നോയിഡ പ്രക്ഷോഭവും
വർഗസമരത്തിന്റെ
പുതിയ രൂപങ്ങളും

‘‘നോയിഡ സമരം കേവലം പ്രാദേശിക പ്രതിഷേധമല്ല, മറിച്ച് വിപണിയുക്തിയിൽ അധിഷ്ഠിതമായ വികസന മാതൃകകളുടെ സാധുതയെത്തന്നെ ചോദ്യംചെയ്യുന്ന പ്രതിഷേധമാണ്. സമകാലിക ഇന്ത്യയിൽ മൂലധനം, ഭരണകൂടം, പൗരർ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഷ്ട്രീയമമായ പുനർചിന്തനം ആവശ്യമാണെന്ന് ഈ സമരം ബോദ്ധ്യപ്പെടുത്തുന്നുണ്ട്’’- ഡോ. ടി.ടി. ശ്രീകുമാർ എഴുതുന്നു.

മകാലിക ഇന്ത്യയിലെ വർഗസമരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിലേക്ക് സുവ്യക്തമായ ചില ഉൾക്കാഴ്ചകൾ നൽകുന്ന തൊഴിലാളിസമരമാണ് നോയിഡയിലേത്. തൊഴിലാളികൾക്കിടയിലെ ഭിന്നത (fragmentation), തൊഴിലില്ലായ്മയും ജോലിയുടെ അനിശ്ചിതാവസ്ഥകളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും (precarity), സംഘടിത രാഷ്ട്രീയത്തിന്റെ അസമമായ സ്വാധീനം എന്നിവ സമകാലിക തൊഴിലാളി പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ പ്രതിഷേധങ്ങൾ തുടക്കത്തിൽ വ്യവസ്ഥാപിത യൂണിയനുകളാൽ നയിക്കപ്പെട്ടതല്ല എന്നതും, മറിച്ച് കരാർ ജോലികൾ, കുടിയേറ്റ തൊഴിലാളികൾ, അനൗദ്യോഗിക വ്യവസായമേഖലകൾ എന്നിവയ്ക്കുള്ളിലെ അനിവാര്യമായ വൈരുദ്ധ്യങ്ങളിൽനിന്ന് ഉടലെടുത്തതാണെന്നതും ഈ സമരങ്ങളുടെ സ്വഭാവത്തെ നിർണയിക്കുന്നതിൽ പ്രസക്തമായ വസ്തുതകളാണ്.

വേതനം, തൊഴിൽ സാഹചര്യങ്ങൾ, അടിസ്ഥാന സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ മാർക്സിസ്റ്റ് സമീപനത്തിൽ ക്ലാസിക്കൽ മുദ്രാവാക്യങ്ങളാണെങ്കിലും, സമരരീതി പാരമ്പര്യമായി കണ്ടുവരുന്ന ഫാക്ടറി അധിഷ്ഠിതമോ യൂണിയൻ നയിക്കുന്നതോ ആയ പണിമുടക്കുകളിൽനിന്ന് വ്യത്യസ്തമാണ് എന്നു കാണാം. പകരം, അനൗപചാരിക തൊഴിലാളി ഐക്യങ്ങളിലൂടെയും ആശയവിനിമയ സംവിധാനങ്ങളിലൂടെയും രൂപപ്പെട്ട വികേന്ദ്രീകൃത പ്രതിഷേധമാണ് ഇവിടെ കാണുന്നത്. അതേസമയം നോയിഡ സമരത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനും കഴിയില്ല. മറിച്ച് ഇന്ത്യയിലെ സമകാലിക മുതലാളിത്തത്തിനുള്ളിലെ ആഴത്തിലുള്ള ഘടനാപരമായ വൈരുദ്ധ്യങ്ങളുടെ ലക്ഷണമായാണ് മനസ്സിലാക്കേണ്ടത്.

നോയിഡയിലേതുപോലുള്ള സമരങ്ങളുടെ വിജയത്തിനും ഭാവിയിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ ഏകീകരണത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയും ഒരു പരിധിവരെ ലിബറൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പിന്തുണ അത്യന്താപേക്ഷിതമാകുന്നത് ചരിത്രപരമായി മനസ്സിലാക്കപ്പെടെണ്ട വസ്തുതയാണ്.

ഈ സമരം രണ്ട് പ്രധാന ദിശകളിലേക്ക് വിരൽ ചൂണ്ടുന്നു.

ഒന്ന്: ഈ താൽക്കാലിക മുന്നേറ്റങ്ങൾ സ്ഥിരതയുള്ള പ്രത്യയശാസ്ത്രാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് നീങ്ങുകയും കൂടുതൽ ശക്തമായ ഒരു വർഗരാഷ്ട്രീയമായി മാറുകയും, തൊഴിലാളികളുടെയും അനുബന്ധ വിഭാഗങ്ങളുടെയും വലിയ സാമൂഹിക രൂപീകരണത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്.

