പുതിയ ലേബർ കോഡുകൾ രാജ്യം കണ്ട ഏറ്റവും പുരോഗമനാത്മകമായ തൊഴിൽ പരിഷ്കരണമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാൽ, യഥാർത്ഥത്തിൽ അവ ഇന്ത്യയിലെ തൊഴിലാളികളെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ഒരു കൂട്ടം പിന്തിരിപ്പൻ നിയമനിർമ്മാണങ്ങളാണ്.
ഒരു തൊഴിൽദിനത്തിൻെറ ദൈർഘ്യം 12 മണിക്കൂറാക്കാൻ ലേബർ കോഡ് അനുമതി നൽകുന്നു. തൊഴിലാളി സംഘടനകളുടെ രൂപീകരണം, വേതനം വർധിപ്പിക്കുന്നതിനുള്ള ആവശ്യം, സമരം നടത്തുന്നതിനുള്ള അവകാശം എന്നിവ കടുത്ത വ്യവസ്ഥകൾ വെച്ചുകൊണ്ട് അസാധ്യമാക്കുന്നു. ഇന്ത്യയിലെ അധ്വാനിക്കുന്ന തൊഴിലാളിവർഗം കർഷക പ്രസ്ഥാനത്തിൻെറ പിന്തുണയോടെ ബ്രിട്ടീഷ് സർക്കാരിനെതിരെ കടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ചാണ് ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതിനുള്ള അവകാശം നേടിയെടുത്തത്. ലേബർ കോഡുകൾ ഈ രാജ്യത്തെ തൊഴിലാളികളെ വഞ്ചിക്കുകയാണ്. ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഇരകളാക്കി തൊഴിലാളികളെ മാറ്റിത്തീർക്കുകയാണ് ലേബർ കോഡുകൾ ചെയ്യുന്നത്.

ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണ്. അത് തൊഴിലാളികളുടെ നിലവിലുള്ള സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളി ഉയർത്തുകയും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും മുതലാളിമാർക്കും തങ്ങളുടെ വ്യാപാരം എളുപ്പത്തിൽ ലാഭകരമായി ചെയ്യുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയുമാണ് ചെയ്യുന്നത്. “തൊഴിലെടുക്കുക… പിരിച്ചുവിടുക…” എന്ന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ് ലേബർ കോഡുകൾ.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം ഒരു സ്ഥാപനത്തിന് പിരിച്ചുവിടാൻ സർക്കാർ അനുമതി ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൻെറ പരിധി 100-ൽ നിന്ന് 300 ആയി വർധിപ്പിച്ചിരിക്കുന്നു. അതിനാൽ, ബഹുഭൂരിപക്ഷം ബിസിനസ് സ്ഥാപനങ്ങൾക്കും പെൻഷനുകൾ ഉൾപ്പെടെയുള്ള നഷ്ടപരിഹാരമോ വിരമിക്കൽ ആനുകൂല്യങ്ങളോ ഇല്ലാതെ തൊഴിലാളികളെ എളുപ്പത്തിൽ പിരിച്ചുവിടാൻ ഇത് അനുവദിക്കുന്നു. സ്ഥിരജോലി എന്ന വ്യവസ്ഥയെ മൊത്തത്തിൽ തന്നെ ഇല്ലായ്മ ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീർഘകാല ആനുകൂല്യങ്ങളോ തൊഴിൽ സുരക്ഷയോ ഇല്ലാതെ, കമ്പനികൾക്ക് അവരുടെ ശമ്പളത്തിൽ ഹ്രസ്വകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന ഒരു തൊഴിൽ വ്യവസ്ഥയാണിത്. ഇത് സ്ഥിരജോലിക്കാരായ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും കരാർ ജീവനക്കാരുടെ എണ്ണം വല്ലാതെ വർധിപ്പിക്കുകയും ചെയ്യും. ഇത് യുവാക്കളുടെ സ്ഥിരം തൊഴിൽ സ്വപ്നത്തെ പിന്നിൽനിന്ന് കുത്തുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നത്, അതുവഴി കർഷക കുടുംബങ്ങളിലെ യുവതലമുറയുടെ ഭാവിയും നശിപ്പിക്കുകയാണ്.
RSS ബന്ധമുള്ള ഭാരതീയ മസ്ദൂർ സംഘ് (BMS) പുതിയ തൊഴിൽ നിയമങ്ങളെ പിന്തുണയ്ക്കുകയും തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്തത് ലജ്ജാകരമാണ്.
രാജ്യം മുഴുവൻ കാർഷിക പ്രതിസന്ധി രൂക്ഷമാവുകയും തൊഴിലില്ലായ്മ നാൾക്കുനാൾ വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ ഞങ്ങൾ ലേബർ കോഡുകളെ ശക്തമായി എതിർക്കുന്നു. RSS ബന്ധമുള്ള ഭാരതീയ മസ്ദൂർ സംഘ് (BMS) പുതിയ തൊഴിൽ നിയമങ്ങളെ പിന്തുണയ്ക്കുകയും തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്തത് ലജ്ജാകരമാണ്.
മോദി സർക്കാർ ഈ പിന്തിരിപ്പൻ ലേബർ കോഡുകൾ ഉടൻ പിൻവലിച്ച് തൊഴിലാളികളോടും യുവാക്കളോടും മാപ്പ് പറയണമെന്ന് എ.ഐ.കെ.എസ് ആവശ്യപ്പെടുന്നു. ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനെതിരെ രാജ്യത്ത് ഉയർന്ന് വരുന്ന ബഹുജന തൊഴിലാളി പ്രതിഷേധങ്ങളോട് ഞങ്ങൾ ഐക്യപ്പെടുന്നു.
