‘വിശ്രമമില്ലാതെ
പണിയെടുക്കുന്ന
ഇന്ത്യൻ തൊഴിലാളി’;
മന്ത്രി പിയുഷ് ഗോയൽ
ശരിക്കും ഉദ്ദേശിച്ചത്…

ഹേഗിൽ നടന്ന ഇന്ത്യ– നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയൽ ഒരു പരാമർശം നടത്തി: ‘അഞ്ചു മണിയായെന്ന് ഇന്ത്യയിൽ ആരും നിങ്ങളോട് പറയില്ല. ഇന്ന് വാരാന്ത്യമാണെന്ന് ഒരിന്ത്യക്കാരനും ഓർമിപ്പിക്കുകയുമില്ല’. വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറുള്ളവർ എന്ന മട്ടിൽ ഇന്ത്യൻ തൊഴിലാളികളെ വിദേശ നിക്ഷേപകർക്കുമുന്നിൽ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി, ചൂഷണാത്മകമായ തൊഴിൽരീതികളെ നോർമലൈസ് ചെയ്യുകയാണ്: അഖിൽ കുര്യൻ ​പൊക്കത്തായിൽ എഴുതുന്നു.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വിലയിരുത്തുമ്പോൾ അവിടെ എത്ര നിക്ഷേപം എത്തുന്നു, എത്ര തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നു, എത്രത്തോളം ഉൽപ്പാദനം വർധിക്കുന്നു എന്നതൊക്കെയാണ് സാധാരണ പരിശോധിക്കാറ്.

എന്നാൽ ആ വളർച്ചയ്ക്കുപിന്നിൽ അധ്വാനിക്കുന്ന മനുഷ്യരുടെ തൊഴിൽസാഹചര്യം എങ്ങനെയുള്ളതാണ് എന്ന ചോദ്യവും അത്രതന്നെ പ്രധാനമാണ്. ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വിശ്രമിക്കാനും കഴിയുന്നത് ഒരു തൊഴിലാളിയുടെ അടിസ്ഥാന അവകാശമാണ്. എന്നാൽ തൊഴിലാളികൾക്ക് വിശ്രമം ആവശ്യമില്ലെന്നത് വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള ഇന്ത്യയുടെ പ്രത്യേകതയായി അവതരിപ്പിക്കപ്പെടുമ്പോൾ, അത് കേവലം പ്രസംഗപരാമർശത്തിനപ്പുറം ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമായി മാറുന്നു. ആരെ പ്രീണിപ്പിക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനയെന്ന് വിലയിരുത്തേണ്ടതുണ്ട്.

ഒക്ടോബർ 27-ന് ഹേഗിൽ നടന്ന ഇന്ത്യ– നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയൽ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചു: “അഞ്ചു മണിയായെന്ന് ഇന്ത്യയിൽ ആരും നിങ്ങളോട് പറയില്ല. ഇന്ന് വാരാന്ത്യമാണെന്ന് ഒരിന്ത്യക്കാരനും ഓർമിപ്പിക്കുകയുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയിലെ തൊഴിലാളികളുടെ ഈ സന്നദ്ധതയാണ് വിദേശ നിക്ഷേപകർക്ക് മുന്നിൽ താൻ നൽകുന്ന ഉറപ്പെന്നും, ബിസിനസിന് സങ്കൽപ്പിക്കാനാകാത്ത വളർച്ചാസാധ്യതകൾ അതിലൂടെ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽപരിധി നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണാധികാരി തന്നെ പരിധിയില്ലാത്ത ജോലിയെ ഗുണമായി അവതരിപ്പിക്കുമ്പോൾ അത് തമാശയായി മാത്രം കാണാനാവില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുള്ള സർക്കാരിന്റെ സമീപനത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് അത് നൽകുന്നത്.

എന്നാൽ ഒരു രാജ്യത്തിന്റെ നിക്ഷേപ ആകർഷണമായി തൊഴിലാളികൾക്ക് വിശ്രമം ആവശ്യമില്ലെന്ന കാര്യം അവതരിപ്പിക്കപ്പെടുമ്പോൾ, അതിനെ ഒരു പ്രസംഗത്തിലെ വെറുമൊരു അതിശയോക്തിയായി കാണാനാകില്ല. തൊഴിലിനെയും തൊഴിലാളിയെയും ഒരു ഭരണകൂടം എങ്ങനെ സമീപിക്കുന്നു എന്നതിന്റെ സൂചന കൂടിയാണത്.

