തൊഴിലാളികൾ കൂലിയടിമത്വത്തിലേക്ക്

ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ചിതറിത്തീരുന്ന ചെറുത്തുനിൽപ്പിൽ കോർപ്പറേറ്റുകൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റൽ പ്രാകൃതത്വത്തിലേക്കാകും- 480 ദശലക്ഷം തൊഴിലാളി സമൂഹത്തെ അടിമത്തത്തിലാഴ്ത്തുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയുടെ അപകടങ്ങൾ വിലയിരുത്തുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ

രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴിൽ നിയമങ്ങൾ (laws) നാല് സംഹിത (code) കളിലേക്ക് സംക്ഷേപിക്കുന്ന തൊഴിൽ നിയമ ഭേദഗതി രാജ്യസഭയും പാസാക്കിയതോടെ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയാണ് ആഴ്ന്നിറങ്ങിയത്- ഒരു തുള്ളി ചോര പോലും പൊടിയാതെ, ഒരു തുള്ളി കണ്ണീർ വീഴാതെ. ഈ സംഹിതവൽക്കരണത്തോടെ കൂലിയടിമത്വത്തിലേക്ക് മാത്രമല്ല. അനാഥത്വത്തിലേക്കാണ് 480 ദശലക്ഷം വരുന്ന രാജ്യത്തെ തൊഴിലാളികൾ ചെന്ന് പതിച്ചിരിക്കുന്നത്. നിയമങ്ങൾ സമൂഹത്തിന്റെ ശക്തമായ ഇച്ഛയുടെ പ്രതീകങ്ങളായതിനാൽ അവ നടപ്പാക്കപ്പെട്ടേ തീരൂ. സംഹിതകൾ ആചരിക്കപ്പെടേണ്ടവ മാത്രമാണ്.

ആചരിച്ചില്ലെങ്കിലും ചോദ്യം ചെയ്യാനാരുമില്ല. അതോടെ, വ്യവസായ വിപ്ലവാനന്തരം മധ്യകാല യുറോപ്പിൽ നിലനിന്നിരുന്ന ഇടപെടാതിരിക്കൽ (laisez faire) നയമാണ് തൊഴിൽ മേഖലയിൽ ഇനി ഉണ്ടാകുക. വ്യവസായ രംഗത്ത് തോന്നുംപടി നിയമിക്കലും പറഞ്ഞുവിടലും (hire and fire) വരുമെന്ന് തൊണ്ണുറുകളുടെ തുടക്കത്തിൽ പറഞ്ഞപ്പോൾ അത് ഈ വിധം, ഇത്രവേഗം യാഥാർഥ്യമാവുമെന്ന് പേക്കിനാവിൽ പോലും കരുതിയിരുന്നില്ല. മനുഷ്യനിൽ നിന്ന് പരിഗണന ലാഭത്തിലേക്ക് മാറിയപ്പോൾ സംഭവിച്ച ഈ പരിണാമം മനുഷ്യൻ എന്ന നിലയിൽ തൊഴിലാളിയുടെ അസ്തിത്വം തകർക്കുന്നതാണ്. തൊഴിലാളികളും അവരെ ആശ്രയിച്ച് കഴിയുന്നവരുമാണ് രാജ്യത്തെ ഭൂരിപക്ഷം എന്നതിനാൽ തൊഴിലാളിയുടെ ദുർബലപ്പെടൽ രാജ്യത്ത് മൊത്തമായിട്ടാണ് തകർക്കുക.

അനായാസ വാണിജ്യ സൗകര്യം

അനായാസ വാണിജ്യ സൗകര്യം (ease of doing buisiness) എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നിയമങ്ങൾ അടക്കം രാജ്യത്ത് സമീപകാലത്ത് നിയമങ്ങളിൽ മാറ്റം ഉണ്ടായത്. പരിസ്ഥിതി, വിദ്യഭ്യാസ നയങ്ങളിലെ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടതും തൊഴിൽ നിയമങ്ങളുടെ സംഹിതവൽക്കരണവുമെല്ലാം അതിൽപ്പെടുന്നു. നിയമങ്ങളുടെ ബാഹുല്യവും സങ്കീർണ്ണതയും കേന്ദ്ര-സംസഥാനങ്ങളിലെ നിയമങ്ങളുടെ വൈവിധ്യവും വാണിജ്യ-വ്യവസായ സംരംഭകർക്ക് അനവധി ബുദ്ധമുട്ട് സൃഷ്ടിക്കുന്നു എന്ന കണ്ടെത്തൽ അടിസ്ഥാനമാക്കിയാണ് നിയമങ്ങൾ ലളിതവൽക്കരിക്കണമെന്ന നിർദ്ദേശം വരുന്നത്. നിർദ്ദേശം വെച്ചത് മറ്റാരുമല്ല, സാക്ഷാൽ ലോകബാങ്ക്. നിയമപ്പെരുപ്പവും പ്രാദേശിക വൈവിധ്യവും മൂലധനത്തിന്റെ സുഗമമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നത്രെ. ഗുരുതരമെന്ന് അവർ വിലയിരുത്തിയ ഈ പ്രശ്‌നം പരിഹരിച്ചാലേ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വ്യവസായ സംരംഭങ്ങൾ അനായാസം തുടങ്ങാനും മുമ്പോട്ട് കൊണ്ടുപോകാനും വികസനകാര്യത്തിൽ മുൻപന്തിയിൽ എത്താനുമാകൂ എന്നാണ് ലോകബാങ്ക് റിപ്പോർട്ട്. അനായാസ സംരംഭകത്വ സൗകര്യം അളക്കാൻ അവർ ഒരു സൂചിക (index) യും സൃഷ്ടിച്ചു. ലോകബാങ്ക് സാമ്പത്തിക ഉദ്യോഗസ്ഥരായ സൈമൺ ഡാൻകോവും ജെറാഡ് പോളുമാണ് ഈ സൂചികയുടെ സൃഷ്ടാക്കൾ. ചെറിയ സംഖ്യയാണ് സൂചിക എങ്കിൽ അനായാസ സംരംഭകത്വത്തിൽ മുമ്പിലും വലിയ സംഖ്യയാണെങ്കിൽ പിന്നാക്കവും. അവികസിത, വികസ്വരരാജ്യങ്ങളുടെ വികസനത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുത്ത ലോക ബാങ്ക് തങ്ങളുടെ സ്വന്തക്കാരായ ബഹുരാഷ്ട്ര കുത്തകകളുടെ മൂലധന താൽപര്യം സംരക്ഷിക്കാൻ ഇറക്കുന്ന നിരവധി കാർഡുകളിൽ ഒന്ന് മാത്രമാണിത്. സൂചിക കുറഞ്ഞ സമ്പദ് വ്യവസ്ഥകളിൽ സ്വകാര്യ മൂലധനം സുരക്ഷിതവും അല്ലാത്തിടങ്ങളിൽ അരക്ഷിതവുമെന്നാണ് റേറ്റിംഗ്.

