പ്രതിസന്ധിയിൽ വലഞ്ഞ് സ്വകാര്യ ബസ് വ്യവസായം. കോവിഡിനുശേഷം മാത്രം സർവീസ് നിർത്തിയത് 4100 സ്വകാര്യബസുകൾ. വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകൾ നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഈ മേഖലയിൽ. നാൾക്കുനാൾ കൂടി വരുന്ന ഡീസൽ വിലയും കളക്ഷനിൽ വരുന്ന കുറവും ബസുടമകളുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്നു.
നാലു ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കി കുറച്ചാണ് നിലവിലെ ഓട്ടം. ഓട്ടംനിർത്തിയ 4100 ബസുകളിൽ മാത്രം 16,000-ത്തിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് സർവീസ് നടത്തുന്ന ബസുകളിലെ കണക്കെടുത്താൽ 16,000 ൽ അധികം പേർക്ക് ജോലിനഷ്ടപ്പെട്ടെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറയുന്നത്.
ഇൻഇഷുറൻസ്, ടാക്‌സ്, റിപ്പയറിംഗ് ചാർജ്, പാർട്‌സ് വിലയിലുണ്ടായ വർധനവ്, ഒപ്പം നിരത്തുകളുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ എല്ലാം കൂടി ബസോട്ടം ഇന്ന് ഒരു നഷ്ടക്കച്ചവടമാണെന്ന് തറപ്പിച്ച് പറയുകയാണ് ബസുടമകൾ. തൊഴിലാളികൾ മാത്രം ചേർന്ന് നടത്തുന്ന ബസുകൾ കട്ടപ്പുറത്തിടേണ്ട സ്ഥിതിയിലുമാണ്.
ലാഭമില്ലാത്തത് കാരണം ഉൾനാടൻ, മലയോര പ്രദേശങ്ങളിലോടുന്ന ബസുകളുടെ റൂട്ട് വെട്ടിക്കുറച്ചപ്പോൾ സാധരക്കാരുടെ ആകെയുണ്ടായിരുന്ന ഗതാഗത മാർഗവും നിലച്ചു.
സർവീസ് നടത്താതിരുന്ന കോവിഡ് കാലത്തെ നികുതി സർക്കാർ ഒഴിവാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് ബസുടമകൾ. ഒപ്പം 2012-ൽ പുതുക്കിയ വിദ്യാർഥി യാത്രാനിരക്ക് പുതുക്കിയാൽ മാത്രമേ സ്വകാര്യ ബസ് വ്യവസായം രക്ഷപ്പെടൂ എന്നും ബസുടമകൾ പറയുന്നു. ബസ് ചാർജ് വർധന കൂടി നടപ്പാക്കുന്നതോടെ ഓട്ടം നിർത്തിയ പല ബസുകളും പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. എങ്കിലും ഡീസൽ വിലയുടെ നാൾക്കുനാളുള്ള വർധന ബസുടമകളെയും ജീവനക്കാരെയും ഭയപ്പെടുത്തുന്നുണ്ട്.