ജർമനി– നെതർലൻഡ്സ് സന്ദർശനത്തിൽ നൂറിലധികം ഇന്ത്യൻ കമ്പനി പ്രതിനിധികൾ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അതിരൂക്ഷമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ‘വർക്ക്- ലൈഫ് ബാലൻസ്’ എന്ന ആശയത്തിന് സംരംഭങ്ങൾ പ്രാധാന്യം കൊടുക്കേണ്ട ഈ സാഹചര്യത്തിൽ, എന്തുതരം പ്രീണനത്തിന്റെ ഭാഗമായാൽ കൂടി, ഇത്തരത്തിലൊരു പ്രസ്താവന തൊഴിൽ ചെയ്തു ജീവിക്കുന്ന ഏതൊരാളുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒന്നാണ്. വിശ്രമം ആവശ്യപ്പെടാത്ത തൊഴിലാളികളാണ് ഇന്ത്യയുടെ മറ്റൊരു പ്രത്യേകതയെന്ന രീതിയിലായിരുന്നു പ്രസ്താവനയുടെ അവതരണം. എന്നാൽ, ഇത് ചൂഷണാത്മകമായ തൊഴിൽരീതികളെ സാധാരണവൽക്കരിക്കുകയും തൊഴിലാളികളുടെ സംരക്ഷണം ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണെന്നായിരുന്നു കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ നിലപാട്.

ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, രാജ്യത്തിന്റെ നിക്ഷേപ സാധ്യതകൾ, മാനവവിഭവശേഷി, സാങ്കേതിക വളർച്ച, നൈപുണ്യം തുടങ്ങിയവ ഉയർത്തിക്കാട്ടാവുന്നതാണ്. എന്നാൽ, തൊഴിൽമേഖലകളിലെ വർക്ക്– ലൈഫ് ബാലൻസിന്റെ അഭാവത്തെയും തൊഴിലാളികൾ ദീർഘനേരം ജോലി ചെയ്യാൻ സന്നദ്ധരാണെന്നതിനെയും ഒരു മന്ത്രി തന്നെ നിക്ഷേപാകർഷണത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ, തൊഴിൽജീവിതത്തിലെ മനുഷ്യന്റെ മാന്യതയ്ക്കും അന്തസ്സിനും എത്രത്തോളം പരിഗണനയാണ് നൽകപ്പെടുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു.

കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നതുകൊണ്ട് ഒരു രാജ്യം കൂടുതൽ സമ്പന്നമാകണമെന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വിവരങ്ങൾ പ്രകാരം ജോലിസമയവും പ്രതിശീർഷവരുമാനവും തമ്മിൽ വിപരീതബന്ധമാണ് പൊതുവെ കാണുന്നത്. കുറച്ച് മണിക്കൂർ ജോലി ചെയ്യുന്ന രാജ്യങ്ങളാണ് പലപ്പോഴും കൂടുതൽ സമ്പന്നം. പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ദൈർഘ്യമേറിയ ശരാശരി ജോലിസമയമുള്ള ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഏറ്റവും താഴ്ന്നവയിൽ ഒന്നാണ്. കടകളിലും പെട്രോൾ പമ്പുകളിലും ദീർഘനേരം ജോലി ചെയ്യുന്നവരുടെ ജീവിതവും ഇതിന് ഉദാഹരണമാണ്. കൂടുതൽ സമയം അധ്വാനിക്കുന്ന ഇവരിൽ പലരും കുറഞ്ഞ വരുമാനം നേടുന്നവരാണ്. അതിനാൽ കൂടുതൽ ജോലി എന്നത് കൂടുതൽ സമൃദ്ധിയുടെ ഉറപ്പല്ല തൊഴിലില്ലായ്മയ്ക്ക് മേലുള്ള ചൂഷണമാണ്.

ഒക്ടോബർ 27-ന് ഹേഗിൽ നടന്ന ഇന്ത്യ– നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയൽ സംസാരിക്കുന്നു.
ഒക്ടോബർ 27-ന് ഹേഗിൽ നടന്ന ഇന്ത്യ– നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയൽ സംസാരിക്കുന്നു.

ഇന്ത്യയിലെ തൊഴിലാളികൾ ഇന്ന് നേടിയെടുത്തിരിക്കുന്ന ജോലിസമയപരിധിക്ക് പിന്നിൽ ദീർഘമായൊരു പോരാട്ടചരിത്രമുണ്ട്. 1886-ൽ ഷിക്കാഗോയിൽ എട്ട് മണിക്കൂർ ജോലിക്കായി നടന്ന സമരങ്ങളാണ് മേയ് ദിനത്തിന്റെ ചരിത്രത്തിന് അടിത്തറയിട്ടത്. 1919-ൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആദ്യ കൺവെൻഷൻ തന്നെ ദിവസം എട്ട് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും എന്ന പരിധി മുന്നോട്ടുവച്ചു. ഇന്ത്യയിലും ഈ അവകാശത്തിനായുള്ള പോരാട്ടം പല ഘട്ടങ്ങളിലായി നടന്നു. ബോംബെയിലെ മിൽ തൊഴിലാളികളെ സംഘടിപ്പിച്ച നാരായൺ മേഘാജി ലോഖണ്ഡെ, അഹമ്മദാബാദിലെ തുണിമിൽ സമരം, എ.ഐ.ടി.യു.സിയുടെ രൂപീകരണം, മദ്രാസിൽ സിംഗാരവേലു ചെട്ടിയാർ സംഘടിപ്പിച്ച ആദ്യ മേയ് ദിനാചരണം, കേരളത്തിലെ പുന്നപ്ര– വയലാർ സമരം, ബോംബെയിലെ തുണിമിൽ തൊഴിലാളികളുടെ പോരാട്ടങ്ങൾ എന്നിവയെല്ലാം ആ ചരിത്രത്തിന്റെ ഭാഗമാണ്.

