ആശാ വർക്കർമാരുടെ രാപ്പകൽ സമരം ആരംഭിച്ചത് മുതൽ സംസ്ഥാന സർക്കാരും സി.ഐ.ടി.യു അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇടതുപക്ഷ നേതാക്കളും പറഞ്ഞുകൊണ്ടിരുന്ന പ്രധാന കാര്യമായിരുന്നു അവരുടെ ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്നത്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തിനെതിരെ സമരം ചെയ്തിട്ട് കാര്യമില്ല, പകരം കേന്ദ്ര സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെച്ചുകൊണ്ട് ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിനൽകാനാകില്ല എന്ന സർക്കാർ വാദം തെറ്റാണെന്ന് തുറന്നുകാട്ടുകയാണ് പ്രൊഫ. കെ.പി. കണ്ണൻ. ട്രൂ കോപ്പിതിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.
അധ്വാനിക്കുന്ന എല്ലാവരെയും ഇവിടെ തൊഴിലാളികളായി അംഗീകരിക്കുന്നില്ല. തൊഴിലാളിയെന്ന അംഗീകാരമില്ലാത്തത് കൊണ്ട് ഇവർക്ക് അർഹമായ വേതനവും നൽകേണ്ടതില്ലെന്ന മനോഭാവമാണെന്ന് കെ.പി. കണ്ണൻ പറയുന്നു. അവരുടെ അധ്വാനത്തെ അംഗീകരിക്കാതെ ഓണറേറിയം എന്ന പേരിൽ ഔദാര്യം പോലെയുള്ള ചെറിയ തുകമാത്രമാണ് നൽകുന്നത്. ദൈനംദിന ജീവിതത്തിലെ മറ്റെല്ലാ ജോലികളും തീർത്തശേഷമാണ് ഈ സ്ത്രീകൾ ആശാവർക്കറായും അങ്കണവാടിയിലെ ജോലിക്കും കുടുംബശ്രീയുമായി ബന്ധപ്പെട്ട ജോലികൾക്കും പോകുന്നത്. ഇതിലൂടെ സമൂഹത്തിൽ വലിയ ഇടപെടലാണ് ഇവർ നടത്തുന്നത്.
''11,000 രൂപയുടെ വർധനവാണ് ആശാ വർക്കർമാർ ചോദിച്ചിരിക്കുന്നത്. ഒരു വർഷം 21,000 രൂപ, 26,000 ആശമാർക്ക് കൊടുക്കാൻ ഒരു വർഷം 396 കോടി രൂപയാണ് വേണ്ടത്. നമ്മുടെ ബജറ്റിൽ ആകെ ചെലവ് 1,25,000 കോടി രൂപയാണ്. ഇത്രയും വലിയൊരു ബജറ്റിൽ 400 കോടി രൂപ അത്ര വലിയ സംഖ്യയല്ല,'' കെ.പി. കണ്ണൻ പറഞ്ഞു.

ആശമാർ ചോദിച്ച 21000 രൂപയെന്ന ഓണറേറിയം വർധനവ് നൽകാൻ സർക്കാരിന് യാതൊരു പ്രയാസവുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. “നികുതി മുഴുവനായി പിരിച്ചെടുക്കാൻ സർക്കാരിന് യാതൊരു താൽപര്യവുമില്ല. മറ്റ് പാർട്ടികൾക്കും ഇതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ചുരുങ്ങിയത് കെ.എൻ ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം 2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വരുമാനത്തിന്റെ 8.5 ശതമാനം അദ്ദേഹം നികുതിയായി പിരിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം അത് 7.9 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വർഷം ഇത് 7.8 ശതമാനമായി കുറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിലേത് പോലെ 8.5 ശതമാനം നികുതി പിരിച്ചിരുന്നുവെങ്കിൽ ഈ വർഷം 9000 കോടി രൂപ അധികമായി ലഭിക്കുമായിരുന്നു. കാരണം കേരളത്തിന്റെ സമ്പദ്ഘടന വളർന്നു കൊണ്ടിരിക്കുകയാണ്. ഒരു ശതമാനം കൂടുതൽ പിരിച്ചാൽ തന്നെ 12000 കോടി രൂപയാണ് കേരളത്തിന് കിട്ടുന്നത്. അപ്പോൾ പണമില്ലാത്തത് കൊണ്ടാണ് ഓണറേറിയം വർധിപ്പിക്കാനാകാത്തത് എന്ന് പറയുന്നത് ശരിയല്ല,” അദ്ദേഹം വ്യക്തമാക്കി.
“നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണ് ‘ആശ’. കേന്ദ്ര സർക്കാർ നിശ്ചയിച്ച ജോലികൾ ചെയ്യാനാണ് അന്ന് ഇൻസെന്റീവ് നൽകി സ്ത്രീകളെ തെരഞ്ഞെടുത്തത്. അതിനുപുറമെ സംസ്ഥാനങ്ങൾക്കും ആശമാരെക്കൊണ്ട് ജോലി എടുപ്പിക്കാം. അതിനുള്ള ഓണറേറിയം അതാത് സംസ്ഥാനങ്ങൾ നൽകണം എന്നതാണ് വ്യവസ്ഥ. ഇതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഈ തൊഴിലെടുക്കുന്ന സ്ത്രീകളെ തൊഴിലാളികളായി കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇന്ന് പല സംസ്ഥാനങ്ങളിലും ആശമാരുടെ ജോലിഭാരം വല്ലാതെ കൂടി. അപ്പോൾ അവരെ ഏറ്റെടുക്കാൻ തയ്യാറാകണം. അതിന് കേന്ദ്ര സർക്കാരിന്റെ കൂടി പിന്തുണ വേണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളും ചേർന്ന് കേന്ദ്രത്തോട് പദ്ധതിക്കായുള്ള കേന്ദ്ര വിഹിതം കൂട്ടാൻ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന ആശ പദ്ധതിയിൽ ഓണറേറിയം വർധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. ഓണറേറിയം 7000 വരെ എത്തിയതും സംസ്ഥാന സർക്കാരിന്റെ തീരുമാനം അനുസരിച്ചാണ്. എല്ലാ അഞ്ചു വർഷവും കൂടുന്തോറും സംസ്ഥാനം ശമ്പള കമ്മീഷൻ വെക്കുന്നത് പോലും കേന്ദ്രത്തോട് ചോദിച്ചിട്ടല്ല. ഒരു ഫെഡറൽ സംവിധാനത്തിൽ കൊടുക്കൽ വാങ്ങലുകൾ നടക്കേണ്ടത് സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിലാണ്. അതിന് എല്ലാ സംസ്ഥാനങ്ങളും ഒന്നിക്കുകയും ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് മുഴുവൻ ചിലവും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ് വേണ്ടത്. ജനാധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്. നീതിയുക്തമല്ലാത്ത കാര്യങ്ങൾ നടക്കുമ്പോൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അതിനെ എതിർക്കുന്ന നിലപാടാണ് വേണ്ടത്. ആശാ സമരത്തിൻെറ നിലപാട് അതാണ്,” കെ.പി കണ്ണൻ പറഞ്ഞു.