്മഹത്യകൾ എന്നിവ അവസാനിപ്പിക്കുന്നതിന് കൃഷിയും അനുബന്ധ മേഖലകളുമായി എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിനെ ബന്ധിപ്പിക്കുക എന്നിവ ആവശ്യപ്പെടുന്നതായി എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു.

Comments