ഇതിൽ ഡോ. ബി.ആർ. അംബേദ്കറുടെ ഇടപെടൽ പ്രത്യേകം ഓർക്കേണ്ടതാണ്. 1942 മുതൽ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ അംഗമായിരുന്ന അദ്ദേഹം, 1942 നവംബർ 27-ന് ദൽഹിയിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിൽ ജോലിസമയം കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. അതിന് മുമ്പുണ്ടായിരുന്ന ജോലിസമയത്തിന്റെ കണക്കിൽ 14 മണിക്കൂറെന്നും മറ്റു ചിലത് 12 മണിക്കൂറെന്നും രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും എട്ട് മണിക്കൂർ ജോലിക്ക് നിയമപരമായ അടിത്തറയൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.

ILO കണക്കുകൾ പ്രകാരം ആഴ്ചയിൽ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നവരുടെ പങ്ക് 2018-ലെ 63.4 ശതമാനത്തിൽ നിന്ന് 2023-ൽ 50.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസകരമാണെങ്കിലും അമേരിക്കയിലെ 11.8 ശതമാനത്തെയും ബ്രിട്ടനിലെ 8.9 ശതമാനത്തെയും അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 42 മാനുഷികവും ന്യായവുമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 43 തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ വേതനം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ, വിശ്രമം എന്നിവ ഉറപ്പാക്കണമെന്ന് വിഭാവനം ചെയ്യുന്നു. അതേസമയം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ആർട്ടിക്കിൾ 21 ഉറപ്പുനൽകുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ വേണം മന്ത്രിയുടെ പ്രസ്‌താവനയെ നോക്കി കാണാൻ. 1948-ലെ ഫാക്ടറീസ് ആക്ട് ആഴ്ചയിൽ 48 മണിക്കൂറും ദിവസം ഒൻപത് മണിക്കൂറുമാണ് പൊതുവായ പരിധിയായി നിശ്ചയിച്ചത്. അതുകൊണ്ട് അഞ്ച് മണിക്ക് ജോലി അവസാനിപ്പിക്കാനുള്ള അവകാശം വെറുമൊരു സൗകര്യമല്ല; പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളിയുടെ അവകാശമാണ്.

തൊഴിൽമേഖലകളിലെ വർക്ക്– ലൈഫ് ബാലൻസിന്റെ അഭാവത്തെയും തൊഴിലാളികൾ ദീർഘനേരം ജോലി ചെയ്യാൻ സന്നദ്ധരാണെന്നതിനെയും ഒരു മന്ത്രി തന്നെ നിക്ഷേപാകർഷണത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ, തൊഴിൽജീവിതത്തിലെ മനുഷ്യന്റെ മാന്യതയ്ക്കും അന്തസ്സിനും എത്രത്തോളം പരിഗണനയാണ് നൽകപ്പെടുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു.
തൊഴിൽമേഖലകളിലെ വർക്ക്– ലൈഫ് ബാലൻസിന്റെ അഭാവത്തെയും തൊഴിലാളികൾ ദീർഘനേരം ജോലി ചെയ്യാൻ സന്നദ്ധരാണെന്നതിനെയും ഒരു മന്ത്രി തന്നെ നിക്ഷേപാകർഷണത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ, തൊഴിൽജീവിതത്തിലെ മനുഷ്യന്റെ മാന്യതയ്ക്കും അന്തസ്സിനും എത്രത്തോളം പരിഗണനയാണ് നൽകപ്പെടുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു.

ഇന്നത്തെ തൊഴിൽനയങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കൂടുതൽ പ്രസക്തിയുണ്ട്. 2025 നവംബർ 21-ന് നിലവിലുണ്ടായിരുന്ന 29 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളായി ഏകീകരിച്ച് പ്രാബല്യത്തിൽ വന്നു. കൃത്യസമയത്ത് മിനിമം വേതനം, ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, ആഴ്ചയിൽ 48 മണിക്കൂർ ജോലി പരിധി, അധികസമയത്തിന് ഇരട്ടി വേതനം എന്നിവയാണ് സർക്കാർ ഈ കോഡുകളുടെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഫാക്ടറികളിലെ പ്രതിദിന ജോലിപരിധി ഒൻപത് മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും കടകളിലും സ്ഥാപനങ്ങളിലും ഒൻപതിൽ നിന്ന് പത്ത് മണിക്കൂറായും ഉയർത്തിയിട്ടുണ്ട്. ഇടവേളകൾ ഉൾപ്പെടുന്ന 'സ്പ്രെഡ്- ഓവർ' സമയം സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രവൃത്തിദിനം ഫലത്തിൽ 12 മണിക്കൂർ വരെ നീളാൻ ഇടയാക്കുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആശങ്ക. ഇതിനെതിരെയാണ് 2025 ജൂലൈ 9-ന് പൊതുപണിമുടക്ക് നടന്നത്. ഒരു വശത്ത് ജോലി സമയപരിധി നീട്ടുകയും മറുവശത്ത് വിശ്രമമില്ലാത്ത ജോലിയെ മത്സരശേഷിയായി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ തൊഴിൽസമീപനത്തെക്കുറിച്ച് സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.