ഉദാര ജനാധിപത്യവും പരിമിത ഭരണവും ഉള്ള രാജ്യങ്ങളിൽ മൂലധനപ്രവേശം സുഗമമാണെന്നാണ് മൂലധനത്തിന് ഒരോ രാജ്യത്തും കോർപ്പറേറ്റ് അധിനിവേശത്തിനുള്ള സൗകര്യം സംബന്ധിച്ച് 2002ൽ ലോക ബാങ്ക് പ്രസിദ്ധീകരിച്ച ‘റഗുലേഷൻ ഒഫ് എൻട്രി' എന്ന റിപ്പോർട്ടിൽ പറയുന്നത്. കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിൽ അഴിമതിയും അനൗദ്യോഗിക സമ്പദ്​വ്യ വസ്ഥയുമാണെന്നാണ് അതിലെ പ്രധാന നിരീക്ഷണം. ഈ റിപ്പോർട്ടിലാണ് ‘അനായാസ സംരംഭകത്വ സൂചിക' (ease of doing business index) എന്ന സങ്കൽപം അവതരിപ്പിക്കപ്പെട്ടത്. സൂചിക പിന്നോക്കമായ രാജ്യങ്ങളിലേക്ക് നിക്ഷേപം എത്തില്ല എന്ന് മാത്രമല്ല, അവിടം അഴിമതിയുടെയും പിടിപ്പുകേടിന്റെയും കേന്ദ്രമാണ് എന്ന ചീത്തപ്പേര് കുടി പേറേണ്ടുന്ന അവസ്ഥയാണ് ഈ ലോകബാങ്ക് പഠനം വരുത്തിവെച്ചത്. അതോടെ മൂന്നാം ലോക രാജ്യങ്ങൾ ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം പരമാവധി ആകർഷിക്കാൻ എല്ലാം മലർക്കെ തുറന്നിട്ടു. ഉദാരവൽകരണത്തിന്റെ കാര്യത്തിൽ ഒരു മത്സരമായിരുന്നു പിന്നീട്. ഓരോ അവികസിത, വികസ്വര രാജ്യങ്ങളും ഇക്കാര്യത്തിൽ മത്സരിച്ചു. ഇന്ത്യൻ ഭരണാധികാരികളും ഈ മൽസരത്തിന്റെ മുൻനിരയിൽ തന്നെയെത്തി, തൊഴിൽ നിയമങ്ങളുടെ കോഡീകരണത്തിലൂടെ.

വാസ്തവത്തിൽ ഇതിനെ ഒറ്റയായി കാണാൻ പറ്റുന്നതല്ല. പരിസ്ഥിതി, വിദ്യഭ്യാസ നയങ്ങളിൽ വരുത്തിയ ഭീകരമാറ്റങ്ങൾ ഇതിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണാധികാരികളുടെ ഭാഗ്യത്തിന് പരിസ്ഥിതിപ്രവർത്തകരും വിദ്യഭ്യാസ പ്രവർത്തകരും തൊഴിലാളികളുമെല്ലാം ഓരോന്നിനെയും കാണുന്നത് തങ്ങളുടെ മേഖലയിൽ മാത്രമുള്ള പ്രശ്‌നം എന്ന നിലയിലാണ്. തൊഴിൽ കോഡ് തന്നെ രണ്ട് ഘട്ടമായാണ് കൊണ്ടുവന്നത്. ആദ്യം വേജ് കേഡ് വിജ്ഞാപനം ചെയ്തു. ബാക്കി മൂന്നെണ്ണം ഇപ്പോഴും. ഇതിനെ സമഗ്രതയിൽ കാണാൻ ബാധ്യതപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾപോലും ഈ മാറ്റിമറിക്കലുകളെ കുരുടൻ ആനയെ എന്ന പോലെയാണ് സമീപിക്കുന്നത്.

