ആശാ സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് കേരളീയ സമൂഹത്തിൽ ഇടതു പ്രത്യയശാസ്ത്ര ശൂന്യതയുടെ ആഴവും വ്യാപ്തിയും വർദ്ധിക്കുന്നു എന്നതിൻ്റെ കൃത്യമായ സൂചകമാണ്. ഇടതു ലേബലിലുള്ള അധികാര പാർട്ടികൾ ഏറെ മാറിക്കഴിഞ്ഞെങ്കിലും അതിനോടൊപ്പം ഇന്നും ഉറച്ചു നിൽക്കുന്ന അണികളുടെ ആശ്വാസത്തിനായി വാചികമായെങ്കിലും പുലർത്തിപ്പോന്നിരുന്ന ഇടതുപക്ഷത്തം പോലും കയ്യൊഴിഞ്ഞതായി ഇത് സൂചിപ്പിക്കുന്നു.
ആശാ വർക്കർമാർ സന്നദ്ധ പ്രവർത്തകരാണെന്നും അവർക്ക് കൂലിയല്ല, ഓണറേറിയം ആണ് നൽകുന്നത് എന്നും അത് തരേണ്ടത് കേന്ദ്രമാണെന്നുമാണ് സംസ്ഥാന ന്യായം. കേന്ദ്ര ഭരണകൂടനയം എന്താണെന്ന് വളരെ വ്യക്തമായതു കൊണ്ട് അവരുടെ ന്യായങ്ങൾ പരിശോധിക്കേണ്ട കാര്യം തന്നെയില്ല. സന്നദ്ധ പ്രവർത്തകരായതിനാൽ അവർക്ക് പ്രതിഫലം തന്നെ നൽകേണ്ടതില്ല എന്നു വരെ അവർക്ക് പറയാവുന്നതാണ്.
ഒരു ആധുനിക സമൂഹത്തിൽ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് പ്രാധാന്യമുണ്ട്. ആ പ്രവൃത്തി ചെയ്യുന്ന സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള ഒരു വിഭാഗം അടിസ്ഥാന ജീവിതാവശ്യങ്ങൾക്കു വേണ്ടി നടത്തുന്ന ഈ സമരത്തെ ഇടതുപക്ഷക്കാരായ രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരികരും സാങ്കേതിക ന്യായങ്ങളുമായി നേരിടുന്ന രീതി നിരാശാജനകമാണ്.

പ്രൊഫസർമാരുടെയും ഡോക്ടർമാരുടെയും സമരങ്ങൾ, നോക്കുകൂലി പുനഃസ്ഥാപിക്കാനുള്ള സമരം തുടങ്ങിയവയൊക്കെ വർഗരാഷട്രീയവും അസംഘടിതരോ സംഘടിതരോ ആയ തൊഴിലാളികളുടെ അവകാശസമരം അരാഷ്ട്രീയവുമാവുന്ന ഫലിതമാണ് കുറേക്കാലമായി ഇടതുപക്ഷത്തിൻ്റെ നിലപാടുകളിൽ കാണാനാവുക. ആശാ സമരം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. എങ്കിലും ഭാവിയിൽ കേരളത്തിലെ വർഗരാഷ്ട്രീയത്തിൻ്റെയും അധഃസ്ഥിത രാഷ്ട്രീയത്തിൻ്റെയും സ്ത്രീമുന്നേറ്റങ്ങളുടെയും ചരിത്രത്തിൽ ഈ സമരം അടയാളപ്പെടുമെന്നതും ഭാവിയിൽ കേരളത്തിലെ വർഗരാഷ്ട്രീയത്തിൻ്റെയും അധഃസ്ഥിത രാഷ്ട്രീയത്തിൻ്റെയും സ്ത്രീ മുന്നേറ്റങ്ങളുടെയും ചരിത്രത്തിൽ ഈ സമരം അടയാളപ്പെടുമെന്നതും ഭാവിയിലെ സാമൂഹ്യ മാറ്റങ്ങളെ സ്വാധീനിക്കുമെന്നതും ഉറപ്പാണ്. ജനപക്ഷ രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷത്തെ തിരിച്ചെത്തിക്കാനുള്ള കേരളീയ സമൂഹത്തിൻ്റെ ആശ അത് വർദ്ധിപ്പിച്ചേക്കാമെന്നും പ്രതീക്ഷിക്കാവുന്നതാണ്.