നാളത്തെ
മാർച്ച് പൊളിക്കാൻ
നീക്കമെന്ന് ആശമാർ,
സമരം തുടരും

ആറു മാസം പിന്നിട്ട ആശ വർക്കർമാരുടെ സമരം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരുമെന്ന ഉറച്ച നിലപാടിലാണ് സമരം​ ​ചെയ്യുന്ന ആശ പ്രവർത്തകർ. സർക്കാരാകട്ടെ, സമരം പൊളിക്കാനുള്ള നീക്കം തുടരുകയുമാണെന്ന് അവർ ആരോപിക്കുന്നു.

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ ആശ വർക്കർമാർ നടത്തുന്ന സമരം ആറു മാസം പിന്നിടുന്നു. രാപ്പകൽ സമരം, അനിശ്ചിതകാല നിരാഹാരസമരം, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള രാപ്പകൽ സമരയാത്ര, മുടിമുറിക്കൽ ​പ്രതിഷേധം, ആയിരം​ പ്രതിഷേധ സദസ്സുകൾ എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഈ സമരം കടന്നുപോകുന്നത്.

പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, കേന്ദ്ര സർക്കാറിന്റെ ഇൻസെന്റീവ് വർധനയും മറ്റാനുകൂല്യങ്ങളും ഉടൻ നടപ്പിലാക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപയാക്കുക, പെൻഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് NHM ഓഫീസിലേക്ക് നാളെ ആശ വർക്കർമാർ മാർച്ച് നടത്തും. അവകാശങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

ആശാ വർക്കർമാരുടെ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള സർക്കാരിനാണ്. അത് ആവശ്യപ്പെട്ടാണ് ഞങ്ങൾ സമരമിരിക്കുന്നത്. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ച്, ആ നിർദേശങ്ങൾക്കനുസരിച്ച് ഓണറേറിയം വർദ്ധിപ്പിക്കാനുള്ള നടപടി എടുക്കാമെന്നായിരുന്നു സർക്കാറിന്റെ ഉറപ്പ്. കമ്മിറ്റിയുടെ മൂന്നുമാസ കാലാവധി പൂർത്തിയായിട്ടും തീരുമാനമായിട്ടില്ല. അന്ന് സർക്കാർ പറഞ്ഞത് കേന്ദ്രം വർദ്ധിപ്പിച്ചാൽ സംസ്ഥാനവും വർധിപ്പിക്കാം എന്നായിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപനം വന്നു. NHM സംസ്ഥാന ഓഫീസുകളിൽ അറിയിപ്പ് കിട്ടുകയും ചെയ്തു. എന്നിട്ടും ഓണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാവുന്നില്ല. ഓണറേറിയം വർദ്ധിപ്പിച്ച് വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ചാലേ ഞങ്ങൾ സമരത്തിൽ നിന്ന് പിന്മാറൂ എന്നു തന്നെയാണ് തീരുമാനം. അടിയന്തരമായി പ്രഖ്യാപിക്കുക എന്നതാണ് സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യം. നിത്യോപയോഗ സാധനവില വർധിക്കുകയാണ്. നികുതി, വൈദ്യുതി, വെള്ളക്കരം- എല്ലാം വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കിട്ടുന്ന തുച്ഛമായ തുകകൊണ്ട് എങ്ങനെയാണ് ജീവിക്കുക? സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നുതന്നെയാണ് ഞങ്ങളുടെ ആവശ്യം’’.

അതിനിടെ, സമരത്തിനെതിരെ സർക്കാർ പ്രതികാര നടപടി തുടരുകയാണ് എന്നും ആശ പ്രവർത്തകർ ആരോപിക്കുന്നു. ആഗസ്റ്റ് 20- ന് പ്രഖ്യാപിച്ച NHM ഓഫീസ് മാർച്ച് പൊളിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. 20- ലെ മാർച്ച് സംബന്ധിച്ച് NHM ഡയറക്ടർക്കും ലേബർ കമ്മീഷണർക്കും രണ്ടാഴ്ച മുമ്പ് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നുവെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറയുന്നു. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് പലയിടത്തും ആശമാരുടെ 10-ാം മൊഡ്യൂൾ ട്രെയിനിംഗ് പ്രഖ്യാപിച്ച് അറിയിപ്പ് നൽകിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ആശമാർക്ക് 18 ന് രാവിലെ 12 മണിക്കാണ് പിറ്റേദിവസത്തെ ട്രെയിനിംഗിൻ്റെ അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സാധാരണ ഇത്തരം ട്രെയിനിംഗ് ഒരാഴ്ച മുൻപെങ്കിലും അറിയിച്ച് ബന്ധപ്പെട്ട MO- മാരുടെ മേൽനോട്ടത്തിൽ മീറ്റിംഗ് നടത്തിയശേഷമാണ് മൊഡ്യൂൾ ട്രെയിനിംഗ് നടത്താറ്. അതേസമയം, സി.ഐ.ടി.യു തിങ്കളാഴ്ച നടത്തിയ പരിപാടിയ്ക്കായി, മുൻകൂർ പ്രഖ്യാപിച്ച ട്രെയിനിംഗ് പല ജില്ലകളിലും തലേദിവസം മാറ്റി വക്കുകയും ചെയ്തു. നാളെ NHM പ്രഖ്യാപിച്ച ട്രെയിനിംഗ് മാറ്റിവെക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