അധികപ്പറ്റാകുന്ന തൊഴിലാളി

തൊഴിൽ നിയമ ഭേദഗതിയിലൂടെ അത് സംബന്ധിച്ച നിയമങ്ങൾ മാറുക മാത്രമല്ല ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം സമ്പ്രദായങ്ങളും വ്യവസ്ഥ തന്നെയുമാണ് മാറുന്നത്. കോർപ്പറേറ്റ് മൂലധനത്തിന്റെ അശ്വമേധത്തിനുള്ള രാജപാതകളാണ് ഇതുവഴി വെട്ടിത്തുറക്കുന്നത്. ആദ്യം അത് സംഭവിച്ചത് നികുതികളുടെ കാര്യത്തിലാണ്. പ്രാദേശിക നികുതി വ്യവസ്ഥകൾ എടുത്തുകളഞ്ഞ് രാജ്യമാകമാനം ബാധകമാകുന്ന ചരക്ക് സേവന നികുതി (GST) ഏർപ്പെടുത്തിയതോടെ ഇന്ത്യൻ ഉൽപാദന മേഖലയിൽ മൂലധന നിക്ഷേപം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ഏക ഇൻവോയ്‌സ് മതി എന്ന നിലവന്നു. ഡൽഹിയൽ നിന്ന് ബിൽ ഇട്ടാൽ രാജ്യത്തെവിടെയും അത് ബാധകമണാണ്. അതിന് മുന്നോടിയായി കമ്പ്യൂട്ടർവൽകരണം നടത്തിക്കഴിഞ്ഞത് ഓർമിക്കുക. ഓരോ ബജറ്റിലും വിദേശനിക്ഷേപത്തോത് ഭീകരമായ തരത്തിൽ വർധിപ്പിക്കുന്നത് ഇതിന്റെ മറ്റൊരു വശം. ഇത്തരത്തിൽ നികുതി വ്യവസ്ഥ സാങ്കേതികവൽകരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്ത സമ്പദ്​വ്യ വസ്ഥയിലേക്ക് മൂലധനപ്രവാഹം പൂർവ്വാധികം സുഗമമാക്കപ്പെടുമ്പോൾ അതിന്റെ പരമാവധി വിനിയോഗം കുറഞ്ഞ ചെലവിൽ നടത്തി പരമാവധി ലാഭം കൊയ്‌തെടുക്കാനുള്ള സൗകര്യമാണ് അനായാസ സംരംഭകത്വ സൂചിക എന്ന സിദ്ധാന്തത്തിലൂടെ ലോക ബാങ്ക് നടപ്പാക്കുന്നത്. അതിനാലാണ് തൊഴിൽ നിയമങ്ങളെ ഉപദേശക സ്വഭാവം മാത്രമുള്ള തൊഴിൽ സംഹിതകൾ ആക്കി മാറ്റിയത്.

ഉൽപാദന പ്രക്രിയയിലെ ഏറ്റവും പ്രധാന ഘടകമായി ഇക്കാലമത്രയും കണക്കാക്കപ്പെട്ടിരുന്ന തൊഴിൽ (labour) അപ്രധാനമാക്കുന്ന നടപടിയാണ് തൊഴിൽ നിയമങ്ങളുടെ കോഡീകരണം. അധ്വാനമാണ് ഉൽപ്പന്നത്തിന്റെ മൂല്യം നിർണയിക്കുന്നത് എന്ന ഇതുവരെ നിലനിന്നിരുന്ന ക്ലാസിക് സാമ്പത്തികശാസ്ത്ര സിദ്ധാന്തം ഉദാരീകരണ, സ്വകാര്യവൽകരണ, ആഗോളവൽകരണ മൂല്യങ്ങൾ നയിക്കുന്ന പുതിയ സാമ്പത്തിക ശാസ്ത്രം തൊണ്ണുറുകളിൽ തന്നെ തിരസ്‌കരിച്ചുകഴിഞ്ഞു. പകരം വെച്ചത് മൂലധനമാണ് എന്നുമാത്രമല്ല, അതിന്റെ പ്രാധാന്യവും ആധിപത്യവും നാൾക്കുനാൾ ഇരട്ടിക്കുന്ന അവസ്ഥയുമാണ്. അതോടെ വളർച്ച മനുഷ്യനെ കേന്ദ്രീകരിച്ചാവണം എന്ന ചിന്താഗതി മാറി. വളർച്ചയുടെ തോത് അളക്കുന്നത് മൊത്തം ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലായി. ഏറ്റവും കുറഞ്ഞ കൂലി (wage)ക്ക് അധ്വാനം (labour) തീരെ കുറച്ച് ഉൽപാദനം നടത്താനായാൽ ഉണ്ടാകുന്ന ലാഭവർധനയാണ് വളർച്ച, പുരോഗതി എന്നൊക്കെ പറയുന്ന അവസ്ഥ വന്നു. സാങ്കേതിക വിദ്യയുടെ വളർച്ച ഉൽപാദന പ്രക്രിയയിൽ അധ്വാനത്തിന്റെ അളവ് നന്നെ കുറക്കാൻ സഹായിക്കുന്ന അവസ്ഥ സംജാതമാക്കി. റോബോട്ടിക്‌സും നിർമ്മിതബുദ്ധിയുമടക്കമുള്ള സാങ്കേതികവിദ്യ കൂടിയ സാഹസികതയും വൈദഗ്ധ്യവും ആളെണ്ണവും വേണ്ടുന്ന തൊഴിൽ മേഖലകളെപ്പോലും അനായാസം കൈകാര്യം ചെയ്യാമെന്ന നില വരുത്തിയപ്പോൾ തൊഴിലാളിയെ വ്യവസായത്തിൽ അധികപ്പറ്റായി കാണാൻ തുടങ്ങി. അവനെ ഉൽപാദനപ്രക്രിയയിൽ നിന്ന് മയത്തിൽ പുറന്തള്ളാനുള്ള നടപടിയാണ് ഇക്കാലമത്രയും അവന് നൽകിയിരുന്ന സംരക്ഷണങ്ങളും സൗകര്യങ്ങളും എടുത്ത് കളഞ്ഞുകൊണ്ടുള്ള തൊഴിൽ നിയമ ഭേദഗതി.