രണ്ട്: ക്ഷണിക പ്രതിഷേധങ്ങൾ നിരന്തരം ഉയരുകയും അവസാനിക്കുകയും ചെയ്യുക- അതായത്, ഘടനാപരമായ പരിമിതികൾമൂലം സമരങ്ങൾ താൽക്കാലികവും ചിതറിക്കിടക്കുന്നതും സ്ഥാപനപരമായ അടിത്തറയില്ലാത്തതുമായി ചിതറിപ്പോവുക എന്ന സമകാലികാവസ്ഥ തുടരുമോ എന്ന ചോദ്യവും പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ, ഇത്തരം സമരങ്ങളുടെ വിജയത്തിനും ഭാവിയിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ ഏകീകരണത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയും ഒരു പരിധിവരെ ലിബറൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പിന്തുണ അത്യന്താപേക്ഷിതമാകുന്നത് ചരിത്രപരമായി മനസ്സിലാക്കപ്പെടേണ്ട വസ്തുതയാണ്.

നോയിഡ സമരത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല. മറിച്ച് ഇന്ത്യയിലെ സമകാലിക മുതലാളിത്തത്തിനുള്ളിലെ ആഴത്തിലുള്ള ഘടനാപരമായ വൈരുദ്ധ്യങ്ങളുടെ ലക്ഷണമായാണ്  മനസ്സിലാക്കേണ്ടത്.
നോയിഡ സമരത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല. മറിച്ച് ഇന്ത്യയിലെ സമകാലിക മുതലാളിത്തത്തിനുള്ളിലെ ആഴത്തിലുള്ള ഘടനാപരമായ വൈരുദ്ധ്യങ്ങളുടെ ലക്ഷണമായാണ് മനസ്സിലാക്കേണ്ടത്.

ഇന്ത്യയിലെ പുതിയ തൊഴിൽ രാഷ്ട്രീയത്തിലെ ജാതി- വർഗ വൈരുദ്ധ്യങ്ങൾ

നോയിഡ സമരം ഒരു കേന്ദ്രീകൃത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്നതല്ലെങ്കിലും, തൊഴിലാളികളുടെ വികേന്ദ്രീകൃതമായ മുന്നേറ്റത്തിൽ നിന്നാണ് ഉടലെടുത്തത്. പിന്നീട് സംഘടിത തൊഴിലാളി സംഘടനകൾ ഇതിലേക്ക് കടന്നുവരികയായിരുന്നു. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ ഏറ്റവും ശ്രദ്ധേയമായത് സിഐ.ടി.യു ആണ്. അവർ വേതന പരിഷ്കരണത്തെ വിമർശിക്കുകയും ഈ പോരാട്ടത്തെ ദേശീയതലത്തിലെ തൊഴിൽ പ്രശ്നങ്ങളുടെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ പോലുള്ള മറ്റ് സംഘടനകളും ഭരണകൂട അടിച്ചമർത്തലുകളെ അപലപിച്ച് രംഗത്തെത്തി. കൂടാതെ, 'മസ്ദൂർ ബിഗുൽ ദസ്ത' (Mazdoor Bigul Dasta) പോലുള്ള ചെറുകിട സന്നദ്ധ കൂട്ടായ്മകൾ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

സമരസ്ഥലത്തേക്ക് സി പി എം നേതാക്കൾ നേരിട്ടെത്തിയത്, ഈ പ്രക്ഷോഭത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനുള്ള ശ്രമം സൂചിപ്പിക്കുന്നു.

സമരസ്ഥലത്തേക്ക് സി പി എം നേതാക്കൾ നേരിട്ടെത്തിയത്, ഈ പ്രക്ഷോഭത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനുള്ള ശ്രമം സൂചിപ്പിക്കുന്നു. സി പി ഐ, സി പി.ഐ- എം.എൽ. (ലിബറേഷൻ) തുടങ്ങിയ ഇടതുപ്രസ്ഥാനങ്ങളും സമരത്തെ പിന്തുണച്ചിട്ടുണ്ട്. എങ്കിലും, യൂണിയനുകളും രാഷ്ട്രീയപാർട്ടികളും നേതൃത്വം നൽകുന്ന സമരമായി ഇതിനെ കണക്കാക്കാൻ കഴിയില്ല. ഇത് പുതിയ കാലത്തെ ചിതറിക്കിടക്കുന്ന (fragmented) തൊഴിലാളി രാഷ്ട്രീയത്തിന്റെ പരിമിതികളെ വെളിപ്പെടുത്തുന്നു. ശൃംഖലാബദ്ധവും പെട്ടെന്നുണ്ടാകുന്നതുമായ ഇത്തരം മുന്നേറ്റങ്ങൾക്ക് വലിയ ശക്തിയാകാൻ കഴിയുമെങ്കിലും, അവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംഘടനാപരമായ കെട്ടുറപ്പോ തന്ത്രപരമായ ദിശയോ ഇല്ലാത്തത് പരമ്പരാഗത ട്രേഡ് യൂണിയൻ സംവിധാനങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നുവെന്ന് അടിവരയിടുന്നതാണ്. ഭരണകൂടമർദ്ദനവും ഭീഷണികളും മൂലം പല സമരങ്ങളും അടിസ്ഥാന ലക്ഷ്യങ്ങൾ പോലും നേടാനാവാതെ അവസാനിക്കുന്നതും ഈ സവിശേഷ സാഹചര്യത്തിന്റെ സൃഷ്ടിയാണ്.