ഇന്ത്യയിലെ തൊഴിൽസാഹചര്യം നോക്കിയാൽ മന്ത്രി പറഞ്ഞത് ഒരു ഭാവിസാധ്യതയല്ല, നിലവിലുള്ള യാഥാർഥ്യത്തിന്റെ പ്രതിഫലനമാണെന്നും കാണാം. ILO കണക്കുകൾ പ്രകാരം ആഴ്ചയിൽ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നവരുടെ പങ്ക് 2018-ലെ 63.4 ശതമാനത്തിൽ നിന്ന് 2023-ൽ 50.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസകരമാണെങ്കിലും അമേരിക്കയിലെ 11.8 ശതമാനത്തെയും ബ്രിട്ടനിലെ 8.9 ശതമാനത്തെയും അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഇടവേളകൾ ഉൾപ്പെടുന്ന 'സ്പ്രെഡ്- ഓവർ' സമയം സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രവൃത്തിദിനം ഫലത്തിൽ 12 മണിക്കൂർ വരെ നീളാൻ ഇടയാക്കുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആശങ്ക. ഇതിനെതിരെയാണ് 2025 ജൂലൈ 9-ന് പൊതുപണിമുടക്ക് നടന്നത്.
ഇടവേളകൾ ഉൾപ്പെടുന്ന 'സ്പ്രെഡ്- ഓവർ' സമയം സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രവൃത്തിദിനം ഫലത്തിൽ 12 മണിക്കൂർ വരെ നീളാൻ ഇടയാക്കുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആശങ്ക. ഇതിനെതിരെയാണ് 2025 ജൂലൈ 9-ന് പൊതുപണിമുടക്ക് നടന്നത്.

ഇന്ത്യയിലെ ശരാശരി ജോലിസമയം ആഴ്ചയിൽ 46.7 മണിക്കൂറാണ്. ദീർഘസമയം ജോലി ചെയ്യുന്നവരുടെ പങ്കിൽ ഭൂട്ടാന് തൊട്ടുപിന്നിൽ ഇന്ത്യയാണുള്ളത്. ശമ്പളക്കാരിൽ പകുതിയിലേറെ പേർക്ക് മാസം 15,000 രൂപയിൽ താഴെയാണ് വരുമാനമെന്നും ഏകദേശം 60 ശതമാനം പേർക്ക് രേഖാമൂലമുള്ള തൊഴിൽകരാർ പോലുമില്ലെന്നും എൻഎപിഎം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാഹചര്യത്തിൽ ഒരാൾക്ക് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് പോകണമെങ്കിൽ പലപ്പോഴും വലിയ ‘ധൈര്യം’ ആവശ്യമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയം ഒരാളെ നിശ്ശബ്ദനാക്കുമ്പോൾ, ആ നിശ്ശബ്ദതയെ ജോലിയോടുള്ള താൽപര്യമായോ സന്നദ്ധതയായോ വ്യാഖ്യാനിക്കാനാവില്ല. ഇന്ത്യയിലെ അനൗപചാരിക തൊഴിൽവിപണിയെക്കുറിച്ച് പഠിച്ച ഡച്ച് സാമൂഹികശാസ്ത്രജ്ഞൻ ജാൻ ബ്രെമാൻ ചൂണ്ടിക്കാട്ടിയതും ഇതുതന്നെയാണ്. തൊഴിൽ തേടുന്നവർ ധാരാളമുള്ളതും തൊഴിലാളികളുടെ വിലപേശൽശക്തി കുറവുമായ സാഹചര്യത്തിൽ പരാതിപ്പെടാതിരിക്കുന്നത് പലപ്പോഴും തിരഞ്ഞെടുപ്പല്ല, നിസ്സഹായതയാണ്. ഇന്ത്യൻ തൊഴിലാളിയുടെ ഈ യാഥാർഥ്യം ഒരു ഡച്ച് വേദിയിൽ അവതരിപ്പിക്കപ്പെട്ടത് വിരോധാഭാസമായി തോന്നാം.