CITU പരിപാടിക്കായി മുൻകൂട്ടി നിശ്ചയിച്ച ട്രെയിനിങ് മാറ്റിവെച്ച് NHM പുറത്തിറക്കിയ  ഉത്തരവ്
CITU പരിപാടിക്കായി മുൻകൂട്ടി നിശ്ചയിച്ച ട്രെയിനിങ് മാറ്റിവെച്ച് NHM പുറത്തിറക്കിയ  ഉത്തരവ്

സമരത്തിന്റെ ഭാവി

സമരത്തെ തുടർന്നാണ് ഇൻസെന്റീവിന്റെ കാര്യത്തിൽ കേന്ദ്രം തീരുമാനമെടുത്തതെന്ന് എം.എ. ബിന്ദു പറഞ്ഞു: ‘‘നമ്മൾ നടത്തിയ സമരങ്ങളുടെ ഭാഗമായിട്ടുതന്നെയാണ് കേന്ദ്രം ഇൻസെന്റിവ് ലഭ്യമാക്കാൻ നടപടിയെടുത്തത് . അതുപോലെ, സമരത്തിന്റെ ഭാഗമായി ഓണറേറിയത്തിനുണ്ടായിരുന്ന ചില മാനദണ്ഡങ്ങൾ എടുത്തുമാറ്റിയിരുന്നു. ഇൻസന്റീവിലൂടെ ഓണറേറിയത്തിന് പുതിയ ഉപാധി ഏർപ്പെടുത്തി നിലവിലുണ്ടായിരുന്ന 7000 രൂപ ഓണറേറിയം 3500 രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. അത്തരത്തിലുള്ള മാനദണ്ഡം പിൻവലിക്കുകയും കുറച്ചു കൊടുത്തവർക്ക് തുക മുഴുവൻ കൊടുക്കുകയും വേണം.
2018 മുതൽ പിരിഞ്ഞുപോകുന്ന ആശമാർക്ക് വിരമിക്കൽ ആനൂകൂല്യം കൊടുക്കുന്നതിനെ പറ്റി ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. അതിനിടയിൽ കുറെ ആശമാർ പിരിഞ്ഞുപോയിട്ടുണ്ട്. അവർക്ക് ആ തുക ലഭ്യമാക്കണം. മരണന്തര ധനസഹായം, 2018 മുതൽ രാപകൽ ധനസഹായം തുടങ്ങിയ സഹായങ്ങൾ ആശമാർക്ക് കിട്ടിയിട്ടില്ല. അത് അർഹർക്ക് കിട്ടണം എന്ന ആവശ്യം കൂടി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതൊക്കെ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് 20 ന് പ്രതിഷേധം നടത്തുന്നത്. നമ്മുടെ സമരപന്തൽ നിലനിൽക്കും, സമരമായി മുന്നോട്ട് പോവും’’, എം.എ. ബിന്ദു പറയുന്നു.