സി.പി.എം അടക്കമുള്ള ഇടതു പാർട്ടികൾ ഈ സമരത്തിന് കൂടുതൽ വ്യക്തമായ ശബ്ദം നൽകുകയും ഘടനാപരമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമ്പോൾ, ലിബറൽ- പ്രാദേശിക പാർട്ടികളുടെ പ്രതികരണം തികച്ചും വ്യത്യസ്തമാണ്. കോൺഗ്രസ് പോലുള്ള പാർട്ടികൾ തങ്ങളുടെ ഇടപെടലുകളെ പ്രധാനമായും പോലീസ് അടിച്ചമർത്തലുകളെയും ഭരണപരമായ വീഴ്ചകളെയും വിമർശിക്കുന്നതിൽ മാത്രമായി പരിമിതപ്പെടുത്തി. അവർ ഈ പ്രശ്നത്തെ തൊഴിലും മൂലധനവും തമ്മിലുള്ള ഘടനാപരമായ പോരാട്ടമായി കാണുന്നതിനുപകരം, ഭരണപരാജയമായും ഭരണഘടനാപരമായ ഉത്തരവാദിത്തമായുമാണ് ചിത്രീകരിച്ചത്. ഉത്തർപ്രദേശിലെ സാന്ദർഭികമായ പ്രാദേശിക സ്വാധീനം ഉപയോഗിച്ച് സമാജ്‌വാദി പാർട്ടി സമരത്തിൽ കുറച്ച് സജീവമായെങ്കിലും, അവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്രം കാഴ്ചപ്പാടിൽ നിന്നാണ് ഇതിനെ സമീപിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും, അവ ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ എന്നതിലുപരി പ്രതീകാത്മക പ്രസ്താവനകളിൽ ഒതുങ്ങി. ഇടതുപാർട്ടികൾ ഈ സമരത്തെ വിശാലമായ വർഗരാഷ്ട്രീയത്തിന്റെ ഭാഗമായി കാണാൻ ശ്രമിക്കുമ്പോൾ, മറ്റ് പാർട്ടികൾ ഇതിനെ രാഷ്ട്രീയമായ നിലപാടുകൾ ഉറപ്പിക്കാനുള്ള സന്ദർഭമായിട്ടാണ് കണ്ടത്.

നോയിഡ സമരം ഒരു കേന്ദ്രീകൃത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്നതല്ലെങ്കിലും, തൊഴിലാളികളുടെ വികേന്ദ്രീകൃതമായ മുന്നേറ്റത്തിൽ നിന്നാണ് ഉടലെടുത്തത്. പിന്നീട് സംഘടിത തൊഴിലാളി സംഘടനകൾ ഇതിലേക്ക് കടന്നുവരികയായിരുന്നു.
നോയിഡ സമരം ഒരു കേന്ദ്രീകൃത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്നതല്ലെങ്കിലും, തൊഴിലാളികളുടെ വികേന്ദ്രീകൃതമായ മുന്നേറ്റത്തിൽ നിന്നാണ് ഉടലെടുത്തത്. പിന്നീട് സംഘടിത തൊഴിലാളി സംഘടനകൾ ഇതിലേക്ക് കടന്നുവരികയായിരുന്നു.

ഏറ്റവും അടിസ്ഥാനപരമായ തലത്തിൽ നോക്കിയാൽ, ഈ സമരത്തിനുപിന്നിൽ പ്രവർത്തിക്കുന്ന കരാർ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, അരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളിൽ കഴിയുന്നവർ എന്നിവരിൽ ഭൂരിഭാഗവും ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ദലിത്, ഒ.ബി.സി (OBC) വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ജാതിശ്രേണികൾ മുതലാളിത്ത ഉൽപാദന വ്യവസ്ഥയ്ക്കുള്ളിൽ എങ്ങനെ വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നതിന്റെ തെളിവാണിത്. അതിനാൽ വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴും, ഇത് യഥാർത്ഥത്തിൽ സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടം കൂടിയാണ്. ഇവിടെ ജാതി എന്നത് വർഗ രൂപീകരണത്തിന്റെ പശ്ചാത്തലമായി പ്രവർത്തിക്കുന്നു. അതായത്, ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളിവിഭാഗം ജാതിബന്ധത്താൽ നിശ്ചയിക്കപ്പെടുന്നവരാകുന്നു.