നാല് തൊഴിൽ കോഡ്, ഇല്ലാതായത് 44 തൊഴിൽ നിയമങ്ങൾ

തൊഴിൽ നിയമങ്ങൾ ലോകത്തെല്ലായിടത്തും ക്ഷേമ നിയമങ്ങൾ (welfare laws) ആണ്. കാരണം, ലോക ജനസംഖ്യയുടെ മഹാഭൂരിപക്ഷവും തൊഴിലാളികളാണ്. അവരാണ് ലോകത്താകെയുള്ള സമ്പത്ത് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ, മനുഷ്യരാശിയുടെ ക്ഷേമമാണ് തൊഴിൽ നിയമങ്ങളുടെ ലക്ഷ്യം. മനുഷ്യവംശത്തൊയാണ് തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നത്. ന്യൂനപക്ഷമാണെങ്കിലും മൂലധനവും അധികാരവും നിയന്ത്രിക്കുന്നവർ അതില്ലാത്ത, അധ്വാനം മാത്രം കൈമുതലായുള്ളവരെ വരുതിക്ക് നിർത്തുന്ന മധ്യകാല പ്രവണതയിൽനിന്നും സംസ്‌കാരസമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടയിലാണ് തൊഴിൽ നിയമങ്ങളുടെ ഉത്ഭവ- വികാസങ്ങൾ എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ സംസ്‌കാര ചിത്തതയാണ് തൊഴിൽ നിയമങ്ങൾ. സഹജീവിയോടുള്ള കരുതലും സമൂഹത്തിന് മുന്നോട്ട് ചലിക്കാനുള്ള ശേഷിയുമാണവ. ദൃഢവും സ്ഥായിയുമായ ഒരു സംസ്‌കാരം പോലും സമൂഹത്തിനുള്ള തൊഴിൽ നിയമങ്ങളുടെ സംഭാവനയാണ്. അരാജകമായ തൊഴിൽ അന്തരീക്ഷമുള്ള ഒരു സമൂഹം സാംസ്‌കാരികമായി മുന്നോട്ട് പോകില്ല. കൊളോണിയൽ ഭരണാധികാരികൾ പോലും അക്കാര്യം ശ്രദ്ധിച്ചതിന്റെ ഫലമാണ് ഇന്ത്യൻ തൊഴിൽ നിയമങ്ങൾ. ജനാധിപത്യത്തിന്റെ ഭാഗമാണത്.

സാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ തൊഴിൽ നിയമങ്ങൾ രൂപപ്പെട്ടത്. 1926ലാണ് ഇന്ത്യൻ ട്രേഡ് യൂനിയൻ നിയമം ഉണ്ടാകുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങളെ തർക്കമായി കാണാനും അതിൽ നിഷ്പക്ഷത പാലിക്കാനുമുള്ള സായിപ്പിന്റെ സന്നദ്ധതയാണ് ഈ നിയമത്തിൽ പ്രകടമായിരുന്നത്. ഒരു വ്യക്തിക്ക് തുല്യമായ നിയമപരമായ അസ്തിത്വവും അന്തസ്സും ട്രേഡ് യൂണിയന് അനുവദിക്കാൻ ബ്രിട്ടീഷ് ഭരണകൂടം അന്ന് തയ്യാറായി. സ്വാതന്ത്ര്യാനന്തരം രാജ്യം രൂപം കൊടുത്ത തൊഴിൽ നിയമങ്ങളത്രയും ഭരണഘടന പൗരന് വാഗ്ദാനം ചെയ്യുന്ന പരിരക്ഷകളും അവകാശങ്ങളും സംരക്ഷിക്കാനുള്ളതാണ്. ഭരണഘടനക്ക് പുറമെ, ഐക്യരാഷ്ട്ര സംഘടന, അന്തർദേശീയ തൊഴിൽ സംഘടന പോലെ മനുഷ്യകുലത്തിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കിയ അന്താരാഷ്ട്ര സംഘടനകൾ വഴി ലോകസമൂഹം മനുഷ്യരാശിയുടെ അഭിവൃദ്ധിക്കായി രൂപപ്പെടുത്തിയ ധാരണകളാണ് തൊഴിൽ നിയമങ്ങളുടെ അടിത്തറ. പൗരസമൂഹത്തിന്റെ ജീവിതാഭിവൃദ്ധിയും സുരക്ഷിതത്വവും ഭാവിയും മാത്രമാണ് ഓരോ തൊഴിൽ നിയമത്തിന്റെയും പ്രചോദനം. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഫാക്ടറീസ് നിയമം (1948), കൂലിയും ജോലിസമയവും നിശ്ചയിക്കുന്ന മിനിമം വേജസ് നിയമം (1948), പ്രസവാനുകൂല്യ നിയമം, പ്രൊവിഡന്റ് ഫണ്ട് നിയമം, തുടങ്ങിയ ഓരോന്നും ലക്ഷ്യമിട്ടത് ചുഷണരഹിതമായ തൊഴിൽ മേഖല മാത്രമല്ല, സംതൃപ്തവും സുരക്ഷിതവും സംസ്‌കാരസമ്പന്നവുമായ ഒരു സമൂഹവും രാജ്യവുമാണ്. സാമൂഹ്യനീതിയാണ് അതിന്റെ ഊർജസ്രോതസ്. 1976ലെ അടിമപ്പണി നിരോധന നിയമവും 1986ലെ ബാലവേല നിരോധന നിയമവും മാത്രം മതി ഓരോ തൊഴിൽ നിയമത്തിന്റെയും സാമൂഹികവും ഭരണഘടനാപരവുമായ സാംഗത്യം തിരിച്ചറിയാൻ. ഭരണഘടനയിലെ 23-ാം അനുഛേദപ്രകാരം നിരോധിച്ച അടിമപ്പണി അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അടിമപ്പണി നിരോധന നിയമം ജനിക്കുന്നത്. കാർഷിക, വ്യവസായ വളർച്ചയിലൂടെയുള്ള രാജ്യപുരോഗതി അതിലെ മനുഷ്യരുടെ പുരോഗതി കൂടിയാണെന്ന കാഴ്ചപ്പാടാണ് തൊഴിൽ നിയമങ്ങളിൽ പ്രകടമായിരുന്നത്. അത് പൂർണാർഥത്തിൽ യാഥാർഥ്യമായില്ലെങ്കിലും ഒരു വെളിച്ചവും താക്കീതുമായി തൊഴിൽ നിയമങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നിലനിന്നു. അതാണ് 44 തൊഴിൽ നിയമങ്ങൾ 4 തൊഴിൽ കോഡുകളായി സംക്ഷേപിച്ചതോടെ ഇല്ലാതായത്. ഇന്ത്യൻ തൊഴിലാളിയുടെ പാപ്പരീകരണമാണ് സംഭവിക്കാൻ പോകുന്നത്.