'അഞ്ച് മണി' എന്ന് പറയാൻ കഴിയാത്ത തൊഴിലാളി ഒരു രാജ്യത്തിന്റെ ശക്തിയല്ല; അതിന്റെ തൊഴിൽസംവിധാനം നേരിടുന്ന പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ്. തൊഴിൽവിപണിയിൽ ഇന്ത്യയുടെ മനുഷ്യവിഭവശേഷിയെ കേവലം വിൽപ്പനച്ചരക്കായി മാത്രം കാണുന്ന സമീപനമാണിത്.

കാൾ മാർക്സ് 'മൂലധന'ത്തിൽ വിശദീകരിച്ചതുപോലെ, ജോലിസമയം നീട്ടാനുള്ള പ്രവണത മൂലധനത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ലാഭം വർധിപ്പിക്കാൻ തൊഴിലാളിയെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുക എന്നത് എളുപ്പവഴിയാണ്. നിയമവും സംഘടിത തൊഴിലാളിശക്തിയും നിയന്ത്രണം ഏർപ്പെടുത്താത്തിടത്ത് ഈ പ്രവണത വളരും. അതുകൊണ്ടാണ് ജോലിസമയത്തിന് പരിധി നിശ്ചയിക്കുക എന്നത് തൊഴിൽനിയമങ്ങളുടെ പ്രധാന ലക്ഷ്യമായത്. ഇ.പി. തോംപ്സൺ വ്യവസായവൽക്കരണത്തോടെ ഘടികാരസമയം തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയെന്ന് വിശദീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സ്വാഭാവിക താളമായിരുന്ന സമയം പിന്നീട് വാങ്ങാനും വിൽക്കാനും കഴിയുന്ന ഒന്നായി മാറി. ആ അർഥത്തിൽ അഞ്ച് മണി എന്നത് തൊഴിലാളിയുടെ വിൽക്കപ്പെടുന്ന സമയത്തിനും സ്വന്തം ജീവിതത്തിനും ഇടയിലുള്ള അതിർത്തിയാണ്.

ഇന്ത്യയിലെ ശരാശരി ജോലിസമയം ആഴ്ചയിൽ 46.7 മണിക്കൂറാണ്. ദീർഘസമയം ജോലി ചെയ്യുന്നവരുടെ പങ്കിൽ ഭൂട്ടാന് തൊട്ടുപിന്നിൽ ഇന്ത്യയാണുള്ളത്.
ഇന്ത്യയിലെ ശരാശരി ജോലിസമയം ആഴ്ചയിൽ 46.7 മണിക്കൂറാണ്. ദീർഘസമയം ജോലി ചെയ്യുന്നവരുടെ പങ്കിൽ ഭൂട്ടാന് തൊട്ടുപിന്നിൽ ഇന്ത്യയാണുള്ളത്.

സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉൽപ്പാദനക്ഷമത വർധിപ്പിക്കുമ്പോൾ മനുഷ്യരുടെ ജോലിസമയം കുറയേണ്ടതല്ലേ എന്ന ചോദ്യമാണ് ജൂലിയറ്റ് ഷോർ ഉയർത്തുന്നത്. എന്നാൽ ഉൽപ്പാദനക്ഷമതയുടെ നേട്ടം പലപ്പോഴും വിശ്രമമായി മാറാതെ കൂടുതൽ ജോലിയായി മാറുന്നു. തൊഴിലാളിയെ ഉൽപ്പാദനത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന സമീപനത്തിന്റെ പ്രശ്നം ഇവിടെയാണ്. ഇമ്മാനുവേൽ കാന്റിന്റെ കാഴ്ചപ്പാടിൽ മനുഷ്യനെ വെറുമൊരു ഉപാധിയായി കാണാതെ സ്വയം ഒരു ലക്ഷ്യമായി പരിഗണിക്കണം. കാൾ പൊളാനി തൊഴിലിനെ 'സാങ്കൽപ്പിക ചരക്ക്' എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യന്റെ അധ്വാനം വിപണിയിൽ വിൽക്കാനുള്ള ഒരു സാധനം മാത്രമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഐഎൽഒയുടെ ഫിലഡൽഫിയ പ്രഖ്യാപനത്തിലെ 'തൊഴിൽ ഒരു ചരക്കല്ല' എന്ന ആശയവും ഇതേ നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്.

ഇന്നത്തെ തൊഴിൽസംസ്കാരത്തിൽ ഈ പ്രശ്നത്തിന് മറ്റൊരു തലവുമുണ്ട്. ബ്യുങ്- ചുൽ ഹാൻ 'ദി ബേൺഔട്ട് സൊസൈറ്റി'യിൽ പറയുന്നതുപോലെ, ഇന്നത്തെ മനുഷ്യൻ പലപ്പോഴും മറ്റുള്ളവരുടെ നിർബന്ധമില്ലാതെ തന്നെ സ്വയം കൂടുതൽ അധ്വാനിക്കുകയും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. 'കഠിനാധ്വാനിയായ ഇന്ത്യക്കാർ' എന്ന ദേശീയ അഭിമാനവാദം ചില സന്ദർഭങ്ങളിൽ ഇതിന്റെ ഭാഗമാകാം. അത് ഇന്ത്യൻ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വലിയൊരു ഭാരവും അവരെ പിന്നോട്ടുവലിക്കുന്ന ചങ്ങലയുമാണ്.