നഗര വ്യവസായ മേഖലകളിൽ വിവിധ ജാതികളിലും ദേശങ്ങളിലും നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഒരേ ചൂഷണത്തിന് വിധേയരാകുമ്പോൾ, ജാതി എന്ന സംവർഗ്ഗം വർഗത്തിനു കീഴിലേക്ക് ഭാഗികമായി ഒതുക്കപ്പെടുന്നതായി പുറമേ അനുഭവപ്പെടാം. എങ്കിലും ജാതി അദൃശ്യമാകുന്നു എന്നല്ല ഇതിനർത്ഥം.

നഗര വ്യവസായ മേഖലകളിൽ വിവിധ ജാതികളിലും ദേശങ്ങളിലും നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഒരേ ചൂഷണത്തിന് വിധേയരാകുമ്പോൾ, ജാതി എന്ന സംവർഗ്ഗം വർഗത്തിനു കീഴിലേക്ക് ഭാഗികമായി ഒതുക്കപ്പെടുന്നതായി പുറമേ അനുഭവപ്പെടാം. എങ്കിലും ജാതി അദൃശ്യമാകുന്നു എന്നല്ല ഇതിനർത്ഥം; മറിച്ച് ജാതിപരമായ അസമത്വങ്ങൾ സ്വത്വവാദങ്ങളായിട്ടല്ല, മറിച്ച് തൊഴിൽപരമായ അരക്ഷിതാവസ്ഥയിലൂടെയാണ് ഇവിടെ പ്രകടമാകുന്നത്.

ആഗോള- ദേശീയ- പ്രാദേശിക തലങ്ങളിലുള്ള മൂലധനത്തിന്റെ വിവിധ അടരുകളിലുള്ള പ്രവർത്തനങ്ങൾക്കെതിരായ, കൃത്യസമയത്തുള്ളതും എന്നാൽ സൂചനാപരവുമായ പ്രതിഷേധമായി നോയിഡ സമരത്തെ കാണാം. നഗരങ്ങളോട് ചേർന്നുള്ള പ്രാന്തപ്രദേശങ്ങളിൽ (peri-urban India) ഇത്തരം പ്രവർത്തനങ്ങളുടെ പ്രത്യാഘാതം വർദ്ധിച്ചുവരികയാണ്. ഭൂമി ഏറ്റെടുക്കൽ, ഊഹക്കച്ചവടത്തിലധിഷ്ഠിതമായ റിയൽ എസ്റ്റേറ്റ് വികസനം, വീട് നിർമ്മാണ പദ്ധതികളിലെ കാലതാമസം, ജാതീയ അടിച്ചമർത്തലുകൾ, കാർഷിക സമൂഹങ്ങളുടെ കുടിയിറക്കൽ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കകളാണ് ഈ അശാന്തിയുടെ കാതൽ.

ആഗോള ധനകാര്യ- അടിസ്ഥാന സൗകര്യ ശൃംഖലകളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ഒരു പ്രധാന കേന്ദ്രമായി നോയിഡ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ നയങ്ങളും കോർപ്പറേറ്റ് താൽപ്പര്യങ്ങളും ആഗോള മൂലധനവും ഒത്തുചേരുന്ന ഒരിടമായി ഇത് ദീർഘകാലമായി പ്രവർത്തിക്കുന്നു. വികസനത്തിന്റെ വാഗ്ദാനങ്ങളും, എന്നാൽ പ്രായോഗിക ജീവിതത്തിൽ അനുഭവപ്പെടുന്ന പാർശ്വവൽക്കരണം, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, തദ്ദേശീയമായ ഉപജീവനമാർഗങ്ങളുടെ തകർച്ച എന്നിവയും തമ്മിലുള്ള വൈരുദ്ധ്യത്തിൽ നിന്നാണ് ഈ സമരം ഉയർന്നുവരുന്നത്.

ആഗോള- ദേശീയ- പ്രാദേശിക തലങ്ങളിലുള്ള മൂലധനത്തിന്റെ വിവിധ അടരുകളിലുള്ള പ്രവർത്തനങ്ങൾക്കെതിരായ, കൃത്യസമയത്തുള്ളതും എന്നാൽ സൂചനാപരവുമായ പ്രതിഷേധമായി നോയിഡ സമരത്തെ കാണാം.
ആഗോള- ദേശീയ- പ്രാദേശിക തലങ്ങളിലുള്ള മൂലധനത്തിന്റെ വിവിധ അടരുകളിലുള്ള പ്രവർത്തനങ്ങൾക്കെതിരായ, കൃത്യസമയത്തുള്ളതും എന്നാൽ സൂചനാപരവുമായ പ്രതിഷേധമായി നോയിഡ സമരത്തെ കാണാം.