വേതന നിയമം (1936), മിനിമം കൂലി നിയമം (1948), ബോണസ് നിയമം (1965) തുല്യവേതന നിയമം (1976) എന്നിവ ഉന്മൂലനം ചെയ്ത് 2020 ആഗസ്റ്റിൽ പാസാക്കിയ വേജ് കോഡ് നോക്കിയാലറിയാം പുതിയ നീക്കത്തിന്റെ ഭീകരത.

കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന തരത്തിലാണ് ഈ കോഡ് എന്ന് ഈ രംഗത്ത് ദീർഘകാലത്തെ അനുഭവമുള്ളവർ ചൂണ്ടിക്കാട്ടുന്നു. പ്രദേശിക പരിഗണനകളും തൊഴിലിന്റെ സ്വഭാവവും വെച്ച് മേഖലകൾ തിരിച്ച് നിർണ്ണയിക്കാവുന്ന തരത്തിലാണ് ഈ കോഡ് പ്രകാരം മിനിമം കൂലി നിശ്ചയിക്കൽ. ഇത് തുല്യ ജോലിക്ക് തുല്യവേതനം എന്ന സാമൂഹിക സങ്കൽപത്തിന്റെ നിഷേധമായിട്ടാണ് പരിണമിക്കുക. ബോണസ് നിർണയിക്കുന്നത് തൊഴിലുടമ പറയുന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണ്. ഏത് തൊഴിലുടമയാണ് സ്വന്തം വ്യവസായത്തെ ബോണസ് പരിധിയിലേക്ക് സ്വമനസ്സാലെ ഉൾപ്പെടുത്തുക? വ്യവസായത്തിൽ നിന്നുള്ള ലാഭക്കണക്ക് എങ്ങനെ കുട്ടിയെടുക്കണമെന്ന് തീരിമാനിക്കാനുള്ള അവകാശം പോലും തൊഴിലുടമക്ക് നൽകാനാണ് കോഡ് വാഗദാനം ചെയ്യുന്ന ഒരു വ്യവസ്ഥ. എല്ലാം ഉറപ്പ് വരുത്തുന്നു എന്ന് വ്യക്തമാക്കി കൊടുക്കേണ്ടതിനെക്കുറിച്ച് വ്യക്തതയും സാർവലൗകികതയും ഉറപ്പ് വരുത്താതെ അവ്യക്തതകൾ സൃഷ്ടിച്ച് തൊഴിലുടമയുടെ കൈയിലേക്ക് ജോലിസമയം, കൂലി തുടങ്ങിയ കാര്യങ്ങൾ കൊണ്ടെത്തിക്കുന്ന സൃഗാല ബദ്ധിയാണ് ഇതിൽ പ്രകടമാവുന്നത്.

ഹയർ ആന്റ് ഫയർ

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനാൽ സംപ്തംബർ 27ന് ഒരംഗത്തിന്റെ പോലും എതിർപ്പില്ലാതെ പാസ്സായ വ്യവസായ ബന്ധ കോഡ്, ആരോഗ്യ-തൊഴിൽസാഹചര്യങ്ങൾ സംബന്ധിച്ച കോഡ്, സാമൂഹ്യ സുരക്ഷാ കോഡ് എന്നിവ രാജ്യം ഇക്കാലമത്രയും വിഭാവനം ചെയ്തിരുന്ന ക്ഷേമസങ്കൽപങ്ങളുടെ അടിവേര് അറത്തുമാറ്റുന്നതാണ്. ട്രേഡ് യൂണിയൻ നിയമം, വ്യവസായ തർക്ക നിയമം, സ്റ്റാൻഡിംഗ്​ ഓർഡർ നിയമം എന്നിവ ഒന്നാക്കിയ വ്യവസായ ബന്ധ കോഡ് സ്വന്തം അവകാശങ്ങൾ പറയാനും കൂട്ടായ വിലപേശലിനുമുള്ള തൊഴിലാളിയുടെ അവകാശം തട്ടിപ്പറിക്കുകയാണ്. തൊഴിലാളി യൂനിയനുകളെ ഇല്ലാതാക്കി കൂട്ടായ വിലപേശലിന്​ അവസരം ഇല്ലാതാക്കുന്നതാണ് ഈ കോഡ് എന്ന് ഇതിന്റെ പ്രയോജകരായ സംഘ്പരിവാറിൽപെട്ട ട്രേഡ് യൂനിയൻ ബി.എം.എസ് പോലും തുറന്നടിക്കുമ്പോൾ സംഗതിയുടെ ഭീകരത എത്രമാത്രമാണെന്ന് വ്യക്തമാകവുമല്ലോ. 300 തൊഴിലാളികൾ വരെയുള്ള വ്യവസായസ്ഥാപനങ്ങളിൽ നിന്ന് ആരോടും ചോദിക്കാതെ പിരിച്ചുവിടൽ നടത്താമെന്ന വ്യവസ്ഥയാണ് വ്യവസായ ബന്ധ കോഡിനെ തൊഴിലാളികളുടെ പേക്കിനാവ് ആക്കുന്നത്. സമാന രീതിയിൽ ഈ കോഡ് തൊഴിൽ സുരക്ഷിതത്വവും മരീചിക ആക്കുന്നു. നിശ്ചിതകാല നിയമനം (fixed term employment) എന്ന പുതിയൊരു നിയമന സമ്പദായം അവതരിപ്പിച്ച് ഈ കോഡ് തൊഴിലാളികളെ തനിക്ക് ആവശ്യമുള്ളപ്പോൾ വിളിച്ച് പണി കൊടുക്കാനും വേണ്ടെന്ന് തോന്നുമ്പോൾ ഒഴിവാക്കാനുമുള്ള തൊഴിലുടമയുടെ അവകാശം നിയമപരമാക്കുന്നു- ഹയർ ആന്റ് ഫയർ തന്നെ. ഇവർക്ക് വേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ സ്ഥിരം തൊഴിലാളികളുടെ പരിഗണന നൽകണം എന്ന് ഭേദഗതിയിലുണ്ടെങ്കിലും അത് ഏട്ടിലെ പശു മാത്രമാകും. സ്ഥിരം ജോലി എന്ന സമ്പ്രദായം തന്നെ ഇല്ലാതാകും. വിലപേശൽ ഏജൻസി എന്ന അവകാശം ട്രേഡ് യൂണിയനുകൾക്ക് കിട്ടണമെങ്കിൽ സ്ഥാപനത്തിലെ 75 ശതമാനം തൊഴിലാളികളുെടയെങ്കിലും പ്രാതിനിധ്യം നിർബന്ധമാകും. കൂട്ട കാഷ്വൽ ലീവ് എടുക്കുന്നത് നിയമ വിരുദ്ധമാക്കി. ഇത് സമരത്തിന്റെ നിർവചനത്തിൽപ്പെടുത്തി. 14 ദിവസത്തെ നോട്ടീസ് കൊടുക്കാത്ത സമരങ്ങൾ നിയമവിരുദ്ധമാകും.