പല ആശ വർക്കർമാർക്കും നിർബന്ധിതമായി സി.ഐ.ടി.യുവിനൊപ്പം നിൽക്കേണ്ടിവരികയാണെന്നും അവർക്കുമേൽ രാഷ്ട്രീയ സമർദ്ദമുണ്ടെന്നും ബിന്ദു പറഞ്ഞു: ‘‘ദേശീയ തലത്തിലുള്ള സമരപ്രഖ്യാപനത്തിന്റെ ഭാഗമായി പാലക്കാട്ടുനിന്ന് ആശമാർ CITU സംഘടനയുടെ ഭാഗമായി സെക്രട്ടേറിയറ്റിനുമുന്നിൽ സമരം നടത്തിയിരുന്നു. അവരെല്ലാവരും, ‘ഞങ്ങൾ നിങ്ങളുടെ കൂടെയാണ്’ എന്നു പറഞ്ഞ് ഞങ്ങളെ അഭിവാദ്യം ചെയ്യുകയാണുണ്ടായത്. അവരുടെ ആവശ്യവും ഞങ്ങളുടെ ആവശ്യവും ഒന്നു തന്നെയാണ്. തിങ്കളാഴ്ച CITU നടത്തിയ പരിപാടി ആശമാരെ കേന്ദ്രജീവനക്കാരായി അംഗീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു. കേന്ദ്ര ജീവക്കാരായി അംഗീകരിക്കുന്നതുവരെ കൂലി കൂട്ടാതെ എങ്ങനെ ജീവിക്കും? ചെയ്യുന്ന ജോലിയ്ക്ക് കൂലി ലഭിക്കേണ്ടതല്ലേ? ഒരിക്കലും യോജിച്ചുപോവാൻ പറ്റാത്ത നിലപാടുകളാണ് തൊഴിലാളി സംഘടന എന്ന നിലയ്ക്ക് CITU കൈക്കൊള്ളുന്നത്. പല ആശ വർക്കർമാർക്കും നിർബന്ധിതമായി സി.ഐ.ടി.യുവിനൊപ്പം നിൽക്കേണ്ടിവരുകയാണ് ചെയ്യുന്നത്’’.

സമരം പൊളിക്കാനുള്ള നീക്കത്തിലൂടെ NHM സംവിധാനത്തെ പാർട്ടി സംവിധാനമാക്കി മാറ്റിയതായും ബിന്ദു ആരോപിക്കുന്നു: ‘‘ആശമാർക്ക് മൂന്ന് ദിവസത്തെ നിർബന്ധിതമായ പ്രത്യേക പരിശീലനമുണ്ട്. 18, 19, 21 തീയതികളിൽ കോട്ടയത്താണ് അത് തീരുമാനിച്ചിരുന്നത്. എന്നാൽ, 18-ലെ സി.ഐ.ടി.യു സമരത്തിന്റെ പാശ്ചാത്തലത്തിൽ, 17- ന് അടിയന്തരമായി പുറത്തിറക്കിയ ഓർഡറിലൂടെ പരിശീലനം മാറ്റിവെച്ചു. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് പലയിടത്തും ആശമാരുടെ 10-ാം മൊഡ്യൂൾ ട്രെയിനിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. 20 ന് നടക്കുന്ന ഞങ്ങളുടെ പ്രതിഷേധത്തെ തകർക്കുകയാണ് ലക്ഷ്യം. ഞങ്ങളുടെ സമരം തകർക്കാനുള്ള ആദ്യ ശ്രമമല്ലിത്. വലിയ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ തൊട്ട് തലേ ദിവസം എന്തെങ്കിലും ട്രെയിനിംഗ് പ്രഖ്യാപിക്കുക സ്ഥിരമാണ്’’.

തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് പലയിടത്തും ആശമാരുടെ 10-ാം മൊഡ്യൂൾ ട്രെയിനിംഗ് പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ്
തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് പലയിടത്തും ആശമാരുടെ 10-ാം മൊഡ്യൂൾ ട്രെയിനിംഗ് പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ്

തളരാത്ത സമരവീര്യം

വിരമിക്കൽ ആനുകൂല്യമായി ആശ പ്രവർത്തകർക്ക് 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. ഇൻസെൻ്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായും വിരമിക്കൽ ആനുകൂല്യം 20000 രൂപയിൽ നിന്ന് 50000 രൂപയായും കേന്ദ്ര സർക്കാർ തീരുമാനമായെങ്കിൽ പോലും കേരള സർക്കാർ ഈ തൊഴിലാളി സ്ത്രീകളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഫെബ്രുവരി 10 നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. മന്ത്രിതല ചർച്ചകളടക്കം നടന്നെങ്കിലും സമരക്കാരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെട്ടില്ലെന്നുമാത്രമല്ല, ഇങ്ങനെയൊരു സമരം തുടരുന്നുണ്ട് എന്നുപോലും പരിഗണിക്കാതെ, സർക്കാർ പൂർണമായും ഇവരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചുനിൽക്കുകയുമാണ്.

ആശാസമരവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനങ്ങളും വീഡിയോകളും വായിക്കാം, കേൾക്കാം, കാണാം.

Comments