ഏതൊക്കെ സാമൂഹിക വൈരുദ്ധ്യങ്ങളിൽനിന്നാണ് ഈ സമരങ്ങൾ രൂപം കൊള്ളുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരുവശത്ത് വികസന യൂട്ടോപ്പിയയും ബഹിഷ്കൃതത്വത്തിന്റെ ജീവിതയാഥാർത്ഥ്യവും തമ്മിൽ, അനന്തമായി നീളുന്ന വികസന പദ്ധതികളും അവക്കായി സ്ഥലം നഷ്ടപ്പെട്ട് നഷ്ടപരിഹാരത്തിനുവേണ്ടി പൊരുതുന്ന കർഷകരും തമ്മിൽ, അനിശ്ചിതമായി നീളുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിക്കുന്ന ഹോംബയേർസും റിയൽ എസ്റ്റേറ്റ് മൂലധനവും ഫിനാൻഷ്യൽ മൂലധനവും തമ്മിൽ, അരക്ഷിതാവസ്ഥ നേരിടുന്ന അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളും ചെറുകിട- വൻകിട വ്യാപാര മൂലധനവും തമ്മിൽ, സാമൂഹിക നീതിയേക്കാൾ മൂലധന സമാഹരണത്തിന് മുൻഗണന നൽകുന്ന വികസന മാതൃകയും തകരുന്ന ക്ഷേമഭരണകൂടവും തമ്മിൽ- മൂർത്തമായ സവിശേഷതകൾ നിരവധി സമാന്തര വൈരുദ്ധ്യങ്ങൾക്ക് കാരണമാകുന്ന ചരിത്ര സന്ദർഭമാണിത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി നോക്കിയാൽ, വ്യത്യസ്ത സ്വഭാവമുള്ളതും എന്നാൽ ഒരു പരിധിവരെ അസ്ഥിരവുമായ ഒരു കൂട്ടായ്മയാണ് ഈ സമരത്തിന്റെ പ്രത്യേകത. കർഷക ഗ്രൂപ്പുകൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, വീട് വാങ്ങിയവരുടെ കൂട്ടായ്മകൾ, അനൗദ്യോഗിക തൊഴിലാളികൾ എന്നിവർ തങ്ങളുടെ പൊതുവായ പരാതികൾക്ക് ചുറ്റും ഒത്തുചേർന്നിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികൾ ഈ അതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇതിനെ കേവലം കക്ഷിരാഷ്ട്രീയമായി കാണാനാവില്ല. അധികാരത്തിലുള്ളവർ ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കോർപ്പറേറ്റ്- റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ, നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങൾ നേരിടുന്ന പ്രതിസന്ധിയും ഈ പ്രക്ഷോഭം വെളിപ്പെടുത്തുന്നു. മനുഷ്യാവകാശം, സുതാര്യത, ജനാധിപത്യ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങളെ ക്രമീകരിക്കാൻ സന്നദ്ധ സംഘടനകളും പ്രവർത്തകരും ശ്രമിക്കുന്നുണ്ടെങ്കിലും, അതിശക്തമായി സംഘടിക്കപ്പെട്ട ഒരു മൂലധന വ്യവസ്ഥയ്ക്കെതിരെ ഏകീകൃതമായ ഒരു രാഷ്ട്രീയ മുന്നണി നിലനിർത്തുന്നതിലെ ബുദ്ധിമുട്ടിലേക്കും ഇവരുടെ ഭിന്നതകൾ വിരൽചൂണ്ടുന്നു. ഇടതുപ്രസ്ഥാനങ്ങളുടെ നേതൃത്വപരമായ ഇടപെടൽ ഈ സന്ദർഭം ആവശ്യപ്പെടുന്നുണ്ട്.

ട്രേഡ് യൂണിയനിസവും
സംഘടിത തൊഴിലാളി വർഗത്തിന്റെ പ്രതിസന്ധിയും

വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളുടെയും ഇടത് രാഷ്ട്രീയശക്തികളുടെയും ഇടപെടലുകൾ ശ്രദ്ധിച്ചാൽ, പരമ്പരാഗത വർഗസംഘടനകൾ ഇന്ന് സമരങ്ങളെ നയിക്കുന്നതിനുപകരം (directive), സമരങ്ങളിൽ സജീവമായി പങ്കുചേരുന്ന (proactive) രീതിയാണ് പിന്തുടരുന്നത് എന്നുകാണാം. പഴയകാല വർഗരാഷ്ട്രീയത്തിന്റെ തുടർച്ചയെ ഇത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, പുതിയ വ്യവസായ പരിസ്ഥിതിയിൽ സമരങ്ങൾ തുടങ്ങാനോ അവ ദീർഘകാലം നിലനിർത്താനോ ഉള്ള വർഗ്ഗശേഷി തൊഴിലാളികൾക്ക് കുറഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ 'പോസ്റ്റ്-ഫോർഡിസ്റ്റ്' (Post-Fordist) വർഗസമരത്തിന്റെ ലക്ഷണമാണ് നോയിഡ സമരം. ഇവിടെ പഴയകാല വ്യവസായ തൊഴിലാളിവർഗം ഇന്ന് അരക്ഷിതരും, എപ്പോഴും മാറിമറിയുന്നവരും, പലപ്പോഴും അദൃശ്യരുമായ ഒരു തൊഴിൽപ്പടയായി മാറിയിരിക്കുന്നു.