ഫാക്ടറീസ് നിയമം, കരാർ തൊഴിൽ നിയമം, അന്തർസംസ്ഥാന കുടിയേറ്റം, ബീഡി, സിനിമ, നിർമ്മാണം തുറമുഖം, തോട്ടം, മോട്ടോർ ട്രാൻസ്‌പോർട്ട് മേഖലകളിലെ മുഴുവൻ തൊഴിൽനിയമങ്ങളും സെയിൽസ് പ്രമോഷൻ ജീവനക്കാരുടെയും, പത്രപ്രവർത്തകരുടെയും പത്രവ്യവസായ തൊഴിലാളികളുടെയും സേവനവേതന, കൂലി നിർണയ നിയമങ്ങളും എല്ലാം ലയിപ്പിച്ച് തൊഴിലിടത്തിലെ ആരോഗ്യ, സുരക്ഷാ, സേവന വേതന വ്യവസ്ഥ കോഡ് എന്ന ഒന്നിന് രൂപം കൊടുത്ത് ആ തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് മറ്റൊന്ന്. ഫാക്ടറിയിൽ അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തൊഴിലുടമയെ വിമുക്തനാക്കുന്ന തരത്തിലാണ് ഈ കോഡ് വ്യവസ്ഥ ചെയ്യുന്നത്. കരാർ തൊഴിലാളികൾക്ക് അപകടമുണ്ടായാൽ ഈ കോഡ് തൊഴിലുടമയെ രക്ഷിച്ച് തൊഴിലാളിയെ കൊടുത്ത കരാറുകാരനുമേൽ കുറ്റം ചുമത്താൻ സൗകര്യവും ഇതിലുണ്ട്. ആറുമാസം മുതൽ ഒരു വർഷം വരെയോ അതിൽ കൂടുതലോ ഉള്ള കാലത്തേക്ക് നിശ്ചിതകാല നിയമനം നൽകുന്നതിനൊപ്പം കരാർ തൊഴിൽ സമ്പ്രദായത്തിന് പുതിയ കോഡ് പൂർണമായും നിയമസാധുത നൽകുന്നു. ഒപ്പം, തൊഴിലാളിയെ തൊഴിലുടമയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കി അയാൾക്ക് തൊഴിലാളിയെ നൽകുന്ന തൊഴിൽ കരാറുകാരന്റെ ഉത്തരവാദിത്വത്തിലേക്ക് മാറ്റുന്നു. വേതനം കൊടുക്കുന്നതായാലും തൊഴിലിടത്തിലുണ്ടാകുന്ന അപകടമോ മരണമോ ആയാലും പുതിയ കോഡ് പ്രകാരം അത് തൊഴിലുടമയുടെ ഉത്തരവാദിത്വത്തിൽ വരുന്നതല്ല. നഷ്ടപരിഹാരം നൽകലും മറ്റും തൊഴിലാളിയെ എത്തിച്ചുകൊടുത്ത കരാറുകാരന്റെ ഉത്തരവാദിത്വമാണ്. സ്ഥിരം സ്വഭാവമുള്ള ജോലികൾക്ക് കരാർ നിയമനം പാടില്ല എന്ന പൊതുതത്വം ഇത് ഇളക്കിമാറ്റും.

ജോലിസമയം എട്ട് മണിക്കൂറിൽ നിന്ന് പന്ത്രണ്ടര മണിക്കുർ വരെയാണ് പുതിയ കോഡിൽ നിർദ്ദേശിക്കുന്നത്. വേജ്‌ബോഡ് പോലുള്ള ത്രികക്ഷി സംവിധാനങ്ങൾക്കുപകരം സർക്കാർ നിശ്ച​യിക്കുന്ന സാങ്കേതിക സമിതി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി അതത് മേഖലകളിൽ വേതനം നിശ്ചയിക്കും. ഇലക്ട്രോണിക്, ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിലാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കാനുള്ള സൗഭാഗ്യം ലഭിക്കില്ല. കാരണം. ഈ മേഖല പൂർണമായും കരാർ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.