കാൾ മാർക്സ് 'മൂലധന'ത്തിൽ വിശദീകരിച്ചതുപോലെ, ജോലിസമയം നീട്ടാനുള്ള പ്രവണത മൂലധനത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ലാഭം വർധിപ്പിക്കാൻ തൊഴിലാളിയെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുക എന്നത് എളുപ്പവഴിയാണ്.
കാൾ മാർക്സ് 'മൂലധന'ത്തിൽ വിശദീകരിച്ചതുപോലെ, ജോലിസമയം നീട്ടാനുള്ള പ്രവണത മൂലധനത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ലാഭം വർധിപ്പിക്കാൻ തൊഴിലാളിയെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുക എന്നത് എളുപ്പവഴിയാണ്.

അമർത്യ സെൻ വികസനത്തെ വിലയിരുത്തുന്നത് മനുഷ്യർക്ക് അവർ വിലമതിക്കുന്ന ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിയുന്നതും ആ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ സാമ്പത്തിക വളർച്ചയും മനുഷ്യവികസനവും തമ്മിലുള്ള അകലത്തെക്കുറിച്ച് ഡ്രെസും സെന്നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അംബേദ്കറുടെ ജാതിവിശകലനവും ഇവിടെ പ്രസക്തമാണ്. ജാതി, തൊഴിലിന്റെ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കഠിനവും ദൈർഘ്യമേറിയതുമായ ജോലികൾ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളാണ്. അതിനാൽ ജോലിസമയത്തെക്കുറിച്ചുള്ള ചർച്ച വർഗത്തിന്റെ മാത്രം പ്രശ്നമല്ല, ജാതിയുടെ കൂടി പ്രശ്നമാണ്.

കേരളത്തിലെ ഐ.ടി മേഖലയിൽ പോലും ജാതിയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്നുവെന്ന് 2025-ലെ പഠനം വ്യക്തമാക്കുന്നു. 24,590 ജീവനക്കാരുടെ വിവരങ്ങൾ വിശകലനം ചെയ്ത പഠനത്തിൽ, ശമ്പളത്തിൽ 19.52% വ്യത്യാസം കണ്ടെത്തി. കുടുംബപ്പേരുകൾ പോലും ജാതി തിരിച്ചറിയുന്നതിനും തൊഴിൽ അവസരങ്ങളെയും ശമ്പളത്തെയും സ്വാധീനിക്കുന്നതിനും കാരണമാകുന്നു. 68% ദലിത് സംരംഭകർ ജാതി സ്വത്വം വെളിപ്പെടുത്തുന്നത് തങ്ങളുടെ സംരംഭങ്ങളെ ബാധിക്കുമെന്ന് ഭയപ്പെടുമ്പോൾ, 57% പേർ ജാതി തങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു. തുല്യ യോഗ്യതയുള്ള ദലിത് ഉദ്യോഗാർത്ഥികൾക്ക് പോലും തൊഴിൽ അവസരങ്ങൾ കുറയുന്ന സാഹചര്യം നിലനിൽക്കുന്നു. ആധുനികവും കഴിവുകൾക്ക് പ്രാധാന്യം നൽകുന്നതുമായ തൊഴിൽ മേഖലകളിൽ പോലും ജാതിവിവേചനം തുടരുന്നത് നമ്മുടെ സാമൂഹിക നീതിയെയും തുല്യ അവസരങ്ങളെയും കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

വിശ്രമം ചോദിക്കാത്ത തൊഴിലാളികളാണ് ഇന്ത്യയുടെ ശക്തിയെന്ന സന്ദേശം അന്താരാഷ്ട്ര തൊഴിൽവിപണിയിൽ അവരുടെ വിലപേശൽശക്തിയെ ദുർബലപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഗൾഫ് പ്രവാസത്തിന്റെ വരുമാനത്തിൽ വളർന്ന കേരളത്തിന് ഈ ആശങ്ക അപരിചിതമല്ല.

ദീർഘനേരം ജോലി ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തികമോ സാമൂഹികമോ ആയ ചർച്ചകളിൽ മാത്രം ഒതുങ്ങുന്നില്ല. ലോകാരോഗ്യ സംഘടനയും ഐ എൽ ഒയും ചേർന്ന് നടത്തിയ പഠനമനുസരിച്ച്, ആഴ്ചയിൽ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നവർക്ക് 35–40 മണിക്കൂർ ജോലി ചെയ്യുന്നവരെക്കാൾ പക്ഷാഘാതസാധ്യത 35 ശതമാനവും ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 17 ശതമാനവും കൂടുതലാണ്. 2016-ൽ മാത്രം ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് 7,45,000 മരണങ്ങൾ ഉണ്ടായെന്നാണ് കണക്ക്. ദക്ഷിണ-പൂർവേഷ്യൻ മേഖലയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്; മൂന്ന് ലക്ഷത്തിലധികം മരണങ്ങൾ.