ഇവിടെ ഒരു വൈരുദ്ധ്യം ദൃശ്യമാണ്: നവലിബറൽ മുതലാളിത്തത്തിനുകീഴിൽ ചൂഷണം വർദ്ധിക്കുകയും വേതനം അടിച്ചമർത്തപ്പെടുകയും തൊഴിൽ നിയമങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വർഗസമരത്തിനുള്ള സാഹചര്യങ്ങൾ കൂടുതൽ ശക്തമാകുന്നുണ്ടെങ്കിലും, തൊഴിലാളിവർഗത്തിന്റെ സംഘടനാപരമായ കെട്ടുറപ്പ് ദുർബലമായിരിക്കുന്നു. ഇതിന്റെ ഫലമായി, പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറികൾക്കും പിന്നീട് അവയെ യൂണിയനുകൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ ശ്രമിക്കുന്നതിനും ഇടയിലുള്ള ഒരു സന്ദിഗ്ധരാഷ്ട്രീയമാണ് രൂപപ്പെടുന്നത്.

വിപുലമായ അർത്ഥത്തിൽ, ഇന്ത്യയിലെ 'പോസ്റ്റ്-ഫോർഡിസ്റ്റ്' (Post-Fordist) വർഗസമരത്തിന്റെ ലക്ഷണമാണ് നോയിഡ സമരം. ഇവിടെ പഴയകാല വ്യവസായ തൊഴിലാളിവർഗം ഇന്ന് അരക്ഷിതരും, എപ്പോഴും മാറിമറിയുന്നവരും, പലപ്പോഴും അദൃശ്യരുമായ ഒരു തൊഴിൽപ്പടയായി മാറിയിരിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനത്തെ പ്രയാസകരമാക്കുന്നു. അടിച്ചമർത്തലുകളിലൂടെയും ഭാഗികമായ വിട്ടുവീഴ്ചകളിലൂടെയും ഈ അശാന്തിയെ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന്റെ രീതി, ഉൽപ്പാദനബന്ധങ്ങളിൽ മാറ്റം വരുത്താതെതന്നെ പ്രശ്നങ്ങളെ ഒതുക്കിത്തീർക്കാനുള്ള ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.

ചുരുക്കത്തിൽ, ഇന്നത്തെ വർഗസമരങ്ങൾ പെട്ടെന്ന് വലിയ ശ്രദ്ധ നേടുമെങ്കിലും അവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ഏകീകരണം (consolidation) കുറവാണ് എന്നത് ഒരു വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. സമരങ്ങളുടെ സ്വതസിദ്ധതയെ (spontaneity) കുറിച്ചുള്ള പോസ്റ്റ് മാർക്സിസ്റ്റ് വിദഗ്ധരുടെ ക്ഷിപ്രവ്യാഖ്യാനങ്ങൾക്ക് പുറത്താണ് ഈ സമകാലിക യാഥാർത്ഥ്യം നിലനിൽക്കുന്നത്.

ഭരണകൂടം, മൂലധനം,
അരക്ഷിതാവസ്ഥയുടെ നിർമ്മാണം

ബി.ജെ.പി ഭരണത്തിനുകീഴിൽ, ഭരണകൂട നയങ്ങളും മൂലധനതാൽപ്പര്യങ്ങളും തമ്മിൽ വ്യക്തമായ ഐക്യപ്പെടൽ കാണാൻ കഴിയും. 2019-ലെ വേതനനിയമവും (Code on Wages) മറ്റ് ലേബർ കോഡുകളും നടപ്പിലാക്കിയതിലൂടെ ഇത് ഒരിക്കൽക്കൂടി കൃത്യമായി വ്യക്തമാക്കപ്പെട്ടതാണ്. ഈ പരിഷ്കാരങ്ങൾ കൂട്ടായ വിലപേശൽശേഷിയെ ദുർബലപ്പെടുത്തുകയും തൊഴിലാളികളുടെ സുരക്ഷ ഇല്ലാതാക്കി തൊഴിലുടമകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് വ്യാപകമായി വിമർശിക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലും റിയൽ എസ്റ്റേറ്റ് വ്യാപനത്തിലും ഭരണകൂടം വഹിക്കുന്ന പങ്കും തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു.