തൊഴിൽ ശാലകൾ പരിശോധിച്ച് നിയമലംഘനങ്ങൾക്കെതിരേ നടപടി എടുത്തിരുന്ന ലേബർ ഇൻസ്‌പെക്ടർമാരെ പുതിയ തൊഴിൽ കോഡ് ‘ഇൻസ്‌പെക്ടർ കം ഫെസിലിറ്റേറ്റർ' ആക്കി പുനഃനാമകരണം ചെയ്തു. തൊഴിൽ നിയമങ്ങൾ നടപ്പാക്കുകയല്ല, നടപ്പാക്കാൻ തൊഴിലുടമക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണ് പുതിയ കോഡ് പ്രകാരം ഇവരുടെ ചുമതല. സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ തൊഴിൽ നിയമങ്ങൾ നടപ്പാക്കാൻ ഉപയോഗിക്കണമെന്നാണ് കോഡ് നിർദ്ദേശിക്കുന്നത്. തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾ ലംഘിക്കുന്നില്ല എന്ന ഉത്തമ വിശ്വാസം അടിസ്ഥാനമാക്കി സംഭവിച്ച് പോയേക്കാവുന്ന നിയമലംഘനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി ബന്ധപ്പെട്ടവരെ ഉപദേശിച്ച് നേരെയാക്കുകയാണ് ഇനിമേൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതല. തൊഴിൽ സ്ഥാപനങ്ങൾ നേരിട്ട് പരിശോധിക്കേണ്ട, ഫോണിൽ വിളിച്ച് ചോദിച്ചാലും മതിയെന്ന് കോഡ് ഉപദേശിക്കുന്നു. പരിശോധിക്കണമെങ്കിൽ കുറെ എണ്ണത്തിൽ നിന്ന് ഏതാനും തെരഞ്ഞടുത്ത് പരിശാധിച്ചാൽ മതി (Random Check). നേരിട്ട് പരിശോധിക്കുകയാണെങ്കിലോ ചെല്ലുന്ന കാര്യം തൊഴിലഴിലുടമയെ ഫെസിലിറ്റേറ്റർ മുൻകൂട്ടി അറിയിക്കണമെന്ന് വ്യവസ്ഥ തന്നെയുണ്ട്. ഈ ഒറ്റ നിബന്ധനയോടെ കോഡീകരണത്തിന്റെ വക്താക്കൾ ഇവക്ക് ഉള്ളതായി അവകാശപ്പെടുന്ന എല്ലാ മേന്മകളും ഇല്ലാതാകുകയാണ്. പൂർണമായും ഭരണകൂടം തൊഴിലിടങ്ങളിലുള്ള ഇടപെടൽ അവസാനിപ്പിക്കുയാണ്. നേരത്തെ ലാഭനഷ്ട കണക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൊഴിലുടമ/സംരംഭകൻ പറയുന്നതാണ് അവസാനവാക്ക് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ പ്രാകൃതത്വത്തിലേക്ക്

വില പേശാൻ പോയിട്ട് നിവർന്നുനിൽക്കാനുള്ള ഇന്ത്യൻ തൊഴിലാളിയുടെ ശേഷി പോലും ഇല്ലാതാക്കുന്നതാണ് തൊഴിൽകോഡ്. ഉൽപ്പന്നത്തിന്റെ മൂല്യം നിർണ്ണയിക്കുന്ന തൊഴിലല്ല, ഉൽപാദനം ഏകോപിപ്പിക്കുന്ന മുതലാളിയുടെ താൽപര്യമാണ് കോഡ് സംരക്ഷിക്കുന്നത്. തൊഴിലാളികളെ അനായാസം പിരിച്ചുവിടാൻ തൊഴിലുടമക്ക് അവസരം നൽകുന്ന കോഡ് അത് ചോദ്യം ചെയ്യാനുള്ള അവകാശം ദുർബലപ്പെടുത്തുന്നു. തൊഴിലാളിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നിടത്താണ് ഇത് എത്തുക. ഇതിന്റെ പ്രയോജനം രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്കാണ്.