ഈ കണക്കുകൾക്കിടയിൽ അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം മറക്കാനാവില്ല. എറണാകുളം കളമശ്ശേരി സ്വദേശിനിയായ 26 വയസ്സുകാരി പുണെയിലെ ഇവൈ ഗ്രൂപ്പ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച് നാലു മാസത്തിനുള്ളിൽ, 2024 ജൂലൈ 20-ന് മരിച്ചു. അമിതജോലിയെ മഹത്വവൽക്കരിക്കുന്ന തൊഴിൽസംസ്കാരം മാറണമെന്ന് ആവശ്യപ്പെട്ട് അമ്മ അനിത ഓഗസ്റ്റിൻ കമ്പനി ചെയർമാന് എഴുതിയ കത്ത് രാജ്യശ്രദ്ധ നേടി. കമ്പനി ആരോപണങ്ങൾ നിഷേധിച്ചു. മരണകാരണത്തെക്കുറിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴും ആ കത്ത് ഉയർത്തിയ തൊഴിൽസംസ്കാരത്തെക്കുറിച്ചുള്ള ചോദ്യം അവഗണിക്കാനാവില്ല. ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന നാരായണ മൂർത്തിയുടെ നിലപാടും ഞായറാഴ്ചകൾ ഉൾപ്പെടെ 90 മണിക്കൂർ ജോലി വേണമെന്ന L&T ചെയർമാന്റെ അഭിപ്രായവും ഇതേ ചർച്ചയുടെ ഭാഗമാണ്. ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നവരുടെ ജോലിസമയം അവരുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ്.

അമർത്യ സെൻ.
അമർത്യ സെൻ.

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ കാര്യത്തിൽ ഈ സമീപനത്തിന്റെ അപകടം കൂടുതൽ വ്യക്തമാണ്. 2024 ജൂണിൽ കുവൈത്തിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു. അവരിൽ 45 പേർ ഇന്ത്യക്കാരും 23 പേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു. മേൽക്കൂരയിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് കുവൈത്ത് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. കെട്ടിട ഉടമകളുടെ അത്യാർത്തിയും നിർമാണച്ചട്ടങ്ങളുടെ ലംഘനവുമാണ് ദുരന്തത്തിന് കാരണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി കുറ്റപ്പെടുത്തി. മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചത് അംഗീകരിക്കേണ്ട ഇടപെടലാണ്. എന്നാൽ അതിനപ്പുറം, തൊഴിലാളികൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ എന്തു ചെയ്യുന്നു എന്നതാണ് പ്രധാന ചോദ്യം.

വിശ്രമം ചോദിക്കാത്ത തൊഴിലാളികളാണ് ഇന്ത്യയുടെ ശക്തിയെന്ന സന്ദേശം അന്താരാഷ്ട്ര തൊഴിൽവിപണിയിൽ അവരുടെ വിലപേശൽശക്തിയെ ദുർബലപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഗൾഫ് പ്രവാസത്തിന്റെ വരുമാനത്തിൽ വളർന്ന കേരളത്തിന് ഈ ആശങ്ക അപരിചിതമല്ല.

കോഴിക്കോട്ടെ തുണിക്കടകളിൽ ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവന്ന സ്ത്രീതൊഴിലാളികൾ ഇരിക്കാനുള്ള അവകാശത്തിനായി നടത്തിയ 'ഇരിക്കൽ സമരം'
കോഴിക്കോട്ടെ തുണിക്കടകളിൽ ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവന്ന സ്ത്രീതൊഴിലാളികൾ ഇരിക്കാനുള്ള അവകാശത്തിനായി നടത്തിയ 'ഇരിക്കൽ സമരം'

കേരളത്തിന്റെ അനുഭവവും ഈ വിഷയത്തിൽ മറ്റൊരു പാഠം നൽകുന്നു. കോഴിക്കോട്ടെ തുണിക്കടകളിൽ ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവന്ന സ്ത്രീതൊഴിലാളികൾ ഇരിക്കാനുള്ള അവകാശത്തിനായി നടത്തിയ 'ഇരിക്കൽ സമരം' അതിന് ഉദാഹരണമാണ്. ഒടുവിൽ 2018-ലെ നിയമഭേദഗതിയിലൂടെ ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു. ജോലി ചെയ്യുന്നതിനിടെ ഇരിക്കാനുള്ള അവകാശം പോലും പോരാടി നേടേണ്ടിവന്ന ഒരു സമൂഹത്തിൽ വിശ്രമം ചോദിക്കാത്തത് അഭിമാനമായി അവതരിപ്പിക്കാൻ കഴിയില്ല.

സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. നിക്ഷേപകരെ ആകർഷിക്കാനുള്ള വേദിയിൽ മന്ത്രി അതിശയോക്തി കലർന്ന തമാശ പറഞ്ഞതാകാമെന്നും, ആവശ്യമുള്ളപ്പോൾ അധികസമയം ജോലി ചെയ്യാനുള്ള സന്നദ്ധത മത്സരശേഷിയാണെന്നും, ലേബർ കോഡുകൾ അധികസമയത്തിന് ഇരട്ടി വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നുവെന്നും അവർ പറയുന്നു.

എന്നാൽ തൊഴിൽപരിധി നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണാധികാരി തന്നെ പരിധിയില്ലാത്ത ജോലിയെ ഗുണമായി അവതരിപ്പിക്കുമ്പോൾ അത് തമാശയായി മാത്രം കാണാനാവില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുള്ള സർക്കാരിന്റെ സമീപനത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് അത് നൽകുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ദീർഘസമയം ജോലി ചെയ്യുന്നവരുടെ പങ്ക് പത്തു ശതമാനത്തോളമാണ്. എന്നിട്ടും നിക്ഷേപം ആകർഷിക്കുന്നതിൽ അവരുടെ കരുത്ത് ജോലിയുടെ ദൈർഘ്യമല്ല; ഉൽപ്പാദനക്ഷമതയും നൈപുണ്യവും നിയമവാഴ്ചയുമാണ്. ഇന്ത്യയും കൂടുതൽ മണിക്കൂറുകൾ എന്ന ചിന്തയിൽ നിന്ന് കൂടുതൽ മൂല്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറേണ്ടതുണ്ട്. ജോലിസമയത്തിന് ശേഷം തൊഴിൽബന്ധങ്ങളിൽ നിന്ന് വിച്ഛേദിക്കാനുള്ള അവകാശവും ആഴ്ചയിലെ വിശ്രമവും ആവശ്യപ്പെടുന്നത് വികസനത്തിന് തടസ്സമല്ല. മറിച്ച്, അതിന്റെ അടിസ്ഥാന വ്യവസ്ഥകളിലൊന്നാണ്. വിശ്രമിക്കാൻ കഴിയുന്ന തൊഴിലാളിക്ക് കൂടുതൽ കാര്യക്ഷമമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും.

ജോലി ചെയ്യുന്നതിനിടെ ഇരിക്കാനുള്ള അവകാശം പോലും പോരാടി നേടേണ്ടിവന്ന ഒരു സമൂഹത്തിൽ വിശ്രമം ചോദിക്കാത്തത് അഭിമാനമായി അവതരിപ്പിക്കാൻ കഴിയില്ല.
ജോലി ചെയ്യുന്നതിനിടെ ഇരിക്കാനുള്ള അവകാശം പോലും പോരാടി നേടേണ്ടിവന്ന ഒരു സമൂഹത്തിൽ വിശ്രമം ചോദിക്കാത്തത് അഭിമാനമായി അവതരിപ്പിക്കാൻ കഴിയില്ല.

ഒരു രാജ്യത്തിന്റെ കരുത്ത് അവിടുത്തെ തൊഴിലാളികൾ എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിലല്ല, ജോലി അവസാനിപ്പിച്ച് സ്വന്തം ജീവിതത്തിലേക്ക് മടങ്ങാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടോ എന്നതിൽ കൂടെ ആണ്. എട്ട് മണിക്കൂർ ജോലിക്കായി അംബേദ്കർ നടത്തിയ ഇടപെടലുകളും ഇരിക്കാനുള്ള അവകാശത്തിനായി കേരളത്തിലെ സ്ത്രീതൊഴിലാളികൾ നടത്തിയ സമരവും ഈ കാര്യം ഓർമിപ്പിക്കുന്നു. കുവൈത്തിലെ പൂട്ടിയ വാതിലിന് പിന്നിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളും പുണെയിൽ ഒരമ്മ എഴുതിയ കത്തും വിശ്രമത്തിന്റെയും സുരക്ഷയുടെയും വില വീണ്ടും നമ്മുടെ മുന്നിൽ വയ്ക്കുന്നു.

'അഞ്ച് മണി' എന്ന് പറയാൻ കഴിയാത്ത തൊഴിലാളി ഒരു രാജ്യത്തിന്റെ ശക്തിയല്ല; അതിന്റെ തൊഴിൽസംവിധാനം നേരിടുന്ന പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ്. തൊഴിൽവിപണിയിൽ ഇന്ത്യയുടെ മനുഷ്യവിഭവശേഷിയെ കേവലം വിൽപ്പനച്ചരക്കായി മാത്രം കാണുന്ന സമീപനമാണിത്. ലോകത്തിന് മുന്നിൽ ഇന്ത്യ അവതരിപ്പിക്കേണ്ടത് വിശ്രമിക്കാൻ കഴിയാത്ത തൊഴിലാളിയെയല്ല, അന്തസ്സോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന തൊഴിലാളിയെയാണ്.

Comments