അതിനാൽ, ഈ സമരം ചെറിയ പ്രശ്നപരിഹാരങ്ങൾക്കുമാത്രം വേണ്ടിയുള്ളതല്ല, മറിച്ച് തൊഴിലാളികളേക്കാൾ മൂലധനത്തിന് മുൻഗണന നൽകുന്ന ഒരു രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥയോടുള്ള തീക്ഷ്ണമായ പ്രതികരണമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരീക്ഷിച്ചതുപോലെ, "ആധുനിക ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് എന്നത് ബുർഷ്വാസിയുടെ പൊതുവായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കമ്മിറ്റി മാത്രമാണ്." ആഗോള മുതലാളിത്തത്തിന്റെ പുതിയ ഘട്ടങ്ങളിലും ഈ നിരീക്ഷണം അങ്ങേയറ്റം പ്രസക്തമായി തുടരുന്നു.

ആഗോള ഡിജിറ്റൽ മൂലധനം (Global digital capital) പ്രവർത്തിക്കുന്നത് അതിരുകളില്ലാത്ത ട്രാൻസ്‌നാഷണൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സാമ്പത്തിക ശൃംഖലകളിലൂടെയും ഡാറ്റാ ഇൻഫ്രാസ്ട്രക്ചറുകളിലൂടെയുമാണ്. ഇവ പ്രാദേശിക തൊഴിൽ വ്യവസ്ഥകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഉൽപ്പാദനരീതികളെ പുനഃക്രമീകരിക്കുന്നു. നോയിഡ പോലുള്ള വ്യാവസായിക മേഖലകളിൽ, ഇതിന്റെ സാന്നിധ്യം കേവലം പ്ലാറ്റ്‌ഫോം ജോലികളിലൂടെ (platform work) മാത്രമല്ല പ്രകടമാകുന്നത്; മറിച്ച് ആഗോള സപ്ലൈ ചെയിനുകൾ, ഡിജിറ്റലായി സംയോജിപ്പിക്കപ്പെട്ട ഉൽപ്പാദന രീതികൾ, ലോജിസ്റ്റിക്സ് സംവിധാനങ്ങൾ, വേഗതയും വഴക്കവും ചെലവ് കുറയ്ക്കലും ആവശ്യപ്പെടുന്ന ധനമൂലധനം എന്നിവയിലൂടെയുമാണ്.

ബി.ജെ.പി ഭരണത്തിനുകീഴിൽ, ഭരണകൂട നയങ്ങളും മൂലധനതാൽപ്പര്യങ്ങളും തമ്മിൽ വ്യക്തമായ ഐക്യപ്പെടൽ കാണാൻ കഴിയും. 2019-ലെ വേതനനിയമവും (Code on Wages) മറ്റ് ലേബർ കോഡുകളും നടപ്പിലാക്കിയതിലൂടെ ഇത് ഒരിക്കൽക്കൂടി കൃത്യമായി വ്യക്തമാക്കപ്പെട്ടതാണ്.
ബി.ജെ.പി ഭരണത്തിനുകീഴിൽ, ഭരണകൂട നയങ്ങളും മൂലധനതാൽപ്പര്യങ്ങളും തമ്മിൽ വ്യക്തമായ ഐക്യപ്പെടൽ കാണാൻ കഴിയും. 2019-ലെ വേതനനിയമവും (Code on Wages) മറ്റ് ലേബർ കോഡുകളും നടപ്പിലാക്കിയതിലൂടെ ഇത് ഒരിക്കൽക്കൂടി കൃത്യമായി വ്യക്തമാക്കപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ നോയിഡ പ്രക്ഷോഭത്തെ ഒരു ആഗോള വൈരുദ്ധ്യത്തിന്റെ പ്രാദേശിക പ്രതിഫലനമായി വായിക്കാം. ഡിജിറ്റലായി ഏകോപിപ്പിക്കപ്പെട്ട ആഗോള മൂലധനത്തിന്റെ സമ്മർദ്ദങ്ങൾക്ക് വിധേയരായ തൊഴിലുടമകളെയാണ് ഇവിടെ തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്നത്. അൽഗോരിതമിക് ഷെഡ്യൂളിംഗ് (algorithmic scheduling), 'ജസ്റ്റ്-ഇൻ-ടൈം' ഉൽപ്പാദന രീതികൾ, ഡാറ്റാധിഷ്ഠിത പ്രകടന അളവുകോലുകൾ എന്നിവയിലൂടെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യാൻ ഈ വ്യവസ്ഥ ശ്രമിക്കുന്നു. ഈ അർത്ഥത്തിൽ, ഡിജിറ്റൽ മൂലധനം ഇരട്ട സ്ഥാനഭ്രംശം (double displacement) സൃഷ്ടിക്കുന്നു: ഇത് ചൂഷണം നടക്കുന്ന സ്ഥലത്തെ തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രത്തിൽനിന്ന് വ്യത്യസ്തമാക്കുകയും, കോർപ്പറേറ്റ്- കരാർ-ഭരണകൂട സംവിധാനങ്ങൾക്കിടയിൽ ഭരണകൂട ഉത്തരവാദിത്തങ്ങളെ ചിതറിച്ചുകളയുകയും ചെയ്യുന്നു (ടി.ടി.ശ്രീകുമാർ / പി.സോമൻ, 2025, അൽഗോരിതം, അദ്ധ്വാനം, അധികാരം: നിർമ്മിതബുദ്ധിയും ഡിജിറ്റൽ മൂലധനവും—സംഭാഷണങ്ങൾ).