പത്ത് പേരെ വെച്ച് കുടിൽ വ്യവസായം നടത്തുന്നവർക്കല്ല, നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കോർപ്പറേറ്റ് വ്യവസായങ്ങൾക്കാണ് ഈ മാറ്റത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. തൊഴിൽ നിയമങ്ങൾക്ക് വഴുവഴുപ്പ് വരുത്തുക ഇന്ത്യൻ കോർപ്പറേറ്റുകളുടെ ദീർഘകാല ആവശ്യമായിരുന്നു. മൂലധനത്തിന്റെ സ്വതന്ത്രമായ വിനിയോഗത്തിന് തടസ്സം നിൽക്കുന്നത് തൊഴിൽ നിയമങ്ങളാണ് എന്നാണ് ഇന്ത്യൻ കോർപ്പേററ്റുകൾ എക്കാലവും പറഞ്ഞുവന്നത്. വ്യവസായം അനായാസം നടത്താനുള്ള തങ്ങളുടെ അവകാശത്തിന് തൊഴിൽ നിയമങ്ങളും തൊഴിലാളികളും അവരുടെ യൂണിയനുകളുമാണ് തടസ്സം എന്ന കോർപറേറ്റ് വാദമാണ് കോഡീകരണം വഴി അംഗീകരിക്കപ്പെടുന്നത്. വ്യവസായം നടത്തിക്കൊണ്ടുപോകാൻ സഹായിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും വളർച്ചയും വികസനവും മൂലധനത്തിന്റെ സുഗമമായ നീക്കവുമാണ് അതിനാവശ്യവുമെന്ന കോർപ്പറേറ്റ് മൂലധന സിദ്ധാന്തങ്ങളാണ് പുതിയ തൊഴിൽ സംഹിതയുടെ ഉൗർജസ്രോതസ്സ്. ഇതിനുപിന്നിലെ താൽപര്യം സാധാരണക്കാരായ സംരംഭകരുടേതല്ല എന്ന് മോദി ഭരണകൂടവും ഇന്ത്യൻ കോർപ്പറേറ്റുകളും തമ്മിലുള്ള സമീപകാല സൗഹാർദ്ദത്തിന്റെ ഗാഢത നിരീക്ഷിച്ചാൽ ബോധ്യമാവും. രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനമായ കിർലോസ്‌കർ ബ്രദേഴ്‌സിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് 2020 ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ കോപ്പറേറ്റുകളോട് പറഞ്ഞത് ‘തടസ്സരഹിതമായ സുതാര്യാന്തരീക്ഷത്തിൽ നിർഭയം ധനം ഉണ്ടാക്കാൻ അനുവദിക്കാനാണ് ഗവൺമെന്റ് തീരുമാനം' എന്നാണ്. നിയമത്തിന്റെ വലക്കെട്ടുകളിൽ നിന്ന് വ്യവസായമേഖലയെ മോചിപ്പിക്കുമെന്നും നികുതിയുടെയും നിയമങ്ങളുടെയും കാര്യത്തിൽ സുതാര്യതയും കാര്യക്ഷമതയും പ്രതിബദ്ധതയും ഉറപ്പാക്കി ഗവൺമെന്റ് ഇടപെടലുകൾ പരിമിതപ്പെടുത്തും എന്നും അദ്ദേഹം കോർപ്പേററ്റ് ലോകത്തിന് ഉറപ്പ് നൽകി. കോർപ്പേററ്റ് നികുതി കുറച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം അവരോട് പറഞ്ഞു- അതെല്ലാം നിങ്ങളെ നിക്ഷേപത്തിന് പ്രേത്സാഹിപ്പിക്കാനാണ്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലേക്കും വ്യവസായം വ്യാപിപ്പിക്കാൻ സർക്കാർ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുമായി തോളോട് തോൾ ചേർന്ന് നിൽക്കും.

ഇത് വെറുമൊരു വാഗ്ദാനമല്ല; ചങ്കെടുത്ത് കാണിക്കുന്നതിന്റെ തുടർച്ചയാണ്. 33 % ആയിരുന്ന കോർപ്പറേറ്റ് നികുതി 2019 സെപറ്റംബറിൽ 25.17% ആയി മോദി സർക്കാർ കുറച്ചുകൊടുത്തു. കോർപ്പറേറ്റുകൾക്കുള്ള മോദി ഭരണകൂടത്തിന്റെ ഉത്തേജകം എന്നാണ് 1.45 ലക്ഷം കോടി രൂപയുടെ ഈ നികുതി ഇളവിനെ ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. അധികാരത്തിലേറിയ 2014 മുതൽ മോദി ഭരണകൂടം കോർപ്പറേറ്റുകൾക്ക് നൽകിയ നികുതി ആനുകൂല്യങ്ങൾ കണക്ക് കൂട്ടിയാൽ അത് 5.76 ലക്ഷം കോടി രൂപ വരുമെന്ന് അദ്ദേഹത്തെ ന്യായീകരിക്കുന്ന സാമ്പത്തിക മാധ്യമങ്ങൾ പറയുന്നു.
ധനമന്ത്രിയുടെ ഈ പുതിയ സമ്മാനം കയറ്റുമതി പ്രോത്സാഹനത്തിന് 50,000 കോടി രൂപയുടെയും മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുർത്തീകരിക്കാൻ റിയൽ എസ്റ്റേറ്റ് മേഖലക്ക് 10,000 കോടി രൂപയുടേതുമടക്കം ഏതാനും വൻആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് എന്നോർക്കണം. സാമ്പത്തിക മാന്ദ്യം മറികടന്ന് സജീവമാകാനും അതുവഴി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണത്രെ, മോദി ഇങ്ങനെ ഇവർക്ക് വാരിക്കോരി കൊടുക്കുന്നത്. എല്ലാം അനായാസ വാണിജ്യ സൗകര്യത്തിനായി.
ഇവിടെ ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം, നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. അത് ഫലപ്രദമായി ഉന്നയിക്കപ്പെടുന്നില്ല എന്നിടത്താണ് ഇന്ത്യൻ ദുരന്തം. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ചിതറിത്തീരുന്ന ചെറുത്തുനിൽപ്പിൽ കോർപ്പറേറ്റുകൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അപ്പോൾ കോർപ്പറേറ്റുകൾക്ക് തങ്ങളുടെ ബിസിനസ് അനായാസം നടത്തിക്കൊണ്ടുപോകാം. പക്ഷെ, ദശലക്ഷങ്ങൾ വരുന്ന സാധാരണ മനുഷ്യരുടെ ജീവിതം ആയാസപൂർണമാകുക മാത്രമല്ല, അവരുടെ ജീവിതത്തിന് മുകളിലൂടെ കോർപ്പറേറ്റ് മൂലധനത്തിന്റെ രഥചക്രങ്ങൾ ഉരുണ്ട്‌നീങ്ങും. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റൽ പ്രാകൃതത്വത്തിലേക്കാകും എന്ന് ഭയക്കേണ്ടിയിരിക്കുന്നു.

(കേരള യൂണി​യൻ ഓഫ്​ വർക്കിങ്​ ജേണലിസ്​റ്റ്​സ്(KUWJ)​ മുൻ സംസ്​ഥാന ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)


Summary: ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ചിതറിത്തീരുന്ന ചെറുത്തുനിൽപ്പിൽ കോർപ്പറേറ്റുകൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റൽ പ്രാകൃതത്വത്തിലേക്കാകും- 480 ദശലക്ഷം തൊഴിലാളി സമൂഹത്തെ അടിമത്തത്തിലാഴ്ത്തുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയുടെ അപകടങ്ങൾ വിലയിരുത്തുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ


Comments