നോയിഡയിലെ പ്രക്ഷോഭം വെളിപ്പെടുത്തുന്നത്, ആഗോള ഡിജിറ്റൽ മൂലധനം പ്രത്യക്ഷത്തിൽ പ്ലാറ്റ്‌ഫോം അധിഷ്ഠിതമല്ലെങ്കിൽ പോലും, തൊഴിൽബന്ധങ്ങളെ എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നതാണ്.

നോയിഡയിലെ പ്രക്ഷോഭം വെളിപ്പെടുത്തുന്നത്, ആഗോള ഡിജിറ്റൽ മൂലധനം പ്രത്യക്ഷത്തിൽ പ്ലാറ്റ്‌ഫോം അധിഷ്ഠിതമല്ലെങ്കിൽ പോലും, തൊഴിൽബന്ധങ്ങളെ എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നതാണ്. ഇത് തൊഴിൽപരമായ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും, കൂട്ടായ വിലപേശൽശേഷിയെ ദുർബലപ്പെടുത്തുകയും, ഭരണകൂടനയങ്ങളെ മൂലധന സമാഹരണവുമായി യോജിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പുതിയതും എന്നാൽ വികേന്ദ്രീകൃതവുമായ കൂട്ടായ പോരാട്ടരൂപങ്ങൾ ഉയർന്നുവരുന്നു.

വിശാലമായ ഒരു സൈദ്ധാന്തിക അർത്ഥത്തിൽ നോക്കിയാൽ, നവലിബറൽ നഗരവൽക്കരണത്തിനും (neoliberal urbanism) ധനകേന്ദ്രീകൃതമായ മുതലാളിത്തത്തിനും (financialized capitalism) എതിരെയുള്ള ആഗോള പ്രതിഷേധങ്ങളുടെ സ്വഭാവം നോയിഡ സമരത്തിലും കാണാം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഊഹക്കച്ചവടമൂലധനത്താൽ നയിക്കപ്പെടുന്ന നഗര വികസനം, സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അസമമായ ഭൂമിശാസ്ത്രം സൃഷ്ടിക്കുന്നുണ്ട്; നോയിഡയിലും ഇത് തന്നെയാണ് കാണുന്നത്. ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ ഭരണകൂടം, ജനക്ഷേമത്തിന്റെ സംരക്ഷകർ എന്നനിലയിൽനിന്ന് പൂർണ്ണമായും മൂലധനത്തിന്റെ കൂട്ടാളി എന്നനിലയിലേക്ക് മാറിയിരിക്കുന്നു. ഇത് ജനാധിപത്യ സംവിധാനങ്ങൾക്കുള്ളിലെ വൈരുദ്ധ്യങ്ങളെ കൂടുതൽ തീവ്രമാക്കുന്നുണ്ട്. അതിനാൽ, നോയിഡ സമരം കേവലം ഒരു പ്രാദേശിക പ്രതിഷേധമല്ല, മറിച്ച് വിപണി യുക്തിയിൽ അധിഷ്ഠിതമായ വികസന മാതൃകകളുടെ സാധുതയെത്തന്നെ ചോദ്യംചെയ്യുന്ന ആഴത്തിലുള്ള ഘടനാപരമായ പ്രതിഷേധമാണ്. ഈ സന്ദർഭത്തെ ദീർഘകാലം നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പ്രക്ഷോഭമായി മാറ്റാൻ കഴിയുക എന്ന ലക്ഷ്യം അനിശ്ചിതത്വത്തിലാണെങ്കിലും, സമകാലിക ഇന്ത്യയിൽ മൂലധനം, ഭരണകൂടം, പൗരർ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഷ്ട്രീയമമായ പുനർചിന്തനം ആവശ്യമാണെന്ന് ഈ സമരം ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അതിനുള്ള ഏറ്റവും പ്രാഥമികമായ കാൽവയ്പ് ഈ സമരങ്ങളോട് പൂർണ്ണമായും ഐക്യപ്പെടുക എന്നതുതന്നെയാണ്.


Summary: Noida Labour Protest demonstrates the need for a political rethinking of the relationship between capital, state, and citizens in India, Dr TT Sreekumar writes.


ഡോ. ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments